കാലം പോയതറിയാത്.....
നരേതിഹാസമാം ചരമസ്കന്ധം...!!!
ഇന്നു ജൂലൈ16.അച്ഛന്റെ സ്മരണാഞ്ജലിക്ക് 37 വർഷങ്ങൾ ...
കർക്കിടകം ഒന്ന്. പണ്ടൊക്കെ പഞ്ഞ കർക്കിടകം എന്നാണ് പറയുക. രാമായണം മാസം. രാമ നവമി.
ഇസ്ലാമിലെ ചാന്ദ്രമാസങ്ങളിൽ ഹിജ്റയിലെ ആദ്യമാസമായ മുഹർറം. അതിലും പ്രത്യേകിച്ച് മുഹർറം പത്തു. ഇസ്ലാമിന് ദുഃഖത്തിന്റെ ദിവസം കൂടിയാണ്. എന്താണെന്ന് ഞാൻ പറയേണ്ടതില്ലല്ലോ.
അച്ഛനെപ്പറ്റി ഓർക്കുമ്പോൾ,എന്റെ മനസ്സിൽ ആദ്യം ഓടി എത്തുന്നത് ഒരു "അനുഭവവും", അതേത്തുടർന്ന് അച്ഛൻ പറഞ്ഞു തന്ന, അച്ഛന്റെ ചെറുപ്പ കാലഘട്ടത്തിലെ ചില ദുഃഖ സ്മരണകളുമാണ്.
ആദ്യം "അനുഭവ"ത്തിൽ നിന്ന് തുടങ്ങട്ടെ.
ഞാൻ ആദ്യമായി കുവൈറ്റിൽ നിന്ന് അവുധിക്കു വരുന്നത് ഒരു ജനുവരി 21ന് ആയിരുന്നു. ഒരു തൈപ്പൂയത്തിന്റെ തലേദിവസം.സന്ധ്യ ആയപ്പോൾ എന്നെ കാണാൻ ഒരു സുഹൃത്തു വന്നു. പീടികയിൽ "ബേബിച്ചായൻ".പണ്ട് വള്ളംകുളം ജംഗ്ഷനിൽ പലചരക്കു വ്യാപാരം ചെയ്തിരുന്നു. അദ്ദേഹം കച്ചവടം ഒക്കെ നിർത്തി റിയൽ എസ്റ്റേറ്റ് ബിസിനസ്സിൽ അന്ന് ഏജന്റായി തുടങ്ങി, അതിന്റെ ആരംഭ ദിശയിലായിരുന്നു.ലോഹ്യങ്ങളും, പഴയകാല ഓർമ്മകളും, ഒക്കെ പുതുക്കി കാര്യത്തിലേക്കു കടന്നു. "ബാല, അഞ്ചാനാട്ടു പുരയിടം വിൽക്കാൻ തീരുമാനിച്ചിട്ടുണ്ട്.(എന്റെ വീടിനടുത്തുള്ള സ്ഥലം).താല്പര്യമുണ്ടങ്കിൽ ഞാൻ ന്യായമായ വിലക്ക് വാങ്ങിത്തരാം". അന്നത്തെ ആ വസ്തുവിന്റെ വില, എനിക്ക് താങ്ങാവുന്നതിനപ്പുറമായിരുന്നു.
കൊമേർഷ്യൽ ബാങ്ക് ഓഫ് കുവൈറ്റിലെ ഒരു കസ്റ്റമർ സർവീസ് ക്ലർക്കിനു താങ്ങാവുന്നതല്ല അന്നത്തെ മുന്ന് ലക്ഷം രൂപാ. ഇന്ന് ഒരു സാധാരണക്കാരന് മുന്ന് കോടി രൂപയുണ്ടാക്കാൻ എത്ര ബുദ്ധി മുട്ടുണ്ടോ? അത്ര ബുദ്ധിമുട്ടു, അന്നത്തെ മുന്ന് ലക്ഷത്തിനും ഉണ്ടായിരുന്നു. കാരണം ആ വസ്തുവിന്റെ ഇപ്പോഴത്തെ മാർക്കറ്റ് വില, അത്രയുണ്ടാകും. എന്നിട്ടും ഞാനത് വാങ്ങാൻ കാരണം, അച്ഛന്റെ താല്പര്യമായിരുന്നു.അത് വാങ്ങുന്നതിനെപ്പറ്റി പറയുമ്പോൾ അച്ഛൻ വളരെ വാചാലനായത് ഞാൻ പ്രത്യേകം ശ്രദ്ധിച്ചു...!!!
വസ്തു വാങ്ങിയശേഷം ഞങ്ങൾ വീട്ടിൽ വന്നു. അഞ്ചുമണി കഴിഞ്ഞപ്പോൾ ഞാനും അച്ഛനും കുടി ആ പുരയിടം കാണാനായി
പോയി. വീടിനടുത്തായിരുന്നെങ്കിലും,ഞാൻ ആ സ്ഥലത്തു, കാലെടുത്തു കുത്തുന്നത് ആദ്യമായിട്ടാണ്. ഞങ്ങളുടെ കൂടെ "കരുപ്പൂര് ഇല്ലത്തു ശ്രീ ചെല്ലപ്പൻപിള്ള സാറും" (എന്റെ സുഹൃത്തു ഉണ്ണിയുടെ അച്ഛൻ) സ്ഥലം കാണാൻ വന്നിരുന്നു.
അച്ഛൻ ആ സ്ഥലം മുഴുവൻ ചുറ്റി നടന്നു കണ്ടതിനു ശേഷം വന്ന് എന്നെ കെട്ടിപ്പിടിച്ചു.
കണ്ണുകൾ നിറഞ്ഞിരുന്നു.
തിരിച്ചു മടങ്ങുമ്പോൾ അച്ഛനോട് ഞാൻ ചോദിച്ചു. എന്തുപറ്റി?
അതിനുള്ള മറുപടി, ഏതു പ്രതിസന്ധി
യിലും, ഏതു ദുഃഖത്തിലും, എനിക്ക്, ശക്തമായ,ആത്മാർത്ഥമായ, ഒരു മറുപടി ആണ്. അന്നും...ഇന്നും...എന്നും...
"ഇളവംകണ്ടത്തിൽ എൻ ഗോപാലപിള്ള" എന്ന വലിയ മനസ്സിന്റെ ഉടമയായ, ഞങ്ങളുടെ അച്ഛൻ, ചെറുപ്പത്തിൽ തന്നെ, ഒൻപതാം ക്ലാസ്സ് (പഴയ) കഴിഞ്ഞപ്പോൾ, വിദ്യാഭ്യാസം നിർത്തി.പലപ്പോഴും ആത്മധൈര്യം മാത്രമായിരുന്നു കൈമുതൽ. സാമ്പത്തിക പരാധീനത. ജീവിതം തന്നെ വഴിമുട്ടി നിന്ന കൗമാരവും,
യൗവനവും. സാമ്പത്തിക ബുദ്ധിമുട്ടുണ്ടായിരുന്ന യൗവ്വന കാലഘട്ടത്തിൽ, അച്ഛനുൾപ്പടെ പലരും ചേർന്ന്, "കുട്ടുകൃഷി"യായി മുകളിൽ പറഞ്ഞ "അഞ്ചാനാട്ടു" പുരയിടത്തിൽ "കപ്പക്കൃഷി" ചെയ്തിട്ടുണ്ട്. അന്നൊക്കെ അങ്ങനെ ഒരു നാട്ടു നടപ്പുണ്ടായിരുന്നു പോലും.ഇപ്പോൾ ഉണ്ടോ എന്നറിവില്ല.
അതായതു ഭൂമിയില്ലാത്തവർ, ഭുമിയുള്ളവരിൽ നിന്നു, പാട്ടത്തിനു സ്ഥലമെടുത്തു കൃഷിചെയ്യും.
അമ്പതു ശതമാനം വിളവെടുപ്പ് വസ്തു ഉടമൾക്കും, ബാക്കി കൃഷി ചെയ്യുന്നവർ ചേർന്ന് തുല്യമായി പങ്കിടും.അങ്ങനെ പാട്ടത്തിനെടുത്തു കൃഷി ചെയ്ത ഭൂമിയാണ് ഇപ്പോൾ സ്വന്തമായത് എന്നോർത്തപ്പോൾ അല്പം വികാരാധിതനായി എന്ന് മാത്രം.
ഏകദശിചിട്ടിയും, പലചരക്ക് കച്ചവടവും,
തുടങ്ങിയതിൽ പിന്നീടാണ് ജീവിതത്തിൽ വെളിച്ചം കണ്ടത്.
കുറെ വർഷങ്ങൾക്കു മുൻപ്, ഇരവിപേരൂർ ഗ്രാമത്തിൽ നിലവിലുള്ള മുന്ന് ക്ഷേത്രങ്ങളുടെയും, ഇരവിപേരൂർ ഹൈന്ദവസേവാസംഘത്തിന്റെയും ചരിത്ര അപഗ്രഥനം, തിരുവല്ലയിൽ ഉള്ള ആരെക്കൊണ്ടോ എഴുതിച്ചതു ഒരിക്കൽ അവിചാരിതമായി വായിക്കാനിടയായി.
അതിൽ എഴുതി വച്ചിരിക്കുന്നത്,
പഴയ പത്തില്ലത്തിൽ പോറ്റിമാരുടെയും, കരനെന്മേനി ഇല്ലത്തിന്റെയും ഒക്കെ ഭരണ
ത്തിന്റെ കാലഘട്ടവും, തുടർന്ന്, 1963 ൽ എന്റെ അച്ഛനുൾപ്പടെയുള്ള 25 അംഗങ്ങൾ ചേർന്ന് രൂപീകരിച്ച, ഒരു എക്സിക്യൂട്ടീവ് കമ്മിറ്റി "ഇരവിപേരൂർ ഹൈന്ദസേവാസംഗം"
(രജിസ്റ്റർ നമ്പർ 25) തുടങ്ങി വച്ചു. ഇന്നും നിലവിലുള്ള ആ സംഘടന മുന്ന് അമ്പലങ്ങളുടെയും ഭരണ സാരഥ്യം ഏറ്റെടുത്തു. അങ്ങനെ തുടരുന്നു
ആ ചരിത്ര അപഗ്രഥനം...
ഇതിൽ വിട്ടുപോയ ഒരു കാര്യമുണ്ടാ
യിരുന്നു. പറഞ്ഞു കൊടുത്തവർക്ക് അറിയില്ലായിരുന്നു എന്ന് തോന്നുന്നു.
ആ ചരിത്രം ഞങ്ങളുടെ അച്ഛനുമായി വളരെ ബന്ധമുള്ളതുകൊണ്ടു ഇന്നത്തെ തലമുറയ്ക്കറിയാൻ വേണ്ടി അത് കുടി ഇവിടെ എഴുതി ചേർക്കുന്നു.
1940കളുടെ അവസാന കാലഘട്ടത്തിൽ, "ഏകാദശി സംഗം" എന്നൊരു കൂട്ടായ്മ, ഞങ്ങളുടെ "എ വാർഡിൽ" നിലവിൽ വന്നിരുന്നു. ആ സംഘടന രൂപം കൊള്ളുന്നതിൽ ഞങ്ങളുടെ അച്ഛൻ ഒരുപാടു പേരോട് കടപ്പെട്ടിരിക്കുന്നു.
ഏറ്റവും അധികം കടപ്പെട്ടിട്ടുള്ളത് ഓലിക്കര കുടുംബത്തിൽ, പണ്ടൊരു "കുട്ടി അമ്മ" അമ്മുമ്മയും,"നാറാപിള്ള" അപ്പൂപ്പനുമുണ്ടായിരുന്നു. (നാരായണപിള്ള ലോഭിച്ചു നാറാപിള്ള ആയതാണ്.)
അവർ രണ്ടു പേരുടെയും ആത്മാർത്ഥമായ പിൻബലമായിരുന്നു ആ കൂട്ടായ്മയുടെ തുടക്കം.കൂടാതെ മേപ്പറത്തു കുട്ടൻപിള്ളചേട്ടൻ, (അച്ഛന്റെ അനിന്തരവൻ), മേപ്പുറത്തു രാഘവൻപിള്ള ചേട്ടൻ (അച്ഛന്റെ അനിന്തരവൻ),
കാണിക്കാട്ടു പരമേശ്വരൻ പിള്ള ചേട്ടൻ, ആശാരിക്കുന്നിൽ ശ്രീധരനാചാരി, ശങ്കരനാചാരി, പൂവപ്പുഴ തെക്കു കൃഷ്ണപണിക്കൻ, പാച്ചരപ്പണിക്കൻ, വടക്കേ തിരുനല്ലോർ ശങ്കരപിള്ള ചേട്ടൻ, കിഴക്കേക്കുറ്റ് രാഘവൻപിള്ള ചേട്ടൻ, പെരുവേലിക്കുന്നിലെ അമ്മാവൻ,
അന്നത്തെ യുവ തലമുറയിലെ പച്ചംകുളത്തു (മേതൃക്കോവിൽ) കുട്ടപ്പൻ പിള്ള ചേട്ടൻ, ഞങ്ങളുടെ നെയ്യത്തുരുത്തിലെ രാഘവൻ കൊച്ചാട്ടാനും,ഗോപികൊച്ചാട്ടാനും,
കുംബ്ളെമണ്ണിൽ കൊച്ചുകുഞ്ഞു പണിക്കർ,(ശ്രീ അയ്യപ്പന്റേയും, ഗോപിയുടെയും, പിതാവ് )കന്നിമേൽ കുന്നേൽ ഗോവിന്ദൻ ചേട്ടൻ തുടങ്ങി ഒരുപാട് പേർ...എല്ലാവരെയും ഓർത്തെടുക്കാൻ കഴിയുന്നില്ല.
കാരണം ഇതൊക്കെ ഞാൻ ജനിക്കുന്നതിനു മുൻപുള്ള പറഞ്ഞു കേട്ട ചരിത്രങ്ങളാണ്.ആ കൂട്ടായ്മ, നാലും വർഷം അമ്പലങ്ങൾ എല്ലാം കാട് വെട്ടിത്തെളിച്ചു, തൂത്തു വെടിപ്പാക്കി, പോറ്റിമാരെ കൊണ്ട് ശുദ്ധി കലശം നടത്തി, മേജർ സെറ്റ് കഥകളിയുൾപ്പടെ ഉത്സവങ്ങൾ അക്കാലത്തു കൊണ്ടാടിയതായി പഴമക്കാർ പറഞ്ഞു കേട്ടിട്ടുണ്ട്.
അമ്പതുകളുടെ തുടക്കത്തിൽ ഈ കൂട്ടായ്മ ഇല്ലാതായി.അഥവാ ഇല്ലാതാക്കി.എന്ന് പറയപ്പെടുന്നു. അതിന്റെ പിന്നാമ്പുറങ്ങ
ളിലേക്ക് ഞാൻ എത്തിനോക്കുന്നില്ല.
പിന്നെ ഏതാണ്ടൊരു വ്യാഴവട്ടക്കാലം
പഴയ ദൗർഭാഗ്യത്തിലേക്കു ഭഗവാന്മാരും ഭഗവതിമാരും മടങ്ങുകയാണുണ്ടായത്.
1954ൽ ഞങ്ങളുടെ അച്ഛൻ ഖജാൻജി ആയും, കട്ടോടിമലയിൽ രാഘവൻ പിള്ള ചേട്ടൻ പ്രസിഡന്റായും, എരുത്തുക മുറിയിൽ ശ്രീധരൻ പിള്ള ചേട്ടൻ സെക്രട്ടറി ആയും ഒരു കമ്മിറ്റി രൂപം കൊണ്ട് ഇരവിപേരൂരിലെ ക്ഷേത്രങ്ങളുടെ പുനരുദ്ധാരണത്തിന് തുടക്കം കുറിച്ച്
എന്ന ചരിത്രം തിരുവല്ലക്കാരൻ എഴുതിയ ചരിത്രത്തിൽ പറയുന്നതായി വായിച്ചതോർക്കുന്നു.സത്യത്തിൽ ഇന്നത്തെ ഹൈന്ദവസേവാ
സംഘത്തിന്റെ തുടക്കം ശരിക്കും ഈ കൂട്ടായ്മ തന്നെ ആയിരുന്നു എന്ന് പറയേണ്ടി വരുന്നു. കവിയൂർ സ്വാമിയുടെ വരവോടുകൂടി മാറ്റങ്ങൾ പല വിധത്തിൽ.
ഞങ്ങളുടെ വീടിന്റെ കല്ലിടീൽ കർമ്മം നടത്തിയത് കവിയൂർ സ്വാമിയാണെന്നു പണ്ട് പറഞ്ഞു കേട്ടിരുന്നു.നായർ സർവീസ് സൊസൈറ്റിയുടെ തുടക്കത്തിൽ തന്നെ യുവാവായിരുന്ന അച്ഛൻ മുൻപന്തിയിലുണ്ടായിരുന്നു. ഞങ്ങളുടെ വാർഡിലെ ഇന്നിരിക്കുന്ന 344 നമ്പർ കരയോഗം ഇരിക്കുന്ന സ്ഥലം, "കരനെന്മണി" ഇല്ലത്തു തിരുമേനിയോട് കരയോഗത്തിനു വേണ്ടി എഴുതി വാങ്ങിയത് അന്നത്തെ കരയോഗം പ്രസിഡന്റായിരുന്ന ഞങ്ങളുടെ അച്ഛന്റെ പേരിലാണ് എന്ന് അതിന്റെ തീറാധാരത്തിൽ ഒരിക്കൽ വായിച്ചതായി ഓർക്കുന്നു. വീട്ടിൽ "ശ്രീ മന്നത്തു പത്മനാനും", "ശ്രീ വേലുക്കുട്ടി നായരും", ഒക്കെ വന്ന് ആഹാരം കഴിച്ചിട്ടുണ്ട് എന്നൊക്കെ അച്ഛൻ വളരെ അഭിമാന
ത്തോടെ പറയുന്നത് ഞാൻ പണ്ട് കേട്ടിട്ടുണ്ട്.
മുകളിൽ പറഞ്ഞിട്ടുള്ള എല്ലാ സംഭവങ്ങളും, ഞാനൊക്കെ ജനിക്കുന്നതിനു മുൻപ് നടന്ന കാര്യങ്ങളാണ് . ഇപ്പറഞ്ഞവരെല്ലാം തന്നെ കലയവനികക്കുള്ളിൽ മറഞ്ഞട്ടു ദേശബ്ദങ്ങൾ പിന്നിട്ടിരിക്കുന്നു. എല്ലാം പറഞ്ഞു കേട്ടുള്ള ഓർമ്മകൾ, പൊടിതട്ടി എടുത്തതാണ്.
അർഹരും അനർഹരും മരണാനാന്തരം
ആ 344 നമ്പർ കരയോഗത്തിൽ തങ്ങളുടെ ഫോട്ടോകളിലൂടെ അനാച്ഛാദനം വഴി ഇടം നേടിയപ്പോൾ, ഞങ്ങളുടെ അച്ഛന് അവിടെ ഇടം നേടാൻ കഴിഞ്ഞില്ല...!!!
കാരണം കുടുംബങ്ങൾ തമ്മിലുണ്ടായിരുന്ന മുർക്കിളമ തർക്കത്തിൽ, ഇടക്കാലത്തു കരയോഗം രണ്ടായി. ഓരോരുത്തരുടെയും സൗകര്യാർത്ഥം കരയോഗം ഭിന്നിക്കുന്നതും ഒന്നിക്കുന്നതിനും അനുസരിച്ചു ജനന മരണങ്ങൾ മാറ്റാൻ കഴിയില്ലല്ലോ... ഏതായാലും 2015ൽ അന്നത്തെ യുവതലമുറ ഞങ്ങളുടെ അച്ഛന് വേണ്ടത്ര മര്യാദ കൊടുത്തു. ഫോട്ടോ അവിടെ അനാച്ഛാദനം ചെയ്യുകയുണ്ടായി.
അച്ഛൻ ചെറുപ്പം മുതലേ, "ശ്രീമത് ഭാഗവതം" വായിക്കുമായിരുന്നു.എന്റെ ഓർമ്മയിൽ, എന്നും ഒരു പേജ് എങ്കിലും വായിച്ചിട്ട് മാത്രമേ, ഉറങ്ങാൻ പോകാറുള്ളൂ. മരിക്കുന്നതു വരെ അങ്ങനെ തന്നെയായിരുന്നു.
ഒരിക്കൽ ഞാൻ അവുധിക്കു വന്നപ്പോൾ, ഏറ്റുമാനൂർ അമ്പലത്തിന് മുൻപിലുള്ള ഒരു കടയിൽ നിന്ന് ഒരു ഭാഗവതം എനിക്ക് വാങ്ങിത്തന്നു.എന്നോട് പറഞ്ഞു. ഭാഗവതം വായിക്കണം.ഭാഗവതത്തിലെ കൃഷ്ണന് "ലാളിത്യം" ഏറെ. മഹാഭാരതത്തിലെ കൃഷ്ണനെപ്പോലെ "ഗഹന"മല്ല. മനസ്സിന്
സമാധാനത്തിനു ഒരു നല്ല മരുന്നാണ് ഭാഗവതം.
ഹിന്ദുമതവിശ്വാസി ആയിരുന്നെങ്കിലും, എല്ലാ മതങ്ങളെയും ബഹുമാനിച്ചിരുന്നു...
പള്ളിയുടെ മുൻപിലൂടെ പോകുമ്പോൾ പ്രാർത്ഥിക്കണം എന്ന് ചെറുപ്പത്തിലേ എന്നെ പഠിപ്പിച്ചിട്ടുണ്ട്... എല്ലാ മതങ്ങളെയും വെറുക്കാൻ പഠിപ്പിക്കുന്ന ഇന്നത്തെ ലോകം, അല്ലങ്കിൽ തന്റേത് മാത്രം ശരിയെന്നു പഠിപ്പിക്കുന്ന ഇന്നത്തെ ലോകത്തു, കാര്യമായ ഒരു വിദ്യാഭ്യാസവും ഇല്ലാതിരുന്ന നാട്ടുമ്പുറത്തിനപ്പുറം ലോകമില്ല എന്ന് ധരിച്ചു വച്ചിരിക്കുന്ന ഒരു സാധാരണ മനുഷ്യൻ,എല്ലാ മതങ്ങളെയും ഉൾക്കൊള്ളാൻ കഴിയുന്ന ഒരു വലിയ മനസ്സിന്റെ ഉടമ. അതിന്റെ ഒരു ഉദാഹരണം കുടി പറയാതെ പോയാൽ, ഇന്നത്തെ വർഗീയതയും മദാന്ധതയും വളർത്തുന്ന ഒരു സമൂഹത്തിനോട് ഞാൻ ചെയ്യുന്ന ഏറ്റവും വലിയ അധർമ്മമാകും...
അതും ഞാൻ കുവൈറ്റിൽ നിന്ന് ആദ്യം അവുധിക്കു വന്ന സമയത്തുണ്ടായ ഒരു നേരറിവാണ്. ഞാൻ അവുധിക്കു വന്നപ്പോൾ, എന്റെ അമ്മ ഉപദേശിച്ചു...
നമ്മുടെ നാട്ടിലുള്ള മൂന്നു ക്ഷേത്രങ്ങളുമായി, നിനക്കും നിന്റെ അച്ഛനും ഉള്ള ബന്ധവും വിശ്വാസവും ചെറുതൊന്നുമല്ല. മേതൃക്കോവിൽ മഹാദേവർ ക്ഷേത്രം, നല്ലുർസ്ഥാനത്തു ദേവിക്ഷേത്രം, പൂവപ്പുഴ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം,അതു കൊണ്ട് നീ കുവൈറ്റിൽ നിന്ന് വന്ന സ്ഥിതിക്ക് എന്തെങ്കിലും ഒന്ന് കാണത്തക്ക പോലെ മൂന്നു അമ്പലത്തിലും വാങ്ങി കൊടുത്തിട്ടു പോകു. നല്ലത് വരും...
അന്ന് അമ്പലങ്ങളിലെ ഭഗവാന്റെയും ഭഗവതിയുടെയുംതിടമ്പുകൾ,എഴുന്നള്ളിക്കുമ്പോൾ, ഓരോ "മുത്തുക്കുടകൾ" ഇല്ലായിരുന്നു എന്നതാണ് പ്രധാന ആവിശ്യങ്ങളിൽ ഒന്ന്...
അന്ന് അതിനു "അലിക്കിട്ട കുട"യെന്നാണ് പൊതുവെ നാട്ടുഭാഷയിൽ പറയുന്നത്.
അങ്ങനെ മുത്തുക്കുടകൾ വാങ്ങാൻ കാറിൽ കയറി ഇരിക്കുമ്പോൾ നിശബ്ദനായി ചിന്തയിൽ ഇരിക്കുന്ന അച്ഛനോട് ഞാൻ ചോദിച്ചു...
എന്ത് പറ്റി? അച്ഛന്റെ മറുപടി എന്നെ അല്പനേരത്തേക്ക് സ്തബ്ധനാക്കുകയും, അതിലേറെ ചിന്തപ്പിക്കാൻ പ്രേരിപ്പിക്കുകയും ചെയതു...അച്ഛന്റെ ചോദ്യം ഇതായിരുന്നു...
നമ്മുടെ നാട്ടിൽ മുന്ന് ദേവാലയങ്ങൾ മാത്രമേ ഉള്ളോ? നാലെണ്ണം ഇല്ലേ? അതേതാണെന്ന അർത്ഥത്തിൽ ഞാൻ മുഖം തിരിച്ചപ്പോൾ "കുന്നിപ്പള്ളി"യും ഒരു ദേവാലയം അല്ലേ? അച്ചന്റെ ചോദ്യം? നീ അവിടൊക്കെ കളിച്ചു നടന്നിട്ടില്ലേ? നമ്മടെ ഏറ്റവും അടുത്ത് കിടക്കുന്ന ദേവാലയം അല്ലേ?
ഇത്തരത്തിൽ ചിന്തിക്കാൻ ഇന്നത്തെ തലമുറയിലെ അഭ്യസ്തവിദ്യയുള്ളവർ പോലും മടിക്കുമ്പോൾ, ഗ്രാമത്തിനപ്പുറം ലോകമില്ലന്ന് ചിന്തിച്ചിരുന്ന ഞങ്ങളുടെ അച്ഛന്റെ മനഃസ്ഥിതിയെപ്പറ്റി അഭിമാനിക്കാതെ തരമില്ലല്ലോ...ജാതിക്കും മതത്തിനുമപ്പുറം ഉണ്ടാകുന്ന "ഒരാത്മാര്തത" ഇന്ന് അന്യം നിന്ന് പോയിരിക്കുന്നു...അച്ഛന്റെ ആഗ്രഹപ്രകാരം
ഞാനും എന്റെ അച്ഛനും കൂടി എറണാകുളത്തു പോയി നാലു ശിഖരങ്ങളുള്ള മൊത്തം 12 ബൾബുകൾ ഇടാവുന്ന ഒരു ചാന്ദ്‌ലിയർ
(chandelier lights), വാങ്ങി .കുന്നിപ്പള്ളിയിൽ സമർപ്പിച്ചു.കാലം ചെയ്ത അനുഗ്രഹീത ഏബ്രഹാം മാർ ക്ലിമീസ് മെത്രാപ്പോലീത്താ നേരിട്ടു വന്നു വാങ്ങി എന്നെ അനുഗ്രച്ചത് ഇന്നും ഓർമ്മയിൽ...
കുവൈറ്റിൽ എത്തിയ ആദ്യ കാലങ്ങളിൽ വാങ്ങിയ ഒരു "പരിശുദ്ധ കാബയുടെ" മുന്ന് ഡയ്മൻഷനിലുള്ള പടത്തിനു ഏതാണ്ട് 50 വർഷത്തെ പഴക്കമുണ്ട്. ഇതിന്റെ പിന്നിൽ എന്നെ സംബധിച്ചിടത്തോളം ഒരു നീണ്ട ചരിത്രം ഉറങ്ങിക്കിടപ്പുണ്ട്. അന്ന് മുന്ന് ഡയമന്ഷനുള്ള പടങ്ങൾ ആദ്യമായി പുറത്തിറങ്ങിയ സമയമായിരുന്നു.
ആളുകൾക്കൊക്കെ അത് പുതുമയായിരുന്നു. ഞാൻ ജനിച്ചു വളർന്ന ഗ്രാമത്തിലോ പരിസര പ്രേദശങ്ങളിലോ മുസ്ലീം സമൂഹങ്ങൾ ഉണ്ടായിരുന്നില്ല.
ആകെക്കൂടെ പരിചയം ഉണ്ടായിരുന്നവർ, കോളേജിൽ പഠിക്കുമ്പോൾ കിട്ടിയ അപൂർവം കൂട്ടുകാരായിരുന്നു. കുവൈറ്റിൽ ചെന്നപ്പോൾ സാഹചര്യം മാറി. കുവൈറ്റിൽ ചെന്നിട്ടും, ആദ്യ കുറെ മാസങ്ങൾ മുസ്ലിങ്ങളുമായി യാതൊരു വിധ സഹവർത്തിത്വം ഉണ്ടായിരുന്നില്ല.
അക്കാലത്താണ് ഈ പടം ഞാൻ കുവൈറ്റ് സിറ്റിയിലുള്ള ഒരു കടയിൽ നിന്ന് വാങ്ങുന്നത്. പൊരുൾ അറിയാതെ, കൗതുകം മാത്രം മനസ്സിൽ ഉൾക്കൊണ്ടു
കൊണ്ട്, അവാച്യമായ ഒരു അനുഭൂതിയോട് അന്ന് അത് വാങ്ങി പെട്ടിയിൽ സൂക്ഷിച്ചു വച്ചിരുന്നു.ആദ്യമായി നാട്ടിൽ അവുധിക്ക് വരുമ്പോൾ, ഈ പടവും പെട്ടിയിൽ വച്ചിരുന്നു. നാട്ടിലെത്തിയപ്പോൾ അത് അച്ഛന്റെ കയ്യിൽ കൊടുത്തു. അദ്ദേഹം അത് അന്ന് ഇരവിപേരൂർ ജംഗ്ഷനിൽ ഉണ്ടായിരുന്ന ഒരു ഫോട്ടോ സ്റ്റുഡിയോയിൽ കൊടുത്തു ഫ്രെയിം ചെയ്തു. കിടക്കുന്ന മുറിയിൽ ഉണ്ടായിരുന്ന ഒരു പഴയ സപ്രമഞ്ച കട്ടിലിന് മുകളിൽ ആണി അടിച്ചു ഭിത്തിയിൽ തൂക്കി ഇട്ടു.കട്ടിലിൽ കിടക്കുമ്പോൾ നേരെ മുന്നിൽ,മുകളിൽ ആയി അത് കാണാമായിരുന്നു.
ഏതാനും മാസങ്ങൾ കഴിഞ്ഞു എന്റെ മൂത്ത സഹോദരൻ കുവൈറ്റിൽ നിന്ന് അവുധിക്ക് വന്നപ്പോൾ, ഇത് കാണാനിടയായി.
അച്ഛനോട് ചോദിച്ചു. ഈ പടം എന്താണെന്നറിയാമോ? ഇത് മുസ്ലിങ്ങളുടെ മക്കയിലെ കാബയാണ്. ഇതെന്തിനാണ് ഇവിടെ തൂക്കിയിരിക്കുന്നത്. വലിയ ലോകപരിചയം ഒന്നും ഇല്ലാത്ത, പഴയ ഒൻപതാംക്ലാസ്സുകാരനായിരുന്ന,കൃഷിയും ചെറിയ കച്ചവടവും ചിട്ടിയും ഒക്കെയായി ജീവിച്ചിരുന്ന ആ വലിയ മനുഷ്യൻ പറഞ്ഞ മറുപടി പിൽക്കാലത്തു എന്റെ സഹോദരൻ എന്നോട് പറഞ്ഞപ്പോൾ ഞാൻ വികാരാധിതനായിപ്പോയി. അദ്ദേഹം പറഞ്ഞത് ഇതാണ് ."എന്തായാലും അതൊരു ദൈവ സങ്കൽപ്പത്തിന്റെ പ്രതീകം തന്നെ അല്ലേ? ബാലൻ ആദ്യമായി വന്നപ്പോൾ കൊണ്ട് വന്നതല്ലേ?ഞാൻ മരിക്കുന്നത് വരെ അതവിടെ ഇരിക്കട്ടെ.
പിന്നെ എന്ത് വേണമെങ്കിലും ചെയ്തോളു..."
അച്ഛൻ മരിക്കുന്നതു വരെ വർഷങ്ങളോളം അത് അവിടെ തന്നെയിരുന്നു.അതിന് ശേഷം അത് ഞാൻ എടുത്തു കൊണ്ട് വന്ന്
ന്യൂസിഅലൻഡിൽ ഉള്ള എന്റെ വീട്ടിലെ സ്വീകരണ മുറിയിൽ ഭിത്തിയിൽ തൂക്കി.
അതിന് താഴെ,ശ്രീ നാരായണ ഗുരുദേവന്റെ ഒരു പടവും, യേശു ക്രിസ്തുവിന്റെ അവസാനത്തെ അത്താഴവും, സ്വാമി വിവേകാനന്ദന്റെയും, ശ്രീബുദ്ധന്റേയും ഓരോ പടവും നിറഞ്ഞിരിക്കുന്നു.ഓരോ സുഹൃത്തുക്കൾ പലപ്പോഴായി സംഭാവന തന്നിട്ടുള്ളതാണ്.
അച്ഛനോടുണ്ടായിരുന്ന ഒരു സ്നേഹ
ക്കൂടുതലോ എന്തോ? പലപ്പോഴും ഈ പടങ്ങളിൽ ഞാൻ നോക്കി ഇരിക്കും...!!!
ഞാനാദ്യമായി ഒരു സിനിമ കാണുന്നത് അച്ഛന്റെകൂടെയാണ്.കരിമ്പു കൃഷി കഴിഞ്ഞു, അത് വെട്ടി വിറ്റു കൊടുക്കാൻ,"പുളികിഴി"ൽ ഉള്ള "പഞ്ചാരമില്ലി"ൽ, വള്ളത്തിൽ പോകുമ്പോൾ, എന്നേയും കൂട്ടിയിരുന്നു.അത് കമ്പനിയിൽ കൊടുത്തു, കാശുവാങ്ങി, പാണകുന്നിൽ നീലണ്ഠപ്പിള്ള ച്ചേട്ടനുമൊത്തു, ബസ്സിൽ കയറി,
തിരുവല്ല കാവുംഭാഗം ജംഗ്ഷനിൽ വണ്ടി വന്നു നിന്നപ്പോൾ, മണി ഒൻപത്.
അടുത്തുള്ള "സി വി എം" തീയേറ്ററിൽ കയറി സെക്കന്റ് ഷോ കണ്ട സിനിമ "തിരുവിളയാടൽ"....
അച്ഛന്റെ മരണവും, മരണാനന്തിര ചടങ്ങുകളും, വീഡിയോ കാസ്സറ്റിൽ അന്ന് പകർത്തിയത് മറ്റു രണ്ടു സഹോദരങ്ങൾക്ക്, സമയത്തിന് എത്താൻ പറ്റാഞ്ഞതുകൊണ്ട്, അവർക്കു കാണാൻ വേണ്ടിയായിരുന്നു.അന്ന് നാട്ടുകാർക്കൊരു പുതുമയും, അതിന്റെ പേരിൽ ഒരുപാടു വിമർശനങ്ങളും എനിക്ക് ഏറ്റു വാങ്ങേണ്ടാതായും വന്നു.പക്ഷേ ഇന്ന് അത് വല്ലപ്പോഴും സിഡിയിൽ ഇട്ടു കാണുമ്പോൾ, മനഃസ്വസ്ഥത പോകുമെങ്കിലും, ഓർമ്മിക്കാൻ പലരും, പലതും, അതിലുണ്ടാകും....
പലപ്പോഴും അച്ഛൻ പറയുന്ന ചില വാക്കുകൾ മനസ്സിൽ ആഞ്ഞു തറക്കാറുണ്ടായിരുന്നു......
അതിലൊന്ന്... "എടാ മോനെ, ഒരു മനുഷ്യന് അഞ്ച് "വ"കാരങ്ങളുണ്ടാവണം...അല്ലങ്കിൽ അവനെ ആരും വില മതിക്കില്ല"...എന്താണ് അഞ്ച് വകാരങ്ങൾ...വചനം, വസ്ത്രം, വപുസ്സ്, വിദ്യാ, വിനയം....ഇതിനൊക്കെ വലിയ വിലയുണ്ടന്ന് കാലം എനിക്ക് തെളിയിച്ചു തന്നിട്ടുണ്ട്....
മറ്റു രണ്ട് കാര്യങ്ങൾ പറഞ്ഞു കേട്ടിട്ടുള്ളതിൽ ഒന്ന്...."വീട് വിട്ട പട്ടിയും, നാട് വിട്ട രാജാവും ഒരു പോലെയാണ്"... പിൽക്കാലത്തു ഞാനത് കണ്ടറിഞ്ഞു...
മറ്റൊന്ന്..."ആനപ്പുറത്തിരിക്കുമ്പോൾ പട്ടി കടിക്കില്ല എന്ന് വിചാരിക്കരുത്...ഒരിക്കൽ താഴെ വരണം"... ഞാൻ അത് അനുഭവിച്ചറിഞ്ഞിട്ടുണ്ട്...
മക്കളെ വളർത്തി പ്രാപ്തിയാക്കാൻ മാതാപിതാക്കൾ പെടുന്ന പാട് എല്ലാ മക്കളും ഓർക്കണമെന്നില്ല...!!!
എല്ലാ മാതാപിതാക്കളും, മക്കളെ ശ്രദ്ധിക്കണമെന്നുമില്ല...!!!
പ്രകൃതിയിൽ വൈരുദ്ധ്യങ്ങൾ ധാരാളം...!!!
മണ്മറഞ്ഞുപോയിട്ടു ദശാബ്ദങ്ങൾ കഴിഞ്ഞിരിക്കുന്നു....അച്ഛനും അമ്മയ്ക്കുമൊക്കെ അപ്പുറം ദൈവങ്ങളുണ്ടാകാം.അള്ളാഹു ഉണ്ടാകാം. മിശിഹാ ഉണ്ടാകാം. നിഷേധിക്കനോന്നും ഞാനില്ല. പക്ഷേ എനിക്ക് പറഞ്ഞും കേട്ടും വായിച്ചും അറിഞ്ഞിട്ടുള്ള ഈ ദൈവങ്ങൾക്കൊക്കെ അപ്പുറത്താണ് "അനുഭവിച്ചറിഞ്ഞിട്ടുള്ള" അച്ഛനും... അമ്മയും...
പ്രണാമം...