ഗണപതി ഒരു സങ്കൽപ്പമോ അതോ യാഥാർഥ്യമോ.? (ഒന്നാം ഭാഗം )

ഗണപതി ഒരു സങ്കൽപ്പമോ അതോ യാഥാർഥ്യമോ.? (ഒന്നാം ഭാഗം )

(ദയവു ചെയ്ത് ശ്രദ്ധിക്കുക. ഇത് ഏതെങ്കിലും മതവിശ്വാസികളെ അല്ലങ്കിൽ രാഷ്ട്രീയ പാർട്ടികളെ പരിഹസിക്കാനോ അപമാനിക്കാനോ എഴുതുന്ന ഓർമ്മക്കുറിപ്പല്ല.  എൻ്റെ  ജീവിതാനുഭവങ്ങൾ കോർത്തിണക്കി ഒരു സത്യം തുറന്നു പറയാൻ മാത്രമാണ് ഞാൻ ശ്രമിക്കുന്നത്)

കാലികപ്രസക്തി വളരെയേറെയുള്ള ഒരു വിഷയമല്ലേ ഇത്?  കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിൽ വിശ്വസിക്കുന്ന ഒരു വ്യക്തി,  "ഗണപതി ഒരു മിത്ത്" എന്ന് പറഞ്ഞയുടനെ അതിനെ ഉയർത്തിപ്പിടിച്ചുകൊണ്ട്  കുറെ ഭക്ത വിശ്വാസികൾ. ചിലർ "ഗണപതിഹോമം" ചെയ്യുന്നു. മറ്റു ചിലർ  സമരമുറകൾക്കു തയ്യാറെടുക്കുന്നു. ഇത് കണ്ടുകൊണ്ടിരിക്കുന്ന മറ്റു മത വിശ്വാസികളിൽ ചിലർ ഉള്ളുനിറഞ്ഞ് ആസ്വദിക്കുന്നു.

ഒപ്പം പരിഹാസച്ചുവയുള്ള പോസ്റ്റുകളും പ്രസ്താവനകളും ഇറക്കിക്കൊണ്ട്,

"ഊത്തയ്ക്കു മീൻ" പിടിക്കുന്നു.

"ഊത്തമീൻ" എന്താണന്നു എല്ലാവർക്കുമറിയാമെന്നു വിശ്വസിക്കുന്നു. പഴയ കാലത്തു വരണ്ട കാലാവസ്ഥയൊക്കെ കഴിഞ്ഞ്  മഴപെയ്തു വെള്ളം പൊങ്ങി വരുമ്പോൾ "തടയിട്ടു മീൻ പിടിക്കുന്ന ഒരു രീതി" ഉണ്ടായിരുന്നു. വാള, തൂളി, തുടങ്ങിയ മീനുകളാണ്  ഈ  തടയിൽ  കുടുങ്ങുന്നത്.  അതൊക്കെ ഇന്ന് അന്യംനിന്നുപോയി  എന്ന് പറയുന്നതാവും  ശരി. നമുക്ക് കാര്യത്തിലേക്കു വരാം.

മനുഷ്യജീവിതത്തിൻ്റെ  ആകെത്തുക  എടുത്താൽ, എല്ലാക്കാലത്തും നല്ലവരും ചീത്ത ആയവരും ഇതൊന്നുമല്ലാത്തവരും, ഏതൊരു സമൂഹത്തിലും നമുക്ക് കാണാം. ഇല്ലേ? കഥയിൽ ചോദ്യം പാടില്ല.! ത്രേതായുഗത്തിലോട്ടു ചെന്നാൽ ദുഷ്ടനായ രാവണനും, നല്ലവനായ ശ്രീരാമനും, ഇനി അങ്ങ്, വളരെ വളരെ പുറകോട്ടു പോയാലോ? അവിടെയുമുണ്ട് നല്ലവരും  അല്ലാത്തവരും. ഹിന്ദുവിൻ്റെ  വിശ്വാസപ്രകാരം, കൃതയുഗത്തിൽ ബ്രഹ്‌മാവ്‌ താമരയിൽ ഇരുന്ന് നാലു ദിക്കിലേക്കും നോക്കിയിരുന്നു സൃഷ്ട്ടി നടത്തി എന്നാണല്ലോ വിശ്വാസം. കേട്ടിട്ടില്ലേ?

മഹാവിഷ്ണു/ഹിരണ്യാക്ഷൻ/ഹിരണ്യകശ്യപ്  (തൻ്റെ  ഗോപുരങ്ങളുടെ ദ്വാരപാലകന്മാരായിരുന്ന ജയ/വിജയന്മാർ തനിക്കു തന്നെ വിന ആയപ്പോൾ , അതായതു മഹാവിഷ്ണുവിന് തന്നെ ശത്രുക്കളായെത്തിയ കഥ. ഇവരെ കൊല്ലാനും മോക്ഷം കൊടുക്കാനും വിഷ്ണു അവതാരങ്ങൾ എടുത്തു.   (വരാഹം/നരസിംഹം). ഇനി മറ്റൊരു കഥ. പരമശിവൻ/ഭസ്മാസുരൻ.(താൻ തന്നെ അനുഗ്രഹിച്ചു കൊടുത്ത വരം തനിക്കെതിരെ പ്രയോഗിക്കാൻ വരുന്ന കഥ).

ചുരുക്കം, ഞാൻ പറഞ്ഞു വരുന്നത്, അവിടെയും എവിടെയും  എല്ലാക്കാലത്തും നല്ലവരും ദുഷ്ടന്മാരുമുണ്ട്. എല്ലാ മതവിശ്വാസങ്ങളിലും ഇത്തരം ചരിത്രങ്ങൾ കാണാൻ കഴിയുന്നുണ്ട്.

സെമിറ്റിക്ക് മതങ്ങളായ ക്രിസ്തു മതവും, ഇസ്ലാം മതവും, യെഹൂദ മതവും, പാഴ്സി മതവുമൊക്കെത്തന്നെ തന്നിൽനിന്ന് അന്യമായി, അങ്ങ് മുകളിൽ ഒരു ദൈവമുണ്ടന്നു വിശ്വസിക്കുന്നവരാണ്,  അല്ലേ? മുകളിലെവിടെയോ ഇരുന്നു ഈ ഭുമിയിൽക്കാണുന്ന നമ്മളെയൊക്കെ പരിപാലിക്കപ്പെടുന്നു എന്നല്ലേ പറയുന്നതും, വിശ്വസിക്കുന്നതും അല്ലങ്കിൽ വിശ്വസിപ്പിക്കപ്പെടുന്നതും? അതിനു  ശക്തിപകരാൻ അവരുടെയെല്ലാ മതഗ്രന്ഥങ്ങൾക്കും ഒരു "ദൈവീക പരിരക്ഷ"യുമുണ്ട്. അതായത്, വിശ്വസിക്കുന്ന ദൈവത്തിൽ നിന്ന് നേരിട്ടോ, അല്ലെങ്കിൽ അപ്പോസ്തലന്മാർവഴിയോ കിട്ടിയ വിശുദ്ധി ആർജ്ജിച്ച മതഗ്രന്ഥങ്ങൾ. കേട്ടിട്ടില്ലേ? വിശുദ്ധ ഖുറാൻ, പരിശുദ്ധ ബൈബിൾ, അങ്ങനെ ഓരോന്നും. ആ വിശുദ്ധിയുടെ പരിവേഷമുള്ളതുകൊണ്ടാണ് ആ മതങ്ങളുടെയൊക്കെ ആർജവവും ശക്തിയും നിലനിൽപ്പും. സത്യമതല്ലേ? ഇതിനിടയ്ക്ക് ഒരു സംശയം. ഇന്ത്യയിൽ ശരിക്കും ഇപ്പോൾ  ന്യൂനപക്ഷ സമൂഹം, യഹൂദരും പാഴ്സികളുമല്ലേ.? അത് പോകട്ടെ. വിഷയമതല്ലല്ലോ.

ഒരു ഹിന്ദുവിൻ്റെ  മുൻപിൽ, കല്ലിൽ കടഞ്ഞെടുത്ത  ഗണപതി വിഗ്രഹത്തോടുള്ള അന്ധമായ വിശ്വാസത്തിൻ്റെ   മറ്റൊരു വശമാണ് സെമിറ്റിക്ക് മതങ്ങളിൽപ്പെട്ടവർക്ക്, അവരുടെ വിശുദ്ധ ഗ്രന്ഥങ്ങളോടുള്ളത്.   അല്ലന്നുണ്ടോ? എന്നാൽ, തന്നിൽനിന്ന് അന്യമായ മറ്റൊരു ദൈവം എവിടെയുമില്ല എന്ന് വിശ്വസിക്കേണ്ട, അല്ലെങ്കിൽ അങ്ങല്ലാതെ (ഈശ്വരനല്ലാതെ) ഈ പ്രപഞ്ചത്തിൽ മറ്റൊന്നുമില്ല എന്ന് വിശ്വസിക്കേണ്ട, ഒരു ഹിന്ദുവിൻ്റെ  ഏറ്റവും "വലിയ ശാപം" അവർക്കുള്ള എല്ലാ മത ഗ്രന്ഥങ്ങൾക്കും ഇതേപോലെതന്നെ ഇപ്പോൾ ഒരു "ദൈവീക പരിവേഷം" കൊടുക്കാൻ ശ്രമിക്കുന്നു എന്നുള്ളതാണ്. ഈ അടുത്ത സമയത്ത്  ഒരു ഹിന്ദുമത വക്താവ്  യൂട്യൂബിലിരുന്ന്  "വിശുദ്ധമായ ഭഗവത്ഗീത", "പരിശുദ്ധമായ  ഭാഗവതം", എന്നൊക്കെ പറയുന്നു.  ഞാൻ ചെറുപ്പം മുതൽ കേട്ടിട്ടുള്ളത് "ശ്രീമത് ഭഗവത് ഗീത" "ശ്രീമത് ഭാഗവതം" എന്നൊക്കെയാണ്. "ശ്രീമത്"  എന്നാൽ "കീർത്തിയുള്ള" "ഐശ്യര്യമുള്ള" "ശോഭയുള്ള" എന്നാണ് അർത്ഥം. അത് പോരെ? അതോ ഒപ്പത്തിനൊപ്പം നിൽക്കണമെന്നാണോ ഉദ്ദേശം?  പുരാണങ്ങൾക്കും ഇതിഹാസങ്ങൾക്കും ദൈവീക പരിവേഷം കൊടുക്കാതെ വായിച്ചാൽ, പല ഭാഗങ്ങളിലും "നമുക്ക് നമ്മെ തന്നെ കാണാൻ" സാധിക്കും. അക്കാലത്ത്  അത്  എഴുതിയവരും അതെ ഉദ്ദേശിച്ചിരുന്നുള്ളു.

ഇതിനുപറ്റിയ ഒരു സംഭവം എൻ്റെ  യഥാർത്ഥജീവിതവുമായി ബന്ധപ്പെടുത്തി  വിവരിച്ചു പറയാം.

ശരാശരി ഹിന്ദു വിശ്വാസി ഏതൊരു നല്ല കാര്യം ചെയ്യുമ്പോഴും "ഗണപതിക്ക്‌ തേങ്ങാ ഉടയ്ക്കുക" എന്നൊരു പതിവുണ്ട്. ഇപ്പോഴത്തെ കാലഘട്ടത്തിൽ ഏതു ദുഷ്ക്കർമങ്ങൾ ചെയ്യുമ്പോഴും ഗണപതിക്ക്‌  തേങ്ങാ അടിക്കുമോ എന്ന സംശയവും ഇല്ലാതില്ല. ഇതിനെ വിമർശിക്കുന്നവർ ധാരാളം. പാവപ്പെട്ടവർ എത്ര കഷ്ടപ്പെട്ടായിരിക്കും ഒരു തേങ്ങാ  വാങ്ങി ഉടച്ചു വഴിപാടുകൾ നടത്തി ഗണപതി ഭഗവാനെ തൃപ്തിപ്പെടുത്താൻ ശ്രമിക്കുന്നത് എന്ന് നമുക്ക് ഊഹിക്കാവുന്നതേ ഉള്ളൂ. എന്നിരുന്നാലും പലപ്പോഴും  നമ്മുടെ ആഗ്രഹസാഫല്യങ്ങളുടെ ആഴം മനസ്സിലാക്കി വിദഗ്ധരായ ജ്യോതിഷിമാരും, തിരുമേനിമാരും, തേങ്ങയുടെ എണ്ണം കൂട്ടും. അങ്ങനെ ഈ ചടങ്ങിപ്പോൾ കോർപ്പറേറ്റ് ഭക്തിയായി മാറിയിരിക്കുന്നു എന്നത് യാഥാർഥ്യം.

 

 

തുടരും(...)