ഗണപതി ഒരു സങ്കൽപ്പമോ അതോ യാഥാർഥ്യമോ.? (നാലാം ഭാഗം )

നാലാം ഭാഗം 

ഇനി ഒരുകാര്യംകുടി പറഞ്ഞുകൊണ്ട്  ഈ വിഷയമവസാനിപ്പിക്കാം. ഞാൻ വളരെ ചെറുപ്പത്തിലേ വിവാഹംകഴിച്ച ഒരാളാണ്. അന്നെൻ്റെ  ഭാര്യക്ക് പതിനെട്ടുവയസ്സ് തികഞ്ഞിട്ടുപോലുമില്ല. ഇന്നാണെങ്കിൽ സ്ത്രീപീഡനമാണ്. അതുകൊണ്ടുതന്നെ അവൾക്കു വിദ്യാഭ്യാസം തുടരാനൊന്നും കഴിഞ്ഞില്ല. വിവാഹശേഷം മാസങ്ങൾക്കുള്ളിൽ എൻ്റെ  കൂടെ വിദേശത്തേക്ക് ചേക്കേറി. ഇക്കണ്ടകാലമത്രയും, ഒരു കുടുംബിനിയായി, ആരോടും ഒരു പരിഭവുമില്ലാതെ കുട്ടികളെ നോക്കിയും, വീടും കുടുംബവും നോക്കിയും, വിദേശത്തു കാലം കഴിക്കുന്നു. ജീവിതത്തിനിടയിൽ പലപ്പോഴും അറിഞ്ഞോ അറിയാതെയോ എൻ്റെ  ഭാഗത്തുനിന്ന് മനസ്സിന് വേദനയുണ്ടാക്കുന്ന വർത്തമാനങ്ങൾ ഉണ്ടായിട്ടുണ്ട്. ജോലിയിലുണ്ടാകുന്ന ടെൻഷൻ വരുമ്പോൾ, അല്ലങ്കിൽ മറ്റെന്തെങ്കിലും വിഷയംവരുമ്പോൾ, എനിക്കുമാത്രം വരുമാനമുള്ളതിനാൽ, എന്നിലെ "അഹങ്കാരം" അല്ലങ്കിൽ "ഹുങ്ക്" തലപൊക്കും. ആ വരുമാനത്തിൻ്റെ  അഹങ്കാരത്തിൽ ഞാൻ പറഞ്ഞിട്ടുള്ള ഓരോ വാക്കുകളും, എൻ്റെ  ഭാര്യയെ വളരെ വേദനിപ്പിച്ചിട്ടുണ്ട്. മാറിയിരുന്ന് തന്നെകരയുകയും, ആരോടും പറയാതെ വിഷമിക്കുകയും ചെയ്യുന്നത് കാണുമ്പോൾ എനിക്ക് വിഷമം തോന്നിയിട്ടുമുണ്ട്.

ഇതിൽ എന്നെ ഏറ്റവും വിഷമിപ്പിച്ചിട്ടുള്ള ചില നിമിഷങ്ങളിൽ ഒന്ന്. ഞാൻ കുവൈറ്റിൽ ഒരു ബാങ്കിൻ്റെ   ജനറൽ മാനേജർപോലയുള്ള അതുല്യ പദവികളിൽ ആനപ്പുറത്തിരിക്കുന്ന സമയം. പാവം ഭാര്യ മക്കളെയും കുട്ടി പാശ്ചാത്യ സംസ്കാരമുള്ള ന്യൂസിലാൻഡിൽ ജീവിക്കുന്നു.  ആയിടയ്ക്ക് ഒരു ദിവസം ബാങ്കിൻ്റെ  ബോർഡ് മീറ്റിംഗിൻ്റെ  മുൻപിൽ അവതരിപ്പിക്കാനുള്ള ഒരു വിഷയത്തെക്കുറിച്ചുള്ള ചൂടുപിടിച്ച ചർച്ചനടന്നുകൊണ്ടിരിക്കുമ്പോൾ, എനിക്ക് ഭാര്യയുടെ ഫോൺകാൾ  വരുന്നു. ഞാനാസമയത് ടെലഫോണെടുത് കാര്യമെന്താണെന്ന്  അന്വേഷിക്കാൻ പോലും മിനക്കെടാതെ റ്റെൻഷനടിച്ച്  ആക്രോശിച്ചുകൊണ്ട് ലൈൻ കട്ടുചെയ്തു. പിന്നീട് മകൾ വിളിച്ചു പറയുമ്പോളാണ് അറിയുന്നത് അമ്മയ്ക്ക് സുഖമില്ലാതെ ആശുപത്രിയിൽ കൊണ്ടുപോകാൻ തുടങ്ങുന്നകാര്യം പറയാനാണ് ആ സമയത്തു വിളിച്ചത്. അന്നവൾ ഒരുപാട് ദുഖിച്ചിട്ടുണ്ടായിരിക്കണം.

പക്ഷേ ഇപ്പോൾ,  അച്ഛൻ പണ്ടുപറഞ്ഞ കാര്യങ്ങൾ പലപ്പോഴും ഓർമ്മയിൽ വരുന്നു. "കാലം മാറി വരും. ആനപ്പുറത്തിരിക്കുമ്പോൾ പട്ടി കടിക്കില്ല എന്ന് ധരിക്കരുത്. താഴെ വരേണ്ടി വരും മോനെ ".

ഉദ്യോഗപ്രഭുത്വവും, വരുമാനവുമൊക്കെ നിലച്ചു. ഗൾഫുകാർക്ക് പെൻഷനൊന്നുംകിട്ടില്ലന്നറിയാമല്ലോ, വരുമാനം നിലച്ചു, പദവിയും പത്രാസും നിലച്ചു. കുവൈറ്റിൽ നിന്ന് കിട്ടിയ വരുമാനമെല്ലാം ധുർത്തടിച്ചും പർപ്പിടകം പൊടിച്ചും ഇല്ലാതാക്കി. ആനപ്പുറത്തു നിന്ന് താഴെ ഇറങ്ങി. ന്യൂസിലാൻഡിൽ അറുപത്തഞ്ചു വയസാകുമ്പോൾ, ഇവിടെ പത്തു വർഷം താമസിച്ചിട്ടുള്ള ഏതൊരു സിറ്റിസനും (citizen)പെൻഷൻ കിട്ടും .മുൻപ് ജോലി ചെയ്തിട്ടുണ്ടോ ഇല്ലയോ എന്നുള്ളത് മാനദണ്ഡമല്ല. ഞാൻ ഇവിടെ പത്തുകൊല്ലം തുടർച്ചയായി ജീവിച്ചിട്ടില്ലാത്തതു കൊണ്ട് എനിക്ക് പെൻഷൻ കിട്ടാൻ അർഹതയില്ല. "ന്യൂസിലൻഡിലെ നിയമമനുസരിച്ച്  ഏതൊരു സിറ്റിസണും 65 വയസാകാൻ ഒരു മാസം ബാക്കി നിൽക്കെ, ഗവൺമെന്റിൽ നിന്നൊരു ലെറ്റർ(letter) വരും. ആ എഴുത്തിൽ ഇങ്ങനെ എഴുതിയിരിക്കും. "അടുത്ത മാസം ഇന്ന തീയതി മുതൽ നിങ്ങൾ ഈ രാജ്യത്തെ ഒരു സീനിയർ സിറ്റിസണാകുന്നു. അഭിനന്ദനങ്ങൾ. അന്നുമുതൽ നിങ്ങൾക്ക് പെൻഷൻ അനുവദിച്ചിരിക്കുന്നു. താഴെപ്പറയുന്ന പേപ്പറുകൾ ഹാജരാക്കണം. ഒപ്പം ഒരു ബാങ്ക് അക്കൗണ്ട് ഉണ്ടെന്ന്  തെളിയിക്കുന്ന ബാങ്ക് സ്റ്റെറ്റുമെന്റും വേണം." ഇതിലെ ഏറ്റവും വലിയ പ്രത്യേകത, പെൻഷൻപറ്റിയ ന്യൂസിലാൻഡ് പ്രധാനമന്ത്രിക്കും, എൻ്റെ  ഭാര്യക്കും പെൻഷൻ തുക ഒരേപോലെയാണ്. അതുകൊണ്ട് അസൂയക്ക് വകയില്ല. മറ്റൊരു പ്രത്യേകത നമ്മുടെ നാട്ടിൽ "കുടുംബിനി" അതായതു കുടുംബം നോക്കിനടത്തുന്നത് ഒരു ജോലിയായി ആരും കണക്കാക്കാറില്ല. എന്നാൽ ഇവിടെ അതൊരു തൊഴിലായി കണക്കാക്കുന്നു. വീട് വൃത്തിയാക്കുക. പാചകം ചെയ്യുക. കുട്ടികളെ നോക്കുക. അവരെ പതിനെട്ടു വയസ്സ് വരെ സംരക്ഷിക്കുക.സ്കൂളിലയക്കുക. ഇതിൻ്റെയെല്ലാം ശമ്പളം കുട്ടി നോക്കിയാൽ ഒരു സ്പെഷ്യലിസ്റ് ഡോക്ടർക്ക് കിട്ടുന്ന ശമ്പളത്തിന് നാലിരട്ടി തുകയാകും. ഇവരെ പറയുന്നത് "ഹോം എക്സിക്യൂട്ടീവ്"(Home Executive) എന്നാണ്. പെൻഷൻ കിട്ടാൻ അർഹത ആയപ്പോൾ സായിപ്പു കുറെ ചോദ്യങ്ങൾ ടെലഫോണിലൂടെ  ഭാര്യയോട് ചോദിച്ചു. എന്നേക്കാൾ ഭംഗിയായി ഇംഗ്ലീഷ് പറയാൻ കഴിയുന്ന എൻ്റെ  ഭാര്യ, അതിനൊക്കെ മറുപടി പറയുന്നത് ഞാൻ ശ്രദ്ധിച്ചു.

അതിലെ ഒരു പ്രസക്ത ചോദ്യം.

നിങ്ങൾക്ക്  ജീവിത പങ്കാളിയുണ്ടോ?

(Do you have a life partner?) ഉണ്ട്. മറുപടി. അയാൾക്ക്‌ പെൻഷൻ കിട്ടുന്നുണ്ടോ? ഇല്ല. മറുപടി. എന്തുകൊണ്ട് കിട്ടുന്നില്ല? അദ്ദേഹം പത്തു കൊല്ലം ഇവിടെ തികച്ചു ജീവിച്ചിട്ടില്ല. അയാൾക്ക്‌ വരുമാനമില്ല അല്ലേ? ഇല്ല. മറുപടി.അപ്പോൾ അവൾക്ക് കൊടുക്കാനുദ്ദേശിച്ച പെൻഷൻ തുക അൽപ്പം കൂടി.എന്താണെന്നറിയാമോ? ജീവിത പങ്കാളിക്കുള്ള ഒരു ചെറിയ അലവൻസ്.!!! അന്ന് ഞാൻ ആനപ്പുറത്തിരുന്നപ്പോൾ ഗണപതിക്കൊരു തേങ്ങാ അടിച്ചിരുന്നങ്കിൽ എന്നറിയാതെ ഓർത്തുപോയി. സത്യം പറയാമല്ലോ കഴിഞ്ഞ വര്ഷം മുതൽ എൻ്റെ  ജീവിത മാർഗം സ്നേഹനിധിയായ എൻ്റെ  ഭാര്യയുടെ പെൻഷൻ. ഇവിടുത്തെ പെൻഷൻ തുക സാമാന്യം ഭേദപ്പെട്ടതാണ്. അത്യവശ്യം ജീവിത ചെലവുകൾക്കും പെട്രോൾ അടിക്കാനും കറണ്ട് ബില്ലും വെള്ളത്തിൻ്റെ  ബില്ലും ആശുപത്രിയിൽ പോകാനുമൊക്കെ ഈ പെൻഷൻ തുക ധാരാളം.  നാട്ടിലെ ഇന്ത്യൻരൂപ വച്ചുനോക്കുമ്പോൾ തുക വളരെ വലുതാണ്. നാട്ടിലെ ഒരു  ഐ. എ. എസ്സ്.  ഓഫീസർക്ക് ഒരു മാസം കിട്ടുന്ന തുകയേക്കാൾ  മുകളിലാണ് ഇവുടുത്തെ ഒരു മാസത്തെ പെൻഷൻ തുക.  അന്നും  ഇന്നും ആരോടും ഒരു പരിഭവുമില്ലാതെ അതെ മനസാന്നിധ്യത്തോടെ 

അവൾ എൻ്റെകൂടെ കഴിയുന്നു. അവളുടെ പെൻഷൻകൊണ്ട് ഞാനും കഴിയുന്നു. ഞാനൊന്നു ചോദിച്ചോട്ടെ?  ഈ നവരാത്രി/ദീപാവലി  ആഘോഷക്കാലത്തു എനിക്ക് അന്നം തരാൻ കാത്തിരിക്കുന്ന ശ്രീപാർവതിയായും, ധനം തരുന്ന ശ്രീമഹാലക്ഷ്മിയായും, ജീവിതാനുഭവങ്ങളിലൂടെ അറിവുപകർന്നുതന്ന ശ്രീമഹാസരസ്വതിയായും, എൻ്റെ  മുന്നിൽ ത്രിമൂർത്തിസ്വരൂപമായി ഇരിക്കുന്ന ഒരു സ്ത്രീയെ ശ്രദ്ധിക്കാൻ സമയമില്ലാതെ എവിടെയോ ഉണ്ടന്ന് മനസ്സിൽ തെളിഞ്ഞു വരുന്ന ഒരു ദേവിക്ക് വേണ്ടി ഞാനും ഓടിക്കൊണ്ടിരിക്കുകയല്ലേ?

അതിപ്പോ ഭാര്യയാകണമെന്നില്ല. അച്ഛനും അമ്മയുമാകാം. കുടപ്പിറപ്പുകളാകാം. ഒരു ബന്ധവുമില്ലാത്തവരാകാം. അതിൻ്റെ  പ്രസക്തി ഓരോരുത്തരുടെയും ജീവിതാനുഭവങ്ങളാകാം. ഒരു മനുഷ്യൻ ജനിച്ചുവീഴുമ്പോൾ മുതൽ മരിച്ചുവീഴുന്നതുവരെ ഈ സമൂഹത്തിൽ ആരോടെല്ലാം കടപ്പാടുകൾ ഉണ്ടെന്നാരെങ്കിലും ചിന്തിക്കാറുണ്ടോ? വിശന്നിരിക്കുന്ന ഒരു പട്ടിക്ക് ആഹാരംകൊടുത്താൽ അത് വാലാട്ടി നന്ദി കാണിക്കും. മനുഷ്യരോ? അതുകൊണ്ടാണ് മനുഷ്യരെ മൃഗമാക്കി കാണേണ്ടി വരുന്നത്. സ്വാമി വിവേകാന്ദൻ ഒരിക്കൽ ശിഷ്യഗണങ്ങളോട് പറയുന്നു. "നിങ്ങളുടെമുൻപിൽ നിൽക്കുന്ന ദരിദ്രനാരായണന്മാരെ കാണാൻ കണ്ണില്ലാതെ ഏതു നാരായണനെ കാണാനാണ് നിങ്ങൾ കണ്ണടച്ച് ധ്യാനിക്കുന്നത്. ഉൾക്കാഴ്ച്ചയോടെ കണ്ണുതുറന്ന് നോക്ക്. നിങ്ങൾക്ക് നാരായണനെക്കാണാൻ പറ്റും" (വിവേകാനന്ദ സാഹിത്യസർവ്വം വോളിയം അഞ്ച്).

"പ്രകൃതി" അത് ഈശ്വരനല്ലേ? ഒരുനിമിഷം ശ്വാസം നിലച്ചാൽ..? ഒരു ദിവസം കുടിവെള്ളം കിട്ടാതിരുന്നാൽ.? മുന്ന് ദിവസം ആഹാരം കിട്ടാതിരുന്നാൽ.? ഇതൊന്നും ആരുടെയും അവകാശമല്ല.!!! അത്യാവശ്യമാണ്. വെള്ളപ്പൊക്കം വരുമ്പോഴും ഭൂമികുലുക്കം വരുമ്പോഴും മരണമെത്തുമ്പോഴും ജാതിയില്ല മതമില്ല നിറമില്ല വലിയവനും ചെറിയവനുമില്ല. എന്തിന്  ചിഞ്ഞുനാറിയ രാഷ്ട്രീയമില്ല. ബാർബർഷോപ്പിലെപ്പോലെയുള്ള അധികാരക്കസേരകളുമില്ല.!!!  ഇവിടെ ഈശ്വരനല്ലാതെ വേറെന്താണുള്ളത്? മുൻപത്തെ എപ്പിസോഡിൽ എഴുതിയതുപോലെ, "അഹങ്കാരം" കൊണ്ട് മതിമറന്ന്  ഞാൻ പറഞ്ഞു വേദനിപ്പിച്ചിട്ടുള്ളതിനൊക്കെ, "സമസ്താപരാധം ക്ഷമിക്കായ്‌ വരേണം" എന്ന് പറഞ്ഞു കാലിൽ തൊട്ടുതൊഴാൻ പലപ്പോഴും ശ്രമിച്ചിട്ടുണ്ട്. അപ്പോഴൊക്കെ അവൾ എന്നോട്  പറയും."അങ്ങനൊന്നും ചെയ്യരുത്. എനിക്ക് അങ്ങ്  കാണപ്പെട്ട ദൈവമാണ്". ഞാൻ ചോദിക്കും. "അപ്പോൾ എന്നെ കൂടാതെ കാണാമറയത്ത് മറ്റൊരു  ദൈവമിരിപ്പുണ്ട് അല്ലേ?".  മറുപടി. "ഉണ്ട്. എൻ്റെ  മനസ്സിൽ".!!! അപ്പോൾ ഞാൻ പറയും. "വളരെ ശരിയാണ്". അതുകൊണ്ടാണ് പഴമക്കാർ പറയുന്നത് "ഈശാവാസ്യം ഇദം സർവ്വം".ഈ അനുഭവമണ്ഡലം മുഴുവൻ ഈശ്വരൻ, അല്ലെങ്കിൽ അള്ളാഹു അതുമല്ലങ്കിൽ മിശിഹാ, നീയല്ലാതെ വേറെ എന്താണുള്ളത്? ഈ  വിശ്വം മുഴുവൻ നീ നിറഞ്ഞിരിക്കുന്നു. അങ്ങനെ ചിന്തിക്കാൻ കഴിയുന്നത് കൊണ്ടാണല്ലോ  "എൻ്റെ  മനസ്സിൽ". വേറൊരു ഈശ്വരനുണ്ടന്നവൾ പറഞ്ഞത്.

ഇപ്പോൾ ശരിക്കും ഗണപതിയ്ക്കൊരു തേങ്ങാ അടിക്കാൻ തോന്നുന്നില്ലേ? അടിച്ചോളൂ.

തെക്കൻ തമിഴ്നാട്ടിലെ തിരുച്ചി എയർ പോർട്ടിൽനിന്ന് നൂറുകിലോമീറ്റർ കാറിൽ സഞ്ചരിക്കുമ്പോൾ, കുന്ദ്രക്കുടി എന്നൊരു ഗ്രാമത്തിൽ എത്തിച്ചേരും. അവിടെ കുന്നിൻ്റെ  മുകളിൽ കുന്ദ്രക്കുടി കുമരൻ അതായതു സുബ്രമണ്യൻ കുടികൊള്ളുന്നു. അവിടെനിന്ന്  ഒരു പതിനൊന്നു കിലോമീറ്റർ താഴേക്ക് സഞ്ചരിച്ചാൽ കാരക്കുടി എന്നഗ്രാമത്തിലെ പിള്ളയാർപ്പെട്ടി എന്ന് സ്ഥലം. അതുല്യപ്രതിഭയായ കവി അരശർ കണ്ണദാസൻ്റെ  ജന്മസ്ഥലം. അതിൻ്റെ  തിലകക്കുറിയായി "പിള്ളയാർപ്പെട്ടി കർപ്പക വിനായകർ" വലത്തോട്ട് തുമ്പിക്കൈ വച്ച് നമുക്കെല്ലാമുള്ള വിഘ്‌നങ്ങൾ മാറ്റി അനുഗ്രഹം ചൊരിഞ്ഞരുളുന്നു. എനിക്കേറെയിഷ്ടമുള്ള ഇടം. എനിക്കേറെയിഷ്ടമുള്ള ദൈവം.തിരുച്ചിയിൽ നിന്നുള്ള ആ യാത്ര. ഗ്രാമങ്ങളിലൂടെയുള്ള യാത്ര ഒരു അനുഭൂതിയാണ്. ഒന്ന് പോയിനോക്ക്. 24 മണിക്കൂറും തുറന്നിരിക്കുന്ന ക്ഷേത്രം. പക്ഷേ അവിടെ ആരും തേങ്ങാ അടിക്കാൻ അധികം പോകാറില്ല.എന്താണെന്നോ?

അത് "മോക്ഷ"ത്തെ പ്രധാനം ചെയ്യുന്ന ഗണപതിയാണ്. പേടിച്ചോ.? ആരും  മരണത്തെ വരിക്കാൻ തേങ്ങാ അടിക്കാറില്ലല്ലോ."മോക്ഷം" എന്നാൽ എല്ലാറ്റിൽ നിന്നുമുള്ള വിടുതൽ അല്ലങ്കിൽ മരണം..അല്ലെ? (Complete detachment or death) ആഗ്രഹങ്ങൾ സഫലമാകാനല്ലേ തേങ്ങാ ഉടയ്ക്കുന്നത്. 

ശരിയല്ലേ..?