മൂന്നാം ഭാഗം
ലോകത്തുള്ള മൃഗങ്ങളിൽ വളരെ പ്രത്യേകതകളുള്ള ഒരു മൃഗമാണ് മനുഷ്യൻ. അഹങ്കാരം, ഹുങ്ക്, അസൂയ, പുച്ഛം, ശത്രുത, വിദ്വേഷം, ഡംപ്, പൊങ്ങച്ചം, അല്പത്വം, വർഗീയത, ജാതി, മതം, സ്വാർത്ഥത, തന്നിഷ്ടം, ഇതെല്ലാമുള്ള ഏക മൃഗം മനുഷ്യർ മാത്രം. ഒപ്പം കരുണ, സങ്കടം, ദുഃഖം, സ്നേഹം, സത്യസന്ധത, സഹായഹസ്തം, പരിതാപം ഇതൊക്കെയും ഈ മനുഷ്യർക്കുണ്ട്. ഇതൊക്കെയാണെങ്കിലും മനുഷ്യൻ്റെ സ്ഥായിയായ ഒരു ഭാവം എപ്പോഴും "അഹങ്കാരം" കൊണ്ട് നിറഞ്ഞതായിരിക്കും. അതെത്ര വലിയവരായാലും, ചെറിയവരായാലും ഏതൊരർത്ഥത്തിലായാലും അഹങ്കാരം കുടപ്പിറായിരിക്കും. അതുകൊണ്ടാണ് എന്ത് കേട്ടാലും കണ്ടാലും ഉടൻ മനുഷ്യർ വികാരഭരിതരാകുന്നതും ഒപ്പം പ്രതികരിക്കുന്നതും. പ്രതികരണം ദേഷ്യപ്പെട്ടായാൽ "അഹന്ത"യാണ് കാരണം. പ്രതികരണം സങ്കടപ്പെട്ടായാൽ "നിസ്സഹായത"യാണ് കാരണം. പ്രതികരണം സന്തോഷിച്ചായാൽ "കേമത്ത"മാണ് കാരണം. ചിലപ്പോൾ ഒരു പ്രതികരണവും പുറമേ കാണിക്കാത്ത ചില മനുഷ്യമൃഗങ്ങൾ ഉണ്ടാകും. ഒന്നും പ്രതികരിക്കാൻ കഴിയാതെ വിമ്മിഷ്ട്ടപ്പെടുന്ന ഒരവസ്ഥയില്ലേ?പക്ഷേ ഉള്ളിൽ ഒരു പ്രതികരണവാഞ്ഛ അവശേഷിക്കും. വലിയ കാറുള്ളവന് ചെറിയ കാറോടിക്കുന്നവനോട് "പുച്ഛം". മറിച്ചായാൽ "അസൂയ". രണ്ടു കാലുള്ള പിച്ചക്കാരന് ഒറ്റക്കാലിൽ വടിയുമായി നടക്കുന്ന പിച്ചക്കാരോനോട് "ദേഷ്യം"അല്ലങ്കിൽ "അവജ്ഞ".മറിച്ചായാൽ "ദുഃഖം" അല്ലങ്കിൽ "വൈരാഗ്യം".
ഒന്ന് സൂക്ഷിച്ചു നോക്കൂ., ഇതിൻ്റെയെല്ലാം തുടക്കം ഒരേ ഒരു ഒന്നിൽ നിന്നാണ്. "ആഗ്രഹങ്ങൾ".(wants). ഇനി, വലിയ ഉയരമുള്ള മഹാവടവൃക്ഷങ്ങൾ ലോകത്തു ധാരാളമുണ്ട്. തെങ്ങ് സാമാന്യം ഉയരമുള്ള ഒരു വൃക്ഷമാണ്. അവിടെ തേങ്ങാ തൂങ്ങിക്കിടക്കുന്നു. കണ്ടോ?നമ്മുടെ "ആഗ്രഹങ്ങൾ" പോലെ.തേങ്ങാ ഇങ്ങനെ കൊലകൊലയായി തൂങ്ങിക്കിടക്കുന്നത് കാണാനൊരു ഭംഗിയുണ്ട്. ശരിയല്ലേ? ഓർത്തെടുത്തൽ "പരിമിതിയില്ലാത്ത നമ്മുടെ ആഗ്രഹങ്ങൾ"ക്കെന്തു ഭംഗി.
എൻ്റെ കൗമാരത്തിൽ കറുപ്പും വെളുപ്പും ചേർന്ന അഭ്രപാളികളിൽ കണ്ടിരുന്നു വൈജയന്തിമാലയും,കെ.ആർ. വിജയയും, സരോജാദേവിയും, എന്ത് ഭംഗി. കിട്ടിയാൽ എന്നുള്ള ആഗ്രഹം, ശരിയല്ലേ? തെങ്ങിൻ്റെ മണ്ടയിൽ കയറിയിരിക്കുന്ന ഒരാളെ കാണുമ്പോൾ നമ്മൾ താഴെനിന്ന് പറയാറില്ലേ? "കൊമ്പത്താണല്ലോ ഇരുപ്പ്", കാരണം നമ്മുക്കെത്തിപ്പിടിക്കാൻ പറ്റാത്ത അളവിലും ഉയരത്തിലും ഉള്ള ആഗ്രഹങ്ങളും തലയിൽ പേറികൊണ്ടല്ലേ നമ്മൾ ഓരോരുത്തരും നടക്കുന്നത്. ശരിയല്ലേ?
ഈ തേങ്ങയെല്ലാം താഴെ ഇറുത്തിടണം. പക്ഷെ നമ്മൾ "ഇറുത്തിടുക" എന്നാണോ പറയാറ്. അല്ല. തേങ്ങാക്കൊല വെട്ടി ഇടെടാ കൊച്ചു ചെറുക്കാ. (കൊച്ചു ചെറുക്കൻ എന്ന് വിളിക്കുന്ന ആൾ അന്നത്തെ തെങ്ങുകയറ്റ തൊഴിലാളിയാണ്). ബാല്യത്തിൽ അച്ഛൻ പറയുന്നത് കേട്ടിരിക്കുന്നു. ഒന്നുകിൽ "വെട്ടി താഴയിടുക" അല്ലങ്കിൽ "തെള്ളി താഴെയിടുക". നമ്മുടെ ആഗ്രഹങ്ങൾ ചിലതെല്ലാം മുളയിലേ നുള്ളിക്കളയണം. അല്ലങ്കിൽ "തെള്ളി താഴെ ഇടണം". പഴമക്കാർ പറയുന്നത് കേട്ടിട്ടില്ലേ? എൻ്റെ കൗമാരത്തിൽ കെ.ആർ. വിജയയെ കല്യാണം കഴിക്കണമെന്ന് തോന്നിയാൽ നടക്കുന്ന കാര്യമാണോ? തെള്ളി താഴയിട്ടു. എന്നിട്ടും കയ്യിൽ കിട്ടിയോ അതിൻ്റെ സത്ത? തൊണ്ടിലും ചകിരിയിലും പൊതിഞ്ഞു വച്ചിരിക്കുകയല്ലേ?
നമ്മൾ മനസ്സിൽ "ആഗ്രഹങ്ങൾ" താലോലിച്ചടക്കി വച്ചിരിക്കുകയല്ലേ? അതൊക്കെ ഒരു ചിരട്ടകൊണ്ട് മുടി മനസ്സിൽ വയ്ക്കുകയല്ലേ ചെയ്യുന്നത് ? ഇനി കെ ആർ വിജയയെങ്ങാനും കിട്ടിയാലോ.ആരോടും പറയാൻ വയ്യാതെ ആഗ്രഹങ്ങൾ കടു കട്ടിയായി ഒരു ചിരട്ട കൊണ്ട് പൊതിഞ്ഞു വച്ചിരിക്കുന്നു. അതാ വരുന്നു ചിരട്ട.ആ ചിരട്ടക്ക് മുന്ന് കണ്ണുകൾ. വിശ്വാസികൾ ഈ മുന്ന് കണ്ണുകൾക്ക് പല വ്യഖ്യാനങ്ങൾ കൊടുത്തിട്ടുണ്ട്. ഒരു കൂട്ടർ ബ്രഹ്മ,വിഷ്ണു, മഹേശ്വരൻ എന്ന് പറയാറുണ്ട്. മറ്റൊരു കൂട്ടർ ശിവൻ്റെ തൃക്കണ്ണുകളാണ് തേങ്ങയുടെ ഈ മുന്ന് കണ്ണുകൾ എന്നും പറയാറുണ്ട്. സത്യത്തിൽ നമ്മുടെ "ആഗ്രഹങ്ങൾ" ഒന്നൊന്നായി നമ്മുടെ മനസ്സാകുന്ന ചിരട്ടക്കുള്ളിൽ അടുക്കി വച്ചിരിക്കുന്നു. അതിൽ ഒരു "നല്ല ആഗ്രഹം" പുറത്തെടുത്ത് നിവർത്തിക്കാൻ പോകുമ്പോഴാണല്ലോ ഗണപതിക്ക് തേങ്ങാ അടിക്കുന്നത്. അപ്പോൾ ആ തേങ്ങയിൽ കാണുന്ന ആദ്യത്തെ കണ്ണ് നമ്മുടെ നിവർത്തിക്കാൻ തുടങ്ങുന്ന "ആഗ്രഹം".(wants). ആഗ്രഹം നിറവേറാൻ നാമെന്തു ചെയ്യണം. പ്രവർത്തിക്കണം. അപ്പോൾ രണ്ടാമത്തെ കണ്ണ് "പ്രയത്നം".(efforts). പ്രവർത്തിക്കുമ്പോൾ കിട്ടുന്ന "ഫലം"
(satisfaction) മൂന്നാമത്തെ കണ്ണ്.
Wants.efforts.Satisfaction. ..
ആഗ്രഹങ്ങൾ മനസ്സിൽ അതിൻ്റെ പൂർണതയിലെത്തുമ്പോൾ തേങ്ങാ ഉടയ്ക്കുന്നു. തേങ്ങയ്ക്കുള്ളിലെ പരിശുദ്ധമായ തേങ്ങാവെള്ളം കരുണസമുദ്രംപോലെ ചിതറി ഒഴുകുന്നു. സത്തയായ തേങ്ങാപ്പൂളുകൾ ചിതറി വീഴുന്നു. രുചിച്ചു നോക്കുന്നു.അഥവാ ജീവിതത്തിൽ അനുഭവിച്ചറിയുന്നു. അതല്ലേ സത്യം? അതല്ലേ സത്യത്തിൽ ഏതൊരു നല്ലകാര്യം ചെയ്യുമ്പോഴും ഗണപതിക്ക് മുൻപിൽ തേങ്ങാ അടിക്കുന്നത് കൊണ്ടർത്ഥമാക്കേണ്ടത്. ഇതൊക്കെ എൻ്റെ വെറും തോന്നലുകളാണ്. ഇതിന് അധികാരികതയോ ആധ്യാത്മികതയോ, പറയാനൊന്നുമില്ലെന്നോർക്കണം.
ചെറുപ്പത്തിൽ കുളിക്കാൻ എനിക്ക് മടിയായിരുന്നു. അപ്പോൾ അമ്മ പറയും. "സന്ധ്യക്ക് മുൻപ് കുളിച്ചില്ലങ്കിൽ അടുത്തജന്മത്തിൽ പോത്തായി ജനിക്കും". അപ്പോൾ ബാലനായിരുന്ന എൻ്റെ മനസ്സിൽ അറിയാതെ ചില കാര്യങ്ങൾക്ക് അടിത്തറയിടുന്നു. ഒന്ന്. "ഇനിയെനിക്ക് ജന്മമുണ്ട്". രണ്ട്. "പോത്തിനെ ഭയക്കുന്നു". അപ്പോൾ അതിനെപ്പറ്റി അമ്മയോട് ചോദിക്കുമ്പോൾ അത് കാലൻ്റെ വാഹനമാണ്. അപ്പോൾ കാലനോ? ചാകുമ്പോൾ നമ്മെ കൊണ്ടു പോകാൻ വരുന്ന ആളാണ്. മുന്ന്. "കാലനെ ഭയക്കുന്നു". അങ്ങനെ നൂറുകൂട്ടം കാര്യങ്ങൾ മനസ്സിൽ പതിയുന്നു. ഭയമുണ്ടാകുന്നു. ഭയ ഭക്തിയുണ്ടാകുന്നു. ഇങ്ങനെ ഓരോരോ കേട്ടുകേഴ്‌വികൾ മനസ്സിൽ പതിയുമ്പോൾ അതൊക്കെ വിശ്വാസങ്ങളായി ആചാര അനുഷ്ടാനങ്ങളായി എൻ്റെ ജീവിതത്തിൻ്റെ ഭാഗമായി മാറുന്നു. പക്ഷേ ഒന്നുണ്ട്. "പഴംചൊല്ലിൽ പതിരില്ല" എന്ന് പറയുന്നതുപോലെ ഇതിൽ ഒരു പ്രധാനകാര്യം അമ്മ പറഞ്ഞതിലുണ്ട്. "സന്ധ്യക്ക് മുൻപ് കുളിച്ചു ശുദ്ധനാകണം. അല്ലെങ്കിൽ പനിപോലുള്ള രോഗങ്ങൾ വരാം". ഇങ്ങനെ ഏതെങ്കിലുമൊരു കാലത്ത്, ഒരു സമൂഹത്തിൽ ഒരാചാരമുണ്ടായിരുന്നിരിക്കണം. ഒരു നല്ലകാര്യത്തിന് പോകയല്ലേ? ഗണപതിക്കൊരു തേങ്ങാ ഉടച്ചിട്ടു പോകു, തടസ്സങ്ങളും ബുദ്ധിമുട്ടുകളും മാറി കിട്ടട്ടെ. ഇതിനെ ഊട്ടി ഉറപ്പിക്കാൻ പോരുന്ന എന്തെങ്കിലും സംഭവമോ ചരിത്രമോ ഇതുമായി ബന്ധപ്പെട്ട് ഉണ്ടായിരിക്കാം. ഇതിൻ്റെ ആധികാരികതയൊന്നും ആർക്കും ഇന്നുവരെ തെളിയിക്കാനൊന്നും കഴിഞ്ഞിട്ടില്ല. ലോകത്ത് നൂറുകണക്കിന് ആൾക്കാർ മതങ്ങളെപ്പറ്റിയും മതവിശ്വാസങ്ങളെപ്പറ്റിയും എഴുതിയിട്ടുണ്ട്, പറഞ്ഞിട്ടുണ്ട്. ആർക്കും ശാസ്ത്രീയമായി ആധികാരികമായി ഒന്നും തെളിയിക്കാനും കഴിഞ്ഞിട്ടില്ല. ഭൂമിയിലെ ഏറ്റവും ഉയരമുള്ള ഹിമാലയത്തിൽ കൊടുംശൈത്യത്തിൽ ശ്രീപാർവ്വതിക്ക് മകനായി, തല മാറ്റിവച്ച് ശിവനും പാർവ്വതിക്കും താങ്ങും തണലുമായി, മുരുകനും, ധർമ്മശാസ്താവിനും, മൂത്ത സഹോദരനായി, സർവ വിഘ്‌നങ്ങളും മാറ്റിത്തരുന്ന വിഘ്ന വിനായകൻ്റെ (സിനിമ നടൻ വിനായകൻ്റെ അല്ലാ. സുരേഷ് ഗോപിയുടേതുമല്ല) ചരിത്രം ചികയാൻ പോകുന്ന ഒരു ചരിത്രകാരന് പലതും പറയാൻ കാണും. ശ്രീപാർവതിയോ ശ്രീ മഹാലക്ഷ്മിയോ ശ്രീ സരസ്വതിയോ പ്രസവിച്ചിട്ടുണ്ടോ? ഉണ്ടന്നാരെങ്കിലും എഴുതിയിട്ടുണ്ടോ? അതിൻ്റെ ആധികാരികതയൊന്നും എനിക്ക് വിഷയവുമല്ല. അതുകൊണ്ടാണ് ഞാൻ ആദ്യത്തെ എപ്പിസോഡിൽ തന്നെ "കഥയിൽ ചോദ്യമില്ല" എന്ന് പറഞ്ഞത്.
ആധ്യാത്മികജ്യോതിസ്സുകൾ ഇതിനു പല വ്യാഖ്യനങ്ങളും കൊടുത്തിട്ടുണ്ട്, കൊടുക്കാറുമുണ്ട്. നമ്മൾ നമ്മളിലേക്ക് തിരിഞ്ഞു നോക്കുക. ഉള്ളിലേക്ക് സ്വയം നോക്കുക തുടങ്ങിയ പലതും. ഒരു ആനയുടെ വലിപ്പമുള്ള അല്ലങ്കിൽ ആനയെപ്പോലിരിക്കുന്ന ഗണപതിക്ക് വാഹനം ഒരു ചുണ്ടലി. ഇതൊക്കെ യുക്തിക്ക് ചേരുമോ? ശാസ്ത്ര വിരുദ്ധമല്ലേ? ഇങ്ങനെ ചോദിക്കുന്നവർ ധാരാളമുണ്ട്. മുസ്ലിം സമൂഹത്തിലും, ക്രിസ്ത്യൻ സമൂഹത്തിലും, എന്തിനു ദൈവത്തെപ്പറ്റി ഒന്നും പറയാതിരുന്ന ബുദ്ധൻ പോലും മരണാനന്തര ജീവിതത്തെപ്പറ്റി വിശദമായിത്തന്നെ പറയുന്നുണ്ട്. മരണം നമ്മളെത്തേടിയെത്തുന്നതിനെപ്പറ്റി വിശദമായി ഹദിസുകളിൽ പറയുന്നത് ഒരു മഹാപ്രതിഭയായ മുസ്ലിം പണ്ഡിതൻ കുവൈറ്റിൽ വന്നു പ്രസംഗിച്ചത് കേട്ടിരുന്നപ്പോൾ ഞാൻ പൊട്ടിക്കരഞ്ഞിട്ടുണ്ട്. സത്യത്തിൽ ഭയന്നിട്ടാണ്.അതുകൊണ്ടാണ് ഞാൻ ഇപ്പോഴും പറയാറുള്ളത്. ഒരു യഥാർത്ഥ ഇസ്ലാമത വിശ്വാസിക്ക് ഒരു എറുമ്പിനെപ്പോലും കൊല്ലാൻ കഴിയുകയില്ല എന്ന്.
ഹിന്ദുമതത്തിലെ പുരാണങ്ങളിൽ അത്ര പ്രശസ്തമല്ലെങ്കിലും, പ്രസക്തമായ ഒരു പുരാണമാണ് "ഗരുഡ പുരാണം". മഹാവിഷ്ണു തൻ്റെ വാഹഹനായ ഗരുഡനോട് പറഞ്ഞുകൊടുക്കുന്ന കഥകളാണ് അതിലെ വിഷയങ്ങൾ. അതിൽ മരണത്തെപ്പറ്റിയും മരണാന്തരജീവിതത്തെപ്പറ്റിയും പറയുമ്പോൾ ജീവിച്ചിരിക്കുന്ന ഒരു ഹിന്ദുവിനും ഒരു അധർമ്മവും ചെയ്യാൻ ധൈര്യം വരാനിടയില്ല.സത്യത്തിൽ ഭയന്നിട്ടാണ്. എല്ലാം സമൂഹത്തിൻ്റെ നന്മയ്ക്കും നേട്ടത്തിനും ആണെങ്കിൽ എന്ത് കൊണ്ട് പാടില്ല. പക്ഷേ അതിൻ്റെ വക്താവായി മാറി, അതുമാത്രം ശരി എന്ന് പറയുമ്പോൾ അവിടെ വർഗീയതയും വർഗീയ കലാപവും ഉടലെടുക്കും. എല്ലാ മതക്കാരിലും ഇത്തരം പ്രശ്നങ്ങൾ ഉടലെടുക്കും. (സത്യത്തിൽ ഇസ്രായേൽ/പലസ്തീനിയൻ പ്രശ്നങ്ങളുടെ അടിത്തറ മതവിശ്വാസങ്ങളിലെ വൈരുദ്ധ്യങ്ങൾ മാത്രമാണ്. ഒപ്പം അന്താ"രാഷ്ട്രീയം" എന്ന മുളകും, "അധികാരമോഹ"മെന്ന ഉപ്പും. ഇന്ത്യയെപ്പോലെ മതേതരത്വമുള്ള ഒരു രാജ്യമായി എല്ലാ മതസ്‌തരും സ്നേഹത്തോടെ ജീവിച്ചിരുന്നെങ്കിൽ ഇത്തരം ദുരന്തങ്ങൾ ഉണ്ടാകുമായിരുന്നോ.???) അതു കൊണ്ട് പരസ്പ്പരം ചെളിവാരിയെറിയേണ്ട എന്നാണ് എൻ്റെ പക്ഷം.
ഇനി ഒരുകാര്യം കുടി പറഞ്ഞുകൊണ്ട് ഈ വിഷയമവസാനിപ്പിക്കാം.
ഇനിയെൻ്റെ ഓർമ്മകൾ ഓടിയെത്തുന്നത്,എ ൻ്റെ ഇഷ്ടദൈവമായ തിരുപ്പൂവപ്പുഴ സുബ്രമണ്യസ്വാമിയുടെ അടുത്തേക്കാണ്.
മേടം ലഗ്നമായി ജനിച്ച എൻ്റെ ജാതകത്തിൽ ലഗ്നാധിപനായ ചൊവ്വാ, ഉച്ചസ്ഥനായി സ്വക്ഷേത്രബലവാനായി നിൽക്കുന്നു. അസ്‌ട്രോളജിയിൽ ഈ ചൊവ്വാഗ്രഹത്തിൻ്റെ അധിദേവതകൾ സുബ്രമണ്യസ്വാമിയും, ചാമുണ്ഡി ദേവിയുമാണ്. അതുകൊണ്ടുതന്നെ സുബ്രമണ്യസ്വാമിയോട് ഏറെയിഷ്ടം. ചെറുപ്പത്തിൽ ഈ ക്ഷേത്രത്തെ ചുറ്റിപ്പറ്റി ഒരുപാട് കഥകൾ പറഞ്ഞുകേട്ടിരിക്കുന്നു. ഭഗവാൻ പരിവാരങ്ങളുമൊത്ത് ഒരു തോണിയിൽ പൂവത്തൂര് എന്ന സ്ഥലത്തു നിന്ന് മണിമലയാറിൻ്റെ വിരിമാറിലൂടെ തുഴഞ്ഞു വരികയും, ഇപ്പോൾ ക്ഷേത്രമിരിക്കുന്ന സ്ഥലത്തെത്തിയപ്പോൾ, അവിടെ മണിമലയാറ് അവസാനിച്ചതായി തോന്നിയെന്നും, അങ്ങനെ ഭഗവാൻ അവിടെ കുടികൊണ്ടു എന്നും, കൂടെയുണ്ടായിരുന്നവർ പരിസര പ്രദേശങ്ങളിൽ താമസമാക്കിയെന്നും പഴങ്കഥകളിലുണ്ട്. ഇതൊക്കെ ചരിത്രകാരന്മാരും നിശബ്ദരായി അംഗീകരിക്കുന്നു.!!! എന്തോ,എനിക്കിതിൻ്റെയൊന്നും ആധികാരികതയെ അപ്പാടെ വിഴുങ്ങാൻ മനസ്സ് സമ്മതിക്കുന്നില്ല. കാരണം സുബ്രമണ്യ സങ്കല്പം. എത്രയാ കാലമെന്ന്, വല്ല വിവരവുമുള്ളവരാണോ ഈ ചരിത്രകാരന്മാർ.!!! തമിഴിൽ "സംഘകാലം" എന്നറിയാത്തവർ ആരും കാണാനിടയില്ല. ക്രിസ്തുവിന് നാനൂറു വർഷങ്ങൾക്കപ്പുറം. അവിടെ മുരുകൻ എന്ന സുബ്രമണ്യ സ്വാമിയേയും, ആറു പടൈ വീടുകൾ അടക്കം പല ക്ഷേത്രങ്ങളെപ്പറ്റി കവികൾ പാടിയിട്ടുണ്ട്. ആണ്ടിയായ് വന്ന വടിവേലൻ. എൻ്റെ പ്രിയപ്പെട്ട കാർത്തികേയൻ. അത് പോകട്ടെ.വിഷയമതല്ലല്ലോ.
എന്തായാലും ഒരു കാര്യം പറയാതെവയ്യാ. ഞങ്ങളുടെ തിരുപ്പൂവപ്പുഴ സുബ്രഹ്മണ്യസ്വാമി മണിമലയാറിൻ്റെ വിരിമാറിൽ തന്നെയാണ് കുടി കൊള്ളുന്നത്. അവിടെവരുമ്പോൾ ആറ് എൽ ഷെയ്പ്പിലാണ് ( L shape ) തിരിഞ്ഞൊഴുകുന്നത്. പ്രയാറ്റുകടവിൽനിന്ന് അക്കാലത്തു മണൽപ്പരപ്പിലൂടെ താഴോട്ട് നടന്നാൽ, മണ്ണാട്ട് കടവിൽ എത്തുന്നതിനു മുൻപായി, ഇടവമേലിൽ കടവിലെത്തി, താഴോട്ട് നോക്കിയാൽ ശരിക്കും ആറ് അമ്പലത്തിന് മുൻപിൽ അവസാനിക്കുന്നതായി തോന്നും. ഇപ്പോൾ ഈപ്പറഞ്ഞ മണൽ വിരിപ്പൊക്കെ സ്വപ്നങ്ങളിൽ മാത്രം. അതെല്ലാം വിറ്റു കാശാക്കിയില്ലേ.? എൻ്റെ പഴയ ഓർമ്മകളിൽ, ഈ ക്ഷേത്രങ്ങൾ എല്ലാംതന്നെ കുറെ ബ്രാഹ്മണകുടുംബങ്ങളുടെ മേൽക്കോയിന്മേൽ ഉള്ളവ ആയിരുന്നു. തെഞ്ചേരിൽ ഇല്ലത്തു പോറ്റിമാർ, കൊന്നോലിൽ ഇല്ലത്തു പോറ്റിമാർ, തുടങ്ങിയ ബ്രാഹ്മണകുടുംബങ്ങൾ ഞങ്ങളുടെ തൊട്ടടുത്തുള്ള കവിയൂർ ഗ്രാമത്തിൽ വസിച്ചിരുന്നു. അവർക്കൊക്കെയായിരുന്നു ഈ ക്ഷേത്രങ്ങളുടെ ഉടമസ്ഥാവകാശം ഉണ്ടായിരുന്നത്. അടുത്തുള്ള കല്ലൂപ്പാറ ഗ്രാമത്തിലും അവകാശപ്പെട്ട ബ്രാഹ്മണകുടുംബങ്ങൾ ഉണ്ടന്നാണ് പറഞ്ഞു കേട്ടിള്ളൂള്ളത്. ഈ പറഞ്ഞ മുന്നുക്ഷേത്രങ്ങൾക്കും ധാരാളം ഭൂസ്വത്തുക്കൾ ഉണ്ടായിരുന്നെങ്കിലും എല്ലാം അന്യാധീനപ്പെട്ടുപോയിരുന്നു. അങ്ങനെ ദുരിതാവസ്ഥയിൽ നിൽക്കുന്ന ഒരു കാലഘട്ടത്തിലാണ് എൻ്റെ ഓർമ്മകളുടെ തുടക്കം..
"തമ്മിൽ ഭേദം തൊമ്മൻ" എന്ന് പഴമക്കാർ പറയുന്നതുപോലെ, ഈ മുന്ന് ക്ഷേത്രങ്ങളിൽ കാലപ്പഴക്കം ഏറെയായെങ്കിലും, ഗതകാലസ്മരണകൾ അയവിറക്കി മണിമലയാറിൻ്റെ തീരത്തു ആറുപടൈ വീടുകൾക്കുടമയായ ഭഗവാൻ തിരുപ്പൂവപ്പുഴ സുബ്രഹ്മണ്യസ്വാമി പഴമയുടെ പ്രൗഢി കുറെയൊക്കെ നിലനിർത്തിക്കൊണ്ട് നിലനിന്നിരുന്നു. ദേവനിരിക്കുന്ന ഗർഭഗൃഹം ചെമ്പുതകിടിൽ പൊതിഞ്ഞ മേൽക്കൂര. അഭൂതപൂർവ്വമായ ചിത്രപ്പണികളാൽ തടിയിൽ കോറിയിട്ട പുരാണ ചരിത്രങ്ങൾ ഗർഭഗ്രഹത്തിനു ചുറ്റും നിറഞ്ഞു നിന്നിരുന്നു. ക്ഷേത്രവാതിലിനു മുൻപിൽ രണ്ട് ദ്വാരപാലകന്മാർ.വലതുഭാഗത്തായി കരിങ്കൽത്തറയിൽ ശിവനും ഗണപതിയും. അതിനോട് ചേർന്ന് തിടപ്പള്ളിയും. മുൻഭാഗത്തായി പകുതിഭാഗം ചുറ്റമ്പലവും. പിൻഭാഗമെല്ലാം ഇടിഞ്ഞുപൊളിഞ്ഞു കരിങ്കൽ ഭിത്തികൾ മാത്രം. ഗർഭഗ്രഹത്തിന് മുൻപിൽ മണ്ഡപം. അതിൽ കയറാനും ഇരിക്കാനും പൂണൂലിട്ടവർക്ക് മാത്രം അവകാശം. ക്ഷേത്രത്തിനിടതുഭാഗത്തായി ആറിനോട് ചേർന്ന് രണ്ട് കുളിക്കടവുകൾ. ഒന്ന് പുരുഷന്മാർക്കും.മറ്റേത് സ്ത്രീകൾക്കുമായി തരംതിരിച്ചിരിക്കുന്നു. അമ്പലത്തിന് തൊട്ടുപുറകിൽ ഒരു മൈതാനമുണ്ട്. ഇപ്പോൾ അവിടെ ഉത്സവങ്ങൾക്കായി ഒരു സ്റ്റേജ് പണിതിട്ടുണ്ട്. പണ്ട് അതൊന്നുമില്ലായിരുന്നു. ക്ഷേത്രത്തിനുപുറത്ത് വലതുഭാഗത്തായി നാഗദേവതയായിരുന്നു. ഇന്നിപ്പോൾ പലപേരിലും ഉപദേവതകൾക്ക് ചെറിയ ക്ഷേത്രങ്ങൾ.!!!
മാന്നാർ കൃഷ്ണപിള്ള എന്നുപേരുള്ള ഒരു ജ്യോതിഷി, എൻ്റെ സീനിയറായി കോളേജിൽ പഠിച്ചിരുന്നതാണ്. ദേവപ്രശ്നമൊക്കെ വയ്ക്കുന്ന ആളാണ്. അദ്ദേഹത്തോടൊപ്പം മറ്റു ചില ജ്യോതിഷികളും ചേർന്ന്, രാശി വച്ചപ്പോൾ, പല പുനരുദ്ധാരണങ്ങളും പിൽക്കാലത്തു നടന്നത് പറഞ്ഞു കേട്ടിട്ടുണ്ട്. പാവം കൃഷ്ണപിള്ള അകാലത്തിൽ പൊലിഞ്ഞുപോയി. പല മഹത്തുക്കളായ ജ്യോതിഷകളും, ദേവീദേവന്മാരുടെ ഗ്രഹനിലയും പരിഹാരവും ഗണിക്കുമ്പോൾ, സ്വന്തം ഗ്രഹനിലയും പരിഹാരവും നോക്കാൻ മറക്കുന്നു. ഉദാഹരണത്തിന് ദിവംഗതനായ എൻ്റെ ജേഷ്ഠസഹോദരൻ.ഏറ്റവും നല്ല ജ്യോതിഷി ആയിരുന്നു. അമ്മയുടെ മരണസമയമൊക്കെ ഇരുപതു വർഷങ്ങൾക്ക് മുന്നേ കിറുകൃത്യമായി പറഞ്ഞിരുന്നു. പക്ഷേ സ്വന്തം ആയുസ്സിനെക്കുറിച്ചു പറഞ്ഞപ്പോൾ സ്വന്തം ഭാര്യയാണ് കടന്നുകുടി പോകുന്നതെന്ന് ചിന്തിക്കാൻ മറന്നു. എല്ലാമറിയാമായിരുന്ന ജ്യോതിർഗണിത പണ്ഡിതൻ,പാണ്ടനാട് ഗോപാലവാരിയർ സാർ, നവഗ്രഹങ്ങളായ നെപ്ട്യൂൺ, യൂറന്സ്, പ്ലൂട്ടോ, (ഇന്ദ്രൻ, വരുണൻ, രുദ്രൻ) തുടങ്ങിയ ഗ്രഹങ്ങളേയും അവയുടെ ഫലങ്ങളെയും മറ്റും പ്രവചിച്ചിട്ടുള്ള മഹാപ്രതിഭ. സ്വന്തം മരണം മാത്രം സൈക്കിളിൽ പോകുമ്പോൾ ബസ്സ് വന്നു ഇടിച്ചായിരിക്കുമെന്നറിഞ്ഞിരുന്നില്ല.
എൻ്റെ ഇഷ്ട ദേവതയായ തിരുപ്പൂവപ്പുഴ സുബ്രമണ്യ സ്വാമിയെപ്പറ്റി ഓർക്കുമ്പോൾ, മനസ്സിൽ ഓടിയെത്തുന്ന രണ്ടുമൂന്നു കാര്യങ്ങൾ പറയാതെ പോയാൽ അതിൻ്റെ രസച്ചരട് നഷ്ടപ്പെടും. അതിനുമുൻപ് ജ്യോതിഷത്തിൻ്റെ ആകെത്തുക ഒറ്റ പാരഗ്രാഫിൽ പറഞ്ഞിട്ട്, നമുക്ക് അടുത്ത ക്ഷേത്രത്തിലേക്ക് പോകാം. എന്താ അങ്ങനെ പോരേ.?
തുടരും..