ഗണപതി ഒരു സങ്കൽപ്പമോ അതോ യാഥാർഥ്യമോ.? (രണ്ടാം ഭാഗം )

രണ്ടാം ഭാഗം  

എനിക്കിപ്പോഴും ഓർമ്മിക്കുമ്പോൾ, ചിരിക്കാനും ഒപ്പം ചിന്തിക്കാനും തോന്നുന്ന ഒരു സംഭവം. അന്ന് കുവൈറ്റ് യുദ്ധകാലത്ത്, അഭയാർത്ഥിയെപ്പോലെ തിരുവനന്തപുരത്ത് വന്ന് വാടകവീട്ടിൽ താമസം തുടങ്ങിയപ്പോൾ മകന് സ്‌കൂളിൽ അഡ്മിഷൻ വേണം. അന്ന് താഴ്ന്ന ക്ലാസ്സിലായിരുന്നെങ്കിലും  സി.ബി.എസ്സ്.സി. സിലബസുള്ള (C.B.S.C)  സ്കൂളുകളിൽ അഡ്മിഷൻ കിട്ടാൻ വിഷമിക്കുന്ന കാലം. ഇന്നത്തെപ്പോലെയല്ല. അഡ്മിഷൻ കിട്ടാൻ  വളരെ വിഷമമുള്ള സമയം. അങ്ങനെ ഇരിക്കുമ്പോഴാണ്, മുക്കോലയ്ക്കൽ ഉള്ള സന്റ്റ് തോമസ് സ്കൂൾ അധികൃതർ, കുവൈറ്റിൽ നിന്ന വന്ന കുട്ടികൾക്ക് കുറച്ചു സീറ്റുകൾ അനുവദിച്ചതായി അറിയുന്നത്. പല രീതിയിലും ശ്രമിച്ചു നോക്കി. മതേതരത്വം പറയുമെങ്കിലും, ഒരു ഹിന്ദുവിന് അഡ്മിഷൻ കൊടുക്കാൻ അവിടെ വലിയ താല്പര്യം കണ്ടില്ല. പാലോട് രവിയെക്കൊണ്ടും, തലേക്കുന്നിൽ ബഷറിനെക്കൊണ്ടും പറയിച്ചുനോക്കി, ഫലം കണ്ടില്ല. ഇവർ രണ്ടും കോൺഗ്രസ് നേതാക്കന്മാരാണെങ്കിലും മതം വേറെയാണല്ലോ. അപ്പോൾ അവിടെയുമുണ്ട് ഈ "ഇടക്കെട്ടു" പരിപാടി.!!! ആയിടയ്ക്ക് ഞാൻ മിക്കവാറും പുത്തൻചന്ത ഗാന്ധാരി അമ്മൻ കോവിലിൽ തൊഴുതു പ്രാർത്ഥിക്കാൻ പോകുമായിരുന്നു. അവിടെ ചെന്നപ്പോൾ  അഡ്മിഷൻ്റെ  കാര്യം അവീടുത്തെ പൂജാരിയായ തിരുമേനിയോട് പറഞ്ഞു. അദ്ദേഹം ഒരു നിമിഷം കണ്ണടച്ച് പ്രാർത്ഥിച്ചു നിന്നിട്ടു പറഞ്ഞു, പഴവങ്ങാടി ഗണപതിയ്ക്ക്  ഒരു 21 തേങ്ങാ അടിക്കാമെന്നു നേർന്നിട്ടു പോകു, അഡ്മിഷൻ ശരിയാകും. അപ്പോൾ ഞാൻ ചോദിച്ചു. അതെന്താ  തിരുമേനി ഈ 21ൻ്റെ  കണക്ക് ..? മനസ്സിൽ തോന്നിയത് പറഞ്ഞു, അത്ര തന്നെ, തിരുമേനിയുടെ മറുപടി. ഇത് കേട്ടുനിന്ന ഞാനും എൻ്റെ  മകനുംകുടി നേരെ പഴവങ്ങാടിയിലെത്തി. അമ്പലത്തിലെത്തിയ ഞാൻ മകനോട്,  തിരുമേനി പറഞ്ഞ വഴിപാടൊർത്ത്  പ്രാർത്ഥിച്ചു തൊഴാൻ പറഞ്ഞു. അതിനുശേഷം അമ്പലത്തിനു മുൻപിലുള്ള തേങ്ങാ വില്പനക്കാരുടെ അടുത്തെത്തി. ധാരാളം ആളുകൾ അവിടെയിരുന്നു തേങ്ങാവിൽപ്പന നടത്തുന്നു.  ഒരു കൂട്ടരുടെ അടുത്ത് ചെന്നപ്പോൾ അവിടെ മൂന്നുതരം തേങ്ങകൾ വിൽപ്പനയ്ക്ക് വച്ചിരിക്കുന്നു. പേട്ടുതേങ്ങ പോലെയുള്ള ചെറിയ തേങ്ങയ്ക്കു ഒരെണ്ണം നാല് രൂപാ. അല്പംകൂടെ വലിപ്പമുള്ളത് ഒരെണ്ണം ആറു രൂപാ. കൂടിയ ക്വാളിറ്റി എട്ടു രൂപാ. അപ്പോൾ ഞാൻ ചോദിച്ചു. അമ്പലത്തിൽ വഴിപാടായി തേങ്ങാ ഉടയ്ക്കുന്നതിന് എന്തിനാ ഈ വലിപ്പച്ചെറുപ്പം? 

മുന്തിയ ഇനം തേങ്ങാ അടിച്ചാൽ "ഫലം കൂടുതലാണ്".

കടക്കാരിയുടെ മറുപടി. ഞാൻ പറഞ്ഞു അധികം കുടണ്ട. ഒട്ടു കുറയുകയും വേണ്ട. ആറു രൂപാ വിലയുള്ള ഒരു 21തേങ്ങാ ഉടയ്ക്കണം. മൊത്തം 126 രൂപാ എടുത്തു കൊടുക്കാൻ തുടങ്ങിയപ്പോൾ, മകൻ പറഞ്ഞു അച്ഛാ തിരുമേനി പറഞ്ഞത് 201തേങ്ങാ ഉടയക്കണമെന്നാണ്. അത് കൊണ്ട് ഞാൻ 201 തേങ്ങാ ഉടയ്ക്കാമെന്നാണ് പ്രാർത്ഥിച്ചത്. തിരുമേനി പറഞ്ഞത്  മകൻ കേട്ടതിലുള്ള തെറ്റാണെന്നെനിക്ക് മനസിലായെങ്കിലും, അവൻ്റെ  മനസ്സ് ആ സമയത്തു വിഷമിപ്പിക്കാൻ എനിക്ക് തോന്നിയില്ല. ആകെ വിഷമത്തിലായ ഞാൻ 201 തേങ്ങാ വാങ്ങാൻ നിർബന്ധിതനായി. തുക നേരെ 126ൽ നിന്ന് 1206-ലേക്കു മാറി. മകനറിയില്ലല്ലോ ജോലിയില്ലാതെ അഭയാർഥിയെപ്പോലെ വന്നു താമസിക്കുന്നവൻ്റെ  ബുദ്ധിമുട്ട്. ഏതായാലും  വഴിപാട് മുടക്കേണ്ട. എണ്ണം കുട്ടി 201ആക്കി. പേടിയാണല്ലോ മനുഷ്യൻ്റെ  സ്ഥായിയായ ഭാവം. എണ്ണി നോക്കിയപ്പോൾ ആ കടയിൽ അപ്പോൾ കഷ്ടിച്ചൊരു നൂറു തേങ്ങയെ ആറുരൂപാ വിലയുള്ളതുണ്ടായിരുന്നുള്ളു.  ബാക്കി ഞാൻ  അടുത്ത കടയിൽ നിന്ന് വാങ്ങാമെന്നു പറഞ്ഞപ്പോൾ  ആ കടയുടമ പറയുന്നു. സാരമില്ല സാർ. ബാക്കി തേങ്ങാ നമ്മുക്ക് നാലു രൂപയുടേത് എടുക്കാം. രണ്ടും കുടി ചേർത്ത് ഉടയ്ക്കുമ്പോൾ ഫലം കുടും. അങ്ങനെ  നാലിൻ്റെയും ആറിൻ്റെയും എട്ടിൻ്റെയും ചേർത്ത 201 തേങ്ങാ വാങ്ങിയപ്പോൾ, ഞാൻ പറഞ്ഞു ഈ തേങ്ങാ മുഴുവൻ എങ്ങനെയുടയ്ക്കും? സാരമില്ലാ സാർ ഞങ്ങൾ വന്നുടയ്ക്കാം. ഞാൻ ചോദിച്ചു. ഫലം പോകില്ലേ? അതിനു പരിഹാരമുണ്ട് സാർ. നാളും പേരും പറഞ്ഞു തന്നാൽ മതി. മാത്രവുമല്ല ഇടയ്ക്കിടെ ഞങ്ങളെ സ്പർശിച്ചു നിന്നാൽ മതി. ഫലം പോകില്ല. ആ കടയിൽ കുടുതലും സ്ത്രീകളാണ് ജോലി ചെയ്യുന്നത്. ഇന്നത്തെക്കാലത്തെപ്പോലെ ചെറുപ്പക്കാരനായിരുന്ന എൻ്റെ  കൈ അറിയാതെ എവിടെയെങ്കിലും തൊട്ടു പോയാൽ കഥ വേറെയാ. ഗണപതിയ്ക്കടിക്കേണ്ട തേങ്ങാ എടുത്തെൻ്റെ  തലയ്ക്കടിക്കും.!!! ചാനലുകാർക്ക് ഒരാഴ്ചക്കാലത്തേക്കുള്ള പരിപാടിയാകും. ഞാൻ അതുകൊണ്ടു മകനോട് പറഞ്ഞു നീ അവരെ സ്പർശിച്ചു നിന്നുകൊള്ളണം. എന്തായാലും വേണ്ടില്ല പറഞ്ഞ തേങ്ങാ ഉടച്ചു.പ്രാർത്ഥിച്ചു.

ഇപ്പോൾ മനസ്സിലായില്ലേ?  ഇതെല്ലാം വിശ്വാസത്തിൻ്റെ  ഭാഗമാക്കി മാറ്റി വച്ചിരിക്കുന്നത്  ഒരു കോർപ്പറേറ്റ് ബിസിനസ്സിൻ്റെ  ഭാഗമാണ്.അല്ലാന്നുണ്ടോ? ഈ പാവം തേങ്ങാ കച്ചവടക്കാരുടെ മുകളിൽ ഒരു കോർപ്പറേറ്റ് ബിസിനസ്സുണ്ടാകും. അവർക്കു താങ്ങും തണലുമായി രാഷ്ട്രീയവുമുണ്ടാകും. പിറ്റേദിവസം മുക്കോലക്കലുള്ള സ്കൂളിലേക്ക് യാത്രയായി. അവിടെച്ചെന്നപ്പോൾ തിരക്ക് കുറച്ചു കൂടുതലായിരുന്നു. വിഷണ്ണനായി നോക്കി നിൽക്കുമ്പോൾ, പരിചയമുള്ള ഒരു മുഖം. പേരോർക്കുന്നില്ല. ആളൊരു ക്രിസ്താനിയാണ്. അദ്ദേഹം അക്കാലത്തു ദൂരദർശനിൽ കത്തുകൾക്കുള്ള മറുപടി പറയുന്ന ഒരാളാണ്. ആദ്യവും അവസാനവുമായി നേരിൽക്കാണുന്നത് അന്ന് മാത്രമാണ്. സുസ്മേരവദനനായ  ആ യുവാവിനെ കണ്ടപ്പോൾ ഞാൻ ഒന്ന് ചിരിച്ചു തൊഴുതു. അദ്ദേഹം എന്റടുത്തു വന്നു ചോദിക്കുന്നു. എന്താ പ്രശനം? എന്തുപറ്റി? ഞാൻ എൻ്റെ  നിസ്സഹായാവസ്ഥ പറഞ്ഞപ്പോൾ ഇത്രേ ഉള്ളോ? എൻ്റെ  കൂടെവരൂ. അദ്ദേഹം എന്നെയും മകനെയും കുട്ടി നേരെ പ്രിൻസിപ്പലിൻ്റെ  മുറിയിലേക്ക് ചെന്ന് പറയുന്നു. എനിക്ക് വേണ്ടപ്പെട്ട ആളാണ്. ഇദ്ദേഹത്തിൻ്റെ  മകന് ഇന്നത്തെ ഇന്റർവ്യൂവിൽ ചേർത്ത് അഡ്മിഷൻ കൊടുക്കണം. ഉടൻതന്നെ ഇന്റർവ്യൂവിൽ പേര് ചേർത്തു. പത്തു മിനിറ്റിനകം പേര് വിളിച്ചു. അന്ന് പബ്ലിക് ഓഡിറ്റോറിയത്തിൽ മൈക്കിൻ്റെ  മുന്നിലിരുന്നു എല്ലാവരും കാൺകെയാണ് ഇന്റർവ്യൂ. എന്നെപ്പോലെ പഠിക്കാൻ മണ്ടനല്ലായിരുന്നത് കൊണ്ട് എൻ്റെ  മകൻ ചോദിച്ച ചോദ്യങ്ങക്കെല്ലാം ശരിയുത്തരം കൊടുത്തു. ഉടൻതന്നെ പോയി ഫീസടച്ചു പുസ്തകങ്ങൾ വാങ്ങിക്കോളൂ. ഇന്റർവ്യൂ ചെയ്ത സാറിൻ്റെ  ശബ്ദം മൈക്കിലൂടെ ഞാൻ കേട്ടു. എൻ്റെ  കണ്ണു നിറഞ്ഞു.അപ്പോഴും അദ്ദേഹം ആ വ്യക്തി  സുസ്മേരവദനനായി ആരോടൊക്കെയോ സംസാരിച്ചു കൊണ്ട് നിൽക്കുന്നു. ഞാൻ ചെന്ന് കൈക്കു പിടിച്ചു നന്ദി പറഞ്ഞു.പിരിഞ്ഞു.

ഞാൻ കുവൈറ്റിൽ പോകുന്ന കാലത്ത്  ഇന്ത്യയിൽ ടെലിവിഷൻ ഉണ്ടായിരുന്നില്ല. അന്ന് കുവൈറ്റിൽ കളർ ടെലിവിഷൻ ഉണ്ടായിരുന്നു. പിന്നെയും കാലങ്ങളെടുത്തു ഇന്ത്യയിൽ കറുപ്പും വെളുപ്പും വരാൻ. കളർ ടെലിവിഷൻ വരുന്നത് ഏഷ്യൻ ഗെയിംസ് ഇന്ത്യയിൽ വന്നപ്പോഴാണ്. അതിനു വേണ്ട സർവ സാമ്പത്തിക സഹായവും ചെയ്തത് കുവൈറ്റായിരുന്നു. ഇതൊന്നുമല്ല ഞാൻ പറയാൻ വന്ന വിഷയം. അറിയാത്ത എനിക്ക്, ഒരിക്കലും കണ്ടിട്ടില്ലാത്ത എനിക്ക്, ഈ  മനുഷ്യനെ കുവൈറ്റ് അധിനിവേശ കാലത്തു  നാട്ടിൽ വന്നപ്പോൾ വാങ്ങിയ ടെലിവിഷനിലൂടെ ചുരുങ്ങിയ ചില ദിവസങ്ങളിൽ കണ്ട മുഖപരിചയം മാത്രമേയുള്ളു. ഇദ്ദേഹം എന്നെ സഹായിക്കാൻ കാരണമെന്ത്.? ആ  മനുഷ്യൻ ഇപ്പോൾ ജീവിച്ചിരിപ്പുണ്ടോ എന്നുപോലും എനിക്കറിയില്ല.!!!   പഴവങ്ങാടി ഗണപതി അനുഗ്രഹിച്ചു വിട്ടതാണ് എന്നൊന്നും ഞാൻ നിങ്ങളുടെ മുൻപിൽ സമർത്ഥിക്കാൻ ഇവിടെ വരില്ല. അതൊക്കെ വായനക്കാരുടെ യുക്തിക്കും വിശ്വാസത്തിനും വിടാനെ നിവർത്തിയുള്ളു.  എങ്ങനെവേണമെങ്കിലും വ്യഖ്യാനിക്കാം.

 

ഞാൻ പറയാൻ വന്ന വിഷയം ഗണപതിക്ക്‌ എന്തിനു തേങ്ങാ അടിക്കുന്നു? ഗണപതി സത്യമോ അതോ മിത്തോ?  അമ്പതുകളിൽ,അമ്മയുടെ ഒക്കത്തിരുന്ന് അല്ലങ്കിൽ കയ്യിൽത്തൂങ്ങിയായിരുന്നു അന്നത്തെ ക്ഷേത്രസന്ദർശനങ്ങൾ എല്ലാം തന്നെ. അക്കാലങ്ങളിൽ സന്ധ്യയായാൽ പിന്നെ, ഇപ്പറഞ്ഞ അമ്പലങ്ങളിൽ  കയറി ഇറങ്ങുവാൻ ഭയമാണ്. കാടുപിടിച്ച്, തൂപ്പും , തുടപ്പുമില്ലാതെ, കട്ടകാരാമുള്ളുകൾ നിറഞ്ഞ ക്ഷേത്ര പരിസരങ്ങൾ. ധാരാളം പാമ്പുകൾ, ഇഴജന്തുക്കൾ, പ്രാണികൾ, ഒക്കെയുള്ള ഒരു അന്തരിക്ഷം. അമ്മയ്‌ക്ക്‌ അമ്പലങ്ങളിൽ പോകാൻ ആരെങ്കിലുമൊക്കെ സഹായത്തിന് കൂടെവേണം. ഈ കാര്യത്തിൽ പ്രധാനമായും അച്ഛൻ്റെ  അനന്തിരത്തിമാർ ആയിരുന്നു അമ്മയുടെ സഹായത്തിനെത്തിയിരുന്നത്. നാടിൻ്റെ  പരദേവതയായ നല്ലൂർസ്ഥാനത്തമ്മയെ കാണാൻ സാധാരണ ചൊവ്വാ വെള്ളി ദിവസങ്ങളിലാണ് പോകുന്നത്. അസ്‌ട്രോളജിയിൽ ചൊവ്വാ, വെള്ളി  ദിവസങ്ങൾക്ക് വലിയ പ്രാധാന്യമുണ്ട്. മനുഷ്യൻ്റെ  "കർമ്മമേഖല" ഒപ്പം "ഭയത്തിൻ്റെ  കാരണം",  ഇതിൻ്റെ യൊക്കെ പരിഹാരം  തേടിപ്പോകുന്നവർ ചെന്നെത്തിച്ചേരുന്നത് ഈ ദിവസത്തിൻ്റെ  അധിദേവതകളയായ സുബ്രമണ്യസ്വാമിയും, ചാമുണ്ഡേശ്വരിയുമാണ്.

ചാമുണ്ഡി, ഭദ്രകാളി, ചുടലഭദ്രകാളി, ചണ്ഡിക, ശൂലിനി, അഘോരി, ഇങ്ങനെ വിവിധ രൂപത്തിലും ഭാവത്തിലും പഴയകാലഗോത്രങ്ങൾ പരാശക്തിയെ  ആരാധിച്ചിരുന്നു. അതിനൊക്കെ സഹസ്രാബ്ദങ്ങളുടെ അപ്പുറത്തേക്ക് പോകേണ്ടി വരും. പ്രകൃതിയെ ഭയന്ന അന്നത്തെ സമൂഹത്തിന്, ആഗ്രഹങ്ങൾ കുറവായിരുന്നു. ഇന്ന് ആഗ്രഹങ്ങളുടെ എണ്ണങ്ങൾ കുടി വന്നതോടെ പൂജയുടെ എണ്ണങ്ങൾ കുടി. പൂജാവിധികളുടെ റേറ്റ് കുടി. പിന്നെ വെള്ളിയാഴ്ചയുടെ പ്രാധാന്യം ഞാൻ പറയാതെ തന്നെ അറിയാമല്ലോ. അഷ്‌ടൈശ്വര്യങ്ങളുടെയും നാഥയായ ലക്ഷ്മി. പരാശക്തിയുടെ മറ്റൊരു ഭാവം. ഇന്ന് ധനത്തിനു വേണ്ടിയുള്ള പ്രത്യേക പൂജകൾ ധാരാളം. റേറ്റ് അൽപ്പം കൂടും. അന്നൊക്കെ അതെല്ലാം  വിശ്വാസത്തിൻ്റെ  ഭാഗം മാത്രമായിരുന്നു.

അതൊക്കെ പോകട്ടെ..അതല്ലല്ലോ വിഷയം. അവിടെ ചെല്ലുമ്പോൾ അമ്മക്ക് അകമ്പടിക്കായി ആൽത്തറയുടെ അടുത്ത് അച്ഛൻ്റെ  മൂത്ത അനിന്തരത്തി ലക്ഷ്മിക്കുട്ടി ഇച്ചേയി വെറ്റിലയും ഒക്കെ മുറുക്കി കാത്തിരുപ്പുണ്ടാകും. ചേച്ചിയുടെ ഭർത്താവ് ശങ്കരപ്പിള്ള ചേട്ടൻ, അന്ന് ക്ഷേത്രപറമ്പിൽ ആൽത്തറയോട് ചേർന്ന്, കാപ്പിക്കട നടത്തുന്നുണ്ടായിരുന്നു. അദ്ദേഹത്തിൻ്റെ  കാലശേഷം ചേച്ചി ഏറ്റെടുത്തു നടത്തിയിരുന്നു. യഥാക്രമം ലക്ഷ്മിക്കുട്ടിച്ചേയി, ഗൗരിച്ചേയി, കമലച്ചേയി, ഈ മൂന്ന് ചേച്ചിമാരെപ്പറ്റി പറയുമ്പോൾ നാട്ടിൽ അന്നുണ്ടായിരുന്ന ഒരുപാട് ഇച്ചേയിമാരുടെയും, അമ്മമ്മമാരുടെയും,അമ്മച്ചിമാരുടെയും, പേരുകൾ മനസ്സിൽ ഓടിയെത്തുന്നു. സ്നേഹിക്കാൻ മാത്രമറിയാവുന്ന അവരെല്ലാംതന്നെ  കാലയവനികക്കുള്ളിൽ മണ്മറഞ്ഞു പോയിരിക്കുന്നു. ഓർമ്മകൾ മാത്രം ബാക്കി.

ഏതായാലും നമുക്ക് നല്ലൂർസ്ഥാനം ദേവിയുടെ അടുത്തേക്ക് തന്നെ പോകാം. ഇന്നുകാണുന്ന ഒരു ക്ഷേത്രമോ ക്ഷേത്രപരിസരമോ അല്ല എൻ്റെ  ഓർമ്മയിലുള്ള അന്നത്തെ ദേവിക്ഷേത്രം. നാടിൻ്റെ  പരദേവത എന്ന് വിളിക്കുന്ന നല്ലൂർസ്ഥാനം ദേവി, വനദുർഗ്ഗയാണ്."ഭദ്രകാളി" സ്വരൂപമാണ്.വെയിലും മഴയും മഞ്ഞും നിലാവും എല്ലാം കണ്ടും കേട്ടും അറിഞ്ഞും അനുഭവിച്ചും മുകളിൽ മേൽക്കൂരയില്ലാത്ത ഞങ്ങളുടെ ദേവി.

കഥകൾ  ഒരുപാടുണ്ടാകും. ദേവി, പഴയകാലത്തിലെ ഏതോ ഒരു നൂറ്റാണ്ടിൽ ഏതെങ്കിലുമൊരു ഗോത്രവർഗ്ഗക്കാരുടെ ആരാധനമൂർത്തി ആയിരുന്നിരിക്കണം. ക്രിസ്തു മരിച്ച്  ആയിരം വർഷങ്ങൾക്കുശേഷം, പാഴൂർ രാജവംശം ഈ ഗ്രാമം ഭരിച്ചിരുന്നു എന്നും, ആ രാജവംശത്തോടൊപ്പം, പത്തില്ലത്തിൽ പോറ്റിമാരെന്നറിയപ്പെടുന്ന പത്തു ബ്രാഹ്മണകുടുംബങ്ങളും ചേർന്ന്, ഈ ഗ്രാമത്തിന് "ഇരവിപുരം" എന്ന് പേരിട്ടിരുന്നുപോലും. അതിനു കാരണം "ഇരവി തമ്പുരാൻ" എന്ന പ്രശസ്തനായ ഒരു രാജാവിൻ്റെ  കാലത്തു, അദ്ദേഹത്തോടുള്ള ബഹുമാന സൂചകമായിട്ടാണ് ഈ പേരിട്ടത് എന്നാണ് ചരിത്രകാരന്മാർ പറയുന്നത്.

എനിക്കെന്തോ ഇതൊക്കെ അപ്പാടെ വിഴുങ്ങാൻ മനസ്സനുവദിക്കുന്നില്ല. ഭദ്രകാളി സങ്കല്പം ക്രിസ്തു മരിച്ചതിനുശേഷം ഉണ്ടായ ഒന്നല്ല. ക്രിസ്തു ജനിക്കിന്നതിനും, ബുദ്ധൻ ജനിക്കുന്നതിനും, എന്തിനേറെ ഗുപ്ത രാജവംശത്തിനും, മൗര്യരാജവംശത്തിനുമൊക്കെ വളരെ വളരെ മുൻപേ  ഭദ്രകാളി സങ്കല്പമുണ്ടായിരുന്നു. വടക്ക് കാളിമാതയെന്നും, തെക്ക് ഭദ്രകാളിയെന്നും ഒക്കെ വിളിച്ചുപ്രാർത്ഥിച്ചിരുന്നു. അതൊക്കെ പോകട്ടെ. നമ്മൾ ഇപ്പോൾ അൻപതുകളിലെ നല്ലൂർസ്ഥാനത്തമ്മയുടെ മുന്നിലാണ് നിൽക്കുന്നതെന്നോർക്കണം. ഇന്നുകാണുന്ന ചുറ്റുമതിലുകളോ, ഇപ്പോൾ കാണുന്നതരത്തിലുള്ള ഗോപുരമോ, ഗോപുരവാതിലുകളോ, ചുറ്റും മണൽ വിരിച്ചിരിക്കുന്ന മതിൽ കെട്ടിത്തിരിച്ച പുറത്തളമോ അന്നുണ്ടായിരുന്നില്ല. ഗതകാലസ്മരണകൾ അയവിറക്കിക്കൊണ്ട്, കൊത്തിയെടുത്ത കരിങ്കൽ നിരത്തിയിരിക്കുന്ന അമ്പലത്തറയിൽ പടിഞ്ഞാറ് ഭാഗത്തായി കിഴക്കോട്ടു ദർശനമായി ഇന്ന് കാണുന്ന ദേവിയുടെ ക്ഷേത്രത്തിൻ്റെ  അതെ വലിപ്പവും രൂപവും ഭാവവുമുള്ള ഭദ്രകാളിക്ഷേത്രം ഇന്നും ഓർമ്മയിൽ. ദേവിയുടെ ക്ഷേത്രത്തിൻ്റെ  മുകളിൽ മദ്ധ്യഭാഗം  തുറസ്സായിട്ടാണ് പ്രതിഷ്ഠ നടത്തിയിരിക്കുന്നത്.

ഇങ്ങനെയുള്ള പല ക്ഷേത്രങ്ങൾ ഭാരതത്തിൻ്റെ  പല ഭാഗങ്ങളിലുമുണ്ട്. ദേവിയുടെ വലതു ഭാഗത്തായി ഭുവനേശ്വരി കൂടിയിരിക്കുന്നു. അന്ന് ഭുവനേശ്വരി ദേവിക്ക് ഇന്നത്തെപോലെ അമ്പലമൊന്നുമില്ല. വെറും കരിങ്കൽ മണ്ഡപത്തിൽ അന്ന് കുടിയിരിക്കുന്നു. ദേവിയുടെ ഇടത് ഭാഗത്തായി നാഗദൈവങ്ങൾ കുടിയിരിക്കുന്നു. അവിടെമെല്ലാം കാടും പടർപ്പുമാണ്. അങ്ങനെയാണല്ലോ വേണ്ടത്. "സർപ്പങ്ങൾക്കും ഇഴജന്തുക്കൾക്കും വിഹരിക്കാൻ കാടുകൾ വേണ്ടേ".? ഇപ്പോൾ, അവിടെയെല്ലാം ചെറിയ ചെറിയ ക്ഷേത്രങ്ങളാക്കി മാറ്റിയിട്ടുണ്ട്. "മനുഷ്യർക്ക് ഭയമില്ലാതെ നടക്കാൻ ഇഴജന്തുക്കൾ വഴിമാറികൊടുക്കേണ്ടി വരുന്നു".!!!

അമ്പലത്തിന് തൊട്ടുപുറകിൽ ഇടത് ഓരം ചേർന്ന് ബ്രഹ്മരക്ഷസ്സും രക്ത രക്ഷസ്സും രണ്ട് കരിങ്കൽ സങ്കൽപ്പങ്ങളിൽ ഇടംപിടിച്ചിരുന്നു. ഇന്നവർക്കെല്ലാം ചെറിയ ചെറിയ ഉപക്ഷേത്രങ്ങൾ ഉണ്ട്. തന്നെയുമല്ല അന്നില്ലാത്ത പല ഉപദേവതകളും  ഇന്ന്  ദേവിക്ക് ചുറ്റുമായി കാണപ്പെടുന്നു.!!! (ഏതെങ്കിലുമൊരു തന്ത്രിയോ, പൂജാരിയോ, ഒപ്പമൊരു  ദേവപ്രശ്‍നം ചെയ്യുന്ന ജ്യോതിഷിയുമുണ്ടങ്കിൽ, വിശ്വാസികളെ ഭയപ്പെടുത്തിക്കളയും. ദേവപ്രശ്നത്തിൽ രാശിക്ക് വളരെ പ്രാധാന്യമുണ്ട്. ഇല്ലാത്ത സ്ഥലങ്ങളിലൊക്കെ അവർ ദേവീദേവന്മാരുടെ സാനിദ്ധ്യം ഉണ്ടന്ന് പറഞ്ഞു വിരട്ടിക്കളയും. അതാണല്ലോ ഇപ്പോഴത്തെ ഒരു ട്രെൻഡ്. ഇതിനിടയിൽ എന്ത് സാമ്പത്തികം നേടാം എന്ന് ചിന്തിക്കുന്ന നേതൃത്വവുമുണ്ടങ്കിൽ പിന്നെ പറയുകയേ വേണ്ടാ..!!!

ഹിന്ദു മത വിശ്വാസികളയായ ഞാനുൾപ്പടെയുള്ളവരോട് ഒരു വാക്ക്. ഇന്ന് ഈ വിശ്വാസപ്രമാണങ്ങളെ വികലപ്പെടുത്തുന്ന രണ്ടു കൂട്ടരേ ശ്രദ്ധിക്കണം. ഒരു കൂട്ടർ ദേവപ്രശ്നവും കുടുംബപ്രശ്നവും നോക്കി ലക്ഷക്കണക്കിന് രൂപ ചിലവാക്കി പൂജകൾ ചെയ്യാനുപദേശിക്കുന്ന ജ്യോതിഷികൾ. മറ്റൊരുകൂട്ടർ. താന്ത്രീക സന്ധ്യകളും പൂജാവിധികളും നടത്തി ദക്ഷിണ എന്നപേരിൽ വാങ്ങുന്ന തന്ത്രിമാരും പൂജാരികളും..

ഇപ്പോൾ ഒന്നും അറിയേണ്ട.!!!

എല്ലാം അവര് കൊണ്ടുവരും.!!!

ഫുൾ പാക്കേജ്.ഒറ്റ തുക. അയ്യായിരം രൂപ ചിലവുള്ള പൂജയ്ക്കും, പ്രശ്‌നം  വയ്ക്കലിനും ചേർത്ത്, അഞ്ചു ലക്ഷം.!!!

യഥാർത്ഥ ജ്യോതിഷം നമ്മുടെ ജന്മം മുതൽ മരണം വരെയുള്ള ആകെത്തുകയാണ്. അതിനെ മാറ്റിമറിച്ചു തരാമെന്ന്  ഏതെങ്കിലും പൂജാരിയോ ജ്യോതിഷിയോ പറഞ്ഞാൽ പ്രകൃതിശക്തിയെ അപമാനിക്കുകയാണ്. വിശ്വാസപ്രമാണങ്ങളെ ചോദ്യം ചെയ്യുകയാണ്.) അരയാൽ തറയൊക്കെ ഇന്നത്തെപ്പോലെ കെട്ടിയുറപ്പിച്ചതായിരുന്നില്ല..മറിച്ച്  കരിങ്കൽപ്പാളികൾ ഇടിഞ്ഞു പൊളിഞ്ഞു കിടക്കുന്ന അന്നത്തെ ആൽത്തറയിൽ ഉണ്ടായിരുന്ന അരയാൽ ഇന്നും "പ്രകൃതിയെ ശുദ്ധമാക്കി" ഇപ്പോഴും പടർന്നു പന്തലിച്ചു നിലനിൽക്കുന്നു. അക്കാലങ്ങളിൽ ഇന്നത്തെപ്പോലെ വൃശ്ചികം/ധനു മാസങ്ങളിൽ നടക്കുന്ന 41 ദിവസത്തെ മണ്ഡലചിറപ്പ് മഹോത്സവങ്ങളില്ല. വിഷുവിന്  ഉത്സവങ്ങളും, പത്തു ദിവസത്തെ "പടയണി" എന്ന നാടൻകലാരൂപങ്ങളില്ല. ഒൻപതു ദിവസം നീണ്ടു നിൽക്കുന്ന "നവാഹം" എന്ന ദേവീഭാഗവതപാരായണമില്ല. ക്ഷേത്രത്തിന് മുൻപിൽ പടികൾക്കു താഴെ ഇടത് ഭാഗത്തായി ഒരു കണിയാർ കുടുംബം ഒരു കുര വച്ച് അന്ന് താമസിച്ചിരുന്നത് ഇന്നും ഓർമ്മിക്കുന്നു. അക്കാലങ്ങളിൽ പൂജാരിയില്ലാതെ, നിവേദ്യമില്ലാതെ, ദീപാരാധനയും, പുഷ്പ്പാഞ്ജലിയുമില്ലാതെ, ഉത്സവങ്ങളില്ലാതെ, കളമെഴുതിപ്പാട്ടുകളില്ലാതെ, രൗദ്രഭാവത്തിൽ കുടികൊണ്ടിരുന്ന നല്ലൂർസ്ഥാനത്തമ്മക്ക്‌ എൻ്റെ  അമ്മയെപ്പോലെയുള്ള ചില ക്ഷേത്രവിശ്വാസികൾ, ദിനംതോറും സന്ധ്യക്ക്‌ മുൻപായി കൊളുത്തി വയ്ക്കുന്ന എണ്ണത്തിരികളാൽ തൃപ്തിപ്പെട്ട് കാലാതിവർത്തിയായി കുടികൊള്ളേണ്ടി വന്നു എന്നത് യാഥാർഥ്യം.

ഇനി നമുക്ക് അടുത്ത ക്ഷേത്രത്തിലേക്ക് പൊകാം.

തുടരും.