ജ്യോതിഷം സത്യമോ അതോ മിഥ്യയോ ?
അന്നും, ഇന്നും, എന്നും, ഇതിനെ പറ്റി വ്യത്യസ്ത അഭിപ്രായങ്ങൾ ശക്തമായി നില നിൽക്കുന്നു ....
ഈ കഴിഞ്ഞ ദിവസം ദാസ് സാറിന്റെ പേരിൽ ഞാനിട്ട ഒരു പോസ്റ്റിന്റെ താഴേ, ബഹുമാനപ്പെട്ട ശ്രീ ബാലൻചന്ദ്രൻ സാർ,ഇട്ട ഒരു കമന്റിൽ, ഒരു വാചകം എന്റെ ശ്രദ്ധയിൽപ്പെട്ടു...
"കൂടുതൽ എഴുതിയാൽ ഞാനും അദ്ദേഹത്തിന്റെ നിരീക്ഷണത്തിൽ പ്പെട്ടേക്കാം"...
അസ്‌ട്രോളജിയിൽ ഇതിന് വളരെ പ്രസക്തിയുണ്ട്. ഒരാളുടെ ഗ്രഹനിലയിൽ, ലഗ്നത്തിൽ ബുധഗ്രഹം നിന്നാൽ, അയാൾ നല്ല നിരീക്ഷകനും, കുശാഗ്ര ബുദ്ധിയുള്ള ആളും, അന്യന്റെ മനസ്സിനെ മുൻകൂട്ടി അറിയുന്ന ആൾ, എന്നൊക്കെ ജ്യോതിഷത്തിൽ പറയുന്നുണ്ട്...
എന്റെ ലഗ്നത്തിൽ ബുധനുണ്ടങ്കിലും, അത് നിൽക്കുന്നത് ശത്രുഗ്രഹമായ ചൊവ്വാ ഗ്രഹത്തിന്റെ മേടം രാശിയിലാണ്...
അപ്പോൾ ബുധന്റെ ശക്തി കുറയും.....
ഇയ്യാൾക്ക് ശരിക്കും വട്ടാണോ...!!!
അമ്പതു കൊല്ലത്തോളം വിദേശങ്ങളിൽ കഴിയുന്ന ഇയ്യാൾക്കെങ്ങനെ ഇന്ത്യൻ ജ്യോതിഷത്തെക്കുറിച്ചു എന്തറിയാമെന്ന പറയുന്നതു? ന്യായമായ ചോദ്യം.... ഇതൊരു തമാശയ്ക്കു പഠിക്കാൻ തുടങ്ങിയതാ... പിന്നൊരു ഹരമായി....സത്യത്തിൽ എനിക്കൊന്നും അറിയില്ല....
സംഗതി എന്തായാലും നമുക്ക് കാര്യങ്ങൾ അനുകൂലം അല്ലാതെ ആകുമ്പോൾ, അഥവാ നമ്മൾ ഉദ്ദേശിക്കുന്നപോലെ കാര്യങ്ങൾ മുന്നോട്ടു നീങ്ങുന്നില്ലകിൽ, എല്ലാവരും ഒരു പരിധിവരേയും, പരിധി വിട്ടും, രഹസ്യമായും, പരസ്യമായും, ജ്യോതിഷികളുടെ അഭിപ്രായം ആരായുകയും, ഇല്ലാത്ത കാശുണ്ടാക്കി, പതിനായിരങ്ങളും ലക്ഷങ്ങളും മുടക്കി, വഴിപാടുകളും, ഹോമങ്ങളും, നടത്തി പരിഹാരം കാണാൻ ശ്രമിക്കാറും ഉണ്ട്...
പല ജ്യോതിഷികളും, പൂജാരികളും, ഈ ബലഹീനതയെ മുതലാക്കുകയും, പലപ്പോഴും ഒരു കച്ചവടമനസ്സോടെ ഇതിനെ മുതലാക്കുകയും ചെയ്യുന്നുമുണ്ട്....
അങ്ങനെ ഈ ശാസ്ത്രത്തിന്റെ പവിത്രതയും, പരിശുദ്ധിയും, നഷ്ടപ്പെടുത്തുകയും ചെയ്യുന്നു എന്നുള്ളത് പരമസത്യവും ആണ്....
ജ്യോതിഷം നമ്മളിൽ പലരും ഉദ്ദേശിക്കുന്നത് പോലെ തന്നെ ഒരു മഹാസാഗരമാണ്....
എത്രയോ നൂറ്റാണ്ടുകൾക്കപ്പുറത്തു, പ്രകൃതിയെ കണ്ടറിഞ്ഞ ആചാര്യന്മാരുടെ വാക്കുകൾ, വേദാന്തസാരമായി ഗുരുശിഷ്യ പരമ്പരയയിലൂടെ വന്നിട്ടുള്ളതാണ്....
ഈ ശാസ്ത്രത്തിൽ ഗണിതം, സംഹിത, ഹോര, എന്നു മുന്ന് സ്കന്ദങ്ങളും, ജാതകം, ഗോളം, നിമിത്തം, പ്രശ്‍നം, മുഹൂർത്തം, ഗണിതം, എന്നിങ്ങനെ ആറു അംഗങ്ങളും, ഫലം.ക്രിയ.എന്നിങ്ങനെ രണ്ടു വിഭാഗങ്ങളും
ഉണ്ട്. പരാശര ഹോര, ഗർഗ്ഗ ഹോര, ഭാർഗവ സൂത്രം, ജൈമിനി സൂത്രം, അങ്ങനെ എത്ര എത്ര ഹോരകളും, സൂക്തങ്ങളും, സൂത്രങ്ങളും,അടങ്ങിയതാണ് ഈ മഹാശാസ്ത്രമെന്നു ഇപ്പോഴത്തെ പലജ്യോതിഷികൾക്കും അറിയില്ല എന്നാണ് സത്യം... ഇന്ന് പലരും പരക്കെ അംഗീകരിക്കുന്നതും,അടിസ്ഥാനമാക്കുന്നതും ആയ ജ്യോതിഷം വരാഹഹിമിര ആചാര്യ പ്രണീതമായ "ഭൃഹുത് ജാതക"മാണ് .അതുപോലെ "ജാതക പാരിജാത"ത്തിനും വളരെ പ്രസക്തിയുണ്ട് .
ചുരുക്കിപ്പറഞ്ഞാൽ............................................
"മാനനത് സർവഭാവനാം.
ത്രാണത് സംസാര സാഗരത് .
മന്ത്രരൂപ ഹിതച്ഛക്തി .
മനന ത്രാണരൂപിണി ....
ഞാൻ താഴെ പറയുന്നത് വെറും ഒരു ചൂണ്ടു പലകയാണ്....വിശ്വസിക്കാം.... വിശ്വസിക്കാതിരിക്കാം...The choice is yours...
എനിക്കി ശാസ്ത്രത്തിന്റെ ബാലപാഠങ്ങൾ പഠിപ്പിച്ചു തന്ന മഹാഗുരു കേരള ജ്യോതിഷ പ്രചാരസഭയുടെ മുൻ അധ്യക്ഷൻ, ദിവംഗതനായ ഭാഗ്യ പുബ്ലിക്കേഷൻ ചെയർമാനുമായിരുന്ന പ്രൊഫസർ മുത്തുസ്വാമിയോടുള്ള സ്നേഹവും ആദരവും വച്ച് കൊണ്ട് താഴെ പറയുന്നത്. ........................................................................വെറുതെ വായിച്ചു നോക്കുക...
ഒരളുടെ ജാതകം പരിശോധിച്ചാൽ, ആ ആളിന്റെ ഒരു ആകെ തുക അറിയാവുന്നർക്കു മനസ്സിലാകും. എന്നാൽ ഞാൻ ഇവിടെ പറയുന്നത് പൊതുവായ ഒരു ലക്ഷണം. വെറും ഒരു അറിവിനുവേണ്ടി ഓർത്താൽ മതി. അതെന്തുകൊണ്ടാണന്നു ഇതിന്റെ ഒടുവിൽ എഴുതിയിട്ടുണ്ട്. അതു ശ്രദ്ധിച്ചാൽ മനസ്സിലാകും .
സൂര്യൻ ആർക്കൊക്കെ വിപരീത ഫലങ്ങൾ നൽകും ?
ജാതകത്തിൽ, മിഥുനം, തുലാം, മീനം, ലഗ്നത്തിൽ ജനിച്ചവർക്ക്, ചതയം, ഉതൃട്ടാതി, തിരുവാതിര, പൂയും, ചോതി, അനിഴം, എന്നീ നക്ഷത്രത്തിന് ജനിച്ചവർക്ക്, 6,8,12, ഭാവങ്ങളിൽ സൂര്യൻ വന്നാൽ/ബന്ധപ്പെട്ടാൽ, തുലാം ഗ്രഹത്തിൽ സൂര്യൻ നിന്നാൽ, ഗോചരത്തിൽ,ഇടവം, തുലാം, കുംഭം,രാശികളിൽ വന്നാൽ, 1,2,4,5,7,8,9,12 സഞ്ചരിക്കുമ്പോൾ, ജാതകന്റെ നക്ഷത്രത്തിന്റെ 3,5,7 നക്ഷത്രങ്ങളിൽ സൂര്യൻ സഞ്ചരിക്കുമ്പോൾ, സൂര്യന്റെ ദിശയിലും, അപഹാരത്തിലും സൂര്യനോട് ബന്ധപ്പെട്ട കാര്യങ്ങളിൽ നമുക്ക് വിപരീത ഫലങ്ങൾ ഉണ്ടാകാം...!!!
ചന്ദ്രൻ ആർക്കൊക്കെ വിപരീത ഫലങ്ങൾ ചെയ്യും?.നോക്കാം.
ജാതകത്തിൽ, ഭരണി, പൂരം, പൂരാടം, ആയില്യം, കേട്ട, രേവതി, നക്ഷത്രങ്ങളിൽ ജനിച്ചവർക്ക് , ചന്ദ്രൻ വൃശ്ചികത്തിൽ നിന്നാൽ, 6,7,12 ഭാവങ്ങളുമായി ചന്ദ്രൻ ബന്ധപ്പെടുമ്പോൾ, കറുത്തവാവ് ദിവസവും, ചന്ദ്ര ഗ്രഹണ ദിവസവും, ജനിച്ചവർക്ക്,
ജാതകന്റെ നക്ഷത്രത്തിന്റെ 3,5,7 നക്ഷത്രങ്ങളിൽ ഗോചരത്തിൽ ചന്ദ്രൻ സഞ്ചരിക്കുമ്പോൾ. ഇടവം, കന്നി, മകം, കുംഭം, ലഗ്നക്കാർക്കു. ജാതകന്റെ ജനനം കൃഷ്ണപക്ഷ സപ്തതിക്കു ശേഷവും ശുക്ലപക്ഷ സപ്തതിക്കു മുൻപേയും വന്നാൽ, ജാതകത്തിൽ ചന്ദ്രൻ രാശിയുടെ മൃത്യു ഭാഗയിൽ വന്നാൽ,ജാതകത്തിൽ ചന്ദ്രന്റെ സ്പുടം, രാശി, തിഥി, ഇവ നക്ഷത്രഖണ്ഡത്തിൽ വന്നാൽ, അവർക്കൊക്കെ ചന്ദ്ര ദിശയിലും അപഹാരത്തിലും ചന്ദ്രനുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ വിപരീത അനുഭവങ്ങൾ വന്നുചേരും...!!!
ചൊവ്വ ഗ്രഹം ആർക്കൊക്കെ വിപരീത ഫലങ്ങൾ നൽകും?
ജാതകത്തിൽ, മിഥുനം, കന്നി, തുലാം, വൃശ്ചികം, മകരം, കുംഭം, ലഗ്നമായിട്ടുള്ളവർക്കു, ചൊവ്വ ജാതകത്തിൽ മിഥുനത്തിലോ, കർക്കിടകത്തിലോ, കന്നിയിലോ, വന്നാൽ. ചൊവ്വ ജാതകത്തിൽ 8,12 ഗ്രഹങ്ങളിൽ നിന്നാൽ. ജാതകത്തിൽ 6,8,11,ഇതിൽ എതിന്റെയെങ്കിലും ഭാവാധിപത്യം വന്നാൽ. ജാതകത്തിൽ ചൊവ്വയ്ക്ക് ബുധൻ, ശനി, രാഹു, ഇവയുമായി യോഗമോ ദൃഷ്ടിയോ വന്നാൽ. ഗോചരത്തിൽ ചൊവ്വ ചന്ദ്രരാശിയിൽ 1,2,4,5,7,8,9,12 രാശികളിൽ വരുമ്പോൾ, ചൊവ്വയുടെ ദിശയിലും അപഹാരത്തിലും ചൊവ്വയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ വിപരീത അനുഭവങ്ങൾ ഉണ്ടായിക്കൊണ്ടിരിക്കും...!!!
ബുധൻ ആർക്കൊക്കെ വിപരീത ഫലം ചെയ്യും.?
ജാതകത്തിൽ,മേടം, കർക്കിടകം, ചിങ്ങം, വൃശ്ചികം, ലഗ്നം ആയി വന്നാൽ. ജാതകത്തിൽ ബുധൻ മീനത്തിലും കർക്കിടകത്തിലും നിന്നാൽ. ബുധൻ ചന്ദ്രനുമായി യോഗം ചെയ്തു നിന്നാൽ. ബുധൻ ജാതകത്തിൽ 6,8,12 ഗ്രഹങ്ങളിൽ നിന്നാൽ, ബുധൻ, ക്ഷീണചന്ദ്രൻ, രാഹു, കേതു, സൂര്യൻ, ചൊവ്വ, ഇവയുമായി യോഗം ചെയ്തു നിന്നാൽ .കാർത്തിക, ഉത്രം, ഉത്രാടം, മകയിരം, ചിത്തിര, അവിട്ടം, പുണർതം, വിശാഖം, പൊരുരുട്ടാതി, നക്ഷത്രങ്ങളിൽ ജനിച്ചവർക്ക്. ബുധൻ രാശിയുടെ മൃത്യു ഭാഗയിൽ നിന്നാൽ. ബുധൻ ഗോചരത്തിൽ ജന്മരാശിയുടെ 1,3,5,7,9,12 രാശികളിൽ വരുമ്പോൾ ബുധ ദിശയിലും അപഹാരത്തിലും ബുധനോട് ബന്ധപ്പെട്ട കാര്യങ്ങളിൽ വിപരീത ഫലങ്ങൾ അനുഭവപ്പെടും...!!!
വ്യാഴൻ ആർക്കൊക്കെ വിപരീത ഫലം ചെയ്യും ?
ജാതകത്തിൽ, ഇടവം, മിഥുനം, കന്നി, മകരം, കുംഭം, ലഗ്നക്കാർക്ക് .
വ്യാഴം ജാതകത്തിൽ 6,8,12 ഭാവങ്ങളിൽ നിന്നാൽ. വ്യാഴം, ഇടവം തുലാം, കന്നി, മിഥുനം, മകരം, രാശിയിൽ നിന്നാൽ. വ്യാഴത്തിന് ശുക്രൻ, ബുധൻ, ഇവയുടെ യോഗമോ ദൃഷ്ടിയോ വന്നാൽ .അശ്വതി, മകം, മൂലം, കാർത്തിക, ഉത്രം, ഉത്രാടം, മകയിരം, ചിത്തിര, അവിട്ടം, പുണർതം, വിശാഖം, പൂരുരുട്ടാതി, നക്ഷത്രങ്ങളിൽ ജനിച്ചർക്കെല്ലാം വ്യാഴ ദിശയിലും അപഹാരത്തിലും വ്യാഴവുമായി ബന്ധപ്പെട്ട എല്ലാ കാര്യത്തിലും വിപരീത ഫലങ്ങൾ അനുഭവപ്പെടും...!!!
ശുക്രൻ ആർക്കൊക്കെ വിപരീത ഫലങ്ങൾ ചെയ്യും ?
ജാതകത്തിൽ, മേടം, ഇടവം, കർക്കിടകം, ചിങ്ങം, വൃശ്ചികം, ധനു, മീനം, ലഗ്നത്തിൽ ജനിച്ചർക്കു .ശുക്രൻ കന്നിയിൽ നിന്നാൽ, .2,6,7,8,12 ഇവയുടെ ഭാവാധിപത്യം വന്നാൽ. ജാതകത്തിൽ 6,8 ഭാവങ്ങളിൽ ശുക്രൻ നിന്നാൽ. ജാതകത്തിൽ ശുക്രന്, വ്യാഴവും, സൂര്യനും, ചന്ദ്രനുമായി യോഗമോ ദൃഷ്ടിയോ വന്നാൽ. മകയിരം, ചിത്തിര, അവിട്ടം, പുണർതം, വിശാഖം, പൂരുരുട്ടാതി, ആയില്യം, കേട്ട, രേവതി, എന്നീ നക്ഷത്രങ്ങളിൽ ജനിച്ചവർക്ക് ശുക്രന്റെ ദിശയിലും അപഹാരത്തിലും ശുക്രനുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ വിപരീത ഫലങ്ങൾ ഉണ്ടാകും...!!!
ശനിശ്വരൻ ആർക്കൊക്കെ വിപരീത ഫലങ്ങൾ ചെയ്യും?
ജാതകത്തിൽ, മേടം, ധനു, മീനം, ലഗ്നത്തിൽ ജനിച്ചവർക്ക് , ശനി, മേടം, വൃശ്ചികം, ചിങ്ങം, കർക്കിടകം, രാശികളിൽ നിന്നാൽ. ശനി, സൂര്യൻ, ചന്ദ്രൻ, ചൊവ്വ, ഇവരുമായി യോഗം ചെയ്താൽ. ശനി 6,8,12,2,7 ഭാവങ്ങളുടെ ആധിപത്യം വന്നാൽ. 8,12 ഭാവങ്ങളിൽ ശനി നിന്നാൽ. ഗോചരത്തിൽ കണ്ടകശനി, അഷ്ടമി ശനി, ഏഴര ശനി, കാലഘട്ടങ്ങളിൽ ഭരണി, പൂരം, പൂരാടം, രോഹിണി, അത്തം, തിരുവോണം, തിരുവാതിര, ചോതി, ചതയം, നക്ഷത്രങ്ങളിൽ ജനിച്ചവർക്കും, ശനി ദിശയിലും, അപഹാരത്തിലും ദോഷ ഫലങ്ങൾ തരും...!!!
രാഹു അർക്കൊക്കെ വിപരീത ഫലങ്ങൾ ചെയ്യും ?
ജാതകത്തിൽ, രാഹു ഇടവത്തിൽ നിന്നാൽ .ചിങ്ങം, ധനു, മീനം, കർക്കിടകം, രാശിയിൽ വന്നാൽ .രാഹുവിനു സൂര്യൻ, ചന്ദ്രൻ, വ്യാഴം, ഇവയുമായി യോഗം വന്നാൽ. ഭരണി, പൂരം, പൂരാടം, രോഹിണി, അത്തം, തിരുവോണം, ആയില്യം, കേട്ട, രേവതി, നക്ഷത്രത്തിൽ ജനിച്ചവർക്ക്..
ഗോചരത്തിൽ ജന്മ നക്ഷത്രത്തിലോ അതിന്റെ 3,5,7 ലോ രാഹു സഞ്ചരിക്കുമ്പോൾ, ദോഷ ഫലങ്ങൾ ചെയ്യും .
കേതു ആർക്കൊക്കെ വിപരീത ഫലങ്ങൾ ചെയ്യും?
ജാതകത്തിൽ കേതു, മിഥുനം, ചിങ്ങം, രാശിയിൽ നിന്നാൽ. മേടം, മകരം, വൃശ്ചികം, ലഗ്നത്തിൽ വന്നാൽ. .ചന്ദ്രൻ, ശുക്രൻ, സൂര്യൻ, ശനി, എന്നിവയുമായി യോഗം ചെയ്തു നിന്നാൽ .ജാതകത്തിൽ കേതുവിനു് 6,8,12 ഭാവങ്ങളുമായോ ഭാവാധിപന്മാരുമായോ യോഗമോ ദൃഷ്ടിയോ വന്നാൽ. പൂയം, അനിഴം, ഉതൃട്ടാതി, തിരുവാതിര, ചതയം, ചോതി, രോഹിണി, അത്തം, തിരുവോണം, നക്ഷത്രത്തിൽ ജനിച്ചവർക്ക്
ഗോചാരത്തിൽ കേതു, ജന്മനക്ഷത്രത്തിലും അതിൻ്റെ 3,5,7 നക്ഷത്രത്തിലും സഞ്ചരിക്കുമ്പോൾ കേതു ദോഷഫലങ്ങൾ നൽകും...!!!
ഇങ്ങനെ നോക്കുമ്പോൾ 120 വർഷം നീണ്ടു നിൽക്കുന്ന മനുഷ്യ ആയുസ്സിൽ, കഷ്ടിച്ചു അഞ്ചു വർഷവും നാലു മാസവും,
13ദിവസവും മാത്രമാണ് സ്വസ്ഥതയും സമധാനവും ഉള്ള ഒരു ജീവിതം... അപ്പോൾ ശരാശരി അറുപതും എഴുപതും വയസുവരെ ജീവിക്കുന്ന ആധുനിക മനുഷ്യന് എവിടെയാണ് സ്വസ്ഥത? എവിടെയാണ് സമാധാനം?
ഏതായാലും ഒന്ന് ഞാൻ പറയാം..... ലോകത്തിലേ ഒരു ജ്യോതിഷിക്കും, പൂജാരിക്കും, നമ്മുടെ മുകളിൽ പറഞ്ഞ ഗ്രഹദോഷത്തിനു പരിഹാരം കണ്ടെത്താൻ കഴിയും എന്ന് പറയാൻ എനിക്ക് ധൈര്യം പോരാ....
ചെറുപ്പത്തിൽ കൂട്ടുകാരോടൊപ്പം കളിക്കാൻ പോയി നെറ്റി ഒക്കെ പൊട്ടി വീട്ടിൽ മടങ്ങിയെത്തുമ്പോൾ, അമ്മ പറയും...
"പാവം എന്റെ കൊച്ചൻ കണ്ണിൽകൊള്ളേണ്ടത് പിരിയത്തേൽ കൊണ്ട് പോയന്ന് പറഞ്ഞാൽ മതി"...അപ്പോൾ അത് കേട്ട് നിൽക്കുന്ന അച്ഛൻ, "അവന് പിരിയത്തേൽ കൊള്ളാനുള്ള ഗ്രഹ ദോഷമേ ഉണ്ടായിരുന്നൊള്ളടി"....
ഇപ്പോൾ അതൊക്കെ ഒരു ഉൾവിളി പോലെ മനസ്സിൽ അലയടിക്കുന്നു....
ഇതിനു ശാശ്വതമായ ഒരേ ഒരു പരിഹരമെ ഉള്ളു...!!!
അത് അടുത്ത ഒരു എപ്പിസോഡിൽ എഴുതാം...
(ഒപ്പം ഇതിൽ കടന്നു വന്നിട്ടുള്ള ചില പ്രത്യേക പദങ്ങളുടെ വ്യാഖ്യാനവും,ഉദാഹരണത്തിന്, ഗോചരം, കണ്ടകശനി, യോഗം ചെയ്തു, ലഗ്നം, രാശി, ദിശ, അപഹാരം, തുടങ്ങിയവ... കൂടാതെ "ഗുളികൻ" എന്നൊരു ചെറിയ ഗ്രഹത്തെ പറ്റിയും പറയാനുണ്ട്....)