അസ്‌ട്രോളജി" അഥവാ "ജ്യോതിഷം".... (2)
---------‐---------------------------
തയ്യാറാക്കിയത് - രാധാകൃഷ്ണൻ നായർ
--------------------------
(ഈ പോസ്റ്റ്, ഞാൻ ഏതാണ്ട് പത്തു വർഷങ്ങൾക്ക് മുൻപ് എഴുതിയതാണ്. ഇത് വായിച്ചിട്ട്, ആർക്കെക്കെങ്കിലും തങ്ങളുടെ ജീവിതാനുഭവങ്ങളുമായി എന്തെങ്കിലും പ്രസക്തിയുണ്ടന്നു തോന്നിയാൽ, ബന്ധമുണ്ടങ്കിലും, ഇല്ലങ്കിലും, തുറന്നു പറഞ്ഞാൽ... താമസിയാതെ ജ്യോതിഷത്തിന്റെ അടിസ്ഥാന തത്ത്വങ്ങളും, ഘടനയും, മറ്റൊരു എപ്പിസോഡിലൂടെ പറയാം...
ഇല്ലങ്കിൽ ഈ വിഷയം ഞാൻ ഇവിടെ വിടും...)
ഇന്ന് എന്റെ ഓർമ്മയിൽ വരുന്നത് പലർക്കും താല്പര്യമുള്ള " അസ്‌ട്രോളജി",അഥവാ "ജ്യോതിഷത്തിന്റെ മറ്റൊരു മുഖമാണ്.......
എന്റെ സുഹൃത്തു "ശ്രീ സന്ദീപാനന്ദ ഗിരി സ്വാമി"കൾക്കു, ഇതിൽ പറയുന്ന പലതിനോടും യോജിപ്പുമുണ്ടാകാൻ ഇടയില്ല. അതേപ്പറ്റി പിന്നോടൊരിക്കൽ വിശധീകരിക്കാം ..........
നന്നേ ചെറുപ്പത്തിലേ അമ്പലസംസ്കാരവുമായി ബന്ധപ്പെട്ടതാണ് എന്റെ ജീവിതം...അമ്പല കമ്മിറ്റി പ്രസിഡന്റ് , സെക്രട്ടറി , ഖജാൻജി, , കമ്മിറ്റി മെമ്പർ, എന്നീ നിലയിൽ ദശാബ്‌ദങ്ങൾ പ്രവർത്തിച്ചിരുന്ന എന്റെ അച്ഛൻ, അതിലൊക്കെ എന്നെ ബന്ധപെടുത്തിയാണ് വളർത്തിയത്... അതിനിടയിൽ കൈനോട്ടം,തത്തയെകൊണ്ട് പടമെടുക്കൽ,തുടർന്നുള്ള വിവരണങ്ങൾ, മഷിനോട്ടം, കവടി നിരത്തിൽ, ജാതകം , നിമിത്തം, ജ്യോതിഷം , അങ്ങനെ പലതും...!!!
ഇതിലൊക്കെ എനിക്ക് വിശ്വാസവും ആയിരുന്നു...
കാലപഴക്കത്തിൽ, കോളേജ് വിദ്യഭ്യാസ
സമയത്, എവിടൊക്കെയോ ഇതെല്ലാം നഷ്ടപ്പെട്ടു ...!!! തുടർന്നുള്ള ഗൾഫ് ജീവിതത്തിൽ, ഇത്തരം കാര്യങ്ങൾ ഒരു പരുതിവരെ മാത്രമേ കൊണ്ടുനടക്കാൻ
സമയം കിട്ടിയിരുന്നുള്ളു....
ദിവംഗതനായ എന്റെ മൂത്ത സഹോദരൻ ഒന്നാംതരം ഒരു "ജ്യോതിഷി" ആയിരുന്നു... കുവൈറ്റിലെ "ഹവല്ലി"യിൽ, ഞങ്ങൾ എല്ലാവരും കൂടി താമസിക്കുമ്പോൾ, അദ്ദേഹം പറഞ്ഞു തന്നിട്ടുള്ള പല കാര്യങ്ങളും അര്ഥവത്തായിരിന്നു എന്ന് പിൽക്കാല അനുഭവങ്ങൾ എനിക്ക് കാണുവാൻ കഴിഞ്ഞു...
ഉദാഹരണത്തിന്, ഞങ്ങളുടെ അമ്മയുടെ മരണം 20 വർഷം മുൻപ് അദ്ദേഹം പ്രവചിച്ചിരുന്നു .... ഏതൊക്കെ ഗ്രഹങ്ങൾ ആക്ടിവേറ്റ് ആകുമ്പോഴാണ് മരണം നടക്കുമെന്ന് അദ്ദേഹം പറഞ്ഞിരുന്നു..."മരണക്കണ്ടി" എന്നൊരു പുസ്തകം ജ്യോതിഷത്തിൽ ഉണ്ടങ്കിലും, ആയുസ്സിനെ പറ്റി പറയാൻ പാടില്ല എന്ന് ശാസ്ത്രം പറയുന്നു എന്നും, ജ്യോതിഷത്തിൽ ഞാൻ കേട്ടിട്ടുണ്ട്...ഏതായാലും ഇത്രയും ആമുഖമായി പറഞ്ഞു കൊണ്ട് വിഷയത്തിലേക്കു വരാം.
1990 ൽ , കുവൈറ്റ് യുദ്ധത്തിൽ പലതും നഷ്ടപ്പെട്ട്, നാട്ടിൽ തിരിച്ചെത്തി തിരുവനന്തപുരത്തെ വാടക വീട്ടിൽ താമസിക്കുന്ന സമയം... വളരെയടുത്ത സുഹൃത്തു ശ്രീ ഭാസ്കരപിള്ള ചേട്ടൻ നിർബന്ധിച്ചതിന്റെ അടിസ്ഥാനത്തിൽ, അദ്ദേഹത്തോടൊപ്പം ശ്രീ പദ്മനാഭസ്വാമി ക്ഷേത്രത്തിന്റെ സമീപത്തുള്ള ഒരു ഇല്ലത്തേക്ക് ഞങ്ങൾ ഒരുമിച്ചു യാത്രയായി ....
അന്ന് അവിടെ എൺപതു വയസ്സിനുമേൽ പ്രായമുണ്ടായിരുന്ന "ഗണപതി ശർമ്മ" എന്ന ജ്യോതിഷ പ്രതിഭയെ കാണുവാനും, പരിചയപ്പെടാനും സാധിച്ചു...മുൻകാലത്തു
ഒരു കോളേജ് പ്രൊഫെസ്സർ ആയിരുന്നു.
തലയിൽകുടുമയുണ്ടായിരുന്നു.
ഇന്നദ്ദേഹം ജീവിച്ചിരിപ്പില്ല.ജാതകം കൊടുത്തു. സമയമൊക്കെ നോക്കി. അദ്ദേഹം പറഞ്ഞു... "ഇപ്പോൾ കണ്ടകശ്ശനി കാലമാണ്...ചാരവശാൽ ശനി പത്തിലാണ്.കർമ്മത്തിനു വിഘ്‌നം ഉണ്ടാകും.... മറ്റു ശാരീരിക, മാനസീക അസ്വസ്ഥതകൾ അനുഭക്കേണ്ടി വരും. മേടം ലഗ്നം.ശനിക്ക് മാരകമാണ്. ശനി കർമ്മാധിപനായി പത്താം ഭാവത്തെ നിയന്ത്രിക്കുന്നു.ജാതകവശാൽ ശനി ആറിൽ.. ശത്രു രോഗ കാര്യങ്ങളെ നിയന്ത്രിക്കുന്നു . പരിഹാരം ഒന്നും പറഞ്ഞില്ല...!!!
ജീവിതം വഴിമുട്ടി നിൽക്കുന്ന സമയം...!!! പഠിക്കുന്ന കാലത്തെ കമ്മ്യൂണിസ്റ്റ് സിദ്ധാന്തങ്ങളോടുള്ള അഭിനിവേശം...!!! എല്ലാംകൂടിയുള്ള നിരാശയിൽ,... ഞാൻ ഒരു കുസൃതി ചോദ്യം അദ്ദഹത്തോടു തിരിച്ചു ചോദിച്ചു? .
ഒരു ലക്ഷത്തി എൺപത്താറായിരം ഇന്ത്യക്കാർ കുവൈറ്റിൽ ഉണ്ടായിരുന്നു...അവർക്കെല്ലാം "കണ്ടക ശനി" ആണോ സർ?
അല്പം പരിഹാസ്യസ്വരത്തിലായിരുന്നു എന്റെ ചോദ്യം...!!!
അതിനു് അദ്ദേഹം മറുപടി പറഞ്ഞില്ല...... സാവധാനം എഴുന്നേറ്റു മുറിക്കകത്തേക്കു പോയി......രണ്ടു മാസം മുമ്പുള്ള മാതൃഭൂമി പേപ്പറിന്റെ ഒരു പേജ് കൊണ്ടുവന്ന് എന്റെ കയ്യിൽ തന്നു...ആ പത്രം നിറയെ കുവൈറ്റ്/ ഇറാഖ് സംഘർഷത്തെ പറ്റിയുള്ള വാർത്തകളായിരുന്നു...
അതിൽ കോളം വരച്ചുള്ള വാർത്ത എന്നോട് വായിക്കാൻ പറഞ്ഞു.....
കുവൈറ്റിൽ "ഓഗസ്ററ് രണ്ടിന്" തൂക്കി കൊല്ലാൻ വിധിച്ചിരുന്നു ഒരു ശ്രീലങ്കൻ യുവാവ്, അന്ന് തുറന്നുവിട്ട സെൻട്രൽ ജയിലിൽ നിന്ന് രക്ഷപ്പെട്ടു നാട്ടിൽ തിരിച്ചെത്തിയ കഥയാണ് വിവരിച്ചിരിക്കുന്നത്....
വായിച്ചു കഴിഞ്ഞപ്പോൾ....അദ്ദേഹം എന്നോട് ഒരു ചോദ്യം? കുവൈറ്റ് അധിനിവേശം ഈ മനുഷ്യന് എങ്ങനെ ഉപകാരപ്പെട്ടു?
ജീവൻ തിരിച്ചു കിട്ടിയില്ലേ?
ഒരു ലക്ഷത്തി എൺപത്താറായിരം ഇന്ത്യക്കാരുണ്ടായിരുന്നെങ്കിൽ, അതു ഒരു ലക്ഷത്തി എൺപത്താറായിരം രീതിയിലാണ്...
ഓരോരുത്തർക്കും ഓരോ അനുഭവവും.
ശരിയാണ്.....
ഇവിടെ പറഞ്ഞ ശ്രീലങ്കക്കാരന് , "ജീവൻ തിരിച്ചു കിട്ടിയിരുന്നെങ്കിൽ, മറ്റു പലർക്കും അപ്രതീക്ഷിതമായി ജീവൻ നഷ്ടപെട്ടവരും ഉണ്ട്... "...
ഒരു വീട്ടിൽ തന്നെ ഉണ്ടായിരുന്നവർക്കു വ്യത്യസ്ഥ അനുഭവങ്ങൾ...!!!
22കാരനായ ഒരു ശ്രീലങ്കൻ യുവാവ് 1989ൽ ഏതൊരു സ്ത്രീയെ കൊലപ്പെടുത്തിയ കുറ്റത്തിൽ, മുഖ്യ പ്രതിയായി.... കിഴക്കോടതിയും മേൽക്കോടതിയും ശരിവച്ചു....പ്രതിയെ പബ്ലിക്കായി തൂക്കിക്കൊല്ലാൻ ഓഗസ്റ്റ് രണ്ടിന് വ്യാഴാച്ച കാലത്തു ഒൻപത് മണിക്ക് തൂക്കി കൊല്ലാൻ സുപ്രീം കോടതി വിധി വന്നു...പരമാധികാരിയായ അമീറും (രാജാവ്) ഒപ്പു വച്ചു... പത്രങ്ങൾ എല്ലാം പ്രസിദ്ധികരിച്ചു...ടെലിവിഷനിലൂടെ കാണാൻ ഒരുകൂട്ടം ആൾക്കാർ കാത്തിരുന്നു....!!! പ്രതിയായ ശ്രീലങ്കൻ യുവാവിനെ കുവൈറ്റിലെ, സുല്ഫിഘട്ടിലുള്ള പ്രധാന ജയിലിൽ അടച്ചിരുന്നു....
ദൗർഭാഗ്യമോ... ഭാഗ്യമോ... എന്തുമാകട്ടെ... ഓഗസ്റ്റ് ഒന്ന് ബുധനാഴ്ച്ച അതായതു വെളുപ്പിന് രണ്ട് മണി ആയപ്പോഴേക്കും, കുവൈറ്റ് എന്ന രാജ്യം ഭൂപടത്തിൽ നിന്നും അപ്രത്യക്ഷമായി.... ഇറാഖിന്റെ പിടിയിലമർന്നു....വെറിപൂണ്ട ഇറാഖി പട്ടാളക്കാർ, ജയിലുകളൊക്കെ വന്നപാട് തുറന്നു വിട്ടു...അക്കൂട്ടത്തിൽ ശ്രീലങ്കക്കാരനും രക്ഷപ്പെട്ടു, ഇറാഖിലെത്തി, തുർക്കി വഴി, അഫ്ഘാനിസ്ഥാൻ വഴി, പാക്കിസ്ഥാനിലെത്തി, ഇന്ത്യ വഴി ശ്രീലങ്കയിലെത്തി.... ഇതാണ് ശരിക്കും നടന്നത്....
"ഒരാളുടെ ജാതകത്തിൽ ഒരു രാജ്യം തൂക്കു കയർ വിധിച്ചാലും, അയാൾക്ക് യോഗബലമുണ്ടങ്കിൽ, രാജ്യം ഇല്ലാതായാൽപ്പോലും, അവൻ തൂക്കു കയറിൽ നിന്ന് രക്ഷപ്പെടുമെന്ന് ഗണപതി ശർമ്മ എന്ന എൺപതുകാരൻ ജ്യോതിഷി എന്നോട് പറഞ്ഞപ്പോൾ മറുപടി പറയാൻ ഇല്ലാതെ കമ്മ്യൂണിസ്റ്റ് വിശ്വാസി ആയ ഞാൻ കുഴങ്ങി....
യവന ജ്യോതിഷം പറയുന്നു.... ഒരാൾ രാജാവാണെങ്കിലും, പിച്ചയെടുക്കാൻ യോഗമുള്ള കേമദ്രുമഃ യോഗം, ജാതകത്തിൽ പറഞ്ഞിട്ടുണ്ടങ്കിൽ, അയാൾ തെണ്ടിയിരിക്കും....!!! യവനൻ ഭൃഗുമുനിയുടെ തായ്‌വഴിയിൽ വന്നിട്ടുള്ള ഋഷിശ്വരൻ ആയിരുന്നു....
മറക്കണ്ട...ജാതക പാരിജാത കർത്താവു പറയുന്നു... "വീട് വിട്ട പട്ടിയും, നാട് വിട്ട രാജാവും, സമം .... ഇവിടെ അനുഭവങ്ങൾ സാക്ഷി.... ഞാനൊരു വഴിപ്പോക്കൻ... എന്നെ വിട്ടേക്ക്....ഞാനൊന്നിന്റെയും വക്താവല്ല....!!!
അന്ന് തുടങ്ങിയതാണ് ഈ ജ്യോതിഷത്തോടുള്ള എന്റെ ഭ്രമം/ആവേശം...
എന്നെ ജ്യോതിഷത്തിന്റെ ബാലപാഠങ്ങളും മറ്റു വിശദ വിവരങ്ങളും പഠിപ്പിച്ചു തന്നത് ഭാഗ്യ പുബ്ലിക്കേഷന്റെ ഉടമസ്ഥനും, കേരള ജ്യോതിഷ പ്രചാരസഭയുടെ മുൻ പ്രസിഡന്റും , ജ്യോതിഷത്തിൽ ആധികാരികമായി ധാരാളം പുസ്തകങ്ങൾ രചിച്ച പ്രൊഫസർ മുത്തുസ്വാമി സർ ആണ്. ദിവംഗതനായ അദ്ദേഹം ധാരാളം പുസ്തകങ്ങൾ എനിക്ക് അയച്ചു തന്നിട്ടിട്ടുണ്ട് . എന്നോട് അദ്ദേഹം പറയുമായിരുന്നു..
നിന്റെ ജാതകം ജ്യോതിഷം പഠിക്കാൻ പറ്റിയതാണ്. ലഗ്നത്തിൽ നിൽക്കുന്ന ബുധൻ അതിനു പറ്റിയതാണ് ... പ്രത്യേകിച്ച് ബുധ ദശയിൽ സ്വാപഹാരത്തു ഇത് പഠിക്കാൻ പറ്റിയ സമയമാണ്...
എന്തായാലും ധാരാളം ഗ്രഹനില നോക്കി പഠിക്കണം...എത്ര കൂടുതൽ നോക്കുന്നോ? അത്രയും ഈ മേഖലയിൽ പ്രൊഫഷണൽ ആകാൻ പറ്റും....
ജ്യോതിഷം ഒരു ശാസ്ത്രം ആണെങ്കിലും, അല്ലങ്കിലും,അതിനു ഉപോല്ബലകമായ അടിസ്ഥാനങ്ങൾ ഒന്നും ഇതിനില്ല എന്നത് ഒരു വാദത്തിനു വേണ്ടി അംഗീകരിക്കാം...
കാര്യങ്ങൾ ഒക്കെ കൈ വിട്ടു പോകുമ്പോൾ , അല്ലെങ്കിൽ നമ്മുടെ ആഗ്രഹത്തിനൊത്തു കാര്യങ്ങൾ നടക്കാതെ വരുമ്പോൾ, എല്ലാവരും ഒരു പരിധി വരെ, പരിധി വിട്ടും , ഒതുങ്ങിയും , പതുങ്ങിയും , അല്ലാതെയും,ജ്യോതിഷികളെ കാണാറുണ്ട്. ആഗ്രഹങ്ങൾ സഫലീകൃതമാകാതെ വരുന്നവരെ, ശരിക്കും മുതലെടുക്കുന്നവരാണ് മിക്ക ജ്യോതിഷികളും... കോടിക്കണിക്കിന്റെ ഒരു ബിസിനസ്സ് ആയി ഇന്നി വിഷയം ഉയർന്നിരിക്കുന്നു...
എന്നാൽ ഇതൊരു ധർമ്മശാസ്ത്രമാണ്...
ജ്യോതിഷി ധാരാളം തപസ്സ് അനുഷ്ഠിക്കണം...
ധ്യാനിക്കണം..തരുന്ന ദക്ഷിണ ശിവാർപ്പണമായി വിളക്കത്തു വയ്‌ക്കാൻ പറയണം.... "ഇങ്ങനെയൊക്കെയാണ് കേട്ടറിവ് "...
ഫീസ് ഈടാക്കുന്ന ജ്യോതിഷി, ഇതിനെപറ്റി ഒന്നുമറിയാത്ത വെറും ബിസിനസ്സ് കാരാണ്...ലക്ഷക്കണക്കിന് രൂപാ മുടക്കി പൂജാ ചെയ്താൽ, സാഹചര്യങ്ങൾ നമ്മുക്ക് അനുകൂലമായി വരും എന്നൊക്കെ പറഞ്ഞു മോഹിപ്പിക്കുന്നത് കള്ളന്മാരായ ജ്യോതിഷികളാണ്.....!!! ഇങ്ങനെയൊക്കെ ചിലർ പറയുന്നു... ആർക്കാറിയാം...
ജ്യോതിഷത്തിൽ നമുക്കോരോരുത്തർക്കും... ഓരോ "ജന്മഫല"വും, "കർമ്മഫല"വും
ഉണ്ടന്നാണ് പ്രമാണം.....
അഗസ്റ്റിൻ ജോസഫ് സാറിന്റെ ആറു മക്കളിൽ ഒരു "യേശുദാസി"നെ മാത്രമാണ് ലോകം അറിയുന്നത്... മറ്റുള്ളവരുടെ പേരു പോലും അയല്പക്കത്തുള്ളവർ അറിഞ്ഞെന്നു വരില്ല....അതാണ് "ജന്മഫലം"....
ചരിത്രം പരിശോധിച്ചാൽ ലോകത്തു രണ്ടു രാജാക്കന്മാരാണ് രാജ്യം നഷ്ടപ്പെട്ടശേഷം തിരികെ വരുന്നത്... ഒന്ന് കമ്പോഡിയയിലെ ശിഹാനുക്കു രാജാവും, രണ്ടാമത് കുവൈറ്റിലെ ജാബർ അൽ അഹ്‌മദ് അൽ സബാഹ് രാജാവും ആണ്.... "വീട് വിട്ട പട്ടിയും നാട് വിട്ട രാജാവും" ഒരു പോലെയാണെന്ന് അനുഭവങ്ങൾ എന്നെ പഠിപ്പിച്ചിട്ടുണ്ട്...അതനുഭവിച്ചിട്ടുണ്ട്... ഇതിനെ "കർമഫല"ത്തിൽ ഞാൻ കൂട്ടുകയാണ്...
ഞാൻ പണ്ട് കോളേജിൽ പഠിക്കുന്ന കാലത്തു, എന്റെ സഹോദരന്റെ കൂടെ "പാണ്ടനാട് ഗോപാല വാര്യർ" എന്നൊരു ജ്യോതിഷ പ്രതിഭയെ കാണാൻ പോയിരുന്നു...
കേരളത്തിൽ അക്കാലങ്ങളിൽ നവീന ഗ്രഹങ്ങളായ, യുറാനസ്സ്, നെപ്ട്യൂൺ, പ്ലൂട്ടോ, (അതായത് അസ്‌ട്രോളജിയിൽ ഇന്ദ്രൻ, വരുണൻ, രുദ്രൻ, എന്നൊക്കെ പറയും...) ഇവയെപ്പറ്റി, ആധികാരികമായി പഠിച്ചു, ഈ ഗ്രഹങ്ങൾ എങ്ങനെ മനുഷ്യരുൾപ്പടെയുള്ള സമസ്ത ജീവജാലങ്ങളിൽ എങ്ങനെ സ്വാധിനം ചെലുത്തുന്നു എന്നതിനെ ക്കുറിച്ചു ആധികാരികമായി ആദ്യം പുസ്തകങ്ങൾ പ്രസിദ്ധികരിച്ച മഹാനുഭാവനായിരുന്നു....
ഞാൻ അദ്ദേഹത്തോട് പറഞ്ഞു..."എനിക്കി ജ്യോതിഷത്തിൽ ഒന്നും വിശ്വാസമില്ല"...ഉടനെ മറുപടി."നീ വിശ്വസിക്കേണ്ട.അനുഭവിക്കുമ്പോൾ വിശ്വസിച്ചോളും"...
മഹാനുഭാവനായ അദ്ദേഹം, സൈക്ലിളിൽ യാത്രചെയ്യുമ്പോൾ ബസ്സ് ഇടിച്ചാണ് മരണം സംഭവിച്ചത്...എല്ലാം അറിയാവുന്നവന്റെ അന്ത്യം വണ്ടിക്കടിയിൽ...!!!
നമ്മളെല്ലാം ഒരു പമ്പരം...ചരട് മറ്റെവിടെയോ ആണ്...കൂട്ടുന്നു , കിഴിക്കുന്നു , ഒടുവിൽ കൂട്ടലും ,കിഴിക്കലും കുഴയുന്നു....!!!
ജ്യോതിഷം എല്ലാം ഹോരകളായാണ് വന്നിട്ടുള്ളത്. ആദ്യത്തേതെന്നു പറയുന്നത് പരാശര ഹോരായാണ്. 120വർഷം ആയുസ്സുള്ള മനുഷ്യന് ജീവിതത്തിൽ, അഞ്ചു വർഷത്തിൽ താഴെ മാത്രമേ സ്വസ്ഥതയും സമാധാനവുമുള്ള ഒരു ജീവിതം... പിന്നെയുള്ളതെല്ലാം നമ്മൾ തന്നെ വാങ്ങിക്കൂട്ടുന്ന സ്വസ്ഥതയില്ലാത്ത ജീവിതം...
ഇതിനെ ഉൾക്കൊണ്ടു കൊണ്ട് മനസ്സിനെ രൂപപെടുത്താൻ ജ്യോതിഷം നല്ല രീതിയിൽ
സഹായിക്കും. അതിനപ്പുറം ഇതേപ്പറ്റി ആരു പറഞ്ഞാലും വലിയ പ്രസക്തിയില്ല... പൂജയും , പിറുപിറുക്കലും,ഹോമവും,മനസ്സിന് സമാധാനം തരുമെങ്കിൽ ചെയ്തോളു...കാശുണ്ടങ്കിൽ മാത്രം....അതും കണക്കിൽ പെടാത്ത കാശുണ്ടങ്കിൽ മാത്രം....
അത് എല്ലാ ജ്യോതിഷ പുസ്തകങ്ങളിലും പറയുന്നില്ലേ?
"ഈശ്വര ഭജനയാൽ അരിഷ്ട ശാന്തി നേടുക"...
എന്ന് പറഞ്ഞാൽ, ഞാൻ എന്റെ ഭാഷ്യത്തിൽ വിശദികരിക്കാം....
"പൊടുന്നനവെ സംഭവിക്കുന്ന ദുരന്തങ്ങൾ. അപ്രതീക്ഷിതമായി വരുന്ന സുഖാനുഭവങ്ങൾ.
ജീവിതം മുഴുവൻ തീരാ ദുഃഖങ്ങൾ..ശരാശരി ജീവിതങ്ങൾ...ഇതൊക്കെ നമ്മങ്ങൾ കാണുന്നതല്ലേ?
ഒന്നിലും വിശ്വസിക്കാത്തതിനെക്കാൾ, ഏതെങ്കിലും ഒന്നിൽ ഒരു വിശ്വാസമുള്ളത് മനസ്സിന് കുറെ സുഖം തരും...."അത് കൊണ്ട് തന്നെ, ഈശ്വര ഭജനം, അവരവർ വളർന്നു വന്ന സാഹചര്യവും, വിശ്വാസങ്ങളും,അനുസരിച്ചു ദൈവവിശ്വാസങ്ങളും,പ്രാർത്ഥനയും, ഗുണപ്പെടും....
ഈ മുഖപുസ്തകത്തിൽ വരുന്ന ഞാനുൾപ്പെടെയുള്ള ഓരോരുത്തരുടെയും സ്വകാര്യതയിലേക്ക് ഒന്ന് കടന്ന് ചെല്ലാം.....
ദുഃഖങ്ങളുടെയും സങ്കടങ്ങളുടെയും ഒരു കൂമ്പാരം തന്നെ ഉണ്ടാകും....
അതൊന്നും മറനീക്കി പുറത്തു വരണമെന്നില്ല...
എല്ലാവർക്കും അവരവരുടെ ദുഃഖങ്ങൾ അവരുടെ കണ്ണിൽ വലുത് തന്നെയാണ്...
എന്നാൽ സാഹചര്യങ്ങൾക്കനുസരിച്ചു മനസ്സിനെ പാകപ്പെടുത്തിയെടുക്കാൻ കഴിഞ്ഞാൽ, എല്ലാ പ്രശ്നങ്ങൾക്കും, ഒരു പരിധി വരെ പരിഹാരം കാണാം...അത് കഴിയാത്തതാണ് എല്ലാ മനുഷ്യ ജീവിതത്തിലെയും പ്രശ്നങ്ങൾ...
"യാ മനശ്ചര്യ യാമന"...എവിടെയോ കേട്ടു മറന്ന തമാശ....
അതിനു ജ്യോതിഷം ഒരു പരിഹാരമാണോ?
ചിന്തിക്കേണ്ട വിഷയം.…