ന്യൂസിലാൻഡിൽനിന്നും രാധാകൃഷ്ണൻ നായർ എഴുതുന്ന ഓർമ്മക്കുറിപ്പുകൾ.

 അടുത്ത ദിവസം അന്തരിച്ച അഭിവന്ദ്യനായ കെ.ആർ.  വിശ്വംഭരനെ കുറിച്ച്ഒ രനുസ്മരണം  
*******************************************
എന്റെ ഓർമ്മകൾ ഒരു പാട് പുറകോട്ടുപോയി....
ചങ്ങനാശ്ശേരി എൻ.എസ്സ്. എസ്സ്. കോളേജിൽ പ്രീ-ഡിഗ്രിയ്ക്ക്‌ പഠിക്കുന്ന കാലം...കൂടെ പഠിച്ചിരുന്ന പലരും ഓർമ്മയിൽ...അക്കൂട്ടത്തിൽ ഒരു സുഹൃത്തു മറക്കാതെ ഇന്നും മനസ്സിൽ...കെ.ആർ. വിജയൻ...
വിജയന്റെ സഹോദരനായിരുന്നു ഈ കഴിഞ്ഞ ദിവസം ഇഹലോകാവാസം വെടിഞ്ഞ, മുൻ ജില്ലാ കളക്ടറും, ഔഷധി ചെയര്മാനുമായിരുന്ന, കെ. ആർ. വിശ്വംഭരൻ.ഐ.എ.എസ്സ്... 
അഖിലകേരള സാംബവ സമുദായ സംഘടനയുടെ സ്ഥാപക നേതാക്കന്മാരിൽ ഒരാളും, അന്നത്തെ പ്രസിഡന്റമായിരുന്ന, അഭിവന്ദ്യനായ, മാവേലിക്കര ടി .കെ. അച്യുതൻ സാറിന്റെ മക്കളായിരുന്നു വിജയനും, വിശ്വഭരനും...അച്യുതൻ സാറിന് എന്നെ വലിയ ഇഷ്ടമായിരുന്നു... ഞാൻ ഡിഗ്രിക്ക് പഠിക്കുന്ന കാലത്തു,എന്റെ ക്ഷണം സ്വീകരിച്ചു  അദ്ദേഹം ഒരിക്കൽ വീട്ടിൽ വന്നതും, ഉച്ചയൂണ്‌ കഴിഞ്ഞു മടങ്ങിയതും ഇന്നും ഓർമ്മയിൽ...
പഠിക്കുന്ന കാലത്തു, ജാതിയും മതവും മാറി പ്രേമിച്ചു രജിസ്റ്റർ വിവാഹം കഴിക്കാൻ ശ്രമിച്ച വിജയന്, നാലഞ്ച് പേർ താങ്ങും തണലുമായി മുൻപോട്ടു വന്നു...അതിൽ പ്രധാനികൾ, അന്ന് കൂടെ പഠിച്ചിരുന്ന കല്ലൂപ്പാറ തീയാടത് കൃഷ്ണൻ കുട്ടി, വൈക്കത്തുകാരൻ കടുത്ത ആശാന്റെ മകൻ ഗണേശൻ, ചങ്ങനാശേരിയിലുള്ള പറക്കവട്ടിയിലെ മുഹമ്മദ് ഇക്ബാൽ, വാഴൂർ ഭാഗത്തു നിന്ന് വന്നിരുന്ന രവീന്ദ്രൻ, തുകലശ്ശേരി ഭാഗത്തു നിന്ന് വന്ന ശിവരാമൻ, കുമരംകരി തുപ്പുങ്കര ചെല്ലപ്പമേനോൻ സാറിന്റെ മകൻ 
ടി.എസ്സ്. ചന്ദ്രകുമാർ,പിന്നെ കുടപ്പിറപ്പായ വിശ്വംഭരനും...പക്ഷെ എന്ത് പ്രയോജനം...!!!ഇതിൽ കെ. ആർ. വിജയനല്ലാതെ മറ്റാരും പതിനെട്ട് വയസ്സ് പൂർത്തിയായവരായിരുന്നില്ല...!!! അവസാനം വിജയന്റെ അച്ഛൻ ഇടപെട്ട് ആ വിവാഹം രജിസ്റ്റർ ചെയ്തു കൊടുത്തു.... 
അക്കാലത്തു അത്തരം വിവാഹങ്ങൾ അപൂർവങ്ങളിൽ അപൂർവം...!!! ഇന്നത്തെക്കാലമല്ല...ഒരുപാടു എതിർപ്പുകൾ, സാമുദായിക, മത, സാമൂഹ്യ, എതിർപ്പുകൾ ഒന്നിന് പുറകെ ഒന്നായി ...!!!
ഇന്നത്തെ തലമുറയിൽ ആരെങ്കിലും സാംബവ സമുദായം കേട്ടിട്ടുണ്ടോ? എന്റെ അച്ഛൻ പറഞ്ഞു ഞാൻ കേട്ടിട്ടുള്ളതാണ്....ഒരു കാലത്തു "പറയർ" എന്നാണ് അവരെ പറഞ്ഞിരുന്നത്..... ജാതിക്കോമരങ്ങൾ കോടി കുത്തി വാഴുന്ന പഴയ കാലഘട്ടത്തിൽ, ഈ സമുദായക്കാർക്കു പകൽ വെളിച്ചത്തിൽ പുറത്തിറങ്ങാൻ അനുമതിയില്ല...!!! വെളിച്ചത്തിൽ കണ്ടാൽ തല കാണില്ല...!!!രാത്രി ആകുമ്പോൾ മാത്രം പുറത്തിറങ്ങാൻ അനുമതിയുണ്ടായിരുന്ന മനുഷ്യ ജന്മങ്ങൾ...!!! 
എനിക്ക് ഈ ജാതി ഭ്രഷ്ട്ട് കല്പിച്ചവരോട് ഒരേ ഒരു ചോദ്യം? നിങ്ങൾ രാമായണം വായിച്ചിട്ടുണ്ടോ?ഇന്ന് ശ്രീരാമന് വേണ്ടി മതങ്ങൾ തമ്മിൽ കലഹിക്കുമ്പോൾ.... അതെ ശ്രീരാമൻ, പണ്ട് ത്രേതായുഗത്തിൽ ഒരു "പറയനായ ഗുഹനെ" കെട്ടിപ്പിടിച്ചു ആശ്ലേഷിച്ചു, അദ്ദേഹം കൊടുത്ത ആഹാരവും കഴിച്ചു ഈ സംസാരദുഃഖമാകുന്ന തോണിയിൽ കയറ്റി, മറുകര  താണ്ടി വിട്ടുമ്പോൾ കണ്ണീർതുകി നോക്കി നിന്ന ശ്രീരാമനും, സീതയും, ലക്ഷ്മണനും.... വായിച്ചിട്ടില്ലേ രാമായണം? "ഗഗ്‌ദ്ധകണ്ഠനായ കെട്ടിപ്പിടിച്ചു ആശ്ലേഷിച്ചു രാഘവൻ ഗുഹനോട് ചൊല്ലിനാൻ".... അവർക്കില്ലാത്ത "ജാതി വെറി" അദ്ദേഹത്തെ വാഴ്ത്തിപ്പാടുന്ന നിങ്ങൾക്കെവിടുന്നു കിട്ടി? 
വിജയന്, അഭിവാദ്യങ്ങളുമായെത്തിയ മുൻ ചങ്ങനാശ്ശേരി എം. പി. യും കോൺഗ്രസ്സ് നേതാവുമായിരുന്ന എ.സി.ജോർജ്‌ വന്നത് (എ. സി. ജോസല്ല... അത് അദ്ദേഹത്തിന്റെ സഹോദരൻ) ഓർമ്മയിൽ വരുന്നു.....
അന്ന് വിജയൻ, "കേരളാശ്രേയസ്സു" എന്നൊരു കൈയെഴുത്തു മാസിക തുടങ്ങി...എസ്സ്.എസ്സ്. എൽ.സി. പരീക്ഷാ പാസ്സായപ്പോൾ എന്റെ അമ്മ,എനിക്കൊരു സ്വർണ്ണമാല വാങ്ങി കഴുത്തിലിട്ട് തന്നു...
അത് ആദ്യമായി,പെരുന്നയിലുള്ള,
ശ്രീകൃഷ്ണ കഫേയുടെ ഉടമ, ശ്രീ രവീന്ദ്രന്റെ കടയിൽ പണയം വച്ച് മുപ്പത് രൂപാ വാങ്ങി..
അതിൽ നിന്ന് 20രൂപാ വിജയന് കൊടുത്തു.
...അതുമായിട്ടാണ് അക്കാലത്തു വിജയൻ, "കേരളാശ്രേയസ്സ്" എന്ന കൈയ്യഴുത്തു മാസിക തുടങ്ങിയത്... ബാക്കി പത്തു രൂപയും കൊണ്ട്, അന്ന് ഞാനും, കൃഷ്ണൻ കുട്ടിയും, വിജയനും, ചേർന്ന് കോട്ടയത്ത് പോയി സ്റ്റാർ  തീയേറ്ററിൽ "വല്ലഭൻ ഒരുവൻ" എന്ന തമിഴ് സിനിമ ഫസ്റ്റ് ഷോയും, അവിടുന്ന് നാഗമ്പടത്തു റോയൽ തീയേറ്ററിൽ ചെന്ന്, എം. ജി. ആറിന്റെ, "തായ്ക്ക് തലൈമകൻ" എന്ന് സിനിമയും കണ്ട്, തട്ടുകടയിൽ നിന്ന് ആഹാരവും കഴിച്ചു മടങ്ങിയത് ഇന്നന്നപോലെ ഓർമ്മയിൽ... 
ഈ മാസികയ്ക്ക് വേണ്ടി,അന്ന് പ്രേംനസീറിനെ ഇന്റർവ്യൂ ചെയ്യാൻ വിജയൻ, സഹോദരൻ വിശ്വഭരനെ എറണാകുളത്തു നിന്ന് വരുത്തി... 
ഒപ്പം കൂടെ പഠിച്ചിരുന്ന ഒരു മുസ്ലീം യുവാവും, വിശ്വംഭരന്റെ കൂടെ അന്ന് ചങ്ങനാശേരിയിൽ എത്തിയിരുന്നു...
പേര് "മുഹമ്മദ് കുട്ടി"... പിൽക്കാലത്തു മലയാള സിനിമയുടെ മുഖ്യധാരയിൽ തിളങ്ങി നിൽക്കുന്ന മമ്മൂട്ടി ആണ് അന്നത്തെ ആ 
"മുഹമ്മദ് കുട്ടി" എന്ന് അന്ന് ഞാനറിഞ്ഞിരുന്നില്ല.ഇന്നും ഞാനറിയുമായിരുന്നില്ല...
മമ്മൂട്ടി തന്നെ ഇതൊരു അഭിമുഖത്തിൽ,
പറഞ്ഞില്ലായിരുന്നങ്കിൽ..!!! 
ഈ മമ്മൂട്ടി, കെ.ആർ.വിശ്വംഭരന്റെ വളരെ അടുത്തസുഹൃത്തും,സഹപാഠിയുമായിരുന്നു....അതുകൊണ്ടാണല്ലോ ഈ കോവിട് കാലത്തു ,അതിനെ ഭയമുള്ള മമ്മൂട്ടി, കുടുംബസമേതം ശ്രീ കെ.ആർ. വിശ്വംഭരന്റെ ശവസംസ്ക്കാര ചടങ്ങിൽ പങ്കെടുത്തത് ...
പെരുന്നയിൽ അന്നുണ്ടായിരുന്ന ഹോട്ടൽ അൻസാരിയുടെ ഉടമ, സുന്ദരനും സുമുഖനുമായറഷീദ്...പ്രേംനസിറിനെക്കാൾ സുന്ദരനായ ആ ചെറുപ്പക്കാരൻ, 
"റഷീദ്".... അന്നത്തെ ആഴ്ചപ്പതിപ്പുകളിലെ 
ഒരു നായകനായിരുന്നു. ഇപ്പോഴത്തെ എഴുത്തുകാർക്കും, വായനക്കാർക്കും, ഓർമ്മയുണ്ടോ എന്നറിയില്ല?
അക്കാലങ്ങളിൽ അങ്ങനെ ഒരു പരിപാടിയുണ്ടായിരുന്നു....മനോരമ, മാതൃഭൂമി, മനോരാജ്യം, മംഗളം, മാമാങ്കം, തുടങ്ങിയ ആഴ്ച പതിപ്പുകൾ വരുന്ന നിരവധി നീണ്ട കഥകളിൽ, നായികാ നായകന്മാരും, അമ്മായി അമ്മമാരും, ആങ്ങള പെങ്ങമ്മാരുമായി ഒക്കെ, കഥയിൽ വരുന്ന കഥാപാത്രങ്ങളെ തെരഞ്ഞു പിടിച്ചു അവരെയൊക്കെ ഓരോ വികാരങ്ങളിൽ നിർത്തി ഓരോ പോസുകളിൽ ഫോട്ടോയെടുത്തു നീണ്ട കഥകളിൽ അവതരിപ്പിക്കുമായിരുന്നു.
അങ്ങനെ തുടങ്ങി,നാടകങ്ങളിലും, സിനിമകളിലും, കയറിപ്പറ്റിയവർ അക്കാലത്തുണ്ടായിരുന്നു...
ആ അൻസാരി ഹോട്ടലിൽ കാപ്പി കുടിച്ചു കൊണ്ടിരുന്നപ്പോൾ ആണ്... പ്രേംനസീറിനെ ഇന്റർവ്യൂ ചെയ്യാൻ മുഹമ്മദ് കുട്ടി മദിരാശിക്ക്‌ പോകാൻ തീരുമാനിച്ചതെന്നാണ് അന്ന് വിജയൻ എന്നോട് പറഞ്ഞത്....അതിനുവേണ്ടി എന്റെ കഴുത്തിൽ കിടന്ന മാല  ഒന്നുകൂടി ശ്രീകൃഷ്ണ കഫേയിലെ രവീന്ദ്രന്റെ അടുത്ത് പോയി പണയം വച്ചു. അത് നമ്മുടെ വിശ്വഭരൻ വന്നു വാങ്ങിക്കൊണ്ടുപോയി. അതുമായി നമ്മുടെ മുഹമ്മദ് കുട്ടിയെന്ന മമ്മൂട്ടി മദിരാശിയിലേക്കു വണ്ടി കയറി. രണ്ടാമത്തെ ലക്കം പുറത്തിറങ്ങിയത്  അങ്ങനെയാണ്... 
ആ മാല പിന്നെ എടുത്തുതന്നതു വിജയന്റെ  അച്ഛനാണ്... വിജയൻ ഇന്ന് ജീവിച്ചിരിപ്പില്ല... ഇപ്പോൾ വിശ്വംഭരനും പോയി...

ഓർത്തെടുക്കാൻ വിഷമിക്കുന്ന ഗതകാല സ്മരണകൾ....!!!  

നിത്യശാന്തി നേരുന്നു....