പഴയകാല ഓണചിന്തകളിലെ ഓർമ്മകൾ

പഴയകാല ഓണചിന്തകളിലെ  ഓർമ്മകൾ....ആശംസകൾ... 
------------------------------------------------------------
അക്കാലങ്ങളിൽ, എല്ലാം അങ്ങിനെയായിരുന്നു.....
കുഗ്രാമങ്ങളിലെ പരിമിതമായ ജീവിതത്തിനപ്പുറം, ഒരു ലോകമില്ലെന്നും, ഒന്നിനെപ്പറ്റിയും കാര്യമായ ഒരറിവും ഇല്ലാത്ത ഒരു പ്രായം...എനിക്ക് തോന്നുന്നത് ഒരു അഞ്ച് വയസ്സിനും,പതിനഞ്ച്
വയസ്സിനും,ഇടയ്ക്കുള്ള കാലഘട്ടം....ഒന്നാം ക്ളാസ്സു മുതൽ പത്താം ക്ലാസ്സുവരെയുള്ള ഞങ്ങളുടെയൊക്കെ കാലഘട്ടം....
കമ്പ്യൂട്ടറില്ല... ഇന്റെർനെറ്റില്ല... മൊബൈൽ ഫോണുകളില്ല... ഫേസ്ബുക്കില്ല... ഇൻസ്റ്റാഗ്രാമില്ല... ലിങ്കടനില്ല... ട്വിറ്ററില്ല...വാട്ട്'സപ്പ് ഇല്ല...  യൂട്യൂബില്ല...
മിനിസ്ക്രീനുകളോന്നും തന്നെയില്ല.....  
അപൂർവ്വം ചില വീടുകളിൽ, ഓരോ മിനിറ്റിലും പറു.... പറ... ശബ്ദമുണ്ടാക്കുന്ന റേഡിയോകൾ...
മലയാള മനോരമ, മാതൃഭൂമി, തുടങ്ങിയ പത്രങ്ങൾ ചില വീടുകളിൽ ഒക്കെ വരുത്തുന്നുണ്ടങ്കിലും, ഇതൊന്നും വായിച്ചു ഉൾക്കൊള്ളനുള്ള പ്രായമായിട്ടില്ലാത്ത കാലഘട്ടം...
ദൂരേ കവലയിൽ, സിനിമാ കൊട്ടക ഉണ്ടായിരുന്നു എന്നൊരോർമ്മ... 
കുടുതലും ചെറുകിട കർഷകർ...അല്ലങ്കിൽ കർഷകത്തൊഴിലാളികൾ... പഞ്ഞവും പരിവട്ടവുമായി കഴിയുന്ന കുടുംബങ്ങൾ
....മുന്ന് നേരവും അടുപ്പ് കത്താൻ, ബുദ്ധിമുട്ടുന്നതായിരുന്നു കൂടുതൽ കുടുംബങ്ങളും...
ഇന്ന് നമ്മൾ എപ്പോഴും ഉപയോഗിക്കുന്ന ഒരു വാക്കുണ്ടല്ലോ "ലിക്വിഡിറ്റി"...(Liquidity)...
അതായത് കയ്യിൽ കാശില്ലാത്തൊരു കാലം...
പലരും, വീടുകളിലുള്ള തേങ്ങയും, ഓലയും, ഒക്കെ വിറ്റു ജീവിക്കുന്നു...പാടങ്ങളിലും, മൺവിരിപ്പുകളിലും, കരിമ്പ്, കപ്പാ, നെൽകൃഷി, തുടങ്ങിയ കൃഷിയുമായി ചെറുകിട കർഷകർ...ഓല വിറ്റും, ഓല മെടഞ്ഞും,വെറ്റില വിറ്റും, കൊടം പുളി/തോണ്ടുപുളി വിറ്റുമൊക്കെ കാലം കഴിക്കുന്ന സാധു സമൂഹം... 
അക്കാലത്തു  ചില വീട്ടുകളിൽ നിന്ന് ആളുകൾ മിലിറ്ററിയിൽ പോയിട്ടു
ണ്ടായിരുന്നു.... അവൻ പട്ടാളത്തിലാ
ണെന്നാണ് ആൾക്കാർ പറയുക....
വഴിവിളക്കുകൾ വന്നെത്തിയിട്ടില്ലാത്ത പല ഭാഗങ്ങൾ....മണ്ണണ്ണ വിളക്കിന്റെയും, റാന്തൽ വിളക്കിന്റെയും, മുന്നിൽ ഇരുന്നു പാഠപുസ്തകങ്ങൾ വായിച്ചു പഠിക്കുന്ന സ്കൂൾ കുട്ടികൾ...തലപ്പന്ത്, കിളിത്തട്ടു, കുടു കുടു, തുടങ്ങിയ ആൺകുട്ടികളുടെ നാടൻ ഒളിമ്പിക്സ് .....
ജാതിയും മതവും ഒക്കെ അന്നുമുണ്ട്...
പക്ഷേ തീവ്രതയില്ല...!!!ക്രിസ്താനികളും, ഹിന്ദുക്കളും, അതിൽ തന്നെയുള്ള വിവിധ വിഭാഗങ്ങളും, വിവിധ ജാതികളും ചേർന്ന ഗ്രാമവാസികൾ...മുസ്ലിം സമൂഹം, അന്നുമിന്നും ഞങ്ങളുടെ ഗ്രാമത്തിലില്ല.....
മാടക്കടകളും, മുറുക്കാൻ കടകളും, കാപ്പിക്കടകളും, അവിടവിടെയായി കാണാം....പാക്ക് കച്ചവടം, വാഴക്കുല കച്ചവടം, തേങ്ങാ കച്ചവടം, ഇതെല്ലാം സർവ്വ സാധാരണം... 
കവിയൂർ, പുത്തൻ കാവ് മല,, നന്നൂർ, കല്ലൂപ്പാറ, ക്ഷേത്രങ്ങളിലെ ഉത്സവങ്ങൾ.... ജീര്ണാവസ്ഥയിൽ നിന്നുയരുന്ന, ഗ്രാമത്തിലെ മുന്ന് ക്ഷേത്രങ്ങൾ....
നല്ലൂർസ്ഥാനം...പൂവപ്പുഴ...മാതൃക്കോവിൽ...  
കുന്നിപ്പള്ളി... പഴയകാലത്തുണ്ടായിരുന്ന ഒരു 
"ചുമട് താങ്ങി"..... പട്ടരപ്പുപ്പന്റെ വാസസ്ഥലം... ഇലവംകണ്ടത്തിൽ കുടുംബക്കാവ്... ഇതൊക്കെ ചെറുപ്പത്തിലേ മനസ്സിൽപ്പതിഞ്ഞ കാര്യങ്ങൾ.... 
വള്ളംകുളത്തു എൻജിനിയറുടെ മക്കളുടെ പലചരക്ക് കട...കാവും മുറിയിൽ അമ്പലത്തിൽ, സാമ്പശിവൻ സാറിന്റെയും, വർക്കല രാധാകൃഷ്ണന്റെയും, ഒക്കെ കഥ പ്രസംഗങ്ങൾ... എല്ലാം ഓർമ്മയുടെ മറ്റൊരു മുഖം... 
കുന്നിൽ മോട്ടോർസ്,  സെന്റ് ജോർജ്  മോട്ടോർസ്,..രണ്ടു ബസ്സുകൾ 
ഓർമ്മകളിൽ..... 
ഉന്നത വിദ്യാഭ്യാസങ്ങൾ, അതായത് ബിരുദവും,ബിരുദനന്തിരബിരുദങ്ങളും,
ഒക്കെ വന്നത്തിയിട്ടില്ലാത്തഗ്രാമം... 
കാറുകൾ എത്താൻ പിന്നെയും കാത്തിരിക്കേണ്ടി വന്നു....
വർഷങ്ങളിൽ, വല്ലപ്പോഴും ഒരിക്കൽ വന്നു ചേരുന്ന, ഉത്സവ രാത്രികളും, പകലുകളും, ശിവരാത്രി, തൈപ്പുയം, വിഷു...
പള്ളിപെരുന്നാളുകൾ, മതപ്രഭാഷണങ്ങൾ, ഇതിനിടയിൽ വരുന്ന  സംക്രാന്തി,ക്രിസ്മസ്,
ഈസ്റ്റർ, ഓണം,പിന്നെ പഞ്ഞകർക്കിടകം....
ഓണം, ക്രിസ്തുമസ്, കാലഘട്ടങ്ങളിൽ ഉദയ/നീല സ്റുഡിയോകളുടെ, ചില സിനിമകളുടെ പോസ്റ്ററുകൾ ഒട്ടിച്ചു ഉന്തുവണ്ടിയിൽ, ചെണ്ടയുടെ അകമ്പടിയോടെ ഗ്രാമത്തിൽ അവിടവിടെയായി കാണാം....
റേഡിയോയിൽ സന്ധ്യക്ക്‌ ആറര മുതൽ ഏഴ് വരെയുള്ള ചലച്ചിത്ര ഗാനങ്ങൾ... ഉച്ചക്കൊരുമണി മുതൽ രണ്ടു വരെ തിരുച്ചി റേഡിയോ സ്റ്റേഷനിലെ സംഗീത കച്ചേരി... ചെന്നൈ വാനോളിയിൽ രാത്രി എട്ടരക്കുള്ള നക്ഷത്ര നിനൈവുകൾ...ഉച്ചക്ക് മുന്ന് മണി മുതൽ ഏഴ് മണി വരെയുള്ള ഇലങ്കൈ ഒലിവരപ്പ്‌ കുട്ടൂസ്ഥാപന വർത്തക സേവയ്...രാത്രിയിൽ വരുന്ന അമിൻ സഹാനിയുടെ ബിനാകാ ഗീതുമാല,ഇതൊക്കെ മറക്കാതെ ഓർമ്മകളിൽ... 
മാസം തോറും, എന്റെ വീട്ടിൽ, പക്ക പിറന്നാൾ ദിവസങ്ങളിൽ, ഉദയാസ്തമനനം വരെയുള്ള ഭാഗവത പാരായണം ഇന്നും മറയാതെ മനസ്സിൽ...വായനക്കാരിൽ പലരെയും ഓർമ്മയിൽ.... 
കർത്തശേരിലെ കൊച്ചുപിള്ള കൊച്ചാട്ടൻ, തിരുനല്ലൂരെ കൊച്ചു പണിക്കരു കൊച്ചാട്ടൻ, കോഴംച്ചേരിയിൽ നിന്ന് വന്നിരുന്ന,മണ്ണിട്ടിലെ കുട്ടിയമ്മ ചേച്ചിയുടെ സഹോദരൻ  കുടുമയുള്ള പണിക്കര് ചേട്ടൻ, വനവത്ക്കര ഭക്തൻ സ്വാമി, അങ്ങനെ എത്രയോ പേരുകൾ..... 
നാല്/അഞ്ച്, പ്രൈവറ്റ്/ഗവർമെന്റ് സ്‌കൂളുകൾ ഗ്രാമത്തിന്റെ പല ഭാഗങ്ങളിലായി സ്ഥിതിചെയ്യുന്നു.....
ചില അധ്യാപകരുടെ പേരുകൾ എന്നും ഓർമ്മയിൽ.... 
ആദ്യാക്ഷരങ്ങൾ പറഞ്ഞു തന്ന, വാലുമണ്ണിൽ നാരായണൻ സാർ, പഴുവരിക്കൽ പൊന്നമ്മ സാർ, കല്ലാണ്ടങ് രാഘവൻ പിള്ള സാർ, കോഴം ചേരിയിൽ നിന്ന് വന്നിരുന്ന ശോശഅമ്മ സാർ,.... 
തുടങ്ങി, വള്ളംകുളത് ചാത്തോത് ഏലിയാമ്മ സാർ, മീനാക്ഷിഅമ്മ സാർ, കുമ്പനാട്ടുകാരൻ ജോൺ സാർ, 
ഹൈസ്കൂളിലുണ്ടായിരുന്ന വിക്രമ പണിക്കർ സാർ, ചിറയിലെ ജേക്കബ് സാർ, കഇക്കര്പ്പൂരേ സക്കറിയ സാർ,
എ.എം. ജോർജ് സാർ, കെ.കെ.സക്കറിയ
സാർ,  കെ സി മാത്യു സാർ, രാഘവ പണിക്കർ സാർ, രാജൻ സാർ, ചാക്കോ സാർ, മോഹൻ തോമസ് സാർ, ചെറിയാൻ പി ചെറിയാൻ സാർ, മാണി സാർ, ഈ കഴിഞ്ഞ ദിവസം നിര്യാതയായ തങ്കമ്മ മാണി സാർ, അങ്ങനെ കുറേപ്പേരുകൾ.... അതിലൊക്കെ ഉപരി, അ.  ആ. പഠിപ്പിപ്പിച്ച തെക്കുംപുറംത്തെ ആശാൻ, ക.ഖ. പഠിപ്പിച്ച, നടുവത്തുമ്മേലിലെ ആശാൻ, ഇവരൊക്കെ എന്നും ഓർമ്മകളിൽ....  
കുന്നിപ്പളിയിൽ, ചിങ്ങവനത്തു നിന്ന് വന്നു കരോൾ ഗാനങ്ങൾ പാടിയ ഗായകസംഗം...
പൂവപ്പുഴ അമ്പലത്തിന് പുറക് വശത്തുണ്ടായിരുന്ന മഞ്ഞാടിയിൽ എന്ന വീട്ടിൽ, വച്ചുള്ള സ്ത്രീകളുടെ ഓണപരിപാടികൾ, തുമ്പി തുള്ളൽ തുടങ്ങിയവ.... 
ഓർത്തെടുക്കാൻ വളരെ ബുദ്ധി മുട്ടുള്ള വിമോചന സമരം...കുടുതലും കേട്ടറിവാണ്.
ചില "വാക്കുകൾ" മായാതെ മനസ്സിൽ.... ആറന്മുള പള്ളിവേട്ട, തിരുവല്ല പള്ളിവേട്ട, ചെങ്ങന്നൂർ ആറാട്ട്, ഏറ്റുമാനൂർ ആറാട്ട്, മാരാമൺ കൺവെൻഷൻ, മഞ്ഞനിക്കര തീർത്ഥയാത്ര, ശബരിമല തീർത്ഥയാത്ര, ആഴി തുള്ളൽ, നാല്പത്തൊന്നു വൃതം,......ആറാം ഉത്സവത്തിന് ത്രിക്കയുരപ്പന്റെ ഞങ്ങളുടെ ദേശത്തേക്കുള്ള എഴുന്നള്ളത്... 
തുടങ്ങിയവ....
മഹാന്ഭവാനെന്നു വിശേഷിപ്പിക്കുന്ന,
എം. കെ. ത്യാഗരാജ ഭാഗവതരുടെ കച്ചേരി തിരുവല്ല അമ്പലത്തിൽ.... 
അന്നൊരിക്കൽ, ഞങ്ങളുടെ ഗ്രാമത്തിൽ, ഒരു നാടകം അരങ്ങേറിയത് ഒരു മിന്നായം പോലെ.... ഓർമയേക്കാൾ കുടുതലും അതേപ്പറ്റി കേട്ടറിവാണ്... "പച്ച വെളിച്ചം" എന്നോ മറ്റോ ആയിരുന്നു നാടകത്തിന്റെ പേര്‌..... അതേപ്പറ്റി ഒരു എപ്പിസോഡ് എഴുതാനുണ്ട്..... 
ഇതിനൊക്കെ അപ്പുറം, ഞങ്ങളുടെ ചിന്തകൾ ചിറകുവിരിച്ചു നടക്കാത്ത, മനസ്സിന്റെ പരിമിതികകളിൽ മാത്രം നിറഞ്ഞു നിന്നിരുന്ന ബാല്യവും കൗമാരവും .....
അക്കാലങ്ങളിൽ, ഓരോ ദിവസവും, പല പ്രാവിശ്യം കാണുന്ന അയല്പക്കത്തെ ബന്ധുമിത്രാദികളും, സ്നേഹിതരുമായ ചില പ്രായമായവരുടെയും....ചെറുപ്പക്കാരുടെയും... മുഖങ്ങൾ.... ഒരിക്കലും മായാതെ, എന്നും മധുരമുള്ള ഓർമകളിൽ... ഇവരെല്ലാം ഈ ലോകം വിട്ടു പോയെങ്കിലും, അമരത്വമായി എന്നും എന്നും മനസ്സിലുണ്ടാകും...
കൂട്ടിനുണ്ടാകും.....
ഇവരിൽ ചിലരുടെയൊക്കെ മക്കൾ എന്റെ സഹപാഠികളായിരുന്നു എന്നത് ശ്രദ്ധേയം.... 
ചിലരുടെയൊക്കെ പടങ്ങൾ എന്റെ ശേഖരങ്ങളിൽ കിട്ടിയിട്ടുണ്ട് ...
വേറേ ചിലരുടെയൊക്കെ കിട്ടാനുമുണ്ട്....
അവരുടെയൊക്കെ ഫോട്ടോകൾ....  
അതൊക്കെ നേടിയെടുക്കാൻ "കൊറോണ" എന്ന മഹാമാരി ഇനിയും സമ്മതിക്കുമോ ആവോ....!!! 
എന്നാലും, അവരെല്ലാം എന്നും എപ്പോഴും ഓർമ്മകളിൽ...എന്നും,എന്നും ഓർമ്മകളിൽ...