കാലം പോയതറിയാതെ..
പ്രതിഷ്ഠദിനവും,സപ്താഹയജ്ഞവും.(ഭാഗം ഒൻപത് -തുടർച്ച.)
മേതൃക്കോവിൽ മഹാദേവർ ക്ഷേത്രത്തിന് ആയിരത്തി ഇരുനൂറ് വർഷങ്ങളുടെ പഴക്കമുണ്ടന്നു പറയപ്പെടുന്നു.
ആധികാരികമായി ആരും തെളിവുകൾ നിരത്തിയിട്ടില്ല. പത്തില്ലത്തിൽ പോറ്റിമാരുടെ വീടുകളിൽ ഉണ്ടായിരുന്ന താളിയോലകൾ എല്ലാം ജീർണിച്ചു മണ്ണടിഞ്ഞു കഴിഞ്ഞിരുന്നു. ഏക തെളിവായി പറയുന്നത് മേതൃക്കോവിൽ മഹാദേവക്ഷേത്രവും കവിയൂർ മഹാദേവക്ഷേത്രവും ഒരേ കാലത്തു പണി കഴിപ്പിച്ചിട്ടുള്ളതാണന്നാണ്.!!!
അതിൻ്റെ അടിസ്ഥാനം ഈ രണ്ടു ക്ഷേത്രങ്ങളിലെയും തന്ത്രിമാർ തൊട്ടടുത്തുള്ള ഗ്രാമമായ കവിയൂരിൽ ഉള്ള പറമ്പൂരു ഇല്ലത്തു ഭട്ടതിമാരാണെന്നുള്ളതുമാണ്.
കവിയൂർ മഹാദേവർ ക്ഷേത്രം പഴയകാല തിരുവിതാംകുറിലുള്ള മേജർ ക്ഷേത്രങ്ങളിൽ ഒന്നായിരുന്നു. അത് കൊണ്ട് തന്നെ അത്തരം മേജർ ക്ഷേത്രങ്ങളെപ്പറ്റി ധാരാളം പഠനങ്ങൾ നടത്തിയിട്ടുണ്ടാകാം. കവിയൂർ ഗ്രാമവും ഇരവിപേരൂർ ഗ്രാമവും തമ്മിൽ പലതരത്തിലും അടുത്ത ബന്ധങ്ങൾ ഉണ്ടന്ന് പറയപ്പെടുന്നു. അതിലൊന്നാണ് ഈ ഗ്രാമങ്ങളിലെ ക്ഷേത്രങ്ങൾ രണ്ടും ഒരു തന്ത്രികുടുംബവുമായുള്ള ബന്ധം പോലും.ഈ പറമ്പുരില്ലത്തുണ്ടായിരുന്ന പഴയ താളിയോല ഗ്രന്ഥങ്ങളിൽ പറയുന്നു. ഇന്നേക്ക് ഏതാണ്ട് അഞ്ഞുറു വർഷങ്ങൾക്കപ്പുറം, അതായതു കൊല്ലവർഷം 684 മാണ്ടിൽ, ഈ രണ്ട് ക്ഷേത്രങ്ങളിലും അഷ്ടബന്ധകലശങ്ങളും ശുദ്ധികലശങ്ങളും നടത്തിയതായി രേഖപ്പെടുത്തിയിട്ടുണ്ട്. അതാണ് ചരിത്രപരമായ ഒരു അപഗ്രഥനം. ഏക സൂചന എന്ന് വേണമെങ്ങളിൽ ഒരു വാദത്തിനു വേണ്ടി പറയാം.
ഇരവിപേരൂരുള്ള പത്തില്ലത്തിൽ പോറ്റിമാരും കവിയൂരുള്ള പറമ്പുരില്ലത് ഭട്ടതിരിമാരുമയുള്ള ബന്ധവും കുറച്ചൊന്നുമായിരുന്നില്ല എന്ന് പറഞ്ഞു കേട്ടിരിക്കുന്നു.കഥകൾ അങ്ങനെ ഒരുപാട്. ഇരവിപേരൂർ മഹാദേവർ ക്ഷേത്രം പാഴൂർ സ്വരൂപത്തിൻ്റെ വക ആയിരുന്നു എന്നൊരു കൂട്ടർ ശക്തമായി വാദിക്കുമ്പോൾ, അമ്പലത്തിൻ്റെ ഭരണം മാത്രമേ അവർക്കുണ്ടായിരുന്നുള്ളു എന്ന് മറ്റൊരു കൂട്ടർ. ഇടപ്പള്ളി സ്വരൂപത്തിൻ്റെ വക ആയിരുന്നു എന്ന് മറ്റൊരു കൂട്ടർ. പന്ത്രണ്ടാം നൂറ്റാണ്ടിൽ ഈ പാഴൂർ സ്വരൂപം മുവാറ്റുപുഴയിലേക്ക് ചേക്കേറിയപ്പോൾ അമ്പലത്തിൻ്റെ ഭരണാവകാശം പത്തില്ലത്തിൽ പോറ്റിമാർക്ക് കൊടുത്തിട്ടുണ്ടന്നു മറ്റൊരു കൂട്ടർ.
എന്നാൽ ഭാരിച്ച സമ്പത്തുകളുള്ള ക്ഷേത്രാവകാശത്തെ ചൊല്ലി പലപ്പോഴും സംഘട്ടനങ്ങളും വാക്ക് തർക്കങ്ങളും എന്നും നിലവിലുണ്ടായിരുന്നു എന്നത് തർക്കമറ്റവിഷയം.
പണത്തിനപ്പുറം എന്ത് അമ്പലം? എന്ത് പ്രതിഷ്ഠ? എന്ത് ദൈവം? അതല്ലേ നഗ്നമായ സത്യം.
തമിഴ് നാട്ടിൽ നിന്ന് കേരളത്തിലേക്ക് കുടിയേറിപ്പാർത്ത പുലയർ സമൂഹം ഇരവിപേരൂരിലെ മുണ്ടക്കമലയിൽ താമസിച്ചിരുന്നെന്നും, അവരുടെ ആരാധനാ മൂർത്തിയാണ് മേതൃക്കോവിൽ മഹാദേവർ എന്ന് വിശ്വസിക്കുന്നവർ ധാരാളം. റാന്നിയിൽ നിന്നെത്തിയ ഒരു വിഭാഹം ചെട്ടിപ്പിള്ളമാർ ഇരവിപേരൂരിലേക്കു വന്നു ചെട്ടിപ്പറമ്പിൽ താമസമായി എന്നും അവരുടെ ദൈവമായിരുന്നു മേതൃക്കോവിൽ മഹാദേവൻ എന്ന് വിശ്വസിക്കുന്നവരും കുറവല്ല.
മേതൃക്കോവിൽ ക്ഷേത്രത്തിൻ്റെ തന്ത്രി തിരുവല്ല തുകലശ്ശേരി പറമ്പൂർ ഭട്ടതിരിക്കു പരശുരാമൻ നേരിട്ട് കൊടുത്ത അവകാശമാണെന്നും പറയപ്പെടുന്നു. അപ്പോൾ പരശുരാമൻ്റെ കാലം ആയിരം വര്ഷങ്ങൾക്കപ്പുറമായിരുന്നോ.? എന്നൊരുതോന്നൽ.!!! അതിനു അപ്പുറം അദ്ദേഹം മനുഷ്യനോ? അതോ വിഷ്ണുവിൻ്റെ അവതാരമോ? നൂറു കുട്ടം ചോദ്യങ്ങൾ മുന്നിൽ വരുന്നു.!!!
പത്തില്ലങ്ങളിൽ ആറില്ലങ്ങൾക്കായിരുന്നു ഉരാഴ്ന്മ അവകാശം. പച്ചംകുളം, കാരനെന്മേനി, കരിപ്പൂര്, തെഞ്ചേലി, കൊന്നോലി, ഇളയിടം.
ക്ഷേത്രത്തിൻ്റെ സ്ഥാനക്കണക്ക് പനക്കൽ കുടുംബത്തിനായിരുന്നു. കവിയൂർ പാറകാട്ടു കുടുംബമായിരുന്നു ഇവുടുത്തെ സംബന്ധി വർഗം. ഇങ്ങനെ പലതരം കഥകൾ പറഞ്ഞു കേട്ടുണ്ടങ്കിലും ഇതിൻ്റെ യൊന്നും ആധികാരി
കത ആർക്കും പറയാനുണ്ടാകില്ല.!!!
ക്ഷേത്രത്തിലെ ദേവി ദേവന്മാരെപ്പറ്റി നേരത്തെയുള്ള എപ്പിസോഡിൽ പറഞ്ഞിട്ടുള്ളത് കൊണ്ട്, ആവർത്തന വിരസത ഒഴിവാക്കുന്നു. ഇവിടെ വലിയ ശ്രീകോവിൽ ഉണ്ടായിരുന്നു എന്ന് പറഞ്ഞു കേട്ടിട്ടുണ്ട്.നാലമ്പലത്തിൻ്റെ തറയും അവിടേക്കു പ്രവേശിക്കാനുള്ള കൽപ്പടവുകളും എനിക്ക് മുണ്ടായിരുന്നവർ കണ്ടിട്ടുണ്ട്. വലിയ ശ്രീഭൂതനാഥ ബലിക്കല്ല് ഞാൻ കണ്ടിട്ടുണ്ട്. ഇപ്പോഴുമുണ്ട്. കൊടിമരവും ഗോപുരവുമൊക്കെ തകർന്നടിഞ്ഞതാവാം. അല്ലെങ്കിൽ ആരെങ്കിലും വിറ്റതാകാം. ശ്രീകോവിലിന് മുൻപിൽ നമസ്കാര മണ്ഡപം ഉണ്ടായിരുന്നത് ഞാനോർക്കുന്നു. അമ്പലമുറ്റത് മണിക്കിണർ ഇപ്പോഴുമുണ്ട്. അതിനടിയിലൂടെ ഒരു തുരങ്കം പരിയാത് കുളം എന്നറിയപ്പെടുന്ന അമ്പലകുളം വരെയുണ്ടായിരുന്നു പോലും.!!! ആ അമ്പലക്കുളത്തിൽ ധാരാളം മത്സ്യങ്ങൾ ഉണ്ടായിരുന്നത് ഇപ്പോഴും ഓർമ്മയിൽ.
ഇന്നതെല്ലാം വെറുമൊരു ഓർമ്മ മാത്രമായി മാറിയിരിക്കുന്നു.അതിനപ്പുറമുണ്ടായിരുന്ന ഒരു കാവ് എൻ്റെ ഓർമ്മയിൽ ഞാൻ കണ്ടിട്ടുണ്ട്. ആ കാവ് ഞാൻ ജനിച്ചു വളർന്ന നെയ്യത്തുരുത്തിൽ പുരയിടത്തിൻ്റെ വടക്കു കിഴക്കു ഭാഗത്തായി
രുന്നു. എൻ്റെ ചെറുപ്പത്തിൽ അതിന് നെയ്യത്തുരുത്തിൽ കാവെന്ന് അറിയപ്പെട്ടിരുന്നു/വിളിച്ചിരുന്നു. ഇന്നതൊന്നും നിലവിൽ ഇല്ല. മുൻ അധ്യായങ്ങളിൽ പറഞ്ഞിട്ടുള്ള മറ്റൊരു കാവ് ഇപ്പോൾ കാണുന്ന ക്ഷേത്രത്തിൻ്റെ തെക്കു പടിഞ്ഞാറേ മുലയിൽ ഉള്ളതാണ്.
ക്ഷേത്രത്തിൻ്റെ തെക്കു കിഴക്കേ മുലയിൽ ഉണ്ടായിരുന്ന കരിങ്കല്ലിൽ മെനഞ്ഞെടുത്ത ഒരു വലിയ ചുമടുതാങ്ങി ഈ ഭൂപ്രദേശത്തെ പഴയകാല വ്യാപാര/ വാണിജ്യത്തെ പ്രകീർത്തിക്കുന്നു. അടുത്തകാലം വരെ ആ ചുമട് താങ്ങി ഉണ്ടായിരുന്നു എന്നാണ് എൻ്റെ ഓർമ്മ.
കാര്യങ്ങൾ ഇങ്ങനെയൊക്കെ ആയിരുന്നെ
ങ്കിലും ഒരു കാലഘട്ടത്തിൽ അധികാരത്തിൻ്റെ വടവലിയും, ദുർന്നടപ്പുകാരുടെ ഭരണവും,ഭാരിച്ച സ്വത്തുക്കളുണ്ടായിരുന്ന ഈ ക്ഷേത്രത്തിൻ്റെ അസ്ഥിവാരം തോണ്ടാൻ കാരണമായി എന്ന് പറഞ്ഞാൽ അതിലൊട്ടും അതിശയോക്തിയില്ല. നാടിൻ്റെ സുകൃതക്ഷയം എന്ന് പറയുമ്പോൾ അതിൻ്റെ അർത്ഥവ്യാപ്തി വേറെയാകും.
ശദാബ്ദങ്ങൾ അല്ലെങ്കിൽ പോട്ടെ ദേശബ്ദങ്ങൾ, അമ്പലത്തിന്റ സ്വത്തുക്കൾ കയ്യടക്കി അതിലുണ്ടായിരുന്ന സ്വർണ്ണശേഖരങ്ങൾ, ഭാരിച്ച വസ്തുവകളിലെ ആദായങ്ങൾ മോഷ്ടിച്ചും വിറ്റു തിന്നും നടന്നു നീങ്ങിയപ്പോൾ ദേവീദേവന്മാർ തെരുവിലായി.
അങ്ങനെ കാലങ്ങൾ കടന്നു പോയപ്പോൾ പട്ടിണിയും ദാരിദ്രവുമായി കഴിഞ്ഞിരുന്ന ഇരവിപേരൂരിലെ അന്നത്തെ മുന്ന് വാർഡിലേയും ഹിന്ദുസമുഖം ജാതിഭേദമെന്യേ ഒന്നിച്ചു 1961 മാർച്ച് പതിനൊന്നാം തീയതി ഇരവിപേരൂർ ഹൈന്ദസേവാ സംഘം രൂപികരിച്ചു. രജിസ്റ്റർ ചെയ്തു.രജിസ്റ്റർ നമ്പർ 25.
അൻപതു പേരടങ്ങുന്ന ഒരു ജനറൽകമ്മിറ്റിയും,സ്വാതന്ത്രസമരസേനാനിയും
താമ്രപത്ര അവാർഡ് ജേതാവുമായ കട്ടോടിമലയിൽ രാഘവൻപിള്ള ചേട്ടൻ പ്രസിഡന്റായും, കരിക്കാത്രമണ്ണിൽ ദാമോദരൻപിള്ള ചേട്ടൻ വൈസ് പ്രസിഡന്റായും, എന്നെ പത്താം ക്ലാസ്സിൽ കണക്കിന് ട്യൂഷൻ എടുത്ത് നൂറിൽ മുപ്പത്തഞ്ചു മാർക്ക് വാങ്ങി പാസ്സാകാൻ സഹായിച്ച മഴവഞ്ചേരിൽ ഗോപാല പണിക്കരുചേട്ടൻ സെക്രട്ടറി ആയും, എൻ്റെ അച്ഛൻ ഇളവംങ്കണ്ടത്തിൽ/നെയ്യത്തുരുത്തിൽ ഗോപാലപിള്ള ജോയിന്റ്സെക്രട്ടറി ആയും,
ഒറ്റുചാലിൽ ശങ്കരപണിക്കരു ചേട്ടൻ ഖജാൻജി ആയും, പുത്തൻ പറമ്പിൽ ഗോവിന്ദനാചാരി ചേട്ടൻ ജോയിന്റ് ഖജാൻജി ആയും,
25 പേരടങ്ങുന്ന ഒരു എക്സിക്യൂട്ടീവ് കമ്മിറ്റിയുമാണ് ഈ സംഘത്തിൻ്റെ തുടക്കം. ഈ ജനറൽ കമ്മിറ്റിയിലും എക്സിക്യൂട്ടീവ് കമ്മിറ്റിയിലും ഉണ്ടായിരുന്നവർ ആരും ഇന്ന് ജീവിച്ചിരിപ്പില്ല .ഓർമ്മിക്കാൻ ഒരുപാട് പേരുണ്ട് .കരിമ്പന്നൂർ ആദി ഗോവിന്ദപിള്ള ചേട്ടൻ, കീകരുപ്പൂര് കൊച്ചുഞ്ഞു പിള്ള ചേട്ടൻ, കർത്തശേരിൽ പരമേശ്വരൻ പിള്ള ചേട്ടൻ, കിഴക്കേക്കുറ്റ് രാഘവൻപിള്ള ചേട്ടൻ, കുറിച്ചി മലയിൽ നാണുപിള്ള ച്ചേട്ടൻ, കുറുച്ചി മലയിൽ ചെല്ലപ്പൻ പിള്ള ചേട്ടൻ, എരുത്തുക മുറിയിൽ ശ്രീധരൻ പിള്ള ചേട്ടൻ,. അങ്ങനെ നീണ്ടു പോകുന്ന നിരകൾ.. ഇരവിപേരൂരിലുള്ള മുന്ന് ക്ഷേത്രങ്ങളും അതിനോട് ബന്ധപ്പെട്ട സ്ഥലങ്ങളും, അവശേഷിച്ച പത്തില്ലത്തിൽ പോറ്റിമാരിൽ നിന്ന് ഏറ്റടുത്തു.ക്ഷേത്ര
സംരക്ഷണങ്ങളുടെ ഉത്തരവാദിത്വങ്ങൾ ഏറ്റെടുത്തു. പുരോഗമനത്തിൻ്റെ പാതയിലേക്ക് നടന്നു നീങ്ങി.ഇതാണ് എല്ലാവരും ഇന്നറിയപ്പെടുന്ന ചരിത്ര സത്യങ്ങൾ.
എന്നാൽ ക്ഷേത്ര പുനരുദ്ധാരണത്തിൻ്റെ ശരിയായ തുടക്കം ഇതായിരുന്നില്ല.
ഇതിനും ഒരു ദശാബ്ദങ്ങൾപ്പുറം, ക്ഷേത്ര പുനരുദ്ധാരണത്തിന് ശരിക്കും തുടക്കം കുറിച്ചിരുന്നു.അതാരും അന്നുമിന്നും പറയാൻ ശ്രമിച്ചിട്ടില്ല എന്നത് മറ്റൊരു മഹാസത്യം.ഞാൻ ജനിക്കുന്നതിനു
മൊക്കെ വളരെ മുൻപ്, അമ്പല പുനരുദ്ധാരണസംഘം ക്ഷേത്രങ്ങളുമായി
ബന്ധപ്പെട്ട് നടന്നിട്ടുണ്ട്.കുറെ മഹത്തുക്ക
ളുടെ പേരുകൾ നിരത്തേണ്ടി വരും. എല്ലാം എനിക്ക് മുൻപേ നടന്നു നീങ്ങിയവർ പറഞ്ഞു തന്നിട്ടുള്ളതാണ്. അതിന് തന്നെ ഒരു എപ്പിസോഡ് വേണ്ടി വരും.
പക്ഷേ അതിന് മുൻപ്, "ഊഷാര ഭുമി"
യിലേക്കൊന്നു എത്തി നോക്കേണ്ടാതാ
യിട്ടുണ്ട്. അതിന് ശേഷം.തീർച്ചയായും.
തുടരും.