പ്രതിഷ്ഠദിനവും,സപ്താഹയജ്ഞവും.
(എട്ടാം ഭാഗം.. തുടർച്ച.)
മുൻപിലെ അദ്ധ്യായത്തിൽ സൂചിപ്പിച്ചിരുന്ന എട്ടു, പത്തില്ലത്തിൽ പോറ്റിമാരുടെ പേരുകളിൽ, ഞങ്ങളുടെ ഇരവിപേരൂരിലെ പത്തില്ലങ്ങൾ ഇപ്പോഴും ഓർമ്മയിൽ.
അച്ഛൻ പറഞ്ഞു തന്നിട്ടുള്ളതാണ്.
പച്ചംകുളം, കരനെന്മനി, ഇളയിടം, കൊന്നോലിൽ, അടിയോടി, പ്രയാറ്റു, കരിപ്പൂര്, തെഞ്ചേരി, കാട്ടോടുത്തു, പെരുംന്തോടത് തുടങ്ങിയ പത്തില്ലങ്ങളാണ് മുകളിൽ പറഞ്ഞ ഞങ്ങളുടെ നാട്ടിലെ അമ്പലങ്ങളുടെ അന്നത്തെ അവകാശികൾ.ഇതൊക്കെ പക്ഷേ ശതാബ്ദങ്ങൾക്കപ്പുറത് ഉള്ള ചരിത്രമാണ്.കഥപോലെ വായിച്ചാൽ മതി.ഞങ്ങളുടെ ഇരവിപേരൂർ ഗ്രാമത്തിൽ ഓണമെന്ന് പറഞ്ഞാൽ പൂരാട ദിവസമാണ്. ഇത് കേരളത്തിൽ ഞങ്ങളുടെ ഗ്രാമത്തിൻ്റെ മാത്രം സവിശേഷതയാണ്. ഇതിൻ്റെ പിന്നിൽ ഒരു വലിയ കഥയുണ്ട്.
ശതാബ്ദങ്ങൾക്കപ്പുറത് ചിങ്ങ മാസത്തിലെ തിരുവോണത്തിൻ്റെ രണ്ടു ദിവസം മുൻപുള്ള പൂരാട ദിവസം ശിവനും പാർവ്വതിയും വേടന്റേയും വേടത്തിയുടെയും വേഷത്തിൽ പച്ചംകുളത്തില്ലത്തിൽ പുരുഷന്മാരാരും ഇല്ലാത്ത സമയത്തു കയറിച്ചെന്നു. "ദാഹിക്കുന്നു കുടിക്കാൻ വെള്ളം വേണമെന്ന്" അവിടെയുള്ള അന്തർജനത്തോടപേക്ഷിച്ചു പോലും.
ഇവിടെ ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കുക
വന്നത് ചണ്ഡാല ജാതി. വെള്ളം കൊടുക്കേണ്ടത് ബ്രമ്മണഇല്ലത്തു
നിന്ന്. അകലം ചെറുതല്ല. അന്തർജ്ജനത്തിനു അലിവ് തോന്നി. തെങ്ങിൽ നിന്ന് കരിക്കിട്ടു കുടിച്ചോളാൻ സമ്മതം മൂളി.വേടനും വേടത്തിയും ഇറങ്ങി തെങ്ങിൻ്റെ ചുവട്ടിൽ ചെന്ന് നിന്നപ്പോൾ മരം താനേ കുനിഞ്ഞു വന്നു എന്നും, അപ്പോൾ അതിൽ നിന്ന് കരിക്കെടുത് പൊതിച്ചു കുടിച്ചു എന്നും ഇത് ജനലിലൂടെ നോക്കിക്കണ്ട അന്തർജനം ഉറക്കെ വിളിച്ചു കൂവി ആൾക്കാരെ കുട്ടി ചെന്നപ്പോൾ വേടനും വേടത്തിയും അപ്രത്യകഷരായി പോയി എന്നും കഥയിൽ പറയുന്നു.പല തരത്തിൽ അന്വേഷണം നടത്തിയിട്ടും വേടനെയും വേടത്തിയെയും കണ്ടത്താൻ കഴിയാതെ വന്നപ്പോൾ,
മറ്റു പത്തില്ലം പോറ്റിമാരുമായി കുടി ആലോചിച്ചു. പ്രശ്നം വയ്ക്കാൻ തീരുമാനായി. ജോത്സ്യർ പ്രശനം വച്ചപ്പോൾ, വന്നത് സാക്ഷാൽ പരമശിവനും പാർവതി ദേവിയുമാണന്നു മനസ്സിലായപ്പോൾ കാര്യത്തിൻ്റെ ഗൗരവം വേറൊരു തലത്തിലേക്ക് മാറുകയാണുണ്ടായത്.
ആ വർഷം മുതൽ ചിങ്ങമാസത്തിലെ പൂരാടം നാളിൽ ഇരവിപേരൂർ ഗ്രാമത്തിൽ അക്കാലത്തു ഉച്ച നീചത്വങ്ങൾ മറന്നു ഭിക്ഷാടത്തിനായി വരുന്ന എല്ലാവർക്കും ഇല്ലങ്ങളുടെയും വീടുകളുടെയും ഓരത് ഇരുത്തി ആഹാരങ്ങൾ നൽകുകയും ധനധാന്യങ്ങളും മറ്റും ഈശ്വരാർപ്പണമായി സമർപ്പിക്കുന്ന ഒരുസാമുഹിക സാംസ്‌കാരിക വിപ്ലവത്തിൻ്റെ തുടക്കമാണ് എന്ന് പറയുന്നതിൽ തെറ്റില്ല.കമ്മൂണിസം ഉണ്ടാകുന്നതിന് ശതാബ്ദങ്ങൾക്കു മുൻപ് ഞങ്ങളുടെ നാട്ടിൽ ഉണ്ടായ പ്രാചീന കമ്മൂണിസ്സം.അന്ന് മുതൽ എല്ലാ വർഷവും ചിങ്ങമാസത്തിലെ പൂരാടദിവസം പുലർച്ചെ പച്ചംകുളത്തില്ലത്തിൽ നിന്ന് കൊടുത്തു തുടങ്ങുന്ന ഈ ധർമ്മം കൊടുക്കൽ, ഗ്രാമം മുഴുവനായി പകലന്തിയോളം തുടരുന്നു. വേലന്മാർ പണ്ടാരങ്ങൾ കണിയാന്മാർ വേട്ടുവന്മാർ കാക്കാലന്മാർ അരയന്മാർ തുടങ്ങിയ വിവിധ സമുദായങ്ങൾ കുടുംബസമേതം വരവാകുന്നു.എൻ്റെ ഓർമ്മയിൽ ഈ കുട്ടത്തിൽപ്പെട്ട ചില സമുദായക്കാർ വെറ്റില ചുണ്ണാമ്പ് പുകയില ചെവിത്തോണ്ടി തുടങ്ങിയ വസ്തുക്കൾ കാണിക്കയായി കൊണ്ട് വരുന്നത് പതിവായിരുന്നു .
കണിയാന്മാരുടെ ഉടുക്ക് പാട്ടുകൾക്കൊപ്പം ചുവട് വയ്ക്കുന്ന കൊച്ചു കുട്ടികൾ .സ്ഥിരം കാഴ്ചകൾ ഇന്നും മായാതെ മനസ്സിൽ.എൻ്റെ ചെറു പ്രായത്തിൽ ഒരു പാണൻ വരുക പതിവായിരുന്നു. പൂരാട രാത്രിയിൽ ഏതാണ്ട് ഒരു മണി രാത്രി ആകുമ്പോൾ വീട്ടു പടിക്കൽ ഒരു ഉടുക്ക് പാട്ടിൻ്റെ ശബ്ദം കേട്ട് ഉണരാറുണ്ടായിരുന്നു. ഇപ്പോഴും ആ പാട്ടിൻ്റെ രണ്ടു വരികൾ ഓർമ്മയിൽ. "തിരു അരംഗനോട് തോറ്റ സമി, ഇനി ആരോട് പോർ ജയിക്കും".
ഒരു പാണൻ അങ്ങ് കിഴക്കു കുപ്പകയ്ത് നിന്നാണ് വരുന്നത്.പാണന്മാർ
ഞങ്ങളുടെ നാട്ടിൽ ഉണ്ടായിരുന്നില്ല. ഇന്നുമില്ല.വടക്കൻ പാട്ടിലൂടെ മാത്രം കേട്ടിട്ടുള്ള പാണന്മാർ
എൻ്റെ ചെറുപ്പത്തിൽ എൻ്റെ വീട്ടു പടിക്കൽ ചിങ്ങമാസത്തിലെ പൂരാടത്തു നാൾ അർത്ഥരാത്രിയിൽ കണ്ടിട്ടുണ്ട്.
പുലയർ സമുദായത്തിന് വളരെ പ്രാധാന്യം ഉണ്ടായിരുന്നതായി പറയപ്പെടുന്നു. ഇരവിപേരൂർ "തെക്കേ നെല്ലെട്ട്" എന്ന കുടുംബത്തിനപ്പുറമായി "പുലയർ മന്ദ്രങ്ങൾ" നില നിന്നിരുന്നു. അതിനൊരു അധിപനും (തമിഴിൽ തലൈവർ എന്ന് പറയും) സമൂഹത്തിൽ തീരുമാനമെടുക്കാൻ അധികാരമുണ്ടായിരുന്ന പുലയർ മഹാസഭ.ഇതെല്ലാം ഇരവിപേരൂരിൻ്റെ പഴമയുടെ പെരുമയാണ്. മാത്രമോ തൊട്ടടുത്തുള്ള കല്ലൂപ്പാറഗ്രാമത്തിലുള്ള ദേവി ക്ഷേത്രത്തിൽ ആണ്ട് തോറും നടന്നു വന്നിരുന്ന പത്തു ദിവസത്തെ പടയണി മഹോത്സവത്തിൽ ഒരു ദിവസത്തെ പടയണി ഇരവിപേരൂർ കരക്കാരുടെ വക ആയിരുന്നു. പറഞ്ഞു കേട്ടിട്ടുണ്ട്.
കണ്ടിട്ടില്ല.മറ്റൊരു ഗ്രാമത്തിലെ പോരോട്ടുക്കാവ് ഭദ്രകാളിക്ഷേത്രത്തിൽ
ഉത്സവത്തിന് മുൻപ് ഇരവിപേരൂർ ഗ്രാമത്തിലെ കോയിപ്പുറത്തു കാരണവരുടെ സാന്നദ്ധ്യം നിർബന്ധമായിരുന്ന ഒരു കാലഘട്ടവുമുണ്ടായിരുന്നു..
ഇരവിപേരൂരിൻ്റെ തൊട്ടടുത്തുള്ള മറ്റൊരു ഗ്രാമമായ കവിയൂർ ശിവക്ഷേത്രം കേരളത്തിലെ മഹാക്ഷേത്രങ്ങളിൽ ഒന്നാണ്. പത്തു ദിവസം നീണ്ടു നിൽക്കുന്ന മഹോത്സവത്തിൽ ആറാമത്തെ ദിവസം തൃക്കവിയൂരപ്പൻ ആനപ്പുറത്തെഴുന്നള്ളി മണിമല ആറ്റിലെ പാറപ്പുഴ കടവിലെത്തുമ്പോൾ, ഇരവിപേരൂരിലെ സമൂഹം സ്വീകരിച്ചു വരവേൽക്കും. ഇരവിപേരൂർക്കര മുഴുവൻ തൃക്കവിയൂരപ്പൻ ആനപ്പുറത്തെഴുന്നള്ളി സന്നർശിക്കും. വീടുകളിൽ പറയിട്ടും അൻപൊലി നടത്തിയും വീട്ടു പടിക്കൽ നിലവിളക്കു കൊളുത്തി എതിരേൽക്കുന്ന ഒരു രീതി. പല ഇല്ലങ്ങളിലും വിഗ്രഹം ഇറക്കി വച്ച് വിശ്രമിക്കുന്ന ഒരു നടപടി. പലേടത്തും വിഭവസമർത്ഥമായ ആഹാരങ്ങൾ. അവസാനം ഏതാണ്ട് രാത്രി രണ്ട് മണിയാകുമ്പോൾ തിരിച്ചു പാറപ്പുഴ കടവ് കടത്തി വിടുന്ന ഒരു ചടങ്ങു്. എൻ്റെ ഓർമ്മയിൽ ഞാൻ ഈ എതിരെപ്പുകളിൽ വള്ളപ്പാട്ടും വഞ്ചി പാട്ടും ഒക്കെ കുട്ടത്തിൽ നിന്ന് പാടിയിട്ടുള്ളത് ഇപ്പോഴും ഓർക്കാറുണ്ട്.
അങ്ങനെ ശദാബ്ദങ്ങൾക്ക് മുൻപ് ശരിക്കും കമ്മ്യൂണിസം പ്രാചീനരീതിയിൽ നിലവിൽ വന്ന ഒരു ഗ്രാമത്തിൽ, എല്ലാ ജാതി മതസ്ഥർക്കും വർഷത്തിലൊരിക്കലെങ്കിലും തുല്യത കൊടുക്കുന്ന, അയൽ ഗ്രാമങ്ങളോട് സഹവർത്തിത്വം നില നിർത്തിയ ഇരവിപേരൂർ ഗ്രാമത്തിൽ.
ആയിരം വര്ഷങ്ങള്ക്കു മുൻപ് ഉയർന്നു പൊങ്ങിയ മേതൃക്കോവിൽ മഹാദേവർ ക്ഷേത്രത്തിൻ്റെ കേട്ടറിഞ്ഞ ചരിത്രത്തിലേക്ക് ഇനി നമുക്ക് പോകാം.എന്താ.?
തുടരും.