പ്രതിഷ്ഠദിനവും,സപ്താഹയജ്ഞവും.
ഏഴാം ഭാഗം. തുടർച്ച.)
ഈ കഴിഞ്ഞ ആറു എപ്പിസോഡുകളിലൂടെ ഞാൻ പറഞ്ഞു വച്ചതു. പറഞ്ഞും, കേട്ടും, കണ്ടും, അറിഞ്ഞും, അനുഭവിച്ചും, നടന്നു നീങ്ങിയ ഓരോ ഓർമ്മകളിലൂടെയുള്ള ഒരു യാത്ര ആയിരുന്നു.അത് ഞങ്ങളുടെ ഇരവിപേരൂർ ഗ്രാമത്തിൽ നിലവിലുള്ള മുന്ന് ക്ഷേത്രങ്ങളെപ്പറ്റിയും ആയിരുന്നു.അതായതു തിരുനല്ലൂർസ്ഥാനം ഭദ്രകാളി ക്ഷേത്രം, പൂവപ്പുഴ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം, പിന്നെയുള്ള മേതൃക്കോവിൽ മഹാദേവർ ക്ഷേത്രം.പക്ഷേ ഇതിൻ്റെ തലക്കെട്ടിൽ പറഞ്ഞിട്ടുള്ള "പ്രതിഷ്ഠ ദിനവും, സപ്താഹസ്സും", ഈ മുന്ന് ക്ഷേത്രങ്ങളിൽ, എൻ്റെ വീടിനോടു ചേർന്നുള്ള മേതൃക്കോവിൽ മഹാദേവർ ക്ഷേത്രവുമായി മാത്രം ബന്ധപ്പെട്ടിട്ടുള്ള എൻ്റെ ഓർമ്മക്കുറിപ്പുകളാണ്.
അതേപ്പറ്റി കൂടുതൽ അറിയാൻ താല്പര്യമുണ്ടന്ന് വളരെയധികം വായനക്കാർ മെസ്സഞ്ചറിലൂടെ എന്നോട് ആവിശ്യപ്പെടുകയുണ്ടായി.
അത് പറയണമെങ്കിൽ ചരിത്രപരമായ ആമുഖം തന്നെ ആദ്യമായി പറയേണ്ടി വരും. അതിൻ്റെ ആധികാരികതയിൽ എത്രമാത്രം സത്യസന്ധതയുണ്ടന്നു എനിക്ക് ഇപ്പോൾ പറയാനാവില്ല.
ശ്രമിക്കാം.
മുൻപിലത്തെ എപ്പിസോഡുകളിൽ പലേടത്തും ഞാൻ സൂചിപ്പിച്ച "ഇരവിപേരൂർ" എന്ന എൻ്റെ ഗ്രാമത്തിലൂടെ ഒഴുകുന്ന മണിമലയാറ് ഒരു പുണ്യ നദിയാണെന്നു പഴമക്കാർ വിശ്വസിച്ചു പോന്നിരുന്നു.
പമ്പനദിയും ഗംഗനദിയും എന്നൊക്കെ പറയുന്ന പോലെ പവിത്രമായ മണിമല നദി.പക്ഷേ ഇപ്പോൾ ആരും മണിമല നദിയെന്ന് പറഞ്ഞു കേൾക്കാറില്ല.
മണിമല ആറന്നാണ് സാധാരണ പറയാറുള്ളത്.ചില സംസ്‌കൃത കാവ്യങ്ങളിൽ മണിമല ആറിനെ "വിഷഘ്ന" എന്ന് പറയുന്നുണ്ടന്നും കേട്ടിട്ടുണ്ട് .ഏതു കാവ്യമെന്ന് എനിക്കറിയില്ല.പക്ഷേ ഇതിനർത്ഥം വിഷസംഹാരിയായ ജലം ഇതിലൂടെ ഒഴുകുന്നു എന്നാണ്.അതിന് കാരണം ഈ ആറിൻ്റെ തീരങ്ങളിൽ വസിച്ചിരുന്ന ചില മുനി ശ്രേഷ്ഠന്മാരുടെ നിരന്തരമായ പൂജാ ഹോമങ്ങളിൽ നിന്നൊഴുകുന്ന വിശിഷ്ടമായ സത്തകൾ ആറ്റിലൂടെ ഒഴുകുന്നതു കൊണ്ടാണെന്ന് പറഞ്ഞു കേട്ടിട്ടുണ്ട്.
ഏതാണ്ട് 600 വർഷങ്ങൾക്ക് മുൻപുള്ള പറമ്പുർ ഗ്രന്ഥനാമാവലിയിൽ ഉള്ള സ്ഥലനാമ സൂചികയിൽ പറയുന്നത് ഇപ്രകാരമാണ്.പത്താം നൂറ്റാണ്ടിന് മുൻപ് പാഴൂർ രാജവംശ പരമ്പരയിലെ പ്രസിദ്ധനായ ഇരവിപിള്ള രാജാവിൻ്റെ കാലത്താണ് ഞങ്ങളുടെ ഗ്രാമത്തിന് ഇരവിപേരൂർ എന്ന നാമം വന്നത് എന്നാണ്.രവിവേലൂർ എന്ന തമിഴച്ചുവയുള്ള പേരും സൂചികയിൽ പറയുന്നുണ്ട് പോലും.
പമ്പാ നദിക്കും മീനച്ചിലാറിനും പെരിയാറിനും ഒക്കെയുള്ള ഒരു പേരും പെരുമയും മണിമലയാറിനും ഉണ്ടായിരുന്നു.എങ്കിലും, അതേപ്പറ്റി വിശദമായ ഒരു പഠനം ആരും നടത്തിയതായി എന്ററിവിൽ ഇല്ല. ഇരവിപേരൂർ ഗ്രാമത്തിൻ്റെ വടക്കും പടിഞ്ഞാറും മണിമലയാർ ഒഴുകുന്നു. തെക്ക് പമ്പാ നദിയുടെ മറ്റൊരു കൈവഴിയായ വരട്ടാർ ഒഴുകുന്നു. കിഴക്ക് പുറമറ്റം ഗ്രാമാതിർത്തിക്ക് അതിപുരാതനമായ ഒരു ഗ്രാമീണ/കാർഷിക ചരിത്രമുണ്ടന്ന് പറയപ്പെടുന്നു.
പുറമറ്റം ചന്തയ്ക്കു ശതാബ്ദങ്ങളുടെ ചരിത്രമുണ്ടന്ന വ്യാഖാനവും മറക്കരുത്.
മണിമലയാറിൻ്റെ രണ്ടു തീരങ്ങൾക്കും അതിപുരാതനമായ ഒരു മാനവ ചരിത്രവും അമ്പല സംസ്ക്കാരവും ഉണ്ടായിരുന്നു. അതിൻ്റെ ഏറ്റവും വലിയ ഉദാഹരണങ്ങൾ ഒഴുകിപ്പോകുന്ന മണിമലയുടെതീരങ്ങളിൽ, സഹസ്രാബ്ദങ്ങൾക്കുമുന്പുള്ള ക്ഷേത്രങ്ങൾ തന്നെ.കോട്ടാങ്ങൽ ഭദ്രകാളി ക്ഷേത്രം,കുളത്തൂർ ദേവി ക്ഷേത്രം, വായ്പൂർ ശിവ ക്ഷേത്രം, കിഴ്തൃക്കോവിൽ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം, ആനിക്കാട് ഭഗവതി ക്ഷേത്രം, കിഴ്‌വായ്പൂർ ദേവിക്ഷേത്രം, പരിയാരം ശ്രീകൃഷ്ണൻക്ഷേത്രം, തിരുമാലിട ശിവൻ ക്ഷേത്രം, തൃക്കയിൽ ശിവൻ
ക്ഷേത്രം, പോര്ട്ടുക്കാവ് ഭദ്രകാളി
ക്ഷേത്രം, കല്ലൂപ്പാറ ഭഗവതി
ക്ഷേത്രം, ഞങ്ങളുടെ ഗ്രാമത്തിലെ പുവപ്പുഴ സുബ്രമണ്യൻ
ക്ഷേത്രം, നല്ലൂർസ്ഥാനത്തു ഭദ്രകാളി ക്ഷേത്രം, തൊട്ടടുത്തുള്ള മേതൃക്കോവിൽ ശിവൻക്ഷേത്രം, അൽപ്പം കുടി മുന്നോട്ടു പോകുമ്പോൾ തോട്ടഭാഗത്തൊരു ദേവിക്ഷേത്രം, നന്നൂരു ദേവിക്ഷേത്രം, പുത്തങ്കവുമല ശിവൻക്ഷേത്രം, തുടർന്ന് പുളിക്കിഴെത്തി മണിമല പമ്പയോട് ചേരുമ്പോൾ ഇടയിലുള്ള അമ്പല സംസ്കാരങ്ങളുടെ ആഴം എത്രയെന്നു ഊഹിക്കാവുന്നതേ ഉള്ളു.ഇതിൽ കിഴ്തൃക്കോവിലിൽ ഉണ്ടായിരുന്ന കൃഷ്ണനാണു ഇന്നുള്ള ഞങ്ങളുടെ മഹാദേവ ക്ഷേത്രത്തിൽ ഞാൻ മുൻപ് പറഞ്ഞിട്ടുള്ള വിഷ്ണു വിഗ്രഹം.ഇത് കൂടാതെ എണ്ണമറ്റ കാവുകൾ.കുടുംബക്കാവുകളും, ക്ഷേത്രക്കാവുകളും, ഈപ്പറഞ്ഞ ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ട് കിടക്കുന്നു.ഈ മണിമലയാറിൻ്റെ പല തീര പ്രദേശങ്ങളിലും കളരികളും മറ്റും ഉണ്ടായിരുന്നതായി പറയപ്പെടുന്നു.
നൂറ്റാണ്ടുകളായി ഈപ്പറഞ്ഞ ക്ഷേത്രങ്ങളുടെ അവകാശങ്ങളും നടത്തിപ്പുകളും പത്തില്ലത്തിൽ പോറ്റിമാരുടേതായിരുന്നു എന്ന് പല ചരിത്രഗ്രന്ഥങ്ങളിലും കാണപ്പെടുന്നു. എത്രയാ പത്തില്ലങ്ങൾ.? എട്ടു ഗ്രാമങ്ങളിലായി പത്തു ബ്രഹ്മണ കുടുംബങ്ങൾ വീതം .അകെ മൊത്തം എൺപതു.ഇവർ തന്നെയായിരുന്നു പല ക്ഷേത്രങ്ങളുടെയും പതനത്തിനു കാരണമെന്നും പറഞ്ഞു കേട്ടിട്ടുണ്ട്. കുളത്തൂർ,വായ്പൂർ, മുരണി, മല്ലപ്പള്ളി, കിഴവയ്പ്പുർ, ഇരവിപേരൂർ, ഇരുവള്ളിപ്പറ, ഇരുമല്ലിക്കര, ഇങ്ങനെ എട്ടു സ്ഥലങ്ങളിലായി പത്തില്ലങ്ങൾ വീതം . ഇതൊക്കെ കൂടുതൽ കേട്ടുകേഴ്വിയിലുള്ള ചരിത്രങ്ങൾ.
ഏതായാലും നമ്മുക്ക് ഇരവിപേരൂരിലേക്കു മടങ്ങാം. അവിടെയാണല്ലോ നമ്മുടെ തലക്കെട്ട് ഇരിക്കുന്നത്.
തുടരും.