പ്രതിഷ്ഠദിനവും,സപ്താഹയജ്ഞവും... ഭാഗം ഇരുപത്തി രണ്ട്...അവസാന ഭാഗം.

പ്രതിഷ്ഠദിനവും,സപ്താഹയജ്ഞവും...
ഭാഗം ഇരുപത്തി രണ്ട്...അവസാന ഭാഗം.  (തുടർച്ച...)
---------------------------------------------------------------------

അങ്ങനെ 1971ൽ ആദ്യത്തെ സപ്താഹസ്സ് ഭക്തി നിർഭരമായ അന്തരീക്ഷത്തിൽ, പ്രതിഷ്ഠ ദിനത്തോടനുബന്ധിച്ചു ഭംഗിയായി അന്നത്തെ കൗമാരക്കാരായ ഞാനുൾപ്പെടെയുള്ള യുവജനങ്ങൾ നടത്തി അനുഗ്രഹം തേടി. സംഭവനയായും വഴിപാടായും ഒപ്പം സമർപ്പണമായി കിട്ടിയ പിടിയരിയും മറ്റു കാർഷിക വിഭങ്ങളും ലേലത്തിൽ വിറ്റു  കിട്ടിയ തുകയും ചേർത് 220 രൂപയിൽ, 20 രൂപാ മിച്ചം വച്ച് അടുത്ത വർഷത്തിൽ കുറച്ചു കുടി ഭംഗിയായി സപ്താഹസ്സ് നടത്താൻ അവസരങ്ങൾ വന്നു ചേർന്നു. രണ്ടാം സപ്താഹസ്സിൽ ആദ്യമായി അഞ്ചാം ദിവസം രുക്മിണി സ്വയംവരം വായിക്കുന്ന ദിവസം അഹോരാത്രം അഖണ്ഡ നാമയജ്ഞം നടത്തി. മൈക്ക് സെറ്റുകാരുടെ കുട്ടത്തിൽ എന്റെ പ്രായത്തിലുണ്ടായിരുന്ന ഒരു കൗമാരക്കാരനും ഞാനും വിവിധ തരത്തിൽ ട്യൂൺ നൽകി "ഹരേ രാമ ഹരേ കൃഷ്ണ" രാത്രിയിൽ പാടി അവതരിപ്പിച്ചത് ഇന്നും കുളിരുള്ള ഓർമ്മകൾ...അന്നത്തെ സപ്താഹസ്സിലെ ഏറ്റവും വലിയ ആകർഷണം ഭാഗവത പാരായണത്തിൽ ഭീഷ്മാചാര്യൻ എന്ന് വിശേഷിപ്പിക്കാവുന്ന  ശ്രീ മുഖത്തല 
ചെല്ലപ്പൻ പിള്ള ചേട്ടൻ ഞങ്ങളുടെ ക്ഷണപ്രകാരം ആദ്യമായി ഇരവിപേരൂരിൽ എത്തി,പുറമറ്റം ഗോപിപിള്ള ചേട്ടന്റെ ഒപ്പം വായനയിൽ പങ്കെടുത്തു എന്നുള്ളതാണ്. ഏറ്റവും വലിയ ആകര്ഷണമായിരുന്നു അദ്ദേഹത്തിന്റെ ഭാഗവത പാരായണം. അക്കാലത്തു നൂറു കണക്കിന് ഭക്തജനങ്ങൾ രാവിലെയും വൈകിട്ടും പര്ണശാലയ്ക്ക് സമീപത്തു കാതു കൂർപ്പിച്ചിരുന്നത് ഇന്നും ഓർമ്മകളിൽ പച്ചപിടിച്ചു നിൽക്കുന്നു. നമഗിരിപ്പെട്ട കൃഷ്ണന്റെയും കൂട്ടരുടെയും നാദസ്വരം കേട്ടുകൊണ്ടിരുന്ന അനുഭൂതിയാണ് മുഖത്തലയും പുറമറ്റവും ചേർന്ന് വായിക്കുമ്പോൾ ഉണ്ടാകുന്നത്...
ആ വർഷത്തെ അതായത് രണ്ടാമത്തെ സപ്താഹസ്സ് കഴിഞ്ഞപ്പോൾ തുടക്കത്തിലുണ്ടായിരുന്ന നയിറ്റിയിലെ 
മണി അബുദാബിയിലേക്ക് യാത്രയായി. മൂന്നാമത്തെ വർഷത്തിലെ സപ്താഹസ്സിലും ഞാൻ മുഴുവൻ സമയവും പര്ണശാലയ്ക്കുള്ളിൽ ശ്രദ്ധാലുവായി ഭാഗവതം കേട്ടിരുന്നു.

മൂന്നാമത്തെ സപ്താഹസ്സു കഴിഞ്ഞപ്പോൾ ഞാൻ കുവൈറ്റിലേക്ക് യാത്രയായി. പിന്നീട് ഈ സപ്തയജ്ഞം നേരിൽ കാണുന്നത് 2022ൽ അൻപത്തി രണ്ടാമത് സപ്താഹസ്സിലാണ്. എന്നിരുന്നാലും എല്ലാ വർഷവും വഴിപാടിനുള്ള തുക അയച്ചു കൊടുക്കും. വായനയുടെ ഓഡിയോ കാസ്സറ്റുകൾ റെക്കോർഡ് ചെയ്ത് കുവൈറ്റിൽ വരുത്തി കേൾക്കും. അങ്ങനെ തുടർന്നു. 1994ൽ ഞാൻ നേരിട്ട് സർവ്വ ചിലവും വഹിച്ചു ആ വർഷത്തെ സപ്താഹസ്സു നടത്തിയപ്പോൾ എനിക്ക് ചിലവായ തുക നാല്പത്തൊമ്പതിനായിരത്തിന് മുകളിലെത്തി. 
ഇന്നിപ്പോൾ ഏതാണ്ട് അൻപത്തി നാലു വർഷങ്ങൾ പിന്നിടുമ്പോൾ അത് അഞ്ചു ലക്ഷമായി ഉയർന്നിട്ടുണ്ട് .ഒന്നുകിൽ നാണ്യത്തിന്റെ മൂല്യം കുറഞ്ഞതാവാം. അല്ലങ്കിൽ നാടിന്റെ സമ്പത്തുയർന്നതാവാം.

അന്ന് അക്കാലങ്ങളിൽ  ഹൈന്ദസേവാ
സംഘത്തിന്റെ കയ്യൊപ്പ് എല്ലാ കാര്യങ്ങളിലും ഉണ്ടായിരുന്നെങ്കിലും, ഇന്നിപ്പോൾ അത് കേവലം ആണ്ടിലൊരിക്കൽ വരുന്ന ഒരു തെരഞ്ഞെടുപ്പും പിന്നെ വര്ഷാവര്ഷങ്ങളിൽ വരുന്ന ഉത്സവങ്ങളുടെ നടത്തിപ്പിലുമായി ഒതുങ്ങി നിൽക്കുന്നു എന്നത് യാഥാർത്യം. ഇപ്പോൾ ഓരോ ക്ഷേത്രങ്ങൾക്കും പ്രത്യേക ക്ഷേത്രസംരക്ഷണസമിതികൾ രൂപം കൊണ്ടിരിക്കുന്നു. അവർ നേരിട്ട് പിരിച്ചു ക്ഷേത്രങ്ങൾക്ക് മോടി കൂട്ടുന്നു. ഭക്തജനങ്ങൾക്ക് സൗകര്യങ്ങൾ വർദ്ധിപ്പിച്ചു കൊടുക്കുന്നു. ഭക്തി ഒരാഘോഷമാക്കി മാറ്റുന്നു. ഈശ്വരചൈതന്യങ്ങൾക്ക് മാറ്റ്  കൂടുമ്പോൾ അതിന്റെ ആത്മാവ് നഷ്ടപ്പെടുന്നു.  

ഞാൻ ഈ പഴയ ചരിത്രത്തിലേക്കു ചിന്തിക്കാൻ നിമിത്തമായത്  2022 നവംബർ മാസത്തിൽ നാട്ടിലെത്തിയപ്പോൾ  അമ്പലത്തിൽ 52മത് സപ്താഹസ്സ് നടക്കുന്ന സമയം. കാശു സംഭവനകളായി ഒരു വശത്തു കുടി കുമിഞ്ഞു കൂടുന്നു. മറ്റൊരു വശത്തുകൂടി ചിലവുകളും. അപ്പോൾ തമാശ രൂപേണ ഇപ്പോൾ സപ്താഹസ്സിന്  എന്ത് ചെലവ് വരുമെന്ന് ഒരു ഭാരവാഹിയോടെ ചോദിച്ചപ്പോൾ  അദ്ദേഹത്തിന്റെ മറുപടി ഏതാണ്ടൊരു അഞ്ചു ലക്ഷം രൂപ സംഭവനയായും വഴിപാടായും വന്നു ചേരും. അത്രതന്നെ ചിലവും വരും പോലും. അതായതു വരവിനൊത്ത ചെലവ്...ചിലപ്പോൾ കമ്മി... ദിവസവും അന്നദാനമെന്ന പേരിൽ സമൂഹസദ്യ നടത്തും. മുൻപൊന്നും കേട്ടിട്ടില്ലാത്ത വിവിധതരം പൂജകൾ വഴിപാടുകൾ എല്ലാംകൂടി ആഘോഷമാക്കി മാറ്റുകയാണ്...

കാലം മാറുമ്പോൾ അടിമുടി മാറ്റങ്ങൾ സംഭവിക്കുന്നു. അന്നത്തെ കൗമാരക്കാരനായിരുന്ന ഞാൻ ഇന്ന് വാര്ധക്യത്തിലെത്തി നിൽക്കുമ്പോൾ, ഞങ്ങളുടെ ഇരവിപേരൂർ ഗ്രാമത്തിലെ മുന്ന് ക്ഷേത്രങ്ങളുടെ വളർച്ചകൾ നോക്കി
ക്കാണുമ്പോൾ, ഏതാണ്ട് അര ദശബ്ദങ്ങളുടെ നേർചിത്രങ്ങൾ, പലരുടെയും ഓർമ്മകൾ, ഉയർച്ചകൾ, താഴ്ചകൾ, വളർച്ചകൾ,
ഈക്കഴിഞ്ഞ  22 അദ്ധ്യായങ്ങളിലൂടെ 
പകർന്നു തരാൻ കഴിഞ്ഞെങ്കിൽ ഞാൻ കൃതാർത്ഥനായി. അതും സത്യസന്ധമായി തന്നെ വിവരിച്ചിട്ടുണ്ട് എന്നാണ് എന്റെ വിശ്വാസം. ഇതിലൂടെ ഒരു കാലഘട്ടത്തിന്റെ ചരിത്രപരമായ അപഗ്രഥനം കൂടിയായിരുന്നു.  

സഹകരിച്ച എല്ലാവരോടും നന്ദിയും കടപ്പാടും അറിയിക്കുന്നു. ഇനി മറ്റൊരു ഓർമ്മകളുമായി വരാമെന്ന പ്രതീക്ഷയിൽ...

തുടരും...