പ്രതിഷ്ഠദിനവും,സപ്താഹയജ്ഞവും...
ഭാഗം ഇരുപത് ... (തുടർച്ച...)
----------------------------------------------------------------
ഏതാണ്ട് അമ്പതു വർഷങ്ങൾക്ക് മുൻപ് മഹത്തുക്കളെ കൊണ്ട് ഭാഗവതപാരായണം നടത്തിച്ചു കാസ്സറ്റിൽ റെക്കോർഡ് ചെയ്തത് വീണ്ടും മൊബൈലിലേക്ക് പകർത്തി വണ്ടി ഓടിക്കുമ്പോൾ ഇന്നും അത് കേട്ട് ഞാൻ ആനന്ദമടയാറുണ്ട്. നല്ലതോ ചീത്തയോ...
ആ ദുർസ്വഭാവം ഇപ്പോഴുമെനിക്കുണ്ട്.
ചെറുപ്പത്തിൽ ദിവസന്തോറും അച്ഛൻ വായിച്ചു കേട്ടിരുന്ന ഭാഗവതവും രാമായണവും,കൂടാതെ മാസം തോറുമുള്ള പക്കപുറന്നാൾ പാരായണങ്ങളും മനസ്സിലെപ്പോഴും നിറഞ്ഞു നിൽക്കുന്നതായിരിക്കും ഒരു പക്ഷേ അതിന്റെ അടിസ്ഥാനം.
എന്തായാലും അന്ന് തോട്ടഭാഗത്തു നിന്നും വന്ന്
മാസം തോറുമുള്ള പുറന്നാളിന് പൂജാവിധികൾ നടത്തിയിരുന്ന പണിക്കര് ചേട്ടനും, പുറമറ്റം ഗോപിനാഥ പിള്ള എന്ന ഗോപി ചേട്ടനുമായുള്ള സംഭാഷണങ്ങളായിരുന്നു ഒരു സപ്താഹസ്സി
നെ കുറിച്ച് ചിന്തിക്കുവാൻ വഴിയൊരുക്കിയത്. ഞാൻ മുൻ അദ്ധ്യായത്തിൽപ്പറഞ്ഞ നയിറ്റിയിലെ മണി പരിചയപ്പെടുത്തിയ
ഈ പണിക്കര് ചേട്ടന് കുട്ടികളെ ഭക്തിമാർഗ്ഗത്തിലേക്കു നയിക്കാൻ അസാധാരണമായ കഴിവുണ്ടായിരുന്നു.
അന്ന് മണി എല്ലാ ശനിയാഴ്ചകളിലും കവിയൂർ ഹനുമൽസ്വാമിയെ തൊഴുതു പ്രാർത്ഥിക്കാൻ കാലത്തു പോകുന്നത് ഇന്നുമോർമ്മയിൽ... ഞാൻ മിക്ക ഞാറാഴ്ചകളിലും തിരുവൻവണ്ടൂർ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ ദർശനത്തിന് പോകാറുണ്ടായിരുന്നു. ഒരു അധ്യാപകന്റെ സ്വപ്നത്തിൽ തെളിഞ്ഞ ശ്രീകൃഷ്ണ വിഗ്രഹം കുളം കുഴിച്ചു കണ്ടത്തിയപ്പോൾ, ഭക്തജനങ്ങളുടെ ഒഴുക്ക് അവിടേയ്ക്കു വർദ്ധിച്ചു. വീട്ടിൽ കറന്ന പശുവിൻപാൽ ശ്രീകൃഷ്ണന് അഭിഷേകത്തിനായി ഒരു ഒട്ടു ലോട്ടയിൽ അമ്മ തന്നു വിടുന്നത് ഇന്നും ഊഷ്മളമായ ഒരു അനുഭവമായി ഓർമ്മയിൽ തിളങ്ങി നിൽക്കുന്നു...
അക്കാലങ്ങളിൽ പല ദേവീക്ഷേത്രങ്ങളിലും ഒൻപത് ദിവസത്തെ നവാഹം എന്നറിയപ്പെടുന്ന ദേവി ഭാഗവത പാരായണങ്ങളും, ശ്രീകൃഷ്ണ ക്ഷേത്രങ്ങളിൽ ഏഴു ദിവസത്തെ ഭാഗവത സപ്താഹസ്സുകളും നാടിന്റെ പല ഭാഗങ്ങളിലും തുടരെ തുടരെ വന്നുകൊണ്ടിരിക്കുന്ന സമയത്തു, എന്തുകൊണ്ട് നമ്മുടെ മഹാദേവർ ക്ഷേത്രത്തിലും ഒരു ഭാഗവത സപ്താഹസ്സ് തുടങ്ങിക്കൂടാ എന്ന എന്റെ അഭിപ്രായം പണിക്കരു ചേട്ടൻ സന്തോഷത്തോടെ ഏറ്റവും നല്ല കാര്യം എന്ന് ശരി വയ്ക്കുകയും,ആ അഭിപ്രായം അന്നത്തെ യുവജന സംഘടനയുടെ മുന്നിൽ അവതരിപ്പിക്കുകയും ചെയ്തു. കാരണം ഇവിടെയും വിഷ്ണു ക്ഷേത്രം ഉപദേവതയായി ഉണ്ടല്ലോ.
എന്റെ ഒരു പക്കപുറന്നാൾ ദിനത്തിൽ ഭാഗവത പാരായണമൊക്കെ കഴിഞ്ഞു ഞാനും, തിരുനല്ലൂരെ കൊച്ചുകൊച്ചാട്ടാനും, പണിക്കരും ചേട്ടനും, ഗോപിചേട്ടനുമെല്ലാവരും കുടി ക്ഷേത്ര ദീപാരാധനയ്‌ക്കെത്തി. അന്നവിടെ ഭാഗ്യവശാൽ യുവജനങ്ങളുടെ ഒരു മീറ്റിംഗ് കൂടുന്ന സമയം. ഈ വിഷയം അവിടെ അവതരിപ്പിക്കുകയും എല്ലാവരും സമ്മതം മൂളുകയും അത് ആ വർഷത്തെ പ്രതിഷ്ഠ ദിനത്തോടനുബന്ധിച്ചു സപ്താഹസ്സു നടത്താമെന്നു തീരുമാനിക്കുകയും ആയിരുന്നു. അന്ന് ഞാൻ ഡിഗ്രി വിദ്യാർത്ഥിയായിരുന്നു.
ഈ സപ്താഹസ്സിനു ആദ്യം തുടക്കം കുറിക്കാൻ വേണ്ടി മുന്നിട്ടിറങ്ങിയ യുവജനങ്ങളെ മറന്നാൽ ഈ പംക്തിക്ക് ഒരു പ്രസക്തിയുമില്ലാതെ പോകും. ആദ്യം ഓർമ്മയിൽ വരുന്നത് എന്റെ ആത്മ സുഹൃത്തും സഹപാഠിയുമായിരുന്ന കണത്താട്ടു സദാശിവൻ പിള്ള, നയിറ്റിയിൽ ഉണ്ണികൃഷ്ണൻ നായർ എന്ന മണി, കന്നിമേൽക്കുന്നേൽ രാജപ്പൻ, കരിപ്പൂരില്ലത് സോമനാഥൻ എന്ന ഉണ്ണി, മേതൃക്കോവിൽ തങ്കപ്പൻപിള്ള, വാലുപറമ്പിൽ കുഞ്ഞുമോൻ,എന്റെ അനന്തിരവൻ നെയ്യതുരുത്തിൽ ശശിധരകുറുപ്പ്, കരിമ്പന്നൂർ രാജപ്പൻ നായർ, കാണികാട്ടു ഓമനക്കുട്ടൻ നായർ, ഓലിക്കര രവി, ആശാരിക്കുന്നേൽ കൃഷ്ണൻകുട്ടി ആശാരി, വാസുദേവനാചാരി, കുഞ്ഞുമോനാചാരി, വാലുപറമ്പിൽ വാസുക്കുട്ടൻ പിള്ള, കിഴക്കേക്കുറ്റ് കൃഷ്ണൻ കുട്ടി നായർ, കോയിപ്പറത് മോഹനൻ, നിലക്കലേട്ട് ശശി, ഞങ്ങളുടെ വാളമ്പറമ്പിലെ കുഞ്ഞുലക്ഷ്മി ചേച്ചിയുടെ മകനും എന്റെ സഹപാഠിയുമായിരുന്ന വിശ്വംഭരൻ, തുടങ്ങിയ ഞങ്ങൾ ഒരുപറ്റം ചെറുപ്പക്കാർ...അന്ന് ഞങ്ങൾക്ക് വേണ്ടതിൽ അധികം ആവേശവും ആത്മവിശ്വാസവും പകർന്നു തരാൻ മുന്നിട്ടു വന്ന കുറെ ചെറുപ്പക്കാരായ യുവാക്കളുമുണ്ടായിരുന്നു. കണത്താട്ടു രാമചന്ദ്രൻപിള്ള, പുളിച്ചാംമൂട്ടിൽ തങ്കപ്പൻപിള്ള, കരിമ്പന്നൂർ രാമൻപിള്ള സാർ എന്ന കുട്ടപ്പൻ കൊച്ചാട്ടൻ, സർവോപരി കിഴക്കേ നെയ്യത്തുരുത്തിലെ ശിവശങ്കരപ്പിള്ള ചേട്ടൻ,പിന്നെ ഞഞങ്ങളുടെ നെയ്യതുരത്തിലെ ഗോപികൊച്ചാട്ടൻ, ഞങ്ങളുടെ അളിയൻ കൃഷ്ണകുറുപ്പ് ചേട്ടനും. ഇവരിൽ പലരും ഇന്ന് ജീവിച്ചിരിപ്പില്ല. എന്നാലും ഇവരിൽ ആരും ഞങ്ങളുടെ മനസ്സിൽ നിന്ന് ഒരു കാലത്തും മറഞ്ഞു പോകില്ല. സർവോപരി ഇതിനൊക്കെ പരോക്ഷമായി ശീലക്കുട പിടിച്ചു തന്ന എന്റെ അച്ഛനുൾപ്പടെ ഹൈന്ദവസേവസംഘത്തിലെ ചില മഹത്തുതുക്കളെ കുടി പറയാതെ പോയാൽ അത് ദൈവനിന്ദ ആയിത്തീരും.
നയിറ്റിൽ നാരായണപിള്ള കൊച്ചാട്ടൻ, ഓലിക്കര നാരായണപിള്ള കൊച്ചാട്ടൻ, കണത്താട്ടു കുമാരപിള്ള കൊച്ചാട്ടൻ, കരിപ്പൂരില്ലത് ചെല്ലപ്പൻപിള്ള സാർ, പെരുവേലിക്കുന്നിലെ (അമ്മാവൻ) ശങ്കരപ്പിള്ള കൊച്ചാട്ടൻ, കന്നിമേൽക്കുന്നേൽ ഗോവിന്ദൻ ചേട്ടൻ, കരിമ്പന്നൂർ ആദി ഗോവിന്ദപിള്ള അപ്പൂപ്പൻ, വാല് പറമ്പിൽ നാരായണ പിള്ള കൊച്ചാട്ടൻ, കിഴക്കേക്കൂറ്റ് രാഘവൻ പിള്ള കൊച്ചാട്ടൻ, കർത്തശ്ശേരിലെ കൊച്ചുപിള്ള കൊച്ചാട്ടൻ, പാണകുന്നിൽ നീലകണ്ഠ പിള്ള ചേട്ടൻ, പാറപ്പുഴ കൃഷ്ണ പിള്ള ചേട്ടൻ, എരുത്തുക മുറിയിൽ ശ്രീധരൻ പിള്ള ചേട്ടൻ, മേപ്പറത്തു ഞങ്ങളുടെ കുട്ടൻപിള്ള കൊച്ചാട്ടൻ, സഹോദരൻ രാഘവൻപിള്ള കൊച്ചാട്ടൻ,
സർവോപരി കരിക്കാത്ര മണ്ണിൽ ദാമോദരൻ കൊച്ചാട്ടാനും, കട്ടോടിമലയിൽ രാഘവൻ കൊച്ചാട്ടാനും, പനക്കലെ രാമകൃഷ്ണൻ കൊച്ചാട്ടാനും, കാണിക്കട്ടെ പരമേശ്വരൻ കൊച്ചാട്ടാനും, പനക്കലെ അപ്പു പിള്ള കൊച്ചാട്ടാനും, മുല്ലശ്ശേരിലെ പരമേശ്വരൻ കൊച്ചാട്ടാനും, കുറിച്ചിമലയിൽ നാണുപിള്ള സാർ, ഒറ്റു ചാലിൽ ശങ്കര പണിക്കർ സാർ, പുത്തൻപറമ്പിൽ ഗോവിന്ദൻചാരി ചേട്ടൻ,
ഇവരിൽ പലരും പ്രത്യക്ഷമായും മറ്റു ചിലർ പരോക്ഷമായും ഗുണദോഷങ്ങളും, അഭിപ്രായങ്ങളും, സഹായഹസ്തങ്ങളും ചൊരിഞ്ഞിട്ടുണ്ട്...
അങ്ങനെ ആദ്യമായി 1971 നവംബർ പത്തിന് എല്ലാവരുടെയും അനുഗ്രശിസ്സുകളോടെ തുടങ്ങി വച്ച സപ്താഹസ്സിന്റെ അൻപത്തിമൂന്നാം പിറന്നാൾ ഇപ്പോൾ പിന്നിട്ടിരിക്കുന്നു. അതിന്റെ തുടക്കവും പിന്നീടുള്ള വളർച്ചയും അടുത്ത ലക്കത്തിൽ പറഞ്ഞവസാനിപ്പിക്കാം...
അടുത്ത ചൊവ്വാഴ്ച...
തുടരും...