പ്രതിഷ്ഠദിനവും,സപ്താഹയജ്ഞവും...
ഭാഗം പതിനഞ്ച് ... (തുടർച്ച...)
-
അക്കാലങ്ങളിൽ ശിവരാത്രി അടുക്കുമ്പോൾ ഞങ്ങളെല്ലാം ഏറെ ബഹുമാനിക്കുന്ന പെരുവേലിക്കുന്നിലെ അമ്മാവൻ,(എന്റെ ആത്മ സുഹൃത് പെരുവേലിക്കുന്നിലെ തങ്കപ്പൻപിള്ളയുടെ അച്ഛൻ) ഒരു ഏണി വച്ച് ശിവൻ കോവിലിന്റെ മുകളിൽ കയറി അവിടെ വളരുന്ന കാടും ചെറുമരങ്ങളുമൊക്കെ വെട്ടിത്തെളിച്ചു വൃത്തിയാക്കുന്നത്
മനസ്സിന് കുളിർമ്മ തരുന്ന ഓർമ്മകളാണ്.
വർഷങ്ങളോളം അദ്ദേഹം ആ സൽപ്രവൃത്തി ചെയ്യുന്നത് മനസ്സിന്റെ ഉള്ളിൽ തട്ടിയായിരുന്നു. കുറെ ആത്മാർത്ഥയുള്ള സഹായികൾ
അന്നും അതിന് കൂട്ടിനുണ്ടായിരുന്നു. പരിഹസിച്ചിരുന്നവരും ഇല്ലാതില്ല.
ചിലർ, എന്താ പരമശിവന്റെ ജടയും കുടുമിയുമൊക്കെ വടിക്കുകയാണോ? പരിഹാസ ചോദ്യശരങ്ങൾ...എല്ലാറ്റിനെയും അതിജീവിച്ചു കാര്യങ്ങൾ മുന്നോട്ടു നീങ്ങി. തൊട്ടു താഴെയുള്ള പുരയിടത്തിൽ മേൽക്കൂര പോലുമില്ലാതെ ഇടിഞ്ഞു
പൊളിഞ്ഞു കിടന്നിരുന്ന വിഷ്ണുക്ഷേത്രം. കട്ടകാരമുള്ളുകൾ നിറഞ്ഞു കവിഞ്ഞു വിഷസർപ്പങ്ങൾ ഓടി നടക്കുന്ന വിഷ്ണു ക്ഷേത്രപരിസരങ്ങൾ അമ്പല സ്നേഹികളായ വിശ്വാസികൾ വെട്ടി തെളിച്ചു വൃത്തിയാക്കിയിരുന്നു.
ഞങ്ങളുടെ മേതൃക്കോവിൽ
ക്ഷേത്രത്തിൽ പരമശിവനിരിക്കുന്ന
പ്രധാന ഗർഭഗ്രഹത്തിന് തൊട്ടു തെക്കു വശത്തായി ഞങ്ങളുടെയൊക്കെ ഓമനക്കുട്ടനായ ഗണപതി ഒരു കല്ലിനുമുകളിൽ കയറിയിരിക്കുന്നു.
കുത്തു വിളക്കില്ല. മീനാക്ഷിക്കാവില്ല.
അതെ, അന്ന് ഞങ്ങളുടെ ഉണ്ണിഗണപതിക്ക് മേൽക്കൂരയില്ല. പൂജാദി കാര്യങ്ങൾ ഇല്ല.
ഒന്നും തന്നെയില്ല. ജാതി മത ഭേദമെന്യേ നാട്ടിലുള്ളവരുടെ പശുക്കൾക്ക് അക്കാലങ്ങളിൽ മേയാനുള്ള ഒരു ഇടം മാത്രമായിരുന്നു മേതൃക്കോവിൽ മഹാദേവന്റെ ക്ഷേത്ര പരിസരങ്ങൾ. ധാരാളം പച്ചപുല്ലുകൾ തിങ്ങിനിറഞ്ഞു നിന്നിരുന്ന അമ്പലപരിസരത് പശുക്കളെ കുറ്റിയടിച്ചു പുല്ലുതിന്നാൻ വിടുമ്പോൾ, അവറ്റകൾ വട്ടക്കറങ്ങും. അപ്പോൾ കയർ ചുറ്റി ഞങ്ങളുടെ ഉണ്ണി ഗണപതി ഇരിക്കുന്ന കല്ലിൽ നിന്ന് താഴെ വീഴും. പലപ്പോഴും ഞങ്ങൾ കുട്ടികൾ കളിയ്ക്കാൻ ചെല്ലുമ്പോൾ താഴെ വീണുകിടക്കുന്ന ഉണ്ണിക്കുട്ടനെ എടുത്തു കല്ലിനു മുകളിൽ വയ്ക്കും. ആദ്യമൊക്കെ ഭയമുണ്ടായിരുന്നു. പിന്നീടതൊരു തമാശയായി കണ്ടിരുന്നു.
ഒരിക്കൽ ഞാനതു കണ്ടു...
ഗണപതി കുടികൊള്ളുന്ന കല്ലിന് അൽപ്പം പിറകിലായി തെക്കു പടിഞ്ഞാറേ മൂലയിൽ സാക്ഷാൽ പുലിവാഹനായ അയ്യപ്പന്റെ പ്രതിഷ്ഠ അൽപ്പംകൂടി ഉയരത്തിലുള്ള കൽത്തറയിൽ പ്രതിഷ്ഠിച്ചിട്ടുണ്ട്. മേൽക്കൂരകളും ചുറ്റുവിളക്കുകളും ഒന്നുമില്ലാതെ കാറ്റും വേലും മഞ്ഞും മഴയും എല്ലാം എറ്റു വാങ്ങിക്കൊണ്ടാണ് അക്കാലങ്ങളിൽ ഭഗവാൻ അവിടെ കുടികൊള്ളുന്നത്. വിഷ്ണു ദേവനും ഗണപതിക്കുമൊക്കെ അക്കാലങ്ങളിൽ
ഇതേ അവസ്ഥ തന്നെ ആയിരുന്നു. അയ്യപ്പസ്വാമിയുടെ പുറകിലായിട്ടാണ് ക്ഷേത്രവക സർപ്പക്കാവും സർപ്പത്താന്മാരുമൊക്കെ കുടി കൊണ്ടിരുന്നത്. അതിനോട് ചേർന്നുണ്ടായിരുന്ന സ്ഥലത്തിന്റെ ഉടമ എന്റെ അച്ഛന്റെ ജേഷ്ഠൻ യശ്ശശരീരനായ ശ്രീമാൻ മാഞ്ഞിക്കുന്നത് രാമൻപിള്ള പേരപ്പൻ ആയിരുന്നു. ഇതിനോടൊക്കെ ചേർന്നായിരുന്നു ഞങ്ങളുടെ ക്നനായപ്പള്ളിയും ശവക്കോട്ടയും
സ്ഥിതി ചെയ്യുന്നത്. ഇതിന്റെയൊക്കെ മദ്ധ്യഭാഗത്തായി, കല്ലൻകുന്നിലെ
കുഞ്ഞൂട്ടിച്ചായന്റെ തറവാടും,
പുതുവാളേട്ടു അവറാച്ചായന്റെ കുടുംബവുമൊക്കെ ജീവിച്ചിരുന്നത്. ഇവരെല്ലാവരും തന്നെ ഏകോദരസഹോദരങ്ങളെപ്പോലെയാണ് അവിടെ താമസിച്ചിരുന്നുന്നത്. അക്കാലങ്ങളിലെ സാഹോദര്യവും സമത്വവും ആത്മാർത്ഥയും അളന്നു തിട്ടപ്പെടുത്താൻ പറ്റുന്നതായിരുന്നില്ല.
അതുകൊണ്ടു തന്നെ എല്ലാവരുടെയും പശുക്കൾക്ക് ക്ഷേത്രപറമ്പിൽ കെട്ടിയിട്ട ഒരു കുറ്റിയുടെ കറക്കത്തിൽ നിന്ന് പുല്ലു മേയാനുള്ള അവസരവുമുണ്ടായിരുന്നു. ഇഴജന്തുക്കൾ ധാരാളം ഉണ്ടങ്കിലും, സർപ്പക്കാവിനു ചുറ്റും ധാരാളം പുല്ലു വളർന്നു നിൽക്കുന്ന കാലം. കല്ലൻകുന്നില് കുഞ്ഞൂട്ടിച്ചായന്റെ പശുതൊഴുത് കഷ്ടിച്ചൊരഞ്ചടി അകലത്തിൽ. പശുവിനെ സ്ഥിരം കെട്ടുന്ന കുറ്റിയിൽ കാവിനോട് ചേർന്ന ഭാഗത്തു പശു പുല്ലു മേയുന്നു. പശു അവിടെ നിന്ന് അമ്പലപ്പറമ്പിലേക്കു ചാടി കയറാനുള്ള ശ്രമത്തിൽ പശുവിന്റെ കയർ ചെന്ന് കുരുങ്ങിയത് അയ്യപ്പ സ്വാമിയുടെ പ്രതിഷ്ഠയിൽ. സ്വാമിയുടെ വിഗ്രഹം താഴെ വീണു. ഇടതു കൈ ഭാഗം അൽപ്പം ഒടിയുന്നു. ഇത് കണ്ടു നിന്നിരുന്ന രണ്ടു പേർ. കന്നിമേൽക്കുന്നേൽ ഗോവിന്ദൻ ചേട്ടന്റെ ഇളയമകൻ രാജപ്പൻ. ഇപ്പോൾ ജീവിച്ചിരിപ്പില്ല...പിന്നെ ഞാനും...
ഞങ്ങൾ വളരെ അടുത്ത ബാല്യകാല സുഹ്റ്ത്തുക്കളായിരുന്നു. സമയം കിട്ടുമ്പോഴൊക്കെ, ഞങ്ങൾ സ്ഥിരം അമ്പലപ്പറമ്പിൽ പോയിരുന്നു കൂടുതൽ സമയവും സിനിമാക്കഥകളുമൊക്കെ പറഞ്ഞുരസിച്ചിരിക്കും.അങ്ങനെ
ഇരിക്കുമ്പോഴാണ് ഈ സംഭവം കാണാൻ ഇടയായത്. പെട്ടെന്ന് കല്ലൻ കുന്നിലേക്കു വിളിച്ചു. അവുടുന്നു അമ്മാമ്മ ഓടി വന്നു. പശുവിനെയും അഴിച്ചുകൊണ്ടു പോയി. അയ്യപ്പസ്വാമിക്ക് ഭാരം ഏറെയുണ്ട്. ഉണ്ണി ഗണപതിയെ പോലെയല്ല. ഞങ്ങൾ രണ്ട് പേരുംകൂടി സ്വാമിയേ മുകളിലത്തെ പീഠത്തിലിരുത്തി. ഒടിഞ്ഞ കൈ ഭാഗം ചേർത്ത് വച്ചു. സത്യത്തിൽ ഞങ്ങൾ രണ്ടു പേരും ഭയന്നിരുന്നു.കല്ലൻകുന്നിലെ അമ്മാമ്മയുടെ പുറകെ അച്ചായനും വന്നു. താഴത്തെ കാവിന്റെ സമീപത്തുള്ള പുരയിടത്തിൽ നിന്ന് എത്തി നോക്കുന്നുണ്ടായിരുന്നു. രണ്ടു പേരുടെയും മുഖം വല്ലാതായി. ഞങ്ങളാരോടും പറയില്ലെന്ന് പറഞ്ഞു. എല്ലാവരും പിരിഞ്ഞു പോയി...
ഞാനോർത്തു പോകുകയായിരുന്നു...
ഇന്നാണെങ്കിൽ ഒരു നാട് കത്തിയെരിയാൻ
ഈ ഒരു തീപ്പൊരി മതി. ജാതി സ്പർദ്ധയും മതപ്രാന്തും പിടിപെട്ട ഇന്നത്തെ സമൂഹം ഒരവസരത്തിന് കാത്തിരിക്കുമ്പോൾ
ഒരന്യമതസ്ഥരുടെ പശു കയറുപൊട്ടിച്ചു അതിനുശേഷം വിഗ്രഹം തള്ളി താഴെയിട്ടെന്ന് പറഞ്ഞാൽ..? എന്തും സംഭവിക്കാവുന്ന അവസ്ഥയല്ലേ നമ്മുടെയൊക്കെ ജീവിതത്തിലുള്ളത്. ബാക്കി കൂടെ അറിയേണ്ടേ...?
അടുത്ത ചൊവാഴ്ച...
തുടരും...