പ്രതിഷ്ഠദിനവും,സപ്താഹയജ്ഞവും... ഭാഗം പതിനാറ് ... (തുടർച്ച...)

പ്രതിഷ്ഠദിനവും,സപ്താഹയജ്ഞവും...
ഭാഗം പതിനാറ് ... (തുടർച്ച...)
----------------------------------------------------------------

സത്യത്തിൽ ഞാനും രാജപ്പനും അന്ന് അവിടെ നിന്നും അതായത് അമ്പലത്തിൽ നിന്നും പോരുമ്പോൾ ആരോടും ഒന്നും പറയുന്നില്ല എന്ന തീരുമാനത്തിലായിരുന്നെങ്കിലും എനിക്ക് വീട്ടിലെത്തിയപ്പോൾ ഭയം വർദ്ധിച്ചു.
അക്കാലങ്ങൾ അവിടെ നിത്യ പൂജയും ശാന്തിയും ഒന്നും തുടങ്ങിയിട്ടില്ല. ഹൈന്ദവ സംഘടനാ നല്ലൂർസ്ഥാനത്തും പൂവപ്പുഴയിലുമുള്ള ക്ഷേത്രങ്ങൾക്ക് പ്രാധാന്യം കൊടുത്തു കൊണ്ട് ഓരോരോ നടപടിക്രമങ്ങളുടെ ബാല്യ ദിശയിലായിരുന്നു. കഷ്ട്ടിച്ചു ആഴ്ചയിൽ രണ്ട് ദിവസങ്ങളിൽ അതായത് ചൊവ്വാ വെള്ളി ദിവസങ്ങളിൽ ഒരു നേരത്തെ പൂജയുമായി  നാടിന്റെ പരദേവതയായ നല്ലൂർസ്ഥാനത് അമ്പലത്തിന്റെ ക്ഷേത്രനടയിലാണ് ഇന്ന് കാണുന്ന പൂജാവിധികളുടെ ആദ്യ തുടക്കം...
പിന്നെയും കാലങ്ങളെടുത്തു എന്റെ ഇഷ്ടദൈവമായ പൂവപ്പുഴ സുബ്രമണ്യസ്വാമിക്ക് പൂജയും നൈവേദ്യവുമൊക്കെ വന്ന് ചേരാൻ.
പിന്നെയും വർഷങ്ങൾ താണ്ടിയാണ് മുകളിൽ കൊടുത്തിരിക്കുന്ന പ്രതിഷ്ഠദിനവും സപ്താഹ യജ്ഞവും ഒക്കെ നിലവിൽ വന്നത്...

മേതൃക്കോവിൽ മഹാദേവന്റെ വടക്കു ഭാഗത്തു കുടി കൊണ്ടിരുന്ന മഹാവിഷ്ണുവിന്റെ അവസ്ഥ വളരെ ശോചനീയമായിരുന്നു. മേൽക്കൂരയും മുൻവാതലുമൊക്കെ എന്നോ തകർന്നടിഞ്ഞു പോയിരുന്നു. പ്ലാവേലിക്കുന്നുംപുറത്തു ഫിലിപ്പച്ചായന്റെ വീടിനോടു ചേർന്നതായിരുന്നു അന്നത്തെ അമ്പലം.  അവുടുത്തെ എന്റെ സഹപാഠി ആയിരുന്ന തമ്പിയുടെ അമ്മച്ചി വാങ്ങുന്ന മത്തിയുടെയും അയലയുടെയും വെട്ടിക്കഴുകിയ വെള്ളം പുറത്തോട്ടു ഒഴുക്കിക്കളയുമ്പോൾ അൽപ്പമെങ്കിലും നിവേദ്യമായി ഭഗവാന്റെ മുൻപിലെത്താറുണ്ട്. അവരെയും കുറ്റം പറഞ്ഞിട്ട് കാര്യമില്ല. ഇട്ടാന്നൊരു വട്ടത്തിലിരുന്ന് എന്ത് ചെയ്യാൻ..? അവർക്കുമറിയാം  അമ്പലത്തിന്റെ മുൻപിൽ ഇങ്ങനെയൊന്നും ചെയ്യാൻ പാടില്ല എന്ന കാര്യം.  ഇടയ്ക്കിടെ അമ്പലത്തിൽ അവർ എണ്ണ വിളക്ക് കൊളുത്തുന്നതും ഞാൻ കണ്ടിട്ടുണ്ട്.
ഒരു പാപ പരിഹാരം പോലെ...

അതൊക്കെ അവിടെ നിൽക്കട്ടെ. ഞാൻ പറഞ്ഞു വന്ന കാര്യം മുഴുമിപ്പിക്കണമല്ലോ...  
എന്തായാലും ശരി, അന്ന് സന്ധ്യ ആയപ്പോഴേക്കും എനിക്ക് പേടികൊണ്ടിരിക്കപ്പൊറുതിയില്ലാതായി.
ഞാൻ അമ്മയോട് ഉണ്ടായ സംഭവങ്ങൾ തുറന്നു പറഞ്ഞു. പശു ചാടിക്കയറിയതും 
കയർ ചുറ്റി വിഗ്രഹം താഴെ വീണതുമെല്ലാം നടന്നത് പോലെ വിവരിച്ചു പറഞ്ഞു. 
അമ്മ അപ്പാടെ അച്ഛനെ അറിയിച്ചു. 
അച്ഛനും അമ്മയും എന്നെ വിളിച്ചിരുത്തി ഉപദേശിച്ചു...
"നീ ഇതൊന്നും ആരോടും പറയാൻ നിൽക്കേണ്ട. അവരാരും ഇതൊന്നും മനപ്പൂർവം ചെയ്തതൊന്നുമല്ല. നാട്ടിലുള്ളവരെല്ലാം അമ്പല പരിസരത്തു പശുക്കളെ കൊണ്ട് കെട്ടാറുണ്ട്. ആ കുട്ടത്തിൽ അവരും കെട്ടുന്നു.   അവരൊക്കെ നല്ല അയൽബന്ധമുള്ള
വരാണ്. അമ്മ തുടർന്നു. ആ വീട്ടിലെ 
മൂത്ത മകൻ പാപ്പച്ചനും നിന്റെ മൂത്ത ചേട്ടനും ഒന്നാം ക്ലാസ്സു മുതൽ ഒന്നിച്ചു പഠിച്ചു വളർന്നവരാണ്. അവുടുത്തെ 
ഇളയ മകൻ കുഞ്ഞച്ചനും നീയും സമപ്രായക്കാരാണ്. ഒന്നിച്ചു പഠിക്കുന്നവരാണ്. ആ വീട്ടിലെ മറിയാമ്മ, കുഞ്ഞുഞ്ഞമ്മ,  തുടങ്ങിയ പെങ്കൊച്ചുങ്ങളൊക്കെ എവിടെ വച്ച് കണ്ടാലും എന്തൊരു സ്നേഹമാണ്. അവരെയൊക്കെ വെറുപ്പിച്ചു കൊണ്ട് 
എന്ത് നേടാൻ? ആരെ സന്തോഷിപ്പിക്കാൻ?
കുട്ടികളാകുമ്പോൾ അങ്ങോട്ടും ഇങ്ങോട്ടും തമാശകൾ പറയുന്നതിനിടയ്ക്കു ഇതൊന്നും വിളമ്പാൻ നിൽക്കരുത്. അച്ഛൻ കൂട്ടിച്ചേർത്തു. ഞാനാരോടും പറയില്ല എന്ന് പറഞ്ഞു. ഉറങ്ങാൻ കിടന്നു.  നേരം വെളുത്തപ്പോൾ എന്റെ കൂടെയുണ്ടായിരുന്ന കൂട്ടുകാരൻ രാജപ്പന്റെ അച്ഛൻ ഗോവിന്ദൻ ചേട്ടൻ പശുവിനെക്കറക്കാൻ വീട്ടിൽ വന്നു. അന്ന് അങ്ങനെയൊക്കെ ചില പരിപാടികൾ നിലവിലുണ്ടായിരുന്നു. ഗോവിന്ദൻ ചേട്ടന്റെ ഒരു തൊഴിലായിരുന്നു പശുക്കറവ. വീട്ടിൽ മുന്ന് നേരവും പശുവിനെക്കറക്കുന്നത് അദ്ദേഹമായിരുന്നു. അദ്ദേഹം വീട്ടിൽ വന്നയുടനെ അച്ഛനോട് ചോദിച്ചു. ഇന്നലെ മോൻ വീട്ടിൽ വന്നു വല്ലതും പറഞ്ഞോ?  പറഞ്ഞു... അച്ഛന്റെ മറുപടി. രാജപ്പൻ വിവരങ്ങളൊക്കെ പറഞ്ഞു അല്ലെ? അച്ഛന്റെ ചോദ്യം. പറഞ്ഞു... മറുപടി. ഗോവിന്ദൻ ചേട്ടൻ തുടർന്നു.  ഞാൻ ഇങ്ങോട്ടു പോരുമ്പോൾ അമ്പലത്തിൽ കയറി തൊഴുതിട്ടാണ് വന്നത്. അയ്യപ്പ സ്വാമിയുടെ വിഗ്രഹത്തിൽ സൂക്ഷിച്ചു നോക്കിയാൽ ഇടതു കയ്യിൽ അൽപ്പം 
ഒടിവ് കാണാം. അതിനുശേഷം, എന്നെ നോക്കി ആ സാധുവായ വലിയ മനുഷ്യൻ എന്റെ സുഹൃത് രാജപ്പന്റെ അച്ഛൻ ഗോവിന്ദൻ ചേട്ടൻ ചിരിച്ച്‌കൊണ്ട് പറഞ്ഞു. "കുഞ്ഞിതാരോടും പറയരുത്. രാജപ്പനോടും പറഞ്ഞിട്ടുണ്ട്". 
ഞാൻ തലകുലുക്കി സമ്മതിച്ചു...

അന്ന് എനിക്ക്, അച്ഛനും അമ്മയും ഗോവിന്ദൻ ചേട്ടനുമൊക്കെ പറഞ്ഞ ഉപദേശങ്ങളുടെ മഹത്വമൊന്നും മനസ്സിലാക്കാനുള്ള പ്രായമോ പക്വതയൊ ഒന്നുമുണ്ടായിരുന്നില്ല. പക്ഷേ ഇത്രയും കാലത്തേ ജീവിതാനുഭവങ്ങൾ മനസ്സിൽ വച്ചു കൊണ്ട് തിരിഞ്ഞു നോക്കുമ്പോൾ, ഇത്രയെങ്കിലും പറഞ്ഞില്ലെങ്കിൽ എന്റെ ഓർമ്മക്കുറിപ്പുകൾക്കു എന്ത് പ്രസക്തി..?

കേവലം വെറും പഴയ ഒൻപതാം ക്ലാസും അഞ്ചാം ക്ലാസും മാത്രം വിദ്യാഭ്യാസം നേടിയിട്ടുണ്ടായിരുന്ന അച്ഛനും അമ്മയും 
(ഗോവിന്ദൻ ചേട്ടന്റെ വിദ്യാഭ്യാസം എത്രയെന്നെനിക്കറിയില്ല) ഗോവിന്ദൻ ചേട്ടനും ഒക്കെ തന്ന ഉപദേശങ്ങൾ, ഇന്നത്തെ 
അഭ്യസ്തവിദ്യരെന്നഭിമാനിക്കുന്ന മനുഷ്യസമൂഹത്തിന്, ലോകം മുഴുവൻ 
നേരിട്ടോ ദൃശ്യമാധ്യമങ്ങളിലുടെയോ കണ്ടും കേട്ടും അറിഞ്ഞും ജീവിക്കുന്ന പുതിയ തലമുറയിലെ മനുഷ്യസമൂഹത്തിന്, എവിടെയോ എല്ലാം  നഷ്ട്ടപ്പെട്ട് പോയിരിക്കുന്നു. എന്താ ശരിയല്ലേ..? 
വിണ്ണിലോ മണ്ണിലോ പാതാളത്തിലോ എവിടെയോ ഇരിക്കുന്നു എന്ന് വിശ്വസിക്കുന്ന ഈശ്വരന് വേണ്ടി, മനുഷ്യർ പണി തീർക്കുന്ന ആരാധനാലയങ്ങൾ, പള്ളികൾ, മോസ്‌ക്കുകൾ, വിഹാരങ്ങൾ, ബുദ്ധവിഹാരങ്ങൾ, അവിടെയൊക്കെ  അതിർവരമ്പുകൾ സൃഷ്ട്ടിക്കുന്ന,
ജനിച്ചു വീഴുമ്പോൾ കിട്ടുന്ന ജാതിയുടെയും മതത്തിന്റെയും പേരിൽ പരസ്പരം തമ്മിൽ തല്ലുന്ന, അവിടെ സ്വയം ബോംബുകളായി പൊട്ടിത്തെറിക്കുന്ന, 
രാഷ്‌ടീയതിമിംഗലങ്ങൾക്കു വശംവദരാകുന്ന, ഹേ മനുഷ്യ... നിന്നെക്കാൾ എത്രയോ ഭേദം
കാട്ടിൽ വസിക്കുന്ന മൃഗകുട്ടങ്ങൾ...

അയ്യപ്പ സ്വാമിയുടെ വിഗ്രഹത്തിനു പിന്നീട് സംഭവിച്ചത് എന്താണന്നറിയേണ്ടേ..? അതറിയേണ്ടേ...? അടുത്ത ചൊവ്വ്വാഴച...

തുടരും...