പ്രതിഷ്ഠദിനവും,സപ്താഹയജ്ഞവും... ഭാഗം പതിനെട്ട് ... (തുടർച്ച...)

പ്രതിഷ്ഠദിനവും,സപ്താഹയജ്ഞവും...
ഭാഗം പതിനെട്ട്  ... (തുടർച്ച...)
----------------------------------------------------------------

ശാസ്താവിൽ വിലയിച്ച അയ്യപ്പൻ ചരിത്രവും, അതിനെത്രയോ മുൻപുള്ള ശാസ്താ സങ്കൽപ്പവും, ഒക്കെ തൽക്കാലം നമ്മുക്ക് വിടാം.  
ഒരിക്കൽ സ്വാമി വിവേകാനന്ദന്റെ ശിഷ്യഗണങ്ങൾ സത്യനാരായണ പൂജ നടത്തിക്കൊണ്ടിരുന്നപ്പോൾ, പറഞ്ഞ വാക്കുകൾ ശിഷ്യയായ സിസ്റ്റർ നിവേദിതത കുറിച്ചെടുത്തു. "നിങ്ങൾ കൽക്കത്ത തെരുവിലേക്കിറങ്ങി ചെല്ലൂ. അവിടെ 
ശരിക്കും സത്യ നര നാരായണന്മാരെ കണ്ടുമുട്ടും. അവരെ പൂജിക്കാതെ ഏതു സത്യ നാരായണനെത്തേടിയാണ് നിങ്ങളോടുന്നത്".? ഈ പറഞ്ഞതിലും കുറിപ്പിലും  കാര്യമില്ലേ?

അതുകൊണ്ട് നമുക്ക് ഇതിന്റെ തലക്കെട്ടിൽ കൊടുത്തിട്ടുമുള്ള പ്രതിഷ്ഠദിനത്തിന്റെ ചരിത്രത്തിലേക്കും, തുടർന്നുണ്ടായ സപ്താഹയജ്ഞത്തിന്റെ ചരിത്ര സത്യങ്ങളിലേക്ക് കടക്കാം.ഏതാണ്ട് 1968 ആയപ്പോഴേക്കും മഹാദേവർക്ഷേത്രത്തിൽ അമ്പലങ്ങളുടെ പുനരുദ്ധാരണത്തിന്റെ ആദ്യപടികൾ കഴിഞ്ഞു എന്ന് പറയാം. പാമ്പുകളും പവിഴപുറ്റുകളും കട്ടകാര മുള്ളുകളും  വിശ്വാസികളുടെ പാദങ്ങൾക്ക് 
വഴി മാറിക്കൊടുത്തു. ഒരു നേരത്തെ പൂജ തുടങ്ങി. 1968 നവംബർ പത്തിനായിരുന്നു മഹാദേവന്റെ പുനഃ പ്രതിഷ്ഠ കർമ്മം.  പുനരുദ്ധാരണത്തിന് മുൻപും, അതിനോടനുബന്ധിച്ചും, പല അനിഷ്ട
സംഭവങ്ങൾക്കും ഞങ്ങൾ സാക്ഷിയായി.
വർഷങ്ങളായി ശിവരാത്രി വരുന്നതിനു 
മുൻപ് ക്ഷയിച്ചു പോയ ശിവക്ഷേത്രത്തിന്റെ  ശ്രീകോവിലിനു മുകളിൽ കയറി അതിനു മുകളിൽ വളർന്നു വരുന്ന ചെറുമരങ്ങളും ചെടികളും ഒക്കെ വെട്ടിത്തെളിച്ചു വൃത്തിയാക്കിക്കൊണ്ടിരുന്ന പെരുവേലിക്കുന്നിലെ അമ്മാവൻ അന്ന് ആദ്യമായി കാൽ വഴുതി ചുറ്റമ്പലത്തിന്റെ കൽത്തറയിൽ വീണു. എത്രയോ വര്ഷങ്ങളായി അദ്ദേഹം ചെയ്തു വരുന്ന 
ഒരു നിഷ്ക്കാമ കർമ്മം അവിടെ അവസാനിക്കുകയായിരുന്നു. കഷ്ടിച്ചാണ് ജീവൻ തിരിച്ചു കിട്ടിയത്. എങ്കിലും അദ്ദേഹത്തിന് കലശലായ ആരോഗ്യ പ്രശ്നങ്ങൾ നേരിടുകയും ശ്വാസതടസ്സങ്ങൾ അനുഭവപ്പെടുകയും ഉണ്ടായി.വളരെ ചുരുങ്ങിയ കാലങ്ങൾക്കുള്ളിൽ അത് അദ്ദേഹത്തിന്റെ ആയുസ്സിനെ ബാധിക്കുകയും ചെയ്തു. 
അതുപോലെ തന്നെ ബാലാലയത്തിൽ മാറ്റി വച്ചിരുന്ന വളരെ ഭരമേറിയിരുന്ന ശിവലിംഗം തിരിച്ചു പ്രതിഷ്ഠസ്ഥാനത്തേക്ക് എത്തിക്കാൻ 
ബ്രാഹ്മണർക്ക് മാത്രമേ അവകാശമുള്ളൂ. 
പഴയ പത്തില്ലത്തിൽ പോറ്റിമാരിൽ 
ഈ അമ്പലത്തിന്റെ അവകാശിയായി അന്നുണ്ടായിരുന്ന കരനെന്മനി ഇല്ലത്തെ തിരുമേനിയാണ് അത് ചെയ്തുകൊടുത്തത്. ഭക്തി നിർഭരമായ അന്തരീക്ഷത്തിൽ 
ശിവലിംഗം തിരുച്ചു തൽസ്ഥാനെത്തിച്ചു 
പ്രാണപ്രതിഷ്ഠ നടത്തി മടങ്ങിപ്പോയ തിരുമേനി അന്ന് രാത്രി ഉറങ്ങാൻ കിടന്നു. പിന്നെ ഉണർന്നില്ല. ഹൃദയാഘാതം മൂലം ഉറക്കത്തിൽ മരണം സംഭവിച്ചു. ആ സംഭവം പിറ്റേ ദിവസം കാലത്തു കേട്ടപ്പോൾ അക്ഷരാർത്ഥത്തിൽ ഞാൻ ഞെട്ടിപ്പോയി. അതിന്റെ കാരണം, അന്ന് രാത്രി ഏതാണ്ട് എട്ടു മണി കഴിഞ്, അദ്ദേഹം ക്ഷേത്രം അടച്ചു പോകുമ്പോൾ, ഒരു പ്രീഡിഗ്രി വിദ്യാർത്ഥിയായിരുന്ന ഞാൻ അവിടെ ഉണ്ടായിരുന്നു.  എന്നോട് കുശലം പറഞ്ഞ ശേഷമാണ് അദ്ദേഹം ഇല്ലത്തേക്ക് മടങ്ങിയത്.
അന്ന് പുനഃ പ്രതിഷ്ഠ കർമ്മങ്ങളൊക്കെ കഴിഞ്ഞു വൈകിട്ട് ദീപാരാധനയും പുഷ്പ്പാഞ്ജലിയുമൊക്കെ ഉണ്ടായിരുന്നു. ഇന്നത്തെപ്പോലെ മൈക്കും കോളാമ്പിയും ഒന്നുമുണ്ടായിരുന്ന ഒരു കാലഘട്ടമായിരുന്നില്ല.  കല്ലൂപ്പാറയിൽ നിന്നെത്തിയ ചെറിയ തോതിൽ സ്വർണ്ണപ്പണി ചെയ്തു കൊണ്ടിരിക്കുന്ന നീലകണ്ഠൻ ആചാരിയും, തെങ്ങുകയറ്റ തൊഴിലാളികളായിരുന്ന ശ്രീധരൻ ചേട്ടനും രാഘവൻ ചേട്ടനും, ഗഞ്ചിറവിദഗ്ധനായിരുന്ന മുല്ലശ്ശേരിയിൽ പരമേശ്വരൻപിള്ള ചേട്ടനും ഒക്കെ ചേർന്ന്  ക്ഷേത്രത്തിൽ ഒരു ഭജന നടത്തി.ജീവിതത്തിൽ ആദ്യമായി ഒരു പാട്ട് അന്ന് ഞാൻ ആ ഭജനയിൽ പാടിയത് ഇന്നുമോർമ്മയിൽ. മഹാനുഭാവനായിരുന്ന എം.കെ. ത്യാഗരാജ ഭാഗവതരുടെ "കൃഷ്ണ മുകുന്ദ മുരാരേ" എന്ന ഭക്തി ഗാനം. അതോടെ ഞാൻ പാട്ട് പാടുന്നത് നിർത്തി. അന്ന് നിർത്തി. 
ഈ പറഞ്ഞിട്ടുള്ള ആരും തന്നെ ഇന്ന് ജീവിച്ചിരിപ്പില്ല. പക്ഷേ ഇവരെല്ലാം എന്നും നാടിന്റെ മനസ്സിൽ എന്നുമുണ്ടാകും . 
ഭജന കഴിഞ്ഞപ്പോൾ തന്നെ ഭക്തജനങ്ങൾ അവരവരുടെ വീടുകളിലേക്ക് മടങ്ങിത്തുടങ്ങി. ശിവരാത്രിയെ ഓർമ്മിപ്പിക്കുമാറ് രാത്രി പന്ത്രണ്ട്‌ മണി വരെ ഭാഗവതപാരായണം നടത്തുന്നത്   നല്ലതാണെന്ന് ഞാനേറെ ബഹുമാനിക്കുന്ന കിഴക്കേ നെയ്യത്തുരുത്തിൽ ശിവശങ്കരപ്പിള്ള ചേട്ടനും, കണത്താട്ടു കുമാരപിള്ള ചേട്ടനും,
എന്റെ അച്ഛനും, കരിപ്പൂരില്ലത് ചെല്ലപ്പൻപിള്ള സാറുമൊക്കെ ഒത്തു ചേർന്ന് പറയുകയും, അതിൻപടി ഞാനും, ദശാബ്ദങ്ങളായി എന്റെ വീട്ടിൽ ഞങ്ങളുടെയൊക്കെ പക്കപുറന്നാളിന്‌ ഭാഗവതം വായിച്ചുകൊണ്ടിരുന്ന കിഴക്കേ തിരുനല്ലൂരെ കൊച്ചു കൊച്ചാട്ടാനും, ശിവശങ്കരപ്പിള്ള ചേട്ടനുമൊക്കെ കുടി ഭാഗവതം വായിച്ചു. ഏതാണ്ട് ഒരു മണി ആയപ്പോൾ വീട്ടിലേക്കു മടങ്ങി. അതേത്തുടർന്നുള്ള രണ്ടു മുന്ന് വർഷങ്ങളും ഇതേ പരിപാടികൾ തുടർന്ന് കൊണ്ടേയിരുന്നു.ശരിക്കും ആ ഭാഗവത പാരായണമാണ്  ഇന്ന് കാണുന്ന "ഭാഗവത സപ്താഹ യജ്ഞ"ത്തിന്റെ ശരിയായ തുടക്കം. അതിനു കരണക്കാരനായത് തോട്ടഭാഗത്തു നിന്നും വന്നിരുന്ന ഒരു പണിക്കരു ചേട്ടനാണ്.  രസകരമായ ആ ചരിത്രത്തിലേക്ക് അടുത്ത ചൊവാഴ്ച...

തുടരും...