പ്രതിഷ്ഠദിനവും,സപ്താഹയജ്ഞവും... ഭാഗം പതിനേഴ് ... (തുടർച്ച...)

പ്രതിഷ്ഠദിനവും,സപ്താഹയജ്ഞവും...
ഭാഗം പതിനേഴ് ... (തുടർച്ച...)
----------------------------------------------------------------

ഈ കേടുപാടുകൾ സംഭവിച്ച അയ്യപ്പ വിഗ്രഹം ശതാബ്ദങ്ങൾക്ക് മുൻപ് ഏതോ ഒരു വർഷത്തിൽ നടത്തിയിട്ടുള്ള പ്രതിഷ്ഠ ആയിരിക്കണം. ആ വിഗ്രഹം പിന്നെയും 
ക്ഷേത്ര സന്നിധിയിൽ ഉണ്ടായിരുന്നു. അതായതു മുകളിൽ പറഞ്ഞിരിക്കുന്ന പ്രതിഷ്ഠദിനത്തിലും തുടർന്ന് നടന്നു വരുന്ന സപ്താഹ യജ്ഞത്തിലുമൊക്കെ അതെ വിഗ്രഹമാണ്  സ്ഥിതി ചെയ്തിരുന്നത്.
പ്രതിഷ്ഠദിനം എന്നത് കൊണ്ടുദ്ദേശിക്കുന്നത് മേതൃക്കോവിൽ ക്ഷേത്രത്തിലെ പ്രധാന ദേവനായ മഹാദേവലിംഗ പ്രതിഷ്ഠയാണ്. സത്യത്തിൽ അത് പുനഃ പ്രതിഷ്ഠയായിരുന്നു. കാരണം കാലഹരണപ്പെട്ടു കിടന്ന ഗർഭഗ്രഹം പുതുക്കിപ്പണിതപ്പോൾ വിഗ്രഹം ബാലാലയത്തിലേക്ക് മാറ്റി പ്രതിഷ്ഠിച്ചു. തുടർന്ന് ഗർഭഗ്രഹത്തിന്റെ   പുനരുദ്ധാരണത്തിന് ഏതാണ്ട് ആറുമാസത്തിലധികം സമയമെടുത്തു. അതിനു ശേഷം  ശിവലിംഗം ബാലാലയത്തിൽ നിന്നെടുത്ത "പുനഃപ്രതിഷ്ഠ" നടത്തുകയാണുണ്ടായത്.  പക്ഷേ അന്നു മുതൽ സമുഹം അത് "പ്രതിഷ്ഠ ദിന"മായി ആചരിക്കപ്പെടുന്നു. ഇന്നും തുടരുന്നു.  
ആ കാലഘട്ടത്തിൽ ഞങ്ങളുടെ ഉണ്ണി ഗണപതിയും അയ്യപ്പസ്വാമിയും വിഷ്ണുദേവനും അതേപടി അതാതു സ്ഥലങ്ങളിൽ അതേപോലെ തന്നെ കൂടിക്കൊണ്ടിരുന്നു. അതായതു  മറ്റു ഉപദേവതകളയായ അയ്യപ്പസ്വാമിയും ഉണ്ണി  കുട്ടനും മഹാവിഷ്ണുവിനും രക്തയക്ഷസ്സിനും ബ്രഹ്മയക്ഷസ്സിനും ദേവിക്കും ഒക്കെ പുനരുദ്ധാരണത്തിന് പിന്നെയും കാലങ്ങളെടുത്തു എന്ന് സാരം.

ഇവിടെ പ്രസക്തമായ ചില കാര്യങ്ങൾ പറഞ്ഞെ തീരു...ചിലർക്കത് ഇഷ്ട്ടപ്പെടാം. മറ്റു ചിലർക്ക് ഇഷ്ടപ്പെടാതിരിക്കാം.  അതിന് കാരണം ഇപ്പോൾ അവിടെ പ്രതിഷ്ഠയിലുള്ള വിഗ്രഹം മുൻപുണ്ടായിരുന്ന അയ്യപ്പ സ്വാമിയുടെ വിഗ്രഹമല്ലാ. അതെനിക്കുറപ്പുണ്ട്.  ആ പഴയ വിഗ്രഹം പുലിവാഹനായ തലമുടിയൊക്കെ മുറിച്ചിട്ട അയ്യപ്പ സ്വാമി ആയിരുന്നു.  
ഇപ്പോൾ അവിടെ പ്രതിഷ്ഠിച്ചിരിക്കുന്ന വിഗ്രഹം സാക്ഷാൽ ധർമ്മശാസ്താവിന്റെതാണ്. 
1980കളിൽ പ്രതിഷ്ഠിച്ചതാണ്. ഇപ്പോൾ അവിടെ പ്രതിഷ്ഠിച്ചിരിക്കുന്ന വിഗ്രഹം പതിനായിരം (അക്കാലത്തു അതൊക്കെ വലിയ തുകയാണ്) രൂപാ കൊടുത്തു ചെങ്ങന്നൂരിലുള്ള ഒരു മൂശാരിയെക്കൊണ്ട്  കടഞ്ഞെടുത്ത വിഗ്രഹമാണ്. അന്ന് ഹൈന്ദസേവാസംഗം പ്രസിഡന്റായിരുന്ന ഞങ്ങളുടെ കരിമ്പന്നൂരെ കുട്ടപ്പൻ കൊച്ചാട്ടാന്റെ സംഭാവനയായിരുന്നു അത്. വലിയ നാമജപങ്ങളോടെ ഒരു ലോറിയിൽ ചെങ്ങന്നൂരിൽ നിന്ന് കൊണ്ടുവന്നു പറമ്പൂരില്ലത് ഭട്ടതിരിപ്പാടിന്റെ  ആഭിമുഖ്യത്തിൽ അനേകം തന്ത്രി മുഖ്യന്മാരും ദേവപ്രശ്‍നം വയ്ക്കുന്ന ജ്യോതിഷികളും കരക്കാരും നാട്ടുകാരും ഒക്കെ ചേർന്നാണ് ശാസ്താ പ്രതിഷ്ഠ അന്ന് നടത്തിയിട്ടുള്ളത്.
കലശക്കുടങ്ങളുടെയും വാദ്യമേളങ്ങളുടെയും സുഗന്ധ ദ്രവ്യങ്ങളുടെയും നിറവിലാണ് പ്രാണപ്രതിഷ്ഠ നടത്തിയത്. 
വിഗ്രഹനിർമ്മാണം കഴിഞ്ഞു ദക്ഷിണ വാങ്ങിക്കഴിഞ്ഞാൽ പിന്നെ മൂശാരിക്ക് വിഗ്രഹത്തിൽ ഒരാവകാശവുമില്ല. വിഗ്രഹം കൊണ്ട് വന്ന് അമ്പലത്തിൽ സമർപ്പിച്ചാൽ പിന്നെ ബ്രഹ്മസ്ഥാനം ലഭിച്ചവർക്കേ അതിൽ തൊടാൻ അവകാശം  വിധിച്ചിട്ടുള്ളു.
മുൻപുണ്ടായിരുന്ന പുലി വാഹനനായ അയ്യപ്പ സ്വാമിയുടെ കൈ ഒടിഞ്ഞ വിഗ്രഹം അതായതു ശൂദ്രനായ ഞാനും എന്റെ സ്നേഹിതനായ രാജപ്പനും കൈ കൊണ്ട് തൊട്ട വിഗ്രഹം വെള്ളത്തിൽ മുക്കിക്കളയാനായിരുന്നു 
ദേവപ്രശ്നത്തിൽ ജ്യോതിഷികൾ വിധിച്ചത്.
അത്  ഹൈന്ദവസേവാസസംഘം  തിരിച്ചു പിടിച്ച കവിയൂർ എന്ന അടുത്ത കരയിൽ 
ഉണ്ടായിരുന്ന അന്യാധീധപ്പെട്ടുപോയിരുന്ന  മേതൃക്കോവിൽ ദേവസം വക പുഞ്ചപാടങ്ങളുടെ സമീപത്തുള്ള ഒരു തടാകത്തിലാണ് നിമജ്ജനം ചെയ്തിട്ടുള്ളതെന്നാണ് എന്റെ ഓർമ്മ.
ഈ വിഗ്രഹമാറ്റങ്ങളൊക്കെ നടന്നത് ദേവ പ്രശ്നങ്ങൾ നടത്തുന്ന ജ്യോതിഷിയുടെ പ്രവചനങ്ങളുടെ അടിസ്ഥാനത്തിലാണ്. അവിടെ യുക്തിക്കും ബുദ്ധിക്കും ഒന്നും യാതൊരു പ്രസക്തിയുമില്ല. 
അതെന്താണെന്നു ചോദിച്ചാൽ...

എനിക്ക് പഴയ ഒരു തമിഴ് സിനിമ ഗാനം ഓർമ്മയിൽ വരുന്നു. 1965ൽ പുറത്തു വന്ന "അടുക്ക വീട്ടു പെൺ" എന്ന സിനിമയിൽ 
കവി അരശ്ർ കണ്ണദാസൻ എഴുതി, കെ.വി. മഹാദേവൻ സംഗീതം പകർന്നു, 
പി.ബി. ശ്രീനിവാസ്  എന്ന അനുഗ്രഹീത ഗായകൻ പാടിയ ഒരു ഗാനത്തിലെ അവസാന ചരണത്തിലെ വരികൾ...

ഉടച്ച കല്ലിൽ ഒന്ന് ദൈവം.  ഒന്ന് കോവിൽ. 
ഒന്ന് വാതൽ. ഇരൈവൻ പടൈപ്പിൽ എല്ലാം ഒന്ന്. ഇടതൈ പൊരുതു ഏതുവും മാറും...

വേറൊരു ഗാനത്തിന്റെ അവസാന ചരണവും ഓർമ്മയിൽ വരുന്നു.  

"ദൈവം എന്ദ്രാൽ അത് ദൈവം... 
വെറും ശിലായെന്ദ്രാൽ അത് ശിലൈ താൻ... ഉണ്ടെൻട്രാൽ അത് ഉണ്ട്...
ഇല്ലൈ  എൻട്രരാൽ അത് ഇല്ലൈ...

ഇതും കണ്ണദാസന്റെ സംഭാവനയാണ്...

എത്ര നിസ്സാരമായാണ്  ഒരു വിശ്വാസിയേയും ആവിശ്യസിയേയും നമ്മുക്കൊപ്പിയെടുക്കാൻ ഈ നാലു വരികളിലൂടെ കവി പറഞ്ഞു വച്ചിരിക്കുന്നത്...

പ്രതിഷ്ഠദിനത്തിന്റെയും സപ്താഹത്തിന്റെയും ചരിത്രം പറയാൻ ശ്രമിക്കുന്ന താങ്കൾ എന്തിനു കാട് കയറുന്നു എന്നൊരു ചോദ്യം പ്രതീക്ഷിക്കുന്നു...അതിന്റെ ഒരേ ഒരു കാര്യം.  ധർമ്മശാസ്താവും അയ്യപ്പനും രണ്ടാണെന്ന് പറയാൻ കൂടിയാണ്. 
"അയ്യപ്പൻ ചരിത്ര"മെന്നാണ് നമ്മൾ പറയുക. 
അവിടെ വാവരുണ്ട്. അർത്തുങ്കൽ വെളുത്തച്ചനുണ്ട് .മാളികപ്പുറമുണ്ട്. മഹിഷിയുണ്ട്. ചീരപ്പൻചിറയുണ്ട്. 
അവുടുത്തെ ഗോവിന്ദൻ ആശാനുണ്ട്. കറുപ്പനുണ്ട്. കടുത്തയുണ്ട്.പുലിയുണ്ട്. പുലിപ്പാലുണ്ട്. പന്തളം കൊട്ടാരമുണ്ട്. അങ്ങനെയെല്ലാരുമുണ്ട്.

എന്നാൽ "ശാസ്താ സങ്കൽപ്പം" എന്നാണ് നമ്മൾ സാധാരണ പറയാറുള്ളത്.അതിന്റെ കാലഘട്ടം എത്രയാണന്നറിയാമോ? സംഘകാലത്തിനുമൊക്കെ അപ്പുറം. 
ഏതാണ്ട് മുവായിരം വര്ഷങ്ങളോളം...

അയ്യപ്പനോ?

അടുത്ത ചൊവാഴ്ച  കാണാം.

തുടരും...