പ്രതിഷ്ഠദിനവും,സപ്താഹയജ്ഞവും...
ഭാഗം പതിന്നാല്... (തുടർച്ച...)
നാടിന്റെ പരദേവതയായ നല്ലൂർസ്ഥാനത് ഭദ്രകാളി ക്ഷേത്രത്തിന്റെ പുനരുദ്ധാരണത്തിനായിരുന്നു
ഹൈന്ദസേവാസംഘം ആദ്യം തുടക്കം കുറിച്ചത്. തുടർന്ന് തിരുപ്പൂവപ്പുഴ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിന്റെ പുനരുദ്ധാരങ്ങൾക്കും തുടക്കമായി. അപ്പോഴും ഗതകാലസ്മരണകൾ അയവിറക്കിക്കൊണ്ട് ഒരു പ്രതീകാല്മകമായി മേതൃക്കോവിൽ മഹാദേവൻ നിലകൊണ്ടു. എന്നിരുന്നാലും മുന്ന് ക്ഷേത്രങ്ങളും ചൈതന്യപൂർണ്ണവും അദ്ധ്യാൽമികദീപ്തവുമായി
ത്തുടങ്ങിയതോടെ സമൂഹത്തിൽ ജനങ്ങളുടെ മനസ്സുകൾ കുറേക്കൂടി സംസ്ക്കാര സമ്പന്നമായി. സ്വാർത്ഥത വെടിഞ്ഞു തുടങ്ങി. പ്രാർത്ഥനകളും സ്വപ്നങ്ങളും സഫലമായി തുടങ്ങിയെന്ന് സമൂഹത്തിനു ബോധ്യമായി തുടങ്ങി.കുറ്റിക്കാടുകൾ വെട്ടി തെളിച്ചു വിശ്വാസികൾക്ക് എത്തിച്ചേരാൻ പറ്റുന്ന രീതിയിൽ ദേവിക്ഷേത്രം പുനരുദ്ധാരണത്തിന്റെ പാതയിൽ എത്തിയപ്പോൾ, സുബ്രമണ്യ സ്വാമി ക്ഷേത്രവും പരിസരങ്ങളും വൃത്തിയാക്കാൻ ജനങ്ങൾ മുന്നോട്ടു വന്നു. ക്ഷേത്രങ്ങളിലെല്ലാം ഉത്സവങ്ങളുടെ ഒരു കാലഘട്ടത്തിനും തുടക്കം കുറിച്ച് വിശ്വാസികൾക്ക് അമ്പലങ്ങളോട് ആകർഷണം ഉണ്ടാക്കിയെടുക്കാൻ നേതൃത്വത്തിന് കഴിഞ്ഞിരുന്നു.ആണ്ടു തോറും വരുന്ന ഉത്സവങ്ങൾക്ക് ആരംഭം കുറിച്ച് ഉത്സവങ്ങൾ നിലവിൽ വന്നു. വിഷുവിനു ആണ്ടു തോറും പടയണി നാൽപ്പത്തൊന്നു ദിവസത്തെ ചിറപ്പ് ദീപാരാധന പുഷ്പ്പാഞ്ജലി കാലൻ കോലം മറുത യക്ഷി പക്ഷി തുടങ്ങിയ കോലങ്ങൾ അടവി, മതപ്രസംഗങ്ങൾ, ചില കാലങ്ങളിൽ കഥാപ്രസംഗങ്ങൾ, ബാലേ, തൈപ്പൂയ കാവിടിയാട്ടങ്ങൾ, കാവടി വിളക്കുകൾ,
ശിവരാത്രി ഉത്സവങ്ങൾ, ഭാഗവത പാരായണങ്ങൾ കഥകളി അങ്ങനെ നാടൊന്ന് സടകുട ഒന്നെഴുന്നറ്റു. നാടിൻ പ്രതിച്ഛായ തന്നെ മാറാൻ തുടങ്ങി. കൗമാരപ്രായത്തിൽ കേട്ട ഒരുപാടു പേരുകൾ ഇന്നും ഓർമ്മയിൽ.മാങ്കുളം വിഷ്ണു നമ്പൂതിരി, കുടമാളൂർ കരുണാകരൻ നായർ, ആയാംകുടി കുട്ടപ്പ മാരാർ, മടവൂർ വാസുദേവൻ നായർ, മങ്കൊമ്പ് ശിവശങ്കര പിള്ള, ചെങ്ങന്നൂർ ഗുരു രാമൻ പിള്ള, വാരാണസി സഹോദരന്മാർ,മടവൂർ വാസുദേവൻ നായർ, മാത്തൂർ ഗോവിന്ദൻ കുട്ടി, കലാമണ്ഡലം കൃഷ്ണൻ നായർ, കലാമണ്ഡലം കേശവൻ, തുടങ്ങിയ നിരവധി കഥകളി ശ്രേഷ്ഠന്മാർ...
ഗുരു ഗോപിനാഥ്, കോട്ടയം ചെല്ലപ്പൻ/ ഭവാനി, തൃപ്പുണിത്തറ അരവിന്ദാക്ഷ മേനോൻ, തുടങ്ങിയ നാട്യലോകത്തെ പ്രതിഭകൾ .സാംബശിവൻ സാർ, വെട്ടിയാർ പി.കെ., കടക്കോട് വിശ്വംഭരൻ, തുറവൂർ രാമചന്ദ്രൻ, ഹരിപ്പാട് കൃഷ്ണ പിള്ള, ജോസഫ് കൈമാമ്പറമ്പൻ, കൊല്ലം ബാബു, പാറശാല തങ്കപ്പൻ, പാറശ്ശാല പൊന്നമ്മ, തുടങ്ങിയ കാഥിക ലോകത്തെ മഹാപ്രതിഭകൾ. മേമന കൊച്ചു എന്ന കരിമരുന്നു പ്രയോഗിക്കുന്ന വെടിക്കെട്ടുകാരൻ. കവിയൂർ ഗോപി, കവിയൂർ രാഘവപ്പണിക്കർ എന്ന ചെണ്ടമേളക്കാർ. മുഖത്തല ചെല്ലപ്പൻപിള്ള, പുറമറ്റം ഗോപി നാഥാപിള്ള, എണ്ണക്കാട്ട് കുട്ടൻ പിള്ള, ചെന്നിത്തല ചെല്ലപ്പൻ പിള്ള, വെളിനല്ലൂർ മാധവൻ നായർ, ഏറ്റുവാശ്ശേരി രാഘവൻ നായർ, തേവലക്കര ജനാർദ്ദന കുറുപ്പ്, തുടങ്ങിയ ഭാഗവത പാരായണത്തിലെ അധികായർ.
അങ്ങനെ നിരവധിപ്പേരുകൾ ഓർമ്മയിൽ...
ഇതൊക്കെ ആണെങ്കിലും നമ്മുടെ തലക്കെട്ടിൽ പറയുന്ന പ്രതിഷ്ഠദിനവും ഭാഗവതസപ്താഹയജ്ഞവും വരാൻ പിന്നെയും കാലങ്ങൾ കാത്തിരിക്കേണ്ടി വന്നു. സത്യത്തിൽ പ്രതിഷ്ഠദിനമെന്നല്ലാ പറയേണ്ടത്. പുനഃപ്രതിഷ്ഠ ദിനമെന്നാണ്.
കാരണം പ്രതിഷ്ടാദിനം കഴിഞ്ഞിട്ടു ആയിരം വർഷങ്ങൾ എങ്കിലും ആയിക്കാണണം.അത്രയും കാലത്തേ ചരിത്രം ഞങ്ങളുടെ മേതൃക്കോവിൽ മഹാദേവർക്ക് പറയാനുണ്ടാകും.
അതേപ്പറ്റിയുള്ള വിശദ വിവരങ്ങൾ അടുത്ത ലക്കങ്ങളിൽ തുടരാം.
ചൊവ്വഴ്ച്ചകൾ തോറും...
തുടരും...