പ്രതിഷ്ഠദിനവും,സപ്താഹയജ്ഞവും... ഭാഗം പത്തൊൻപത് ... (തുടർച്ച...)

പ്രതിഷ്ഠദിനവും,സപ്താഹയജ്ഞവും...
ഭാഗം പത്തൊൻപത് ... (തുടർച്ച...)
----------------------------------------------------------------
തോട്ടഭാഗത്തു നിന്ന് വന്നിരുന്ന പണിക്കരു ചേട്ടൻ പരമ സ്വാതികനായിരുന്നു. ഭാഗവത പാരായണവും അതിനോടനുബന്ധിച്ചിട്ടുള്ള പൂജ വിധികളും ശാസ്ത്രീയമായി തന്നെ ചെയ്തു പോരുന്ന ഒരു സാധു മനുഷ്യൻ. നിഷ്ക്കളങ്കമായ പുഞ്ചിരി ആ മുഖത്തു എപ്പോഴും കാണാം.പണിക്കര് ചേട്ടനെ ഞങ്ങളുടെ വാർഡിലേക്ക് ആനയിക്കുന്നതിൽ നിർണ്ണായകമായ പങ്കു വഹിച്ചത് ഞാൻ സഹോദരതുല്യം സ്നേഹിച്ചു ബഹുമാനിക്കുന്ന സ്നേഹത്തോടെ എല്ലാവരും മണിയെന്ന വിളിക്കുന്ന നയിറ്റിയിൽ ഉണ്ണികൃഷ്ണൻ നായരാണ്. അന്ന് മണി ഗൾഫ് നാടുകളിലേക്ക് ചേക്കേറാനുള്ള തയ്യാറെടുപ്പിലായിരുന്നു.
അപ്പോഴേക്ക് പ്രതിഷ്ഠ ദിനമൊക്കെ കഴിഞ്ഞിട്ട് രണ്ട് വർഷങ്ങൾ കുടി പിന്നിട്ടു. ഏതാണ്ട് അറുപതുകളുടെ അവസാന കാലഘട്ടമെന്നു പറയാം .ആ ഇടയ്ക്കാണ് ഞങ്ങളുടെ വാർഡിലെ ഹിന്ദു യുവജനങ്ങൾ കുറേപ്പേർ കുടി "യങ് മെൻ ഹിന്ദു അസോസിയേഷൻ"
(Y.M.H.A) എന്നൊരു കൂട്ടായ്മ്മ നിലവിൽ വരുന്നത്. ബാല്യം കഴിഞ്ഞു കൗമാരത്തിന്റെയും യൗവനത്തിന്റെയും ഇടയിലുള്ള കുറെ ഹിന്ദു കുട്ടികൾ മേതൃക്കോവിൽ മഹാദേവർ ക്ഷേത്രത്തിന്റെ പുനരുദ്ധാരണത്തിന് ശക്തി പകരാൻ മുന്നിട്ടു വന്നു.

ആ കാലഘട്ടങ്ങളിൽ ഞങ്ങളുടെ വീട്ടിൽ എല്ലാ മാസവും വരുന്ന പക്ക പിറന്നാൾ ദിവസങ്ങളിൽ രാവിലെ മുതൽ വൈകുന്നത് വരെ ഭാഗവതം വായിപ്പിക്കുന്ന ഒരു രീതി ഉണ്ടായിരുന്നു. ഞങ്ങൾ മുന്ന് സഹോദരങ്ങളുടെയും പക്ക പിറന്നാൾ ദിവസങ്ങളിൽ ജനിച്ച വര്ഷം മുതൽ മുപ്പത്തി മുന്ന് വയസ്സ് വരെ ഞങ്ങളുടെ ആയുസ്സിനും ആരോഗ്യത്തിനും വേണ്ടി ഒരു സത്കർമ്മമായി അച്ഛനും അമ്മയും ചേർന്ന് ഭാഗവതം വായിപ്പിക്കുക എന്നത് പതിവായിരുന്നു. ഈ വിധത്തിലുള്ള ഭാഗവത പാരായണം ഞങ്ങളുടെ ഗ്രാമത്തിൽ അപൂർവ്വം മറ്റു ചില വീടുകളിൽ പല വിശേഷ ദിവസങ്ങളിൽ ഞാൻ ബാല്യത്തിൽ ശ്രദ്ധിച്ചിട്ടുണ്ട്. തുടക്കം മുതൽ ഏതാണ്ട് ഒടുക്കം വരെ (1987ൽ എന്റെ അച്ഛൻ മരിക്കുന്നതു വരെ) ഭാഗവതം വായിച്ചിരുന്ന കല്ലൂപ്പാറ താമസിച്ചിരുന്ന തിരുനല്ലൂരെ കൊച്ചുകൊച്ചാട്ടനെ ഹൃദയപൂർവം നന്ദിയോടെ സ്മരിക്കുന്നു. ഒപ്പം ആദ്യകാലങ്ങളിൽ രാഗഭാവങ്ങളോടെ കൂടെ വായിച്ചിരുന്ന മണ്ണിട്ടിലെ കുട്ടിയമ്മ ഇച്ചേയിയുടെ സഹോദരൻ തലയിൽ കുടുമയൊക്കെ ഉണ്ടായിരുന്ന മീന്തലക്കര ഭാഗത്തു നിന്ന് വന്നിരുന്ന പണിക്കരു ചേട്ടനെയും സ്നേഹത്തോടെ ഹൃദയത്തിൽ ചേർത്ത് വയ്ക്കുന്നു.ആദ്യ കാലത്തൊക്കെ ഇതിനോടനുബന്ധിച്ചിട്ടുള്ള 
പൂജാ  വിധികളൊക്കെ ചെയ്തിരുന്നത് വീട്ടിൽ അച്ഛൻ തന്നെ ആയിരുന്നു. കാലചക്രം തിരിഞ്ഞുകൊണ്ടേയിരുന്നു. പലരെയും ഇവിടെ അഭിമാനത്തോടും സ്നേഹാദരങ്ങളോടും ഓർമ്മിക്കുന്നു. കർത്തശ്ശേരിലെ കൊച്ചുപിള്ള കൊച്ചാട്ടനേയും വാലേലേ നാരായണപിള്ള കൊച്ചാട്ടനെയും ഒക്കെ പിതൃതുല്യം  ഓർത്തു പോകുന്നു. ഇവരൊക്കെ എനിക്ക് വേണ്ടി ഏറെക്കാലം ഭാഗവതപാരായണം നടത്തി അനുഗ്രഹിച്ചിട്ടുണ്ട്. അങ്ങനെയൊക്കെയാണ് ഞാൻ ഭാഗവതപാരായണത്തിലേക്കു  ആകൃഷ്ടനാകാൻ തന്നെ ഒരു പ്രധാന കാരണം. ഇന്നും ഞാൻ ഏതാണ്ട് അമ്പതു വർഷങ്ങൾക്ക് മുൻപ് ഭാഗവത പാരായണം നടത്തിച്ചു കാസ്സറ്റിൽ റെക്കോർഡ് ചെയ്തത് മൊബൈലിലേക്ക്‌ പകർത്തി വണ്ടി ഓടിക്കുമ്പോൾ കേട്ട് ആനന്ദമടയാറുണ്ട്.

ആ ഇടയ്ക്കാണ് പുറമറ്റം ഗോപിനാഥപിള്ള എന്ന സ്നേഹം മാത്രം കൈമുതലായുള്ള ഭാഗവത പാരായണത്തിൽ അനിതരണ
സാധാരണമായാ കഴിവുള്ള സ്നേഹം നിറഞ്ഞ ഗോപിച്ചേട്ടൻ എന്റെ പക്ക പിറന്നാൾ ദിനത്തിൽ ആദ്യമായി ഭാഗവത
പാരായണത്തിനെത്തുന്നത്. എതാണ്ട്(1970) എഴുപതുകളുടെ ആദ്യം.തിരുവാതുക്കര ഭക്തൻ സ്വാമിയും അന്ന് അദ്ദേഹത്തോടൊപ്പം വന്നിരുന്നത് ഇന്നും ഓർമ്മയിൽ. അദ്ദേഹത്തിന്റെ പാരായണവും അസാധ്യമായിരുന്നു. എന്നാൽ അക്കാലത്തു അദ്ദേഹം പൗർണമി സംഘത്തിന്റെ പ്രസിഡന്റായി അവരോധിക്കപ്പെട്ടപ്പോൾ സമയക്കുറവു കാരണം ഭക്തൻ സ്വാമിയുടെ മാസം തോറുമുള്ള വരവ് നിലയ്ക്കുകയും,  പകരം ഞാൻ മുകളിൽ ഓർമ്മിച്ച തോട്ടഭാഗത്തു നിന്നെത്തിയ പണിക്കര് ചേട്ടൻ പൂജാരിയായി എന്റെ പക്കപുറന്നാളുകളിൽ വന്നു തുടങ്ങിയപ്പോൾ അതൊരു വഴിത്തിരിവായി ഭവിക്കുകയും ചെയ്തു. ആ കാലഘട്ടത്തിൽ പലപ്പോഴും വിവിധ  അമ്പലങ്ങളിൽ നടക്കുന്ന സപ്താഹസ്സുകളിൽ പ്രശസ്തരായ വായനക്കാരുടെ ഭാഗവത പാരായണം കേൾക്കാൻ മാത്രമായി പോകുക പതിവായിരുന്നു.  മുഖത്തല ചെല്ലപ്പൻ പിള്ള ചേട്ടൻ, എണ്ണയ്ക്കാട്ടു കുട്ടൻ പിള്ള ചേട്ടൻ, സഹോദരൻ ഗോപി പിള്ള ചേട്ടൻ, വെളിനല്ലൂർ മാധവൻ നായർ ചേട്ടൻ, തേവലക്കര ജനാർദ്ദനക്കുറുപ്പ് ചേട്ടൻ, ആറ്റുവാശ്ശേരി രാഘവൻ നായർ ചേട്ടൻ, ചെന്നിത്തല ചെല്ലപ്പൻ പിള്ള ചേട്ടൻ, തുടങ്ങിയ മഹാരഥന്മാരുടെ വായനകൾ കേൾക്കാൻ പലപ്പോഴും അവസരങ്ങൾ കിട്ടിയിട്ടുണ്ട്. ഇതൊക്കെ കേട്ട് വന്നു പക്ക പിറന്നാൾ ദിവസങ്ങളിൽ ഞാൻ തോട്ടഭാഗത്തു നിന്ന് വന്നിരുന്ന പണിക്കര് ചേട്ടനോടും പുറമറ്റം ഗോപിചേട്ടനോടു
മൊക്കെ വിശദമായി സംസാരിക്കാറുണ്ടായിരുന്നു. ഈ സംഭാഷണങ്ങളിൽ നിന്നാണ് നീണ്ട അൻപത്തി മുന്ന് വർഷങ്ങളിലെ തുടർച്ചയായി തുടർന്ന് വരുന്ന സപ്താഹയജ്ഞത്തിന്റെ അസ്ഥിവാരം അല്ലങ്കിൽ അടിത്തറ എന്ന് പറയാം.അതിന്റെ വിശദികരണങ്ങളിലേക്കു നമുക്ക് ഒന്ന് പോയി നോക്കാം.

അടുത്ത ചൊവാഴ്ച...  

തുടരും...