പ്രതിഷ്ഠദിനവും,സപ്താഹയജ്ഞവും.
ഭാഗം പത്ത് . (തുടർച്ച.)
ഒരു നീണ്ട ഇടവേളയ്ക്കു ശേഷം വീണ്ടും പഴയ ഓർമ്മകളിലേക്ക്. ഈ വരുന്ന മാസം നവംബർ എട്ടിനാണ് (November 8th 2024)
ഞങ്ങളുടെ ഇരവിപേരൂർ ഗ്രാമത്തിലെ മേതൃക്കോവിൽ മഹാദേവർ ക്ഷേത്രത്തിലെ അൻപത്തി മൂന്നാമത്തെ (53) സപ്താഹ യജ്ഞവും, തുടർന്ന് ഏഴാം നാൾ പ്രതിഷ്ഠ ദിനവും കടന്നു വരുന്നു എന്ന വാർത്ത വീട്ടിൽ നിന്ന് സഹോദരൻ ഓർമ്മിപ്പിച്ചപ്പോഴാണ്, എഴുതി തുടങ്ങി മുഴുമിപ്പിക്കാതെ പോയ ഈ വിഷയത്തെക്കുറിച്ചുള്ള ചിന്തകൾ
മനസ്സിൽ വീണ്ടും പൊന്തി വന്നത്.
അതിനപ്പുറമുണ്ടായിരുന്ന മുൻകാല ഓർമ്മകൾ ഒൻപത് അദ്ധ്യായങ്ങളിൽ ആയി ഈ വേദിയിൽ കുറച്ചു മാസങ്ങൾക്ക് മുൻപ് എഴുതി പ്രസിദ്ധികരിച്ചിരുന്നത് സഹൃദയരായ നിങ്ങൾ വായിച്ചനുഗ്രഹിച്ചത് നന്ദി പൂർവം സ്മരിക്കുന്നു.
അത് ചെന്ന് നിന്നത് ഇരവിപേരൂർ ഹൈന്ദവസേവാസംഘത്തിൻ്റെ ഉത്ഭവത്തിലായിരുന്നു. അതായത് 1961 ൽ അന്നത്തെ ഇരവിപേരൂരിലെ വടക്കു തെക്കു കിഴക്കു എന്നി മുന്ന് വാർഡിൽ നിന്നും തെരഞ്ഞെടുത്ത അമ്പത്തഞ്ചു പേരടങ്ങുന്ന ജനറൽ കമ്മിറ്റിയും, അതിൽ നിന്ന് തെരഞ്ഞെടുത്ത പതിനേഴു പേരടങ്ങുന്ന എക്സിക്യൂട്ടീവ് കമ്മിറ്റിയും
പ്രായോഗിക തലത്തിൽ രൂപം കൊണ്ടു. എവിടെയാ പറഞ്ഞു നിർത്തിയത്? അതെ വളരെ നീണ്ടകാലത്തെ ദുഃഖപൂരിതമായ അന്തരീക്ഷത്തിന് പൂർണ്ണ വിരാമമിട്ടു
കൊണ്ട് ഇരവിപേരൂരിലെ മുന്ന് ക്ഷേത്രങ്ങൾക്കും പുനരുദ്ധാരണത്തിന് തുടക്കമിടാൻ ഹൈന്ദസേവാസംഗം എന്ന പേരിൽ 51 വകുപ്പുകളും 27 ഉപ വകുപ്പുകളും ഉള്ള നിയമാവലിക്കു വിധേയമായി ക്ഷേത്ര പുനരുദ്ധാരങ്ങൾക്കും ഹൈന്ദവരുടെ സമസ്ത മേഖലയിൽ ഉള്ള പുരോഗതിക്കും വേണ്ടി പ്രവർത്തിക്കുന്ന ബഹ്ഹൃത്തായ ലക്ഷ്യങ്ങളോടെ സംഘടനാ രജിസ്റ്റർ ചെയ്ത്, ആ മഹാപ്രസ്ഥാനം
(രജിസ്ട്രേഷൻ നമ്പർ 25) നിലവിൽ വന്നു.
അന്ന് മുതൽ ക്ഷേത്രങ്ങൾ വക സ്ഥാവര ജംഗമ വസ്തുക്കൾ പത്തില്ലത്തിൽ പോറ്റിമാരായ ഊരാണ്മക്കാരുടെ രേഖാമൂലമുളള സമ്മതപത്രങ്ങൾ പ്രകാരം ഈപ്പറഞ്ഞ ഹൈന്ദവസേവസംഘത്തിൻ്റെ കീഴിലായി.വഴിപാടുകളിൽ നിന്ന് കിട്ടുന്ന തുച്ഛമായ വരുമാനവും കൈവശത്തിൽ വന്നു ചേർന്ന ക്ഷേത്രപറമ്പുകളിലെ ആദായവും ഒരു കുട്ടം അർപ്പണ
ബുദ്ധിയുള്ള നാട്ടുകാരുടെ പരിശ്രമവും ഇരവിപേരൂരിലെ ഹൈന്ദവരുടെ ഒരു കുട്ടായ്‌മ്മയ്ക്ക് ശക്തി എറിത്തുടങ്ങി. ഉച്ചനീചത്വവും ജാതി സ്പർദ്ധയും ഒരു വലിയ പരിധി വരെ ഇല്ലാതായി എന്ന് പറയാം.
ആഹാരത്തിനുള്ള പങ്കിൽ നിന്നും ഒരു പിടി അരി ദേവകാര്യങ്ങൾക്കായി നീക്കി വച്ചാൽ അത് പിരിച്ചെടുത് ലേലം ചെയ്തും, അഷ്ടിക്കുള്ള മാർഗ്ഗത്തിൽ നിന്നും അരയണ മിച്ചം പിടിച്ചും, സമാഹരിച്ച
പണം കൊണ്ടും, അന്യധീനപ്പെട്ടു പോയ ഭൂമികളെല്ലാം തിരിച്ചു പിടിച്ചു ഒത്തൊരുമയോടെ കഠിനമായ ശാരീരികാദ്ധ്വാനം ചെയ്തു രാപ്പകലൊക്കെ ക്ഷേത്രഅഭിവ്യദ്ധിക്കു വേണ്ടി ഒരുപാട് കഷ്ടപ്പെട്ട ഒരു കാലഘട്ടത്തിലെ സമൂഹമായിരുന്നു ഇതിൻ്റെ പിന്നിൽ തുടക്കം കുറിച്ചവർ എന്ന് എനിക്ക് ധൈര്യമായി പറയാൻ കഴിയും.
കാരണം എൻ്റെ ബാല്യ കൗമാരത്തിൽ ഈ പ്രസ്ഥാനത്തിനു വേണ്ടി ഒരുപാട് പിടിയരി ഇരവിപേരൂരിൻ്റെ വടക്കേ ഭാഗത്തു ഞാനും നടന്നു പിരിച്ചു കൊടുത്തിട്ടുണ്ട്. എല്ലാ മലയാള മാസവും ഒന്നാം തീയതി അതിരാവിലെ മുല്ലശ്ശേരിൽ പരമേശ്വരൻ കൊച്ചാട്ടൻ്റെ വീട്ടിൽ നിന്ന് അവുടുത്തെ ചേച്ചി തന്നു വിടുന്ന ഒരു പിടി അരിയുമായി വടക്കേ ഭാഗം മുഴുവനും ഉള്ള വീടുകൾ കയറിയിറങ്ങി ഉച്ചയ്ക്ക് ഒരു മുന്ന് മണിയാകുമ്പോൾ കരിപ്പൂരില്ലത്തു എത്തിച്ചേരും. ആ ഒരു പിടി അരി റാത്തലുകളായി അപ്പോഴേക്ക് മാറിയിരിക്കും. അന്നൊന്നും കിലോഗ്രാമെന്നോ ഗ്രാമെന്നോ പറയാറില്ല. റാത്തലാണ്. ഒരു റാത്തൽ രണ്ടു റാത്തൽ മുന്ന് റാത്തൽ അങ്ങനെ കൂടി
ക്കൊണ്ടിരിക്കും. അത് വൈകിട്ട് അമ്പലത്തിൽ എത്തിക്കും. പലരും അത് ലേലത്തിൽ പിടിച്ചുകൊണ്ടു പോകും.
സത്യം പറയാമല്ലോ ചില ക്രിസ്ത്യൻ കുടുംബത്തിലെ അമ്മച്ചിമാരും പിടിയരി സംഭാവന തന്നിട്ടുണ്ടന്നുള്ളതും നന്ദിപൂർവം സ്മരിക്കുന്നു. പലപ്പോഴും എൻ്റെ കൂടെ കരിപ്പൂരില്ലാതെ ഉണ്ണി സഹയാത്രികനായുണ്ടാകും.കാരണം അക്കാലങ്ങളിൽ ഉണ്ണിയുടെ അച്ഛൻ ഞാനേറെ മനസ്സു കൊണ്ട് ബഹുമാനിക്കുന്ന ചെല്ലപ്പൻപിള്ള സാർ ഹൈന്ദവസേവാസമിതിയുടെ ഭരണസമിതിയിലുണ്ടായിരുന്നു.ഭരണത്തിൽ എപ്പോഴും ഉണ്ടായിരുന്നു. ഒന്നുകിൽ പ്രസിഡന്റ് അല്ലെങ്കിൽ വൈസ് പ്രസിഡന്റ് അതുമല്ലങ്കിൽ സെക്രട്ടറി/ജോയിന്റ് സെക്രട്ടറി ഇതൊന്നുമല്ലെങ്കിൽ ഖജാൻജി അങ്ങനെ എപ്പോഴും എന്തെങ്കിലു മൊക്കെ പദവിയിലുണ്ടാകും. അതുപോലെ തന്നെ ആയിരുന്നു ഞങ്ങളുടെ അച്ഛനും. അതുകൊണ്ടു മക്കളായ ഞങ്ങൾക്കും ഈ പ്രസ്ഥാനവുമായി ബാല്യം മുതലേ അടുപ്പം ഏറിയിരുന്നു. ഉള്ളിൽ തട്ടിയുള്ള ഒരടുപ്പം. കുറേക്കഴിഞ്ഞപ്പോൾ ഉണ്ണി ഈ പരിപാടിയിൽ നിന്ന് മാറി നിന്നു. പിന്നീട് ഞാനും എൻ്റെ ആത്മസുഹൃത് കരിമ്പന്നൂർ രാജപ്പനും ചേർന്നു വർഷങ്ങളോളം ഈ പിടിയരി പരിപാടി തുടർന്ന് കൊണ്ടേയിരുന്നു. രാജപ്പൻ്റെ വല്യച്ഛൻ ഈ പ്രസ്ഥാനത്തിൻ്റെ ആദ്യകാല നേതൃത്വത്തിൽപ്പെട്ട വ്യക്തി കുടി ആയിരുന്നു. കരിമ്പന്നൂർ ശ്രീ ആദി ഗോവിന്ദപിള്ള അപ്പൂപ്പൻ.
തുടർന്ന് ക്ഷേത്രങ്ങളുടെ പുനരുദ്ധാരണങ്ങൾക്കു തുടക്കമായി. അതിൻ്റെ പുരോഗതിയും ചരിത്രങ്ങളും അടുത്ത ലക്കങ്ങളിൽ ചൊവ്വാഴ്ച തോറും.
തുടരും.