പ്രതിഷ്ഠദിനവും,സപ്താഹയജ്ഞവും... (ഭാഗം പന്ത്രണ്ട് ... തുടർച്ച...)

പ്രതിഷ്ഠദിനവും,സപ്താഹയജ്ഞവും...
(ഭാഗം  പന്ത്രണ്ട്  ... തുടർച്ച...)

അങ്ങനെ  ഇരവിപേരൂരിലെ ആദ്യത്തെ
കരയോഗം നിലവിൽ വന്ന് ഏതാണ്ട് രണ്ട്  വർഷങ്ങൾ പിന്നിട്ടപ്പോൾ, എല്ലാ ഭാഗങ്ങളിലുമുള്ള ഹിന്ദുക്കൾ ഉണരാൻ തുടങ്ങി. സമൂഹപ്രാർത്ഥനകളും സത്‌സംഗങ്ങളും ഭജനകളുമൊക്കെ ഹിന്ദുവിന്റെ കുട്ടായ്‌മയ്‌ക്ക്‌ വഴി തെളിച്ചു. കാലങ്ങളോളം അവഗണനയിലാണ്ട് അധഃപതിച്ച മുന്ന് ക്ഷേത്രങ്ങളിൽ വീണ്ടും അന്തിത്തിരികൾ തെളിഞ്ഞു. കാടും പടർപ്പും വെട്ടിമാറ്റി ക്ഷേത്രപറമ്പുകൾ വൃത്തിയാക്കി. അങ്ങനെ ജാതിവ്യത്യാസങ്ങളും ഉച്ചനീചത്വങ്ങളും ഒക്കെ മറന്നു നിന്നുകൊണ്ട് ക്ഷേത്ര പുനരുദ്ധാരണം നടത്തി നഷ്ടപ്പെട്ടുപോയ ഈശ്വരാധീനം വീണ്ടെടുക്കുവാൻ ഇരവിപേരൂരിലെ ഹൈന്ദവർ തീരുമാനിച്ചു...

1956 മാർച്ച് മാസം 18ആം തീയതി ഞായറാഴ്ച്ച പകൽ 9 മണിക്ക് ഞാൻ മുൻപ് പറഞ്ഞ ഇരവിപേരൂർ വടക്കേ ഭാഗം 344ആം നമ്പർ കരയോഗ മന്ദിരത്തിൽ വച്ചു പഴയ പത്തില്ലത്തിൽ പോറ്റിമാരിൽപ്പെട്ട 
ശ്രീ പച്ചംകുളത് കുമാരക്കൃഷ്ണൻ പോറ്റി, കരനെന്മേനി നാരായണര്, കരിപ്പൂർ പരമേശ്വരര്‌  മുതലായവരുടെ ആഹ്വനപ്രകാരം ഇരവിപേരൂരിലെ സമസ്ത ഹിന്ദുക്കളുടേതുമായ ഒരു നിർണ്ണായകമായ പൊതുയോഗം കുടുകയുണ്ടായി. താംമ്രാപത്ര ജേതാവും സ്വാതന്ത്രസമര സേനാനിയുമായിരുന്ന ശ്രീമാൻ കാട്ടോടി മലയിൽ രാഘവൻ പിള്ള ചേട്ടൻ അദ്ധ്യക്ഷനായിരുന്ന പ്രസ്തുത യോഗം ഇരവിപേരൂരിലെ ഹൈന്ദവ നവോത്ഥാനത്തിന് നാന്നി കുറിക്കുകയായിരുന്നു...
നിത്യ പൂജയും അനുഷ്ഠാനങ്ങളുമില്ലാതെ ജീർണ്ണിച്ചു കിടന്നിരുന്ന നല്ലൂർസ്ഥാനം, പൂവപ്പുഴ, മേതൃക്കോവിൽ, ക്ഷേത്രങ്ങളേ പുനരുദ്ധരിക്കാനും പൂജാദി കർമ്മങ്ങളും ഉത്സവങ്ങളും നടത്തുവാൻ വേണ്ടിയും തീരുമാനിച്ച പൊതുയോഗം അതിനായി 
ശ്രീ. കാട്ടോടിമലയിൽ രാഘവൻ പിള്ള ചേട്ടൻ പ്രസിഡന്റായും, ശ്രീ. എരുതുക്ക മുറിയിൽ ശ്രീധരൻ പിള്ള ചേട്ടൻ സെക്രട്ടറി ആയും, ശ്രീ മഴവഞ്ചേരിൽ വിക്രമ പണിക്കർ ചേട്ടൻ ജോയിന്റ് സെക്രട്ടറി ആയും, എന്റെ അച്ഛൻ 
ശ്രീ നെയ്യത്തുരുത്തിൽ ഗോപാലപിള്ള ഖജാൻജി ആയും, 47 അംഗ ഹൈന്ദവ കമ്മിറ്റയെ അന്ന് തെരഞ്ഞെടുക്കപ്പെട്ടു...

ദാരിദ്ര്യവും ജീവിത ബുദ്ധിമുട്ടുകളും മാത്രം കൈമുതലായുണ്ടായിരുന്ന ഒരു സമൂഹം കാലത്തോടുള്ള വെല്ലുവിളിപോലെ 
"ക്ഷേത്ര പുനരുദ്ധാരണം" എന്ന മഹത്തായ ഒരു ദ്വത്യം  ഏറ്റെടുത്തു. ആഹാരത്തിനുള്ള പങ്കിൽ നിന്ന് ഒരുപിടി അരി ദേവി ദേവ
കാര്യത്തിന് വേണ്ടി നീക്കി വച്ചും, അത് പിരിച്ചെടുത്തു ലേലം വിളിച്ചും, അഷ്ടിക്കുള്ള മാർഗ്ഗത്തിൽ നിന്ന്  കാലണ അരയണ മിച്ചം പിടിച്ചും, സമാഹരിച്ചുണ്ടാക്കിയ പണം ഒരു പൈസ പോലും ദുർവിനയോഗം ചെയ്യാതെ, ഒരു സ്വാർത്ഥലാഭത്തിന് വേണ്ടിയും ചെലവാക്കാതെ, ഒന്നും തന്നെ പണയപ്പെടുത്താതെ, ഒരു സെന്റ് ഭൂമിപോലും വിൽക്കാതെ, അന്യാധീനപ്പെട്ടു പോയ എല്ലാം തന്നെ തിരികെപ്പിടിച്ചു ഒത്തൊരുമയോടെ കഠിനമായ ശാരീരിക അദ്ധ്യാനം ചെയ്ത രാപ്പകൽ ക്ഷേത്രവൃത്തിക്ക് വേണ്ടി നടത്തിയ പരിശ്രമങ്ങളെ എത്രയെത്ര സ്ളാഹിച്ചാലും മതിയാവില്ല...ഇന്നിതൊക്കെ ഒരു ബിസിനസ് പോലെ മാറ്റിയെടുത്ത പുതു സമൂഹത്തിനു ഇതൊന്നും ദഹിക്കണമെന്നില്ല.

ശാസ്ത്രസമ്മതമായ ക്ഷേത്രവൃത്തി മാർഗ്ഗങ്ങളിലൂടെ ഒരു തപസ്വിയായ തന്ത്രിയെ ആചാര്യനായി സ്വീകരിച്ചും തന്ത്രവിധികളനുസരിച്ചു വന്നുപോയ പിഴകൾക്കും അവഗണനകൾക്കും മാപ്പ് പറഞ്ഞു പ്രായശ്ചിത്തം ചെയ്തും
പൂജാവിധികളറിയാവുന്ന ബ്രഹ്മണരെ ജപനീയമങ്ങൾ ഏല്പിച്ചുകൊടുത്തും പൂജാവിധാനങ്ങൾ ക്രമീകരിച്ചും ഉത്സവങ്ങൾ നടത്തിയും ക്ഷേത്ര ചൈതന്യത്തെ ക്രമേണ പൂർണതയിലേക്ക് നയിച്ചു അന്നത്തെ മഹത്തായ ആ സമൂഹം...
നിലംപതിച്ചു പോയ ക്ഷേത്രപ്രാകാരങ്ങൾ പുതുക്കിപ്പണിത് രൂപഭംഗി വരുത്തി പുനഃസ്ഥാപിച്ചു. യക്ഷിയമ്പലവും ക്ഷേത്രകുളവുമുൾപ്പടെ നല്ലൊരുഭാഗം അന്യാധീനപ്പെട്ടുപോയ കൃഷിയിടങ്ങൾ 
ഒപ്പം കുറ്റുവേലിൽ വലിയ സർപ്പക്കാവിലെ ജീർണത സംഭവിച്ച നാഗ വിഗ്രഹങ്ങൾ കേടുപാടുകൾ മാറ്റി പുനഃപ്രതിഷ്ഠ നടത്തി പൂജാക്രമത്തിലുൾപ്പെടുത്തി ക്ഷേത്ര പരിധിയിലാക്കി.അന്യാധീനപ്പെട്ട സ്ഥിയിലായിരുന്ന പുന്നസ്ഥാനം പുരയിടവും കവിയൂരുള്ള കോട്ടൂർ പാടവും പൂവപ്പുഴ പാടവും തിരികെപ്പിടിച്ചെടുത്തു. ക്ഷേത്ര പറമ്പുകളിൽ തെങ്ങും മറ്റു ഫലവൃക്ഷങ്ങളും വച്ചുപിടിപ്പിച്ചു.ക്ഷേത്രഭൂമികളുടെയും ദേവീദേവ ചൈതന്യങ്ങളുടെയും ശോച്യത നീങ്ങിത്തുടങ്ങിയതോടെ ഞങ്ങളുടെ ഗ്രാമത്തിൽ നിലനിന്നിരുന്ന അരാജകത്വത്തിനും ദാരിദ്രദുഃഖങ്ങൾക്കും മാറ്റം വരാൻ തുടങ്ങി. കഷ്ടപ്പാടുകൾ കൊണ്ടുഴറിയിരുന്നവരുടെ ആത്മാർത്ഥമായ പ്രാർത്ഥനകൾക്കും പരിശ്രമങ്ങൾക്കും ഫലപ്രാപ്തി കണ്ടു തുടങ്ങിയതോടെ സമൂഹത്തിനു നഷ്ടപ്പെട്ടു പോയ ആത്മവിശ്വാസം വീണ്ടു കിട്ടാൻ തുടങ്ങി. നാടും നാട്ടുകാരും പുരോഗതിയുടെയും സമൃദ്ധിയുടെയും പാതയിലേക്ക് ആനയിക്കപ്പെടാൻ തുടങ്ങി.  
ഏതാണ്ട് അഞ്ചു വർഷക്കാലം ഈപ്പറഞ്ഞ 
47 അംഗ കമ്മിറ്റി അഹോരാത്രം കഷ്ടപ്പെട്ടാണ് ക്ഷേത്രങ്ങളെ ഈ നിലയിൽ എത്തിച്ചതെന്ന് അത്രയുംകാലം ഖജാൻജി ആയിരുന്ന അച്ഛൻ തന്നെ എന്നോട് നേരിട്ട് പറഞ്ഞിട്ടുള്ള സത്യമായ കാര്യങ്ങളാണ്.

(സത്യം പറയമല്ലോ ഞങ്ങളുടെ വടക്കേഭാഗത്തുള്ള ക്രിസ്ത്യൻ ക്നാനായ സമൂഹത്തിന്റെ പുരോഗതിയും ഏതാണ്ടിതേപോലൊക്കെ തന്നെ ആയിരുന്നു).

ഇതെല്ലാം കഴിഞ്ഞു അഞ്ച് വർഷങ്ങൾക്ക് ശേഷം 1961 മാർച്ച് മാസത്തിലാണ് ഞാൻ മുൻപ് പറഞ്ഞിട്ടുള്ള ഇരവിപേരൂർ ഹൈന്ദവസേവാസംഘം രജിസ്റ്റർ (നമ്പർ 25) ചെയ്യുന്നത്. അത് കഴിഞ്ഞു ഏഴ് വർഷങ്ങൾ കുടി കഴിഞ്ഞ ശേഷം1968ൽ ആണ് ഇതിന്റെ തലക്കെട്ടിൽ പറഞ്ഞിട്ടുള്ള "പ്രതിഷ്ഠദിനം" നടക്കുന്നത്. പിന്നെയും മുന്ന് വർഷങ്ങൾ കുടി കഴിഞ്ഞു 1971ലാണ് തലക്കെട്ടിൽ പറയുന്ന "സപ്താഹ യജ്ഞം" തുടങ്ങിയിട്ടുള്ളത് . അതെല്ലാം വിശദമായി വഴിയേ...

തുടരും...