കാലം പോയതറിയാതെ..
പ്രതിഷ്ഠദിനവും,
സപ്താഹയജ്ഞവും.(ആറാം ഭാഗം തുടർച്ച.)
ഇനി ഞാൻ ജനിച്ചു വളർന്ന വീടിനോട് ചേർന്ന്, എൻ്റെ ആദ്യത്തെ ദൈവസങ്കൽപ്പത്തിൽ കണ്ടെത്തിയ മേതൃക്കോവിൽ മഹാദേവൻ്റെ ഓർമ്മകളിലേക്ക് പോകുന്നു.
വീട്ടിൽ നിന്ന് നടന്നാൽ ഒരു അഞ്ചു മിനിറ്റ്.മഹാദേവൻ്റെ പടി വാതിക്കൽ. ഓർമ്മ വച്ച നാൾ മുതൽ, കണ്ടും കേട്ടും അനുഭവിച്ചുമറിയുന്ന ദൈവ സങ്കല്പം.
പലപ്പോഴും ആലോചിക്കാറുണ്ട്..
ഒരു ക്രിസ്താനിയായി അവിടെ എവിടെയെങ്കിലും ജനിച്ചിരുന്നങ്കിൽ, തൊട്ടടുത്തുള്ള കുന്നിപ്പള്ളിയിലാകുമാ
യിരുന്നു എൻ്റെ ദൈവ വിശ്വാസങ്ങൾക്ക് തുടക്കം.ഇനിയതുമല്ലങ്കിൽ കുറച്ചുകൂടി പടിഞ്ഞാറോട്ടു മാറി, മാന്നാർ പരുമല മുസ്ലിം പള്ളിയുടെ സമീപത്തായിരുന്നു ജനിച്ചതെങ്കിൽ, അള്ളാഹു അക്ബർ വിളിക്കുന്ന ആ പള്ളിയിലായിരിക്കും എൻ്റെ ദൈവവിശ്വാസത്തിന് തുടക്കം കുറിക്കുക.
അപ്പോൾ ആരും വിശ്വാസവും കൊണ്ടല്ല വരുന്നത്.!!! പിന്നീട് വാങ്ങി നെഞ്ചിൽ ചേർക്കുന്നതാണ് അല്ലേ.??? പുതുമയില്ലങ്കിലും, ചുമ്മാതൊർക്കാ
നൊരു രസം.
എൻ്റെ ഓർമ്മയുടെ തുടക്കത്തിൽ, മേതൃക്കോവിൽ മഹാദേവർ ക്ഷേത്ര
ത്തിന് വളരെയധികം കഷ്ടകാലം നിറഞ്ഞ ഒരു ദുരവസ്ഥയിലായിരുന്നു.
പച്ചപുല്ലുകൾ ആവിശ്യത്തിലധികം വളർന്നു നിറഞ്ഞ ക്ഷേത്ര പരിസരം.
ഇഴ ജന്തുക്കളുടെ വിഹാരം.ആഴമേറിയ ക്ഷേത്രകിണറിനു ചുറ്റും കാട് പിടിച്ചു അന്ധകാരമായി കിടക്കുന്നു.
മഹാദേവൻ്റെ ചുറ്റമ്പലമെല്ലാം തകർന്നടിഞ്ഞു കരിങ്കൽ തറകൾ മാത്രമായി അവശേഷിച്ചിരിക്കുന്നു.
ഗർഭഗൃഹം ഭാഗികമായി തകർന്നു മുകളിൽ ധാരാളം ചെടികളും എന്തിന് കൊച്ചു കൊച്ചു മരങ്ങളും മറ്റും വളർന്നു നിൽക്കുന്ന മേൽഭാഗം.മുൻവാതിൽ തകർന്നടിഞ്ഞു പോയിരിക്കുന്നു.
മേതൃക്കോവിൽ ക്ഷേത്രത്തിൽ ദേവി പ്രതിഷ്ഠയോ ദേവി സാനിദ്ധ്യമോ അന്നുണ്ടായിരുന്നില്ല.ക്ഷേത്രത്തിനു പുറത്തു തെക്കു ഭാഗത്തായി വീതി കൂടിയ ഒരു ശിലയിൽ ഒരു ഉണ്ണിഗണപതി
യിരിക്കുന്നു.ഗണപതിക്കു അമ്പലമൊന്നുമുണ്ടായിരുന്നില്ല.
തെക്കു പടിഞ്ഞാറേ മുലയിൽ പുലിവാഹനനായ അയ്യപ്പൻ അൽപ്പം ഉയർന്ന കൽത്തറയിൽ അമർന്നിരുന്നു..
അമ്പലത്തിന് വടക്കു ഭാഗത്തായി ഏതോ പാട്ടക്കാർ കയ്യടക്കി വച്ചിരുന്ന സ്ഥലത്തു കൃഷ്ണ ശിലയിൽ തീർത്ത അതി സുന്ദരമായ മഹാവിഷ്ണു മേൽക്കൂരയില്ലാത്ത എല്ലാം തകർന്നടിഞ്ഞ ഒരു ചെറിയ ക്ഷേത്രത്തിൽ കുടി കൊള്ളുന്നു.
ചെറുപ്പത്തിൽ എന്നെ വളരെ വളരെ ആകർഷിച്ച ഒരു വിഷ്ണു സങ്കല്പമായ ആ വിഗ്രഹം, ഇന്നും പുതുമയോടെ മനസ്സിൽ തെളിഞ്ഞു നിൽക്കുന്നു. കട്ടകാര മുള്ളുകൾ നിറഞ്ഞു നിൽക്കുന്ന വിഷ്ണു ക്ഷേത്രത്തിനടുത്തേക്കു പട്ടാ പകൽപ്പൊലും പോകാൻ ആർക്കും ധൈര്യമുണ്ടായിരുന്നില്ല.
മഹാവിഷ്ണു ക്ഷേത്രത്തോട് ചേർന്നാണ് പ്ലാവേലിക്കുന്നുംപുറത് ഫിലിപ്പ് അച്ചായൻ്റെ കുടുംബം.
ഫിലിപ്പച്ചായൻ്റെ ഓല കൊണ്ട് മറച്ചുണ്ടാക്കിയ കുളിപ്പുരയും കിണറും അടുക്കള വാതിലുമെല്ലാം ഈപ്പറഞ്ഞ മഹാവിഷ്ണു ക്ഷേത്രത്തോട് ഏതാണ്ട് അഭിമുഖം പോലെ ചേർന്നായിരുന്നു.
അവുടുത്തെ അമ്മാമ്മ മീൻ വെട്ടി കഴുകി കളയുന്ന മീൻ വെള്ളം പലപ്പോഴും ഭഗവാന് അഭിഷേകമാ
യിരുന്നു എന്ന് ആലങ്കാരികമായി
വേണമെങ്കിൽ പറയാമെങ്കിലും,സത്യാ
വസ്ഥ ശരിക്കും അതുപോലൊക്കെ ത്തന്നെ.മറ്റൊരു പാട്ടക്കാരൻ കയ്യടക്കി വച്ചിരുന്ന തെക്ക് പടിഞ്ഞാറേ ഭാഗത്തു പുലിവാഹനനായ അയ്യപ്പസ്വാമിയുടെ പിൻ ഭാഗത്തായി പേരിനൊരു കാവ്.
സന്ധ്യക്ക് മുൻപേ വിളക്ക് കൊളുത്താൻ അമ്മയ്‌ക്കൊപ്പം പോകുമ്പോൾ,
പലപ്പോഴും കാറ്റുകൊണ്ട് വിളക്കണയും..
പേടിച്ചരണ്ടാണ് വീണ്ടും കത്തിക്കുന്നത്..
പാമ്പിനെ ഭയം.പലപ്പോഴും കത്താറില്ല.
മുൻപ് പറഞ്ഞ രണ്ട് ക്ഷേത്രങ്ങളുടെയും (നല്ലൂർസ്ഥാനം, പൂവപ്പുഴ)പുനരു
ദ്ധാരണം ഒക്കെ തുടങ്ങി ഒരു മാതിരി നല്ല നിലയിൽ എത്തിച്ച ശേഷമാണ് അന്നത്തെ ഹൈന്ദസേവാസംഘം
ഭാരവാഹികൾ, മേതൃക്കോവിൽ മഹാദേവർ ക്ഷേത്രത്തിൻ്റെ പുനരുദ്ധാ
രണത്തിന് തുടക്കം കുറിച്ചത്.അതിന് മുൻപുള്ള കാലഘട്ടത്തെ പറ്റിയാണ് ഞാനിവിടെ വിശധികരിച്ചത്..
പൂജാ വിധികളൊന്നുമില്ല.പുജാരിയില്ല.
ദീപാരാധനയില്ല.പുഷ്പ്പാഞ്ജലിയില്ല. പലപ്പോഴും അയല്പക്കത്തുള്ളവരുടെ പശുക്കൾക്ക് മേയാൻ മാത്രമുള്ള ക്ഷേത്ര പരിസരം.കയർ ഊരി വിട്ട പശുക്കൾ, അങ്ങോട്ടും ഇങ്ങോട്ടും നടക്കുമ്പോൾ ഇഴയുന്ന കയർ തട്ടി പലപ്പോഴും കല്ലിൻ മുകളിരിക്കുന്ന ഉണ്ണിഗണപതിയുടെ സ്ഥാനം തെറ്റും.ഒന്നിലധികം പ്രാവിശ്യം നിലത്തു വീണ് കിടന്ന വിഗ്രഹം ഞാൻ എൻ്റെ കൈ കൊണ്ട് തിരിച്ചെടുത്തു വച്ചിട്ടുണ്ട്.
അറിവില്ലാത്ത ബാല്യദശയിൽ ജാതി വ്യത്യാസം ഇല്ലാത്തത് കൊണ്ട് ഭഗവാന്
എന്നെ അനുഗ്രഹിച്ചിട്ടുണ്ടാകും.ഇതിന്, എന്നെപ്പോലെ തന്നെയുള്ള ദൃക്‌സാക്ഷികൾ നാട്ടിലുണ്ട്.
കരിമ്പന്നൂരെ രാജപ്പൻ നായർ. ഞങ്ങൾ ഒന്നിച്ചാണ് പലപ്പോഴും ബാല്യദശയിൽ ക്ഷേത്രപരിസരത്തു പൊയ്ക്കൊണ്ടി
രുന്നത്.
ഒരിക്കൽ ഞാനും, മരിച്ചുപോയ
കാണാത്തട്ടു രാമചന്ദ്രൻ നായരും, കന്നിമേൽക്കുന്നേൽ ഗോവിന്ദൻ ചേട്ടൻ്റെ ഇളയമകൻ മരിച്ചുപോയ
രാജപ്പനും,അമ്പല പരിസരത്തു നിൽക്കുമ്പോൾ, കല്ലംകുന്നിലെ കുഞ്ഞുട്ടിച്ചായൻ്റെ പശു അമ്പലത്തിലെ പുല്ലു തിന്നു തിമിർക്കുന്നു. ഇന്നാണങ്കിൽ ഒരു ക്രിസ്താനിയുടെ പശു, ക്ഷേത്രത്തിൽ പുല്ലു തിന്നുന്നു എന്ന് പറഞ്ഞാൽ ആ ദുരവസ്ഥ ഒന്നാലോചിച്ചു നോക്ക്.!!!
ഭഗവാന് ക്രിസ്ത്യൻ പശുവെന്നോ,
മുസ്ലിം പശുവെന്നോ വ്യത്യാസം വല്ലതുമുണ്ടോ..???
കയർ ഊരി വിട്ട പശു ഒന്നോടി..കയർ ചെന്ന് കുരുങ്ങിയതു പുലി വാഹകനായ അയ്യപ്പൻ്റെ വിഗ്രഹത്തിൽ..പ്രതിഷ്ഠ ഇരിപ്പടത്തിൽ നിന്ന് താഴെ വീണു..
ഇടതു കൈയൊടിഞ്ഞു.പെട്ടന്ന് പശുവിനെ അമ്മാമ്മ വന്നു പിടിച്ചു കൊണ്ടുപോയി. ഞാനും,രാജപ്പനും, രാമചന്ദ്രനും, ചേർന്ന് വിഗ്രഹം കയ്യിൽ പൊക്കി പീഠത്തിൽ വച്ചു.ആരോടും അന്ന് ഞങ്ങൾ ഇത് പറഞ്ഞില്ല.
ഇന്നവിടെ ഇരിക്കുന്ന വിഗ്രഹം അന്നത്തെ പുലിവാഹനനല്ല. പിൽക്കാലത്തു ഹൈന്ദസേവസംഘം നിലവിൽ വന്നശേഷം, കരിമ്പന്നൂർ വീട്ടിലെ കുട്ടപ്പൻ കൊച്ചാട്ടൻ സംഭാവന ചെയ്ത, ചില ചാനലുകാരും അദ്ധ്യാൽമിക പ്രബുദ്ധരും പറയുന്ന "നൈഷ്‌ടീക ബ്രഹ്മചാരി" പ്രതിഷ്ഠയാണ്.അയ്യായിരത്തൊന്നു രൂപ കൊടുത്തു ചെങ്ങന്നൂരിൽ പണി കഴിപ്പിച്ച വിഗ്രഹം.വാദ്യഘോഷങ്ങ
ളോടെ ആലംകൃതമായി കൊണ്ട് വന്നു പുനഃ പ്രതിഷ്ഠ ചെയ്ത അയ്യപ്പസ്വാമി
യാണ് ഇപ്പോൾ അവിടെ കുടി കൊള്ളുന്നത്.
ഞങ്ങൾ നാട്ടിലുള്ളവരെല്ലാം വളരെ സ്നേഹത്തോടെ വിളിച്ചിരുന്ന പെരുവേലിക്കുന്നിലെ അമ്മാവൻ, എല്ലാവർഷവും ശിവരാത്രി അടുക്കുമ്പോൾ, ഒരു കോവണിയും വെട്ടുകത്തിയുമായി വന്നു ശിവ ക്ഷേത്രത്തിനു മുകളിൽ കയറി അവിടെ കാടു പോലെ വളർന്നു നിൽക്കുന്ന ചെടികളും മരക്കുറ്റികളും മറ്റും വെട്ടി മാറ്റി കളയുന്ന ഒരു രീതി അന്ന് നിലവിലുണ്ടായിരുന്നു.
"അമ്മാവൻ ശിവൻ്റെ ജടാമകുടങ്ങൾ വെട്ടിക്കളയുന്നു" എന്ന് പൊതുവെ ജനങ്ങൾ അൽപ്പം പരിഹാസച്ചുവ
യോടെ അന്നൊക്കെ പറയും.
അമ്മാവനെ പ്രായമുള്ളവർ കാർന്നോരെ എന്ന് വിളിക്കുന്നതും ഓർമ്മയിൽ തങ്ങി നിൽക്കുന്നു.അന്ന് പലരും അമ്മാവൻ്റെ സഹായത്തിനു
ണ്ടാകും. അമ്പല പരിസരമൊക്കെ എല്ലാവരും ചേർന്ന് വൃത്തിയാക്കും. ശിവരാത്രി ദിവസം ധാരാളം ദീപങ്ങൾ കൊളുത്തും.മണ്ഡല വൃതക്കാലത്തു അപൂർവമായി ആഴി പൂജയും പടുക്കയുമൊക്കെ നടന്നതായി ഇന്നും ഓർമ്മയിൽ.അമ്മാവൻ അവസാനമായി അമ്പലത്തിനു മുകളിൽ കയറിയത് 1968ലാണ്. ആ വർഷമാണ് മഹാദേവൻ്റെ പുനഃപ്രതിഷ്ഠ് നടന്നതും. അമ്മാവൻ ആ വർഷം അറിയാതെ കാല് തെറ്റി ചുറ്റമ്പലത്തറയിൽ വീണു. ആശുപത്രിയിൽ പോയി പരിശോധിച്ചെങ്കിലും, അതിനു ശേഷം അമ്മാവൻ്റെ ആരോഗ്യത്തെ പ്രതികൂല
മായി ബാധിച്ചിരുന്നു.ശ്വാസം മുട്ടൽ അനുഭവിക്കാൻ തുടങ്ങി.എന്നോ ഒരിക്കൽ അമ്മാവൻ ഇഹലോകവാസം വെടിഞ്ഞു. അമ്മാവൻ്റെ മകൻ തങ്കപ്പൻ നായർ എൻ്റെ വളരെ അടുത്ത സുഹൃത്തു കൂടിയാണ്.
ഇതൊക്കെയാണ് എൻ്റെ ബാല്യകാല
ത്തിലെ ഓർമ്മയിൽ ഞാൻ കണ്ട മേതൃക്കോവിൽ മഹാദേവർ ക്ഷേത്രം.1960കളിലാണ് ഇരവിപേരൂർ ഹൈന്ദവ സേവാസംഘം നിലവിൽ വന്നത്.അതിനു ശേഷം രണ്ടു ക്ഷേത്രങ്ങളുടെ പുനരുദ്ധാരണങ്ങൾ തുടങ്ങിക്കഴിഞ്ഞു വളരെ വൈകിയാണ് മഹാദേവൻ്റെ പുനരുദ്ധാരണവും തുടർന്ന് പുനഃപ്രതിഷ്ഠയും നടത്തിയത്.
യഥാർത്ഥത്തിൽ മേതൃക്കോവിൽ മഹാദേവർ അസുരനെ ഭയന്നോടിയ സന്ദർഭത്തിൽ രക്ഷക്കെത്തിയ മോഹിനി വേഷത്തിലുള്ള മഹാവിഷ്ണുവും അതിൽ നിന്നുടലെടുത്ത പുലിവാഹനനായ അയ്യപ്പസ്വാമിയും ഒക്കെയാണ് പ്രതിഷ്ഠ സങ്കല്പങ്ങൾ.
ഒപ്പം ഉണ്ണിഗണപതിയും.പക്ഷെ പിൽക്കാലത്തു വന്ന ജ്യോതിഷികളും കൂടെയുണ്ടായിരുന്ന തന്ത്രിമാരും സങ്കല്പങ്ങളൊക്കെ മാറ്റിക്കളഞ്ഞു. ശിവനുള്ളടത്തു പാർവ്വതിയുമുണ്ടാകും..
പോരെ ഭക്തജനങ്ങൾക്ക്.!!!
ഞാൻ മുൻപ് പറഞ്ഞില്ലേ സൗന്ദര്യം വഴിഞ്ഞൊഴുകുന്ന വിഷ്ണു പ്രതിഷ്ഠ. മോഹിനി സങ്കല്പമായതു കൊണ്ടാണ് ആ വിഗ്രഹത്തിൻ്റെ മോഹിപ്പിക്കുന്ന സൗന്ദര്യവും..വിഷ്ണുക്ഷേത്രത്തിന് മുൻപിലായി റോഡ് കടന്നാൽ പര്യാത് കുളം എന്നറിയപ്പെടുന്ന ക്ഷേത്രക്കുളം അന്നുണ്ടായിരുന്നു.പര്യാത്തുപീടികയിൽ വൈദികനായിരുന്ന കുന്നേപള്ളിയിലെ അച്ഛനെ വീടിന് മുൻപായിരുന്നു ആ അമ്പലക്കുളം.ഇന്നതൊക്കെ നിലവിലുണ്ടോ എന്നുപോലും എനിക്ക് സംശയമുണ്ട്.
അതെല്ലാം അടുത്ത ലക്കത്തിൽ.
ഒപ്പം ഈ തലക്കെട്ടിൽ പറഞ്ഞ വിഷയത്തിലേക്ക് വരണമെങ്കിൽ ഒരു മുന്ന് എപ്പിസോഡിങ്കിലും മുന്നോട്ടു പോകേണ്ടി വരും.എഴുതേണ്ടി വരും.
തുടരും.