പ്രതിഷ്ഠദിനവും, സപ്താഹയജ്ഞവും. (അഞ്ചാം  ഭാഗം തുടർച്ച.)

കാലം പോയതറിയാതെ..

 

പ്രതിഷ്ഠദിനവും,

സപ്താഹയജ്ഞവും.

(അഞ്ചാം  ഭാഗം തുടർച്ച.)

 

എൻ്റെ  ഇഷ്ട ദേവതയായ തിരുപ്പൂവപ്പുഴ സുബ്രമണ്യ സ്വാമിയെപ്പറ്റി ഓർക്കുമ്പോൾ,

മനസ്സിൽ ഓടിയെത്തുന്ന രണ്ടു മുന്ന് കാര്യങ്ങൾ പറയാതെ പോയാൽ അതിൻ്റെ  രസച്ചരട് നഷ്ടപ്പെടും.

 

ഈ അമ്പലത്തെ ചുറ്റിപ്പറ്റി ഇനി പറയുന്ന മൂന്നാലു കാര്യങ്ങൾ എൻ്റെ  ബാല്യകാല സ്മരണയിൽ വരുന്നതല്ല..കൗമാരത്തിൽ

വരുന്ന ഓർമ്മകളാണ്.

 

1960പതുകളിൽ, ഇരവിപേരൂർ ഹൈന്ദവ

സേവാ സംഗം (Reg.No.25)രൂപീകൃതമായി.

ഈ പറഞ്ഞ മുന്ന് ക്ഷേത്രങ്ങളും, ഒപ്പം കുറ്റുവേലിൽ സർപ്പക്കാവും, പത്തില്ലത്തിൽ പോറ്റിമാരുടെ കയ്യിൽ നിന്ന് ഏറ്റെടുത്തു. അതിൻ്റെ യൊക്കെ പുരോഗതിക്ക് തുടക്കം കുറിച്ച് ശൈശവദശയിൽ നടക്കുന്ന കാലഘട്ടം.

അന്യാധീനപ്പെട്ടുപോയ പാട്ടക്കൃഷി സ്ഥലങ്ങളൊക്കെ തിരിച്ചു പിടിക്കാൻ സംഘം നേതൃത്വം കൊടുത്തു തുടങ്ങിയ കാലം.

മാസംതോറും പിടിയരി പിരിച്ചും, കിട്ടുന്ന കൃഷി വിഭവങ്ങൾ ലേലം വിളിച്ചും ഒക്കെ കിട്ടുന്ന തുച്ഛമായ വരുമാനം കൊണ്ട് ആദ്യമായി നല്ലൂർസ്ഥാനത്തു ഭഗവതി അമ്മയ്ക്ക് ആഴചയിൽ രണ്ടു ദിവസം, അതായതു ചൊവ്വയും വെള്ളിയും ഒരു നേരം വച്ച് പൂജാവിധികളും ശാന്തിയും തുടങ്ങി.

മറ്റു രണ്ടു ക്ഷേത്രങ്ങളിൽ പൂജയും ശാന്തിയുമൊക്കെ തുടങ്ങാൻ പിന്നെയും കാലങ്ങൾ എടുത്തു.

കുറെ കഴിഞ്ഞപ്പോൾ പുവപ്പുഴ ഭഗവാനും ദീപാരാധന പുഷ്പ്പാഞ്ജലി തുടങ്ങിയ നിത്യ വിധാനങ്ങൾക്കൊക്കെ തുടക്കമായി.

 

ദേവി ദേവന്മാരുടെ കഷ്ടകാലങ്ങൾക്കും മാറ്റം കുറിച്ച് തുടങ്ങി.

 

അന്ന് ഞങ്ങളുടെ ഇരവിപേരൂർ ഗ്രാമത്തിൽ കരനെന്മനി ഇല്ലം,പച്ചകുളത്തില്ലം, കരിപ്പൂരില്ലം, എ വാർഡിലും (A-ward)

തെഞ്ചേരിൽ ഇല്ലം, കൊന്നോലിൽ ഇല്ലം, ഇവരെല്ലാം സി വാർഡിലും(C-ward) സ്ഥിതി ചെയ്തിരുന്നു.ഇതിൽ കരുപ്പൂരില്ലത്തെ തിരുമേനി പൂജയ്ക്കൊന്നും പോകാതെ അക്കാലത്തു മിലട്ടറിയിൽ പോയി ചേർന്നത് ഒരു വലിയ സംഭവമായി ഇന്നും ഓർമ്മയിൽ.

 

ആ കാലഘട്ടത്തിൽ, ഒരു അച്ഛൻ തിരുമേനിയും, മകൻ തിരുമേനിയും, അയൽ ഗ്രാമത്തിൽ നിന്ന് പൂജയ്ക്കായി സ്ഥിരമായി ഉണ്ടായിരുന്നു.മകൻ തിരുമേനി ഈപ്പറയുന്ന സുബ്രമണ്യ സ്വാമിക്ക് ദീപാരാധനയ്ക്കും മറ്റുമായി നിയോഗിക്കപ്പെട്ടിരുന്നു.

ഈ മകൻ തിരുമേനിയും ഞാനും ഏതാണ്ട് സമപ്രായക്കാരായി ഹൈസ്കൂളിൽ പഠിക്കുന്ന കൗമാരക്കാലം.തിരുമേനി ഏതാണ്ടൊരു അഞ്ചു മണിയാകുമ്പോൾ ക്ഷേത്രത്തിലെത്തി നട തുറന്നു പൂജ സാമഗ്രികൾ ഒക്കെയെടുത് പുരുഷന്മാർ കുളിക്കുന്ന ആറ്റു കടവിലിറങ്ങി മുങ്ങിക്കുളിച്ചു ക്ഷേത്രത്തിനുള്ളിലേക്കു ദീപാരാധനയ്ക്കും മറ്റുമായി പോകുന്നത് പതിവായിരുന്നു.ആ സമയങ്ങളിൽ ഞങ്ങൾ സ്കൂൾ കുട്ടികളും ആറ്റിൽ കുളിക്കാനുണ്ടാകും.അദ്ദേഹം പൂജാരിയും ശാന്തിക്കാരനുമൊക്കെ ആയതുകൊണ്ട് അദ്ദേഹം കുളിക്കുന്ന കയ്പ്പടയുടെ വളരെ താഴെയിറങ്ങി മാത്രമേ ഞങ്ങൾ കുളിക്കാറുള്ളു.

 

അങ്ങനെ ഒരു ദിവസം അപ്രതീക്ഷിതമായി അകാരണമായി പൂജാപാത്രങ്ങളൊക്കെ കഴുകി വൃത്തിയാക്കി കുളിച്ചു കയറി  വന്ന കൊച്ചു തിരുമേനിയെ ഞാൻ ആറ്റിലേക്ക് തെള്ളി താഴെയിട്ടു.പൂജാപാത്രങ്ങളും മറ്റും ആറ്റിൽ ചിതറി വീണു.കൂടെ കുളിക്കാനുണ്ടായിരുന്ന കുട്ടികളും, തൊട്ടപ്പുറത്തു കടവിൽ കുളിച്ചു കൊണ്ടിരുന്ന പെൺകുട്ടികളും  സ്ത്രീകളുമെല്ലാം പെട്ടന്ന് നാട് നീളെ വിവരം പറഞ്ഞു.കാര്യങ്ങൾ പലരുടെയും ചെവിയിലെത്തി.ആദ്യമൊക്കെ കൊച്ചു തിരുമേനി ഒന്ന് പമ്മി പരുങ്ങിയെങ്കിലും,  "എന്നെ തൊട്ടശുദ്ധമാക്കി" എന്ന് പറഞ്ഞു പൂജ പാത്രങ്ങളുമൊക്കെ വെള്ളത്തിൽ നിന്ന് പുറത്തെടുത്തു അമ്പലത്തിലേക്ക് പോയി.. ഒരു ശൂദ്രൻ തൊട്ടു അശുദ്ധമാക്കിയില്ലേ? 

ഭയന്ന് ഞാൻ വീട്ടിലേക്കോടി.

അന്ന് ഹൈന്ദസേവ സംഘം പ്രസിഡന്റ് കാരിക്കത്ര മണ്ണിൽ ദാമോദരൻ പിള്ള ചേട്ടനാണ്.എൻ്റെ  അച്ഛൻ അന്ന് ജോയിന്റ് സെക്രട്ടറിയായിരുന്നു. ഇന്നായിരുന്നങ്കിൽ ടി.വി.ചാനലുകാർക്കൊരു വാർത്ത ആകുമായിരുന്നു. ഒരുവിധപ്പെട്ട പലരുമറിഞ്ഞു.അച്ഛൻ എന്നെയും കുട്ടി അമ്പലത്തിൽ എത്തി. കമ്മിറ്റിക്കാരും ഭരണാധികാരികളും മാറി മാറി അഭിപ്രായങ്ങൾ കൈമാറി.

ഒരു കൂട്ടർ കവിയൂർ പോയി തന്ത്രിയെക്കാണണം. ഉപദേശം തേടണം..ശുദ്ധി കലശം കഴിക്കണമെന്നായി..!!!

ഒടുവിൽ അന്നത്തെ സംഘത്തിൻ്റെ  വൈസ് പ്രസിഡന്റായിരുന്ന കുറച്ചിമലയിൽ നാണു പിള്ള സാർ,ഒരഭിപ്രായം പറഞ്ഞു.

"ഇവരൊക്കെ പിള്ളേരല്ലേ.?ഭഗവാൻ എല്ലാം ക്ഷമിക്കും. പുണ്യാഹം തളിച്ച് കൊച്ചു തിരുമേനി പൂജ തുടരട്ടെ.ബാലൻ തെറ്റുകാരനാകയാൽ  അമ്പലനടയിൽ ചെന്ന് പിഴയടച്ചു തിരുമേനിയോട് മാപ്പ് പറയട്ടെ".

 

ഇത് കേട്ടപ്പോൾ ഞാൻ കരഞ്ഞു പോയി. കാരണം, "ഞാൻ കൊച്ചു തിരുമേനിയെ പിടിച്ചു തെള്ളിയിട്ടതിൻ്റെ  കാരണം ചോദിക്കാനാരും തുനിഞ്ഞില്ല"..

അതുകൊണ്ടു തന്നെ.!!!

 

ഞാൻ കരഞ്ഞു കൊണ്ട് നിന്നപ്പോൾ, മുരുക പെരുമാൾ നേരിൽ വന്ന് അനുഗ്രഹിച്ചത് പോലെ ഒരാൾ എൻ്റെ  രക്ഷക്കെത്തി.

അകാലത്തിൽ പൊലിഞ്ഞു പോയങ്കിലും, ഇന്നും മനസ്സിൽ നിറഞ്ഞു നിൽക്കുന്ന കണതാട്ടു കുമാരപിള്ള ചേട്ടൻ്റെ  മൂത്ത മകൻ രാമചന്ദ്രൻ എന്നെ വിളിച്ചു മാറ്റിനിർത്തിയിട്ട്.

നീയെന്തിനാ കരയുന്നത്..? എന്തിനാ ആ കൊച്ചു തിരുമേനിയെ തെള്ളി ആറ്റിലിട്ടത്.?

 

ഞങ്ങൾ രണ്ട് പേരും ഒരു ക്ലാസ്സിൽ ആണ് പഠിച്ചിരുന്നതെങ്കിലും, എന്നേക്കാൾ വളരെ മൂത്ത ആളായിരുന്നു രാമചന്ദ്രൻ.

ഞാൻ സത്യം തുറന്നു പറഞ്ഞു.

 

ഈ കൊച്ചു തിരുമേനി താഴെ കടവിൽ കുളിച്ചു ഈറനായി കയറിപ്പോകുന്ന പെൺകുട്ടികളെ വായിനോക്കി നിൽക്കുന്നത് കണ്ടിട്ട് ദേഷ്യം വന്നാണ് ഞാൻ അദ്ദേഹത്തെ പിടിച്ചു തള്ളിയത്.എനിക്ക് സന്ധ്യക്ക്‌ മുൻപ് കുളിച്ചു തൊഴുത് പ്രസാദവും വാങ്ങി മടങ്ങി പോകണം.രാത്രി ആയാൽ പിന്നെ ഇരുട്ടാണ്.അതുമല്ല താമസിച്ചു വീട്ടിൽ ചെന്നാൽ വഴക്കു പറയും.അടിയും കിട്ടും.എനിക്ക് ഭയമാണ്.അതുകൊണ്ട് കൊച്ചു തിരുമേനി അവിടെ പെൺകുട്ടികൾ കുളിച്ചു കൊണ്ടിരിക്കുന്നത് നോക്കി നിന്നാൽ, താമസിക്കുന്നത് കൊണ്ടാണ് എനിക്ക് ദേഷ്യം വന്ന് തള്ളിയിട്ടത്".

കാര്യം മനസ്സിലാക്കിയ രാമചന്ദ്രൻ അവിടെയുണ്ടായിരുന്ന കമ്മിറ്റിക്കാ

രോടും നേതാക്കന്മാരോടും കാര്യം പറഞ്ഞു മനസ്സിലാക്കി.കൊച്ചു തിരുമേനി ഉള്ളിലേക്ക് വലിഞ്ഞു.കാരണം അദ്ദേഹത്തിൻ്റെ  അച്ഛൻ തിരുമേനിയും ആ സമയത്തു് അവിടെ എത്തിയിരുന്നു.പിന്നെ എല്ലാവരും കുടി പുണ്യാഹം തളിച്ച് പൂജകൾ തുടങ്ങാൻ നിർദ്ദേശിച്ചു.പ്രശ്നങ്ങൾക്ക് പരിഹാരവുമായി.അന്ന് ഞങ്ങൾ സ്കൂൾ കുട്ടികൾ, ആൺകുട്ടികളും പെൺകുട്ടികളും ആറ്റുകടവിൽ വയ്ക്റാകുമ്പോൾ കുളിക്കാനായി എത്തുന്ന ഒരു പതിവുണ്ടായിരുന്നു.കുളികഴിഞ്ഞു സന്ധ്യക്ക് ദീപാരാധനയും കഴിഞ്ഞു വീട്ടിലേക്ക് മടങ്ങും.കൗമാര പ്രേമികളും ഉണ്ടായിരുന്നെന്ന് കൂട്ടിക്കോളൂ.!!! 

ഓരോരോ ഓർമ്മിക്കാൻ പറ്റിയ തമാശകൾ. അല്ലേ.?

 

കാലം പിന്നെയും മുന്നോട്ടു പോയി.

ക്ഷേത്രങ്ങൾ പുരോഗതിയിലേക്ക്.

രണ്ട് നേരവും പൂജയും ശാന്തിയും ദീപാരാധനയും കാവടി വിളക്കും 

കാവടി ആട്ടവും ഒക്കെ ആയ കാലഘട്ടം.ഏതോ ഒരു വിശേഷ ദിവസം.അന്ന് ഇലക്ട്രിസിറ്റിയൊന്നും നാട്ടിൽ എത്തിയിട്ടില്ല..പെട്രോമാക്സും, തീവെട്ടിയും,ആനയും,തിടമ്പും,

നേറ്റിപ്പട്ടവും,വിശറിയും, വെൺചാമരവും ഒക്കെയുള്ള ഒരു കാലം. അലുക്കിട്ട കുടയൊക്കെ വരാൻ പിന്നെയും ദശാബ്ദങ്ങളെടുത്തു.

ഒരു സന്ധ്യ സമയം.അമ്പലത്തിനുള്ളിൽ ഭക്തജനങ്ങളുടെ തിരക്ക്.ദേവന് ചുറ്റും ദീപങ്ങളാൽ ആലംകൃതം.ദീപാരാധന.. വിഗ്രഹം ഇരിക്കുന്ന ഗര്ഭഗ്രഹത്തിനു

ള്ളിൽ നിന്ന്തിരിയാനിടമില്ല.അതിനു പുറത്തു ഞങ്ങി ഞരുങ്ങി കഷ്ടിച്ച് നടക്കിനടമുള്ള  ചുറ്റമ്പലം. ദീപാരാധന

ക്കുള്ള വലിയ വിളക്കുഴിയുമ്പോൾ, ഭഗവാൻ്റെ  ചുവന്ന നിറത്തിലുള്ള പട്ടുടയാടക്ക് തീ കത്തി പടരുന്നു.

പെട്ടന്ന് തീ കെടുത്തിയെങ്കിലും ദീപാരാധന തടസപ്പെട്ടു.ക്ഷേത്ര കമ്മിറ്റിക്കാർ ഒത്തു കുടി.പലർക്കും പല അഭിപ്രായം.ഒടുവിൽ ക്ഷേത്രത്തിൽ അശുദ്ധി. ഭഗവാൻ കോപിച്ചിരിക്കുന്നു. പ്രശനം വയ്ക്കണം.ഭാഗ്യവശാൽ എൻ്റെ  ജാതകമെഴുതിയ ഗോവിന്ദ കണിയാർ സ്ഥലത്തുണ്ടായിരുന്നു..രാശി വയ്ക്കാൻ കയ്യിൽ കവടിയൊന്നും കൊണ്ട് വന്നിട്ടില്ല.നിമിത്ത ശാസ്ത്രം മതിയെന്നായി  ഒരു കൂട്ടർ. നിമിത്ത ശാസ്ത്രത്തിൽ രണ്ടക്കമുള്ള ഒരു നമ്പർ പറയാൻ പൂജ ചെയ്തിരുന്ന തിരുമേനിയോട് കണിയാർ

ആവിശ്യപ്പെട്ടു.

പേടിച്ചു ഭയന്ന നമ്പൂതിരി മുപ്പത്തിയാറ് (36)

എന്ന നമ്പർ പറഞ്ഞു.കണിയാർ കണക്കു കുട്ടി.ആറും മുന്നും ഒൻപത്.ഭാഗ്യസ്ഥാനം. അപ്പോൾ സമയം രാത്രി ഏഴു മണി കഴിഞ്ഞു. വ്യാഴം മിഥുനം രാശിയിൽ സഞ്ചരിക്കുന്നു.കണിയാർ തുടർന്നു. ദൈവാധീനം നല്ലതു പോലെയുണ്ട്.

പൂജാരിയുടെ അശ്രദ്ധ കൊണ്ട് സംഭവിച്ചതാണ്.ഭഗവാന് കോപം ഒന്നുമില്ല. എവിടെ.??? ഇത് വല്ലതും പറഞ്ഞാൽ നേതാക്കന്മാർ സമ്മതിക്കുമോ.? ഇതിൻ്റെ  പേരിൽ ഒരു ചിലവുണ്ടാക്കിയില്ലങ്കിൽ പിന്നെ  എന്ത് ഭക്തി.കണിയാരെ വിടാൻ ഭാവമില്ല..!!! "ശരിക്കൊന്നു കുടി നോക്ക് ഗോവിന്ദാ" എന്നായി ഒരു കൂട്ടർ.ഗോവിന്ദ കണിയാർ അടവ് മാറ്റി.ഇന്നും കുളിച്ചില്ല.!!! അത് കൊണ്ട് കൂടുതലൊന്നും   തെളിയുന്നില്ല.

ഉടനെ ഒരു കൂട്ടർ ചുമ്മാതല്ല ഒന്നും തെളിയാത്തത്.!!! കണിയരെ ചീത്ത പറയാൻ തുടങ്ങി. പോയി കുളിച്ചിട്ടു വന്നു ഒന്ന് കുടി നോക്കാൻ ആജ്ഞാപിച്ചു.പാവം കണിയാർ പോയി കടവിൽ ഇറങ്ങി കുളിച്ചിട്ടു ഈറനായി വന്നു. വീണ്ടും കൈ പരീക്ഷ നോക്കി.പ്രവചിച്ചു. ചുവന്ന ഉടയടയാണ് കത്തിയത്. അതും മധ്യഭാഗത്താണ് കത്തിയത്. ഏതോ ഒരു സ്ത്രീ രജസ്വലയായി ക്ഷേത്രത്തിൽ പ്രവേശിച്ചിട്ടുണ്ട്. ഭട്ടതിരി വന്നു ശുദ്ധികലശം കഴിഞ്ഞിട്ടേ തുടർ പൂജകളും അഭിഷേകവും ഒക്കെ നടത്താവൂ..!!!

 

അപ്പോൾ അമ്പലത്തിന് തൊട്ടടുത്ത് താമസിക്കുന്ന കൈനിക്കര കുടുംബത്തിലെ പരമേശ്വരൻ പിള്ള ചേട്ടൻ്റെ  ഭാര്യയുടെ അനുജത്തി അന്ന്  അവരുടെ കുടെ അവിടെ താമസിക്കുന്നുണ്ടായിരുന്നു.ഇത്ര സാധുക്കളായ മനുഷ്യരെ കാണാൻ പ്രയാസം.അത്ര നല്ല മനുഷ്യർ.

അവരൊക്കെ കണിയാരുടെ പ്രവചനം കേട്ട് ഭയന്ന് വിറച്ചു പോയി..ആ പാവം ചേച്ചി അവിടെ വന്നു പറഞ്ഞു.എൻ്റെ  അനിയത്തി പുറത്തു മാറിയതായിരുന്നു.പക്ഷേ അതെല്ലാം കഴിഞ്ഞു.ഇന്ന് ഒൻപതു ദിവസം ആയി.ഇനിയത് കൊണ്ട് വല്ല ദോഷങ്ങളുമുണ്ടോ.?

ഭക്തജനങ്ങളും,നേതാക്കന്മാരും, അവിടെ കുടിയിരുന്നവരും, അവരുടെ നേരെ തിരിഞ്ഞു.!!! ഉപദേശങ്ങളായി.. ശ്രദ്ധിക്കണ്ടേ.? ഭഗവാന് കോപം വന്നില്ലേ.? നൂറു കൂട്ടം ഉപദേശങ്ങൾ.

 

പിറ്റേന്ന് കാലത്തു രണ്ടു കമ്മിറ്റിക്കാർ കവിയൂരിലേക്കു യാത്രയായി. പറമ്പുരില്ലത്ത്  ഭട്ടതിരിയെക്കണ്ട് കാര്യങ്ങൾ പറഞ്ഞു.തിരുമേനി വന്നു.ഒറ്റ കലശത്തിൽ ക്ഷേത്രമണ്ഡപത്തിലിരുന്നു,..ശുദ്ധി കലശം കഴിച്ചു. പുണ്യാഹം തളിച്ച് ആഘോഷമാക്കി.

 

അന്ന് അതിന് വേണ്ടി ചിലവാക്കിയ തുക എത്രയാ..? എന്ന ഞാനൊരു സത്യം പറയാം. എനിക്കതൊന്നും ഓർമ്മയില്ല.!!!

 

എൻ്റെ  ഓർമ്മയിൽ തിരുപൂവപ്പുഴ സുബ്രമണ്യ സ്വാമി ക്ഷേത്രത്തിൽ പല പ്രാവിശ്യം അഴിച്ചു പണികൾ നടത്തിയിട്ടുണ്ട്..

നേരത്തെയുണ്ടായിരുന്ന ചെമ്പോലകളിൽ പൊതിഞ്ഞ മേൽക്കൂരകൾ മാറ്റി മുകൾ വശം വാർത്തു.കുറേക്കാലം കഴിഞ്ഞപ്പോൾ വാർത്ത കെട്ടിടത്തിൽ ഇരിക്കാൻ ഭഗവാന് ബുദ്ധിമുട്ടാണ് .വാർപ്പ് മാറ്റി വീണ്ടും ചെമ്പോലകൾ നിരത്തി.ആ ക്ഷേത്രത്തിൽ എൻ്റെ  ഓർമ്മയിൽ ദേവി വിഗ്രഹങ്ങൾ ഒന്നുമുണ്ടായിരുന്നില്ല.ആകെ ഉള്ളത് തെക്ക് ഭാഗത്തായി ഒരു ഭുവനേശ്വരി വിഗ്രഹമോ കാവിൻ്റെ  പ്രതീകത്തിലുള്ള ഒരു നാഗദേവി സങ്കല്പമോ മാത്രമേ ഉണ്ടായിരുന്നുള്ളു.

ഇന്നിപ്പോൾ അമ്പലത്തിൽ ദേവി ക്ഷേത്രമുണ്ട്.ഒപ്പം വെളിയിൽ തെക്ക് ഭാഗത്തു ഭുവനേശ്വരി ക്ഷേത്രവും ഇന്നുണ്ട്.

 

പുരോഗതിയുടെ പാതയിൽ തല ഉയർത്തി നിൽക്കുന്ന എൻ്റെ  ഇഷ്ടദൈവത്തിൻ്റെ  എല്ലാ പുനരുദ്ധാരണങ്ങളും,പുനർനിർമ്മാണങ്ങളും പ്രസിദ്ധരായ ജ്യോതിഷികളുടേ ദേവപ്രശ്ന

ങ്ങളിലൂടെയും, തുടർന്ന് തന്ത്രിമാരുടെ പൂജാ വിധികളിലൂടെയും ആണെന്നുള്ളത് ശ്രദ്ധാർഹമാണ് ..

 

ഇനി എൻ്റെ  തൊട്ടടുത്തുള്ള മേതൃക്കോവിൽ മഹാദേവർ ക്ഷേത്രത്തിലേക്ക് പോകാം.

ഒരു ചെറിയ ഇടവേളക്ക് ശേഷം.. 

 

തുടരും.