പ്രതിഷ്ഠ ദിനവും,സപ്താഹയജ്ഞവും.
(നാലാം ഭാഗം തുടർച്ച.)
എൻ്റെ ഇഷ്ട ദേവതയായ തിരുപ്പൂവപ്പുഴ സുബ്രമണ്യ സ്വാമിയെപ്പറ്റി ഓർക്കുമ്പോൾ, മനസ്സിൽ ഓടിയെത്തുന്ന രണ്ടു മുന്ന് കാര്യങ്ങൾ പറയാതെ പോയാൽ അതിൻ്റെ രസച്ചരട് നഷ്ടപ്പെടും. അതിനുമുൻപ് ജ്യോതിഷത്തിൻ്റെ ആകെ തുക പറയാം.
"ജ്യോതിഷം ഒരു കണക്കാണ്.വെറുമൊ മനക്കണക്ക്.ഒരു മനശാസ്ത്രം തന്നെ. ഈ ലോകത്തിൽ ജനിച്ചു, ജീവിച്ചു, മരിച്ചു, പോകുന്ന ഓരോ ജീവൻ്റെ യും ആകെ തുക.സുഖവും ദുഃഖവും ഇടകലർന്ന ജീവിതം.ഉയർച്ചയും താഴ്ച്ചയും, ദാരിദ്രവും സുഖഭോഗങ്ങളും, വലിപ്പവും ചെറുപ്പവും. എല്ലാത്തിനും പരിഹാരം തേടി അലയുന്ന മനുഷ്യർ, "ഈശ്വര ഭജനയിലൂടെ മനഃശാന്തി" നേടുമ്പോൾ..ഇടയിൽ ഒരു ജ്യോതിഷി. മറ്റൊരു പൂജാരി.ഇപ്പൊ ശരിയാക്കി തരാം..!!!
ഞാൻ ജനിക്കുമ്പോൾ തന്നെ എന്താകണമെന്നും, എങ്ങനെയാകണമെന്നും, എങ്ങനെ അവസാനിക്കണമെന്നും, കിറുകൃത്യമായി പ്രകൃതിയിൽ എഴുതി വച്ചിരിക്കുന്നു.ആ കണക്ക് തന്നെയാണ് ജ്യോതിഷത്തിലെ ഗ്രഹനിലയും, ദശയും, അപഹാരങ്ങളും.ദൈനദിന ജീവിതത്തിൻ്റെ ആകെ ഉത്തരമാണ് രാശിയും, ഗ്രഹമാറ്റങ്ങളും.ഇതൊന്നും ആർക്കും ഒരു പൂജ കൊണ്ടോ? പ്രശ്‍നം വച്ചതുകൊണ്ടോ? വില കൂടിയ രത്‌നങ്ങൾ ധരിച്ചത് കൊണ്ടോ? വലിയ ഹോമങ്ങൾ ചെയ്തത് കൊണ്ടോ? മാറ്റിയെടുക്കാമെന്ന് ആരെങ്കിലും പറഞ്ഞാൽ, ആ പറയുന്നവരുടെ കാര്യം ശരിയാകുമെന്ന് മാത്രം മനസിലാക്കുക.!!!
"സുഖവും ദുഃഖവും അനുഭവ കാലം, വന്നാൽ മമ ഇഹ നാരായണ ജയ".
എഴുത്തച്ഛൻ പച്ച മലയാളത്തിൽ ഭാഗവത ഗീതങ്ങളിൽ പറഞ്ഞു വച്ചിരിക്കുന്നു .ഈ ലോകത്തു വന്നു പെട്ടാൽ സുഖവും ദുഖവും അനുഭവിക്കാതെ പോകാനൊക്കുമോ..?
ഒരു ചെറിയ ഉദാഹരണത്തിലൂടെ ഇത് ഞാൻ പറഞ്ഞു മനസ്സിലാക്കാൻ ശ്രമിക്കാം.
എൻ്റെ ജാതകം എഴുതിയത് ഗോവിന്ദ കണിയാരാണ്.മുൻപിലത്തെ അദ്ധ്യായങ്ങളിൽ ഞാൻ ഓർമ്മിപ്പിച്ചിരുന്ന തിരുനല്ലൂർ സ്ഥാനത്തു ഭദ്രകാളി ക്ഷേത്രത്തിന് മുൻപിൽ താമസിച്ചിരുന്ന കണിയാർ കുടുംബങ്ങളിൽപ്പെടുന്ന ഒരു ജ്യോതിഷി. ജാതകവശാൽ രണ്ടായിരത്തി പന്ത്രണ്ടു ഒക്ടോബർ രണ്ട് മുതൽ, കേതുവിൻ്റെ ദശ ആരംഭിക്കുന്നു.. ഏഴ് വർഷക്കാലം.പാപഗ്രഹമായ കേതു, ശത്രുവിൻ്റെ ഗ്രഹമായ ചിങ്ങത്തിൽ നിൽക്കുന്നു.ചിങ്ങം രാശിയുടെ നാഥൻ സൂര്യൻ പന്ത്രണ്ടിൽ നിൽക്കുന്നു. വളരെ അരിഷ്ടമായ കാലമാണ്..
ഒരു വിദ്യാഭ്യാസവും ലോകപരിചയവും തന്ത്രങ്ങളും കുതന്ത്രങ്ങളും ഒന്നുമറിയാത്ത നിഷ്‌ക്കളങ്കനായ ആ മഹാജ്യോതിഷി. ഇതിനുള്ള പരിഹാരം പറഞ്ഞതെന്താണെന്നു അറിയാമോ.? ലക്ഷക്കണക്കിന് ചിലവുള്ള പൂജകളോ, വിലപിടിപ്പുള്ള വലിയ രത്നങ്ങൾ ധരിക്കാനോ, ലക്ഷങ്ങളും കോടികളും ചിലവുള്ള സംഭാവനകളും സമർപ്പണവും ഒന്നും ആ മഹാനായ പാവം കണിയാർ ജാതകത്തിൽ എഴുതിയില്ല.
മറിച്ചു.
അദ്ദേഹത്തിൻ്റെ ഭാഷാ അതെ രീതിയിൽ തന്നെ മെഴുതാം.
ഈ ജാതകത്തിൽ പറഞ്ഞിരിക്കുന്ന
വ്യക്തിയുടെ അരിഷ്ട ദശയുടേയും അപഹാരങ്ങളുടെയും സമയങ്ങളിൽ, ഈശ്വര ഭജനയാൽ മനഃശാന്തി നേടണം.
സത്ക്കർമ്മങ്ങൾ ചെയ്യണം.അന്നദാനം ചെയ്യണം.അസമയങ്ങളിൽ യാത്ര ഒഴിവാക്കുക.നാവടക്കുക.മനസ്സിനെ നിയന്ത്രിക്കണം.
ഒരു വിദ്യാഭ്യാസവുമില്ലാത്ത ജ്യോതിഷം തലമുറയായി കൈമുതലായിട്ടുള്ള ഒരു പാവപ്പെട്ട ഗോവിന്ദകണിയാരുടെ വാക്കുകൾ.
ഇതാണ് ജ്യോതിഷത്തിൻ്റെ പൊരുൾ.
ജാതകത്തിൽ ഇങ്ങനെഎഴുതിയെങ്കിലും.!!!
കേതുവിൻ്റെ ദശ വന്നപ്പോൾ ഞാനൊരു ജ്യോതിഷിയെക്കണ്ട് ജാതകം കാണിച്ചു.
ജാതകം കണ്ടിട്ട്,അദ്ദേഹം ആയുസ്സിനും ആരോഗ്യത്തിനും ദോഷമുണ്ട് എന്ന്
പറഞ്ഞു.ജോലി നഷ്ടമാകും.
വിദേശവാസം.കുടുംബവുമായി അകന്ന് മാറി താമസിക്കും.തുടങ്ങി നൂറു കൂട്ടം പ്രശ്നങ്ങൾ.ഞാൻ ചോദിച്ചു പരിഹാരമെന്തെങ്കിലും.???
ഉടൻ മറുപടി."ഉണ്ടല്ലോ".!!! പൂജാരിയെ എൻ്റെ മുന്നിൽ വച്ച് ഫോണിലൂടെ വിളിച്ചു.
കാര്യങ്ങൾ വിശധികരിച്ചു.എന്നോട് പൂജാരിയെ ചെന്ന് കാണാൻ ഉപദേശിച്ചു.പോയി കണ്ടു.മുന്ന് ഹോമങ്ങളും, വിശേഷാൽ പൂജകളും, ക്ഷേത്രവഴിപാടുകളും, എല്ലാം ചേർത്ത് ദക്ഷിണയുൾപ്പടെ രണ്ട് ലക്ഷത്തി അൻപത്താറായിരം രൂപാ ചെലവ്.
ജ്യോതിഷിക്ക് ദക്ഷിണ വേറെ.!!! അത് മാത്രമോ.. വൈഡൂര്യം എന്ന് പേരുള്ള വിലകൂടിയ രത്‌നം ധരിക്കണം..കുവൈറ്റിൽ നിന്ന് വന്നതല്ലേ.? ക്യാരറ്റ് കുടിയതാവണം. അല്ലെങ്കിൽ ഫലം ലഭിക്കില്ല. ഇല്ലാത്ത കാശു ഉണ്ടാക്കിക്കൊടുത്തു.എല്ലാം ഭംഗിയായി നടന്നു.
ഇനി ഏഴു വർഷം നീണ്ടു നിന്ന കേതു ദശയിൽ ഉണ്ടായ അനുഭവങ്ങൾ കുടി പറയാം.ആയുസ്സിന് ദോഷമുണ്ടായില്ല.
അത് കൊണ്ടാണല്ലോ.ഇപ്പോൾ ഇതെല്ലാം എഴുതാൻ കഴിയുന്നത്.
ഒരു വാഹനാപകടത്തിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടു.
കുവൈറ്റിൽ അത് എൻ്റെ മൂന്നാമത്തെ വാഹനാപകടമായിരുന്നു.
ബാങ്കിൽ തിളങ്ങി നിൽക്കുമ്പോൾ,
ചീഫ് എക്സിക്യൂട്ടീവ് മാനേജരുമായു
ണ്ടായ നിസ്സാരമായ വാക്കുതർക്കവും ഒപ്പം എൻ്റെ മുൻകോപവും കുടി ആയപ്പോൾ ജോലി രാജി വച്ച് ബാങ്കിൻ്റെ പടിയിറങ്ങി.
സത്യത്തിൽ തെറ്റുകാരൻ ഞാനായിരുന്നു.
നമ്മളുടെ മുകളിൽ ഇരിക്കുന്നവരോട് സംസാരിക്കുമ്പോൾ, അഹംകാരത്തോടെ മറ്റാരുടേയോ തണൽ ഉണ്ടന്നുള്ള ഹുങ്കോടെ സംസാരിക്കുമ്പോൾ.അതും ഗൾഫ് രാജ്യത്തു, ഒരു സ്വദേശിയോട് ഓച്ഛാനിച്ചു ഭവ്യതയോടെ പറയുന്നത് കേട്ട് മിണ്ടാതെ നിൽക്കണം.അല്ലെങ്കിൽ .!!!ഫലമോ.? രാജി വച്ച് പടിയിറങ്ങി.അതിൻ്റെ ഫലമോ..? കുവൈറ്റിൽ ജോലിയിൽ നിന്ന് പിരിഞ്ഞു പോകുമ്പോൾ കിട്ടുന്ന തുക.സ്വയം പിരിഞ്ഞു പോയാൽ പകുതി തുക മാത്രമേ കിട്ടുകയുള്ളു. പറഞ്ഞു വിട്ടാൽ മുഴുവൻ തുകയും കിട്ടും. അങ്ങനെ പകുതി തുക പോയി കിട്ടി.ധന നഷ്ട്ടം..അക്കാലങ്ങളിൽ കുവൈറ്റിൽ ജോലി ചെയ്യുന്ന അറുപത് വയസ്സ് പൂർത്തിയാകുന്ന ഏതൊരു വിദേശിക്കും തൊഴിൽ നഷ്ടപ്പെടും.
മിക്കവാറും പറഞ്ഞു വിടുകയാണ് പതിവ്.അപൂർവ്വം ചിലർ സ്വയം പിരിഞ്ഞു പോകും.പിരിഞ്ഞു പോകുന്ന അപൂർവ്വം ചിലർക്ക് പിരിഞ്ഞു പോകുമ്പോൾ കിട്ടുന്ന മുഴുവൻ തുകയും കിട്ടും.ചിലർക്ക് പകുതിയെ കിട്ടുയുള്ളൂ.
അപൂർവ്വത്തിൽ ചിലർക്ക് അറുപത് വയസ്സ് കഴിഞ്ഞാലും കുറേക്കാലം കുടി ജോലിയിൽ തുടരാൻ അവസരങ്ങൾ ഉണ്ടാകാറുണ്ട്.മിക്കപ്പോഴും ഇങ്ങനെ സംഭവിക്കുന്നത് മെഡിക്കൽ മേഖലയിൽ ഉള്ള ഡോക്ടറന്മാർക്കാണ്..
അവരുടെ മുൻകാല പരിചയവും പ്രവർത്തിഗുണങ്ങളും കണക്കിലെടുത്തു മുന്നും നാലും അഞ്ചും വർഷങ്ങൾ ഒരു അഡ്വൈസറെയോ കോൺസൾട്ടന്റായോ അവർ ജോലി ചെയുന്ന സ്ഥാപനങ്ങളുടെ അപേക്ഷകൾ കൊടുക്കുമ്പോൾ കുവൈറ്റ് ഗവൺമെന്റ് അംഗീകാരം കൊടുക്കാറുണ്ട് .അതൊക്കെ ഒരു ഈശ്വരാധീനവും, സൗഭാഗ്യവും, അംഗീകാരങ്ങളും ഒക്കെയായി കണക്കിലെടുത്താൽ മാത്രം മതിയാകും.ഭാഗ്യവശാൽ ജന്മഗുണം കൊണ്ടോ അച്ഛനമ്മമാർ ചെയ്‌തിട്ടില്ല സുകൃതം കൊണ്ടോ എനിക്ക് ഈ ഭാഗ്യം അനുഭവിക്കാൻ യോഗമുണ്ടായിരുന്നു.
ഞാൻ കൊമേർഷ്യൽ ബാങ്ക് ഓഫ് കുവൈറ്റിൽ നിന്ന് പിരിയുമ്പോൾ തന്നെ എനിക്ക് ഏതാണ്ട് അറുപതോട് അടുത്ത് പ്രായമുണ്ടായിരുന്നു.കുവൈറ്റ് ഇന്റർനാഷണൽ ബാങ്കിൽ ചേരുമ്പോൾ ജനറൽ മാനേജർ പദവി കിട്ടിയെങ്കിലും, അറുപത്തൊന്ന് വയസ്സായപ്പോൾ, "ജനറൽ മാനേജർ" (General Manager) എന്ന ടൈറ്റിൽ മാറ്റി, "ഡിവിഷൻ ഹെഡ്"(Division Head) എന്നാക്കണമെന്നായിരുന്നു കുവൈറ്റ് സർക്കാർ നിർദ്ദേശം.അങ്ങനെ അഞ്ച് ഡിവിഷൻ്റെ ഹെഡ് ആയി അഞ്ച് വർഷം തുടരാൻ കഴിഞ്ഞതിന് ശേഷമാണ് ഞാൻ സ്വയം പടിയിറങ്ങിയത്.
ഭവ്യതയോടു കുടി പഞ്ചപുച്ഛമടക്കി ജോലി ചെയ്തിരുന്നെങ്കിൽ കുറെക്കാലം കുടി തുടരമായിരുന്നേക്കാം.
ജാതകത്തിൽ അറിവുള്ള കണിയാർ എഴുതിയതോർമ്മവരുന്നു.
"നാവടക്കുക".
വർഷങ്ങളായി കുടുംബവുമായി അകന്നു ജീവിതം നയിച്ചിരുന്ന എനിക്ക് കുടുംബവുമായി ചേർന്ന് ഒരു ജീവിതമുണ്ടായി."വിദേശ വാസം" എന്ന് ജ്യോതിഷി പറഞ്ഞത് ഏത് അർത്ഥത്തിലാണന്നു ഇന്നും മനസ്സിലായിട്ടില്ല.ജന്മനാടായ ഇന്ത്യയാണെങ്കിൽ, പൂജാരിയും ജ്യോതിഷിയും ശരി.ചേക്കേറിയ
ന്യൂസിലണ്ടാണങ്കിൽ അവർക്ക് തെറ്റി.!!!
എല്ലാ പൂജകളും ഹോമങ്ങളും പ്രതീകാത്മകമാണ്.ഗണപതിക്ക് തേങ്ങാ ഉടയ്ക്കണമെന്നു പറയുമ്പോൾ, അത് ഒന്നുടച്ചാലും "മനസ്സ് ശാന്തി" നേടണം..തേങ്ങയുടെ എണ്ണം കൂട്ടുമ്പോൾ അത് ബിസിനസ്സാകും. ധാന്യങ്ങൾ ഹോമിക്കുമ്പോഴും അതിൻ്റെ എണ്ണത്തിലല്ല "മനസ്സ് ശാന്തി" നേടുന്നത്. അവിടെയാണ് നമ്മൾ യാഥാർഥ്യം തിരിച്ചറിയേണ്ടത്..
ഇനി നിങ്ങൾ വായനക്കാർ തന്നെ തീരുമാനിക്കുക.ഒന്നുമറിയാത്ത ആ പാവം ഗോവിന്ദകണിയാർ എഴുതിയ ജാതകമാണോ ശരി.? അതോ ഇക്കാലത്തുള്ള ജ്യോതിഷിയും പൂജാരിയുമാണോ ശരി.?
തൽക്കാലം ജ്യോതിഷം അവിടെ നിൽക്കട്ടെ.
തിരുപ്പൂവപ്പുഴ സുബ്രഹ്മണ്യ സ്വാമിയുടെ ചരിത്രവുമായി ബന്ധപ്പെട്ട രണ്ട് മുന്ന് കാര്യങ്ങൾ കുടിപ്പറഞ്ഞു, അടുത്ത ക്ഷേത്രത്തിലേക്ക് പോയി ഈ വിഷയത്തിൻ്റെ തലക്കെട്ടിലുള്ള
(പ്രതിഷ്ഠ ദിനവും,സപ്താഹയജ്ഞവും) കാര്യങ്ങളിലേക്ക് പോകാമെന്ന് പ്രതീക്ഷിക്കുന്നു.
തുടരും..