ദേവി ദേവന്മാർക്കു കഷ്ടകാലമോ!
ദേവി ദേവന്മാർക്കു കഷ്ടകാലങ്ങളും തീരാ ദുഖങ്ങളുമുണ്ടോ.??? ഉണ്ടന്നാണ് ജ്യോതിഷം പറയുന്നത്.!!! കണ്ടറിഞ്ഞ ജീവിതാനുഭവങ്ങളും ഇതൊക്കെ ശരിവയ്ക്കുന്നു.
ഈ കഴിഞ്ഞ നവംബർമാസത്തിൽ(2022) എൻ്റെ മകൻ്റെ വിവാഹത്തിൻ്റെ കാര്യങ്ങളുടെ മുന്നോടിയായി നാലുദിവസത്തേക്ക് നാട്ടിലെത്തി. അതിൽ രണ്ടുദിവസം പ്രിയ സുഹൃത്ത് ജോയി ഏബ്രഹാമും, ബാലചന്ദ്രൻ ഇഷാര സാറും കവർന്നെടുത്തു. കോട്ടയത്ത് പ്രസ്സ്ക്ലബ്ബിൽ പങ്കെടുക്കാൻ ഒരു ദിവസം. പിറ്റേന്ന് ഒരു പുസ്തകപ്രകാശനത്തിന് വെണ്മണിയിൽ. ബാക്കിയുണ്ടായിരുന്ന രണ്ടുദിവസങ്ങളിൽ ഒരു ദിവസം, ചെറുപ്പത്തിൽ ഓടിച്ചാടിനടന്ന ഞങ്ങളുടെ അടുത്തുള്ള കുന്നേപ്പള്ളി എന്ന് വിളിക്കുന്ന ക്നാനായപള്ളിയിൽ പോയി വികാരി അച്ചനേയും കമ്മിറ്റിക്കാരെയും കണ്ടു. ബാക്കി കിട്ടിയ ഒരു ദിവസം, എൻ്റെ തൊട്ടടുത്തുള്ള മഹാദേവർ ക്ഷേത്രത്തിലെത്തി. എണ്ണിത്തിട്ടപ്പെടുത്താൻ കഴിയാത്ത എണ്ണമറ്റഓർമ്മകൾ ഓടിയെത്തുന്ന മാതൃക്കോവിൽ മഹാദേവൻ. പിച്ചവച്ചുനടന്ന നാൾമുതൽ, അല്ലെങ്കിൽ ഓർമ്മവച്ച നാൾമുതൽ, കണ്ടുംകേട്ടും അനുഭവിച്ചും വളർന്നും മനസ്സിലുദിച്ചുണർന്നിട്ടുള്ള എൻ്റെ ആദ്യത്തെ ദൈവസങ്കല്പം.
ഞാൻ അമ്പലത്തിലേക്കുചെല്ലുമ്പോൾ പ്രതിഷ്ഠ ദിനത്തോടനുബന്ധിച്ചു ആണ്ടുതോറും നടന്നുവരുന്ന സപ്താഹസ്സ് നടക്കുന്നു. നാലാം ദിവസം, ചുറ്റമ്പലത്തിൽ താൽക്കാലികമായി നിർമ്മിച്ച വടക്കോട്ടു ദർശനം വച്ചിട്ടുള്ള യജ്ഞശാലയിൽ, ശ്രീകൃഷ്ണപരമാത്മാവ് എല്ലാവരെയും നോക്കി അനുഗ്രഹം ചൊരിഞ്ഞു സുസ്മേരവദനായി മന്ദഹാസംപൊഴിച്ചു വിളങ്ങുന്നു. യജ്ഞശാലയിലെ ആചാര്യൻ പൂജയിൽ, തൊട്ടടുത്തു പ്രഗത്ഭരായ പുതുതലമുറയിലെ ഭാഗവതപാരായണക്കാർ ഭാഗവതത്തിൽ കണ്ണുംനട്ട്, അതിലൊരാളെ നേരത്തെ പരിചയമുണ്ട്. ആദിനാട് മോഹൻ, പ്രസിദ്ധ സംഗീതഞ്ജൻ ആദിനാട് മോഹൻ, മധ്യമാവധി രാഗത്തിൽ ഭാഗവതം ദശമസ്കന്ധം വായിച്ചു കൊണ്ടിരിക്കുന്നു. ക്ഷേത്രകമ്മിറ്റി, അല്ലെങ്കിൽ ഹൈന്ദവ സേവാസംഗംകമ്മിറ്റി ഭരണാധികാരികൾക്കായി ഒരു മേശയും കുറെ കസേരകളും ഇട്ടിരിക്കുന്നു. ഭക്തജനങ്ങൾ ഒരു ഭാഗത്തുകുടി വന്ന് പിരിവുകൾ കൊടുക്കുന്നു. ഭാരവാഹികൾ രസീത് എഴുതിക്കൊടുക്കുന്നു, പണം വാങ്ങി മേശയുടെ ഡ്‌റോവറിലേക്കു ഇടുന്നു. മറുവശത്തുകൂടി ചിലവുകാർ വരുന്നു.!!!അതിനു കാശ് .ഇതിനുകാശ്. പലതരം ചിലവുകൾ.അങ്ങനെ ഒരുവശത്തു കുടിവന്നു, മറുവശത്തുകുടി കാശുപോകുന്നു..!!!
ഭക്തജനങ്ങൾ കുടുതലും ഉച്ചയ്ക്കുള്ള സദ്യയുടെ അവിയൽ, സാമ്പാർ, കാളൻ, പച്ചടി, കിച്ചടി, പായസം, അങ്ങനെയൊക്കെയുള്ള കാര്യങ്ങളിൽ തിരക്കിലാണ്. ശാപ്പാടില്ലങ്കിൽ പിന്നെന്തു ഭക്തി? എന്ത് സപ്താഹസ്സ്?അല്ലേ.? ചിലപ്പോൾ തോന്നും ഇതൊക്കെ ഒരു ചടങ്ങല്ലേ.? വിട്ടുകളയാം.!!!
"അന്ന വിചാരം മുന്ന വിചാരം പിന്നെ വിചാരം കാര്യാ വിചാരം" എന്നാണല്ലോ ശാസ്ത്രം.
പ്രായംചെന്ന ഒരുകൂട്ടം ഭക്തർ/മനുഷ്യർ, പലരുടെയും മുഖം ഓർമ്മയിൽ. ശരീര സുഖമില്ലാത്ത കുറെ സ്ത്രീകൾ.ഇവരെല്ലാം നിരത്തിയിട്ടിരിക്കുന്ന പ്ലാസ്റ്റിക് കസേരകളിലിരുന്നു വായനകേൾക്കുന്നു.!!! പക്ഷെ ശ്രദ്ധിക്കുണ്ടോ.മനസ്സിലാക്കുന്നുണ്ടോ. എന്നത് വിഷയം വേറെ.!!! ആ ക്ഷേത്രത്തിലുള്ള മഹാദേവനെയും, മറ്റു ഉപദേവതകളെയും,ഭക്തിപ്രയസ്സരപുരസ്സരം താണ് വീണ് തൊഴുതു നിൽക്കുമ്പോൾ,
ആറര ദശാബ്ദങ്ങളിലെ ഓർമ്മകൾ മനസ്സിലൂടെ കടന്നുപോയി, തുടർന്ന് ആദിനാട് മോഹൻ്റെ ഭാഗവതപാരായണം, ഒരു പത്തുമിനിറ്റ് മൊബൈലിൽ റെക്കോർഡ്ചെയ്തു.ശബ്ദകോലാഹലങ്ങൾക്കിടയിൽ റെക്കോർഡ് ചെയ്തതൊന്നും ശരിയായി കിട്ടിയില്ല.വിഷമംതോന്നി. തിരിച്ചു വീട്ടിലേക്ക് നടക്കുമ്പോൾ, കമ്മിറ്റിക്കാരുടെ മേശമേൽ ഇരുന്ന സപ്താഹസ്സിൻ്റെ പുസ്തകരൂപത്തിലുളള ഒരു നോട്ടീസ് കയ്യിലെടുത്തു.വീണ്ടും തൊഴുതു വീട്ടിലേക്ക് മടങ്ങി.മടങ്ങും വഴി കയ്യിലിരുന്ന സപ്താഹസ്സിൻ്റെ മുഖപേജ് വായിച്ചു നോക്കി..
"മാതൃക്കോവിൽ മഹാദേവർ ക്ഷേത്രം,
പ്രതിഷ്ഠ ദിനവും, 51മത് സപ്താഹസ്സും" എന്നാണ് എഴുതിയിരിക്കുന്നത്.!!!
അതെന്താ പ്രതിഷ്ഠ ദിനം ഏതു വർഷമെന്നറിയില്ലേ.??? ഇല്ല എന്നതാണ് സത്യം.. പഴയ തലമുറയ്‌ക്കും ഇന്നത്തെ തലമുറയ്ക്കും അറിയില്ല. ആർക്കുമറിയില്ല.അതാണ് സത്യം.കാരണം.ഏതോ ഒരു ശതാബ്ദത്തിൽ, ഏതോ ഒരു മഹാരാജാവിൻ്റെ കാലത്തു പണി കഴിപ്പിച്ച ക്ഷേത്രത്തിൽ,മഹാദേവപ്രതിഷ്ഠ നടത്തിയ വര്ഷം ആർക്കാറിയാം.???
എന്നാൽ "പുനഃപ്രതിഷ്ഠ" എന്നൊന്നുണ്ട്.!!!
പഴയതലമുറയിൽ ഉള്ള പലർക്കും ഓർമ്മയുണ്ടാകും.എന്തായാലും ഞാനോർക്കുന്നു.പുനഃപ്രതിഷ്ഠ വർഷവും ദിവസവും ഇന്നുമോർമ്മയിൽ തിളങ്ങിനിൽക്കുന്നു.1968നവംബർ 10-നാണ് പുനഃപ്രതിഷ്ഠ നടന്നത്.അതുകൊണ്ട് സത്യത്തിൽ 55മതു പുനഃപ്രതിഷ്ഠ ദിനവും,
51മത് സപ്താഹസ്സുമാണ് ഇപ്പോൾ നടക്കുന്നതെന്ന് ആരെയും (പ്രത്യേകിച്ച് ഇന്നത്തെ തലമുറയെ) പറഞ്ഞു മനസ്സിലാക്കാനും തിരിത്തിക്കാനും ഞാൻ തുനിഞ്ഞില്ല.അങ്ങനൊരു വിഡ്ഢിവേഷം കെട്ടാൻ എൻ്റെ ഓർമ്മകൾക്ക് തുരുമ്പെടുത്തിട്ടില്ല.!!! പകരം ഞാൻ ആറരദശാബ്ദങ്ങൾക്ക് പിന്നിലേക്ക് സ്വയം മടങ്ങുകയാണ് ചെയ്തത്.
സപ്താഹയജ്ഞം" അഥവാ "സപ്താഹസ്സ്" എന്നാൽ എന്തെന്നറിയാത്തവർ കാണില്ല എന്ന് പ്രതീക്ഷിക്കുന്നു.!!! എഴുത്തച്ഛൻ എഴുതിയ ശ്രീമദ് ഭാഗവതം കിളിപ്പാട്ട്, ഏഴ് ദിവസം കൊണ്ട് വായിച്ചു തീർക്കുന്ന ഒരു യജ്ഞമാണ് "സപ്താഹസ്സ്"..പണ്ട് കാലത്തു മഹാക്ഷേത്രങ്ങളിലൊന്നും ഇതൊന്നും ഉണ്ടായിരുന്നതായി ഓർമ്മയില്ല.ഒരു പക്ഷേ ഉണ്ടായിരുന്നിരിക്കാം.ചെറിയ ചെറിയ ക്ഷേത്രങ്ങളിലും, സാമ്പത്തിക ഭദ്രതയുള്ള വീടുകളിലും, അക്കാലങ്ങളിൽ "സപ്താഹസ്സ്" നടക്കുന്നത് ഇന്നും ഓർമ്മയിലുണ്ട്.
എൻ്റെ ബാല്യകാലത്തിലെ നേരിയ ഓർമ്മകളിൽ, ഞങ്ങളുടെ ഇരവിപേരൂർ എന്ന കൊച്ചുഗ്രാമത്തിലെ ദേവിദേവന്മാർക്കൊക്കെ കഷ്ടകാലമായിരുന്നു.മുന്ന് ക്ഷേത്രങ്ങൾ. എല്ലാ ക്ഷേത്രങ്ങളും ഇരവിപേരൂർ ഗ്രാമത്തിലെ എ(A-ward)വാർഡിൽതന്നെ ഒരു അടുപ്പുകൂട്ടിയതുപോലെ സ്ഥിതി ചെയ്യുന്നു..അന്ന് ഇരവിപേരൂർ എന്ന ഗ്രാമത്തെ മുന്നുവാർഡുകളായി തരംതിരിച്ചിരുന്നു. ഇന്ന് ഇരവിപേരൂർ പഞ്ചായത് എന്നുപറഞ്ഞാൽ ഓതറ, നന്നൂർ, വള്ളംകുളം, തുടങ്ങിയ അടുത്തപ്രദേശങ്ങളെല്ലാം അതിൽപ്പെടും. അന്നൊക്കെ ഇരവിപേരൂർ ഗ്രാമം
ആലപ്പുഴ ജില്ലയിൽ വരുന്നതായിരുന്നു.നാടിൻ്റെ പരദേവതയെന്നു വിശേഷിപ്പിക്കുന്ന "നല്ലൂർസ്ഥാനത്തു ഭഗവതിഅമ്മ" എ-വാർഡിൻ്റെ വടക്കേയറ്റത്ത് ഉയരത്തിൽ സ്ഥിതിചെയ്യുന്നു. അൽപ്പം പുറകിലായി രണ്ടുമുന്ന് വീടുകൾക്ക് അപ്പുറത്തുകുടി മണിമലയാറൊഴുകി പോകുന്നുണ്ട്. വാർഡിൻ്റെ കിഴക്കുഭാഗത്തായി മണിമലയാറിൻ്റെ വിരിമാറിലെന്ന് പറയുന്നതാവും ശരി. "തിരുപ്പൂവപ്പുഴ സുബ്രമണ്യസ്വാമി"യുടെ ക്ഷേത്രം സ്ഥിതി ചെയ്യുന്നു. വാർഡിൻ്റെ തെക്കുഭാഗത്തായി മുകളിൽവിവരിച്ച "മതൃക്കോവിൽ മഹാദേവ" ക്ഷേത്രം. എൻ്റെ ബാല്യത്തിൽ ഈ മുന്നുക്ഷേത്രങ്ങളും, പല്ലുകൊഴിഞ്ഞു പട്ടിണികിടന്ന്, കുളിക്കാതെയും നനയ്ക്കാതെയും കഴിക്കാതെയും നട്ടംതിരിഞ്ഞ് നോക്കാനാരുമില്ലാതെ നടക്കുന്ന മനുഷ്യക്കോലങ്ങൾ പോലെ, ദിവസവും അന്തിത്തിരി കൊളുത്താൻ ആരുമില്ലാതെ, നിർമാല്യപൂജയും, ഉച്ചപൂജയും, പടിപൂജയുമില്ലാതെ, ശാന്തിക്കാരില്ലാതെ, അത്താഴമുട്ടില്ലാതെ, മുൻവാതിലുകൾ പലതും തകർന്ന് മേൽക്കൂരയില്ലാത്ത ഉപദേവതകൾ വെയിലും മഞ്ഞുംമഴയും നേരിട്ടനുഭവിച്ചു, ഗതകാലസ്മരണകളെ അയവിറക്കിക്കൊണ്ട് നില നിൽക്കുന്നു.!!! അവിടെത്തുടങ്ങുന്നു ഈ വിഷയത്തെപ്പറ്റിയുള്ള എൻ്റെ ഓർമ്മക്കുറിപ്പുകൾ.
(തുടരും.)