പ്രതിഷ്ഠ ദിനവും.സപ്താഹ യജ്ഞവും. (രണ്ടാം ഭാഗം )

പ്രതിഷ്ഠ ദിനവും.സപ്താഹ യജ്ഞവും.

(രണ്ടാം ഭാഗം തുടർച്ച.)

 

അമ്പതുകളിൽ, അമ്മയുടെ ഒക്കത്തിരുന്ന് അല്ലെങ്കിൽ  കയ്യിൽത്തൂങ്ങിയായിരുന്നു അന്നത്തെ ക്ഷേത്രസന്ദർശനങ്ങൾ എല്ലാംതന്നെ. അക്കാലങ്ങളിൽ സന്ധ്യയായാൽ പിന്നെ, ഈപ്പറഞ്ഞ അമ്പലങ്ങളിൽ  കയറിയിറങ്ങുവാൻ ഭയമാണ്. കാടുപിടിച്ച് തൂപ്പും, തുടയുമില്ലാതെ, കാരമുള്ളുകൾനിറഞ്ഞ ക്ഷേത്രപരിസരങ്ങൾ. ധാരാളം പാമ്പുകൾ, ഇഴജന്തുക്കൾ, പ്രാണികൾ, ഒക്കെയുള്ള ഒരന്തരിക്ഷം.അമ്മയ്‌ക്ക്‌ അമ്പലങ്ങളിൽ പോകാൻ ആരെങ്കിലുമൊക്കെ സഹായത്തിന് കൂടെവേണം. ഈ കാര്യത്തിൽ പ്രധാനമായും അച്ഛൻ്റെ  അനന്തിരത്തിമാരായിരുന്നു അമ്മയുടെ സഹായത്തിനെത്തിയിരുന്നത്. നാടിൻ്റെ  പരദേവതയായ നല്ലൂർസ്ഥാനത്തമ്മയെ കാണാൻ, സാധാരണ ചൊവ്വാ,  വെള്ളി ദിവസങ്ങളിലാണ് പോകുന്നത്. അസ്‌ട്രോളജിയിൽ ചൊവ്വാ, വെള്ളി  ദിവസങ്ങൾക്ക് വലിയ പ്രാധാന്യമുണ്ട്. മനുഷ്യൻ്റെ  "കർമ്മമേഖല" ഒപ്പം" ഭയത്തിൻ്റെ  കാരണം",  ഇതിൻ്റെയൊക്കെ പരിഹാരം  തേടിപ്പോകുന്നവർ ചെന്നെത്തിച്ചേ രുന്നത് ഈ ദിവസത്തിൻ്റെ  അധിദേവതകളയായ സുബ്രമണ്യസ്വാമിയും, ചാമുണ്ഡേശ്വരിയുമാണ്. ചാമുണ്ഡി, ഭദ്രകാളി, ചുടലഭദ്രകാളി, ചണ്ഡിക, ശൂലിനി, അഘോരി, ഇങ്ങനെ വിവിധ രൂപത്തിലും ഭാവത്തിലും പഴയകാല ഗോത്രങ്ങൾ പരാശക്തിയെ  ആരാധിച്ചിരുന്നു. അതിനൊക്കെ സഹസ്രാബ്ദങ്ങളുടെ അപ്പുറത്തേക്ക് പോകേണ്ടി വരും. പ്രകൃതിയെ ഭയന്ന അന്നത്തെ സമൂഹത്തിന്, ആഗ്രഹങ്ങൾ കുറവായിരുന്നു. ഇന്ന് ആഗ്രഹങ്ങളുടെ എണ്ണങ്ങൾകൂടി വന്നതോടെ പൂജയുടെ എണ്ണങ്ങൾ കുടി.

പൂജാവിധികളുടെ റേറ്റ് കുടി. പിന്നെ വെള്ളിയാഴ്ചയുടെ പ്രാധാന്യം ഞാൻ പറയാതെതന്നെ അറിയാമല്ലോ. അഷ്‌ടൈശ്വര്യങ്ങളുടെയും നാഥയായ ലക്ഷ്മി. പരാശക്തിയുടെ മറ്റൊരുഭാവം. ഇന്ന് ധനത്തിനുവേണ്ടിയുള്ള പ്രത്യേകപൂജകൾ ധാരാളം. റേറ്റ് അൽപ്പം കൂടും. അന്നെല്ലാം  അതൊക്കെ വിശ്വാസത്തിൻ്റെ  ഭാഗം മാത്രമായിരുന്നു.

 

അതൊക്കെ പോകട്ടെ..അതല്ലല്ലോ വിഷയം.

 

അവിടെ ചെല്ലുമ്പോൾ അമ്മക്ക് അകമ്പടിക്കായി ആൽത്തറയുടെ അടുത്ത് അച്ഛൻ്റെ  മൂത്ത അനിന്തരത്തി ലക്ഷ്മിക്കുട്ടി ഇച്ചേയി വെറ്റിലയും മുറുക്കി കാത്തിരുപ്പുണ്ടാകും. ചേച്ചിയുടെ ഭർത്താവ് ശങ്കരപ്പിള്ള ചേട്ടൻ, അന്ന് ക്ഷേത്രപറമ്പിൽ ആൽത്തറയോട് ചേർന്ന്, കാപ്പിക്കട നടത്തുന്നുണ്ടായിരുന്നു. അദ്ദേഹത്തിൻ്റെ  കാലശേഷം ചേച്ചി ഏറ്റെടുത്തു നടത്തിയിരുന്നു. യഥാക്രമം ലക്ഷ്മിക്കുട്ടിച്ചേയി, ഗൗരിച്ചേയി, കമലച്ചേയി, ഈ മൂന്ന് ചേച്ചിമാരെപ്പറ്റി പറയുമ്പോൾ നാട്ടിൽ അന്നുണ്ടായിരുന്ന ഒരുപാട് ഇച്ചേയിമാരുടെയും, അമ്മമ്മമാരുടെയും, അമ്മച്ചിമാരുടെയും, പേരുകൾ മനസ്സിൽ ഓടിയെത്തുന്നു. സ്നേഹിക്കാൻ മാത്രമറിയാവുന്ന അവരെല്ലാംതന്നെ  കാലയവനികക്കുള്ളിൽ മണ്മറഞ്ഞുപോയിരിക്കുന്നു, ഓർമ്മകൾ മാത്രം ബാക്കി.

 

ഏതായാലും നമുക്ക് നല്ലൂർസ്ഥാനം ദേവിയുടെ അടുത്തേക്കുതന്നെ പോകാം.

 

ഇന്നുകാണുന്ന ഒരു ക്ഷേത്രമോ ക്ഷേത്രപരിസരമോ അല്ല എൻ്റെ  ഓർമ്മയിലുള്ള അന്നത്തെ ദേവിക്ഷേത്രം. നാടിൻ്റെ  പരദേവതയെന്ന് വിളിക്കുന്ന നല്ലൂർസ്ഥാനം ദേവി, വനദുർഗ്ഗയാണ്. "ഭദ്രകാളി"സ്വരൂപമാണ്. വെയിലും മഴയും മഞ്ഞും നിലാവുമെല്ലാം കണ്ടുംകേട്ടും അറിഞ്ഞും അനുഭവിച്ചും മുകളിൽ മേൽക്കൂരയില്ലാത്ത ഞങ്ങളുടെ ദേവി.

 

കഥകളൊക്കെ ഒരുപടുണ്ടാകും.

 

ദേവി, പഴയകാലത്തിലെ ഏതോ ഒരു നൂറ്റാണ്ടിൽ ഏതെങ്കിലുമൊരു ഗോത്രവർഗ്ഗക്കാരുടെ ആരാധനമൂർത്തി ആയിരുന്നിരിക്കണം. ക്രിസ്തു മരിച്ച്‌  ആയിരം വർഷങ്ങൾക്കുശേഷം, പാഴൂർ രാജവംശം ഈ ഗ്രാമം ഭരിച്ചിരുന്നു എന്നും, ആ രാജവംശത്തോടൊപ്പം, പത്തില്ലത്തിൽ പോറ്റിമാരെന്നറിയപ്പെടുന്ന, പത്തു ബ്രാഹ്മണകുടുംബങ്ങളുംചേർന്ന്, ഈ ഗ്രാമത്തിന് "ഇരവിപുരം" എന്ന് പേരിട്ടിരുന്നുപോലും. അതിനുകാരണം "ഇരവി തമ്പുരാൻ" എന്ന പ്രശസ്തനായ ഒരു രാജാവിൻ്റെകാലത്ത്, അദ്ദേഹത്തോടുള്ള ബഹുമാനസൂചകമായിട്ടാണ് ഈ പേരിട്ടതെന്നാണ് ചരിത്രകാരന്മാർ പറയുന്നത്. എനിക്കെന്തോ ഇതൊക്കെ അപ്പാടെവിഴുങ്ങാൻ മനസ്സനുവദിക്കുന്നില്ല. ഭദ്രകാളിസങ്കല്പം ക്രിസ്തു മരിച്ചതിനുശേഷം ഉണ്ടായ ഒന്നല്ല. ക്രിസ്തു ജനിക്കുന്നതിനും, ബുദ്ധൻ ജനിക്കുന്നതിനും, എന്തിനേറെ ഗുപ്ത രാജവംശത്തിനും, മൗര്യരാജവംശത്തിനുമൊക്കെ വളരെ വളരെ പിന്നിൽ ഭദ്രകാളി സങ്കല്പമുണ്ടായിരുന്നു. വടക്ക് കാളിമാതയെന്നും, തെക്ക് ഭദ്രകാളിയെന്നുമൊക്കെ വിളിച്ചു പ്രാർത്ഥിച്ചിരുന്നു.

 

അതൊക്കെ പോകട്ടെ. നമ്മളിപ്പോൾ അൻപതുകളിലെ നല്ലൂർസ്ഥാനത്തമ്മയുടെ മുന്നിലാണ് നിൽക്കുന്നതെന്നോർക്കണം. ഇന്നുകാണുന്ന ചുറ്റുമതിലുകളോ, ഇപ്പോൾ കാണുന്നതരത്തിലുള്ള ഗോപുരമോ, ഗോപുരവാതിലുകളോ, ചുറ്റും മണൽവിരിച്ചിരിക്കുന്ന മതിൽകെട്ടിത്തിരിച്ച പുറത്തളമോ അന്നുണ്ടായിരുന്നില്ല. ഗതകാലസ്മരണകൾ അയവിറക്കിക്കൊണ്ട്, കൊത്തിയെടുത്ത കരിങ്കൽ നിരത്തിയിരിക്കുന്ന അമ്പലത്തറയിൽ പടിഞ്ഞാറുഭാഗത്തായി കിഴക്കോട്ടുദർശനമായി ഇന്ന് കാണുന്ന ദേവിയുടെ ക്ഷേത്രത്തിൻ്റെ  അതെവലിപ്പവും രൂപവും ഭാവവുമുള്ള ഭദ്രകാളിക്ഷേത്രം ഇന്നും ഓർമ്മയിൽ. ദേവിയുടെ ക്ഷേത്രത്തിൻ്റെ  മുകളിൽ മദ്ധ്യഭാഗം  തുറസ്സായിട്ടാണ് പ്രതിഷ്ഠ നടത്തിയിരിക്കുന്നത്. ഇങ്ങനെയുള്ള പല ക്ഷേത്രങ്ങൾ ഭാരതത്തിൻ്റെ  പല ഭാഗങ്ങളിലുമുണ്ട്. ദേവിയുടെ വലതുഭാഗത്തായി ഭുവനേശ്വരി കൂടിയിരിക്കുന്നു. അന്ന് ഭുവനേശ്വരി ദേവിക്ക് ഇന്നത്തെപ്പോലെ അമ്പലമൊന്നുമില്ല. വെറും കരിങ്കൽ മണ്ഡപത്തിൽ അന്ന് കുടിയിരിക്കുന്നു. ദേവിയുടെ ഇടതുഭാഗത്തായി നാഗദൈവങ്ങൾ കുടിയിരിക്കുന്നു. അവിടമെല്ലാം കാടും പടർപ്പുമാണ്. അങ്ങനെയാണല്ലോ വേണ്ടത്. "സർപ്പങ്ങൾക്കും ഇഴജന്തുക്കൾക്കും വിഹരിക്കാൻ കാടുകൾ വേണ്ടേ".? ഇപ്പോളവിടെയെല്ലാം ചെറിയചെറിയ ക്ഷേത്രങ്ങളാക്കി മാറ്റിയിട്ടുണ്ട്. "മനുഷ്യർക്ക് ഭയമില്ലാതെ നടക്കാൻ ഇഴജന്തുക്കൾ വഴിമാറികൊടുക്കേണ്ടി വരുന്നു".!!! അമ്പലത്തിന് തൊട്ടുപുറകിൽ ഇടതോരംചേർന്ന് ബ്രഹ്മരക്ഷസ്സും രക്തരക്ഷസ്സും രണ്ട് കരിങ്കൽ സങ്കൽപ്പങ്ങളിൽ ഇടംപിടിച്ചിരുന്നു. ഇന്നവർക്കെല്ലാം ചെറിയ ചെറിയ ഉപക്ഷേത്രങ്ങൾ ഉണ്ട്.  തന്നെയുമല്ല അന്നില്ലാത്ത പല ഉപദേവതകളും  ഇന്ന്  ദേവിക്ക് ചുറ്റുമായി കാണപ്പെടുന്നു.!!!

 

(ഏതെങ്കിലുമൊരു തന്ത്രിയോ, പൂജാരിയോ, ഒപ്പം ഒരു ദേവപ്രശ്‍നം ചെയ്യുന്ന ജ്യോതിഷിയുമുണ്ടങ്കിൽ, വിശ്വാസികളെ ഭയപ്പെടുത്തിക്കളയും. ദേവപ്രശ്നത്തിൽ രാശിക്ക് വളരെ പ്രാധാന്യമുണ്ട്. ഇല്ലാത്ത സ്ഥലങ്ങളിലൊക്കെ അവർ ദേവീദേവന്മാരുടെ സാനിദ്ധ്യം ഉണ്ടന്ന് പറഞ്ഞു വിരട്ടിക്കളയും. അതാണല്ലോ ഇപ്പോഴത്തെ ഒരു ട്രെൻഡ്. ഇതിനിടയിൽ എന്ത് സാമ്പത്തികം നേടാം എന്ന് ചിന്തിക്കുന്ന നേതൃത്വവുമുണ്ടങ്കിൽ പിന്നെ പറയുകയേ വേണ്ടാ..!!! ഹിന്ദുമതവിശ്വാസികളായ ഞാനുൾപ്പടെയുള്ളവരോട് ഒരു വാക്ക്. ഇന്നീ  വിശ്വാസപ്രമാണങ്ങളെ വികലപ്പെടുത്തുന്ന രണ്ടുകൂട്ടരെ  ശ്രദ്ധിക്കണം. ഒരുകൂട്ടർ ദേവപ്രശ്നവും കുടുംബപ്രശ്നവുംനോക്കി ലക്ഷക്കണക്കിന് രൂപ ചിലവാക്കി പൂജകൾ ചെയ്യാനുപദേശിക്കുന്ന ജ്യോതിഷികൾ..മറ്റൊരു കൂട്ടർ. താന്ത്രീകസന്ധ്യകളും പൂജാവിധികളും നടത്തി ദക്ഷിണ എന്നപേരിൽ വാങ്ങുന്ന തന്ത്രിമാരും പൂജാരികളും ഇപ്പോൾ ഒന്നും അറിയേണ്ട.!!!

എല്ലാം അവര് കൊണ്ടുവരും.!!! ഫുൾ പാക്കേജ്. ഒറ്റത്തുക.അയ്യായിരം രൂപ ചിലവുള്ള പൂജയ്ക്കും, പ്രശ്‌നം വയ്ക്കലിനും ചേർത്ത്, അഞ്ചു ലക്ഷം.!!! യഥാർത്ഥജ്യോതിഷം നമ്മുടെ ജന്മംമുതൽ മരണംവരെയുള്ള ആകെ ത്തുകയാണ്. അതിനെ മാറ്റിമറിച്ചുതരാമെന്ന്  ഏതെങ്കിലും പൂജാരിയോ ജ്യോതിഷിയോ പറഞ്ഞാൽ പ്രകൃതിശക്തിയെ അപമാനിക്കുകയാണ്.

വിശ്വാസപ്രമാണങ്ങളെ ചോദ്യം ചെയ്യുകയാണ്.) 

 

അരയാൽ തറയൊക്കെ ഇന്നത്തെപ്പോലെ കെട്ടിയുറപ്പിച്ചതായിരുന്നില്ല മറിച്ച്, കരിങ്കൽപ്പാളികൾ ഇടിഞ്ഞുപൊളിഞ്ഞുകിടക്കുന്ന അന്നത്തെ ആൽത്തറയിലുണ്ടായിരുന്ന അരയാൽ ഇന്നും "പ്രകൃതിയെ ശുദ്ധമാക്കി" പടർന്നുപന്തലിച്ചു നിലനിൽക്കുന്നു.  അക്കാലങ്ങളിൽ ഇന്നത്തെപ്പോലെ വൃശ്ചികം/ധനു മാസങ്ങളിൽ നടക്കുന്ന  41 ദിവസത്തെ മണ്ഡലചിറപ്പ് മഹോത്സവങ്ങളില്ല. വിഷുവിനു ഉത്സവങ്ങളും, പത്തു ദിവസത്തെ "പടയണി" എന്ന നാടൻകലാരൂപങ്ങളില്ല. ഒൻപതുദിവസം നീണ്ടുനിൽക്കുന്ന "നവാഹം" എന്ന ദേവിഭാഗവതപാരായണമില്ല. ക്ഷേത്രത്തിന് മുൻപിൽ പടികൾക്കുതാഴെ ഇടത് ഭാഗത്തായി ഒരു കണിയാർ കുടുംബം ഒരു കൂരവച്ച് അന്ന് താമസിച്ചിരുന്നത് ഇന്നും ഓർമ്മിക്കുന്നു. അക്കാലങ്ങളിൽ പൂജാരിയില്ലാതെ, നിവേദ്യമില്ലാതെ, ദീപാരാധനയും, പുഷ്പ്പാഞ്ജലിയുമില്ലാതെ, ഉത്സവങ്ങളില്ലാതെ, കളമെഴുതിപ്പാട്ടുകളില്ലാതെ, രൗദ്രഭാവത്തിൽ കുടികൊണ്ടിരുന്ന നല്ലൂർസ്ഥാനത്തമ്മക്ക്‌  എൻ്റെ  അമ്മയെപ്പോലെയുള്ള ചില ക്ഷേത്രവിശ്വാസികൾ, ദിനംതോറും സന്ധ്യക്കുമുൻപായി കൊളുത്തിവയ്ക്കുന്ന എണ്ണത്തിരികളാൽ തൃപ്തിപ്പെട്ട് കാലാതിവർത്തിയായി  കുടി കൊള്ളേണ്ടി വന്നു എന്നത് യാഥാർഥ്യം.

 

(തുടരും…)