ഉഷാരഭൂമിയിലെ ശീതക്കാറ്റുകൾ...
(ഭാഗം ഒന്ന്)
ഹിസ്സ് എക്സലൻസി. ഷെയ്ഖ് മുഹമ്മദ് അൽ ജർറാഹ് അൽ സബാഹ്.(കുവൈറ്റ് രാജകുടുംബത്തിലെ ഒരു പ്രധാന കണ്ണി)
ഇതൊരു ജന്മംകൊണ്ട് തീർക്കാവുന്ന ബന്ധമല്ല. കുവൈറ്റ് രാജകുടുംബത്തിലെ ഒരു പ്രധാന കണ്ണി. 1950 മുതൽ 1966 വരെ കുവൈറ്റ് ഭരിച്ചിരുന്ന പതിനൊന്നാമത് രാജാവായിരുന്ന, ഒപ്പം സ്വതന്ത്ര കുവൈറ്റിലെ അതായതു ബ്രിട്ടീഷ് മേൽക്കോയ്മയിൽ നിന്നും സ്വതന്ത്രമായ കുവൈറ്റിലെ, ആദ്യത്തെ "അമീറും"(രാജാവും)ആയിരുന്ന, ആധുനിക കുവൈറ്റിൻ്റെ പിതാവ് എന്നറിയപ്പെടുന്ന "ഹിസ്സ് ഹൈനെസ്സ് ഷെയ്ഖ് അബ്ദുള്ള അൽ സാലം അൽ സബാഹിൻ്റെ " ഇളയ സഹോദരീ പുത്രൻ
"ഷെയ്ഖ് മൊഹമ്മദ് അൽ ജീറ അൽ സബാഹ്"
സഹോദരങ്ങൾ എല്ലാവരുംതന്നെ കുവൈറ്റിലെ ക്യാബിനറ്റ് റാങ്കിലുള്ള മന്ത്രിമാരായിരുന്നു. ഞാൻ അറിയുമ്പോൾ അദ്ദേഹം അറബ് ഇൻഷുറൻസ് കമ്പനിയുടെ മാനേജരായിരുന്നു. പിന്നീട് കുവൈറ്റ് റിയൽ എസ്റ്റേറ്റ് കൺസോർട്ടിയത്തിൻ്റെ ചെയർമാനായിരുന്നു. രണ്ടു ബാങ്കുകളിൽ ഒന്ന് ഒരു കൺവെൻഷനൽ ബാങ്കിലും (കൊമേർഷ്യൽ ബാങ്ക് ഓഫ് കുവൈറ്റ്) ഒരു ഇസ്ലാമിക ബാങ്കിലും (കുവൈറ്റ് ഇന്റർനാഷണൽ ബാങ്ക്) ചെയർമാനായിരുന്നു, ഇപ്പോഴും തുടരുന്നു. പത്താം ക്ലാസ് വരെ കുവൈറ്റിലും, പിന്നീട് ഒരു ഗ്യാപ്പിനു ശേഷം ഉന്നത വിദ്യാഭ്യാസം ഇംഗ്ലണ്ടിലുമായിരുന്നു.
രാജരക്തത്തിലെ മഹത്ത്വവും,ലാളിത്യവും, പവിത്രതയും, എല്ലാം മുൻകൂട്ടി കാണാനുള്ള നേതൃത്വപാടവവും നാൽപത്തിമൂന്ന് വർഷത്തെ സ്നേഹബന്ധം. ഒരു കൂടപ്പിറപ്പിനോടെന്നപോലെ എന്നിലെ കഴിവുകളെ കണ്ടത്തി വളർത്തി (വളർച്ച എന്ന വാക്കിന് ഒരു അളവുകോലുണ്ടങ്കിൽ...!!!) വലുതാക്കിയ മഹാനുഭാവൻ. കൊമേർഷ്യൽ ബാങ്കിൽ എന്നെ ഒരു സീനിയർ റീജിയണൽ മാനേജരാക്കുന്നതിൽ പല സ്വദേശികൾക്കും വിദേശികൾക്കും വിമുഖതയുണ്ടായിരുന്നു. അന്നദ്ദേഹം ആ ബാങ്കിൻ്റെ ചെയർമാനായിരുന്നു. കുവൈറ്റ് ഇന്റർനാഷണൽ ബാങ്കിൽ പബ്ലിക് റിലേഷൻസ് വിഭാഗം എനിക്ക് തരുന്നതിൽ ശക്തമായ എതിർപ്പുണ്ടായിരുന്നു. അവിടെയും അന്നദ്ദേഹം ചെയർമാനായിരുന്നു. രണ്ടാമതൊന്നു ചിന്തിക്കാതെ ഒരു "കാഫിറി"നെ ലോകത്തിലെതന്നെ ഒരു വലിയ ഇസ്ലാമിക ബാങ്കിൻ്റെ മാർക്കറ്റിങ്ങിൻ്റെ യും , പബ്ലിക് റിലേഷൻ്റെ യും ചുമതല ഏറ്റടുക്കാൻ പറഞ്ഞപ്പോൾ അക്ഷരാർത്ഥത്തിൽ ഭയന്നു പോയി, ഭയന്ന് വിറച്ചു പോയി എന്ന് പറയുന്നതാവും ശരി. ഭയംകൊണ്ട് ഈ രണ്ടുപദവികൾ ഏറ്റെടുക്കാൻ ബുദ്ധിമുട്ടാണെന്നു തുറന്നു പറഞ്ഞു. പ്രാഗൽഭ്യം കാണിക്കാൻ ഇത് കമ്പ്യൂട്ടർ ഡിവിഷനോ, അക്കൗണ്ട്സ് ഡിവിഷനോ, ഓപ്പറേഷനൽ ഡിവിഷനോ, റിസ്ക് ഡിവിഷനോ, അല്ലല്ലോ...!!! ഇപ്പോൾത്തന്നെ കോൾസെന്റർ ഉൾപ്പടെ റീറ്റെയ്ൽ ഡിവിഷനും, വെർച്യുൽ ഡിവിഷനും, പ്രൈവറ്റ് ബാങ്കിങ് ഡിവിഷനും,അങ്ങ് എനിക്ക് തന്നിട്ടുണ്ടല്ലോ. 62 ശതമാനം സ്റ്റാഫ് അംഗങ്ങളും എനിക്കാണ്... ഇപ്പോൾ എൻ്റെ കയ്യിലാണ്... ഇനിയും ഇതും കുടി വേണ്ട...എന്തുകൊണ്ട് വേണ്ട? അദ്ദേഹം വിടാനുള്ള ഭാവമില്ല...!!! അവസാനം തുറന്നു പറയേണ്ടി വന്നു… "ഞാനൊരു ഇസ്ലാം മതവിശ്വാസിയല്ല...ശരിയത് നീയമങ്ങൾ ഒന്നുമെനിക്കറിയില്ലാ"... മുപ്പത്തഞ്ചുകൊല്ലമായി എന്നെ അടുത്തറിയാമെങ്കിലും എൻ്റെ ജാതിയും മതവുമൊന്നും അതുവരെ അദ്ദേഹം ചോദിച്ചിട്ടില്ല, എന്നാൽ അപ്പോൾ അദ്ദേഹം എന്നെ നോക്കി കുരിശുവരച്ചു കാണിച്ചുകൊണ്ട് ചോദിച്ചു...ഇതാണോ? അല്ല...എൻ്റെ മറുപടി...ഉടനെ കൈകൂപ്പിക്കൊണ്ട് റാം റാം ആണോ? അതെ...എൻ്റെ മറുപടി...അപ്പോൾ അദ്ദേഹം ചിരിച്ചുകൊണ്ട് പറഞ്ഞ വാക്കുകൾ ഈ ലോകത്തോടാണ്…
"നീയൊരു മനുഷ്യനാണോ?"(Are you a human being?) എങ്കിൽ നീ ഉത്തരവാദിത്വം ഏറ്റെടുക്കുക...നിനക്കിത് ഭംഗിയായി ചെയ്യാൻ കഴിയും...ഷെറിയ നിയമമൊക്കെ ബാങ്ക് വിട്ടു പഠിപ്പിച്ചു കൊള്ളും...കുവൈറ്റ് ഷെറിയ കമ്മിറ്റിയുടെയും, ചീഫ് ജനറൽ മാനേജരുടേയും, വാക്കുകളെ അവഗണിച്ചു, ഈ പദവി ഏറ്റടുക്കുവാൻ എനിക്ക് ധൈര്യംതന്ന നേതൃത്വപാടവം…
ആ ചുമതലയേറ്റു അഞ്ചാമത്തെ വർഷത്തിൽ, ലോകത്തിലെ ഏറ്റവും നല്ല ഇസ്ലാമികബാങ്കിനുള്ള ആഗോളതലത്തിലുള്ള അവാർഡ് ആദ്യമായി കിട്ടിയശേഷം, ജർമ്മനിയിൽനിന്ന് മടങ്ങിയെത്തി എല്ലാ ബോർഡ്മെമ്പറന്മാരെയും, ചീഫ് എക്സിക്യൂട്ടീവ് മാനേജരുൾപ്പടെ എല്ലാ ഡിവിഷൻഹെഡിനെയും വിളിച്ചുകൂട്ടി നടത്തിയ മീറ്റിംഗിൽ…
"ഈ ആഗോളതലത്തിലുള്ള അംഗീകാരം ബാങ്കിനുകിട്ടാൻ "ഇവന്" പ്രധാന റോൾ ഉണ്ട്"... എന്നുപറഞ്ഞ് കെട്ടിപ്പിടിച്ചു...എൻ്റെ കയ്യുയർത്തി കാണിക്കാൻ ഒരുമടിയും കാണിക്കാത്ത മനോധൈര്യത്തെ ഒൻപതു ജന്മമെടുത്താലും മറക്കാൻ കഴിയില്ല, അതിനുശേഷം വ്യക്തിപരമായ കാരണങ്ങളാൽ ഞാൻ കുവൈറ്റ് വിടുകയാണെന്നു പറഞ്ഞ് ബാങ്കിൻ്റെ പടിയിറങ്ങുമ്പോൾ, മേശപ്പുറത്തിരുന്ന റ്റിഷ്യുസ് എടുത്ത് കണ്ണുതുടച്ച കെട്ടിപിടിച്ചാശ്ളേഷിച്ച മഹാമനുഷ്യനെ എങ്ങനെ മറക്കാൻ... !!! ലോകത്തിൻ്റെ ഏതു കോണിലാണെങ്കിലും ഉള്ളു തുറന്നു സംസാരിക്കാൻ മടി കാണിക്കാത്ത, "ഷെയ്ഖ് മൊഹമ്മദ് അൽ ജീറ അൽ സബാഹ്"
...മറക്കില്ല...തലമുറപോലും മറക്കില്ല...ഇനിയൊരു ജന്മമുണ്ടങ്കിൽപ്പോലും തീർത്താൽ തീരാത്ത കടപ്പാടുകൾ...വായിക്കുന്ന എഴുതുന്ന നിങ്ങളോരുത്തർക്കും ഇത്തരം അനുഭവങ്ങൾ ജീവിതത്തിലുണ്ടാകില്ലേ? മറക്കാൻ ശ്രമിച്ചാലും മറക്കാൻ കഴിയാത്ത ഓർമ്മകൾ....!!!
(തുടരും…)