മതഗ്രന്ഥങ്ങൾ വിശകലനം ചെയ്യപ്പെടുമ്പോൾ വികലമാക്കപ്പെടുന്നുവോ?(ഭാഗം അഞ്ച് ).

മതഗ്രന്ഥങ്ങൾ വിശകലനം ചെയ്യപ്പെടുമ്പോൾ വികലമാക്കപ്പെടുന്നുവോ?(ഭാഗം അഞ്ച് ).
-----------------------------------------------------------------------------------

ഒരു നടന്ന സംഭവം.  ഇത് സത്യമാണ്. കാരണം ഇത് പറഞ്ഞയാൾ എന്റെ ഫേസ്ബുക്കിൽ ഉണ്ട്. അദ്ദേഹം വായിക്കും. കള്ളം പറഞ്ഞാൽ അദ്ദേഹം താഴെ കമ്മന്റ് കോളത്തിൽ പ്രതികരിക്കും. എന്റെ കുറച്ചു സീനിയറായി കോളേജിൽ പഠിച്ചിരുന്ന ഒരു സുഹൃത്തിനെ  കഴിഞ്ഞ വർഷം ഞാൻ അമേരിക്കയിൽ പോയപ്പോൾ ഒരു റെസ്റ്റോറന്റിൽ വച്ച് അവിചാരിതമായി കാണാനും ഓർമ്മ പുതുക്കാനും  അവസരം വന്നു ചേർന്നു. കോളേജിൽ എന്ന് പറഞ്ഞാൽ അദ്ദേഹം തിരുവല്ല മാർത്തോമ്മാ കോളേജിലും 
ഞാൻ   പന്തളത്തുമായിരുന്നു പഠിച്ചിരുന്നത്. 
അദ്ദേഹം ബി. എ. പാസ്സായി കഴിഞ്ഞു 
തിരുവല്ല നമ്പൂതിരീസ്‌ കോളേജിൽ ഹൈസ്കൂൾ വിദ്യാർത്ഥികൾക്ക് ക്ലാസ്സെടുക്കുന്നുണ്ടായിരുന്നു. 
അന്ന് ഞാൻ ശനിയാഴ്ചകളിൽ 
പ്രീ ഡിഗ്രിക്കാർക്ക് ക്ലാസ്സെടുക്കാൻ 
അവിടെ പോകാറുണ്ടായിരുന്നു. അങ്ങനെയാണ് ഞങ്ങൾ തമ്മിൽ പരിചയപ്പെടുന്നത്.
ശക്തനായ ഒരു കേരള കോൺഗ്രസ്സ് പ്രവർത്തകനായിരുന്നു അദ്ദേഹം. 
ഞാൻ എസ്. എഫ്. ഐ. കാരനും...
കുറെ മാസങ്ങൾ കഴിഞ്ഞപ്പോൾ, അദ്ദേഹം എനിക്കൊരു കല്യാണക്കുറി കൊണ്ട് തന്നു. അദ്ദേഹത്തിന്റെ വിവാഹം. അമേരിക്കയിൽ നിന്നത്തിയ വധു. അവർ ഒരു നഴ്‌സായിരുന്നു. ആ വിവാഹത്തിന് ഞാൻ പങ്കെടുത്തു. 
പിന്നീട് ഞങ്ങൾ തമ്മിൽ കണ്ടിട്ടില്ല.
കുറെ കഴിഞ്ഞപ്പോൾ, കൂടെയുണ്ടായിരുന്ന ആരോ പറഞ്ഞു. അദ്ദേഹം അമേരിക്കയിലേക്ക് പോയി. ഇത് നടന്നത് 1972 ലാണ് . ഞാൻ അന്ന് എം.എ.ഒന്നാം വർഷം വിദ്യാർത്ഥി. നീണ്ട 54 വർഷമായി അദ്ദേഹം അമേരിക്കയിലാണ് താമസം.
വല്ലപ്പോഴുമൊക്കെ നാട്ടിൽ വന്നങ്കിലായി. ഇല്ലങ്കിലുമായി. മക്കളൊക്കെ അമേരിക്കയിലാണ്. എനിക്ക് ആളിനെ കണ്ടിട്ട് മനസ്സിലായില്ല .പക്ഷേ അയാൾക്ക്‌ എന്നെ ഓർത്തോടുക്കാൻ പറ്റി. ബാലനല്യോ ? പെട്ടന്ന് ഞാൻ മുഖം തിരിച്ചപ്പോൾ ഒരു അപരിചിതൻ... അടുത്ത ചോദ്യം...എന്നെ ഓർമ്മയുണ്ടോ? 
അവസാനം സ്വയം പരിചയപ്പെടുത്തി.
പിന്നീട്  രണ്ടു പേരും കെട്ടിപ്പിടിച്ചു കരഞ്ഞു. 
ഞങ്ങൾ രണ്ടു പേരുടെയും വീട്ടുകാർ മൂകസാക്ഷികളായി ആ കാഴ്ച നോക്കി നിന്നു. 
ഒടുവിൽ ഒന്നിച്ചിരുന്നു  ആഹാരം കഴിച്ചു.

ഇതിനിടയിൽ  ഏതാണ്ട് ഒരു മണിക്കൂർ ഞങ്ങൾ സംസാരിച്ചിരുന്നു. ഞാൻ തുടങ്ങി വച്ചു. ഈ അഞ്ചു ദശാബ്ദക്കാലങ്ങളിലെ അമേരിക്കൻ ജീവിതം എവിടെയെത്തി നിൽക്കുന്നു ? മത,കല,സാംസ്ക്കാരിക, സാമൂഹ്യ,രാഷ്ട്രീയ,  സേവനങ്ങളൊ
ക്കെയുണ്ടോ ? അദ്ദേഹത്തിന്റെ മറുപടി എന്നെ അക്ഷരാർത്ഥത്തിൽ സ്തംഭിപ്പിച്ചുകളഞ്ഞു... എന്താ കേൾക്കേണ്ടേ ?

അദ്ദേഹം ഇങ്ങനെ തുടങ്ങി.. 
ഇപ്പോൾ ഞാൻ ഒരു ഗ്രുപ്പിലുമില്ല. പണ്ടോക്കെ പള്ളിയിൽ പോകുമായിരുന്നു. ഇപ്പോൾ അതും നിർത്തി .ഞാൻ ചോദിച്ചു. എന്ത് പറ്റി?
കമ്മ്യൂണിസ്റ്റായോ ? ദൈവ വിശ്വാസമൊക്കെ നഷ്ടപ്പെട്ടോ ?  അതുകൊണ്ടാല്ലാ ബാലാ...
അദ്ദേഹത്തിന്റെ മറുപടി. ഇപ്പോൾ ദൈവവിശ്വാസമൊക്കെ ഒരു ചടങ്ങല്ലേ? എല്ലാവരെയും കാണിക്കാനൊരു പ്രഹസനം... ക്രിസ്തുമസാകുമ്പോൾ കുറെ അവുധി കിട്ടും .കുറെ കള്ളൂ  കുടിക്കും. ഏതെങ്കിലും 
ഒരു നഴ്സിന്റെ ഭർത്താവു വയറുമൊക്കെ 
വച്ച് സാന്താക്ലോസിന്റെ  വേഷം കെട്ടിയിറങ്ങും. വേറെ പ്രത്യേകിച്ച് പണിയൊന്നുമില്ലല്ലോ. 
കുറെ ചെറുപ്പക്കാർ ക്രിസ്തുമസ് കരോൾ 
എന്ന് പറഞ്ഞിറങ്ങും. ഈസ്റ്ററിനുമിതൊക്കെ തന്നെ. ഭർത്താക്കന്മാർക്ക് ഭാര്യമാരെ പേടിക്കാതെ കള്ളൂ കുടിക്കാനൊരവസരം. അത്ര തന്നെ. യേശുദേവൻ ഒന്നേയുണ്ടായിരുന്നുള്ളു.
അദ്ദേഹത്തിന്റെ വചനങ്ങളും. 
അതിന്റെ പേരിൽ മലയാളികളുടെ ഇടയിൽ തന്നെ നൂറു കണക്കിന് ഗ്രുപ്പുകൾ. 
തമ്മിലടി. എന്തിനാണെന്നോ? യഥാർത്ഥ 
ദൈവ വിശ്വാസികൾ തങ്ങളാണന്നവകാശപ്പെടാൻ...നാട്ടിൽ നിന്ന് അച്ചന്മാരെയും കപ്പ്യാരെയും കൊണ്ട് വരാൻ തന്നെ തമ്മിലടിയാ. പിന്നെ തിരുമേനിമാരുടെ വരവിന്റെ ഘോഷയാത്രകളാ...
ലോകം കണ്ടിട്ടില്ലാത്ത കുറെ കലാകാരന്മാരെയും കലാകാരികളെയും, ജീവിതം എന്തെന്നറിഞ്ഞിട്ടില്ലാത്ത സാഹിത്യ സംസ്കരിക നായികാ നായകന്മന്മാരെയും, തത്വദീക്ഷയില്ലാത്ത രാഷ്ട്രീയക്കാരെയും,  
കൊണ്ട് വന്നു കലാ  സാംസ്ക്കാരിക രാഷ്ട്രീയ  പരിപാടികൾ വേറെയും...എല്ലാറ്റിന്റെയും അടിസ്ഥാനം പണം, പൊങ്ങച്ചം, പേര്, പ്രശസ്തി...
യേശുദേവൻ ഇപ്പോഴും കുരിശിൽ തന്നെ...

ഇതെല്ലം കേട്ട് കൊണ്ടിരുന്ന ഞാൻ ചിരിച്ചപ്പോൾ അദ്ദേഹം പറഞ്ഞു...
ചിരിക്കേണ്ട ബാലാ...ഹിന്ദു സമൂഹത്തിലും ഒരുപാടു വൈരുധ്യങ്ങൾ കുടി വരുന്നുണ്ട്... 
നായരും നമ്പൂതിരിയും ഈഴവരും ആശാരിയും മുശാരിയും കൊല്ലാനും തട്ടാനുമെല്ലാം ഇവിടെ നൂറു കണക്കിന് സംഘടനകളുണ്ട്...
സുകുമാരൻ നായരേ അനുകൂലിച്ചോരു  കൂട്ടർ. എതിർത്ത് മറ്റൊരു കൂട്ടർ. കിടങ്ങൂർ ഗ്രുപ്പ് വേറെ.യഥാർത്ഥ നായരെന്നൊരു കൂട്ടർ. മന്നത്തിന്റെ ഗ്രുപ്പ് വേറെ. വെള്ളാപ്പള്ളിയെ അനുകൂലിച്ചോരു  കൂട്ടർ .എതിർത്ത് കുറെ ഗ്രുപ്പുകൾ. അങ്ങനെ ജാതി മത ഗ്രുപ്പുകളുടെ ഒരു കൂമ്പാരം തന്നെ അമേരിക്കയിലൂടെ നീളം കാണാം. ഓണത്തിന് മാവേലി വേഷം കെട്ടാനും,  ക്രിസ്തുമസിന് സാന്താക്ലോസാകാനും നൂറു കണക്കിന് ആൾക്കാർ... 
മുസ്ലിങ്ങളും ഒട്ടും മോശമല്ലാതുണ്ട്. സമസ്തയുണ്ട്. മുസ്ലിം ലീഗുണ്ട്. സുന്നിയുണ്ട്. ഷിയായുണ്ട്. ഹാമ്മസുണ്ട്. മുജാഹിദിനുണ്ട്. .ഏകദൈവത്തിന്റെ പേരിൽ നൂറുകണക്കിന് സംഘടനകൾ.
അദ്ദേഹം അങ്ങനെ പലതും പറഞ്ഞു നിർത്തി.
അവസാനം അദ്ദേഹം ഒരു ഗാനത്തിന്റെ നാലു വരി പാടി..
ബാലനോർമ്മയുണ്ടോ ഈ  ഗാനം ?
"അദ്വൈതം ജനിച്ച നാട്ടിൽ, ആദി ശങ്കരൻ ജനിച്ച നാട്ടിൽ, ആയിരം ജാതികൾ, ആയിരം മതങ്ങൾ, ആയിരം ദൈവങ്ങൾ" ...
 
ഞാൻ പറഞ്ഞു ഓർമ്മയുണ്ട്.

ഇതെല്ലാം കേട്ടിരുന്ന ഞാൻ പറഞ്ഞു. കുട്ടിക്കൃഷ്ണമാരാരുടെ ഭാരത പര്യടനം 
വളരെ ശ്രദ്ധിക്കപ്പെട്ട പുസ്തകമാണ്. അത് വായിച്ചാൽ ഭാരതയുദ്ധം നടന്ന സംഭവമായിട്ടേ നമുക്ക് തോന്നുകയുള്ളൂ. അപ്പോൾ ദുര്യോധനനും കർണനുമൊക്കെ ഹീറോകളായി മാറും. പാഞ്ചാലിക്ക് അഞ്ചു ഭർത്താക്കന്മാരും അതിലേറെയിഷ്ടം അര്ജുനനോടുമൊക്കെയാകും. 
രാമായണവും അത് പോലെയാണ്. അപ്പോൾ ഊർമ്മിള ശ്രേഷ്ഠയും സീത സ്വാർത്ഥിയുമാകും. കൃഷ്ണന് പതിനായിരക്കണക്കിന് ഭാര്യമാരുണ്ടാകും. രാവണൻ യോഗ്യനും രാമൻ ദുഷ്ടനുമാകും. ഈ അടുത്തിട  ഒരു വ്യക്തി
യൂട്യൂബിൽ  ഒരു പുസ്തകം പൊക്കി കാണിച്ചുകൊണ്ട് പറയുന്നു. ഖുർആന്റെ യഥാർത്ഥ പരിഭാഷായാണ് പോലും ഈ ബുക്ക്. അതിൽ എഴുതി വച്ചിരിക്കുന്നു... 
"മുസ്ലിങ്ങൾ അല്ലാത്തവരെ കണ്ടാൽ കൊല്ലണം പോലും"... അതിന്റെ ശരിയായ അർത്ഥം അയാൾ എന്ത് മനസ്സിലാക്കിയിട്ടാണ്  എന്ന് ചോദിക്കാൻ പോലും ആരും തയ്യാറാകുന്നില്ല. ജൂതാസ് യേശുവിനെ ഒറ്റു  കൊടുത്തത് മുപ്പതു വെള്ളിക്കാശിനു വേണ്ടിയല്ല.  ശരിയായിക്കോട്ടെ. അല്ലാതായിക്കോട്ടെ. 
മത ഗ്രന്ഥങ്ങളെ പലരും അവരവരുടെ സൗകര്യാർത്ഥം വികലപ്പെടുത്തിയെഴുതുമ്പോൾ ഓരോന്നിനെയും ഓരോ രീതിയിൽ കാണപ്പെട്ടു. അതാണ് ശരി .മറ്റേതാണ് ശരി. ഇതാണ് ശരി. എന്ന് ചിന്തിച്ചു പല ഗ്രുപ്പുകൾ ഉണ്ടാക്കുന്നു...
ഉണ്ടാകുന്നു...മതഗ്രന്ഥങ്ങളെ ശരിയായ രീതിയിൽ അപഗ്രഥനം ചെയ്യാൻ അറിവുള്ളവർ കുറവാണ്. തെറ്റായ രീതിയിൽ വ്യാഖ്യാനം ചെയ്യാൻ ആയിരക്കണക്കിന് ആൾക്കാരുണ്ട്...

അപ്പോൾ താങ്കൾ പാടിയ പാട്ടിന്റെ പ്രസക്തിയേറെ...

ഞങ്ങൾ കെട്ടിപ്പിടിച്ചു പിരിഞ്ഞു.

തുടരും...