മതഗ്രന്ഥങ്ങൾ വിശകലനം ചെയ്യപ്പെടുമ്പോൾ വികലമാക്കപ്പെടുന്നുവോ?(ഭാഗം ആറു).

മതഗ്രന്ഥങ്ങൾ വിശകലനം ചെയ്യപ്പെടുമ്പോൾ വികലമാക്കപ്പെടുന്നുവോ?(ഭാഗം ആറു).

-----------------------------------------------------------------------------------നിങ്ങൾ വായനക്കാർ എന്റെ സ്നേഹിതർ 
ഒരു കാര്യം ശ്രദ്ധിച്ചിട്ടുണ്ടോ? ലോകമെല്ലാമുള്ള മതഗ്രന്ഥങ്ങൾ അതെത്ര പഴയതായാലും പുതിയതായാലും എല്ലാം തന്നെ കേട്ടറിവുകളാണ്...പുസ്തകമായി ആരും  കൊണ്ടു  വന്നിട്ടുമില്ല. ആർക്കും കൊണ്ട് 
കൊടുത്തിട്ടുമില്ല. ആരെങ്കിലുമൊരാൾ അത് ദൈവമായാലും ശരി, മുനിമാരായാലും ശരി, അപ്പോസ്തോലന്മാരായാലും ശരി, ഏയ്ഞ്ചൽ ആയാലും ശരി, അവരിൽ നിന്ന് ഏറ്റവും ചേർന്ന് നിൽക്കുന്ന  ഒരാൾ കാര്യങ്ങൾ കേട്ടറിയുന്നു... 
അത് പിന്നെ തലമുറകളായി ഓരോരുത്തർ കേട്ട് കേട്ട് ലിപിയും അക്ഷരമാലകളും എഴുത്തുമൊക്കെയുണ്ടായി വരുന്നത് വരെ കേട്ടറിവുകൾ തുടർന്ന് കൊണ്ടേയിരുന്നു... അതല്ലേ സത്യം...?

ഏറ്റവും പഴയതെന്നു വിശ്വസിക്കാവുന്ന നാലു വേദങ്ങൾ, ബ്രമ്മാവിൽ  നിന്ന്  സപ്തർഷികൾ  കേട്ട് പഠിക്കുകയും, അവരിൽ നിന്ന് ബ്രമ്മാവിന്റെ മാനസപുത്രന്മാരായ സനകാദികളിലേക്ക്  പകർന്നു കൊടുക്കുകയും ചെയ്തെന്നാണല്ലോ ചരിത്രകാരന്മാർ  പറയുന്നത്. ബ്രമ്മാവിൽ നിന്ന് മനുവിലേക്കും എത്തിയെന്നല്ലേ ചരിത്രം...മനുസ്‌മൃതിയൊക്കെ വളരെ മഹാരഥന്മാരുടെ ചർച്ചയ്ക്കും വിമർശനങ്ങൾക്കും ഇടയായിട്ടുള്ളത് എല്ലാവർക്കും അറിയാവുന്നതാണല്ലോ...
(സംസ്‌കൃത ഭാഷയിലാണ്)...

യെഹൂദരുടെ വേദഗ്രന്ഥം  "തോർറാഹ്"   കാനായി പർവ്വതനിരയിൽ വച്ച് ദൈവം മോശക്ക്‌ 3300 വര്ഷങ്ങള്ക്കു മുൻപ്  
പറഞ്ഞു കൊടുത്തു എന്ന് പറയപ്പെടുന്നു...(ഹിബ്രു ഭാഷയിലാണ് ).

ക്രിസ്ത്യൻ സമൂഹത്തിൽ വേദ പുസ്തകം രണ്ടായി തരം തിരിച്ചിരിക്കുന്നു .പഴയ നിയമം. പുതിയ നിയമം .പഴയ നിയമം രാജാക്കന്മാരും അപ്പൊസ്‌തോലന്മാരും ഒക്കെ ശതാബ്ദങ്ങൾകൊണ്ട് പറഞ്ഞു
കൊടുത്തതാണങ്കിൽ  പുതിയ നിയമം യേശുദേവന്റെ പിൻഗാമികൾ പറഞ്ഞു തന്നിട്ടുള്ളതാണ്...യേശുദേവൻ ഒരു പുസ്തകവും എഴുതിയിട്ടില്ല. പക്ഷേ ഇന്ന് ലോകത്തു ഏറ്റവുമധികം ജനഹൃദയങ്ങളിൽ അദ്ദേഹം നിറഞ്ഞു നിൽക്കുന്നു. (ഹിബ്രു അറബി ഗ്രീക്ക് ഭാഷയിൽ പഴയ നിയമവും,  ഹിബ്രു അറബി ഭാഷയിൽ പുതിയ നിയമവും വെളിപ്പെട്ടു വന്നു എന്ന് പറയപ്പെടുന്നു).

ഇതിനൊക്കെ  മുൻപ് ഉണ്ടായ ജൈന മതത്തിന്റെ വിശുദ്ധ ഗ്രന്ഥം വർധമാന  മഹാവീരൻ പലതിൽ നിന്നടർത്തിയെടുത്തത് ഇന്ദ്രഭൂതി എന്നൊരു സ്വാമി ക്രോഡീകരിച്ചു മറ്റുള്ളവക്ക് പറഞ്ഞു കൊടുത്തു എന്ന് പറയുന്നു... (അർഥമഗതി ഭാഷയിലാണ്).

ബുദ്ധമതത്തിലും അദ്ദേഹത്തിന്റെ ധർമ്മ ചിന്തകൾ (ബുദ്ധന്റെ) ക്രോഡീകരിച്ചത് ശിഷ്യന്മാരായിരുന്ന ആനന്ദനും ഉപാലിയുമായിരുന്നു എന്ന് പറയപ്പെടുന്നു.
ഒപ്പം തേരവാദ എന്നൊരു ശ്രീലങ്കൻ ബുദ്ധ ഭിക്ഷുവും കുറെയൊക്കെ ക്രോഡീകരിച്ചിട്ടുണ്ട്. "ധർമ്മ പാത", പേരുകേൾക്കാൻ തന്നെയൊരു സുഖമുണ്ട്. ധർമ്മത്തിന്റെ പാത...(പാലി ഭാഷയിലാണ്).  

സിഖ് മതത്തിലെ വിശുദ്ധ പുസ്തകം പല ഗുരുക്കമാരുടെ പല വര്ഷങ്ങളിലെ പ്രയഗ്നമാണ്. അതിൽ ഇസ്ലാം മതത്തിലെ 
ചില ഗുരുക്കന്മാരുടെ നിറസാനിധ്യം കൂടിയുണ്ടായിരുന്നു എന്ന് പറഞ്ഞു കേട്ടിരുന്നു .ആ കാലമൊക്കെയായപ്പോഴേക്കു എഴുത്തും ലിപിയുമൊക്കെയുണ്ടായിരുന്നു എന്നാണ് വിശ്വാസം...(ഗുരുമുഖി ഭാഷയിലാണ്).

ഇസ്ലാം മതത്തിന്റെ വിശുദ്ധ പുസ്തകം അറബി ഭാഷയിൽ  ഗബ്രിയേൽ എന്ന ദൈവദൂതനിലൂടെ ദൈവം പറഞ്ഞു കൊടുക്കുകയാണുണ്ടായത്. എഴുത്തും വായനയും അറിയാതിരുന്ന പ്രവാചകൻ ശ്രദ്ധയോടെ പല കാലങ്ങളിലായി കേട്ട വചനങ്ങൾ അനുയായികൾ പനയോലകളിൽ കുറിച്ച് വച്ചിരുന്നു. 
അതെല്ലാം ക്രോഡീകരിച്ചു ഒന്നാമത്തെ 
ഖലീഫാ ആയിരുന്ന ഒത്തുമാന്റെ കാലത്തു വെളിപ്പെടുത്തുകയായിരുന്നു എന്ന് ചരിത്രം. ഏതോ ഒരു ഭാഗം ആട് തിന്നു പോയതായി ഒരു കൂട്ടർ  വ്യാഖ്യനിക്കുമ്പോൾ, അത് തെറ്റാണെന്നു പറയുന്ന മറ്റൊരു കൂട്ടരും ഇസ്ലാമിൽ തന്നെയുണ്ട്.... വിശ്വാസിയായ ഒരു കുവൈറ്റി യുവാവ് എന്നോടൊരിക്കൽ പറഞ്ഞു തന്നതാണ്...

ചുരുക്കം എല്ലാ വേദഗ്ഗ്രന്ഥങ്ങളും കേട്ടറിവിലൂടെ വന്നു പിന്നീട് എഴുതി ചേർത്ത് പുസ്തകങ്ങളായി ഇന്ന് നമ്മൾ വായിച്ചു കേൾക്കുന്നു എന്ന് സാരം...

ചില ചരിത്രകാരന്മാർ ആദ്യ മനുഷ്യൻ ഹിന്ദുക്കളുടെ പുസ്തകങ്ങളിലെ "മനു" ആണെന്നും, അത് തന്നെയാണ് ക്രിസ്താനികളും മുസ്ലിങ്ങളും യെഹൂദരും പറയുന്ന "ആദ"മെന്നുമൊക്കെ എഴുതി വച്ചിട്ടുണ്ട്...      

"അയ്യോ കുരങ്ങന്മാർ എന്തറിഞ്ഞു വിഭോ"  രാമായണത്തിൽ ലക്ഷ്മണൻ കുരങ്ങന്മാരെ ചേർത്ത് പരിഹസിക്കുന്നത് കേട്ടില്ലേ? 
വായിച്ചു നോക്ക്. അദ്ധ്യാത്‌മ രാമായണത്തിൽ കിളിയെക്കൊണ്ട് തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛൻ പാടിച്ചു എന്ന് എഴുതി വച്ചിരുന്നു. കേട്ടിട്ടുണ്ടോ ആവോ? 
പത്തു വയസ്സുള്ളപ്പോൾ മുതൽ വായിച്ചു കേട്ടിട്ടുള്ള അറിവാണ്. എല്ലാം മറന്നു  പോയി എന്നൊരു തോന്നൽ...

കുറച്ചു മാസങ്ങൾക്കു മുൻപ് ഹിന്ദു മതത്തിന്റെ വക്താവ് എന്നും സ്വയം അഭിമാനിക്കുന്ന ഒരാൾ, യൂട്യൂബിലിരുന്നു രാമായണത്തെപ്പറ്റി സംസാരിക്കുമ്പോൾ പറയുന്നു. എഴുത്തച്ഛന്റെ അദ്ധ്യാത്‌മ രാമായണം, വാൽമീകി എഴുതിയ രാമായണത്തിന്റെ പകർപ്പാണ് പോലും...!!! അടിസ്ഥാന കാര്യത്തിൽ പ്പോലും മൂല്യച്യുതി വന്നാൽ പിന്നെ ആ പുസ്തകം വിശകലനം ചെയ്യുമ്പോൾ എത്രമാത്രം വികലപ്പെടുമെന്ന് ഞാൻ പറയാതെ തന്നെ വായനക്കാർക്ക് ഊഹിക്കാവുന്നതേ ഉള്ളു...രാമായണം എഴുതിയത് വാല്മീകിയാണ്. അതിൽ 
നിന്നാണ് മറ്റെല്ലാ രാമായണങ്ങളും ഉണ്ടായിട്ടുള്ളത് .അതിനു യാതൊരു സംശയവുമില്ല... 
എന്നാൽ അദ്ധ്യാത്‌മ  രാമായണം 
എഴുതിയത് വാൽമീകി മഹർഷി അല്ല...
അതിന്റെ കിളപ്പാട്ടു രൂപത്തിലുള്ള ഇന്ന് 
നമ്മൾ കാണുന്ന എഴുത്തച്ഛന്റെ അദ്ധ്യാത്‌മ 
രാമായണം ആദ്യമായി ആറായിരത്തിലധികം ശ്ലോകങ്ങളെക്കൊണ്ട് എഴുതിയത് 
വേദവ്യാസ മഹർഷി ആയിരുന്നു...
ചുരുക്കം രാമായണത്തിന് സാധാരണക്കാരായ ഈശ്വര വിശ്വാസികൾക്ക് മനസ്സിലാകുന്ന രീതിയിൽ  "ഒരു അദ്ധ്യാൽമിക" ചൈതന്യം സൃഷിടിച്ചത് വേദവ്യാസ മഹർഷി ആയിരുന്നു എന്ന് സാരം... 
വാൽമീകി രാമായണത്തിന്റെ പശ്ചാത്തലം വേറെ രീതിയിലാണ്. ബ്രമാവിന്റെ പുത്രനായ നാരദ മഹർഷി തന്റെ മനസ്സിൽ തെളിഞ്ഞ 
"ഒരു കഥ" വാൽമീകി മഹർഷിക്ക് പറഞ്ഞുകൊടുക്കുന്നു. ആ കഥ  ഉൾക്കൊണ്ടു കൊണ്ട് വാൽമീകി മഹർഷി ബൃഹുത്തായ ഏതാണ്ട് 32000 ശ്ലോകങ്ങളെക്കൊണ്ട്  ഒരു മഹാകാവ്യം രചിക്കുന്നു...അതിന്റെ പേര് രാമായണം എന്നായിരുന്നില്ല. "ബ്രിഹ് യോഗ വാസിഷ്ഠം" എന്നായിരുന്നു.  

എന്നാൽ പിന്നീട് വാൽമീകി മഹർഷിയും, ശിഷ്യൻ ഭര്താദ്വാജ മഹർഷിയും ചേർന്ന്, "തമസ" നദിയിൽ സ്നാനത്തിനു 
പോകുമ്പോൾ അവിടെ വച്ചാണ് ക്രൗഞ്ച മിഥുനങ്ങളിൽ ഒന്നിനെ വേടൻ അമ്പെയ്തു വീഴ്ത്തുന്നത് കാണുന്നതും, മഹാവാക്യങ്ങളിലൊന്നായ "മാനിഷാദ" എന്ന ശ്ലോകം രചിക്കുന്നതും... 
തുടർന്ന് ബ്രമ്മാവ് അവിടെ വന്ന് നാരദ മഹർഷി മുൻപ് വിശദമായി പറഞ്ഞു കൊടുത്ത രാമന്റെ ത്വാതിക ഭാവത്തെ വ്യക്തമാക്കുന്ന ചിന്തകൾ എന്താണെന്ന സത്യം...അമ്പേറ്റ പക്ഷി രാവണനാണന്നും, അമ്പ് എയ്ത  വേടൻ രാമനാണന്നും, തുടങ്ങിയ ത്വാതിക മൂല്യങ്ങൾ ഉൾക്കൊള്ളുന്നപ്രപഞ്ച സത്യത്തെ വാൽമീകി മഹർഷിക്ക് പറഞ്ഞു കൊടുക്കുകയും ചെയ്യുന്നു...
അവിടെ വച്ചാണ് ഒറ്റശ്ലോകത്തിൽ വാൽമീകി  "പൂർവം രാമ തപോവനാതി ഗമനം" എന്ന് തുടങ്ങുന്ന ഒറ്റ ശ്ലോകി രാമായണം ചൊല്ലുന്നതും... 
അതേത്തുടർന്നാണ് 24000 ശ്ലോകത്തിൽ എന്താണ് രാമൻ, എന്താണ് രാവണൻ, എന്താണ് സീത, അങ്ങനെ ഓരോന്നിന്റെയും ത്വാതിക വശങ്ങൾ ലോകത്തോട് പറഞ്ഞു കൊടുക്കുന്നതും...പക്ഷേ അന്നും ആ പുസ്തകത്തിന് രാമായണമെന്ന് ആരും വിളിച്ചില്ല..."ലഘു യോഗവാസിഷ്ഠ"മെന്നാണ് പേരിട്ടത് .

പക്ഷേ അന്നുമിന്നും ലോകം  ഒന്ന് പറയുന്നു... ഇതാണ് "ആദി കാവ്യം"..രാമന്റെ തത്വം എന്താണന്നു പറയുന്ന "യോഗ വാസിഷ്ഠം" അല്ലങ്കിൽ "ജ്ഞാന വാസിഷ്ഠം"...
അതാണ് പിന്നീട് വാൽമീകി രാമായണമെന്ന് പ്രശസ്തമായ മഹാകാവ്യം... "ആദി കാവ്യം"..

അതിൽ നിന്ന് വേദവ്യാസമുനി അടർത്തിയെടുത്ത ആറായിരത്തിലധികം ശ്ലോകങ്ങൾ ഉൾക്കൊള്ളുന്ന "അദ്ധ്യാത്‌മ രാമായണം" ബ്രഹ്മാണ്ഡ പുരാണത്തിൽ വരുന്നതാണ്... 
അതിനെയാണ്  മലയാളത്തിലേക്ക് കിളിപ്പാട്ടായി  നമ്മുടെ എഴുത്തച്ഛൻ പരിഭാഷപ്പെടുത്തി നമ്മുക്ക് തന്നിട്ടുള്ളത്...  അതിലെ ഒരു വരിയാണ് ഞാൻ മുകളിൽ എഴുതിയിട്ടിരിക്കുന്ന...

" അയ്യോ കുരങ്ങന്മാരെന്തറിഞ്ഞു വിഭോ"...

 തുടരും...