മതഗ്രന്ഥങ്ങൾ വിശകലനം ചെയ്യപ്പെടുമ്പോൾ വികലമാക്കപ്പെടുന്നുവോ? (ഭാഗം എട്ട് )...

മതഗ്രന്ഥങ്ങൾ വിശകലനം ചെയ്യപ്പെടുമ്പോൾ വികലമാക്കപ്പെടുന്നുവോ?
(ഭാഗം എട്ട് )...

ഞാൻ ഏറെ ബഹുമാനിക്കുന്ന മുൻ ഡി.ജി.പി. അലക്സാണ്ടർ ജേക്കബ് സാർ അറിവിന്റെ നിറകുടമെന്നു വിശേഷിപ്പിക്കാം...  
എന്തിലും നന്മ കണ്ടെത്താനുള്ള ഒരു ശ്രമമാണ് ഏതു പ്രസംഗങ്ങളിലും അദ്ദേഹം സാധാരണ ചെയ്യാറുള്ളത്...അദ്ദേഹത്തിന്റെ മനസിലിരിപ്പ് എന്തോ? അതെനിക്കറിയില്ല...!!! 
പക്ഷേ അദ്ദേഹം ഒരു മത വിശ്വാസിയാണ്. 
സത്യക്രിസ്താനിയാണ്. ഏതുമതക്കാർ പ്രസംഗിക്കാൻ വിളിച്ചാലും, അത് ക്രിസ്താനിയായാലും ഹിന്ദുവായാലും മുസ്ലിമായാലും ഒരു നന്മയുടെ ഭാഷയിൽ മാത്രമേ അദ്ദേഹം സംസാരിക്കാറുള്ളു . അതൊരു വലിയ ക്വാളിറ്റിയാണ്. എതൊരു  കാര്യത്തെക്കുറിച്ചു  ആണെങ്കിലും വായിച്ചു പഠിച്ചു അറിവുനേടിയ ശേഷം ചരിത്രപരമായി അപഗ്ഗ്രഥിച്ചു പറയുകയാണ് അദ്ദേഹത്തിന്റെ ഒരു സ്റ്റൈൽ...ഹിന്ദുക്കളുടെ വേദിയിൽ അദ്ദേഹം പുരാണങ്ങളെപ്പറ്റിയും ഭാഗവതത്തെപ്പറ്റിയും മഹാഭാരതത്തെപ്പറ്റിയുമൊക്കെ പറയുന്നത് കേട്ടാൽ അതൊക്കെ ഇന്നലകളിൽ നടന്ന ചരിത്ര സംഭവമായി നമുക്ക് തോന്നും. അത് കേട്ടശേഷം അന്ധന്മാരായ ഹിന്ദുക്കൾ ശ്രീരാമന്റെയും ശ്രീകൃഷ്ണന്റെയുമൊക്കെ ജന്മസ്ഥലം കണ്ടുപിടിച്ചുറപ്പിക്കാൻ തുടങ്ങിയാലത്തെ അവസ്ഥ ഒന്നാലോചിച്ചു നോക്ക്. മഹാഭാരതം എന്ന ലോകത്തിലെ ഏറ്റവും ബൃഹുത്തായ കാവ്യം ഏതാണ്ട് ഒന്നേകാൽ ലക്ഷം ശ്ലോകങ്ങളുള്ള മഹാകാവ്യം, മുഴുവൻ യുദ്ധത്തിന്റെ കഥകളാണ് പറയുന്നത്.
രാജ്യങ്ങൾ തമ്മിൽ ചക്രവർത്തിമാർ തമ്മിൽ എന്ന് വേണ്ട യുദ്ധത്തോട് യുദ്ധം...
അലക്സാണ്ടർ സാർ ഇത് ചതുരവടിവിൽ പറഞ്ഞു കേൾക്കുമ്പോൾ ഇതൊക്കെ ഒരു ചരിത്ര സംഭവമായി കേൾവിക്കാർ
ആവേശത്തോടെ കേട്ടിരിക്കുമ്പോൾ  ഇതെഴുതിയ വേദവ്യാസന്റെ വാക്കുകൾ മറന്നു പോകുന്നു...വേദവ്യാസമുനി ഒരു യോഗിവര്യനായിരുന്നു .അതായതു ആത്മജ്ഞാനം സിദ്ധിച്ച സന്യാസി എന്നർത്ഥം ."ആത്മജ്ഞാനം" എന്നാൽ അവനവനെ സ്വയം അറിയുന്നവൻ അല്ലങ്കിൽ എന്നിലെ ഞാൻ ആരാണന്നറിയുന്നവർ.
അതിനുവേണ്ടിയാണ് ഈ പരാക്രമങ്ങളൊക്കെ...അങ്ങനെയുള്ള വേദവ്യാസ മഹർഷി നിരന്തരമായ സാധനയിലൂടെ (മെഡിറ്റേഷനിലൂടെ) മനസ്സിൽ തെളിഞ്ഞു വന്ന ഒരു "ബ്രിഹുത്തായ കഥ" എഴുതി മാലോകർക്ക് ഉപകാരപ്രദമായ രീതിയിൽ പറഞ്ഞുകൊടുക്കാൻ അവസരമൊരുക്കണമെന്നു ഈശ്വരനോട് അപേക്ഷിക്കുന്നു. പ്രാർത്ഥിക്കുന്നു. ഉടൻ ഈശ്വരൻ അതിനു വഴിയൊരുക്കുന്നു.
ഗണപതിയുടെ സഹായത്തോടെ കഥ എഴുതാൻ സമ്മതം മൂളുന്നു. ഇവിടെ നമ്മൾ മനസിലാക്കേണ്ട കാര്യങ്ങൾ ചിലതുണ്ട്... ഈശ്വരൻ എന്ന് പറയുന്നത് അദ്ദേഹത്തിന്റെ മനസ്സിലെ അഹംബോധത്തെയാണ്. ഗണപതി സങ്കല്പങ്ങളൊക്കെ സിംബോളിക്കലാണന്നു ചിന്തിക്കണം...

ഒരു ചെറിയ പുസ്തകമെഴുതി പ്രസിദ്ധികരിക്കാൻ എത്രമാത്രം തടസ്സങ്ങളുണ്ടന്ന് നമ്മുക്കറിയില്ലേ ?

അപ്പോൾ ബ്രിഹുത്തായ ഒരു മഹാകാവ്യം രചിക്കാൻ എത്രമാത്രം തടസ്സങ്ങളുണ്ടാകും. 
ആ തടസ്സങ്ങൾ മാറ്റാൻ അതിന്റെ കാരകത്വം വഹിക്കുന്ന ദേവൻ ഗണപതി നേരിട്ട് വന്നു 
കഥ കേട്ടെഴുതി കൊടുക്കുന്നു. ഓർക്കുക..
ഒരാനയോളം വലിപ്പമുള്ള ഗണപതിയുടെ വാഹനം ഒരു ചുണ്ടെലി. ഇതിന്റെ പിന്നിലൊക്കെ "അർത്ഥങ്ങളുണ്ട്"...
അതിനെയൊക്കെ "അനർത്ഥങ്ങളാക്കി" മാറ്റുകയാണ് ഇതിന്റെ വക്താക്കൾ... 
ചുണ്ടലി ആരും കയറി ചെല്ലാത്ത സ്ഥലത്തു അത് തുരന്ന് കയറും. കാര്യങ്ങൾ മണത്തറിയും. അല്ലാതെ ആനയെപ്പൊക്കാനുള്ള വാഹനമെന്നു 
ചിന്തിച്ചു കൂട്ടുമ്പോൾ കാര്യങ്ങൾ കൈവിട്ടു പോകുകയാണ് ചെയ്യുന്നത്...
ജേക്കബ് സാർ പറയുന്ന ചില കാര്യങ്ങൾ അതിശയോക്തി കലർന്നതാണ്. യുദ്ധങ്ങളും രക്തച്ചൊരിച്ചിലുകളും ഇല്ലാത്ത ഒരു മത ചരിത്രങ്ങളും ഈ ലോകത്തെങ്ങും ഇത് വരെയും ഉണ്ടായിട്ടില്ല. ഹിന്ദുക്കളുടെ പഴയ കാല ചരിത്രത്തിൽ ശൈവരും വൈഷ്ണവരും തമ്മിൽ ധാരാളം രക്തച്ചൊരിച്ചിൽ ഉണ്ടായിട്ടുണ്ട് എന്ന് ശൈവ പുരാണത്തിലും ലിംഗ പുരാണത്തിലും കലിക പുരാണത്തിലും വിശദമായിപ്പറയുന്നുണ്ട്...ദേവി ആദി പരാശക്തിയുടെ മഹത്വം അറിയിക്കുന്ന ദേവി ഭാഗവത പുരാണത്തിന്റെ വരവോടെയാണ് ബ്രഹ്മ വിഷ്ണു ശൈവ സങ്കൽപ്പത്തിന്റെ ഉല്പത്തിയും അതെല്ലാം മനുഷ്യന്റെ മനസ്സിനെ പരമസത്യത്തിലേക്കു  നയിക്കാനുള്ള മുന്ന് (സത്വ, രജ, തമോ) ഗുണങ്ങളുടെ ഓരോ ഭാവങ്ങളെന്നും അന്നത്തെ സമൂഹം തിരിച്ചറിയുന്നത്...രാമായണം മുഴുവൻ യുദ്ധത്തിന്റെയും ആത്മ സംഘർഷങ്ങളുടെയും കഥകളാണ്. ആ ഇതിഹാസത്തിൽ ഒരു "യുദ്ധകാണ്ഡം" തന്നെയുണ്ട്...

ക്രിസ്ത്യൻ സമൂഹത്തിൽ യേശുദേവന് മുൻപും പിൻപും യുദ്ധങ്ങളുടെ ഒരു ഘോഷ യാത്ര തന്നെയല്ലേ നമ്മൾ കാണുന്നത് . അനാദികാലം മുതൽ രക്തച്ചൊരിച്ചിലാണെവിടെയും...

ഈ അടുത്ത സമയത്തു അമേരിക്കൻ യുദ്ധഭീതി നില നിൽക്കുമ്പോൾ അലക്സാണ്ടർ ജേക്കബ് സാറിന്റെ പ്രസംഗത്തിലുടനീളം അദ്ദേഹം പറയുന്നു... ഒരു തുള്ളി രക്തം ചൊരിയാതെയാണ് നബി തിരുമേനി ലോകത്തു മുപ്പത്തിയേഴു ഇസ്ലാംമത രാജ്യങ്ങൾ  സ്ഥാപിച്ചത് എന്നാണ്. 
എനിക്ക് ആ പ്രസംഗത്തിലെ നന്മവശം വായിച്ചെടുക്കാൻ പറ്റി...പക്ഷേ യാഥാർഥ്യം വളരെ അകലെയാണന്നു മുസ്ലിം 
മതവിശ്വാസികൾക്ക് പോലുമറിയാം... 
ഒരു മതത്തിലെ വൈരുധ്യങ്ങൾ 
തമ്മിൽ ചേരിപ്പോര് നടന്നപ്പോൾ അഞ്ചു ലക്ഷത്തിലധികം മനുഷ്യ ജീവനുകളാണ് സിറിയയിൽ നഷ്ടമായത്.സിറിയയിലെ സിവിൽ വാർ...ഞാനതു നേരിട്ട് കേട്ടറിഞ്ഞതാണ്... ഒരു മതവിശ്വാസങ്ങൾ തമ്മിലുള്ള വൈരുധ്യങ്ങളായിരുന്നു. മൂന്നാമതൊരു മതക്കാരും അവിടെ എതിർക്കാനുണ്ടായില്ല...എട്ടു വർഷങ്ങളിലേറെ നീണ്ടു നിന്ന ഇറാൻ ഇറാക്ക് യുദ്ധം നേരിട്ട് കണ്ടനുഭവിച്ച ഒരാളാണ് ഞാൻ. എത്രയത്ര മനുഷ്യർ ചത്തൊടുങ്ങി. വിശ്വാസങ്ങളിലെ വൈരുധ്യങ്ങൾ...

പക്ഷേ അലക്സാണ്ടർ ജേക്കബ് സാറുൾപ്പടെ പല ഉസ്താദന്മാരും പറയാത്ത ഒരു മഹത്തായ കാര്യം നബി തിരുമേനി പറഞ്ഞിട്ടുണ്ട്...

അൽ  ബദർ യുദ്ധം കഴിഞ്ഞു മനസ്സ് മടുത്തു  ഒരു കാര്യം നബി തിരുമേനി പറഞ്ഞു.

അത് അദ്ദേഹത്തോട് അള്ളാഹു നേരിട്ട് പറഞ്ഞു കൊടുത്തതാകട്ടെ. ഗബ്രിയേൽ വഴി വന്നതാകട്ടെ. അതുമല്ലങ്കിൽ സ്വന്തം അന്തരാത്മാവിൽ നിന്നുയർന്നു വന്നതാകട്ടെ. അതിലൊന്നും എനിക്ക് ഒരു അഭിപ്രായ വ്യത്യാസവുമില്ല. പക്ഷേ ഈ മാനവരാശിയോട് പറഞ്ഞത് അത്രയ്ക്കും മഹത്തരമായിരുന്നു...

"ഈ ലോകത്തെ ഏറ്റവും വലിയ യുദ്ധം  ഒരു മനുഷ്യൻ അവനവനോട് തന്നെ ചെയ്യുന്ന യുദ്ധമാണ്"....

വേദവ്യാസമഹർഷി സഹസ്രാബ്ദങ്ങൾക്കു അപ്പുറം, ഒന്നേകാൽ ലക്ഷത്തോളം ശ്ലോകങ്ങൾകൊണ്ട് ചമച്ച മഹാഭാരതത്തിലൂടെ പറയാൻ ശ്രമിച്ച ഒറ്റക്കാര്യവും  ഇതേ ഉള്ളു...
"അവനവനോടുള്ള യുദ്ധം"...അതായതു നമ്മുടെ അന്തരംഗത്തിലെ യുദ്ധം...അതാണ് മഹാഭാരതം ...

തുടരും...