മതഗ്രന്ഥങ്ങൾ വിശകലനം ചെയ്യപ്പെടുമ്പോൾ ?വികലമാക്കപ്പെടുന്നുവോ? (ഭാഗം രണ്ട് ).

മതഗ്രന്ഥങ്ങൾ വിശകലനം ചെയ്യപ്പെടുമ്പോൾ ?വികലമാക്കപ്പെടുന്നുവോ? (ഭാഗം രണ്ട് ).

-----------------------------------------------------------------------------------നടന്ന സംഭവം ഇതാണ്. ഞാനും എന്റെ വളരെയടുത്ത ഒരു കുവൈറ്റി സുഹൃത്തും

കുടി അവന്റെ കൊട്ടാര സദർശ്യമായ വീട്ടിൽ (ഭാര്യയുടെ സ്വത്ത്) ഇരുന്നു സംസാരിക്കുന്നു...

അതിനു മുൻപ് ഇദ്ദേഹത്തെപ്പറ്റി ആമുഖമായി പറയാനുള്ളതുകൂടി കേൾക്കുക....

1990കളിൽ ഞാൻ കൊമേർഷ്യൽ ബാങ്ക് ഓഫ് കുവൈറ്റിന്റെ സാൽഹിയ ബ്രാഞ്ചിൽ അസിസ്റ്റന്റ് ബ്രാഞ്ച് മാനേജരായി ഇരിക്കുന്ന സമയത്, ഇവൻ എന്റടുത്തു കുവൈറ്റി മാനേജ്‌മന്റ് ട്രെയിനിയായി പഠിക്കാനെത്തി ജോയിൻ ചെയ്തു. ആറു മാസത്തെ ട്രെയിനിങ്

കഴിഞ്ഞു ഒരു സൂപ്പർവൈസറി സ്റ്റാഫായി ജോലിയിൽ  അതെ ബ്രാഞ്ചിൽ തന്നെ

തുടക്കം കുറിച്ചു.  ഏതാണ്ട് ഒന്നര വര്ഷം കഴിഞ്ഞപ്പോൾ കുവൈറ്റ് മിനിസ്ട്രി കോംപ്ലക്സിൽ പുതുതായി തുറന്ന ബ്രാഞ്ചിലേക്കു ബ്രാഞ്ച് മാനേജർ ട്രെയിനിയായി പ്രൊമോഷൻ കൊടുത്തു പറഞ്ഞയച്ചു. അന്ന് തുടങ്ങിയ ആത്മബന്ധം ഇന്നും തുടരുന്നു. കഷ്ടകാലത്തിന് ആ പ്രൊമോഷന് നാലു മാസത്തെ ആയുസ്സേ ഉണ്ടായിരുന്നുള്ളു. അന്ന് അവൻ വിവാഹിതനായിരുന്നില്ല. പിന്നീടാണ് വിവാഹം നടന്നത്. അപ്പോഴേക്ക് നമ്മുടെ

സൂപ്പർ ഹീറോ സദ്ദം ഹുസൈൻ സഹോദര രാജ്യത്തെ വിഴുങ്ങി. ആ സമയത്തൊക്കെ ഞാനവനെ വീട്ടിൽ പോയി കാണുകയും പല സഹായങ്ങൾ ചെയ്യുകയും തുടർന്നിരുന്നു.

കുവൈറ്റ് വിട്ടു പോരുമ്പോൾ എന്റെ പുതുതായി വാങ്ങിയ വണ്ടിപോലും ഞാനവനെ ഏൽപ്പിച്ചിട്ടാണ് നാട്ടിലേക്കു മടങ്ങിയത്.

ഇവന്റെ ഒരു പ്രധാന പ്രശ്‍നം ഇവൻ

ശക്തനായ ഒരു ഇസ്ലാം മത വിശ്വാസിയാണ് എന്നുള്ളതാണ്. അത് ഒരു പ്രശ്നമൊന്നുമില്ല. പക്ഷേ മറ്റു മതങ്ങളെ ഒരു വൈരാഗ്യ ദൃഷ്ടിയോടാണ് ഇവൻ നോക്കിക്കാണുന്നത്. ലോകം മുഴുവൻ ഇസ്ലാം മതം മാത്രമാകണമെന്നാണ് അവന്റെ കാഴ്ചപ്പാട്. അത് ഒരു പ്രശ്‍നം തന്നെയാണ്...

ആദ്യം ഇവൻ വിചാരിച്ചത് ഞാനൊരു ഇസ്ലാം മതവിശ്വാസിയാണെന്നായിരുന്നു. അതിന് കാരണം ഞാനിരിക്കുന്നതിനിടയിൽ  ഒരു മുന്നൂറു പ്രാവിശ്യം "ലയിലാഹ ഇല്ലള്ളാഹു മുഹമ്മദ് റസൂൽ അള്ളാഹ്" എന്ന് പറയുന്നത് കേട്ടാണ്...അവന്റെ  അന്നുവരെയുള്ള ധാരണ മുസ്ലിം അല്ലാത്തവർ അങ്ങനെ പറയില്ല എന്നായിരുന്നു. പിന്നീട്  ഞാനൊരു ക്രിസ്താനിയാണെന്നു തെറ്റിദ്ധരിച്ചു...  ക്രിസ്തുമസ്സ് വന്നപ്പോൾ ഞാൻ അവുധിയെടുക്കാതെ ജോലി

ചെയ്തപ്പോഴാണ് ഞാനൊരു

ഹിന്ദുവാണെന്ന് അവനു ശരിക്കും മനസ്സിലായത്. അപ്പോഴേക്ക് അവന് എന്നോടുള്ള ഒരു ഭാവം തന്നെ മാറിപ്പോയി. എല്ലാ അർത്ഥത്തിലും...

പെരുമാറ്റവും വ്യത്യസ്തമായിരുന്നു...

പക്ഷേ കാലം മാറുന്തോറും എന്റെ

പെരുമാറ്റവും അർപ്പണബോധത്തോടെയുള്ള  സഹായഹസ്തങ്ങളും അവന്റെ

നിലപാട് 365 ഡിഗ്രി തിരിഞ്ഞു കറങ്ങി...

ഞാനും അവനും വിശ്വസിക്കുന്ന ആ

അള്ളാഹു  ഇവിടെ ഈ ഭൂമിയിൽ വച്ചുതന്നെ (ചത്ത് ചെന്നിട്ടല്ല) എനിക്ക് ഇവനുമായിട്ടുള്ള സ്നേഹബന്ധത്തിന്റെ ആഴം വർദ്ധിപ്പിച്ചു

കാട്ടി തരാൻ ഒട്ടും മടി കാണിച്ചില്ല... പിന്നീടങ്ങോട്ട് സ്നേഹത്തിന്റെയും കാരുണ്യത്തിന്റെയും ഇടനിലമായി

ഞങ്ങൾ തമ്മിലുണ്ടായ ആത്മബന്ധം...

പലപ്പോഴും അവൻ എന്നെ അവന്റെ വീട്ടിലേക്കു കുടുംബസമേതം ക്ഷണിക്കാനും ഒന്നിച്ചിരുന്ന് ആഹാരം കഴിക്കാനും മടി കാണിച്ചിട്ടില്ല.

അത്രയ്ക്ക് സ്നേഹവും ബഹുമാനവും

അവൻ  എന്നോട് കാണിച്ചു തുടങ്ങി.

എല്ലാ ആഴ്ചകളിലും അവൻ എന്നെ

വീട്ടിലേക്കു ക്ഷണിക്കുമ്പോഴും ഞാൻ ഒഴിഞ്ഞു മാറുകയാണ് പതിവ്. ഇവന്റെ ഭാര്യ ഒരു ലോക കോടിശ്വരനായ വ്യവസായ പ്രമുഖന്റെ ഇളയ മകളാണ്. വേണ്ടതിലധികം വിദേശ വിഭ്യാസവും സമ്പത്തുമൊക്കെയുണ്ട്. പക്ഷെ ഇദ്ദേഹത്തിന്റെ ഭാര്യ ആയതിൽ പിന്നെ  ഇസ്ലാമത സംസ്കാരത്തിന്റെ അടിത്തറയിൽ തന്നെയാണ് ആ കുട്ടി ജീവിതം തുടർന്നത്. കറുത്ത വസ്ത്രധാരണവും മുഖം മുഴുവനും മറച്ചു ഒക്കെയാണ് ജീവിതം മുന്നോട്ട് നയിച്ചത്. എന്നെ ഒരു മൂത്ത സഹോദരന്റെ സ്ഥാനത്താണ് അവരെല്ലാം കണ്ടിരുന്നത്. ഞാൻ ചെല്ലുമ്പോൾ ആ കുട്ടി സാധാരണ വസ്ത്രധാരണത്തിലാണ് എന്റെ മുൻപിൽ പലപ്പോഴും വന്നിട്ടുള്ളത്. ഞാൻ അപ്പോൾ തമാശയ്ക്കു പറയും. ഞാൻ അന്യനാണ്. കാഫിറാണ്. ഇതൊന്നും ഇസ്ലാമിന് ചേർന്നതല്ല. അപ്പോൾ അവർ പറയും.

നീ ഞങ്ങളുടെ സ്വന്തം സഹോദരനാണ്. സഹോദരന്മാരുടെ മുൻപിൽ മുഖവും

ശരീരവും മറച്ചു വരണമെന്ന് ഇസ്ലാം പറയുന്നില്ല. സഹോദര എന്ന അർത്ഥത്തിൽ അറബിയിൽ "അഹുയി നായർ" എന്നാണ് രണ്ടുപേരും വിളിച്ചിരുന്നത്. ഒരു ദിവസം അവനെ കാണാൻ അവന്റെ വീട്ടിലേക്കു പോകേണ്ടിവന്നപ്പോൾ, അപ്രതീക്ഷിതമായി എന്റെ കൂടെ മറ്റൊരു കുവൈറ്റി സഹോദരൻ കൂടെയുണ്ടായിരുന്നു.  പക്ഷേ അന്ന് ആ പെൺകുട്ടി കറുത്ത വസ്ത്രവും മുഖം മറച്ചുമാണ് അവിടെ കണ്ടത്. മാത്രമല്ല അധികം സംസാരിക്കാനോ കാപ്പി കൊണ്ടുതരാനോ നിന്നില്ല. വീട്ടിലെ ഫിലിപ്പിനോ വേലക്കാരിയാണ് അന്നിതെല്ലാം ചെയ്തത്.

അപ്പോൾ ഞാൻ മനസ്സിൽ ചിന്തിച്ചു...

ഒരു കാഫിറിൽ ഉള്ള വിശ്വാസം പോലും,  

സ്വന്തം നാട്ടിൽ സ്വന്തം സമൂഹത്തിൽ

സ്വന്തം മതവിശ്വാസങ്ങളിൽ പെട്ടവരോടില്ല  എന്ന യാഥാർഥ്യം... എനിക്ക് മറിച്ചും തോന്നാതിരുന്നില്ല. എന്റെ നാട്ടിൽ എന്റെ മതത്തിൽ എന്റെ സമൂഹത്തിൽ എനിക്ക് വിശ്വാസമുണ്ടോ? ചിന്തനീയം...

അതൊക്കെ പോകട്ടെ. ഞാൻ പറയാൻ

വന്നത് പറയേണ്ടേ? ഒരു ദിവസം ഞങ്ങൾ ഒന്നിച്ചിരിക്കുമ്പോൾ അവൻ എന്നോടൊരു ചോദ്യം?  എടാ നിങ്ങളുടെ മതത്തിൽ ശ്രീകൃഷ്ണൻ എന്നൊരു ദൈവമുണ്ടോ? ഉണ്ടങ്കിൽ ? എന്റെ മറു ചോദ്യം? അദ്ദേഹത്തിന് 16108 ഭാര്യമാരുണ്ടായിരുന്നോ? ഒരു പരിഹാസച്ചുവയുണ്ടായിരുന്നു ആ ചോദ്യത്തിൽ...എങ്കിലും അതിലൂടെ ഒരു രതിസുഖം അവൻ അനുഭവിക്കുന്നണ്ടായിരുന്നു എന്നെനിക്കു തോന്നി... ഞാൻ ചോദിച്ചു. ഇത്ര കൃത്യമായൊരു കണക്കു നിനക്കു  എവിടുന്നു കിട്ടി ? ഞാൻ അമേരിക്കയിൽ പഠിക്കുമ്പോൾ ഒരു ബുക്കിൽ നിന്ന് വായിച്ചതാണ്? ഏതോ

ഒരു ചാറ്റർജി എഴുതിയ പുസ്തകമാണ് പോലും...ഞാനും  വിട്ടു കൊടുത്തില്ല.

നാലെണ്ണം വരെ ആകാമെന്ന് നബിതിരുമേനി സമ്മതിച്ചിട്ടുണ്ടല്ലോ. അതിലും കൂടുതൽ എവിടെ കിട്ടുമെന്ന് നോക്കി

നടക്കയാണോ നീ? അപ്പോൾ അവന്റെ

മറുപടി വളരെ ചിന്തിപ്പിക്കുന്നതായിരുന്നു. അവൻ പറയുകയാണ്. നബിക്കു പന്ത്രണ്ടു വരെയാകമായിരുന്നു. ഞങ്ങൾക്കൊക്കെ നാലും. എന്തായാലും 16108 അൽപ്പം

കൂടുതലാ. അതിരിക്കട്ടെ നിനക്കെത്ര വരെയാകാം...?

ഞാൻ പറഞ്ഞു. എനിക്കറിയത്തില്ല. രാജാക്കന്മാരൊക്കെ ഒരുപാട് വിവാഹം കഴിച്ചിട്ടുള്ളതായി കേട്ടിട്ടുണ്ട് . തുടർന്നുള്ള സംഭാഷണങ്ങൾ നിർത്തി ഞാൻ വീട്ടിലേക്കു മടങ്ങി...

ഞാൻ മടങ്ങിപ്പോരുമ്പോൾ വണ്ടിയിലിരുന്നു ആലോചിക്കുകയായിരുന്നു...

മതങ്ങൾ പരസ്പ്പരം ചെളിവാരി എറിയാനുള്ള ഒരു വാതിലുകളാണോ? മതഗ്രന്ഥങ്ങൾ വിശകലന ചെയ്യുമ്പോൾ വരുന്ന പാകപ്പിഴയാണോ? പല മത വിശ്വാസികൾക്കും അറിയേണ്ടത് എന്തുകൊണ്ട് യേശുക്രിസ്തു വിവാഹം കഴിച്ചില്ല? എങ്ങനെ ശ്രീകൃഷ്ണൻ 16108 ഭാര്യ മാരെ സംഘടിപ്പിച്ചു?

എന്തുകൊണ്ട് ശ്രീബുദ്ധൻ ഭാര്യയേയും കുട്ടിയേയും ഉപേക്ഷിച്ചു നാട് വിട്ടു? എന്തുകൊണ്ട് നബിതിരുമേനി നാലു കെട്ടിക്കൊള്ളാൻ അനുമതി നൽകി?എന്തുകൊണ്ട് ജെയിനൻമാർ മരത്തിൽ കയറി തലകിഴായി  തൂങ്ങി കിടക്കുന്നു?  എന്തുകൊണ്ട് യെഹൂദർ മുസ്ലിമിനെ വെറുക്കുന്നു ?........

മനുഷ്യന്റെ സ്ഥായിയായ സ്വഭാവം എന്തിലും കുറ്റം കണ്ടെത്തുവാനുള്ള ഒരു ത്വര തന്നെയാണ്. ആ മനുഷ്യ ശാസ്ത്രം മനസ്സിലാക്കിയാണ് പലരും മതഗ്രന്ഥങ്ങളെ വിശകലനം ചെയ്യുന്നത്. കൂടുതൽ ലൈക്കുകൾ കിട്ടാൻവേണ്ടി, വേണ്ടാത്ത രീതിയിൽ വിശകലനം ചെയ്യുമ്പോൾ മതവിശ്വാസങ്ങൾ അതിലൂടെ നേടിയ മനുഷ്യസ്നേഹം, ലോകസ്നേഹം, എല്ലാം നമുക്ക് നഷ്ടമാകുന്നു.

അല്ലങ്കിൽ ശക്തനായ ഒരു  മതവിശ്വാസി   കാഫിറായ എന്നിൽ കടുത്ത വിശ്വാസം അർപ്പിക്കുകയും, അതെ വിശ്വാസത്തിൽ ഉള്ള മറ്റൊരാളിൽ  ഒരു ലക്ഷ്മണ രേഖ വരക്കുകയും ചെയ്യുമ്പോൾ നാം എന്താണ് മനസ്സിലാക്കുന്നത് അല്ലങ്കിൽ എന്താണ് മനസ്സിലാവുന്നത്...

നമ്മുക്ക്‌ നോക്കാം...

അടുത്ത ചൊവാഴ്ച്ചകളിൽ...

തുടരും...