വള്ളംകുളം ജംഗ്ഷൻ...എന്റെ ഓർമ്മയിൽ.(ഭാഗം അഞ്ച് )
-----------------------------------------------------------------------
വള്ളംകുളം പാലം കയറി ഇറങ്ങുമ്പോൾ റോഡ് എൽ ഷെയ്പ്പിലാണ് ( L shape) ജംഗ്ഷനിലേക്കു എത്തിച്ചേരുന്നത്. അവിടെ മേൽ ഭാഗത്തായി മതിൽ കെട്ടിയ ആറ്റു തിട്ടയോട് ചേർന്ന ഭാഗത്താണ് "തലേക്കാട്ടിൽ കുഞ്ഞുകുഞ്ഞു" എന്ന നല്ല കറുത്തിരുണ്ട ഒരു വ്യകതിയായിരുന്ന തോട്ടഭാഗം ആശുപത്രിയുടെ ഉടമസ്ഥൻ. അദ്ദേഹത്തിന്റെ ഏക മകനായിരുന്ന ഡോക്ടർ അനിയൻ കുഞ്ഞ് എന്ന അക്കാലത്തെ എം.ബി.ബി.എസ്സ് കാരനായ സർജൻ. അദ്ദേഹവും ഭാര്യ ഡോക്ടർ തങ്കമ്മയും ചേർന്ന് കാലത്തു സുക്ഷം ഒൻപതു മണിയാകുമ്പോൾ ഒരു വെളുത്ത ഫിയറ്റ് കാറിൽ ഹോസ്പിറ്റലിലേക്ക് പോകുന്ന കാഴ്ച ഇന്നും മനസ്സിൽ തെളിഞ്ഞു നിൽക്കുന്നു.ഈ ഭൂമി മലയാളം മുഴുവൻ അന്നുണ്ടായിരുന്ന ചെറുതും വലുതുമായ ഹോസ്പിറ്റലുകളും ക്ലിനിക്കുകളും പിൽക്കാലത്തു സൂപ്പർ സ്പെഷ്യലിറ്റി ഹോസ്പിറ്റലുകളും മെഡിക്കൽ കോളേജുകളുമായെങ്കിലും ഞങ്ങളുടെ തോട്ടഭാഗം അനിയൻ കുഞ്ഞിന്റെ ആശുപത്രിയെ ദൈവം കടാക്ഷിച്ചില്ല. എന്ന് മാത്രമല്ല അദ്ദേഹത്തിന്റെ കാലശേഷം ആശൂപത്രി നിന്ന് പോകയും ചെയ്തു. ഒരു ജനറൽ വാർഡും അനേകം സ്പെഷ്യൽ വാർഡുകളുമുണ്ടായിരുന്ന ആശുപത്രി ഒരു ഭൂതബംഗ്ലാവ് പോലെ വളരെക്കാലം അടച്ചിട്ടിരുന്നു. ഇപ്പോഴത്തെ അവസ്ഥ എനിക്കറിവില്ല.
നേരെ മുൻപിലായി അതിപുരാതനമായ പ്രശസ്തമായ "മംഗലത്തു" തറവാട്. അക്കാലങ്ങളിൽ ഓട് മേഞ്ഞ ഒരു നല്ല വീട് കാണാൻ പ്രയാസമുള്ളപ്പോൾ, മുന്ന് നിലയുള്ള അനേകം മുറികൾ ഉണ്ടായിരുന്ന പ്രശസ്തമായ ഒരു നായർ തറവാടായിരുന്നു അത്. നൂറേക്കർ സ്ഥലത്തിനുടമകളാ
യിരുന്നു മംഗലത്തു കുടുംബക്കാർ. ബ്രാമ്മണ സമൂഹത്തിൽ ഉള്ളവർ മാത്രമേ അവിടെ നിന്ന് വിവാഹം പോലും കഴിക്കാറുള്ളു. എന്റെ ഓർമ്മയിൽ അവിടെയുണ്ടായിരുന്ന പ്രമാണിത്തം നിറഞ്ഞ ചിലരുടെ പേരുകൾ ഇന്നും ഓർമ്മയിൽ. മംഗലത്തു നീലകണ്ഠപിള്ള, മംഗലത് മാതു പിള്ള, മംഗലത് കരുണാകരൻ പിള്ള, മംഗലത്തു വിക്രമൻ പിള്ള. ഇതിൽ മാതു പിള്ള എന്ന വ്യക്തിക്ക് കുടുമയൊക്കെ ഉണ്ടായിരുന്നു.മുതിർന്ന വ്യക്തിയായിരുന്നു നീലകണ്ഠപിള്ള ചേട്ടൻ ജീവിതത്തിൽ ഒരിക്കൽ മാത്രമേ ഷർട്ട് ഉപയോഗിച്ചിട്ടുള്ളു. അദ്ദേഹത്തിന്റെ വിവാഹ ദിവസം. പിന്നെ മരണം വരെ അദ്ദേഹം ഷർട്ട് ഉപയോഗിച്ചിട്ടില്ല. ഈ വിവരം അക്കാലത്തു പ്രസിദ്ധമായിരുന്നു.
അവിടെ കുട്ടിയമ്മ എന്നൊരു അമ്മുമ്മ ഉണ്ടായിരുന്നു. ആദ്യമായി ഞാൻ കദളിപ്പഴം കഴിക്കുന്നത് അവരുടെ കയ്യിൽ നിന്നായിരുന്നു.കുട്ടി ആയിരുന്നപ്പോൾ പേരമ്മയായിരുന്നു എന്നെ അവിടെ കൂട്ടിക്കൊണ്ടു പോയത്.
ഇനി റോഡിന്റെ വലതു വശത്തേക്ക് നോക്കിയാൽ, എന്റെ ബാല്യത്തിലെ ഓർമ്മകളിൽ, വിശാലമായ വിസ്തൃതമായ നീണ്ടു നിവർന്നു കിടക്കുന്ന തെങ്ങും പുരയിടം. കമ്മ്യൂണിസ്റ്റ് കാടു കയറി തിങ്ങി നിറഞ്ഞു വളർന്നു നിൽക്കുന്നു.അതിന്റെ മദ്ധ്യത്തിൽ അന്യം നിന്ന് പോയേക്കാവുന്ന തരത്തിൽ പഴകിപ്പൊളിഞ്ഞ ഒരു എട്ടു കെട്ടു ഗതകാലസ്മരണകൾ അയവിറക്കി നില കൊള്ളുന്നു...അതാ "കുന്നത്രാ മഠം"...
എന്റെയൊക്കെ ബാല്യങ്ങളിൽ ഈ വീടിന് കുന്നത്തെട്ടു കുടുംബം എന്നായിരുന്നു അറിയപ്പെട്ടിരുന്നത്.നൂറ്റാണ്ടുകൾക്കു മുൻപ് വളരെ പേരും പെരുമായുമുള്ള ഒരു ഒരു വലിയ ബ്രമ്മാണ മഠം ആയിരുന്നു കുന്നത്രാ...ഗന്ധർവ ക്ഷേത്രമുൾപ്പടെ
കുടുംബക്ഷേത്രവും വച്ച് ആരാധനയും ഒക്കെ ഉണ്ടായിരുന്നതായി പറഞ്ഞു കേട്ടിട്ടുണ്ട്.എന്റെ ബാല്യത്തിൽ ഈ എട്ടു കെട്ടൊന്നുമില്ല. നാലു കെട്ടു മാത്രം. പുത്തൻകാവ്മല ക്ഷേത്രത്തിലേക്കുള്ള കാവടിയാട്ടം പുറപ്പെട്ടിരുന്നത് ഈ മഠത്തിൽ നിന്നായിരുന്നു. മറ്റൊന്ന് അക്കാലങ്ങളിൽ തമിഴ് നാട്ടിൽ നിന്ന് ചില സൈക്കിൾ യജ്ഞക്കാർ വന്നു ഈ കുന്നത്തെട്ടു പറമ്പിൽ ഒൻപതു ദിവസത്തെ സൈക്കിൾ യെന്ജം നടത്തിയിരുന്നു. ചിലരുടെയൊക്കെ പേര് ഇപ്പോഴും ഓർക്കുന്നു. എസ്സ്. കെ. ടി. വേലു, പളനിവേൽ, തുടങ്ങിയ പേരുകൾ ഇന്നും മനസ്സിൽ പതിഞ്ഞു കിടക്കുന്നു...ഈ കുന്നത്തെട്ടു കുടുംബത്തിന്റെ ഏറ്റവുമൊരു കോണിൽ റോഡിനോട് ചേർന്ന് ഒരു ചെറിയ വീടുണ്ടായിരുന്നു. ഞങ്ങളുടെ സുഹൃത് രാജശേഖരനും അവന്റെ അമ്മയുമായിരുന്നു അവിടെ താമസം. കൊച്ചു കുന്നത്തേട്ട് എന്നായിരുന്നു ആ വീടിന്റെ പേര്.
അക്കാലത്തെ വള്ളംകുളം ജംഗ്ഷൻ ഇന്ന് കാണുന്നതിൽ നിന്നൊക്കെ വ്യത്യസ്തമായിരുന്നു എന്നൊരു വാദത്തിനു വേണ്ടി സമ്മതിക്കാമെങ്കിലും, അടിസ്ഥാന കാര്യങ്ങളിൽ മാറ്റങ്ങൾ വന്നിട്ടുണ്ടോ എന്ന് എനിക്ക് സംശയമുണ്ട്. തലമുറകൾ മാറിയിട്ടുണ്ടാകാം...!!! അന്നൊക്കെ തിരുവല്ലയിൽ നിന്ന് വള്ളംകുളത് ബസ്സിറങ്ങുമ്പോൾ ആദ്യം ശ്രദ്ധയിൽ വരുന്നത് കുറ്റിക്കാട്ടു കുടുംബത്തിന്റെ
മുൻപിൽ നാലു മുറിക്കടയുള്ള ഒരു രണ്ട് നില കെട്ടിടം റോഡിന്റെ ഇടതു ഭാഗത്തായി കാണുന്നതാണ്...അന്നത്തെ ഇരവിപേരൂർ ഗ്രാമ പഞ്ചായത് ഓഫീസ് ഈ നാലുമുറി കെട്ടിടത്തിന്റെ മുകളിലത്തെ നിലയിലായിരുന്നു. തൊട്ടു പുറകിൽ കുറ്റിക്കാട്ടു എന്ന വലിയ ഒരു പഴയ തറവാട്. എന്നാൽ മുന്നിൽ റോഡിനോട് ചേർന്ന് കിടക്കുന്ന ഈ രണ്ടു നില കെട്ടിടം ജി. പി. നായർ എന്ന ബോംബെ വ്യവസായിയുടെ ഉടമസ്ഥയിലുള്ള ഒരു കട ആയിരുന്നു.
ഇപ്പോൾ നമ്മൾ വള്ളംകുളം ജംഗ്ഷനിലെത്തി. ഇനി അറിയണ്ടേ അക്കാലത്തെ അവിടെ ഉണ്ടായിരുന്ന കടകളും കടയുടമസ്ഥരും...
തുടരും...