വള്ളംകുളം ജംഗ്ഷൻ...എന്റെ ഓർമ്മയിൽ.(ഭാഗം ).
തയ്യാറാക്കിയത് - _രാധാകൃഷ്ണന്‍ നായര്‍.
(ന്യൂസിലാന്‍ഡ്)
കുറ്റിക്കാട്ടു കുടുംബത്തിന്റെ മുൻവശത്തു റോഡിന്റെ ഇടതു ഭാഗത്തായി കാണുന്ന നാലുമുറിക്കടയിൽ ഒന്നാമത്തെ കട, ഒരു തുണിക്കട ആയിരുന്നു. അക്കാലത്തു ഈ തുണിക്കട എന്നൊക്കെ പറയുമ്പോൾ ഇന്നത്തെക്കാലത്തെ വലിയ വലിയ വർണ്ണാഭമായ ടെക്സ്സ്റ്റയിൽ വ്യാപാരമൊ
ന്നുമാണന്ന് ദയവായി തെറ്റിദ്ധരിക്കരുത്. അക്കാലത്തൊക്കെ തുണിക്കടക്ക് "ജൗളിക്കട" എന്ന് സർവസാധാരണമായി പറയുന്ന ഈ കടയുടമ ഞങ്ങളെല്ലാം സ്നേഹത്തോടെ കുട്ടൻ കൊച്ചാട്ടൻ എന്ന് വിളിക്കുന്ന മുമ്പു പറഞ്ഞ കുറ്റിക്കാട്ടു കുടുംബാംഗമായ ശ്രീ രാമകൃഷ്ണൻ നായരായിരുന്നു. ഞാനിപ്പറയുന്ന ജൗളിക്കടയിൽ കുറെ കൈലികൾ, കുറിയാണ്ട് എന്ന് കുടി ഭാഷയിൽ
പറയുന്ന കുളിക്കാനുപയോഗിക്കുന്ന
തോർത്ത്കൾ, ജമ്പർ എന്ന് കുടി ഭാഷയിൽ പറയുന്ന ബ്ലൗസ്തുണികൾ, ഒറ്റ മുണ്ടുകൾ, ഉടുപ്പിനും നിക്കറിനുമൊക്കെയുള്ള തുണികൾ, കരയുള്ള മുണ്ടുകൾ, ക്രിസ്ത്യൻ സ്ത്രീകൾ ധരിച്ചിരുന്ന ചട്ടയും മുണ്ടും, കച്ചമുറിയും, കറത്തകരയൻ നേര്യത്, റവുക്കയും,ഇതൊക്കെയാണ് ജൗളിക്കട
യുടെ മുഖ മുദ്ര. ഇതിൽ പറയുന്ന പല
പേരുകളും, ഇന്നത്തെ തലമുറയ്ക്ക് അന്യമാണ്...ഞങ്ങൾക്കൊക്കെ നിക്കറിനും ഉടുപ്പിനുമൊക്കെ അക്കാലങ്ങളിൽ അച്ഛൻ ഈ കടയിൽ നിന്ന് തുണിയെടുത് തരുന്നത് ഇന്നും ഓർമ്മയിൽ. ഇദ്ദേഹത്തിന്റെ ഇളയ സഹോദരൻ ഗോപാലകൃഷ്ണൻ നായർ ചേട്ടൻ, നാട്ടിലെ ഒരു കേരള കോൺഗ്രസ്സ് നേതാവായിരുന്നു .അക്കാലത്തെ അറിയപ്പെടുന്ന നേതാക്കന്മാരായിരുന്ന കെ.ആർ.സരസ്വതിഅമ്മ,ടി.എസ്സ്.ജോൺ തുടങ്ങിയവരൊക്കെ അദ്ദേഹത്തെ സന്നർശിക്കാൻ എത്തുന്നതായി ഓർമ്മിക്കുന്നു. ഇവരുടെ ഇളയ സഹോദരി ഇന്ദിരദേവി വള്ളംകുളം സ്കൂളിലും കോളജിലും ഒക്കെ ഞങ്ങൾ സഹപാഠികൾ ആയിരുന്നു. അവർ ഒരു ബാങ്ക്
മാനേജരായി, പെന്ഷന്‍പറ്റി ഇപ്പോൾ വിശ്രമ ജീവിതത്തിൽ. ഞങ്ങളുടെ കോളേജ് അലുമിനിയിൽ മെമ്പർ കൂടിയാണ്.
ഇനി രണ്ടാമത്തെ കട, ഒരു സ്വർണക്കട
യായിരുന്നു.സ്വർണ്ണക്കട എന്ന് പറയുമ്പോൾ ഇന്നത്തെ സ്വർണ്ണവ്യാപാര മേഖലയിൽ കാണുന്ന ഷോറൂമൊന്നുമാണന്നു തെറ്റിദ്ധരിക്കരുത്. സ്വര്‍ണക്കടയുടെ ഉടമ ശ്രീ കൃഷ്ണപിള്ള ചേട്ടൻ ഒരു പ്രത്യേകതരം ത്രാസ്സ് മേശപ്പുറത്തു വച്ചു കസേരയിൽ ഇരിക്കുന്നു. വലതു വശത്തു ഒരു സ്വര്ണപ്പണിക്കാരൻ മുന്നിൽ ഉമ്മിക്കരയിൽ ചൂടാക്കിയ ഒരു പാത്രവും, കയ്യിൽ ചെറിയ ചെറിയ സാധനങ്ങൾ പെറുക്കി എടുക്കാൻ പറ്റിയ ഒരു ലോഹകമ്പിയുമായി കുനിഞ്ഞിരിക്കുന്ന കാഴ്ച. അക്കാലത്തു സർവസാധാരണ
മായി കാണുന്ന ഒരു സ്വർണ്ണക്കട. അവിടെ സ്വർണവും ആഭരണങ്ങളുമൊക്കെ ഇരിപ്പുണ്ട്. പക്ഷെ അതോന്നും ഒരു കാഴ്ച വസ്തുവായി ഇന്നത്തെ തോതിലും അളവിലുമൊന്നും പ്രദർശിപ്പിച്ചു വച്ചിട്ടില്ല.
ഈ കടയിൽ സ്വർണഭാരണങ്ങൾ വാങ്ങാൻ ഇടയ്ക്കിടെ ആളുകൾ വന്നു പോകുന്നത് കൗതുകമുള്ള ഒരു കാഴ്ചയായിരുന്നു. കൃഷ്ണപിള്ള ചേട്ടൻ മുൻപ് സൂചിപ്പിച്ച ബോംബെ വ്യവസായി ശ്രീ.ജി.പി.നായരുടെ സഹോദരനായിരുന്നു. ഇദ്ദേഹത്തിന്റെ മകൻ പ്രൊഫസർ ചന്ദ്രശേഖരൻ നായർ ചങ്ങനാശേരി എൻ.എസ്സ്.എസ്സ് കോളേജി
ലെ കെമിസ്ട്രി പ്രൊഫസറായിരുന്നു.
കോളേജിൽ പഠിക്കുമ്പോൾ പലപ്പോഴും ഞങ്ങൾ ഒന്നിച്ചു ബസ്സിൽ യാത്ര ചെയ്തിട്ടുള്ളത് ഇന്നും മനസ്സിൽ തെളിഞ്ഞു നിൽക്കുന്നു.
മൂന്നാമത്തെ കട. അയൽ നാടായ തമിഴ് നാട്ടിൽ നിന്നുള്ള ഒരു അണ്ണാച്ചിയുടെ കയർ കടയായിരുന്നു. കയർ എന്ന് പറയുമ്പോൾ കൈത്തറി ഉൽപ്പന്നങ്ങൾ അതായതു തഴപ്പായ്, കൊട്ട, പുൽപ്പായ്, കയറു, കരിപ്പട്ടി, ചക്കര, തുടങ്ങിയ സാധനങ്ങൾ വിൽക്കുന്ന കട. ഇന്നതെല്ലാം അന്യം നിന്ന്
പോയിരിക്കുന്നു.ഇദ്ദേഹത്തിന്റെ കടയിൽ പലപ്പോഴും ഞാൻ പോകാറുണ്ടായിരുന്നു. കാരണം അക്കാലത്തു ടി. എം. സൗന്ദരരാജൻ സാറിന്റെ പാട്ടുകൾ വളരെ പോപ്പുലറായിട്ടുള്ള കാലഘട്ടം. നാടാർ സമുദായത്തിൽപ്പെട്ട ഈ തമിഴ് നാട്ടുകാരൻ അക്കാലത്തെ പോപ്പുലറായിട്ടുള്ള തമിഴ്പാട്ടുകൾ കടയിലരുന്നു പാടുന്നത് ഞാൻ കേട്ടിരിക്കും. സത്യമേ ലക്ഷ്യമായ് കൊള്ളട, പ്രഭോ വാണി നാഥനെ, എന്ഡറും തുമ്പമില്ലയ്, ശരിയാ തപ്പ, കയ്യിരിക്കുത് കലിറുക്കത് മുത്തയ്യ, തുടങ്ങിയ സൗന്ദരരാജൻ സാർ പാടിയ അക്കാലത്തെ ഏറ്റവും പോപ്പുലർ ഹിറ്റ് ഗാനങ്ങൾ ഈ തമിഴ് നാട്ടുകാരൻ പാടിയാണ് മനസ്സിൽ പതിഞ്ഞിട്ടുള്ളത്. സത്യൻ എന്ന മഹാനടൻ ഇദ്ദേഹത്തിന്റെ ബന്ധുവാണ്. അദ്ദേഹത്തിന് ഈ പറഞ്ഞ പാട്ടുകളൊക്കെ ഇഷ്ടമാണ് പോലും...
ഇനി നാലാമത്തെ മുറി അന്നത്തെ ഇരവിപേരൂർ വില്ലേജ് ഓഫീസ്... ആദ്യകാലത്തു മുകളിൽ നിലയൊന്നു
മുണ്ടായിരുന്നില്ല.പിന്നീടാണ് അതൊക്കെ വരുന്നത്. ഒരു ഗ്രാമ പഞ്ചായത്തിന്റെ ഓഫീസിൽ ആകക്കൂടി രണ്ട് മേശകളും, രണ്ടു കസേരകളും. വരുന്നവർക്കിരിക്കാൻ പ്രത്യേക ഇരിപ്പിടമൊന്നും അക്കാലത്തുണ്ടാ
യിരുന്നില്ല. ഇന്നത്തെപ്പോലെ അധികം ജീവനക്കാരൊന്നുമില്ല. ഒരാൾ മാത്രം അവിടെക്കാണും. വേറൊരു മേശയും കസേരയും മിക്കവാറും ശൂന്യമായി കിടക്കും. ഒരു പക്ഷേ ഇന്നത്തെ സമൂഹത്തിലുള്ള ജനനമരണകണക്കുകൾ കുടുതലാകാം...അല്ലങ്കിൽ വിവാഹവും വിവാഹ മോചനങ്ങളും കുടുതലാകാം...
അന്നത്തെ ആ ബിൽഡിങ്ങിന്റെ വലത്തേ അറ്റത്തു ഒരു ചെറിയ മുറി കുടി ഉണ്ടായിരുന്നു. അവിടെ അക്കാലത്തു വളരെ പ്രശസ്തമായ ഒരു സ്റ്റേഷനറി കട. മുട്ടാർ രാജന്റെ സ്റ്റേഷനറി കട എന്ന് പറഞ്ഞാൽ അക്കാലത്തു വളരെ പ്രസിദ്ധമായിരുന്നു.ഒരു സ്റ്റേഷനറിക്കട എന്ന് പറഞ്ഞാൽ ഇന്നത്തെ തലമുറയ്ക്കൊരു രൂപവും ഭാവവും കാണുമല്ലോ. അതൊന്നുമല്ല ഞാനിപ്പറഞ്ഞ അക്കാലത്തെ സ്റ്റേഷനറിക്കട. ഇഞ്ചി മുട്ടായി, നാരങ്ങാ മുട്ടായി, കപ്പലണ്ടി മുട്ടായി, കടുക് മുട്ടായി, ഗ്യാസ് മുട്ടായി, ഇതെല്ലം ഓരോ കുപ്പിയിലാക്കി അടച്ചു നിരത്തി വച്ചിരിക്കുന്നു.മുകളിൽ പ്ലാസ്റ്റിക്കിന്റെ കുറെ കാലിപാത്രങ്ങൾ, ഡബ്ബകൾ അവിടെയും ഇവിടെയും തൂക്കിയിട്ടിരിക്കുന്നു. കുറെ അലുമിനിയം പാത്രങ്ങൾ, പ്ലാസ്റ്റിക്കിന്റെ രണ്ടു ഇടത്തരം ബക്കറ്റുകൾ. കാജാ ബീഡിയുടെ പാക്കറ്റുകളുടെ കവർ തൂക്കിയിട്ടിരിക്കുന്നു. ഒരു സൈഡിൽ
കിടാവിളക്കു പോലെ ഒരു മണ്ണണ്ണ വിളക്ക് കത്തിക്കൊണ്ടിരിക്കുന്നു. ഒരു കുട് ബർക്കിലി സിഗരറ്റ് പാക്കറ്റ്, രണ്ടു
കുട് ചാർമിനാർ സിഗരറ്റ് പാക്കറ്റ്, രണ്ടു ബോട്ടിൽ പോൻഡ്‌സ് ഡ്രീം പവർ ടാൽക്കം പൌഡർ, രണ്ടു പാക്കറ്റ് ചന്ദ്രിക സോപ്പ്, ചുവന്ന നിറത്തിലുള്ള ഹെയർ ഓയിൽ, കഴിഞ്ഞു. ഇതൊക്കെയാണ് അക്കാലങ്ങളിൽ ഞങ്ങൾ കണ്ടിട്ടുള്ള സ്റ്റേഷനറിക്കട.
ഇങ്ങനെ എത്രയെത്ര കടകൾ... അന്ന് വള്ളംകുളത്തുണ്ടായിരുന്നു. ഓർക്കുന്നത് പറയാം. ചിലതൊക്കെ മരിച്ചാലും മറക്കാത്ത ഓർമ്മകൾ...ഓരോന്നായി കയറി ഇറങ്ങട്ടെ...
തുടരും...