വള്ളംകുളം ജംഗ്ഷൻ...എന്റെ ഓർമ്മയിൽ.(ഭാഗം ഏട്ട് ).
------------------------------------------------------------------------
തയ്യാറാക്കിയത് - രാധാകൃഷ്ണന്‍ നായര്‍
(ന്യൂസിലന്‍ഡ്)
--------------------------------------------------------------------------
വള്ളംകുളം ജംഗ്ഷനിലെ ഓർമ്മകളിൽ പ്രധാനമായും തങ്ങി നിൽക്കുന്ന കടകൾ രണ്ട് ബാർബർ ഷോപ്പുകളാണ്.
ഒന്ന്. റോഡിന്റെ വലതു വശത്തുള്ള ഉലുതൂലിൽ പാലത്തിനോട് ചേർന്നിരിക്കുന്ന നാരായണശ്ശായരുടെയും, സഹോദരൻ കുട്ടശ്ശായരുടെയും, അൽപ്പം ഉയരത്തിൽ ഒരു ഏറ് മാടക്കട പോലിരിക്കുന്ന ബാർബർ
ഷോപ്പ് .(കട്ടിങ് ആൻഡ് ഷേവിങ്ങ്)
ഈ ബാർബർ ഷോപ്പന്നൊക്കെ പറയുമ്പോൾ ഇപ്പോഴത്തെ ബ്യൂട്ടി പാർലറുമായി താരതമ്യപ്പെടുത്താൻ നോക്കിയാൽ അത് ബുദ്ധിമുട്ടാകും...
ഇന്നത്തെ "കാൽപ്പാദം മുതൽ തലമുടി വരെ" ഇപ്പൊ ശരിയാക്കിത്തരാമെന്ന് പറയുന്ന പാർലറും, വേണ്ടതും വേണ്ടാത്തതും ചെയ്തു തരുന്ന വിവിധ തരം ട്രീട്മെന്റുകളും, ഞാൻ പറയുന്ന ഈ തലമുടി വെട്ടുന്ന കടയിലില്ല.പൊട്ടിയ ഒരു കണ്ണാടി.ആടുന്ന രണ്ട് കസേര.
ഇരിക്കാനൊരു ബഞ്ച് .രണ്ട് കത്രിക.
തലമുടി വെട്ടിയ ശേഷം ലെവലാക്കുന്ന ടക് ടക് ടക് എന്ന് ശബ്ദം കേൾപ്പിക്കുന്ന ഒരു മെഷീൻ. തലമുടി വെട്ടാൻ വരുന്നവരെ പൊതപ്പിക്കാൻ രണ്ട് വലിപ്പമുള്ള തോർത്തു. ഇതൊക്കെയാണ് ഞാൻ
പറയുന്ന ബാർബർ ഷോപ്പിന്റെ മുഖ മുദ്ര.ഇവിടെയാണ് എന്റെ ഓർമ്മയിലെ ആദ്യ തലമുടി വെട്ടിയത്...
റോഡിന്റെ മറുവശത്തു ഞാൻ മുൻപിലത്തെ എപ്പിസോഡുകളിൽപ്പറഞ്ഞ കുറ്റിക്കാട്ടു ബിൽഡിങ്ങിന്റെയും കുരുമല കൊച്ചുകുഞ്ഞുപിള്ള ചേട്ടന്റെ പീടികയുടെയും ഇടയിലായി തങ്കപ്പൻ എന്നൊരാളുടെ ബാർബർ ഷോപ്പുണ്ടാ
യിരുന്നു. റേറ്റ് അൽപ്പം കൂടുതലാണ്. കുട്ടശ്ശാരുടെ കടയിൽ നാലണയെങ്കിൽ തങ്കപ്പന്റെ കടയിൽ ആറണയാണ്. അപ്പോൾ അവിടെ പുതിയ കത്രിക ഉണ്ട്. കുട്ടിക്കുറ പൗഡറുണ്ട്. ഷേവിങ്ങ് കഴിയുമ്പോൾ പാലിന്റെ നിറത്തിൽ കുപ്പിയിലൊഴിച്ചു വച്ചിരിക്കുന്ന മണവുമുള്ള ദ്രാവകം പ്രായമുള്ളവരുടെ മുഖത്തു പഞ്ഞിയിട്ടു തുടയ്ക്കും. അത് ഡെറ്റോളാണന്ന് പിന്നീടാണ് മനസ്സിലായത്. കുട്ടശ്ശായരുടെ കടയിൽ ഡെറ്റോളിന് പകരം ഒരു വെളുത്ത കല്ലുപയോഗിച്ചു തുടക്കുകയാണ് പതിവ്.
കുറേക്കൂടി ഭംഗിയുള്ള കസേരകളാണു് തങ്കപ്പന്റെ ഷോപ്പിന്റെ ഐഡന്റിറ്റി...
യുവാക്കളാണ് തങ്കപ്പന്റെ ഉപഭോക്താക്കൾ.
ഞങ്ങളെപ്പോലെയുള്ള കുട്ടികളും പ്രായമായവരും നാരായണശ്ശായരുടെയും കുട്ടശ്ശായരുടെയും കടകളാണ് സ്ഥിരമയി പോയിരുന്നത്... എന്നുമൊരോർമ്മകളായി ഇന്നും അവശേഷിക്കുന്നു...
അക്കാലങ്ങളിൽ ഞങ്ങളുടെ നാട് മുഴുവൻ മലയാള മനോരമ പത്രത്തിന്റെ കുത്തകയാ
യിരുന്നു. ആദ്യമായി നാട്ടിൽ മാതൃഭൂമി ദിനപത്രം കൊണ്ടുവന്നത് വെഴലിൽ മാത്യു എന്ന ഒരു യുവാവായിരുന്നു. എപ്പോഴും മുറുക്കി തുപ്പി ചുവന്ന ചുണ്ടുമായി നിഷ്കളങ്കമായ ചിരിയുമായി തൂവെള്ള വസ്ത്രം ധരിച്ചു വള്ളകുളത്തു മാടശ്ശേരിൽ രാഘവൻ പിള്ള സാറിന്റെ കടകളുടെ ഒരു മുറി വാടകക്കെടുത്തു ചെറിയ ചെറിയ ബിസിനസ്സ് നടത്തി വന്ന മാത്യൂസ് എന്റെ മൂത്ത സഹോദരന്റെ കൂടെ പഠിച്ചതായിരുന്നു...
മണിമലയാറ്റിൽ നിന്നുള്ള ഒരു തോടാണ് വള്ളംകുളം ജംഗ്ഷനെ രണ്ടായി മുറിക്കുന്നത്. അവിടെയുള്ള ഒരു ചെറു പാലമാണ് ഉലുതൂലിൽ പാലം...അത് കഴിഞ്ഞാൽ ഇടതു ഭാഗത്തു ഇരവിപേരൂർ എ വാർഡിലേക്ക് ഒരു റോഡ്. തൊട്ടപ്പുറത്തു ഗവൺമെന്റ് അപ്പർ പ്രൈമറിസ്കൂൾ.
ഇതിനിടയിൽ ഒരു ചെറിയ മാടക്കടയുണ്ട്.
ഉലുതൂലിൽ മാത്യു എന്നൊരാളുടെ കടയാണ്. അദ്ദേഹവും കുടുംബവും കടയുടെ പുറകിലാണ് താമസം.ഉല്ത്തൂലിൽ മാത്തുവിന്റെ ബീഡിയായിരുന്നു അന്ന് വെള്ളകുളത്തുള്ള സാധാരണക്കാരുടെ പുകവലി സ്ത്രോദസ്.
ഒരു കെട്ടു ബീടിക്ക് ഒരണ കൊടുക്കണം.
ഞാൻ പലപ്പോഴും അവിടുന്ന് അച്ഛന് ബീഡി വാങ്ങിക്കൊണ്ടു പോയിട്ടുണ്ട്. അങ്ങനെയാണ് ഞാൻ ബീഡിയുടെ സ്വാദ് ചെറുപ്പത്തിലേ അറിഞ്ഞു തുടങ്ങിയത്. അവിടുത്തെ സോഡാ/ നാരങ്ങാ വെള്ളവും പ്രശസ്തമാണ്.
സാധാരണക്കാർ ഈ ബീഡി വലിക്കുമ്പോൾ, വലിയ പ്രൊഫഷണൽ വലിക്കാർ, വളരെ പ്രശസ്തനായ വള്ളകുളം ജംഗ്ഷനിൽ ഉണ്ടായിരുന്ന ഏട്ടാജോർജിന്റെ ബീഡിയാണ് വലിച്ചിരുന്നത്. ഇരട്ടി വിലയാണ്. സ്പെഷ്യലായി തെറുത്തെടുക്കുന്ന ബീഡിയാണ്.
"എടാ ബീഡി വാങ്ങിക്കുമ്പോൾ ഏട്ടയുടെ കടെന്നു മാത്രമേ ബീഡി വാങ്ങാവൂ" എന്ന് പറഞ്ഞു വീടുന്ന പല മുതിർന്നവരും അക്കാലത്തു ഉണ്ടായിരുന്നതായി ഞാനിപ്പോഴും ഓർക്കുന്നു...ഞങ്ങളുടെ വാലേലേ കൊച്ചാട്ടൻ, കോളത്തിൽ കോശി മാപ്പിള, വേളാച്ചേരിൽ അവറാ മാപ്പിള തുടങ്ങിയവർ അക്കൂട്ടത്തിൽപ്പെടും...
വള്ളംകുളം സ്കൂളിന് നേരെ എതിർ വശത്തു തെക്കേലെ അച്ചൻകുഞ്ഞിന്റെ സൈക്കിൾ ഷോപ്പ് അക്കാലത്തു വളരെ പ്രശസ്തമായി
രുന്നു.സൈക്കിൾ വാടകയ്ക്ക് കൊടുക്കുന്ന ഏക സ്ഥാപനം. ഒരു മണിക്കൂറിനു രണ്ടണ.
അതായിരുന്നു കണക്കു. പിന്നെ പൈസയുടെ കാലഘട്ടമായപ്പോൾ കാൽ രൂപ ആയി മാറി. സൈക്കിൾ മടക്കി കൊടുക്കുമ്പോൾ ചെക്കിങ് ഒക്കെ നടത്തും. കുറ്റങ്ങൾ കണ്ടെത്തും. പലരും നാട്ടിൽ സൈക്കിളിൽ കയറി ഓടിക്കാൻ പഠിച്ചതിനു അച്ഛൻകുഞ്ഞിനോട് കടപ്പെട്ടിരി
ക്കുന്നു. ഞാനുൾപ്പടെ...അന്ന് വള്ളംകുളത്തു റേഡിയോ ഉണ്ടായിരുന്ന ഏക സ്ഥാപനവും അച്ചൻകുഞ്ഞിന്റെ സൈക്കിൾ ഷോപ്പാണ്. 1962ലെ ഇൻഡോ ചൈന യുദ്ധകാലത്തു ആളുകൾ വാർത്ത കേൾക്കാൻ കുട്ടം കുടി ആകാംക്ഷയോട് നിൽക്കുന്നത് അന്നത്തെ സ്കൂൾ കുട്ടികളായ ഞങ്ങൾക്ക് ഒരതിശയമാ
യിരുന്നു. ചില സമയങ്ങളിൽ അച്ചൻകുഞ് ശ്രോതാക്കളെ മുൾമുനയിൽ നിർത്തും. ഉച്ചയ്ക്ക് ഒന്നരയ്ക്കാണ് വാർത്തകൾ തുടങ്ങുന്നത്. ആ സമയത്തു അച്ചൻകുഞ് ഉച്ചയൂണിനു വീട്ടിൽ പോയി വരാൻ ശ്രോതാക്കൾ കാത്തിരിക്കു
മ്പോൾ അവസാനനിമിഷത്തിലാണ് അദ്ദേഹം മടങ്ങിയെത്തുക. അങ്ങനെ എന്തെല്ലാം ഓർമ്മകൾ ബാക്കി നിൽക്കുന്നു...
തുടരും...