വള്ളംകുളം ജംഗ്ഷൻ...എന്റെ ഓർമ്മയിൽ.(ഭാഗം ഒൻപത് ).

വള്ളംകുളം ജംഗ്ഷൻ...എന്റെ ഓർമ്മയിൽ.(ഭാഗം ഒൻപത് ).
---------------------------------------------------------------------------
തയ്യാറാക്കിയത് -  രാധാകൃഷ്ണന്‍ നായര്‍
                                (ന്യൂസിലന്‍ഡ്).
-------------------------------------------------------------------------------
വള്ളകുളത്തെക്കുറിച്ചോർക്കുമ്പോൾ ഒരിക്കലും മറക്കവാനാത്ത ഒരു പോസ്റ്റ് 
ഓഫീസ് (Post Office) ഇന്നും ഓർമ്മയിൽ...
നമ്മൾ .മുൻപിലത്തെ എപ്പിസോഡുകളിൽ വള്ളകുളം യു. പി. സ്കൂളിനോട് ചേർന്നുള്ള പതിന്നാലു സെന്റ്‌ സ്ഥലത്തിൽ അന്ന്  മാടശ്ശേരിൽ  രാഘവൻ പിള്ള സാർ പണികഴിപ്പിച്ച നാലുമുറിക്കടയിൽ ആദ്യത്തെ മുറിയാണ് അന്നത്തെ പഴയ വള്ളംകുളം 
പോസ്റ്റ് ഓഫീസ് ...ചുവന്ന മെയിൽ ബോക്സ് പഴയ തലമുറയ്ക്ക് ഓർമ്മ കാണുമല്ലോ .അത് ആ  മുറിയുടെ വെളിയിൽ തൂക്കിയിട്ടിരിക്കുന്നത് പഴയ വള്ളംകുളത്തിന്റെ മുഖമുദ്രയായിരുന്നു. കണ്ണകര കുഞ്ഞു എന്നൊരു താടി വളർത്തിയ ആളായിരുന്നു പോസ്റ്റ് മാസ്റ്ററും പോസ്റ്റ് മാനും എല്ലാം അദ്ദേഹം തന്നെ. അദ്ദേഹം രാവിലെയും ഉച്ചയ്ക്കും സൈക്കിളിൽ പോകുന്നപോക്കു അന്നത്തെ തലമുറ ഇന്നും മറക്കില്ല. അദ്ദേഹത്തിന്റെ മകൻ ഒരു കൊമ്പൻ മീശയും പിരിച്ചു ഞങ്ങൾ കുട്ടികളെയൊക്കെ റോഡിൽ നിന്ന് പേടിപ്പിക്കും. കാരണം ഈപ്പറഞ്ഞ പതിന്നാലു സെന്റ് സ്ഥലത്തിനോട് ചേർന്നാണ് കണ്ണകര കുടുംബം .ഒരു ചെറിയ രണ്ടുനില കെട്ടിടം. അതിന്റെ തൊട്ടു പുറകിലാണ് സ്കൂളിന്റെ ഫുട്ബോൾ ഗ്രൗണ്ട് .അവിടെ കുട്ടികൾ പന്ത് കളിക്കുമ്പോൾ പന്ത് തെറിച്ചു കണ്ണങ്കര കുടുംബത്തിന്റെ വീട്ടിലേക്ക് വീഴും. അതെടുക്കാൻ നിൽക്കുമ്പോഴാണ് അദ്ദേഹം കണ്ണുരുട്ടി പേടിപ്പിക്കുന്നത്. അതൊക്കെ ഇപ്പോഴും കുളിരുള്ള ഓർമ്മകൾ .മെയിൻ റോഡിന്റെ നേരെ എതിർഭാഗത്താണ് കല്ലൂത്തറ കുഞ്ഞിന്റെ വീടും എണ്ണയാട്ടുന്ന ചക്ക് പുരയും. അന്നത്തെ ഒരു സൂപ്പർസ്റ്റാർ ആയിരുന്നു കല്ലൂത്തറ കുഞ്ഞു. വെള്ള ഷർട്ടും മുണ്ടും ധരിച്ചു കോളറിനുണ്ണിൽ ചെറിയ കൈലേസും ധരിച്ചിട്ടുള്ള ആ ഒരു നടപ്പു മറക്കാതെ ഓർമ്മയിൽ...അദ്ദേഹത്തിന്റെ മക്കൾ ഞങ്ങളുടെ കൂടെ ജൂനിയറായി അന്ന് പഠിച്ചിരുന്നു. ഈ കണ്ണകര കുടുംബത്തിന് ചരിത്രപരമായും ഒരു പ്രസിദ്ധിയുണ്ടായിരുന്നു. കവിയൂർ ക്ഷേത്രത്തിൽ നിന്ന് തൃക്കവിയൂർ അപ്പൻ ഉത്സവത്തിന്റെ ആറാം ദിവസം ഇരവിപേരൂർ നാട്ടിലേക്കു ആനപ്പുറത്തു എഴുന്നള്ളി വരുമ്പോൾ ഇരവിപേരൂർ ഉള്ള എല്ലാ ഊരും ചുറ്റി അവസാനം വന്നു നിൽക്കുന്നത് ഈ കണ്ണകര കുടുംബത്തിന്റെ മുന്നിലാണ്. അവിടെ നിന്ന് കൊണ്ട് കവിയൂരിൽ നിന്ന് എഴുന്നള്ളത്തിന്റെ കൂടെ എത്തുന്ന പ്രമാണികൾ  "കൊടി കുത്തട്ടെ" എന്ന് മുന്ന് പ്രാവിശ്യം ചോദിക്കുമ്പോൾ, കണ്ണങ്കരയിലെ കാരണവർ "കൊടി കുത്താം" എന്ന് പറയുമ്പോൾ, അവർ അവിടെ കൊടി കുത്തി തിരിച്ചു പാറപ്പുഴ കടവ് വഴി കവിയൂരിലേക്കു മടങ്ങുമ്പോൾ ഒരു പഴയകാല അധികാരത്തിന്റെ ഓർമ്മകളിലേക്ക് നമ്മളെ കൂട്ടിക്കൊണ്ടു പോകുന്നു...

തുടരും...