വള്ളംകുളം ജംഗ്ഷൻ...എന്റെ ഓർമ്മയിൽ.(ഭാഗം പത്തു).
------------------------------------------------------------------------
തയ്യാറാക്കിയത് = രാധാകൃഷ്ണന്‍ നായര്‍
(ന്യൂസിലന്‍ഡ്)
=====================================
വള്ളംകുളത്തിന്റെ ഓർമ്മകൾ മണിമലയാറ് ഒഴുകുന്നത് പോലെ മനസ്സിൽ നീണ്ട് നിവർന്നൊഴുകുമ്പോൾ, എവിടെ
നിർത്തണമെന്ന് ഞാൻ വിഷമിക്കുകയാണ്...
വള്ളംകുളം അപ്പർ പ്രൈമറി സ്കൂളിൽ പഠിച്ചിരുന്ന കാലട്ടം. അപ്പർ പ്രൈമറി ക്ലാസ്സുകളിൽ അവിടെയാണ് ഞാൻ പഠിച്ചിരുന്നത്. അന്ന് ഞങ്ങൾ കുട്ടികളുടെ മനസ്സിൽ ഒരു മിന്നുന്ന താരം ഉണ്ടായിരുന്നു.
ഇന്ന് നമ്മൾ പറയാറില്ലേ സൂപ്പർ താരങ്ങൾ
എന്ന്. അത് തന്നെ. കറുത്ത് മെലിഞ്ഞ ഒരു യുവാവ്. തൂവെള്ള ഷർട്ടും മുണ്ടുമാണ് സ്ഥിരം വേഷം. ഷർട്ടിന്റെ കൈകൾ രണ്ടും മുട്ട് വരെ മടക്കി വച്ചിരിക്കുന്നു. ഷർട്ടിൽ കോളറിന്റെ പുറകിൽ ഒരു ചെറിയ കൈലേസ് മടക്കി വച്ചിരിക്കുന്നു. ആള് ബി.എസ്സ്.സി.ബി.ടി.
കാരനാണ്.അക്കാലങ്ങളിൽ ഇത്രയധികം വിദ്യാഭ്യാസം ഉള്ളവർ, പ്രൈമറി/അപ്പർ പ്രൈമറി ക്ലാസ്സുകളിൽ വരാറില്ല. പക്ഷെ എന്തോ? ഞാനാ സ്കൂളിൽ ചേരുമ്പോൾ അദ്ദേഹം ഹെഡ്മാസ്റ്ററാണ്. ഒന്നു മുതൽ ഏഴു വരെയുള്ള വള്ളംകുളം ഗവണ്മെന്റ് സ്കൂളിലെ അക്കാലത്തെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാന അധ്യാപകനായിരുന്നു ഞാനിപ്പറയുന്ന അന്നത്തെ സൂപ്പർ താരം.
പുല്ലാട് എന്ന സ്ഥലത്താണ് അദ്ദേഹത്തിന്റെ വീട്. ഞങ്ങൾ കുട്ടികൾക്കു കാലത്തു ഒൻപതു മണിയുടെ കുന്നിൽ മോട്ടോഴ്സിന്റെ ബസ്സിൽ സ്കൂളിന്റെ പടിക്കൽ അദ്ദേഹം വന്നിറങ്ങുന്നത് നോക്കി നിൽക്കാനൊരു ഉത്സാഹമുണ്ടായിരുന്നു. പേരു ജോൺ മാത്യു സാർ...എല്ലാവരാലും ബഹുമാനിക്കപ്പെട്ട ഒരു അധ്യാപകനായിരുന്നു അദ്ദേഹം. കയ്യിൽ ചൂരൽ വടിയുമായി നടക്കു
മെങ്കിലും ആരെയും തല്ലാറുണ്ടായിരുന്നില്ല.
ഭയഭക്തി ബഹുമാനത്തോട് മാത്രമേ മറ്റു പ്രായമേറിയ അദ്ധ്യാപകരും, വിദ്യാര്‍ഥികളായിരുന്ന ഞങ്ങളും, നാട്ടുകാരും,രക്ഷകർത്താക്കളും അദ്ദേഹത്തോട് സംസാരിക്കാറുണ്ടായിരുന്നുള്ളു.
പിൽക്കാലത്തു ഡി.ഇ.ഓ. ആയിട്ടാണ് പെൻഷൻ പറ്റിയത് .രണ്ട് വർഷം മുൻപാണ് അദ്ദേഹം ഇഹലോകവാസം വെടിഞ്ഞത്.നാട്ടിലുള്ളവരെല്ലാം തമ്പി സാർ എന്ന് അദ്ദേഹത്തെ സ്നേഹത്തോടു വിളിച്ചിരുന്നു...സരസഗംഭീരനായിരുന്നു.
ഞാൻ അധ്യാപകരോട് പൊതുവെ അത്ര
വളരെ അടുപ്പമുള്ള ഒരാളായിരുന്നില്ല. എന്നാൽ വിരലിൽ എണ്ണാവുന്നരോടുള്ള അതിരറ്റ സ്നേഹബഹുമാനങ്ങൾ. മരിച്ചാലും മറക്കില്ല.
അത്തരത്തിൽപ്പെട്ട ഒരു വലിയ പ്രതിഭയായി
രുന്നു ജോൺ മാത്യു സാർ. പലപ്പോഴും നാട്ടിൽ വരുമ്പോൾ കാണണം എന്ന് ഓർത്തിരുന്നങ്കിലും നടന്നില്ല. ദുഖത്തോടെ ഓർക്കുന്നു...
ഒരിക്കലും മറക്കാൻ ഇഷ്ടപ്പെടാത്ത ഒരു അധ്യാപികയായിരുന്നു ചാത്തോത്തെ ഏലിയാമ്മ ടീച്ചർ. ഞാൻ മുൻപിലത്തെ അദ്ധ്യായത്തിൽ പറഞ്ഞ സ്കൂൾ ഗ്രൗണ്ടിനോട് ചേർന്ന് കിടക്കുന്ന 14 സെന്റ് സ്ഥലത്തിന്റെ മുൻപിലുള്ള തിരുവല്ല കോഴഞ്ചേരി റോഡിന്റെ നേരെ എതിർഭാഗത്തായിരുന്നു ചാത്തോത്തെ വീട്. അക്കാലത്തു ഉച്ചയൂണിന് പൊതിച്ചോറ് കൊണ്ട് പോകുന്ന ഒരു പതിവുണ്ടായിരുന്നു. അമ്മ രാവിലെ സ്കൂളിൽ പോകുമ്പോൾ തന്ന് വിടുന്ന ചോറ്റു പാത്രം ആ വീട്ടിലെ മേശപ്പുറത്തു വച്ചിട്ടാണ് സ്കൂളിലേക്ക് കയറുന്നത് .അതിന്റെ കാരണം ഈ ഏലിയാമ്മ ടീച്ചർക്ക് എന്റെ അച്ഛനേയും അമ്മയേയും നേരത്തെ തന്നെ അറിയാമായിരുന്നു. ആ സ്നേഹത്തിന്റെ പുറത്തു, ചോറ്റുപാത്രം അവിടെ വച്ചിട്ട് പോകാൻ ടീച്ചർ എന്നോട് പറഞിരുന്നു. ഞങ്ങൾ ഒന്നിച്ചാണ് ഉച്ചയ്ക്ക് സ്കൂൾ വിടുമ്പോൾ ടീച്ചറുടെ വീട്ടിലേക്ക് പൊയ്ക്കൊണ്ടിരുന്നത്. ആഹാരം കഴിയുമ്പോൾ ഗ്ലാസ്സിൽ വെള്ളമൊക്കെ കുടിക്കാൻ ടീച്ചർ തരുമായിരുന്നു. ഒരിക്കലും ദേഷ്യപ്പെട്ട് ടീച്ചറെ ഞാൻ കണ്ടിട്ടല്ല. അടിക്കാൻ വടികൊണ്ട് വരുമെങ്കിലും ആരെയും തല്ലുന്നത് കണ്ടിട്ടല്ല. ഞാൻ കോളേജിൽ പടിക്കുന്ന കാലത്താണ് ടീച്ചർ ലോകം വിട്ടു പോകുന്നത് . പഴയകാല ക്രിസ്ത്യൻ സ്ത്രീകളുടെ ചട്ടയും കച്ചമുറിയുമൊക്കെയായിരുന്നു സ്ഥിരം വേഷം. മരിച്ചെന്നറിഞ്ഞപ്പോൾ ഞാൻ വീട്ടിൽ ചെന്ന് അന്ത്യകൂദാശയിൽ പങ്കെടുത്തതും പൊട്ടിക്കരഞ്ഞതും ഇന്നെന്ന പോലെ മനസ്സിൽ പതിഞ്ഞു കിടക്കുന്നു. മരിച്ചു കിടന്നിരുന്ന ആ അമ്മയുടെ തല ഭാഗത്തു പള്ളിയിൽ നിന്ന് കൊണ്ട് ഒരു വെള്ളി കുരിശ് കയ്യിലെടുത്തു കപ്യാർ മുന്നിലും അച്ചൻ കുർബാന ചൊല്ലി പുറകേയും ബന്ധുമിത്രാദികളും സഭക്കാരുമൊക്കെയായിട്ടുള്ള വിലാപയാത്രയിൽ ഞാനും ഒരുപാടോർമ്മകളുമായി നടന്നു നീങ്ങിയതും
ഒക്ക് എന്റെ മരണം വരെ ഓർത്തിരിക്കും.
(ഈ സ്കൂളിൽ പഠിപ്പിച്ചിരുന്ന ഓരോ അധ്യാപകരെയും ഓർമ്മിച്ചു പറഞ്ഞു തന്ന എന്റെ ആത്മസുഹൃത് ഡോക്ടർ അഡ്വക്കേറ്റ് കെ വിജയകൃഷ്ണനെ ഇവിടെ നന്ദിയോടെ സ്മരിക്കുന്നു.)
ആദ്യം മനസ്സിൽ വരുന്നത് കറ്റോട്ട് നിന്ന് വന്നിരുന്ന ഒരു ചാച്ചിക്കുട്ടിയമ്മ ടീച്ചറാണ്. അവരുടെ മകൻ തോമസ്ക്കുട്ടിയും ഞങ്ങളുടെ കൂടെയാണ് പഠിച്ചിരുന്നത്. രണ്ടു പേരും ഒന്നിച്ചാണ് കാലത്ത് കുന്നിൽ മോട്ടോഴ്സിൽ വരുന്നതും വൈകിട്ട് മടങ്ങിപ്പോകുന്നതും.
ജനറൽ സയൻസ് ആണ് വിഷയം. അടിക്കുന്ന സ്വഭാവം അൽപ്പം കുറവായിരുന്നു. പിന്നീടോർമ്മയിൽ വരുന്നത് മീനാക്ഷിയമ്മ ടീച്ചറാണ്. പുത്തൻകാവ്മല ഭാഗത്തു നിന്ന് രണ്ടു നേരവും നടന്നു വന്നും പോയിമാണ് പാവം മലയാളം പഠിപ്പിച്ചിരുന്നത്. അന്നത്തെ കാലത് ആ റൂട്ടുകളിലൊന്നും ബസ്സുകളുണ്ടായിരുന്നില്ല.
വലിയ ദേഷ്യക്കാരിയായിരുന്നു. അടി ധാരാളം. എമ്പോസിഷനും കുറവല്ല. ഇപ്പോഴും ഓർത്താൽ ഭയമുള്ള ഒരു ഡ്രിൽ മാസ്റ്ററുണ്ടായിരുന്നു.
കവിയൂർ ഭാഗത്തു നിന്ന് വന്നിരുന്ന ശങ്കരപിള്ളസാർ. അടിച്ചു തുട പൊട്ടിക്കുമായി
രുന്നു. അക്കാലത്തു ചില ടീച്ചറന്മാരൊക്കെ പിള്ളേരെ നിലക്ക് നിർത്താൻ അദ്ദേഹത്തിന്റെ സഹായം തേടുമായിരുന്നു. എന്നെ അടിച്ചിട്ടൊക്കെയുണ്ടങ്കിലും പിൽക്കാലത്തു ഞാൻ കുവൈറ്റിലൊക്കെ പോയി അവധിക്കു വരുമ്പോൾ എന്നെ വീട്ടിൽ വന്നു കാണുമായിരുന്നു. എന്റെ വിവാഹത്തിന് വന്നനുഗ്രഹിച്ചത് ഇന്നു മോർമ്മയിൽ. ഞാൻ ആ സ്കൂളിൽ പഠിക്കാൻ ചെല്ലുമ്പോൾ യുവാവായ ജോൺ മാത്യു സാർ ഹെഡ് മാസ്റ്ററായിരുന്നു. പ്രായമേറിയ കൃഷ്ണപണിക്കരു സാർ ആയിരുന്നു അസിസ്റ്റന്റ് ഹെഡ് മാസ്റ്റർ. സാധുവായ വെള്ള ജുബ്ബയും മുണ്ടും ധരിച്ചിരുന്ന പണിക്കര് സാർ ആ വർഷം തന്നെ തന്റെ സ്വന്തം നാടായ പുല്ലാട്ടേക്ക് സ്ഥലം മാറിപ്പോയി. കണക്കായിരുന്നു പണിക്കരു സാറിന്റെ വിഷയം. ഇദ്ദേഹത്തിന്റെ പകരക്കാരനായി എത്തിയത് മറ്റൊരു ജോൺ സാറായിരുന്നു. ജോൺ സാർ വലിയ തമാശക്കാരനായിരുന്നു.
അക്കാലങ്ങൾ സ്കൂളിൽ സ്കൗട്ട് എന്നൊരു സംഗതിയുണ്ടായിരുന്നു. സ്‌കൗട്ട് എന്താണെന്ന് എല്ലാവർക്കുമറിയാമെന്നു പ്രതീക്ഷിക്കുന്നു.
സ്‌കൗട്ട് വേറെ... ഡ്രിൽ വേറെ...സ്കൗട്ടിന്റെ ചുമതല ജോൺ സാറിനും, ഡ്രില്ലിന്റെ ചുമതല ശങ്കരപ്പിള്ള സാറിനുമായിരുന്നു.ഈ പണിക്കരു സാറിന്റെ മകൻ മുരളീധര പണിക്കാരുമൊത്ത് പിൽക്കാലത്തു ഞാൻ കോളേജിൽ പഠിക്കുമ്പോൾ നാടകത്തിലഭിനയിച്ചിരുന്നു.
ആ വർഷത്തെ നല്ല നടനുള്ള അവാർഡ് കിട്ടിയത് സന്നർഭവശാൽ ഓർത്തു പോകുന്നു. ഓർമ്മയിലുള്ള മറ്റൊരു ടീച്ചർ ഞങ്ങളുടെ ഇരവിപേരൂർ ജംഗ്ഷനിലുള്ള കരിന്തടിക്കൽ വീട്ടിലെ നാണിയമ്മ ടീച്ചർ. ഡ്രോയിങ് ആരുന്നു വിഷയം. സ്നേഹിക്കാൻ മാത്രമറിയാവുന്ന നാണിയമ്മ ടീച്ചർ. തിരുവല്ലാ കാവുംഭാഗത്തു നിന്ന് ബസ്സിൽ വന്നിരുന്ന ഒരു സാറാമ്മ ടീച്ചർ.
സോഷ്യൽ സ്റ്റുഡിയായിരുന്നു വിഷയം.
കുമ്പനാട് നിന്ന് വന്നിരുന്ന ഏലിയാമ്മ ടീച്ചർ. ഹിന്ദിയായിരുന്നു വിഷയം. അവരുടെ മകൻ
കെ.എസ്സ്.ജോസ് ഞങ്ങളുടെ കൂടെ ഇരവിപേരൂർ സെയിന്റ് ജോൺസ് ഹൈസ്കൂൾ ക്ലാസ്സുകളിൽ ഒന്നിച്ചുണ്ടായിരുന്നു.വിദ്യാഭ്യാസത്തിന് ശേഷം ഗൾഫിൽ ജോലിയിൽ ആയിരുന്നു.1990 കാലത്തു അകാലത്തിൽ പൊലിഞ്ഞു പോയ
തായി പേപ്പറിൽ വായിച്ചതായി ഓർക്കുന്നു. നന്നൂർ ഭാഗത്തു നിന്നത്തിയിരുന്ന ഭവാനി ടീച്ചർ താഴ്ന്ന ക്ലാസ്സുകളിലെ അദ്ധ്യാപിക ആയിരുന്നു .പിന്നൊരു കുഞ്ഞിയമ്മ ടീച്ചർ .ഞങ്ങളോടൊക്കെ വളരെ ഇഷ്ടമായിരുന്ന കുഞ്ഞിയമ്മ ടീച്ചർ എന്റെ അയല്പക്കക്കാരി
യായിരുന്നു .താഴ്ന്ന ക്ലാസ്സിലെ അദ്ധ്യാപികയാ
യിരുന്നു. തോട്ടഭാഗത്തു നിന്നെത്തിയിരുന്ന അന്നമ്മ ടീച്ചർ. ഒപ്പം ടീച്ചറുടെ മകൻ ടിറ്റിയും ഞങ്ങളുടെ കൂടെ പഠിച്ചിരുന്നു. ഇരിങ്ങാലക്കുടയിൽ നിന്നെത്തിയ ദേവസ്യ ചേട്ടൻ എന്ന പ്യുണിനേ മറക്കാനൊക്കുമോ?സ്കൂളിൽ തന്നെയായിരുന്നു അദ്ദേഹത്തിന്റെ താമസവും. രാവിലെ ഒന്നിനും രണ്ടിനും കുളിക്കാനുമൊക്കെ തൊട്ടടുത്തുള്ള മണിമലയാറിനെയാണ് അദ്ദേഹം ആശ്രയിച്ചിരുന്നത്.അങ്ങനെയൊരുകാലം. അദ്ദേഹത്തിന്റെ സഹായിയായിട്ടുണ്ടായിരുന്ന വർക്കി ചേട്ടൻ.വീട്ടിൽ നിന്ന് വന്നുപോയിയുമാണ് ജോലിയിൽ തുടർന്നിരുന്നത്.ദേവസ്യ ചേട്ടൻ ഓഫീസ് മുറിയുടെ പുറത്തിറങ്ങുന്നത് ഞങ്ങൾ കുട്ടികൾ ആകാംഷയോടെ കാത്തിരിക്കുന്നു.
എന്തിനാണെന്നോ? ബെൽ അടിക്കുന്നത് കാണാൻ...
ഈ അദ്ധ്യാപകരെല്ലാം തന്നെ വഴക്ക് പറയുകയും, അടിക്കുകയുമൊക്കെ ചെയ്യുമായിരുന്നങ്കിലും. അതെല്ലാം കുട്ടികളുടെ നന്മ മാത്രമേ അവർക്കൊരു ലക്ഷ്യമായുണ്ടായിരുന്നുള്ളൂ.
അതാണ് സത്യം...
ഓർമ്മകൾ ബാക്കി നിൽക്കെ എവിടെയൊക്കെയോ കാടു കയറി...
തുടരും...