വള്ളംകുളം ജംഗ്ഷൻ...എന്റെ ഓർമ്മയിൽ.(ഭാഗം പന്ത്രണ്ട്).

വള്ളംകുളം ജംഗ്ഷൻ...എന്റെ ഓർമ്മയിൽ.(ഭാഗം പന്ത്രണ്ട്).
---------------------------------------------------------------------------
തയ്യാറാക്കിയത് -  രാധാകൃഷ്ണന്‍ നായര്‍
                                (ന്യൂസിലന്‍ഡ്)
------------------------------------------------------------------------=
ഓർമ്മകൾ അവസാന നിമിഷം വരെ... മനുഷ്യബന്ധങ്ങൾ ചുടല വരെ...
എന്തായാലും നമുക്കടുത്തൊരു വിഷയത്തിലേക്ക് തിരിയാനുണ്ട് .
സ്‌ക്രീനിൽ കണ്ടറിഞ്ഞ എം. ജി. രാമചന്ദ്രനെപ്പോലെയുള്ള ഒരു മാസ്മരീകതയായിരുന്നു രാഘവൻ പിള്ള സാറിനെപ്പറ്റിയോർക്കുമ്പോൾ  ഇന്നും മനസ്സിൽ തെളിയുന്നത്. ശുഭ്രവസ്ത്രം. തോളത്തൊരു വെളുത്ത തോർത്തു. നെറ്റിയിൽ ചന്ദനക്കുറി. ഇതൊക്കെയാണ് രാഘവൻ പിള്ള സാറിന്റെ മുഖ മുദ്ര.  ഇതുപോലെ തന്നെയായിരുന്നു അഡ്വക്കേറ്റ് മണ്ണൂർ കൃഷ്ണൻ നായരു സാറും. ഒരു വ്യത്യാസമേ ഉണ്ടായിരുന്നുള്ളു ഖദർ  വസ്ത്രം. നെറ്റിയിൽ കുറിയൊന്നു
മുണ്ടായിരുന്നില്ല.വള്ളംകുളം നന്നൂരിൽ നാഷണൽ ഹൈസ്കൂൾ നിലവിൽ വരുന്നതിന്, ഈപ്പറഞ്ഞതിൽ പലരുടെയും നിർണ്ണായകമായ പങ്കുണ്ടായിരുന്നു.
മാടപ്പള്ളിൽ പ്രഭാകരൻ നായര് സാറിനെയും ഇവിടെ ഓർക്കാതെ പോകുന്നത് ഉചിതമല്ല.
അദ്ദേഹത്തിന്റെ ദിവംഗതനായ മകൻ ചന്ദ്രമോഹൻ വളരെക്കാലം ഈ സ്കൂളിൽ ഔദ്യാഗിക പദവിയിൽ ഇരുന്ന ആളായിരുന്നു എന്ന്  പറഞ്ഞു കേട്ടിട്ടുണ്ട്. രണ്ടാമത്തെ മകൻ ഗോപിമോഹൻ എന്റെ സ്റ്റുഡന്റായിരുന്നു. കോൺഗ്രസ്സ് നേതാവാണ്. കുരുമല കൊച്ചുകുഞ്ഞു പിള്ള ചേട്ടന്റെ കൊപ്ര ആട്ടുന്ന കട. അദ്ദേഹം വള്ളംകുളം ജംഗ്ഷനിലെ  പ്രശസ്തനായ വ്യാപാരിയും അറിയപ്പെടുന്ന വ്യക്തിത്വവുമായിരുന്നു. മകൻ ശശി കൂടെപ്പഠിച്ചിരുന്നു.  കോൺഗ്രസ്സ് നേതാവായിരുന്നു. കിഴക്കേതുണ്ടിയിൽ പരമുപിള്ള ചേട്ടൻ, രാഘവൻ പിള്ള സാറിന്റെ കട നടത്തിയിരുന്നത് ഓർമ്മയിൽ. അദ്ദേഹത്തിന്റെ മകൾ കൃഷ്ണകുമാരി അക്കാലത്തു ഭാരത നാട്യം നർത്തകി. ഞങ്ങൾ ഒരു പ്രായം.
കൃഷ്ണകുമാരിയുടെ ചേച്ചിയും ഞാനും ഒന്നിച്ചാണ് മൂന്നാമത്തെ തവണ എസ്.എസ്. എൽ.സി. പരീക്ഷ പാസായത്. ഞങ്ങളുടെ പേരപ്പന്റെ ഹോട്ടൽ ശ്രീരാമവിലാസം ഹോട്ടൽ വള്ളംകുളം ജംഗ്ഷനിലെ ഏറ്റവും പഴമയുള്ള ഹോട്ടലായിരുന്നു. 
വള്ളംകുളം നന്നൂർ നാഷണൽ സ്കൂൾ തുടങ്ങി വയ്ക്കാൻ നേതൃത്വം കൊടുത്തവരിൽ പ്രധാനികൾ മാടശ്ശേരി രാഘവൻ പിള്ള സാറും, അഡ്വക്കേറ്റ് മണ്ണൂർ കൃഷ്ണൻ നായരു സാറുമൊക്കെ ആയിരുന്നു.  ഇന്നവരുടെ അടുത്ത തമുറയാണ് ഭരണത്തിൽ. സ്കൂൾ ചെയർമാൻ കൃഷ്ണൻ നായര് സാറിന്റെ മകൻ എന്റെ ആത്മ സുഹൃത്  അഡ്വക്കേറ്റ് ഡോക്ടർ കെ. വിജയകൃഷ്ണൻ. സ്കൂൾ മാനേജർ രാഘവൻപിള്ള സാറിന്റെ മകനും.
വള്ളംകുളത്തെപ്പറ്റി എഴുതാനണെങ്കിൽ നൂറുകണക്കിന് എപ്പിസോഡുകൾ എഴുതി തീർക്കാൻ ഓർമ്മകൾ ബാക്കി...
വായനക്കാരെ ബോറടിപ്പിക്കരുതല്ലോ.  മുൻപ് പറഞ്ഞ ഒരു കാര്യം കുടിപ്പറഞ് ഈ വിഷയം അവസാനിപ്പിക്കാം.
വള്ളംകുളം ജംഗ്ഷനിൽ സ്കൂളിനോട് ചേർന്നുള്ള രാഘവൻപിള്ള സാറിന്റെ പതിന്നാലു സെന്റ് സ്ഥലവും നാലുമുറി കടയും ഞാൻ വാങ്ങാനുണ്ടായ കാരണ
മറിയാൻ പലരും ഒരു എപ്പിസോഡിൽ ചോദിച്ചിരുന്നു.  അച്ഛനിൽ നിന്ന് കേട്ടറിഞ്ഞ വളരെപ്പഴയഒരോർമ്മ. എന്റെ ബാല്യത്തിൽ അച്ഛൻ വീടിനടുത്തു നല്ല രീതിയിൽ പലചരക്കു കട നടത്തിയിരുന്നു. ആയിടക്കാണ് വള്ളംകുളത്തുള്ള ഈ സ്ഥലത്തു രാഘവൻപിള്ളസാർ നാലു മുറി കട പണിയുന്നത്. അതിലൊരു മുറികട അച്ഛന് പലചരക്ക്  ബിസിനസ് അൽപ്പം കുടി വിപുലമായി നടത്താൻ വാടകയ്ക്ക് ചോദിച്ചു.  സാർ അത് കൊടുക്കാൻ തയ്യാറായില്ല. കാരണം വാടക കൃത്യമായി എല്ലാമാസവും  കൊടുക്കാൻ 
ശേഷിയില്ലാത്ത ഒരു ചെറുകിട വ്യാപാരിയാണ് അക്കാലത്തു എന്റെ അച്ഛൻ  എന്നുള്ള സംശയം തന്നെ. കാലചക്ക്രം തിരിഞ്ഞുകൊണ്ടിരുന്നു. എഴുപതുകളുടെ അവസാനത്തിൽ ഈ സ്ഥലം വിൽക്കാൻ രാഘവൻപിള്ള സാർ ബാധ്യസ്ഥനായി. അന്ന് ഞാൻ കുവൈറ്റിലാണ്. ഫോണുമൊന്നും കിട്ടാൻ വിഷമമുള്ള കാലഘട്ടം. എഴുത്തിലൂടെ വിവരമറിഞ്ഞ ഞാൻ ആ സ്ഥലവും കടകളും ചോദിക്കുന്ന വില കൊടുത്തു വാങ്ങാൻ എഴുതി.എന്റെ എഴുത്തു കിട്ടിയ ഉടൻ അച്ഛൻ രാഘവൻ പിള്ള സാറിനെ കാണാൻ വീട്ടിലെത്തി . കൂടെ ഇടനിലക്കാരനായി ഞങ്ങളുടെ അടുത്തുള്ള ഒരാൾ കുടി ഉണ്ടായിരുന്നു . അവിടെ ചെന്നപ്പോഴേക്ക് സാർ ആ വസ്തു പുറമറ്റത്തുള്ള അബുധാബിയിൽ ജോലിയുണ്ടായിരുന്ന ഒരു മെയിൽ നേഴ്സ് വര്ഗീസിനു ഒരു ലക്ഷം രൂപയ്ക്ക് വിറ്റതായി കരാറായി പോലും. നിരാശനായി വീട്ടിലേക്കു മടങ്ങിയെത്തിയ അച്ഛൻ  എഴുത്തിലൂടെ
യാണ് എന്നെ വിവരം അറിയിച്ചത്. 
ആ വര്ഷം തന്നെ ഞാൻ അവധിക്ക് നാട്ടിലെത്തി. ഗൾഫിൽ നിന്നുള്ള എന്റെ രണ്ടാമത്തെ വരവ്. അപ്പോൾ പുറമറ്റംകാരൻ വസ്തു വാങ്ങിയ വര്ഗീസിന്റെ പിതാവ് എന്നെ കാണാൻ വീട്ടിലെത്തി. ഇതിന്റെയൊക്കെ പിന്നിൽ ദല്ലാളന്മാരുടെ കൈകളുണ്ടന്ന് ഞാൻ പറയാതെ തന്നെ വായനക്കാർക്കറി
യാമെന്നു വിശ്വസിക്കട്ടെ. അദ്ദേഹം കരാറെഴുതിയ വസ്തുവിൽ വലിയ താൽപ്പര്യമില്ല. ഒന്നര ലക്ഷമാണെങ്കിൽ എനിക്കെഴുതി തരാമെന്ന് പറഞ്ഞു സമ്മതമുറപ്പിച്ചു. ആറു മാസത്തെ കാലാവധി വച്ച് ആ വസ്തു ഞാൻ സ്വന്തമാക്കി.അവധി കഴിഞ്ഞു മടങ്ങി പോകുന്നതിനു മുൻപ് അച്ഛനോട് അവിടെ ബിസിനസ്സ് വല്ലതും നടത്താൻ താൽപ്പര്യ
മുണ്ടോ എന്ന് ചോദിച്ചപ്പോൾ ഇനി അതിനൊരു ബാല്യമില്ലന്നു അച്ഛൻ തുറന്നു പറഞ്ഞു. അപ്പോൾ ഞാൻ വസ്തുവിന്റെ മുൻപിൽ റോഡിനോട് ചേർന്ന് ചുറ്റും മതിൽ കെട്ടി ഒരു വലിയ ഗേറ്റിട്ട ശേഷം അച്ഛന്റെ പേരു അവിടെ എഴുതി വെച്ച അച്ഛന് ആത്മസംതൃപ്തിയുണ്ടാക്കി കൊടുത്തു.
അങ്ങനെ വള്ളംകുളം ജംഗ്ഷനിൽ അച്ഛനുമൊരു അഡ്ഡ്രസ്സുണ്ടായി. ഇടയ്ക്കിടെ അച്ഛൻ അവിടെപ്പോയി പൂട്ടിയിട്ട ഗേറ്റ് ഒക്കെ തുറന്നു നോക്കി കണ്ടശേഷം മടങ്ങി കാറിൽ കയറുമ്പോഴു
ണ്ടാകുന്ന ഒരു അഭിമാനമുണ്ടല്ലോ... അത് ഞാൻ അവധിക്കു നാട്ടിൽ വരുമ്പോൾ പലപ്പോഴും അച്ഛന്റെ മുഖഭാവത്തിൽ നിന്ന് ഞാൻ വായിച്ചെടുത്തിട്ടുണ്ട്. മനുഷ്യരല്ലേ? എന്തൊക്കെയോ നേടിയെന്ന ആത്മസംതൃപ്തി. ഏതായാലും കാലം ആർക്കു വേണ്ടിയും കത്ത് നിൽക്കാറില്ലല്ലോ. അച്ഛന്റെ കാലവും കഴിഞ്ഞു. അപ്രതീക്ഷിതമായി ഞാനും വളരെ വിദൂരത്തിലുള്ള രാജ്യത്തേക്ക് ചേക്കേറിയപ്പോൾ, ആ വസ്തു സുഹൃത്തും ഗൾഫ് കോടിശ്വരനുമായ നാസ്സർ അൽ ബദ്ദാഹ് എബ്രഹാമിന് വിറ്റു.  അവര് ആ പേരും മതിലുമൊക്കെ പൊളിച്ചു കളഞ്ഞു. ബിസിനസ്സ് കോംപ്ലക്സ് ആക്കി മാറ്റി.  അങ്ങനെ അതും വള്ളംകുളത്തിന്റെ ഓർമ്മകളുടെ ഭാഗമായി എന്റെ ഇനിയുള്ള കാലത്തോളമിരിക്കട്ടെ... 
സഹകരിച്ച എല്ലാവരോടും കടപ്പെട്ടിരിക്കുന്നു.മറ്റൊരു ഓർമ്മക്കുറിപ്പുമായി വരാമെന്ന പ്രതീക്ഷയിൽ. 
തുടരും...