വള്ളംകുളം ജംഗ്ഷൻ...എന്റെ ഓർമ്മയിൽ...(ഭാഗം മുന്ന് ).

വള്ളംകുളം ജംഗ്ഷൻ...എന്റെ ഓർമ്മയിൽ...(ഭാഗം മുന്ന് ).
ഞാൻ മുൻപ് പറഞ്ഞ വള്ളംകുളം പാലത്തിനടുത്തുള്ള കുമ്മായപ്പുരയുടെ അടുത്ത് മറ്റൊരു വീടുണ്ടായിരുന്നു. അന്ന് ഞങ്ങൾ അപ്പർ പ്രൈമറി ക്ലാസ്സിൽ പഠിക്കുമ്പോൾ ആ വീട്ടിൽ വടക്കേ ഇന്ത്യയിൽ ആയിരുന്ന ഒരു കുടുംബം മടങ്ങി വന്ന് അവിടെ താമസമായി. അമ്മയും രണ്ട് പെൺകുട്ടികളും. അകാലത്തിൽ വടക്കേ ഇന്ത്യയിൽ ജോലിയിൽ ആയിരുന്ന അവരുടെ അപ്പൻ മരിച്ചുപോയി. അതാണ് മടങ്ങിവന്ന് അവിടെ അന്നത്തെ വാടകവീട്ടിൽ താമസമായത് .അന്ന് ആ രണ്ട് പെൺകുട്ടികളെയും വള്ളംകുളം അപ്പർ പ്രൈമറിയിലാണ് ചേർത്തത്. മൂത്തകുട്ടി ആലീസ് എന്റെ ക്ലാസ്സിലായിരുന്നു, അടുത്ത കുട്ടി രണ്ട് ക്ലാസ്സ് താഴെ. ഇവർക്ക് മലയാളം ശരിക്കറിയില്ലായിരുന്നു .റഫിസാബിന്റെയും ലതാജിയുടെയും പാട്ടുകൾ സ്കൂൾ പരിപാടികളിൽ അവർ പാടിയിരുന്നതായി ഓർക്കുന്നു . അന്ന് അതാരുടെ പാട്ടുകളാണാന്നൊന്നും എനിക്കറിയുമായിരുന്നില്ല. എന്തുകൊണ്ടോ ഈ രണ്ട് കുട്ടികൾക്കും എന്നെ വളരെയിഷ്ടമായിരുന്നു. ഒരു ദിവസം ഉച്ചയ്ക്ക് എന്നെയും കൂട്ടി അവരുടെ വീട്ടിലേക്ക് കൊണ്ടുപോയി. അമ്മ ചോറ്റുപാത്രത്തിൽ തന്നുവിട്ട ഉച്ചഭകക്ഷണവും എടുത്തുകൊണ്ടാണ് അവരുടെ വീട്ടിൽ അന്ന് ഞാൻ പോയത്.
അവിടെവച്ച് ഞങ്ങൾ എല്ലാവരും ചേർന്നാണ് ആ ഭക്ഷണം കഴിച്ചത്. മറ്റൊരിക്കൽ അവർ രണ്ടുപേരും ഉച്ചയ്ക്ക് എന്റെ വീട്ടിൽവന്നു .അമ്മ അവർക്ക് ഉച്ചഭക്ഷണം ഒക്കെ കൊടുത്തു. പോകുമ്പോൾ അവരുടെ അമ്മയ്ക്ക് കൊടുക്കാനായി കൊഴുക്കട്ട, ഉണ്ണിയപ്പം, ഇതൊക്കെ ഉണ്ടാക്കി അവരുടെ കയ്യിൽ കൊടുത്തു വിട്ടതുമൊക്കെ ഓർമ്മയിൽ മായാതെ മറയാതെ ഇന്നും നിൽക്കുന്നു…
എന്നോ ഒരിക്കൽ അവർ അവിടെനിന്നും താമസം മാറിപ്പോയെന്നറിയാൻ കഴിഞ്ഞു. പലപ്രാവശ്യം അവരെയൊക്കെ അന്വേഷിച്ചു ഞാനവിടെ പോയിരുന്നങ്കിലും ചുറ്റുപാടുള്ള ആർക്കും അവരെപ്പറ്റി വ്യക്തമായി അറിയുമായിരുന്നില്ല. ആ റോഡിന്റെ മറു വശത്തുള്ള ചില വീടുകളുടെ പേരുകൾ ഇന്നും ഓർമ്മയിൽ. ഒരു വീട്ടുപേര് "ആറ്റുപുറത്ത് " എന്നായിരുന്നു. മറ്റൊന്ന് "അമ്പലത്തുങ്കൽ". അക്കാലത്തെ പ്രശസ്തമായ ചിലകുടുംബങ്ങൾ. അമ്പലത്തുങ്കൽ എന്ന വീട്ടിൽ ഓർമ്മയിൽ ഉണ്ടായിരുന്ന ഒരു പേര് "പാച്ചൻ കൊച്ചാട്ടൻ", ഭാസ്കരൻ നായരെന്നാണ് ശരിക്കും നാമധേയം...ലോപിച്ചു ലോപിച്ച് അത് പാച്ചരൻ കൊച്ചാട്ടനെന്നും പിന്നീട് പാച്ചൻ കൊച്ചാട്ടനയതാണെന്നും തോന്നുന്നു. അമ്പലത്തുങ്കൽ ഒരു കൃഷ്ണൻനായർ സാറുണ്ടായിരുന്നു. ഒരു ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് (First class judicial magistrate) എറണാകുളത്തായിരുന്നു താമസം. അദ്ദേഹത്തിന്റെ അമ്മ വീട് "മാഞ്ജിക്കുന്നത്ത്" എന്നായിരുന്നു . ആ കുടുംബത്തിലായിരുന്നു എന്റെ അച്ഛന്റെ അമ്മയുടെ വീട്...ആ വീടുകൾക്കപ്പുറത്ത് ഒരു ക്രിസ്ത്യൻ ഭവനം, അവിടെ രണ്ട് ഇരട്ട പെൺകുട്ടികൾ. അവർ ഞങ്ങളുടെ കൂടെ പഠിച്ചിരുന്നു .
ഒന്ന് അച്ചാമ്മ കുറിയാക്കോസ്. മറ്റേത് മറിയാമ്മ കുറിയാക്കോസ്‌. രണ്ടു പേരും ക്ലാസ്സിൽ ഹിന്ദി പാട്ടുകൾ പാടും. ഇന്നുമോർക്കുന്നു ആ പാട്ടുകളിലെ ആദ്യ വരികൾ. "സുൻ സുൻ സുൻ ബഡാ ബഡാ സുൻ" . ഓരോരോ ഓർമ്മകൾ ഇന്നും ബാല്യകാല ഓർമ്മകളായി .
വള്ളംകുളം ജംഗ്ഷനെപ്പറ്റി ഓർമ്മിക്കാൻ വന്ന ഞാൻ കാട് കയറി...!!! ക്ഷമിക്കണം…
നമ്മുക്ക് വള്ളംകുളം പാലത്തിലേക്കൊന്നു കയറാം...വള്ളംകുളം പാലത്തിന് വളരെ ചരിത്രപരമായ ഒരപഗ്രഥനമുണ്ട്. സത്യത്തിൽ ഈ പാലം ഇരവിപേരൂർ പഞ്ചായത്തിനെയും കവിയൂർ പഞ്ചായത്തിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന ഒരു കണ്ണിയാണ്. താഴെക്കൂടെ പമ്പാനദിയുടെ ഒരു കൈവഴിയായ മണിമലയാറൊഴുകുന്നു. ശതാബ്ദങ്ങൾക്ക് മുൻപ് ശബരിമല ക്ഷേത്രത്തിലേക്കുള്ള അന്നത്തെ ഒരു മാർഗം ഈ വഴിയായിരുന്നു. പാലമൊക്കെ വരുന്നതിന് മുൻപ് ഇവിടെ കടത്തുവള്ളമുണ്ടായിരുന്നിരിക്കണം...സത്യത്തിൽ വള്ളംകുളത്തിന് തിരുവല്ലാ കോഴഞ്ചേരി റോഡിൽ രണ്ട് പാലങ്ങളുണ്ട്… ഒന്ന്, ഈ പറയുന്ന കവിയൂർ പഞ്ചായത്തിനെയും ഇരവിപേരൂരിലുള്ള വെള്ളകുളത്തിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന "വള്ളംകുളം പാലം"... മറ്റൊന്ന് വള്ളംകുളം ജംഗ്ഷൻ കഴിഞ്ഞ് അല്പം മുന്നോട്ടുപോയാൽ കാണുന്ന പാടത്തുപാലം...അത് ഇരവിപേരൂർ പഞ്ചായത്തിലുള്ള വള്ളംകുളത്തിനെയും ഇരവിപേരൂരിനെയും കുട്ടി യോജിപ്പിക്കുന്ന "പാടത്തു പാലം"... ഈ രണ്ടു പാലങ്ങളും ബ്രിട്ടീഷുകാരുടെ കാലത്താണ് പണികഴിപ്പിച്ചിട്ടുള്ളത്. രണ്ടും സ്റ്റീൽ പാലങ്ങൾ. കഷ്ടിച്ചൊരു ലോറിക്കോ ബസിനോ കടന്നുപോകാൻ കഴിയുന്ന പാലങ്ങൾ...വഴിനടക്കാർ അക്കാലത്തു വണ്ടിയോ ലോറിയോ രണ്ടു സൈഡിൽ നിന്നും വരുന്നുണ്ടോ എന്ന് ശ്രദ്ധിച്ച ശേഷമേ പാലം കടന്നുപോകാറുള്ളൂ...!!! ഇപ്പോൾ മനസ്സിലായില്ലേ ഞങ്ങളുടെ വള്ളംകുളത്തിന്റെ മഹത്വം...ഇത് മാത്രമോ...? നിങ്ങളും ഞാനുമൊക്കെ ജനിക്കുമ്പോൾ മുതൽ വായിച്ച ആവേശം കൊള്ളുന്ന "മലയാള മനോരമ" ദിനപ്പത്രം ആരാണ് ആദ്യമായി തുടങ്ങി വച്ചതെന്നറിയാമോ...?
"കണ്ടത്തിൽ വർഗീസ് മാപ്പിള". അകാലത്തിൽ പൊലിഞ്ഞുപോയ വർഗീസ് മാപ്പിള 47 വയസ്സ് വരെ ജീവിച്ചിരുന്നുള്ളു (1857-1904) എങ്കിലും, മലയാള ഭാഷയ്ക്ക് മറക്കാനാവാത്ത ആ മഹാനുഭാവന് ജന്മംനൽകിയ നാടാണ് "വള്ളംകുളം"...മദ്ധ്യതിരുവതാംകൂറിലെ വളരെ പ്രശസ്തമായ ഒരു ക്രിസ്ത്യൻ കുടുംബം."കണ്ടത്തിൽ കുടുംബം"... നമ്മൾ പറഞ്ഞുവന്ന വള്ളംകുളം പാലം കയറി ഇറങ്ങിയാൽ, അര കാതം നടന്നാൽ ആ പുരാതന കുടുംബം കാണാം...ജേർണലിസം, വിവർത്തനം, പ്രകാശനം, ഈ മുന്ന് മേഖലയിൽ മലയാളഭാഷയെ ഏറെ സ്നേഹിച്ച വർഗീസ് മാപ്പിള, മണത്താളിൽ ഈപ്പൻ മാപ്പിളയുടെ നാലാമത്തെ പുത്രനായിരുന്നു (1857ൽ)...കുറേക്കാലം തിരുവതാംകൂർ ട്രഷറിയിൽ ജോലിചെയ്ത ശേഷം, സ്കൂൾ അധ്യാപകനായിരിക്കുമ്പോൾ,1881ൽ കൊച്ചിയിൽ നിന്ന് പുറത്തു വന്ന "കേരളം മിത്രം" മാസികയിൽ എഡിറ്ററായി , അദ്ദേഹം അവിടെ ചേർന്ന് ജീവിതം മുന്നോട്ടു പോകുന്ന കാലഘട്ടം...ജേർണലിസത്തെ സ്നേഹിച്ചിരുന്ന, സാഹിത്യത്തെ താലോലിച്ചിരുന്ന, പത്രപ്രവർത്തനത്തെ സ്വപ്നം കണ്ടിരുന്ന, വർഗീസ് മാപ്പിള 1888ൽ "മലയാള മനോരമ കമ്പനി" സ്വന്തമായി സ്ഥാപിച്ചു...1890 മാർച്ച് 22ന് ആദ്യപ്രതി പുറത്തുവന്നു ...."മലയാള മനോരമ" എന്ന പേരിട്ടതാണന്നറിയാമോ? കൊച്ചി മഹാരാജാവ് മലയാള അക്ഷരമാലയെ നവീകരിച്ച് പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്… ആർക്കൊക്കെ ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും "മലയാള മനോരമ" ഇന്നും മലയാളി ഏറ്റെടുത്ത പത്രമാണ് അതിനു ജന്മം കൊടുത്തവൻ ഞങ്ങളുടെ വള്ളംകുളത്തുകാരൻ…
എന്നാൽ വർഗീസ് മാപ്പിളയുടെ മക്കളൊന്നും മലയാള മനോരമക്ക് വേണ്ടത്ര പ്രാധാന്യം കൊടുക്കാൻ മുന്നോട്ടു വന്നില്ല. പകരം ജേഷ്ഠ സഹോദരന്റെ മകൻ
കെ.സി. മാമ്മൻ മാപ്പിള എഡിറ്ററായി ചേർന്ന് മലയാള മനോരമയ്ക്ക് പുതിയ ഭാവവും ഭാവപ്പകർച്ചയുമുണ്ടാക്കി...പക്ഷേ ഈപ്പറയുന്ന കണ്ടത്തിൽ മാമ്മൻ മാപ്പിള ഇന്ത്യൻ സ്വാതന്ത്ര്യസമരസേനാനി ആയിരുന്നെങ്കിലും, ഒരു തികഞ്ഞ കമ്മ്യൂണിസ്റ്റ് വിരോധിയായിരുന്നു...!!! കേരളത്തിൽ ഒരു കമ്മ്യൂണിസ്റ്റ് ഭരണം വന്നാൽ ഞാൻ ആത്മഹത്യചെയ്യുമെന്ന് അദ്ദേഹമൊരിക്കൽ തുറന്നെഴുതിയതായി ഓർമ്മിക്കുന്നു , പക്ഷേ അതിനൊന്നും കാലം കാത്തുനിന്നില്ല , 1953ൽ അദ്ദേഹം കാലയവനികയ്ക്കുള്ളിൽ മറഞ്ഞു. ഈ ചരിത്രങ്ങളെല്ലാം അദ്ദേഹത്തിന്റെ എട്ടാം അംഗുലീയത്തിൽ എഴുതിയിട്ടുണ്ട്. ഇന്നത്തെ തലമുറയ്ക്ക് അന്യമായ ഗതകാലസ്മരണകൾ...
ഇനിയുമറിയണ്ടേ അറിയാത്ത ചരിത്രമുറങ്ങുന്ന വള്ളംകുളത്തെപ്പറ്റി...?
തുടരും...