വള്ളംകുളം ജംഗ്ഷൻ...
എന്‍റെ ഓര്‍മ്മയില്‍ - ഭാഗം 2.
----------------------------------------------------------------
എഴുതുന്നത് - രാധാകൃഷ്ണന്‍ നായര്‍
(ന്യൂസിലാന്‍ഡ്.)
-----------------------------------------------------------------
തോട്ടഭാഗത്തുള്ള പ്രശസ്തമായ ഡോക്ടർ അനിയൻ കുഞ്ഞിന്റെ ആശുപത്രിയെപ്പറ്റി മുൻഭാഗത്തിൽ പറഞ്ഞിരുന്നല്ലോ... ഇനി നമുക്കവിടുന്നു വള്ളംകുളത്തേക്ക് ഒന്ന് നടക്കാം...തോട്ടഭാഗം ആശുപത്രി ജംഗ്ഷൻ കഴിഞ്ഞു ഒരു അഞ്ച് മിനിറ്റു നടന്നാൽ ഇന്നത്തെപ്പോലെ കെട്ടിടസമുച്ചയങ്ങളൊ
ന്നുമില്ല.പുനരുദ്ധാരണം ചെയ്തു പരിഷ്കരിച്ച ഇന്നത്തെ അമ്പലമൊന്നുമില്ല...
രണ്ട് നേരവും കഷ്ട്ടിച്ചു തിരികൊളുത്തുന്ന കുടുംബക്കാവിന്റെ മുഖച്ഛായയുള്ള ഒരു ചെറു ക്ഷേത്രം അൽപ്പം അകലെയായി വലത്തു
ഭാഗത്തു ആ പഴയ കാലങ്ങളിൽ സൂക്ഷിച്ചു നോക്കിയാൽ കാണാമെന്ന് തോന്നുന്നു...
റോഡിന്റെ ഇടതുഭാഗത്തായി ഭൂമിയുടെ രണ്ട് തട്ടിലായി മേൽഭാഗത്തു രണ്ട് വലിയ കൂറ്റൻ ക്രിസ്ത്യൻ ദേവാലയങ്ങൾ...ഞങ്ങളുടെ
യൊക്കെ ചെറുപ്പത്തിലേ ഏറ്റവും വലിയ ആകർഷണമായിരുന്നു ഈ രണ്ട് ദേവാലയങ്ങൾ...ഇന്നതൊക്കെ വിസ്തരിച്ചു വിപുലപ്പെടുത്തിയിട്ടുണ്ട്.ഇതിൽ താഴത്തെ പള്ളി കത്തോലിക്കാ സമുദായത്തിലെ ഒരു വിഭാഗത്തിന്റെയും, മുകളിലത്തെ പള്ളി സുറിയാനി ക്രിസ്താനികളിലെ ഒരു വിഭാത്തിന്റെയും പള്ളിയാണ്...
എനിക്ക് ചെറുപ്പത്തിൽ പലപ്പോഴും തോന്നിയിട്ടുള്ള ഒരു സംശയം ക്രിസ്താനികളും മുസ്ലിങ്ങളും ഏകദൈവ വിശ്വാസികളാണ് എന്നാണ് കേട്ടിട്ടുള്ളത്...പിന്നെന്തിനാണ് ഒരു സ്ഥലത്തു തന്നെ പല പള്ളികളും...? പല മോസ്‌കുകളും...? ഹിന്ദുക്കൾക്ക് ഒരുപാടു ദൈവങ്ങൾ ഉള്ളത് കൊണ്ട് ഒരു സ്ഥലത്തു തന്നെ പല അമ്പലങ്ങളുണ്ടാകുമല്ലോ...!!!
എന്റെ സംശയങ്ങൾക്ക് ആദ്യം കിട്ടിയ മറുപടി എന്റെ അച്ഛന്റെ പക്കൽ നിന്നാണ്...എല്ലാ വിശ്വാസങ്ങളും
ആത്മജ്യോതിസ്സിന്റെ കാലടിയിൽ ചെന്നെത്തുന്നു മോനെ...
ഏതു സ്ഥലത്തു ചെന്ന് പ്രാർത്ഥിക്കുന്നു.
ആരെ പ്രാർത്ഥിക്കുന്നു.ഇതിലൊന്നുമല്ലാ പ്രസക്തി.എങ്ങനെ മനസ്സുറപ്പിച്ചു അല്ലങ്കിൽ മനസ്സിൽ തട്ടി പ്രാർത്ഥിക്കുന്നുവോ അതിനാണ് പ്രസക്തി...
"സർവ്വദേവ നമസ്കാരം കേശവം പ്രതിഗച്ഛതി"...
അങ്ങനെ ഇരിക്കുന്ന കാലത്താണ് എനിക്കൊരു വലിയ സുഹൃത്തിനെ കിട്ടിയത്...ഒരു പെന്തക്കോസ് വല്യമ്മച്ചി...വള്ളംകുളം സ്കൂളിൽ നിന്ന് അന്നുണ്ടായിരുന്ന ഒരു ഇടവഴിയിലുടെ എന്റെ വീട്ടിലേക്ക് വരുമ്പോൾ, മറ്റൊരു വീട്ടിൽ കയറിയാണ് എന്റെ വീട്ടിൽ എത്താറുള്ളത് .കുന്നത്ത് മണ്ണിൽ തോമാച്ചായന്റെ വീട്...അന്ന് എന്റെ കുട്ടുകാരായിരുന്ന കുന്നത്ത്മണ്ണിലെ
രാജു, തങ്കച്ചൻ, ബേബി,(ഇവരെല്ലാം തന്നെ കാലയവനികക്കുള്ളിൽ പോയിട്ട് വർഷങ്ങൾ ഏറെ ആയി) തുടങ്ങിയവരുടെ വല്യമ്മച്ചി...അമ്മച്ചി വലിയ ദൈവ ഭക്തയായിരുന്നു. സത്യത്തിൽ ജോർദാൻ, സിറിയ, ലെബനൻ, പലസ്‌തീൻ, മുതലായ സ്ഥലങ്ങളിലൊക്കെ പോകാൻ എനിക്ക് ആവേശവും അടിത്തറയിട്ടതും അമ്മച്ചി ആയിരുന്നു...എന്നോടൊരു പ്രത്യേക സ്നേഹം അമ്മച്ചിക്കുണ്ടായിരുന്നു.
കാരണം, അമ്മച്ചി പറയുന്ന കാര്യങ്ങൾ ഞാൻ ശ്രദ്ധയോടെ കേൾക്കും...
അമ്മച്ചിയാണ് ആദ്യമായി ഒരു ചെറിയ പുസ്തകം എനിക്ക് സമ്മാനമായി തന്നിട്ടുള്ളത്. "തമ്പിയുടെ ഹൃദയം". അതിലെ കഥ എന്നേപ്പോലൊരു ബാലന്റെ മനസ്സിൽ കയറി വരുന്ന ദുഷ്ചിന്തകളെ തുടച്ചു മാറ്റി, ദൈവവിളിയും വെളിച്ചവും വരുന്ന കൊച്ചു കഥ...ഒരായിരം പ്രാവശ്യം ആ പുസ്തകം ഞാൻ വായിച്ചിട്ടുണ്ടാകും...
അമ്മച്ചിയോടെ എന്റെ കൊച്ചു മനസ്സിൽ തോന്നിയ ആ സംശയം ഒരിക്കൽ ഞാൻ ചോദിച്ചു..."എന്തിനാ അമ്മച്ചി നമ്മുടെ ഇവുടുത്തെ പള്ളി ഉള്ളപ്പോൾ, തൊട്ടപ്പുറത്തൊരു ചാപ്പൽ...!!!
ഒരു ദൈവം മാത്രമേ ഉള്ളന്നാണല്ലോ അമ്മച്ചി സാധാരണ പറയാറുള്ളത്"...
അന്നത്തെ ആ അമ്മച്ചി ഇന്ന് ജീവിച്ചിരിപ്പില്ല... പക്ഷെ അന്നത്തെ അവരുടെ ആ വാക്കുകൾ ഏതാണ്ട് അറുപതു വർഷങ്ങൾക്കു ശേഷവും ഞാനതു നിങ്ങളോട് പറയുന്നു എങ്കിൽ "അമ്മച്ചി ഇന്നും ജീവിക്കുന്നു" എന്നർത്ഥം...
"എല്ലാം കള്ളമാരാ മോനെ...ഒന്നിനേം വിശ്വസിക്കാൻ കൊള്ളത്തില്ല...ഓരോ കാലങ്ങളിലും, അധികാരത്തിനും പദവിക്കും പത്രാസിനും സമ്പത്തിനും വേണ്ടി പരിശുദ്ധാത്‌മാവിന്റെ പേരും പറഞ്ഞു ഓരോന്ന് കാട്ടിക്കൂട്ടുകയാ മോനെ...ഇവരുടെയൊന്നും ഏഴ് അടുത്തൂടെ ദൈവപ്രമാണങ്ങൾ കടന്ന് ചെല്ലത്തില്ല...ഒരു കൂട്ടര് വത്തിക്കാന്റെ ആൾക്കാർ.മറ്റൊരു കൂട്ടർ അന്ത്യോഖ്യായുടെ ആൾക്കാർ. വേറൊരു കൂട്ടർ ദേവലോകം അരമനയുടെ കൂടെ. ചിലർ ദൈവപുത്രനെ വിളിക്കുന്നു .ചിലർ കന്യാമറിയാമിനെ സ്തുതിക്കുന്നു .ചിലർ ഗീവർഗീസ് പുണ്യവാളനെ കൊണ്ട് നടക്കുന്നു. ഞാൻ ചോദിച്ചു? "അമ്മച്ചി ഇതിൽ ആരുടെ കൂടാ"...മോനെ ഞാൻ പരിശുദ്ധാത്മാവിന്റെ നേർ വഴിയിലാണ്. എന്നെപ്പോലെയുള്ളവർക്കു പള്ളിയും പട്ടക്കാരുമൊന്നും വേണ്ട മോനെ.ഈ
പെരുവഴി ധാരാളം...മോൻ നോക്കിക്കേ...
അമ്മച്ചീട് കഴുത്തിലോ കാതിലോ വിരലിലോ എവിടെയെങ്കിലും സ്വർണ്ണാഭരണങ്ങൾ കെട്ടി തൂക്കിയിട്ടുണ്ടോ...? ഓരോ അവളുമാരെ കാതിലും കഴുത്തിലും ചെവിയിലും മുക്കിലുമൊക്കെ എത്ര കിലോ സ്വർണ്ണവും തൂക്കിയിട്ടുകൊണ്ട ഞാറാഴ്ച്ച കാലത് പള്ളിയിലും അമ്പലത്തിലുമൊക്കെ പോകുന്നതെന്നു മോൻ കണ്ടിട്ടില്ലേ...?
വെറുതെ ആള് കാണിക്കാൻ പോവാ മോനെ...അല്ലാതേ ദൈവവിളി ശ്രദ്ധിക്കാനൊന്നുമല്ല മോനെ..."
ആ സാധു സ്ത്രീ നിഷ്ക്കളങ്കമായി പറഞ്ഞ വാക്കുകൾ ഇന്നും എനിക്ക് അമ്പലത്തിലോ പള്ളിയിലോ മോസ്ക്കിലോ എവിടെപ്പോയാലും ഓർമ്മ വരും...
അമ്മച്ചി പറഞ്ഞത് അപ്പാടെ ഉൾക്കൊള്ളാ
നുള്ള പ്രായമോ പക്വതയോ എനിക്കന്നുണ്ടാ
യിരുന്നില്ല. പക്ഷേ ഒന്ന് മനസ്സിലായി... ക്രിസ്ത്യൻ സമൂഹവും പലരീതിയിലും,പല തരത്തിലും, പ്രാര്ഥിച്ചാണ് ഈ ഏകദൈവത്തിലേക്കെത്തുന്നത്...
മുസ്ലിം സമൂഹവും മറിച്ചല്ല. അതിന്റെ ആധികാരികത ഞാൻ കുവൈറ്റിൽ ചെന്ന്
കുറെ വർഷങ്ങൾക്ക് ശേഷമാണ് ശരിക്കും നേരിട്ട് കണ്ട് മനസ്സിലാക്കിയായത്.
അത് അടുത്ത ലക്കത്തിൽ പറയാമെന്നു പ്രതീക്ഷിക്കുന്നു. തല്ക്കാലം നമ്മുക്ക് വെള്ളകുളത്തേക്കു മടങ്ങാം...
അക്കാലത്തു തോട്ടഭാഗം മുതൽ വള്ളംകുളം വരെ നടന്നാൽ ഇന്നത്തെ പ്പോലെ കടകളോ കെട്ടിട സമുച്ചയങ്ങളൊ ഒന്നും തന്നെ കാണാനുണ്ടായിരുന്നില്ല. ആകെക്കൂടെ ഓർമ്മയിലുള്ളത് മുകളിൽ പറഞ്ഞ പള്ളികളുടെ എതിർ വശത്തു പേര് കേട്ട ഒരു മുറുക്കാൻ കട മാത്രം. ഒരു ചെറിയ ഓല കെട്ടിയ മാട കട. ആ കടയിലെ "സാമ്പാരം" അതായതു "മോരും വെള്ളം" അക്കാലത്തു വളരെ പ്രശസ്തമായിരുന്നു എന്ന് എനിക്ക് മുൻപുള്ളവർ പറഞ്ഞു കേട്ടിട്ടുള്ള അറിവ് മാത്രം...ആ മാടക്കടയിലെ സോഡാ പൊട്ടിച്ചൊഴിച്ച നാരങ്ങാ വെള്ളവും വളരെ പ്രശസ്തി പെറ്റതാണ് . ആ കടയുടമയെ കണ്ടതായി ഓർക്കുന്നു .വെളുത്തു നീളംകൂടിയ കപ്പടാ മീശയൊക്കെയുണ്ട് .കൈലിയാണ് വേഷം. മുറുക്കിത്തുപ്പി മീശമേൽ മുറുക്കാൻ പതയൊക്കെ നിറഞ്ഞിരിക്കുന്നത് ഓർമ്മയിൽ...
അവുടുന്നല്പം മുന്നോട്ട് നടക്കുമ്പോൾ ഒരു വളവ് വരും .ഇടത് ഭാഗത്തു താഴത്തെ പള്ളിമേടയുടെ ചുറ്റുമതിൽ .വലുത് ഭാഗത്തു താഴോട്ടൊരു ഇറക്കം .ആ ഇറക്കത്തിൽ നിന്ന് നോക്കിയാൽ ഞങ്ങളുടെ മണിമലയാറ് കാൽച്ചിലങ്ക ഒക്കെയണിഞ് കിലുങ്ങി കിലുങ്ങി പുളിക്കിഴ് ഭാഗത്തേക്ക് ഓടി ഒളിക്കുന്നത് കാണാനൊരു ചേലുണ്ട്...
അവിടെ നമ്മുക്കധികനേരം നോക്കി നിൽക്കാനൊന്നും സമയമില്ല. വീണ്ടും മുന്നോട്ടു നടക്കുമ്പോൾ, വലത്തോട്ടൊരു വളവ്. അപ്പോൾ കാണാം ഏറെ ചരിത്രങ്ങളുറങ്ങുന്ന വള്ളംകുളം പാലം... ബ്രിട്ടീഷുകാരുടെ കാലത്തുണ്ടാക്കിയ ഒരു പലമാണത്. ഇന്ന് കാണുന്ന പാലമല്ല അന്നുണ്ടായിരുന്ന പാലം. ആ പാലത്തിലേക്ക് കയറുന്നതിനു മുൻപ് ഒരു ചെറിയ ബോർഡ് അവിടെ സ്ഥാപിച്ചിരിക്കുന്നത് കാണാം. അതിൽ ഇങ്ങനെ എഴുതിയിരിക്കുന്നു.
"രോഗികളുടെ ശ്രദ്ധയ്ക്ക്. സന്നർശിക്കുക. മൂശാരി വൈദ്യൻ. സ്ഥലം ഞാലികണ്ടം. കവിയൂർ. സമയം കാലത്തു പത്തു മുതൽ പന്ത്രണ്ട് വരെ. വൈകിട്ട് നാലു മുതൽ ആറു വരെ".
അക്കാലങ്ങളിൽ ഇത്തരം നാട്ടു വൈദ്യന്മാരുടെ പേരുകൾ പറഞ്ഞു കേട്ടിരുന്നു. കൊട്ടാരം വൈദ്യൻ, സർക്കാർ വൈദ്യൻ... അലോപ്പതി ചികിത്സ വരുന്നത് വരെ ഇത്തരം പേരുകൾ അക്കാലങ്ങളിൽ പറഞ്ഞു കേൾക്കാറുണ്ടായിരുന്നു. എന്റെ ഓർമ്മയിൽ അമ്മയുടെ വീടിനടുത്തു ഇടനാട്ടിൽ ഒരു തുടക്കര വൈദ്യനെപ്പറ്റി അമ്മയും അമ്മാവന്മാരും സർവ്വ സധാരണമായി പറഞ്ഞു കേട്ടിരുന്നു...
നമ്മൾ നടന്നു വന്ന വഴിയുടെ രണ്ട് വശങ്ങളിലും കൊച്ചു കൊച്ചു വീടുകൾ. ഇടത്തരം കൃഷിക്കാർ. വീടിനു ചുറ്റും ചേന, വാഴ, ചെമ്പു, കാച്ചിൽ, കിഴങ്ങു, തെങ്ങ്, അടയ്ക്ക മരം, കപ്പ കൃഷി, അങ്ങനെയുള്ള ഗ്രാമീണ പശ്ചാത്തലമാണ് റോഡിന്റെ ഇരു വശങ്ങളിലും... പാലത്തിലേക്ക് കാലെടുത്തു വയ്ക്കുന്നതിന് മുൻപ്, ഇടതു ഭാഗത്തു അൽപ്പം മുകളിലായി രണ്ടു വീടുകളുണ്ട്... ആറ്റിനോട് ചേർന്നുള്ള വീട് "കൊജ്ജ്നിക്കന്റെ കുമ്മായക്കട"...
അക്കാലങ്ങളിൽ വീടുകൾക്ക് പെയിന്റ് അടിക്കുന്ന രീതികളൊന്നുമുണ്ടായിരുന്നില്ല. തടിയിൽ മെനഞ്ഞെടുത്ത വീടുകൾക്ക് പെയിന്റ് അടിക്കാറില്ല. പിന്നെ കല്ലുകൾ കൊണ്ട് നിർമ്മിച്ച ഭിത്തികൾ ഉള്ള വീടുകൾക്ക് കുമ്മായം തേക്കുന്ന ഒരു രീതിയായിരുന്നു. അതിനു തമാശയായി "വെള്ള പൂശുക" എന്നൊരു വാക്കായിരുന്നു ഉപോയിഗിക്കുക. അന്ന് അതിനു വേണ്ട കുമ്മായം നിർമ്മിക്കുന്ന ഏകസ്ഥാപനം കൊഞ്ജിക്കന്റെ വീടിനോടു ചേർന്നുള്ള കുമ്മായ പുരയാണ്. ശരിക്കും "കൊഞ്ജ്ഞിക്കൽ" എന്നത് വീട്ടുപേരായിരുന്നു.ഈ കുമ്മായ കച്ചവടം നടത്തിക്കൊണ്ടിരുന്ന ആളിന്റെ പേര് തോമ്മാ എന്നോ അവറാ എന്നോ മാത്തു അങ്ങനെയെന്തോ ആണെന്നാണ് എന്റെ ഒരോർമ്മ...ഭാഷയിൽ തോമസ് തോമ്മയാകും. അവറാച്ചൻ അവറാ ആകും. മാത്യു മാത്തു ആകും. പക്ഷേ ഇവിടെ പേരെല്ലാം മാറി വീട്ടു പേരിനോട് ചേർത്ത് പാവത്തിന്റെ പേര് "കോജ്ഞിക്കൻ" എന്നായിപ്പോയി...
തുടരും...