വള്ളംകുളം ജംഗ്ഷൻ... എന്‍റെ ഓര്‍മ്മയില്‍ (ഭാഗം-4)

വള്ളംകുളം ജംഗ്ഷൻ...
എന്‍റെ ഓര്‍മ്മയില്‍  (ഭാഗം-4)
-------------------------------------------------------
തയ്യാറാക്കിയത് - രാധാകൃഷ്ണന്‍ നായര്‍
                                    (ന്യൂസിലാന്‍ഡ്)
=====================================
വള്ളംകുളത്തിന്റെ പ്രശസ്തി മണിമല ആറ്റിലൂടെ വള്ളം തുഴഞ്ഞു പോകുന്നത് പോലെ നീണ്ട് നിവർന്നു പരന്നു കിടക്കുന്നു...
മലയാള സിനിമയുടെ ബാല്യ കാലം. വിസ്‌മൃതിയിൽ ആണ്ടു പോയ ഒരുപാടു പേരുകളുണ്ടാകാം.എന്നാൽ കെ.വി.കോശി  എന്ന പ്രതിഭ ശാലിയെ മറക്കാനിടയില്ല...
"വെള്ളി നക്ഷത്രം" എന്ന മലയാളസിനിമ 1949ൽ നിർമ്മിച്ച് കൊണ്ടാണ് ശ്രീമാൻ കോശിയുടെ രംഗപ്രവേശനം. മലയാള സിനിമയിൽ "വിതരണം(Distribution)" എന്നൊരു സംഗതി കണ്ടെത്തിയത് കോശി തന്നെയാണ്...അന്ന് കേരളമാകെ കഷ്ടിച്ചൊരു 20 സിനിമ കൊട്ടക മാത്രമാണ് ഉണ്ടായിരുന്നത്.  ഞാനിപ്പറഞ്ഞ കെ.വി. കോശിയും മുൻപ് പറഞ്ഞ കണ്ടത്തിൽ കുടുംബത്തിന്റെ ഒരു ശാഖയിലെ അംഗമാണ്. തലമുറയായി വളരെയധികം സാമ്പത്തിക ഭദ്രതയുള്ള ഒരു കുടുംബമായിരുന്നു കോശിയുടെ കുടുംബം.കോശിയുടെ സഹോദരൻ എഞ്ചിനീയർ വർഗീസ് അക്കാലത്തെ
അറിയപ്പെടുന്ന  ഒരു വലിയ കോടിശ്വരനായിരുന്നു. പേരുപറഞ്ഞു ആരും അദ്ദേഹത്തെ വിളിക്കുമായിരുന്നില്ല. "എഞ്ചിനീയർ" എന്ന് മാത്രമേ സംബോധന ചെയ്തിരുന്നുള്ളു.അക്കാലത്തു കൊച്ചി രാജാവിന് പണം കടം കൊടുത്തു സഹായിച്ച ക്രെഡിറ്റും എഞ്ചിനീയർ വർഗീസിന് മാത്രമേ  അവകാശപ്പെടാനുള്ളൂ.  ഇവരെല്ലാം താമസിച്ചിരുന്നത് വള്ളംകുളത്തു നിന്ന് അൽപ്പം പടിഞ്ഞാറോട്ടു നടന്നാൽ എത്തിച്ചേരുന്ന "നന്നൂരാ"ണ്... ഇവർക്ക് പൈതൃകമായി ഉണ്ടായിരുന്ന കൊട്ടാര സദൃശ്യമായ വീട് ഇന്നുമുണ്ടന്നാണ് എന്റെ ഓർമ്മ...
1950ൽ, കെ.വി.കോശിയും, ഇപ്പോഴത്തെ സിനിമാനടൻ കുഞ്ചാക്കോ ബോബന്റെ പിതാവിന്റെ പിതാവ് കുഞ്ചാക്കോയും
(Udaya studio) ചേർന്ന്, "കെ ആൻഡ് കെ കമ്പനി" തുടങ്ങി. ആദ്യം നിർമ്മിച്ച സിനിമ മലയാളത്തിലെ എക്കാലത്തെയും പ്രശസ്തമായ സിനിമ ആയിരുന്ന "നല്ല തങ്ക"...മഹാനായ യേശുദാസിന്റെ  അച്ഛൻ അഗസ്റ്റിൻ ജോസഫ് ആയിരുന്നു ആ സിനിമയിലെ നായകൻ.ആ സിനിമയുടെ അത്യപൂർവമായ വിജയം കൊണ്ടാകണം തമിഴിലും ഈ സിനിമ "നല്ല തങ്കാൾ" 
എന്ന പേരിൽ റിലീസ് ചെയ്തു വിജയം കൊയ്തു...
1951ൽ കോശിയും കുഞ്ചാക്കോയും ചേർന്ന് എടുത്ത അടുത്ത ചിത്രമായിരുന്നു "ജീവിത നൗക"... എക്കാലത്തെയും പോപ്പുലറായ ഒരു ഹിന്ദി സിനിമയുടെ മലയാള വേർഷനായിരുന്നു ആ  ചിത്രം. തിക്കുറിശ്ശി സുകുമാരൻ നായർ നായകൻ. 264 ദിവസം തുടർച്ചയായി ആ  സിനിമ കേരളത്തിലെ 20 തീയറ്റുറുകളിൽ ഓടി. ഈ സിനിമ പിന്നെ തമിഴിലും മറ്റു ഭാഷകളിലും പുറത്തു വന്നു... 
അന്ന് നെല്ലെടു കവലയും കടന്നു ഇരവിപേരൂർ ജംഗ്ഷനടുക്കുമ്പോൾ മറ്റൊരു പാലം വരും."വരാപ്പാലം".തിക്കുറിശ്ശി സുകുമാരൻ നായർ, നന്നൂരിൽ ഉള്ള കോശിയുടെ വീട്ടിൽ നിന്നിറങ്ങി കോശിയുടെ കാറിൽ കയറി വരാപ്പാലത്തിന്റെ അടുത്തെത്തി സിനിമയുടെ ഷൂട്ടിംഗ് ഒക്കെ നടത്തിയ കഥ അന്നത്തെ പഴമക്കാർ പറഞ്ഞു നടന്നത് കേൾക്കാനിടവന്നിട്ടുണ്ട്...
"പ്രേംനസീർ" ആ പേരിൽ ആദ്യമായി അഭിനയിച്ച ചിത്രം "വിശപ്പിന്റെ വിളി" 1952ൽ നിർമ്മിച്ചത്  ഈപ്പറഞ്ഞ "കെ ആൻഡ്  കെ" കമ്പനിയായിരുന്നു...ഈ സിനിമയ്ക്ക് മുൻപ് പ്രേനസീർ ആദ്യമായി അതെ വർഷം (1952ൽ) ഒരു സിനിമയിൽ"ചിറയിൻകിഴ്‌ അബ്ദുൽഖാദർ" എന്ന പേരിലാണ് പ്രത്യക്ഷപ്പെട്ടത്... "മരുമകൾ" എന്ന ചിത്രത്തിൽ...ആ പേര് മാറ്റി "പ്രേംനസീർ" എന്നപേര് കൊടുത്തു "വിശപ്പിന്റെ വിളി"
യിൽ അഭിനയിപ്പിച്ചത് തിക്കുറിശ്ശി സുകുമാരൻ നായരായിരുന്നു.
ഈ ചരിത്രങ്ങളുടെയൊക്കെ പിന്നിൽ വള്ളംകുളത്തുകാരൻ കെ.വി.കോശിയെന്ന മഹാനുഭാവൻ ഉണ്ടന്ന് അധികമാർക്കും അറിയണമെന്നില്ല.അന്ന് "വിശപ്പിന്റെ വിളി"യിൽ അഭിനയിക്കാൻ എത്തിയ പ്രേംനസീർ  വള്ളംകുളത്തു വന്നു ദിവസങ്ങളോളം താമസിച്ചത് ഈ കെ.വി. കോശിയുടെ കൊട്ടാര സദൃശ്യമായ വീട്ടിലായിരുന്നു എന്ന് പറഞ്ഞു കേട്ടിരുന്നു.  ഞങ്ങളൊക്കെ അന്ന്  ജനിച്ചിട്ടുപോലു
മുണ്ടായിരുന്നില്ല...!!!
എന്തായാലും നമ്മുക്ക് വള്ളംകുളം പാലം ഒന്ന് കടന്നു ചെല്ലാം...അതിനു മുൻപ് ആ  പാലത്തെപ്പറ്റി ഒരു കാര്യം കുടി പറഞ്ഞിട്ട് പോകാം...ഞങ്ങൾ വള്ളംകുളം അപ്പർ പ്രൈമറി സ്കൂളിൽ പഠിക്കുന്ന കാലം... വള്ളംകുളം പാലത്തിനു ബലക്ഷയം സംഭവിച്ചിരിക്കുന്നു എന്നൊരു ന്യൂസ് 
നാട് നീളെ പറഞ്ഞു കേട്ടിരുന്നു. മനോരമ പത്രത്തിലും ഈ വാർത്ത വന്നിരുന്നു...
പാലത്തിന്റെ രണ്ടു സൈഡിലും "പാലം അപകടത്തിൽ" എന്ന ബോർഡുണ്ടാ
യിരുന്നു എന്നാണ് ബാല്യത്തിലെ എന്റെ ഓർമ്മകളിൽ...രണ്ടു സൈഡിൽ നിന്നും വരുന്ന ബസ്സുകളിൽ ഉള്ള യാത്രക്കാരെ പാലത്തിൽ കയറുന്നതിനു മുൻപ് താഴെയിറക്കി നടത്തി പാലം കടന്ന ശേഷം അവരെ വീണ്ടും ബസ്സിൽ കയറ്റി കൊണ്ടു പോകുന്ന ഒരു സ്ഥിരം കാഴ്ച വളരെ കൗതുകകരമായിരുന്നു...
അന്നൊരിക്കൽ മൂഴിയാർ പ്രോജെക്ടിലേക്കു കൊണ്ടുപോകാനായി ഒരു ഭാരമേറിയ ജനറേറ്ററുമായി തമിഴ്നാട് വഴി ഒരു ലോറി രാത്രിയിൽ വെള്ളകുളം പാലം കടന്നു പോകാനായി എത്തി. പാലത്തിന്റെ ബലക്ഷയമറിയാത്ത തമിഴ്നാട്ടുകാരനായ ഡ്രൈവർ ജനറേറ്ററും കൊണ്ട്  പാലത്തിൽ കയറി മധ്യഭാഗത്തു എത്തിയപ്പോൾ പാലം തകർന്നു ലോറി ആറ്റിലേക്ക് താണ് പോയി...അന്ന് അതൊരു വലിയ വാർത്തയായിരുന്നു .
ഇന്നത്തെപ്പോലെ ദൃശ്യ മാധ്യമങ്ങളൊക്കെ ചിന്തിക്കാൻ കഴിയാത്ത കാലം. കുടുതലും പറഞ്ഞറിവായിരുന്നു. ആദ്യം കേട്ടത് ഡ്രൈവറും കൂടെയുണ്ടായിരുന്ന കിളിയും വെള്ളത്തിൽ മുങ്ങിത്താണു മരിച്ചെന്നാണ്.
പിന്നീടാണ് അവർ ലോറിയിൽ നിന്ന് രക്ഷ പെട്ട് തൊട്ടു താഴെയുള്ള വള്ളംകുളത്തെ എക്കാലത്തെയും പ്രതാപശാലി ആയിരുന്ന വ്യവസായപ്രമുഖൻ, ബോംബെ വ്യവസായി ശ്രീ ജി. പി. നായർ ജെ. പി. യുടെ വീടിനോടു ചേർന്നുള്ള കടത്തു കടവിൽ എത്തി രക്ഷപ്പെട്ടു എന്നറിയാൻ കഴിഞ്ഞു...അതിനു ശേഷം പഞ്ചാബിൽ  നിന്ന് സർദാരന്മാരുടെ ഒരു കമ്പനി വന്ന് ആറു മാസമെടുത്താണ് പാലം ശരിയാക്കിയത്. അന്നാണ് ഞാനാദ്യമായി പഞ്ചാബികളെ കാണുന്നത്. അന്നവർ ഏല്ലാവരും താമസിച്ചിരുന്നത് പാലത്തിനടുത്തുള്ള കുന്നത്രാ മഠത്തിന്റെ പരിസരത്തു ടെന്റുകൾ കെട്ടിയായിരുന്നു. പാലം പണി തീരുന്നതു വരെ വാഹനങ്ങൾ എല്ലാം വഴി മാറ്റി പടിഞ്ഞാറ്റ് ഓതറ വഴി കല്ലിശ്ശേരിയിലിറങ്ങി തിരുവല്ലയിലെത്തുക
യായിരുന്നു. എന്നും  പാലം പണി കാണാൻ ഉച്ചയ്ക്ക് പോയിരുന്ന കുട്ടികളായ ഞങ്ങൾക്ക്  എല്ലാമെല്ലാം പുതിയ പുതിയ അനുഭവങ്ങൾ.
എന്തായാലും അക്കാലങ്ങളിൽ നമ്മൾ പാലത്തിൽ കയറി  വള്ളംകുളത്തിറങ്ങുമ്പോൾ,
ഇടതു ഭാഗത്തു നമ്മൾ മുൻപ് പറഞ്ഞ തലക്കാട്ടിൽ കുഞ്ഞുഞ്ഞിന്റെ വീട്. ഓർമ്മയുണ്ടല്ലോ തോട്ടഭാഗത്തുള്ള
ഡോക്ടർ അനിയൻകുഞ്. അദ്ദേഹത്തിന്റെ പിതാവിന്റെ പേരാണ് "തലേക്കാട്ടിൽ കുഞ്ഞുഞ്ഞ്". പാലത്തിന്റെ നേരെ മുന്നിൽ അതി പുരാതനമായ "മംഗലത്തു തറവാട്". വലതു ഭാഗത്തു ചരിത്രങ്ങൾ ഉറങ്ങുന്ന "കുന്നത്രാ മഠം". 
അറിയേണ്ട ചരിത്രങ്ങൾ.
തുടരും...