സാമുഹ്യബന്ധവും മതമൈത്രിയും

സാമുഹ്യബന്ധവും മതമൈത്രിയും
-------------------------------------
എഴുതുന്നത്,  -   രാധാകൃഷ്ണൻ നായർ
                               ന്യൂസീലൻഡ്.
-----------------------------------
ഭാഗം - ഒന്ന്.
-------------
കോവിടിൽ, ഡെൽറ്റായിൽ, ഓമികോറോണിൽ,വെള്ളപ്പൊക്കത്തിൽ,
പ്രളയദുരന്തത്തിൽ, എന്ന് വേണ്ട സർവ്വ ദുഃഖങ്ങളുടെയും  ഇടയിൽ, "വാചാലത" കുറെയൊക്കെ ഒലിച്ചു പോയെങ്കിലും,
ഇന്നും ഫേസ്ബുക്കിലും, ഇതര മാധ്യമങ്ങളിലും, വളരെ ശക്തി പ്രാപിച്ചു നിൽക്കുന്ന ഒരു വിഷയമാണല്ലോ "കന്യാസ്ത്രീകളുടെ പീഡന വിഷയം"....
ഇന്നത്തെ ചിന്ത വിഷയം അതിരൂപതാ മെത്രാന്റേയും, കുറെ പുരോഹിതന്മാരുടെയും, പീഡനങ്ങളുടെ ചരിത്രങ്ങളാണെന്നു ഫേസ്ബുക്കിലൂടെ ഞാൻ മനസിലാക്കുന്നു.....
അപ്പോഴാണ് പഴയ ഒരു ചരിത്രം ഓർമ്മയിൽ വരുന്നത്......
നന്നെചെറുപ്പത്തിലേ, അമ്പലസംസ്കാര
ത്തിലാണ് ഞാൻ വളർന്നതെങ്കിലും, ക്രിസ്ത്യൻ സമുദായവുമായി എനിക്കും എന്റെ കുടുംബത്തിനും ഉണ്ടായിരുന്ന ബന്ധം അഭേദ്യമായിരുന്നു....പ്രത്യേകിച്ച് ക്നാനായ സമുദായവുമായുള്ള വളരെ അടുത്ത ബന്ധം....അപൂർവം ചില ക്നാനായ കത്തോലിക്കൻ സമുദായക്കാരും, മാർത്തോമ്മാക്കാരും, അവിടെയും ഇവിടെയും താമസം ഉണ്ടങ്കിലും ഭൂരിഭാഗവും ക്നാനായ സമുദായവും, ഹിന്ദുക്കളും, തോളോടുതോൾ ചേർന്നുള്ള ഒരു സമൂഹമായിരുന്നു ഞങ്ങളുടെ ഇരവിപേരൂർ എ വാർഡ് എന്ന കുഗ്രാമം...
കൃഷിയിലൂടെയും, ചെറുകിട കച്ചവടങ്ങളിലൂടെയും, ദൈനംദിന ജീവിതം,വളരെയധികം സാമ്പത്തിക ബുദ്ധിമുട്ടുകൾ സഹിച്ചു,മുന്നോട്ടു കൊണ്ട് പോകാൻ കഴിഞ്ഞിരുന്നെങ്കിലും, ലിക്വിഡ് ക്യാഷ് അതായത് കൈകാശ് ഒട്ടും തന്നെ ഇല്ലാത്ത ഒരു കാലമായിരുന്നു അത്.
എന്റെ ചെറുപ്പത്തിൽ ഞങ്ങളുടെ വീടിന് അയൽപക്കങ്ങളിലും പരിസരത്തുമായി ഒരുപാട് സ്നേഹം നിറഞ്ഞ അമ്മച്ചിമാരുണ്ടാ
യിരുന്നു, അഥവാ അമ്മമ്മമാരുണ്ടാ യിരുന്നു. ചക്കാലത്തറ,കൊച്ചു ചക്കാലത്തറ,കരിപ്പുമുറിയിൽ,ചെമ്പിലിട്ടു,
പര്യാത്പീടികയിൽ,പ്ലാവേലിക്കുന്നുപുറത്തു, പുളിച്ചമ്മൂട്ടിൽ,പെരുവേലിക്കുന്നിൽ,തയ്യിൽ, കൈപ്പകശ്ശേരൽ,കല്ലംകുന്നിൽ,പടിയറ,
വാഴുവോലിൽ, വേളാച്ചേരിൽ,കുന്നും പുറത്തു ,നിലക്കിലാട്ട് , കിഴക്കയിൽ , കന്നകുഴിയിൽ,പുറത്തയിൽ.. (അങ്ങനെ നീണ്ട ഒരു ലിസ്റ്റ് ഓർമ്മയിൽ വരുന്നു).തുടങ്ങി സ്നേഹിക്കാൻ മാത്രം അറിയാവുന്ന ഒരു പാടു അമ്മമ്മമാരുണ്ടായിരുന്നു, 
അമ്മച്ചിമാരുണ്ടായിരുന്നു....അങ്ങനെ നീണ്ടുപോകുന്നു ആ അയൽപക്കങ്ങൾ...
ഇവരെല്ലാം തന്നെ എന്റെ അമ്മയുടെ സമകാലീകരായിരുന്നു.  സമപ്രായക്കാരായിരുന്നു....
വെള്ള വസ്‌ത്രം ധരിച്ചു ഞാറാഴ്ച്ചകളിൽ പള്ളിയിൽ പോകുന്നതും, തിരിച്ചു വീടുകളിലേക്ക് പോകുമ്പോൾ അമ്മയുമായിട്ടുള്ള കുശലങ്ങളും, ചെറിയ ചെറിയ സന്തോഷങ്ങളും, സങ്കടങ്ങളും, ഒക്കെ പങ്കു വയ്ക്കുന്നതും, നന്നെ ചെറുപ്പത്തിലേ ഞാൻ ശ്രദ്ധിക്കാറുണ്ടായിരുന്നു... 
ഇവരിൽ പലരുടെയും മക്കൾ സ്കൂളുകളിൽ സഹപാഠികളുമായിരുന്നു...
എന്നാൽ, സംഗതി ഇങ്ങനെയൊക്കെ ആണെങ്കിലും, ചെറുപ്പത്തിൽ എന്നെ വളരെയേറെ ആകർഷിച്ച ഒരു അമ്മച്ചി... കുന്നത്തുമണ്ണിൽ എന്ന വീട്ടിലെ വല്യമ്മച്ചി...ഒരു പെന്തക്കോസ്‌ വിശ്വാസി ആയിരുന്നു...എന്നെ ഒറ്റയ്ക്ക് കിട്ടുമ്പോൾ ഒരുപാട് ക്രിസ്തുദേവന്റെ കഥകൾ പറഞ്ഞു തരുമായിരുന്നു...ആദ്യമായി പാഠപുസ്തകമല്ലാത്ത, ഒര പുസ്തകം, എനിക്ക് തന്നത് ആ അമ്മച്ചി ആയിരുന്നു.
"തമ്പിയുടെ ഹൃദയം". എന്നായിരുന്നു  പുസ്തകത്തിന്റെ പേര്.... 
തമ്പിയുടെ ഹൃദയത്തിൽ കടന്നു കൂടിയ ദുർവിചാരങ്ങളായ നായും, നരിയും, എട്ടുകാലിയും, എല്ലാം മറികടന്ന്, യേശുദേവന്റെ വെളിച്ചം ഉള്ളിലേക്ക് നടന്നു കയറി ചെല്ലുന്ന കഥയാണത്‌.അമ്മച്ചിക്ക് ഈ പള്ളിയിൽ പോയി പ്രാർത്ഥിക്കുന്നവരോട് വലിയ ബഹുമാനം ഒന്നും ഉണ്ടായിരുന്നില്ല... ഇവരൊക്കെ പള്ളിയിലും, അമ്പലത്തിലും, ഒക്കെ പോകുന്നത് വെറുതെ ആള് കാണിക്കാനാണ്‌....എന്നോട് രഹസ്യമായി പറയുമായിരുന്നു...
ദൈവത്തിനെ  എവിടെ ഇരുന്നും വിളിക്കൊമെന്ന്  എന്റെ കുരുന്നു മനസ്സിൽ കോറിയിട്ടത്  ആ വല്യമ്മച്ചിയാണ്..... ഞങ്ങളുടെ ഗ്രാമത്തിൽ മുസ്ലിംങ്ങൾ അന്നും ഇന്നുമില്ല...അതു കൊണ്ട് അവരെപ്പറ്റി അമ്മച്ചി ഒന്നും പറയാറില്ല...ബൈബിളിന്റെ ചരിത്രം ഉറങ്ങുന്ന നാടുകളായ പഴയ അന്ത്യോഖ്യ, ഇപ്പോഴത്തെ സിറിയ ,
ലെബനോൻ , ജോർദാൻ,പലസ്‌തീൻ അഥവാ ഇസ്രേയൽ, തുടങ്ങിയ സ്ഥലങ്ങൾ സന്നർശിക്കുവാൻ ചെറുപ്പത്തിലേ എനിക്ക് ആവേശം ഉണ്ടാക്കി തന്നത് ഇവരൊക്കെയാണ് എന്നത് തർക്കമറ്റ കാര്യമാണ്....
ശക്തമായ ഈശ്വര വിശ്വാസവും, മതവിശ്വാസവും, എല്ലാവർക്കും ഉണ്ടായിരുന്നെകിലും, മതഭ്രാന്തും മതതീവ്രതയും അതിന്റെ പേരിൽ കൊലപാതകങ്ങളും പിന്നെ പീഡനങ്ങളും ഒന്നും കേൾക്കാനിടയുണ്ടായിട്ടില്ല.....ആകെക്കൂടി ഓർമ്മയിൽ വരുന്ന ഒരു പീഡനവും, തുടർന്നുണ്ടായ കൊലപാതകവും, "മൈനത്തരുവി കൊലക്കേസ്" മാത്രമാണ്.... പ്രതിയെ ശിക്ഷിച്ചിട്ടും മേൽക്കോടതി പിന്നീട് വെറുതെ വിട്ടു.... 
"വെള്ള പൂശിയ ശവക്കല്ലറകളെ".....
മിശിഹാ അന്ന് പറഞ്ഞ മഹത് വചനം ക്രിസ്താനിയോടു മാത്രം പറഞ്ഞതല്ല........ ഇവിടെ മതത്തിന്റെ മഹിമയെപ്പറ്റി വാതോരാതെ വാരി വിളമ്പുന്ന മഞ്ഞയോടും, പച്ചയോടും, വെള്ളയോടും, എന്തിനേറെ ചുമപ്പിനോടും  കൂടിയാണെന്ന് ഓർത്തിരിക്കുന്നത്   മതഭ്രാത്തിന് പരിഹാരമാണ്.
എന്റെ ഓർമ്മകൾ എഴുപതുകളുടെ ആദ്യ ഭാഗങ്ങളിലേക്ക് ഓടുകയാണ്.
തുടരും...........