(All The Blessings of the Holy month of Ramadan...Mubarak Alekkum Al Shahar)
ഇന്ന് പരിശുദ്ധ റംസാൻ മാസം തുടങ്ങുകയാണ്. "ശഅബാൻ" മാസം കഴിഞ്ഞു, "പരിശുദ്ധ ഖുർആൻ" ജന്മമെടുത്ത, "റംസാൻ" മാസം തുടങ്ങുകയായി.ഇനിയുള്ള ഒരു മാസക്കാലം,
ലോകം എമ്പാടുമുള്ള വിശ്വാസികൾ, വ്രതാനുഷ്ടാനങ്ങളിലും പ്രാർത്ഥനകളിലും വരുന്ന മുപ്പത് ദിവസങ്ങൾ കഴിഞ്ഞു കൂടുന്നു.
ലോകം എമ്പാടും ഉള്ള ജനങ്ങൾ ഇന്ന് ജീവിതം മുൻപോട്ടു നയിക്കുന്നത് "കോവിടിന്റെ" ഭീതിയിലാണ്. ഈ പ്രാർത്ഥനക്കാലത്തു,
ഈ മഹാമാരി ഇല്ലാതായി തീരട്ടെ എന്ന് ഞാൻ ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു.
പണ്ട് കുവൈറ്റിലായിരുന്നെങ്കിൽ, "റംസാൻ" മാസത്തിൽ, ജീവിതം കുത്തനെ മുന്നൂറ്റി അറുപത് ഡിഗ്രി തിരിയും.രാത്രികൾ പകലുകളാകും.ആ സുഖമൊന്ന് വേറെ തന്നെയാണ്. വാക്കുകൾക്കതീതമാണ്!!
ഈ താഴെക്കാണുന്ന "പരിശുദ്ധ കാബയുടെ" മുന്ന് ഡയ്മൻഷനിലുള്ള പടത്തിനു ഏതാണ്ട് 45 വർഷത്തെ പഴക്കമുണ്ട്.ഇതിന്റെ പിന്നിൽ എന്നെ സംബധിച്ചിടത്തോളം ഒരു നീണ്ട ചരിത്രം ഉറങ്ങിക്കിടപ്പുണ്ട്.അന്ന് മുന്ന് ഡയമന്ഷനുള്ള പടങ്ങൾ ആദ്യമായി പുറത്തിറങ്ങിയ സമയമായിരുന്നു.ആളുകൾക്കൊക്കെ അത് പുതുമയായിരുന്നു.ഞാൻ ജനിച്ചു വളർന്ന ഗ്രാമത്തിലോ പരിസര പ്രേദശങ്ങളിലോ മുസ്ലീം സമൂഹങ്ങൾ ഉണ്ടായിരുന്നില്ല.ആകെക്കൂടെ പരിചയം ഉണ്ടായിരുന്നവർ, കോളേജിൽ പഠിക്കുമ്പോൾ കിട്ടിയ അപൂർവം കൂട്ടുകാരായിരുന്നു. കുവൈറ്റിൽ ചെന്നപ്പോൾ സാഹചര്യം മാറി. കുവൈറ്റിൽ ചെന്നിട്ടും, ആദ്യ കുറെ മാസങ്ങൾ മുസ്ലിങ്ങളുമായി യാതൊരു വിധ സഹവർത്തിത്വം ഉണ്ടായിരുന്നില്ല.
അക്കാലത്താണ് ഈ പടം ഞാൻ കുവൈറ്റ് സിറ്റിയിലുള്ള ഒരു കടയിൽ നിന്ന് വാങ്ങുന്നത്. പൊരുൾ അറിയാതെ, കൗതുകം മാത്രം മനസ്സിൽ ഉൾക്കൊണ്ടുകൊണ്ട്, അവാച്യമായ ഒരു അനുഭൂതിയോട് അന്ന് അത് വാങ്ങി പെട്ടിയിൽ സൂക്ഷിച്ചു വച്ചിരുന്നു.ആദ്യമായി നാട്ടിൽ അവുധിക്ക് വരുമ്പോൾ, ഈ പടവും പെട്ടിയിൽ വച്ചിരുന്നു. നാട്ടിലെത്തിയപ്പോൾ അത് അച്ഛന്റെ കയ്യിൽ കൊടുത്തു. അദ്ദേഹം അത് അന്ന് ഇരവിപേരൂർ ജംഗ്ഷനിൽ ഉണ്ടായിരുന്ന ഒരു ഫോട്ടോ സ്റ്റുഡിയോയിൽ കൊടുത്തു ഫ്രെയിം ചെയ്തു. കിടക്കുന്ന മുറിയിൽ ഉണ്ടായിരുന്ന ഒരു പഴയ സപ്രമഞ്ച കട്ടിലിന് മുകളിൽ ആണി അടിച്ചു ഭിത്തിയിൽ തൂക്കി ഇട്ടു.കട്ടിലിൽ കിടക്കുമ്പോൾ നേരെ മുന്നിൽ,മുകളിൽ ആയി അത് കാണാമായിരുന്നു.
രണ്ട് വർഷം കഴിഞ്ഞു എന്റെ മൂത്ത സഹോദരൻ കുവൈറ്റിൽ നിന്ന് അവുധിക്ക് വന്നപ്പോൾ, ഇത് കാണാനിടയായി.അച്ഛനോട് ചോദിച്ചു. ഈ പടം എന്താണെന്നറിയാമോ? ഇത് മുസ്ലിങ്ങളുടെ മക്കയിലെ കാബയാണ്. ഇതെന്തിനാണ് ഇവിടെ തൂക്കിയിരിക്കുന്നത്. വലിയ ലോകപരിചയം ഒന്നും ഇല്ലാത്ത, പഴയ ഒൻപതാം ക്ലാസ്സുകാരനായിരുന്ന,കൃഷിയും ചെറിയ കച്ചവടവും ചിട്ടിയും ഒക്കെയായി ജീവിച്ചിരുന്ന ആ വലിയ മനുഷ്യൻ പറഞ്ഞ മറുപടി പിൽക്കാലത്തു എന്റെ സഹോദരൻ എന്നോട് പറഞ്ഞപ്പോൾ ഞാൻ വികാരാധിതനായിപ്പോയി.അദ്ദേഹം പറഞ്ഞത് ഇതാണ് ."എന്തായാലും അതൊരു ദൈവ സങ്കൽപ്പത്തിന്റെ പ്രതീകം തന്നെ അല്ലേ?ബാലൻ
ആദ്യമായി വന്നപ്പോൾ കൊണ്ട് വന്നതല്ലേ?ഞാൻ മരിക്കുന്നത് വരെ അതവിടെ ഇരിക്കട്ടെ.പിന്നെ എന്ത് വേണമെങ്കിലും ചെയ്തോളു..."
അച്ഛൻ മരിക്കുന്നതു വരെ വർഷങ്ങളോളം അത് അവിടെ തന്നെയിരുന്നു.അതിന് ശേഷം അത് ഞാൻ എടുത്തു കൊണ്ട് വന്ന്
ന്യൂസിഅലൻഡിൽ ഉള്ള എന്റെ വീട്ടിലെ സ്വീകരണ മുറിയിൽ ഭിത്തിയിൽ തൂക്കി.
(അതിന് താഴെ, ഷോകേസിൽ ശ്രീ നാരായണ ഗുരുദേവന്റെ ഒരു പടവും, യേശു ക്രിസ്തുവിന്റെ അവസാനത്തെ അത്താഴവും, സ്വാമി വിവേകാനന്ദന്റെയും, ശ്രീബുദ്ധന്റേയും ഓരോ പടവും നിറഞ്ഞിരിക്കുന്നു.ഓരോ സുഹൃത്തുക്കൾ പലപ്പോഴായി സംഭാവന തന്നിട്ടുള്ളതാണ്.)
അച്ഛനോടുണ്ടായിരുന്ന ഒരു സ്നേഹക്കൂടുതലോ എന്തോ? പലപ്പോഴും ഞാൻ ഈ പടത്തിൽ നോക്കി ഇരിക്കും!!!
അറിഞ്ഞോ അറിയാതെയോ ചെയ്തു
പോയട്ടുള്ള പാപഭാരങ്ങളും, അതിന്റെതായ തിക്തഫലങ്ങളും, മനസ്സിലൂടെ കടന്നു പോകുന്നതും............. ഒപ്പം, കിട്ടിയിട്ടുള്ള അതുല്യങ്ങളായ നേട്ടങ്ങളും, അംഗീകാരങ്ങളും, പുരസ്കാരങ്ങളും, അതിന്റെതായ ഒരു മനോസുഖവും ഒക്കെ ഓർമ്മയിൽ, മനസ്സിലൂടെ കടന്നു പോകുമ്പോഴും, ഈ പടത്തിൽ നോക്കി ഇരിക്കാറുണ്ട്. ഇങ്ങനെ സമ്മിശ്രമായതാണ് മനുഷ്യ ജീവിതം എന്ന് അപ്പോൾ മനസ്സിൽ തെളിയും!!!
രണ്ട് വർഷങ്ങൾക്ക് മുൻപ് എന്റെ മകൻ പറഞ്ഞു ഈ പടം വയ്‌ക്കേണ്ട സ്ഥലം ഇതല്ല. കാബാ ഇരിക്കുന്ന ലൊക്കേഷൻ കണ്ടുപിടിക്കാൻ മൊബൈൽ ഫോൺ മുറിയുടെ നടുവിൽ വച്ചാൽ കാബാ ഇരിക്കുന്ന ദിക്ക് കണ്ടെത്താം. അങ്ങനെ ആ സ്ഥലം അവൻ കാട്ടി തന്ന സ്ഥലത്തേക്ക് മാറ്റി വയ്ച്ചു.കുറച്ചു മാസങ്ങൾക്ക് മുൻപ് ഒരു തീരുമാനമെടുത്തു.
ദൈവീകമായിട്ടുള്ളതെല്ലാം, പൂജാ മുറിയിലാണ് ഇരിക്കേണ്ടത്.അല്ലാതെ അവിടെയും ഇവിടെയും അല്ല.വിശാലമായ ഒരു പൂജാമുറിയിലേക്ക് എല്ലാം മാറ്റുകയുണ്ടായി. അവിടെയും ശരിയായ ദിക്ക് നോക്കിത്തന്നെയാണ് ഈ ഫോട്ടോ വച്ചത്.
എല്ലാ മതങ്ങളെയും ഞാൻ ബഹുമാനിക്കുന്നു.
വിശ്വസിക്കുന്നു. കാരണം അതെല്ലാം ഓരോരോ സമൂഹത്തിന്റെയും സ്പന്ദനമാണ്...വികാരവും വിചാരവുമാണ്....അത്താണിയാണ്.... അവിടെ തൊടുമ്പോൾ ശ്രദ്ധിക്കണം!!!
ഞാൻ എൻ്റെ ആത്മസുഹൃത്തു, ശ്രീ അബ്ദുൾസമദ് സമദാനിയുടെ പ്രസംഗത്തിലെ ചില ഭാഗങ്ങൾ കടമെടുക്കുകയാണ്. "എന്റെ മതം ശ്രെഷ്ട്ടമാണ് എന്ന് ആർക്കും പറയാം.
പക്ഷേ എന്റേത് മാത്രമാണ് ശരി എന്ന് പറയുന്നവർ വടി കൊടുത്തൂ അടി വാങ്ങുകയാണ്".
രാഷ്ട്രീയത്തിൽ നിന്ന് ഒന്നും സ്വന്തമായി സമ്പാദിക്കാൻ ശ്രമിക്കാത്ത ഒരു വലിയ വാഗ്മി. ബഹുമാനം സ്നേഹിതാ.....!!!
"ഇസ്ലാമിക് ഭീകരർ"," ഇസ്ലാമിക് തീവ്രവാദികൾ" എന്നൊക്കെ പലരും എഴുതുകയും പറയുകയും ചെയ്യുമ്പോൾ, എനിക്ക് പലപ്പോഴും സങ്കടം തോന്നാറുണ്ട്. ഈ ഭീകരതയും, തീവ്രതയും, ഒക്കെ എല്ലാ മതങ്ങളിലും ഇല്ലേ? എവിടെയാണ് ഇല്ലാത്തത്? സാഹചര്യവും സമ്മർദ്ദവുമൊക്കെയല്ലേ ഇതിന്റെ പിന്നിൽ?
എല്ലാ രാഷ്ട്രീയ പ്രസ്ഥാനങ്ങളിലും ഇല്ലേ ഈ ഭീകരതയും,തീവ്രതയും ഒക്കെ?
എല്ലാ ജാതി മത വ്യത്യാസങ്ങളിലും ഇല്ലേ ഈ
ഭീകരതയും,തീവ്രതയും ഒക്കെ?
ഉദാഹരണത്തിന്, സർ സി. പി. രാമസ്വാമി അയ്യരുടെ മുൻപിൽ, അന്ന് കേരളത്തിലെ കമ്മ്യൂണിസ്റ്റു പ്രസ്ഥാനം തീവ്രവാദം ആയിരുന്നില്ലേ?ഭീകര പ്രസ്ഥാനം ആയിരുന്നില്ലേ?
അതെ കമ്മ്യൂണിസ്റ്റുകാർക്ക്, ഇപ്പോൾ മാവോയിസ്റ്റുകൾ ഭീകരരല്ലെ? തീവ്രവാദികളല്ലേ?
ഇതുപോലെയാണ് എല്ലാ കാര്യങ്ങളിലും!!!
അതുകൊണ്ടാണ് ആ വാക്കുകൾ "ആപേക്ഷികമാണ്" ഞാൻ പറഞ്ഞത് !!!
അടിസ്ഥാനപരമായി ഞാനൊരു ഇടതു പക്ഷ ചിന്താഗതിക്കാരനാണ്.ചെറുപ്പ കാലത്തു കണ്ട ഉച്ചനീചത്വവും, ജാതിവ്യത്യാസങ്ങളും, ഒക്കെ അതിന് കാരണമായേക്കും!!!
അതിനർത്ഥം "എല്ലാം ശരി" എന്നു പറയുന്ന ഒരു "ഏറാൻ മുളി"യല്ല..!!! തെറ്റുകൾ ആരു ചെയ്താലും എന്റെ മനഃസാക്ഷി ഉണരും.
ശരി ആരു ചെയ്താലും അങ്ങനെ തന്നെ!!!
......അതിന് കൊടി അടയാളം അളവ് കോലല്ല.....അത് മതമായാലും, ജാതിയായാലും, രാഷ്ട്രീയമായാലും, സാംസ്കാരികമായാലും, സാഹിത്യമായാലും, സാമ്പത്തികമായാലും, സംഗീതമായാലും, എനിക്കൊരുപോലെയാണ്!!!
(രാവിലെ മുതൽ സന്ധ്യ വരെ എന്നെ പറയാവുന്നത്ര ചീത്ത പറഞ്ഞു നടക്കുകയും, സന്ധ്യ കഴിയുമ്പോൾ എന്റെ കാശുകൊടുത്തു ഞാൻ വാങ്ങി കൊടുത്ത കള്ളും കുടിച്ചു എന്റെ കൂടെ സൊറപറഞ്ഞിരിക്കുന്നത് എന്റെ സ്വഭാവവും, രീതിയും, അല്ല).......
വളരെ വേദനയോടു ഒരു കാര്യം കുടി പറഞ്ഞു ഈ എപ്പിസോഡ് ഇവിടെ അവസാനിപ്പിക്കാം!!!
ഈ കഴിഞ്ഞ മാസം ഫെബ്രുവരി 27ന്, ഞാൻ വളരെ വേദനയോടെ 869 സുഹൃത്തുക്കളെ എന്റെ ഫേസ്ബുക്കിൽ നിന്ന് നീക്കം ചെയ്തു.
എല്ലാം മലയാളികൾ......ഞാൻ വളരെയധികം സ്നേഹിക്കുകയും, ബഹുമാനിക്കുകയും, ചെയ്യുന്ന ഇസ്ലാംമത വിശ്വാസികളായ 869 മലയാളികൾ.കേരളത്തിലും, ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലും, ഗൾഫ് നാടുകളിലും, അമേരിക്ക, കാനഡ, യൂറോപ്പ്,ഓസ്‌ട്രേലിയ,ന്യൂസിഅലാൻഡ്, തുടങ്ങി ലോകം മുഴുവനായി പരന്നു കിടക്കുന്ന
മലയാളികളയായ 869 മുസ്ലീം സഹോദരി സഹോദരന്മാരെയാണ് എന്റെ ഫേസ്ബുക്കിൽ നിന്ന് വേദനയോട് ഞാൻ നീക്കം ചെയ്തത്.
പകരം 312 കുവൈറ്റി സഹോദരങ്ങളെ പുതുതായി ചേർക്കുകയും ചെയ്തു......!!!
കാരണം കൂടെ പറയാം!!!പറയണ്ടേ?
ഞാൻ കൊച്ചനുജനെപ്പോലെ സ്നേഹിക്കുന്ന ഒരു ഇസ്ലാമത വിശ്വാസിയായ ഒരു സുഹൃത്തു ഇട്ട പോസ്റ്റിന് താഴെ, ഞാനൊരു കമന്റ് എഴുതി. സത്യത്തിൽ അവനെ കൂടുതൽ സ്നേഹമുള്ളതു
കൊണ്ട് അവനെ ഒന്ന് ചോടിപ്പിക്കണമെന്നും, ഒപ്പം പോസ്റ്റിടുമ്പോൾ ഒന്ന് നിയന്ത്രിക്കണമെന്നും മാത്രമേ കമന്റിടുമ്പോൾ ഞാൻ ഉദ്ദേശിച്ചിരുന്നുള്ളു.അവൻ അതിന് തമാശയായിട്ടാണ് എടുത്തതും. സാറിനെ എനിക്ക് നല്ലത് പോലെ അറിയാമെന്നു എഴുതുകയും ചെയ്തു.
എന്റെ കമന്റിന്റെ അർത്ഥതലവും, വ്യാപ്തിയും, ആഴവും, ആത്മാർത്ഥതയും, മനസ്സിലാക്കാതെ, എന്റെ "ഫേസ്ബുക്കിൽ ഇല്ലാത്ത പതിന്നാല് മുസ്ലീം യുവജനങ്ങൾ" (പലതും ഫെയിക്ക് ഐഡിയിലാണ്-ഇസ്ലാം മത വിശ്വാസികളാണോ എന്ന് പോലും സംശയമുണ്ട്.) എന്റെ കമന്റിനെ തെറ്റായി വാഖ്യാനിച്ചു. ഞാൻ ഇസ്ലാമിന് എതിരാണെന്ന് തെറ്റിദ്ധരിച്ചു. മാത്രവുമല്ല, കുവൈറ്റിൽ പോയി എല്ലാ സൗഭാഗ്യങ്ങളും നേടി, ഇന്ത്യയിൽ വന്ന് ഇസ്ലാമിന് എതിരായി പറയുകയാണെന്ന് വരുത്തി തീർക്കാൻ വേണ്ടി ഒരു ശ്രമം നടത്തി.
ഇവരിൽ പലരും ചെയ്തെത് എന്താണെന്നറിയാമോ?
ഞാൻ ഇട്ട കംമെന്റിന്റെ "സ്ക്രീൻ ഷോട്ട്" എടുത്തു, എന്റെ ഫേസ്ബുക്കിൽ ഉള്ള വിലമതിക്കാനാവാത്ത കുവൈറ്റിലെ
അമീറിന്റെയും, രാജപ്രമുഖന്റെയും, രാജകുമാരന്റെയും,രാജകുടുംബാംഗളുടെയും, കൂടെ ഞാൻ നിൽക്കുന്ന പല ഔദ്യോഗിക ഫോട്ടോകളുടെയും താഴെ, മേൽപ്പറഞ്ഞ "സ്ക്രീൻ ഷോട്ട്" പോസ്റ്റ് ചെയ്ത്, അതിന്റെ കൂടെ അനാവശ്യങ്ങൾ എഴുതി ചേർക്കുകയും ചെയ്തു.
അസഭ്യങ്ങൾ എഴുതിയത് രണ്ട് പേരാണ്.അവർ
രണ്ടുംപേരും,കേരളത്തിൽ നിന്നുള്ളവരായിരുന്നു.
"കാള പെറ്റു എന്ന് കേട്ടപ്പോൾ കയറെടുത്തു"
എന്ന് പഴംചൊല്ലുണ്ട്.കാര്യം അറിയാതെ, വികാരം വിവേകത്തിന് വഴി മാറിക്കൊടുത്ത യുവത്വം!!!
ഇതേപ്പറ്റി എനിക്ക് പറയാൻ അതെ വാക്കുകൾ ഉള്ളു........ഞാൻ രാത്രിയിൽ കിടന്നുറങ്ങുമ്പോൾ, എന്നെ ഈ വിവരം വിളിച്ചുണർത്തി അറിയിച്ചത്, എന്റെ കൂടെ ജോലി ചെയ്തിരുന്ന, ഇപ്പോൾ കുവൈറ്റ് അമീരി ദിവാനിൽ പബ്ലിക് റിലേഷൻ ഡയക്ടറായി ജോലി ചെയ്യുന്ന, നാസ്സറായിരുന്നു. ഉടൻ തന്നെ എല്ലാ ഫോട്ടോകളും പ്രൈവറ്റാക്കിയതിന് ശേഷം എല്ലാവരുടെയും കമ്മന്റുകൾ ഡിലീറ്റ് ചെയ്തു.
(അതിൽ പല ഫോട്ടോകളും, അമീരി ദിവാന്റെ സമ്മതപത്രം വാങ്ങി ശേഖരിച്ചിട്ടുള്ളതാണ്. അതിനൊക്കെ കോപ്പി റൈറ്സ് ഉള്ളതുമാണ്. അങ്ങനെയുള്ള ഫോട്ടോകൾക്ക് താഴെയാണ് ഇത്തരം അഭ്യാസങ്ങൾ കാണിക്കാൻ അവർതയ്യാറായത് )
രാത്രി മുഴുവൻ കുത്തിയിരുന്ന്, എല്ലാം ക്ലിയർ ആക്കിയപ്പോൾ, ഇത്തരം ഒരു ചുറ്റുപാട് ഇനിയുണ്ടാകാൻ അവസരം ഉണ്ടാകരുത്..... അതിന് എടുത്ത തെറ്റായ ഒരു നടപടിയായിരുന്നു 869 പേരെ നീക്കം ചെയ്തത്..... അവരാരും ഒരു കമന്റും എഴുതിയവരല്ല.....പക്ഷേ എല്ലാ സമൂഹത്തിലും, ചിലർ ഇത്തരം വിവരക്കേടുകൾ കാണിക്കുമ്പോൾ,അതിന്റെ മൊത്തം ഫലവും അനുഭവിക്കുന്നത് ഒരു സമൂഹമാണെന്ന തോന്നലാണ് എന്നെ അതിന് പ്രേരിപ്പിച്ചത്....
തെറ്റാണെങ്കിൽ ഈ വ്രതാനുഷ്ടാന കാലത്തു എല്ലാവരും ക്ഷമിക്കുമല്ലോ.........
എന്നാൽ അഞ്ചു പേരെ കുവൈറ്റിൽ നിന്നും,നാട്ടിലുള്ള ഒരാളിന്റെ രണ്ട് ഐഡിയും തിരികെ ചേർത്തു.അവരെല്ലാം അത്രയ്ക്ക് കടപ്പാടും സ്നേഹവും ഉള്ളവരാണ് ...രണ്ട് മൂന്നു സ്നേഹിതരെ കഴിഞ്ഞ രണ്ട് ദിവസമായി കൂടെ കൂട്ടിയിട്ടുണ്ട്....
പരിശുദ്ധ നബിതിരുമേനി സ്വർഗ്ഗത്തു പോയി മടങ്ങി വന്ന, വിശ്വാസികളുടെ ഏറ്റവും പ്രാധാനപ്പെട്ട, പാലസ്തിനിലെ, "അൽ ആക്‌സ" പള്ളിയിൽ കയറി നിസ്‌ക്കരിച്ചപ്പോഴും, നബി തിരുമേനിയുടെ മകളുടെ ഭർത്താവും, മൂന്നാമത്തെ ഖലീഫ ആയിരുന്ന "ഇമാം അലി" അന്ത്യവിശ്രമം കൊള്ളുന്നത് ഇറാഖിലെ "കർബല"യിൽ നിസ്കരിച്ചപ്പോഴും, ചെറുമകനായ "ഇമാം ഹുസൈൻ" അന്ത്യവിശ്രമം കൊള്ളുന്ന ഇറാഖിലെ "നജബ്" പള്ളിയിൽ നിസ്കരിക്കുമ്പോഴും, ഏഴാം തലമുറയിലെ "ഇമാം റിദ" അന്ത്യവിശ്രമം കൊള്ളുന്ന ഇറാനിലെ "മഷാദി"ൽ നിസ്കരിക്കുമ്പോഴും, എന്നെ നയിച്ച ഒരേ ഒരു വികാരം,"സമത്വവും, സാഹോദര്യവും തരുന്ന ദൈവദൂതന്മാരുടെ സമീപത്തു ഞാൻ സുരക്ഷിതനാണ്" എന്നായിരുന്നു.......
ആ ഞാനിട്ട ഒരു കമന്റിന്റെ പേരിൽ എന്റെ ഫോട്ടോ ഫേസ്ബുക്കിൽ നിന്നെടുത്തു പരസ്പരം കൈമാറുകയും, എന്റെ ലൊക്കേഷൻ എവിടെയാണെന്ന് കണ്ടുപിടിക്കാൻ നിർദ്ദേശം നൽകുകയും ചെയ്തവരോട് അള്ളാഹു ഈ നല്ല ദിവസത്തിൽ പൊറുക്കുമാറാകട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു......
ഒരു കാര്യം കുടി, എല്ലാ നല്ലവരായ സഹോദരി സഹോദരന്മാരോടും, അറിവിനായി പറഞ്ഞുകൊള്ളട്ടെ...... ആറു ഗൾഫ് രാജ്യങ്ങളിലുള്ള ഭരണാധികാരികളും, അവുടുത്തെ ജനങ്ങളും, ഇന്ത്യൻ സമൂഹത്തെ "അവിടെയൊക്കെ ഉൾക്കൊള്ളുന്നത്",
ഇന്ത്യൻ ജനതയുടെ, ജാതിയോ, മതമോ രാഷ്ട്രീയോ, ഒന്നും കണക്കിലെടുത്തില്ല.
എന്ന് മാത്രമല്ല,ഇന്ത്യൻ ഭരണാധികാരികളുടെ മഹത്വം കണ്ടോ, ഭയന്നോ, ഒന്നും ആണന്നു ദയവു ചെയ്തു ധരിച്ചു പോകരുത്......
ആരും തെറ്റിദ്ധരിക്കരുത്..... അവർക്ക് അങ്ങനെ ഒരു ചിന്തപോലും മനസ്സിലില്ല....!!!
"ഇന്ത്യക്കാർ പൊതുവെ സമാധാനപ്രിയരും, താരതമ്യമേന വിശ്വസ്ഥരും,കഴിവുള്ളവരും, സർവോപരി, അവരുടെ രാജ്യങ്ങൾക്ക് ഇന്ത്യക്കാർ ഒരിക്കലും ഒരു ഭീഷണി അല്ല
എന്നതു മാത്രമാണ് അതിന്റെ അടിസ്ഥാനം"......!!!
ഗാർഹിക തൊഴിലാളികളാണെങ്കിലും, അതായതു വീട്ടുവേലക്കും, കുട്ടികളെ നോക്കുന്ന കാര്യത്തിലും, ഡ്രൈവർ ആയിട്ടും, ഒക്കെ അവർ ഏറ്റവും കൂടുതൽ താൽപര്യപ്പെടുന്നത് ഇന്ത്യക്കാരെയാണ്.സാങ്കേതിക മേഖലകളിൽ, അതായതു, അക്കൗണ്ട്സ്, ഐ. ടി., റിസ്ക്, മെഡിക്കൽ, എഞ്ചിനീറിംഗ് ,തുടങ്ങിയ മേഖലകളിൽ, ഗൾഫ് ഭരണാധികാരികളും, വ്യവസായപ്രമുഖരും, ഏറ്റവും താല്പര്യപ്പെടുന്നത് ഇന്ത്യക്കാരെയാണ്.
അവിടെ ജാതിയും, മതവും, രാഷ്ട്രീയവും, ഒരിക്കലും, ഒരളവ്കോലായി അവർ ചിന്തിച്ചിട്ടില്ല. ഇനിയൊട്ട് ചിന്തിക്കുകയുമില്ല.
അതിന്റെ ഏറ്റവും വലിയ തെളിവ്, ഇറാക്ക് കുവൈറ്റിനെ കിഴടക്കിയപ്പോൾ, ഇന്ത്യയിലെ തൊണ്ണൂറു ശതമാനം ജനസമൂഹവും,അതിലും പ്രത്യേകിച്ച് മുസ്ലീം സമൂഹം, ഇറാഖിനെ അനുകൂലിച്ചിരുന്നു എന്ന്, ഗൾഫിലെ എല്ലാ ഭരണാധികാരികൾക്കും, അവിടെയുള്ള ജനങ്ങൾക്കും, നല്ലതു പോലെ അറിയാം!!! മാത്രവുമല്ല അന്നത്തെ ഇന്ത്യ ഗവൺമെന്റിന്റെ നയവും അത്ര സുഖകരമായിരുന്നില്ല!!!
അന്ന് ഒന്നര ലക്ഷം ഇന്ത്യക്കാർ അവിടെ ഉണ്ടായിരുന്നെങ്കിൽ, ഇന്ന് പത്തിരട്ടി ആയി വർദ്ധിച്ചു. ഇന്ന് ഏറ്റവും അധികം വിദേശികൾ, ഏതാണ്ട് പത്തര ലക്ഷം ഇന്ത്യക്കാരാണ് കുവൈറ്റിൽ ഉള്ളത്. അന്ന് മുന്ന് ലക്ഷം ഇന്ത്യക്കാരാണ് സൗദിയിൽ ഉണ്ടായിരുന്നെങ്കിൽ, ഇന്ന് ഏതാണ്ട് മുപ്പതു ലക്ഷത്തിലധികം ഇന്ത്യക്കാരാണ് സൗദിയിൽ......അത് പോലെ തന്നെയാണ് മറ്റു നാലു ഗൾഫ് രാജ്യങ്ങളിലും,എണ്ണത്തിലും വണ്ണത്തിലും ഇപ്പോൾ നിലവിലുള്ള ചുറ്റുപാടുകൾ.....
(അന്ന് പാകിസ്ഥാനും, ബംഗ്ലദേശും, കുവൈറ്റിനെ ശക്തമായി അനുകൂലിച്ചവരാണെന്നും മറക്കേണ്ട!!!).
മറ്റൊരുകാര്യം.... 1957 മുതൽ മാറി മാറി വന്ന കേരളത്തിലെ ഗവർമെന്റുകളിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ഭരണമാണ് കൂടുതൽ സമയവും കേരളത്തിൽ ഉണ്ടായിട്ടുള്ളത്.
കമ്മൂണിസം ഇസ്ലാം അംഗീകരിക്കുന്ന ഒരു പ്രസ്ഥാനമല്ല. ഈശ്വരവിശ്വാസം ഇല്ലാത്തവർ "കാഫിറുകൾ" തന്നെയാണ്...കമ്യൂണിസത്തിന് എല്ലാ മതങ്ങളും നിഷിദ്ധവുമാണ്....
എന്നാൽ ഇന്ത്യയിൽ നിന്ന് ഗൾഫ് രാജ്യങ്ങളിൽ ഭൂരിപക്ഷവും കേരളത്തിൽ നിന്നുള്ളവരാണ് എന്നുള്ളത് വലിയ വിരോധാഭാസം തന്നെ ആണന്നു നമ്മുക്ക് മനസ്സിലാകും.......
ഇന്ത്യയിലെ എല്ലാ രാഷ്‌ട്രീയ പാർട്ടികളുടെയും, എല്ലാ മതങ്ങളുടെയും, എല്ലാ സാമുദായിക സംഘടനകളുടെയും, സാമൂഹ്യ, സാഹിത്യ,കലാ, സാംസ്‌കാരിക, സംഗീത, പ്രസ്ഥാനങ്ങളുടെയും, വിവിധ പോഷക സംഘടനകളും, ഗ്രുപ്പുകളും, ഗൾഫ് രാജ്യങ്ങളിൽ ഉടനീളം ഉണ്ട്...
അവരെല്ലാം അതാതു രാജ്യങ്ങളിലെ ഇന്ത്യൻ എംബസികളിൽ രജിസ്റ്ററേഷനും നടത്തിയിട്ടുണ്ട്.
ഇതൊന്നും ഗൾഫ് രാജ്യങ്ങളിലെ നിയമങ്ങളിൽ വന്നിട്ടുള്ളവ ആണന്നു പറയാൻ പറ്റുകയും ഇല്ല.
കാണാല്ലോ!!! ഓരോ ദിവസവും, എം. എൽ. എ. മാരും, എം. പി. മാരും, എന്തിന്, മന്ത്രിമാരും, സാമുദായിക, മതമേലാത്യക്ഷന്മാരും, കലാകാരന്മാരും, ഈ പ്രസ്ഥാനങ്ങളുടെ പേരിൽ സ്വകാര്യ സന്നർശനം നടത്തുന്നത്. ഒപ്പം കലാപരിപാടികളും, അതിന്റെ മറവിൽ, കള്ളപ്പണം, സ്വര്ണക്കടത്തൽ, സംഭാവന,പിരിവ്, ഇവയെല്ലാം നടക്കുന്നതും, നമ്മൾ ദിവസേന കാണുന്നുണ്ട് !!!
ഇതറിയാമെങ്കിലും, ദിവസേന,
പാകിസ്ഥാനികൾക്കും, ബംഗ്ലാദേശികൾക്കും, അഫ്ഘാനികൾക്കും, കിട്ടാത്ത വിസകളും എൻട്രി പെര്മിറ്റുകളുമാണ്, ഇന്ത്യക്കാർക്ക് ഗൾഫ് രാജ്യങ്ങൾ കൊടുത്തുകൊണ്ടിരിക്കുന്നത്.
അവിടെയെങ്ങും, നായരും,തോമസ്സും, മുഹമ്മതും, ഇല്ല!!! എല്ലാം"ഹിനതുകൾ"......!!!
അറബിഭാഷയിൽ ഇന്ത്യക്കാരെ പരിഹാസത്തോടെ വിളിക്കുന്ന പൊതുവായ പേരാണ് "ഹിനതുകൾ".......!!!
ഇത് ആവോളം അനുഭവിച്ചറിഞ്ഞ ഒരാളാണ് ഞാൻ..... ഞാനൊരു മുസ്ലീം അല്ല എന്നറിഞ്ഞു കൊണ്ടാണു് ഒരു ഇസ്ലാമിക് ബാങ്കിന്റെ പബ്ലിക് റിലേഷനും, മാർക്കറ്റിംഗ് ഡിവിഷനും, എന്നെ ഏൽപ്പിച്ചത്....... എൻ്റെ ആത്മാർത്ഥയും, അർപ്പണബോധവും, അള്ളാഹു അനുഗ്രഹിച്ചു തന്ന സ്നേഹവും, കഴിവും, മാത്രമാണ് അതിന്റെ അടിസ്ഥാനം.........
എന്നാൽ ഇതൊരു അവകാശമാണ് എന്നൊന്നും ആരും ധരിച്ചേക്കരുത്!!!ചില വർഗ്ഗീയവാദികളായ
ഹിന്ദുയുവാക്കൾ, ആ രാജ്യങ്ങളിൽ പോയി ഫേസ്ബുക്, ട്വിറ്റർ, ഇൻസ്റ്റഗ്രാം, തുടങ്ങിയ മീഡിയ ദുരുപയോഗം ചെയ്‌ത് സ്വയം പടുകുഴിയിലേക്ക് പോകുന്നത് ദുഖകരമാണ്!!!
അതിന്റെ ഫലം ഒരു സമൂഹത്തെ ഒറ്റപ്പെടുത്താൻ കാരണം ആകുമെന്ന് മനസ്സിലാക്കിയാൽ നല്ലത്... സങ്കി മങ്കി പരിപാടികൾ ഒന്നും ഈ രാജ്യങ്ങളിൽ വേണ്ടാ...വിവരമറിയും!!! പലരും ഇതിനെ ദുരുപയോഗിക്കുന്നുമുണ്ട്.....ഫെയിക് ഐഡികളും മറ്റും വച്ച് തെറ്റായ കാര്യങ്ങൾ എഴുതി ദുരുപയോഗം ചെയ്താൽ ഉണ്ടായേക്കാവുന്ന തിക്തഫലങ്ങൾ ചെറുതൊന്നുമായിരിക്കില്ല!!!
എല്ലാവര്ക്കും പരിശുദ്ധ റംസാനിന്റെ അനുഗ്രഹങ്ങൾ അള്ളാഹ് തരുമാറാകട്ടെ
എന്ന് പ്രാർത്ഥിക്കുന്നു......
സസ്നേഹം, എൻ. ജി. ആർ. നായർ