My great friend Mr. Jassim Al Abdulhadi.

ഊഷരഭൂമിയിലെ ശീതകാറ്റുകൾ (88)

My great friend Mr. Jassim Al Abdulhadi.

എന്റെ ബാങ്കിങ്ങ് ജീവിതത്തിൽ ഞാൻ ഏറ്റവും അധികം തല്ല് കൂടിയിട്ടുള്ളത്‌ ഒരു പക്ഷെ എന്റെ ആത്മസുഹൃത്തു കൂടിയായ "ജാസ്സിം അൽ അബ്ദുൽ ഹാദി"യുമായിട്ടായിരുന്നു."അൽ അബ്ദുൽഹാദി" എന്ന കുടുംബം കുവൈറ്റി സമൂഹത്തിൽ വളരെ പ്രശസ്തരാണ് .കുവൈറ്റിലെ പാർലമെൻറ് തലത്തിലും മന്ത്രിസഭാ തലത്തിലും വരെ അംഗങ്ങൾ ഉള്ള ഒരു കുടുംബമാണ് അത് .
ഞാൻ കുവൈറ്റ് ഇന്റർനാഷണൽ ബാങ്കിൽ ജോലിയിൽ പ്രവേശിക്കുമ്പോൾ,ജാസ്സിം കോർപ്പറേറ്റ് ഡിവിഷന്റെ ഹെഡ് ആയിരുന്നു.
ഞങ്ങൾ രണ്ടുപേരും ഇല്ലാത്ത ഒരു എക്സിക്യൂട്ടീവ് കമ്മിറ്റിയും അന്ന് ബാങ്കിൽ ഉണ്ടായിരുന്നില്ല.എല്ലാ കമ്മിറ്റികളിലും തോരാത്ത വാഗ്ധോരണികൾ കൊണ്ട് മറ്റുള്ള കമ്മിറ്റി അംഗങ്ങളെ ബോറടിപ്പിക്കുന്നത്‌ ഒരു സ്ഥിരം നടപടി ക്രമമായിരുന്നു.ഏറ്റവും അധികം പ്രശ്നങ്ങൾ ഉണ്ടായിരുന്നത് ഫിനാൻഷ്യൽ ഇൻവെസ്റ്റ്മെന്റ് കമ്മിറ്റിയിലായിരുന്നു .എല്ലാ തിങ്കളാഴ്ചകളിലും കാലത്തു എട്ടു മണി മുതൽ ഏതാണ്ട് പതിനൊന്നു മണി വരെ കോർപ്പറേറ്റ് ഡിവിഷനിലുള്ള ധാരാളം ക്രെഡിറ്റ് ഓഫീസറന്മാരും മാനേജരന്മാരും അവരുടേതായ പോർട്ടഫോളിയോകളിൽ കൊണ്ടുവരുന്ന പുതിയതും പഴയതുമായ ഓരോ പ്രൊപ്പോസലുകൾ എതിർക്കാൻ ഒരു കൂട്ടർ. പഴുതുകൾ അടച്ച അവരും. 
ഏറ്റവും കൂടുതൽ പ്രശ്നങ്ങളെ നേരിടേണ്ടി വന്നിട്ടുള്ളതു "ജനറൽ മാനേജ്‍മെന്റ് കമ്മിറ്റി"യിൽ എനിക്കായിരുന്നു. 
ജീവിതം വഴിമുട്ടി നില്ക്കുന്നത് പോലെയാണ് പല കമ്മിറ്റികളും കഴിയുമ്പോൾ. ഇതൊക്കെയാണെങ്കിലും എല്ലാ യുദ്ധങ്ങളും കഴിഞ്ഞു ജാസിമും ഞാനും കോൺഫറൻസ് ഹാളിനടുത്തുള്ള മുറിയിൽ ഇരുന്നു ഓരോ അറബിക് കാപ്പി കുടിക്കുമ്പോൾ തോന്നുന്ന സ്നേഹവും സന്തോഷവും ഒന്ന് വേറെ തന്നെ ആയിരുന്നു .ബോർഡ് മെംബേഴ്സിന്റെ കണ്ണിലുണ്ണിയാണ് ജാസ്സിം.
ഒരു ജനറൽ മാനേജരുടെ എല്ലാ പദവിയുണ്ടങ്കിലും ഇതുവരെ സെൻട്രൽ ബാങ്ക്  കരുണ കാണിച്ചിട്ടില്ല.
"ഈ മെയിലു"കൾ അയക്കാൻ മടി കാണിക്കുന്ന ജാസ്സിം ഒറ്റ നോട്ടത്തിൽ പരുക്കനാണ് എന്നു തോന്നുമെങ്കിലും ഒരു നല്ല ഹൃദയത്തിന്റെ ഉടമയാണ്. അത് പ്രകടിപ്പിക്കാൻ വിമുഖത കാണിക്കുന്ന ജാസ്സിം, ഞാൻ ബാങ്കിന്റെ പടിയിറങ്ങുമ്പോൾ വിമ്മിന്നതു ഓർക്കാൻ വിഷമം......... 
എത്ര വഴക്കുകൾ കൂടിയാലും, പ്രശ്നങ്ങൾ ഉണ്ടാക്കിയാലും, എന്റെ ഉയർച്ചക്കും വളർച്ചക്കും താങ്ങുപടിയായ നിന്നിട്ടുള്ള ജാസിമിനെ മറക്കാൻ എനിക്ക് കഴിയുകയില്ല. ഒരു ജന്മം തീർക്കാൻ കഴിയാത്ത കടപ്പാടുകൾ........ ഓർമ്മകൾ .......