Tribute to Mr. Abdulrehim Al Yaghourt...... and Mr.Justine J Able.....

Tribute to  Mr. Abdulrehim Al Yaghourt...... 
and Mr.Justine J Able.....
---------------------------------------------------------
"തുഷാര ഭൂമിയിൽ ശീതക്കാറ്റ് വിതച്ചവർ" ഏതാനും കുവൈറ്റികളും, മറ്റ് അറബ് വംശജരും, മാത്രമേ ഉള്ളോ? 
ഞാൻ എന്റെ ഇളയ സഹോദരനെപ്പോലെ സ്നേഹിക്കുന്ന, ബഹുമാനിക്കുന്ന, ഒരു സുഹൃത്തിന്റെ ന്യായമായ ചോദ്യം?.....ചോദ്യം!!! 
"ജനിച്ചു ഭൂമിയിൽ വീഴുമ്പോൾ മുതൽ മരിച്ചു മണ്ണടിയുന്നതു വരെ"  ആരോടെല്ലാം നമ്മൾ കടപ്പെട്ടിരിക്കുന്നു!!!വല്ല തിട്ടവും ഉണ്ടോ? 
ആരെങ്കിലും ഇതോർക്കാറുണ്ടോ? ആരെയൊക്കെ ചവുട്ടിമെതിച്ചു, ആരെയൊക്കെ കുതികാൽ വെട്ടി, എന്തെല്ലാം അഭ്യാസങ്ങളും, വികൃതികളും, കുസൃതികളും, ധർമ്മവും, അധർമ്മവും, ഒക്കെ കാണിച്ചും, കൊടുത്തും, വാങ്ങിയും, വിറ്റുമാണ്, "നാമോരോരുത്തരും" ഓരോ നിലയിൽ എത്തിച്ചേർന്നതെന്നു വിചാരിക്കുന്നവർ ഉണ്ടാവാം..അല്ലാത്തവരും ഉണ്ടാവാം.......
ഏതായാലും, എനിക്ക് എന്നെ സഹായിച്ചിട്ടുള്ള, സ്നേഹിച്ചിട്ടുള്ള, കൈ പിടിച്ചുയർത്തിയിട്ടുള്ള, ആരെയും മറക്കാൻ കഴിയുകയില്ല.......
വിമർശിച്ചിട്ടുള്ള, അപമാനിച്ചിട്ടുള്ള,
വ്രണപ്പെടുത്തിയിട്ടുള്ള, ആരോടും വിരോധവുമില്ല...............
അന്നൊരു "വിസിറ്റിംഗ് വിസ", കുവൈറ്റിലേക്ക് എത്താൻ, എടുത്തു തന്ന, ആ രാജ്യക്കാരനായ, 
"അബ്ദുൽ റഹിം അൽ യാക്കൂട്ടി"നെ മറന്നാൽ അതല്ലേ ഏറ്റവും വലിയ നന്ദികേട്‌?
.....പിൽക്കാലത്തു് കുവൈറ്റ് പോർട്ട് പബ്ലിക് അതോറിറ്റിയുടെ അണ്ടർ സെക്രട്ടറി ആയി വിരമിച്ച, ഇഹലോകവാസം വെടിഞ്ഞ "അബ്ദുൽ റഹിം".
ഇതിലെ, വലിയ ഒരു വിരോധാഭാസം, ദേശബ്ദങ്ങൾക്കു ശേഷം, ഇദ്ദേഹത്തിന്റെ ഇളയ  മകൻ, "അബ്ദുൽ അസീസ്", 
ബാങ്കിൽ ഞാൻ  ഉന്നതമായ പദവിയിൽ ഇരിക്കുമ്പോൾ ,എന്റെ അടുത്ത്,ഒരു ജോലിക്ക് ഇന്റർവിനു് വന്നു.പേര് മുഴുവൻ വായിച്ച ശേഷം,ഞാൻ ആ കൊച്ചനോട് ചോദിച്ചു.നി അബ്ദുൾറഹിമിന്റെ മകനാണോ? അതെ. അവന്റെ മറുപടി.എന്നെ അറിയാമോ?അറിയാം.ബാബ പറഞ്ഞിരുന്നു.പ്രത്യേക അന്വേഷണം പറയണമെന്നും, ജോലി കിട്ടാൻ സഹായിക്കണമെന്നും പറഞ്ഞിരുന്നു!!!
രണ്ടാമതൊന്നു ചിന്തിക്കാതെ, കണ്ണടച്ച് സഹായിച്ചു .ഇപ്പോൾ ഏതോ ഒരു ബാങ്കിൽ ക്രെഡിറ്റ് മാനേജരായി ഉയരങ്ങൾ കിഴടക്കുന്നൂ.....
സത്യത്തിൽ  "കാലചക്രം എങ്ങനെയൊക്കെ തിരിയുന്നു" എന്ന്, അപ്പോൾ, മനസ്സിലൂടെ കടന്ന് പോയി..........!!! 
എഴുപതുകളിൽ കുവൈറ്റിൽ എത്തിയ എനിക്ക്, ആദ്യം ഓർമ്മയിൽ വരുന്നത്, "ജസ്റ്റിൻ ജെയിംസ് എബിൾ"  എന്ന ഒരു കൊച്ചിക്കാരനായിരുന്ന, ആംഗ്ലോ ഇന്ത്യൻ വംശജാനായിരുന്ന, എന്റെ ആദ്യത്തെ "ജനറൽ മാനേജരെ"യാണ്. 
പ്രസിദ്ധ സംഗീതജ്ഞൻ യേശുദാസിന്റെ അടുത്ത സുഹൃത്,സഹപാഠി, അയല്പക്കക്കാരൻ. 
ദാസ് സാറിന്റെ അന്നത്തെ സ്പോൺസറായിരുന്ന വ്യവസായ പ്രമുഖൻ 
"അഷ്കനാനി ജേക്കബി"ന്റെ നിർദ്ദേശാനുസരണം, ഡിസംബറിലെ കൊടും തണുപ്പിൽ, സ്റ്റേജിൽ നിന്ന് പാടാൻ, ദാസ് സാറിന് ഒരു ജാക്കറ്റ് വാങ്ങി കൊടുത്ത "എബിളി"നെ  ഇന്നാർക്കും  ഓർമ്മയുണ്ടാകണമെന്നില്ല. ആ "എബിൾ", ഇന്ന് ജീവിച്ചിരിപ്പില്ല. ഒരു ഫോട്ടോ ഉണ്ടായിരുന്നു. ഇപ്പോൾ കാണുന്നില്ല.കണ്ടു കിട്ടിയാൽ പോസ്റ്റ് ചെയ്തിരിക്കും.... ഒരുപാട് കടപ്പാടുകൾ.....
ഒരു അന്തർദേശീയ വീക്ഷണം ജീവിതത്തിന് തരപ്പെടുത്തിയത് അദ്ദേഹമാണെന്ന് പറയാതെ തരമില്ല. പത്താംക്ലാസ്സുകാരനായിരുന്ന,"എബിൾ" 
കപ്പലിൽ നിന്ന്  വന്നിരുന്ന വെള്ളക്കാരായ
ക്യാപ്റ്റന്മാരോടും,ഓഫീസറന്മാരോടും, ഇംഗ്ലീഷിൽ സംസാരിക്കുന്നത്, കഷ്ടിച് ഒരിക്കൽ മാത്രം ,തമിഴ് നാടും, കർണാടകവും, മാത്രം കണ്ടിട്ടുണ്ടായിരുന്ന  എം. എ. ക്കാരനായ അന്നത്തെ ഒരു "കുപമണ്ടുക"മായിരുന്ന എനിക്ക് അത്ഭുതം തന്നെ ആയിരുന്നു.....കുറെ വിദ്യാർത്ഥി രാഷ്ട്രീയവും, കുറെ പുസ്തക പാരായണവും, കഷ്ടിച്ച് അൽപ്പസ്വൽപ്പം മംഗ്ലീഷും, അല്ലാതെ എന്തുണ്ട് അക്കാലത്തു? ഇന്റർനെറ്റും, ഫേസ്ബുക്കും, ഇൻസ്റ്റഗ്രാമും, ട്വിറ്ററും, യൂട്യൂബും, മൊബൈൽ ഫോണും, ഒന്നുമില്ലാത്ത കാലത്തേ ഓരോ യുവാവിനെയും  പ്രതിനിധാനം ചെയ്യുന്നു അന്ന് ഞാൻ !!!പക്ഷേ അതൊരു കാലം തന്നെ ആയിരുന്നു.ഇന്നത്തെ തലമുറയ്ക്ക് ചിന്തിക്കാൻ പോലും പറ്റാത്ത ഒരു കാലം.!!!
അൻപതു ഡിഗ്രി ചൂടിൽ, കുവൈറ്റിൽ, ഒരു ജോലിക്ക് വേണ്ടി  കയറി ഇറങ്ങാത്ത ഓഫീസുകളില്ല.ഷർഖിലെ, "അഹ്മദ് അൽ ജാബർ" സ്ട്രീറ്റു മുതൽ "ജഹ്‌റ" സ്ട്രീറ്റ് വരെ, ജോലി അന്വേഷിച്ചു നടന്നത് ഒരു അനുഭവം തന്നെയായിരുന്നു.അതും ഒരു തിരുവോണത്തിന്റെ തലേന്ന് ബോംബയ്ക്കു പ്ലെയിൻ കയറിയ ഞാൻ കുവൈറ്റിലെത്തിയത് തിരുവോണനാളിൽ!!!
കാശ് കൊടുത്തിട്ടാണെങ്കിലും, കുവൈറ്റിൽ കാൽ വച്ചതിന്റെ പിറ്റേ ദിവസം മുതൽ, മുന്ന് മാസത്തേക്ക് താമസിക്കാൻ ഇടവും, മുന്ന് നേരത്തെ ആഹാരവും,  തന്ന ഏതോ ഒരു "ബാലന്റെ മെസ്സ്" മേൽവാടകയിൽ ഏറ്റെടുത്തു നടത്തിയിരുന്ന അവറാച്ചൻ എന്ന ജോസപ്പിനെ മറന്നാൽ, അത് നന്ദികേടാകും.. "ജഹ്‌റ" സ്ട്രീറ്റിലെ രണ്ടാമത്തെ വീടിന്റെ,  നാലാമത്തെ നിലയിൽ, കിട്ടിയ ഫ്ളാറ്റിലെ ഒരു മുറിയിൽ, ഞാനുൾപ്പടെ അഞ്ചു പേർ....കുവൈറ്റ് ചേംബർ ഓഫ് കോമേഴ്സിൽ അക്കൗണ്ടന്റായിരുന്ന തൃശൂർക്കാരൻ ഹരിദാസ് മേനോൻ, പെട്രോകെമിക്കൽ ഇൻഡസ്ട്രിയിൽ എഞ്ചിനീയറായിരുന്ന കൊല്ലംകാരൻ പളനി,മേർഴ്സിഡീസ് കാർ കമ്പനിയിലെ ടെക്നിക്കൽ സൂപ്പർവൈസറായിരുന്ന  കാസര്കോടുകാരൻ പപ്പൻ എന്ന പദ്മനാഭാ പിള്ള ചേട്ടൻ, പിന്നെ ടൊയോട്ട കമ്പനിയിൽ ജോലി ചെയ്യുന്ന ഞങ്ങളുടെ ശശികൊച്ചാട്ടൻ,പുതു മുഖമായി ഞാനും!!!
തുടരും.....