ഭാഗം-1
ഭാഗം ഒന്ന്.
മോഹിനിയാട്ടത്തിൻ്റെ ,ലാസ്യഭാവത്തോടെ ചുവടുകൾ വച്ച് നൃത്തംചെയ്യുന്ന മണിമലയാറിൻ്റെ തെക്കേ തീരത്തോട് ചേർന്നു കിടക്കുന്നൊരു ഗ്രാമമുണ്ട് , വളളംകുളം. മണിമലയാറിനെ പ്രണയിക്കുന്ന, മണിമലയാറിന് പുടവയൊരുക്കി കാത്തു നില്ക്കുന്ന ഗ്രാമം. ഞാൻ ആ ഗ്രാമം ആദ്യം കാണുന്നത് വളളംകുളം സ്കൂളുമായുളള ഫുഡ്ബോൾ മത്സരത്തിന് ചെല്ലുമ്പോളാണ്. ആ മത്സരത്തിൽ ഏഴു ഗോളടിച്ച് തോല്പിച്ചതിൻ്റെ ആഹ്ളാദത്തിൽ നിരത്തിലൂടെ ആരവംമുഴക്കി നടന്നതും കുന്നിൽ മോട്ടേഴ്സിലെ ഫുഡ്ബോൾ പ്രേമിയായ ഡ്രൈവർ (മുതലാളിയും) ഇറങ്ങി വന്ന് കെട്ടിപ്പിട്ടിച്ച് ഒരു ഭരണിമിട്ടായി (ഭരണിയോടെ) വാങ്ങിത്തന്നതും ഇന്നെന്നപോലെ ഓർക്കുന്നു. പിന്നിട് ഒരുപാട് ഒരുപാട് വട്ടം വള്ളംകുളം വഴിപോകുകയും അവിടെ തന്നെ പോകേണ്ടി വരികയും ചെയ്‌തിട്ടുണ്ട്. എൻ്റെ തൊട്ടടുത്ത നാടുമാണെല്ലോ.
ഇപ്പോൾ ഇത്രയുമൊക്കെ ഓർക്കേണ്ടി വന്നത് അടുത്ത കാലത്ത് ഞാൻ പരിചയപ്പെട്ട, പിന്നീട് ഉറ്റ മിത്രമായി മാറിയ നമ്മുടെയൊക്കെ പ്രിയങ്കരനായി മാറിയ, ഒരു വിദേശമലയാളിയെ, ന്യൂസിലാൻഡിൽ ജോലി ചെയ്യുന്ന ശ്രീ രാധാകൃഷ്ണൻ നായർ സാറിനെ, വെളളിനക്ഷത്രത്തിലൂടെ പയിചയപ്പെടുത്തണം എന്ന ചിന്ത വന്നപ്പോഴാണ്. ഇത് വെറുമൊരു പരിചയപ്പെടുത്തലല്ല. അനുഭവങ്ങളുടെ കനലിൽ ഊതിക്കാച്ചി സ്പുടം ചെയ്തെടുത്ത തനി തങ്കത്തിൻ്റെ രൂപപരിണാമങ്ങളുടെ നേർച്ചിത്രം.
ആയിരത്തി തൊള്ളായിരത്തിഅമ്പതുകളുടെ ആദ്യപാദത്തിൽ, പത്തനം തിട്ട ജില്ലയിലെ (പഴയ ആലപ്പുഴ ജില്ല) വളളംകുളത്തിൻ്റെ ഭാഗമായ ഇരവിപേരൂർ ഗ്രാമത്തിൽ ജനിച്ചു വളർന്ന നമ്മുടെ രാധാകൃഷ്ണൻ നായർ. "ഗ്രാമത്തിനപ്പുറം ലോകമില്ല" എന്ന് ചിന്തിച്ചിരുന്ന ബാല്യം.ജനിച്ചപ്പോൾ ഗോവിന്ദ ഗണകൻ രാധാകൃഷ്ണൻ്റെ ജാതകം എഴുതി വായിച്ചു. കടൽ കടന്ന് പോകുമെന്നെഴുതിക്കണ്ടപ്പോൾ, പസിഫിക് മഹാസമുദ്രവും കടന്ന്, ടാസ്മാൻ കടലിൻ്റെ തീരം വരെയെത്തുമെന്നു അന്ന് അച്ഛനമ്മമാർ ചിന്തിച്ചു കാണുമായിരുന്നില്ല.
ഗ്രാമം മുഴുവൻ അക്കാലത്ത് അങ്ങനെയായിരുന്നു. എല്ലാവർക്കും അത് തന്നെയാണ് ലോകം. പ്രത്യേകിച്ച് അമ്പലക്കമ്മിറ്റിയുമായും കരയോഗം കമ്മിറ്റിയുമായും നടന്നിരുന്ന അച്ഛൻ്റെ മകന് അമ്പല സംസ്ക്കാരവും, അദ്ധ്യാത്‌മികതയും, ഒപ്പം ഭാഗവതവും, രാമായണവും, മഹാഭാരതവും, ബൈബിളും, ഭഗവത്ഗീതയുമൊക്കെ വായിക്കാനും പഠിക്കാനും അവസരങ്ങൾ നിറഞ്ഞ ബാല്യം.വീടിൻ്റെ സമീപത്തുള്ള മുന്ന് ക്ഷേത്രങ്ങളും, തൊട്ടടുത്തുള്ള ക്നാനായ പള്ളിയും, അവിടെയൊക്കെ നടക്കാറുള്ള ഉത്സവക്കാലത്തെ കഥാപ്രസംഗങ്ങളും, ഓട്ടൻ തുള്ളലും, ഗുരു ഗോപിനാഥിൻ്റെ യും, ചെല്ലപ്പൻ ഭവാനിയുടെയും, തൃപ്പുണിത്തറ അരവിന്ദാക്ഷ മേനോൻ്റെ യും ഒക്കെ ബാലെയും, അഖണ്ഡനാമയജ്ഞങ്ങളും, കോലം തുള്ളലും, പടയണിയും, ക്രിസ്തുമസ്സ്/ ഈസ്റ്റർ കാലങ്ങളിലെ പള്ളിയിലെ റാസകളും, ക്രിസ്തുമസ്സ് കരോളുമൊക്കെയായി ബാല്യം. പള്ളിയിലെ ഗായക സംഘങ്ങളും, അമ്പലങ്ങളിലെ ഭജനസംഘങ്ങളും, എല്ലാമെല്ലാം നല്ല ഓർമ്മകളായി മായാതെ മനസ്സിൽ. ബാല്യത്തിൽ കോഴഞ്ചേരി കൊച്ചുണ്ണുണ്ണി ഭാഗവതരുടെ കിഴിൽ കർണാടക സംഗീതം പഠിക്കാനും, ചമ്പക്കുളം ഭാസ്കർ മാസ്റ്ററുടെ കിഴിൽ ഭരതനാട്യം പഠിക്കാനും, അവസരങ്ങൾ വന്നു. പോയി പഠിക്കാൻ അമിതമായ ആഗ്രഹങ്ങൾ ഉണ്ടായിരുന്നു. വീട്ടിലെ കർശന നിയന്ത്രണം കാരണം അതൊന്നും ശരിയായ രീതിയിൽ നടക്കാതിരുന്നതിൽ വലിയ ദുഃഖം ഇന്നും ബാക്കി. മൗത് ഓർഗൻ വായിച്ചു പള്ളിയിലെ ക്രിസ്തുമസ് കരോളുകളിൽ നടന്നിരുന്ന രാത്രി യാത്രകളും, സ്കൂളിൽ രാവിലത്തെ അസംബ്‌ളി സമയത്തു മൗത് ഓർഗനിൽ "ജന ഗണ മന" പാടുന്നതും, ബാല്യകാല ഓർമ്മകൾക്ക് കൊഴുപ്പേകുന്നു.
കൗമാരത്തിലെ വിദ്യാഭ്യാസം ഇരവിപേരൂർ ഗവണ്മെന്റ് പ്രൈമറി സ്കൂളിലും, വള്ളംകുളം അപ്പർ പ്രൈമറി സ്കൂളിലും, സെന്റ് ജോൺസ് ഹൈസ്കൂളിലും, പിന്നീട് പ്രീഡിഗ്രിക്കു (ഇപ്പോഴത്തെ പ്ലസ്സ് ടു) ചങ്ങനാശേരി എൻ.എസ്സ്.എസ്സ്. കോളേജിലുമായി, ഒരു ശരാശരി വിദ്യാർത്ഥിയായി കാലം കടന്നു പോയി. എസ്സ്.എസ്സ്.എൽ.സി.പരീക്ഷയിൽ, കണക്കിന് രണ്ട് പ്രാവശ്യം തോറ്റു, മൂന്നാം പ്രാവശ്യം കഷ്ട്ടിച്ചു പാസ്സായ രാധാകൃഷ്ണൻ, 2010 മുതൽ 2015 വരെയുള്ള കാലഘട്ടത്തിൽ, ഗൾഫ് രാജ്യത്തെ ലോകോത്തര ഉന്നതിയിൽ നിൽക്കുന്ന ഒരു ഇസ്ലാമിക ബാങ്കിൻ്റെ തലപ്പത്തെത്തി. അഞ്ച് ബില്യൺ അമേരിക്കൻ ഡോളറിൻ്റെ പോർട്ടു ഫോളിയെയും (Portfolio)ചുമലേറ്റി, ഏറ്റവും നല്ല ഇസ്ലാമിക ബാങ്കിൻ്റെ അവാർഡ് നേടിയെടുക്കാൻ നേതൃത്വം നല്കിയെന്നത് തികച്ചും വിരോധാഭാസമാണ്, ഒപ്പം ഒരു യാഥാർഥ്യവുമാണ്.
ബിരുദവും, ബിരുദാനന്തര ബിരുദവും, ചങ്ങനാശേരി/പന്തളം എൻ. എസ്സ്. എസ്സ്. കോളേജുകളിലായിരുന്നു. സ്കൂൾ/കോളേജ് വിദ്യാഭ്യാസകാലത്ത് പടയണി കോലങ്ങൾ തുള്ളാനും, വേലകളി പഠിക്കാനും, പാശ്ചാത്യനൃത്തത്തിലെ റോക്ക് ആൻഡ് റോൾ പഠിക്കാനും, വള്ളപ്പാട്ട് പാടാനും, കർണാടക സംഗീതത്തെ കൂടുതൽ അറിയാനും, കഥകളി, ഭരതനാട്യം, മോഹിനിയാട്ടം, കുച്ചുപ്പുടി എന്നിത്യാദി നൃത്തവിസ്മയങ്ങളെ അടുത്തറിയാനും ശ്രമിച്ചിട്ടുള്ള രാധാകൃഷ്ണൻ നായർ നാടക രംഗത്തും പയറ്റിയിട്ടുണ്ട്.
കാലടി ഗോപിയുടെ, "കാറ്റും തിരകളും" എന്ന നാടകം സംവിധാനം ചെയ്ത് അതിലെ ഡോക്ടറുടെ ഭാര്യയുടെ റോളിൽ രംഗത്ത് വന്ന് ഏറ്റവും നല്ല ബെസ്ററ് ആക്ടർ അവാർഡും (Best Actor Award) ഒപ്പം ഏറ്റവും നല്ല നാടകത്തിനുള്ള അവാർഡും (Best Drama Award) ആ വർഷത്തെ കോളേജ് കലോത്സവത്തിന് നേടിയെടുക്കാൻ കഴിഞ്ഞത് കുളിരുള്ള ഓർമ്മകൾ .അന്നത്തെ നാടകങ്ങളുടെ അവതരണം വിലയിരുത്തിയ വിധി കർത്താക്കൾ ആരൊക്കെയാണന്നറിയേണ്ടേ? സർവ്വശ്രീ ഏറ്റൂമാനൂർ സോമദാസൻ, ഹരീന്ദ്രനാഥ കുറുപ്പ്, ഓമല്ലൂർ ഗോപാലകൃഷ്ണൻ, എം.പി.മന്മഥൻ, തുടങ്ങിയവർ.അവാർഡ് ദാനം നിർവഹിച്ചത് സിനിമാ നടനായിരുന്ന കെ. പി. ഉമ്മർ. അന്നെടുത്ത ഒരു ഫോട്ടോ നിധിപോലെ സൂക്ഷിച്ചിരുന്നു. കുവൈറ്റ് ഇറാക്ക് യുദ്ധ കാലത്തു പലതും നഷ്ടപ്പെട്ടപ്പോൾ അതും പോയി. അന്ന് രണ്ടാം സ്ഥാനത്തു വന്ന നാടകം ഭരണിക്കാവ് ശിവകുമാർ എഴുതി അഭിനയിച്ച തെരുവ് തെണ്ടികളുടെ കഥ പറഞ്ഞ ഒരു നാടകമായിരുന്നു കോണിപ്പടികൾ. ഡിഗ്രിക്ക് പഠിക്കുമ്പോൾ കൂടെ സീനിയറായി പഠിച്ചിരുന്ന പെരുന്ന രാമചന്ദ്രനുമായി ചേർന്ന് "കുരുക്ഷേത്രം" എന്ന നാടകം അവതരിപ്പിച്ചു. വീണ്ടും ആ വർഷത്തേ നല്ല നടനുള്ള അവാർഡും നേടിയെടുത്തു. ഇരവിപേരൂർ ഹൈന്ദവ സംഘടനയുടെ കിഴിലുണ്ടായിരുന്ന യുവജന സംഘടനയുടെ നേതൃത്വത്തിൽ തൊട്ടടുത്തുള്ള മഹാദേവർ ക്ഷേത്രത്തിൽ ആദ്യമായി ഏഴ് ദിവസം നീണ്ടു നിൽക്കുന്ന "സപ്താഹ യജ്ഞം" തുടങ്ങാൻ മുൻ കൈ എടുത്തത് രാധാ കൃഷ്ണനാണ്.1971ൽ തുടങ്ങിയ ആ "സപ്താഹസ്സ്" ഇന്നും തുടരുന്നു.
ശിവാജി ഗണേശനെ ആരാധിച്ചിരുന്ന രാധാകൃഷ്ണൻ, അദ്ദേഹത്തിൻ്റെ "പുതിയ പറവൈ" എന്ന പോപ്പുലർ ഹിറ്റ് സിനിമയെ ഉൾക്കൊണ്ട് വീണ്ടും പെരുന്ന രാമചന്ദ്രൻ എന്ന വിദ്യാർത്ഥിയുമായി ചേർന്ന് ഒരു നാടകം പെരുന്ന സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ കാവടിയാട്ട മഹോത്സവം നടക്കുന്ന രാത്രിയിൽ അവതരിപ്പിക്കുവാൻ എല്ലാ ഒരുക്കങ്ങളും കഴിഞ്ഞപ്പോൾ അവസാന നിമിഷം കമ്മറ്റിക്കാർ വിസമ്മതിച്ചത് വിങ്ങുന്ന ഓരോർമ്മ..കോളേജിൽ പഠിക്കുന്ന കാലത്ത് മഹാകവി പി.കുഞ്ഞിരാമൻ നായർ, വെണ്ണിക്കുളം ഗോപാലക്കുറുപ്പ്, തിരുനല്ലൂർ കരുണാകരൻ, മലയാറ്റൂർ രാമകൃഷ്ണൻ, എസ്സ്.കെ. പൊറ്റക്കാട്, എം.ടി.വാസുദേവൻ നായർ, തകഴി, ഉറൂബ്, തുടങ്ങിയ എത്രയെത്ര മഹാരഥന്മാരുടെ സെമിനാറുകളും, സിമ്പോസിയങ്ങളും, കേട്ടും കണ്ടും നടന്നിരുന്ന ഒരു കൗമാരവും യൗവനവും സുന്ദരമായി മനസ്സിൽ കാത്തു സൂക്ഷിക്കുന്നു.
ഭാഗവത പാരായണവും, കഥാപ്രസംഗവും, കഥകളിയും, എക്കാലത്തും രാധാകൃഷ്ണൻ്റെ ബലഹീനതയായിരുന്നു. ഭാഗവത പാരായണത്തിൽ അക്കാലത്തെ പ്രശസ്തരായ മുഖത്തല ചെല്ലപ്പൻപിള്ള എണ്ണക്കാട്ട് കുട്ടൻപിള്ള, വെളിനല്ലൂർ മാധവൻ നായർ, തേവലക്കര ജനാർദ്ദനകുറുപ്പ്, പുറമറ്റം ഗോപിനാഥപിള്ള, ചെന്നിത്തല ചെല്ലപ്പൻപിള്ള, വനവത്ക്കര ഭക്തൻ, തുടങ്ങിയവരുടെ ശാസ്ത്രീയ സംഗീതചുവയുള്ള പാരായണങ്ങൾ ഇന്നും കേട്ട് ആസ്വദിക്കാറുണ്ട്. കഥാപ്രസംഗമേഖലയിൽ എക്കാലത്തെയും പ്രശസ്തരായ സാംബശിവൻ, കൊല്ലം ബാബു, തുറവൂർ രാമചന്ദ്രൻ, വെട്ടിയാർ പി. കെ., കെടാമംഗലം സദാനന്ദൻ, ജോസഫ് കൈമാമ്പറമ്പൻ, കൃഷ്ണപുരം രാഘവൻപിള്ള, ഓച്ചിറ രാമചന്ദ്രൻ, കടക്കോട് വിശ്വംഭരൻ, വർക്കല രാധാകൃഷ്ണൻ തുടങ്ങിയ ഒട്ടനവധി മഹാരഥന്മാരെ സ്നേഹപൂർവ്വം എപ്പോഴും സ്മരിക്കുന്നു. ഇവരിൽ പലരുടെയും കഥാപ്രസംഗ കാസറ്റുകൾ രാധാകൃഷ്ണൻ ഇന്നും കേട്ടാസ്വദിക്കുന്നു. മാങ്കുളം വിഷ്ണു നമ്പൂതിരി, കുടമാളൂർ കരുണാകരൻ നായർ, മങ്കൊമ്പ് ശിവശങ്കര പിള്ളൈ, ഗുരു ചെങ്ങന്നൂർ രാമൻ പിള്ളൈ ,മാത്തൂർ ഗോവിന്ദൻ കുട്ടി, മടവൂർ വാസുദേവൻ നായർ, കലാമണ്ഡലം കേശവൻ, കലാമണ്ഡലം ശങ്കരൻ എമ്പ്രാന്തിരി, ആയാംകുടി കുട്ടപ്പ മാരാർ, തുടങ്ങിയ എത്രയെത്ര പ്രതിഭകളെ കഥകളിയിലൂടെ രാധാകൃഷ്ണൻ ഓർത്തു പോകുന്നു.
സംഗീത കച്ചേരികളും, നാദസ്വര കച്ചേരികളും, അക്കാലങ്ങളിൽ ഏറെ ആസ്വദിക്കാൻ അവസരങ്ങൾ വന്നു ചേർന്നിട്ടുണ്ട്. മദ്ധ്യതിരുവതാംകൂറിലെ മേജർ ക്ഷേത്രങ്ങളായ തൃക്കവിയൂർ മഹാദേവർ, തിരുവല്ലാ ശ്രീവല്ലഭൻ, ചെങ്ങന്നൂർ മഹാദേവർ, ഏറ്റുമാനൂരപ്പൻ, വൈക്കം മഹാദേവർ, തിരുനക്കര മഹാദേവർ ആറന്മുള പാർത്ഥസാരഥി, തുടങ്ങിയ നീണ്ട ക്ഷേത്ര നിരകൾ. മഹാനുഭാവനായിരുന്ന എം.കെ.ത്യാഗരാജാഭാഗവതരുടെ പാട്ടുകച്ചേരി ബാല്യത്തിൽ അച്ഛൻ്റെ കയ്യിൽ തുങ്ങി തിരുവല്ല അമ്പലത്തിൽ വച്ച് കണ്ടതും കേട്ടതും മിന്നായം പോലെ ഓർമ്മകളിൽ. തുടർന്ന് എം.എസ്സ്.സുബ്ബലക്ഷ്മി, ചെമ്പൈ ഭാഗവതർ, മണ്ക്കാൽ രംഗരാജ ഭാഗവതർ, മധുര മണി അയ്യർ, മധുരൈ സോമസുന്ദരം, ഡി.കെ.പട്ടാമ്പാൾ, വസന്ത കോകിലം, രാധാ/ജയലക്ഷ്മി, എം.എൽ.വസന്തകുമാരി, എൻ. എൽ. ഗാനസരസ്വതി, ശൂലമംഗലം സഹോദരികൾ, തിരുക്കോവിലകം സഹോദരികൾ, കെ. ബി. സുന്ദരാംബാൾ, ശീർകാഴി ഗോവിന്ദരാജൻ, കാരക്കുറച്ചി അരുണാചലം, ചുടലയാണ്ടി കമ്പർ, തഞ്ചാവൂർ പരമശിവം, രാജരത്തിനം പിള്ളൈ, നാമഗിരി പേട്ട കൃഷ്ണൻ, ജി എൻ ബാലസുബ്രമണ്യം,ടി.എം.സൗന്ദരരാജൻ, തുടങ്ങിയ എണ്ണമറ്റ സംഗീതജ്ഞർ മറയാതെ മായാതെ മനസ്സിൽ.
അസ്‌ട്രോളജിയിലും രാധാകൃഷ്ണൻ കൈ വയ്ക്കാൻ മറന്നില്ല.
ഒരിക്കൽ സിനിമ ഭ്രാന്തു തലയ്ക്ക് പിടിച്ചു ആരുമറിയാതെ ചെന്നൈയ്ക്ക് പോകാൻ ഒരു വൃഥാ ശ്രമവും നടത്തി.
(തുടരും…)

