ഭാഗം-2

വിദ്യാർത്ഥി രാഷ്ട്രീയത്തെപ്പറ്റി  ചിന്തിക്കുമ്പോൾ  ആദ്യം മനസ്സിൽ ഓടിയെത്തുന്നത് വിമോചന സമരകാലത്തെ ബാല്യകാല ഓർമ്മകളാണ്. ഇ.എം.എസ്സ്‌. നമ്പൂതിരിപ്പാടിൻ്റെ  ഗവൺമെന്റിനെതിരെ അക്കാലത്ത് ഒരു വികാരം ഉണർന്നിരുന്നു. അത്,  മത ജാതി വിശ്വാസങ്ങൾ നെഞ്ചിൽ ചേർത്തു നടക്കുന്ന ഒരു വലിയ നേതൃത്വം നടത്തിയ സമരമാണ് എന്നൊന്നും അന്നറിയില്ലായിരുന്നു. സ്കൂൾകുട്ടികൾ തെരുവിലിറങ്ങിയതൊക്കെ ഓർമ്മകളിലുണ്ട്. അന്നത്തെ ചില മുദ്രാവാക്യങ്ങൾ ഇന്നും മായാതെ മനസ്സിൽ നില്ക്കുന്നു.

 ഞങ്ങടെ വിദ്യാശാലകളിൽ,

ഞങ്ങടെ കുഞ്ഞിക്കരളുകളിൽ,        

കമ്മ്യൂണിസം കുത്തി വയ്ക്കാൻ,          

സമ്മതമല്ലേ സർക്കാരേ.

മറ്റൊന്ന്.

- അങ്കമാലിക്കല്ലറയിൽ,

ചന്ദ്രൻ ചോര ചൊരിഞ്ഞെങ്കിൽ,

ആ കല്ലറയണേ കട്ടായം,

എം. നെ. ഞങ്ങളെടുത്തോളാം.!!!

ഇതൊക്കെ നടന്ന  ആ കാലഘട്ടമൊന്നും അതുപോലെ ഓർത്തെടുക്കാനുള്ള പ്രായമോ പക്വതയോ അന്നുണ്ടായിരുന്നില്ല. മത്തായി മാഞ്ഞൂരാൻ എന്നൊരു നേതാവ് ഒരു പ്രസംഗത്തിനിടയിൽ ഏറ്റവും മുന്നിൽ നിന്ന് ആവേശത്തോടെ പ്രസംഗം കേട്ടു കൊണ്ടിരുന്ന രാധാകൃഷ്ണൻ നായരെ  സ്റ്റേജിലേക്ക് വിളിച്ചു കയറ്റി കെട്ടിപ്പിടിച്ച് എന്തൊക്കെയോ പറഞ്ഞത്   ഇന്നെന്നപോലെ  ഓർമ്മയിൽ നിറഞ്ഞുനില്ക്കുന്നു. ശരിക്കും "വിദ്യാർത്ഥി സമരം" എന്തെന്നറിഞ്ഞത് പ്രീ ഡിഗ്രിക്ക് പഠിക്കുമ്പോഴാണ്.ചരിത്ര പ്രസിദ്ധമായ "ഭക്ഷ്യ സമരം". ഏതാണ്ട് കുറച്ചു ദിവസം കോളേജുകൾ അടച്ചിട്ടു. ചന്ദനക്കുറിയും തൊട്ട് ഹാഫ് നിക്കറും വെള്ളയുടുപ്പുമിട്ട  പച്ചപ്പാവമായ രാധാകൃഷ്ണൻ പുസ്തകങ്ങൾ കക്ഷത്തിൽ തിരുകി ചോറ്റു പാത്രവും  തൂക്കി ബസ്സിറങ്ങി കോളേജിൻ്റെ  പടിവാതുക്കലേത്തിയപ്പോൾ ഒരാൾക്കൂട്ടം. അവരുടെ മുദ്രാവാക്യം വിളി. പോലീസൊക്കെയുണ്ട് .ആകെ ഒരു കോലാഹലം. കൂടെയുണ്ടായിരുന്ന ഒരു മുതിർന്ന വിദ്യാർത്ഥി പറഞ്ഞു ഭക്ഷ്യ സമരമാണ് രാധാകൃഷ്ണാ, കോളേജ് തുറക്കില്ല. നമ്മുക്ക് അടുത്ത ബസ്സിന്‌ മടങ്ങി വീട്ടിൽ പോകാം. ചങ്ങനാശേരിയിൽ നിന്ന് തിരുവല്ലയ്ക്കുള്ള ട്രാൻസ്‌പ്പോർട്ട്  ബസ്സിൽ കയറിപ്പറ്റി.   പതിന്നാല് പേരുണ്ടായിരുന്നു ആ ബസ്സിൽ. ബസ്സ്  പെരുന്ന എൻ.എസ്സ്.എസ്സ്. ഹെഡ് ഓഫീസിന് സമീപം എത്തിയപ്പോൾ, സമരക്കാർ ബസ്സ് തടഞ്ഞു. സമരക്കാരെ ഓടിക്കാൻ പോലീസ് ലാത്തി വീശി.  സമരക്കാരിൽ ചിലർ ബസ്സിൽ ചാടിക്കയറി പോലീസും കൂടെ.  ബഹളമായി, കരച്ചിലായി. കുട്ടത്തിൽ ബസ്സിനകത്തിരുന്ന പതിന്നാല് പേർക്കും മുട്ടിന് താഴെ അടി കിട്ടി. രാധാകൃഷ്ണൻ നായർക്കും കിട്ടി അടി. ബഹളത്തിൽ ചോറ്റുപാത്രം  താഴെ വീണ് ചോറു ബസ്സിലാകെ ചിതറി.  വീട്ടിലെത്തിയപ്പോഴാണ്  മുട്ടിന് താഴെ ചുവന്നു നീലിച്ചു പാടു കാണുന്നത്. വിവരങ്ങൾ  നടന്നതുപോലെ അമ്മയോടു പറഞ്ഞു.  അമ്മ കുഴമ്പോക്കെ കാലിൽ പുരട്ടി. കൂട്ടത്തിൽ "ഇവനൊന്നും ഗുണം പിടിക്കത്തില്ലെന്ന പ്രാക്കും

പോലീസുകാരെയാണ് അമ്മ ഉദ്ദേശിച്ചത്‌.!!!

വിദ്യാർത്ഥി പ്രസ്ഥാനം ശക്തമാകാനും രാഷ്ട്രീയവൽക്കരിക്കാനും  പിന്നെയും കാലങ്ങൾ എടുത്തു.  "നാഷണൽ സർവീസ് സ്‌കീം" (NSS) എന്നൊരു വിദ്യാർത്ഥി സംഘടനയിൽ ചേർന്ന്  അക്കാലത്ത് പ്രവർത്തിച്ചിട്ടുണ്ട്. എ.സി.സി, എൻ.സി.സി. തുടങ്ങിയ സൈനീക  വിദ്യാർത്ഥി ഗ്രുപ്പിലും അംഗമാകാനും   പ്രവർത്തിക്കാനും  ഭാഗ്യം ലഭിച്ചു. ഡിഗ്രിക്ക് പഠിക്കുമ്പോൾ "റോവേഴ്സ് ക്ലബ്ബ്"  എന്നൊരു വിദ്യാർത്ഥി സംഘടന അന്ന് കോളേജിൽ നിലവിലുണ്ടായിരുന്നു. അന്നത്തെ കോളേജ് പ്രിൻസിപ്പൽ, ശ്രീ.എം.പി. മന്മഥൻസാറും വൈസ് പ്രിൻസിപ്പൽ, പി.സി. മേനോൻ സാറുമായിരുന്നു.  റോവേഴ്സ് ക്ലബ്ബ് വിദ്യാർത്ഥി പ്രസ്ഥാനത്തിൽ അൻപത്തഞ്ച് പേരാണുണ്ടയിരുന്നത്. അതിന് നേതൃത്വവും നൽകിയിരുന്നത് ജെ. റോസ്സചന്ദ്രൻ എന്നൊരു ഇംഗ്ലീഷ് അധ്യാപകൻ. അദ്ദേഹം ആ കോളേജിൽ നിന്ന് വിരമിച്ച് കാട്ടാക്കട ക്രിസ്ത്യൻ കോളേജിലെ പ്രിൻസിപ്പലായി പോയതൊക്കെ ഇപ്പോഴും ഓർമ്മകളിൽ പച്ചപിടിച്ചു നില്ക്കുന്നു.  അന്ന് റോവേഴ്സ് ക്ലബ്ബിൽ മെമ്പേഴ്‌സായിരുന്ന   55 പേരാണ് യുഗ പ്രഭാവനായ മന്നത്തു പദ്മനാഭൻ്റെ  ശവസംസ്ക്കാര ചടങ്ങിൽ,മുന്ന് ദിവസം അഹോരാത്രം  വോളന്റീയേഴ്‌സായി സേവനം അനുഷ്ഠിച്ചത്.   പ്രശസ്തരായ  പല മഹത് വ്യക്തികളേയും ആ സമയത്തു കാണുവാൻ അവസരമുണ്ടായി എന്നതൊരു ഭാഗ്യം. മന്നത്തിൻ്റെ  ശവസംസ്ക്കാര ചടങ്ങിൽ പങ്കെടുക്കാൻ വന്നവരായിരുന്നു അവരെല്ലാം. വൈക്കം മുഹമ്മദ് ബഷീർ, സി.എച്ച് മുഹമ്മദ് കോയ, സി. അച്യുതമേനോൻ, കിടങ്ങൂർ ഗോപാലകൃഷ്ണപിള്ള, കളത്തിൽ വേലായുധൻ നായർ, എം.ജി.രാമചന്ദ്രൻ, ലളിത, പത്മിനി, രാഗിണി, പ്രേംനസിർ, മധു, തുടങ്ങിയ എത്രയോ മഹത്തുക്കൾ. ഡിഗ്രി അവസാനവർഷം കോളേജ്‌ യൂണിയൻ ചെയർമാനായി തെരഞ്ഞെടുത്തത് കോൺഗ്രസിൻ്റെ  വിദ്യാർത്ഥി സംഘടനയായ, കെ.എസ്.യു .വിൻ്റെ   സ്ഥാനാർഥി ജി. രാമൻനായരെയാണ്.  മാർക്സിസ്റ്റ് കമ്മ്യൂണിസ്റ്റ്  പ്രസ്ഥാനത്തിൻ്റെ  വിദ്യാർത്ഥി സംഘടന കെ.എസ്സ്.എഫ്. സ്ഥാനാർഥി സുകുമാർ പെരിങ്ങരയായിയുന്നു. എന്നാൽ കോളേജ് രാഷ്ട്രീയമല്ല  രാധാകൃഷ്ണൻ നായരെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിലേക്ക് ആകർഷിച്ചത്. കമ്മ്യൂണിസ്റ്റ് ചിന്താഗതി ആരും പറഞ്ഞു കൊടുത്തതുമായിരുന്നില്ല. സ്വന്തം കണ്ണിലൂടെ കണ്ടെത്തിയ നേർക്കാഴ്ചകളിൽ നിന്ന് തന്നെയാണ് അതിന് തുടക്കം.

ദശാബ്ദങ്ങളായി കണ്ടുവന്ന ഒരു വിചിത്രമായ ഒരു പ്രാകൃതമായ സംസ്കാരത്തിനെ അല്ലങ്കിൽ രീതിയെ  വീട്ടിൽനിന്നു തന്നെ തുടച്ചുമാറ്റാൻ അവസരമുണ്ടായി. കമ്മ്യൂണിസ്റ്റ് ചിന്താഗതിയിലേക്ക് തിരിയാൻ ഒരു നിമിത്തമായി  അതൂ മാറി. അതാണ് സത്യം വർഷങ്ങളായി വീട്ടിലേ മൺവിരിപ്പിൽ പണിയെടുത്തിരുന്നത് തിരുവപ്പുലയനും അദ്ദേഹത്തിൻ്റെ  ഭാര്യ തിരുവതിരുവപ്പുലക്കള്ളിയും, ചെറുക്കൻ, ഗോപാലൻ, കിട്ടൻ, ബാലൻ, തുടങ്ങിയ,നാല് ആൺമക്കളും അവരുടെ ഭാര്യമാരും അടങ്ങിയ തൊഴിലാളി കുടുംബമായിരുന്നു. വീട്ടിൽ ജോലിയുള്ള സമയത്ത്  ഇവർക്കെല്ലാം ഉച്ചക്ക് ആഹാരം കൊടുക്കുന്ന ഒരു പതിവുണ്ട്. മിക്കവാറും കഞ്ഞിയും പുഴുക്കുമാണ് ആഹാരം. ഉച്ചവരെ പാടത്തു പണിയെടുത്ത്  വിയർത്തൊലിച്ചു വരുന്ന ആ തൊഴിലാളികൾക്ക് മുറ്റത്ത്  ചെറിയ കുഴികൾ കുഴിച്ചു  തൂശനിലയിറക്കി അതിൽ കഞ്ഞിയും പുഴുക്കും അമ്മ ഒഴിച്ച് കൊടുക്കുമ്പോൾ, ആർത്തിയോടെ അവർ അത് കഴിക്കുന്നത് രാധാകൃഷ്ണൻ നോക്കി നില്ക്കും. അടുക്കളയിലെ മേശമേൽ വച്ച്  ചോറുണ്ണുമ്പോൾ,  കൗമാരം കഴിഞ്ഞ രാധാകൃഷ്ണൻ്റെ  മനസ്സ് അസ്വസ്ഥമാകും.  ആ ജോലിക്കാരും മനുഷ്യരല്ലേ  അവർക്കും  തിണ്ണക്കിരുന്ന് പാത്രത്തിൽ ഭക്ഷണം കഴിക്കാൻപറ്റത്തില്ലേ? പിന്നെന്തേ ഇത്തരത്തിലൊരു വിവേചനം?          -"നമ്മൾക്കിത് വേണ്ട". രാധാകൃഷ്ണൻ അമ്മയോടും അച്ഛനോടും പറഞ്ഞു. അമ്മയും അച്ഛനും പൂർണ മനസ്സോടെ വഴങ്ങി. പിറ്റേ ദിവസം വീട്ടിലെ തിണ്ണയിൽ അലൂമിനിയം പ്ലേറ്റിൽ അമ്മ വിളമ്പിയ കഞ്ഞിയും, അസ്ത്രവും, പുഴുക്കും, അവർ കഴിച്ചു. രാധാകൃഷ്ണനും അവരോടൊപ്പം ഇരുന്നു. അത്തരം ഒരു പാത്രത്തിൽ കഞ്ഞി കുടിച്ചു. ചെറുപ്പം മുതലേ തന്നെ ഇവരെയൊക്കെ പേരെടുത്തു വിളിക്കുകയോ, ജാതിപ്പേരു പറഞ്ഞു വിളിക്കുകയോ, ഒന്നും ചെയ്യാൻ അമ്മയും അച്ഛനും രാധാകൃഷ്ണനെ അനുവദിച്ചിരുന്നില്ല. അതുകൊണ്ടുതന്നെ  അച്ഛൻ്റെ യും അമ്മയുടെയും സഹോദരങ്ങളുടെയും സ്ഥാനം രാധാകൃഷ്ണൻ ഇവർക്കെല്ലാം നൽകിയിരുന്നു. ഒരുപക്ഷേ അതായിരിക്കണം രാധാകൃഷ്ണനെ ഇങ്ങനെയൊക്കെ ചിന്തിക്കാൻ പ്രേരിപ്പിച്ചത്‌. ഈ സംഭവം ഒരു സമൂഹവും അവിടെ അന്ന് പറഞ്ഞു നടന്നില്ല,  ആരും അറിഞ്ഞത് പോലുമില്ല. എന്നാൽ അന്നുച്ചക്ക് കഞ്ഞി കുടി കഴിഞ്ഞു പാത്രങ്ങൾ കഴുകി കമഴ്ത്തി വച്ച് കൈയ്യും മുഖവും കഴുകി വന്ന ആ തൊഴിലാളി കുടുംബത്തിലെ വല്യമ്മ രാധാകൃഷ്ണനെ കെട്ടിപ്പിടിച്ചു, അവരുടെ മിഴികൾ നനഞ്ഞു. 

"മോന് ഇത്രയും സ്നേഹം ഞങ്ങളോട് തോന്നിയല്ലോ".

"മോൻ കമ്മ്യൂണിസ്റ്റാ അല്ലേ..?      

രാധാകൃഷ്ണൻ്റെ  കണ്ണുകൾ നിറഞ്ഞു  പോയി.  ആ സംഭവം  നാട്ടിലെങ്ങും ആരും അറിഞ്ഞില്ലെങ്കിലും  രാധാകൃഷൻ്റെ  മനസ്സിൽ  ഒരു ചലനം ഉണ്ടാക്കി.                                    അന്ന് കെ. എസ്. എഫ്. (K.S.F. )എന്ന മാർക്സിസ്റ്റ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ വിദ്യാർത്ഥി സംഘടന അഖിലേന്ത്യ തലത്തിലേക്ക് ഉയർത്തി എസ്.എഫ്.ഐ.(S.F.I.)എന്ന പേരിൽ ഔദ്യോഗികമായി നിലവിൽ വന്നു കഴിഞ്ഞിരുന്നു. രാധാകൃഷ്ണൻ ശക്തമായിത്തന്നെ വിദ്യാർത്ഥി രാഷ്ട്രീയത്തിലേക്കിറങ്ങി. അവിടെ  ഉയർച്ചയും വളർച്ചയും വളരെ പെട്ടന്നായിരുന്നു.

 

 

(തുടരും.)