ഭാഗം-3

മനുഷ്യ ജീവിതത്തിൻ്റെ ഗതവിഗതികൾ നിയന്ത്രിക്കുന്നത് സ്വയമാണോ ? അതോ ഒരദൃശ്യകരത്തിൻ്റെ കൈസ്പർശം  ഉണ്ടോ ? ഉത്തരം    കാണാൻ കഴിയാത്ത ഒരു സമസ്യയായിട്ടേ ഈ ചോദ്യത്തെ എന്നും  ഞാൻ കണ്ടിട്ടുളളു. ശ്രീ രാധാകൃഷ്ണൻ നായരുടെ അപൂർവ്വതകൾ നിറഞ്ഞ ജീവിത്തെ അകലെ  നിന്നു  നോക്കിക്കണ്ടപ്പോഴും അടുത്തറിഞ്ഞ് ചേർന്നു  നടന്നപ്പോഴും എൻ്റെ ചോദ്യങ്ങൾക്ക് അദ്ദേഹത്തിലൂടെ ഉത്തരം  കണ്ടെത്താൻ ശ്രമിച്ചു.   കാരണം അത്രകണ്ട്  ചിന്താതീത ജീവത വൈരൂദ്ധ്യതകളുടെ സമന്വയമാണ്  അദ്ദേഹം.

പന്തളം കോളേജിൽ, എം. എ. യ്ക്ക് ചേരാൻ ചെല്ലുന്നതിന് മുൻപ് തന്നെ, എസ്സ്. എഫ്. ഐ. യുടെ യൂണിറ്റ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. അതുകൊണ്ടുതന്നെ കോളേജ് അധികൃതർ രാധാകൃഷ്ണന് അഡ്മിഷൻ കൊടുക്കാൻ വിസമ്മതിച്ചു. അവസാനം അമ്മ വഴി അകന്ന ബന്ധുവായ അന്നത്തെ പന്തളം കോൺഗ്രസ്സ് മണ്ഡലം പ്രസിഡന്റുകൂടിയായ ഇടനാട് കള്ളാലിൽ ശ്രീ കരുണാകരൻ നായരുടെ വാക്കുറപ്പിന്മേൽ അന്നത്തെ കോളേജ് പ്രിൻസിപ്പൽ ശ്രീ പട്ടരുമഠം കൃഷ്ണൻ നായർ അഡ്മിഷൻ നൽകി. അതോടൊപ്പം കോളേജ് ഹോസ്റ്റലിൽ അഡ്മിഷൻ നൽകാൻ ഹോസ്റ്റൽ വാർഡൻ  (അടൂർ ഗോപാലകൃഷ്ണൻ്റെ  സഹോദരൻ) ബുദ്ധിമുട്ടാണ് എന്ന് പറഞ്ഞപ്പോൾ, ഇതേ കരുണാകരൻനായരുടെ ഭാര്യയും ഹിന്ദി പ്രൊഫസ്സറുമായിരുന്ന ശ്രീമതി ശ്യാമള ഉത്തരവാദിത്വം ഏറ്റെടുത്തു. അങ്ങനെ തുടങ്ങിയ രണ്ട് വർഷക്കാല വിദ്യാർത്ഥി ജീവിതം നിർണായകമായ വഴിത്തിരിവിലേക്ക് തിരിഞ്ഞു. ഹോസ്റ്റലിൽ കൂടെയുണ്ടായിരുന്ന സഹപാഠി അടൂർ ഭാസിയുടെ അനന്തിരവനും, മലയാളഭാഷ നോവലിസ്റ്റും  നടനുമൊക്കെയായിട്ടുള്ള ബി.ഹരികുമാർ. ഇന്നും ആ സുഹൃദ്ബന്ധം ടെലിഫോണിലൂടെ തുടരുന്നുണ്ട് എന്നുള്ളത് കുളിരുള്ള ഓർമ്മ.

ആ വർഷം നടന്ന എസ്.എഫ്.ഐ.(S.F.I.) യുടെ മാവേലിക്കര താലൂക്ക് തെരഞ്ഞെടുപ്പിൽ പ്രസിഡന്റായി രാധാകൃഷ്ണൻ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. മാവോ ഗോപാലകൃഷ്ണൻ സെക്രട്ടറി. രാധാകൃഷ്ണനെ ഗൗരിഅമ്മയിലേക്കടുപ്പിച്ചത് ഗോപാലകൃഷ്ണനായിരുന്നു. രാധാകൃഷ്ണൻ ഏറ്റവുമധികം ബഹുമാനത്തോടെ പിതൃതുല്യം സ്നേഹബഹുമാനങ്ങൾ കൊടുക്കുന്ന ഒരു വ്യക്തിത്വമാണ് അന്നത്തെ പന്തളം ലോക്കൽ സെക്രട്ടറി ആയിരുന്ന എ.കെ. ആചാരിസാർ, സ്കൂൾ അധ്യാപകനായിരുന്നു. കമ്മ്യൂണിസ്റ്റ് തത്വസംഹിതകളുടെ അടിസ്ഥാന പ്രമാണങ്ങൾ പറഞ്ഞു കൊടുത്തതെല്ലാം ആചാരി സാറായിരുന്നു. അദ്ദേഹത്തിൻ്റെ  മകൻ വീരഭദ്രൻ. മറക്കാൻ ഇഷ്ട്ടപ്പെടാത്ത സഹപാഠിയായിരുന്ന ശശീന്ദ്ര ലാൽ. മുൻ നേതൃത്വനിരയിലെ തോമസ്സ് മാത്യു, (പിൽക്കാലത്തു കേന്ദ്ര ഗവൺമെന്റ് സെക്രട്ടറി ആയിരുന്ന തോമസ്സ് മാത്യു ഐ.എ.എസ്സ്.) പിന്നീടങ്ങോട്ട് വിജയഗാഥകളുടെ ഓർമ്മകൾ.!!!

അതെ വർഷം തന്നെ ആലപ്പുഴ ജില്ലാ കമ്മിറ്റി വൈസ് പ്രസിഡന്റായും രാധാകൃഷ്ണൻ എതിരില്ലാതെ മുന്നേറി. അന്ന് രാധാകൃഷ്ണൻ്റെ  കൂടെ ജോയിന്റ് സെക്രട്ടറി ആയി വന്ന സഖാവായിരുന്നു ജി.സുധാകരൻ. കൊല്ലം ജില്ലാ സെക്രട്ടറി ആയിരുന്നു സിനിമാ നടൻ മുരളി. അടുത്ത വർഷം അന്ന് സ്റ്റേറ്റ് കമ്മിറ്റി മെമ്പറായായിരുന്ന അനിൽ ഭരദ്വാജ് മുന്ന് മാസത്തേക്ക് കേന്ദ്ര കമ്മിറ്റിയിലേക്ക് പോയ ഒഴിവിലേക്ക്  രാധകൃഷ്ണനെ തെരഞ്ഞെടുത്തത് എസ്.എഫ്.ഐ.യുടെ ആദ്യത്തെ അഖിലേന്ത്യാ പ്രസിഡന്റായിരുന്ന സി. ഭാസ്കരൻ ആയിരുന്നു. നിരവധി രാഷ്ട്രീയ നേതൃത്വങ്ങളുമായി അടുത്തിടപഴകാൻ അവസരങ്ങൾ അക്കാലത്ത് രാധകൃഷ്ണനെന്ന രാഷ്ട്രീയവിദ്യാർത്ഥിക്കുണ്ടായി. മണ്മറഞ്ഞതും അല്ലാത്തതുമായ  എത്രയെത്ര  പ്രഗൽഭരും, പ്രശസ്തരുമായ വ്യക്തിത്വങ്ങൾ. പി. കെ. ചാത്തുണ്ണി മാസ്റ്റർ, ഇമ്പച്ചി ബാവ, എം.എൻ. ഗോവിന്ദൻ നായർ, ടി.വി. തോമസ്സ്, വയലാർ രവി, പി.കെ. വാസുദേവൻ നായർ, കെ. കരുണാകരൻ, എ. കെ. ആന്റണി, സി.എച്ച്. കണാരൻ, സി.എച്ച്. മുഹമ്മദ് കോയ, ഇ.കെ. നായനാർ ,അച്ചുതമേനോൻ, പുത്തലത്തു നാരായൺ, പി.കെ.ചന്ദ്രാനന്ദൻ, സുശീലാ ഗോപാലൻ, വി.എസ്സ്.അച്യുതാനന്ദൻ, സി.പി.നാരായണൻ, ഡോക്ടർ മാത്യു കുരിയൻ, ഡോക്ടർ ജേക്കബ് ഈപ്പൻ, സി.ബി.സി വാരിയർ, പി.ജി. പുരുഷോത്തമൻ പിള്ള, എൻ. ജി. ഓ. യൂണിയൻ പത്മനാനാഭൻ, സി.കേശവൻ, സി.ഭാസ്കരൻ, ശക്തിധരൻ, എണ്ണിയാലൊടുങ്ങാത്ത നീണ്ട നിര. ടി എം ജേക്കബ്, തിരുവഞ്ചൂർ രാധാകൃഷ്ണൻ ഒക്കെ രാധാകൃഷ്ണൻ്റെ സുഹൃത് വലയത്തിൽ ഉണ്ടായിരുന്നു. പാലോട് രവി, തമ്പാനൂർ രവി, തലേക്കുന്നിൽ ബഷിർ, എത്രയോ അടുത്തറിയാമായിരുന്ന യുവജന വിദ്യാർത്ഥി  നേതാക്കന്മാർ.

കോളേജ്‌ യൂണിയൻ ചെയർമാനായി നിന്ന് നാൽപ്പത് വോട്ടിൻ്റെ  വ്യത്യാസത്തിൽ എതിർസ്ഥാനാത്ഥിയോട് രാധാകൃഷ്‌ണൻ തോറ്റു.. അപ്പോഴും മനസ്   കുലുങ്ങിയില്ല. കെ.ആർ. ഗൗരിയമ്മയുമായി വളരെയടുത്ത ബന്ധമായിരുന്നു. രാധാകൃഷ്‌ണന്. എസ്സ്.എസ്സ്.എൽ.സി. പാസ്സായപ്പോൾ അമ്മ കൊടുത്ത ഒരു സ്വർണ്ണമാല കഴുത്തിലണിഞ്ഞായിരുന്നു നടപ്പ്. കമ്മ്യൂണിസ്റ്റ് വിദ്യാർത്ഥി പ്രസ്ഥാന നേതൃത്വനിരയിൽ വരുന്ന ഒരു യുവനേതാവ് കഴുത്തിൽ സ്വർണ്ണമാലയുമിട്ടു സ്റ്റേജിൽ കയറി പ്രസംഗിക്കുന്നതിൽ അനൗചിത്യം ഉണ്ടെന്ന്  അന്നത്തെ ജില്ലാ പ്രസിഡന്റായിരുന്ന തൃക്കുന്നപ്പുഴ ശശി ജില്ലാ മീറ്റിംഗിൽ പങ്കെടുത്തു പറഞ്ഞപ്പോൾ  അച്യുതാനന്ദൻ സഖാവ് അത് ശരി വച്ചു, എന്നാൽ  ഗൗരിയമ്മ പറഞ്ഞു- -   ആ  പയ്യൻ്റെ കഴുത്തിൽ ആ മാല കിടന്നോട്ടെ, അവൻ്റമ്മയോ അച്ഛനോ, പണിയിച്ചു  കൊടുത്തതായിരിക്കില്ലേ ?   "കഴുത്തിൽ സ്വർണ്ണ മാലയിട്ടാൽ കമ്മ്യൂണിസ്റ്റാകില്ലൊന്ന്  ആരാ നിങ്ങളെയൊക്കെ പഠിപ്പിച്ചത്?  ഗൗരിയമ്മ പൊട്ടിത്തെറിച്ചു.   ആർക്കും ഒന്നും പറയാനുണ്ടായിരുന്നില്ല.!!! ഗൗരിയമ്മയെ പാർട്ടിയിൽനിന്ന് പുറത്താക്കിയപ്പോൾ രാധാകൃഷ്ണൻ  ഒരുപാട് വേദനിച്ചു. അക്കാലങ്ങളിൽ പുരാണകഥപാത്രങ്ങളെ ഉദ്ധരിച്ചുകൊണ്ട് രാധാകൃഷൻ നടത്തിയിട്ടുളള  പ്രസംഗങ്ങളെ ഗൗരിയമ്മ പലപ്പോഴും പ്രശംസിച്ചിട്ടുണ്ട്. സ്വന്തം അമ്മയെ പോലെയാണ് ഗൗരിയമ്മയെ രാധാകൃഷ്ണൻ  സ്നേഹിച്ചിരുന്നത്. വിദേശത്തു പോയതിൽപ്പിന്നെ അമ്മയെക്കാണാൻ പല പ്രാവശ്യം ശ്രമിച്ചെങ്കിലും കാണാൻ കഴിയാഞ്ഞത് ഒരു  തീരാദുഃഖത്തിൻ്റെ വിങ്ങലായി ഇന്നും മനസ്സിലുണ്ട്.

മാവേലിക്കര ബിഷപ്പ് മൂർ കോളേജിലെ നൂറ്റിപ്പത്തു ദിവസം നീണ്ടുനിന്ന ഐതിഹാസികമായ സമരം ഉത്ഘാടനം ചെയ്തത് അന്നത്തെ എസ്. എഫ്. ഐ. യുടെ മാവേലിക്കര താലൂക്ക് പ്രസിഡന്റായിരുന്ന രാധാകൃഷ്ണനായിരുന്നു. അക്കാലത്തെ മറക്കാനാവാത്ത മറ്റൊരു സംഭവം പോലീസ് സ്റ്റേഷൻ പിക്കറ്റിങ്ങാണ്. തുടർച്ചയായിട്ടുണ്ടായിരുന്ന സമരങ്ങളും,  അതിൽ ജി.സുധാകരൻ്റെ  സഹോദരൻ ഭുവനേശ്വരൻ്റെ  പോലീസ് വെടിയേറ്റുള്ള മരണവും ഞെട്ടിക്കുന്ന ഓർമ്മയാണ്. പോലീസ് സ്റ്റേഷൻ പിക്കറ്റിങ്ങിൽ രാധാകൃഷ്ണനെ പൊലീസ്  അറസ്‌റ്റുചെയ്‌ത് ഒരു രാത്രി പോലീസ്‌സ്റ്റേഷനിൽ കിടത്തി.

ഒരിക്കൽ എസ്സ്. എഫ് .ഐ. യുടെ ജില്ലാ സമ്മേളനത്തിൻ്റെ  ചർച്ചയിൽ  പങ്കെടുത്തുകൊണ്ട് രാധാകൃഷ്ണൻ വിമർശനബുദ്ധ്യാ സംസാരിച്ചു കൊണ്ടിരുന്നപ്പോൾ അച്ചുതാനന്ദൻ സഖാവ് മൈക്രോഫോൺ ഓഫ് ചെയ്യിച്ചു. ആദ്യം അൽപ്പം നീരസം രാധാകൃഷ്ണന് തോന്നിയെങ്കിലും അതിനു ശേഷം മൈക്കില്ലാതെ അച്യുതാനന്ദൻ സഖാവ് ചെയ്ത പ്രസംഗം രാധാകൃഷൻ്റെ  കണ്ണ് നനയിപ്പിച്ചു. അക്കാലഘട്ടങ്ങളിൽ, രാധാകൃഷൻ്റെ  നാട്ടിൽ കമ്മ്യൂണിസ്റ്റ് അനുഭാവികൾ ഉണ്ടായിരുന്നെങ്കിലും, ഒരു ജാഥ നടത്താനോ മീറ്റിംഗ്‌ നടത്താനോ അതുവരെയും ധൈര്യമായി ആരും മുന്നോട്ടു വന്നില്ല. ആ ഇടയ്ക്കാണ് ഡി. വൈ. എഫ്. ഐ. എന്ന സംഘടന ആദ്യമായി രൂപം കൊണ്ട്, ഒരു വേദിയൊരുക്കുന്നത്.അതിൻ്റെ  മുന്നോടിയായി, ഒരു ജാഥ ഇരവിപേരൂർ ജംഗ്ഷനിൽ നിന്ന് തുടങ്ങി നെല്ലേട് വഴി പോയി, വള്ളംകുളം ജംഗ്ഷനിൽ തിരിഞ്ഞു, നന്നൂർ അമ്പലത്തിൻ്റെ  മുൻപിൽ കെട്ടിയുയർത്തിയ സ്റ്റേജിൽ എത്തണം.  അന്ന് ആരുമതിന് നേതൃത്വം കൊടുക്കാൻ തയ്യാറായില്ല, ആർക്കും ധൈര്യം ഉണ്ടായിരുന്നില്ല. അന്ന് ആദ്യമായി രാധാകൃഷ്ണൻ  അതിന് നേതൃത്വം കൊടുത്ത്  മുന്നോട്ടു പോയി.

ആ സംഭവത്തിൽ, ഏറ്റവും അധികം സന്തോഷിച്ച ചിലരെ നന്ദിപൂർവ്വം സ്മരിക്കുന്നു. കൊടംകുന്നോലിൽ ഗോവിന്ദപ്പിള്ളചേട്ടൻ, സി. എം. പൊടിയൻ പെണ്ണൂക്കര, കൊല്ലമ്പറമ്പിൽ രവീന്ദ്രനാഥ്, താലൂക്ക് സെക്രട്ടറി വി. പി. രാഘവൻ ,വെൺപാല രാമചന്ദ്രൻ , അഡ്വക്കേറ്റ് അനന്തഗോപൻ. അന്നത്തെ ജാഥ നയിച്ചതറിഞ്ഞ രാധാകൃഷൻ്റെ  അച്ഛൻ വല്ലാതെ  ദേഷ്യപ്പെട്ട് ഒരു വടിയുമായി നന്നൂരെത്തിയപ്പോൾ സ്റ്റേജിൽ അധ്യക്ഷപ്രസംഗം നടത്തിക്കൊണ്ടിരുന്ന മകൻ്റെ  പ്രസംഗം കേട്ട് ആ  അച്ഛൻ  തരിച്ചു നിന്നു.   ക്നാനായ സമുദായത്തിൻ്റെ  അതിരൂപത മെത്രാൻ അഭിവന്ദ്യ എബ്രഹാം മാർ ക്ലിമീസ് തിരുമേനിയുടെ കാർ തടഞ്ഞ സംഭവം കോളിളക്കം സൃഷ്ടിച്ചതാണ്. സമുദായത്തിലെ ഒരു വിഭാഗം സമുദായം സെക്രട്ടറിയായിരുന്ന തോമസ് ഡായിയുടെ കൂടെ ചേർന്ന്  തിരുമേനിക്കെതിരായി    അപവാദങ്ങൾ പുറത്തു വിട്ടു.. അദ്ദേഹത്തിൻ്റെ  കാർ പള്ളിപടിക്കൽ പതിനാറു വീട്ടുകാർ കുടി തടഞ്ഞു. അന്ന് ആ സംഭവത്തിൽ, രാധാകൃഷ്ണൻ ഇടപ്പെടട്ട് അദ്ദേഹത്തിൻ്റെ  കാർ വിട്ടു പോകാൻ അവസരമുണ്ടാക്കി. ഇതുപോലെ ഇരവിപേരൂരിൽ നടന്ന തെങ്ങുകയറ്റ തൊഴിലാളികളുടെ സമരത്തിന് വിദ്യാർത്ഥി ആയിരുന്നപ്പോൾ രാധാകൃഷ്ണൻ നേതൃത്വം കൊടുത്ത്  വിജയിപ്പിച്ചതും രാഷ്ട്രീയജീവിത്തിലെ നിറംമങ്ങാത്ത ഓർമ്മകളാണ്. അതുപോലെ എ.കെ.ഗോപാലനും, ഇ. എം. എസ്സ്. നമ്പൂതിരിപ്പാടിനും, സ്വാഗതം പറയാൻ അവസരം കിട്ടിയതും. അന്ന് അദ്ധ്യക്ഷൻ ഇ. കെ. നയനാരായിരുന്നു. പന്തളത്തു  വച്ച് നടന്ന ആ സമ്മേളന മീറ്റിംഗിൽ സ്വാഗത പ്രസംഗം പറയാൻ ലോക്കൽ സെക്രട്ടറി എ. കെ. ആചാരിയേയും   കൃതജ്ഞത പറയാൻ രാധാകൃഷ്ണനെയും ആയിരുന്നു ആദ്യം നിശ്ചയിച്ചിരുന്നത്. അവസാന  നിമിഷത്തിൽ അന്നത്തെ  ഹരിപ്പാട് എം. എൽ. എ., സി. ബി. സി. വാരിയർ അത് തിരിച്ചാക്കി...സ്വാഗതപ്രസംഗം പത്തു മിനട്ടു സമയം.മഹാഭാരതത്തിലെ ഭിഷ്മരുടെയൊക്കെ കഥയിൽ തുടങ്ങി പത്തു മിനിറ്റിൽ സ്വാഗത പ്രസംഗം പെട്ടന്ന് നിർത്തി. തുടർന്ന് എ. കെ. ജി. യും മറ്റും പ്രസംഗിച്ചു..പോകാൻ സമയത്തു  സ്റ്റേജിൽ നിന്നിരുന്ന രാധാകൃഷ്ണനെ എ. കെ. ജി.വിളിച്ചു...

"പാവപ്പെട്ടവരുടെ ദുഃഖം എവിടെ കണ്ടാലും അവിടെ നിൻ്റെ  ശബ്ദമുയരണം. എന്നാലേ ഒരു നല്ല  കമ്മ്യൂണിസ്റ്റുകാരനാകാൻ കഴിയു. ഏ.കെ.ജി യുടെ  വാക്കുകൾ രാധാകൃഷ്ണനെ ഏറെ ഊർജസ്വലനാക്കി.

 

 

(തുടരും.)