ഭാഗം-4
വിദ്യാഭ്യാസകാലഘട്ടം ഏതാണ്ട് അവസാനിക്കാറായ സമയം. അന്ന് തിരുവനന്തപുരത്ത് പി.എം.ജി. ജംഗ്ഷനിൽ എൻ.ജി.ഒ. യൂണിയൻ ബിൽഡിംഗ് ( N.G.O.Union Building) നിലവിൽ വന്നു കഴിഞ്ഞിരുന്നു. അതിൻ്റെ രണ്ടും മുന്നും ഫ്ലോറുകളിൽ "സോഷ്യൽ സയിന്റസ്റ്റ്"(Social Scientist)എന്നൊരു റിസേർച്ച് സെന്റർ,(Research Center) മാർക്സിസ്റ്റ് പാർട്ടിയുടെ വകയായി ഉണ്ടായി.! അഭിവന്ദ്യനായ പി.ഗോവിന്ദപ്പിള്ളയായിയിരുന്നു അതിനു രൂപം കൊടുത്തത്. അദ്ദേഹത്തിൻ്റെ സഹായത്തിന് അന്നത്തെ രാജ്യസഭാ മെമ്പർ കൂടിയായിരുന്ന ഡോക്ടർ മാത്യു കുര്യൻ ഒപ്പം ഉണ്ടായിരുന്നു. വിശാലമായ ലൈബ്രറിയും, ആഴ്ചകൾ തോറും നടന്നുവന്നിരുന്ന സെമിനാറുകളും, സിമ്പോസിയങ്ങളും, രാഷ്ട്രീയ ചർച്ചകളും, ഒക്കെ സോഷ്യൽ സൈന്റിസ്റ്റിൻ്റെ ഭാഗമായിരുന്നു. അവിടെ റിസേർച്ചുകളിൽ ഉരുത്തിരിഞ്ഞു വന്നിരുന്ന വിഷയങ്ങൾ, സ്റ്റേറ്റ് അസംബ്ലയിലേയും, പാർലമെന്റിലേയും ഇടതു പക്ഷ ജനപ്രതിനിധികൾക്ക് അയച്ചു കൊടുക്കു പതിവായിരുന്നു. എല്ലാ മാസവും ഇറങ്ങിയിരുന്ന "സോഷ്യൽ സയന്റിസ്റ്റ്" എന്ന മാസികയിൽ അന്നത്തെ പ്രശസ്തരായ ഇടതുപക്ഷ ബുദ്ധിജീവികൾ എഴുതിയിരുന്ന വിലപ്പെട്ട ലേഖനങ്ങൾ അറിവ് പകർന്നു നല്കുന്നവയായിരുന്നു.
രാധാകൃഷ്ണന് മുൻപേ, പന്തളം കോളേജിൽ നിന്ന് എം. എ. പാസ്സായി പുറത്തു വന്ന തോമസ് മാത്യുവിനെ അവിടെ റിസർച്ച് അസിസ്റ്റന്റായി പാർട്ടി നിയമിച്ചു. തോമസ് മാത്യുവിന് ആ ജോലി കൊടുക്കാൻ അന്ന് താൽപ്പര്യം കാണിച്ചത് ഡോക്ടർ ജേക്കബ് ഈപ്പനും, അദ്ദേഹത്തിൻ്റെ ബംഗാളി ഭാര്യ സഖാവ് മന്ദാകിനിയും, പിന്നെ ഡോക്ടർ മാത്യു കുര്യനുമായിരുന്നു. അന്ന് മാസശമ്പളമായി തോമസ് മാത്യുവിന് കൊടുത്തിരുന്നത് 450 രൂപ. കോളേജിൽ ജൂനിയർ അധ്യാപകനായി കയറുന്ന ആളിൻ്റെ അന്നത്തെ മാസശമ്പളം 437 രൂപ മാത്രം. പിറ്റേ വർഷം, രാധാകൃഷ്ണൻ എം. എ. കഴിഞ്ഞു. ആ സമയത്താണ് മാത്യുവിന് ഐ.എ.എസ്സിന് സെലക്ഷൻ കിട്ടിയത്.. കമ്മ്യൂണിസ്റ്റുകാരനാണെന്ന് പോലീസ് വെരിഫിക്കേഷനിൽ വന്നാൽ ഐഎഎസ്സ് സ്വപ്നം തകർന്നെങ്കിലോ എന്നു കരുതി അദ്ദേഹം ജോലിവിട്ടു.. ആ പോസ്റ്റിലേക്ക് രാധാകൃഷ്ണനെ തെരഞ്ഞെടുക്കാൻ തീരുമാനിച്ചു. തോമസ് മാത്യുവാണ് രാധാകൃഷ്ണനെ വിവരം അറിയിച്ചത്. സോഷ്യൽ സൈന്റിസ്റ്റിൻ്റെ കമ്മിറ്റിയുടെ മുൻപിൽ ഹാജരാകുവാൻ അറിയിപ്പു കിട്ടിയതിൻ്റെ വെളിച്ചത്തിൽ രാധാകൃഷ്ണൻ എം. എൽ. എ. കോർട്ടേഴ്സിൽ ചെന്നു. പിറ്റേദിവസം കൂടിയ സോഷ്യൽ സയന്റിസ്റ്റിൻ്റെ ബോർഡ് മീറ്റിംഗിൽ രാധാകൃഷ്ണനെ വിളിച്ചു. ബോർഡ് ചെയർമാൻ ഇ. എം. എസ്സ് ആണ്. മെംബേർസ്. പി ഗോവിന്ദപിള്ള, പുത്തലത്തു നാരായൺ, സി.പി.നാരായൺ, എൻ. ജി. യോ നേതാവ് പത്മനാഭൻ, മാത്യു കുര്യൻ, തുടങ്ങിയർ..അന്നത്തെ മീറ്റിംഗിൽ നമ്പൂതിരിപ്പാടും, മറ്റു പലരും ഉണ്ടായിരുന്നില്ല. ഉണ്ടായിരുന്ന എല്ലാവർക്കും രാധാകൃഷ്ണനെ ഇഷ്ടമായി. അടുത്ത ആഴ്ച ജോയിൻ ചെയ്തുകൊള്ളാൻ പറഞ്ഞു. തൽക്കാലം എം. എൽ. എ. ക്വാർട്ടേഴ്സിൽ താമസിച്ചു കൊണ്ട് ജോലി തുടങ്ങുക. പിന്നീട സൗകര്യം പോലെ എവിടെയെങ്കിലും മാറി താമസിക്കാനും ഉപദേശിച്ചു.
അച്ഛനും അമ്മയും ഉൾപ്പടെ കുടുംബത്തിലുള്ള ആർക്കും, രാധാകൃഷ്ണൻ്റെ രാഷ്ട്രീയ പ്രവർത്തനം ഇഷ്ടമായിരുന്നില്ല. അവരെല്ലാം ചെറിയ ചെറിയ മനസ്സുകളുടെ ഉടമകളായിരുന്നു. വിദ്യാഭ്യാസം. അതിനു ശേഷം ഒരു ജോലി, പിന്നീട് നിശ്ചയിച്ചുറപ്പിച്ച വിവാഹം. കൊച്ചു കൊച്ചു സന്തോഷങ്ങൾ. ഇതിനപ്പുറം ഒന്നും അവരുടെ ചിന്തകളിരുണ്ടായിരുന്നില്ല. ഇന്നത്തെ കാലത്തെപ്പോലെ വിദ്യാഭ്യാസം ഉണ്ടായിരുന്ന ഒരു കാലഘട്ടമായിരുന്നില്ല അന്ന്. ഇരവിപേരൂർ "എ" വാർഡിൽ ഹിന്ദു സമൂഹത്തിൽ നിന്ന് ആദ്യമായി എം. എ. പാസ്സായ ആളായിരുന്നു രാധാകൃഷ്ണൻ. ഉണ്ടായിരുന്ന വസ്തുക്കളിലൊരു ഭാഗം വിറ്റിട്ടാണ് രാധാകൃഷ്ണനെ അച്ഛനും അമ്മയും ഉന്നത വിദ്യാഭ്യാസം ചെയ്യിച്ചത്. അതിൽ തന്നെ ഒരു നല്ല തുക വിദ്യാർത്ഥി രാഷ്ട്രീയത്തിൽ രാധാകൃഷ്ണൻ പൊടിച്ചു കളഞ്ഞിട്ടുമുണ്ട്. എല്ലാറ്റിനുമുപരി അന്യജാതി മതത്തിൽ നിന്ന് രാധാകൃഷ്ണൻ വിവാഹം കഴിക്കുമെന്നുമായിരുന്നു അച്ഛനമ്മമാരുടെ ഭയം. കമ്മ്യൂണിസ്റ്റ് ചിന്താഗതിയുള്ളവരെല്ലാം അങ്ങനെയാണെന്ന് എങ്ങനെയോ അവരൊക്കെ ധരിച്ചു വച്ചിരുന്നു. ഇന്നത്തെ പോലെയായിരുന്നില്ല അരനൂറ്റാണ്ട് മുൻപുണ്ടായിരുന്ന കേരളത്തിലെ ഗ്രാമാന്തരീക്ഷം. അന്നൊരു മിശ്ര വിവാഹത്തെപ്പറ്റിയൊന്നും ചിന്തിക്കാൻ കഴിയാത്ത കാലം. ഉണ്ണാനും ഉടുക്കാനും ബുദ്ധിമുട്ടില്ലാതെ കഴിയാമെന്നല്ലാതെ, അതിനപ്പുറത്തൊരു സാമ്പത്തിക സൗകര്യങ്ങൾ രാധാകൃഷ്ണൻ്റെ കൈവശമില്ലാത്ത ഒരു സമയം കൂടിയായിരുന്നു അത്. ഈയൊരു സാഹചര്യത്തിൽ സോഷ്യൽ സൈന്റിസ്റ്റിൽ ലഭിക്കുന്ന ജോലി എല്ലാറ്റിനുമൊരു പരിഹാരമയിരിക്കുമെന്ന് രാധാകൃഷ്ണനറിയാം. തിരുവനന്തപുരത്തു നിന്ന് മടങ്ങിയെത്തിയ രാധാകൃഷ്ണൻ. തിരുവനന്തപുരത്തു ജോലി കിട്ടിയെന്നും അടുത്താഴ്ച പോകുകയാണെന്നും പറഞ്ഞു. എവിടെയാണെന്നൊന്നും പറഞ്ഞില്ല. അച്ഛനും അമ്മക്കും പകുതി സന്തോഷം. ആവിശ്യത്തിനുള്ള ഡ്രസ്സ് മറ്റും എടുത്തു അടുത്തയാഴ്ച തിരുവനന്തപുരത്തെത്തി നേരെ സോഷ്യൽ സൈന്റിസ്റ്റിലേക്ക് ചെന്നപ്പോൾ കണ്ട കാഴ്ച രാധാകൃഷ്ണനെ ഞെട്ടിച്ചു. താനിരിക്കേണ്ടിയിരുന്ന കസേരയിൽ മറ്റൊരാൾ. നെയ്യാറ്റിൻകരയിൽ നിന്നെത്തിയ ജയദേവദാസ്. നാടാർ സമുദായത്തിൽ നിന്നെത്തിയ അദ്ദേഹം വഴിവിളക്കിൻ്റെ മുന്നിൽ ഇരുന്നു പഠിച്ചാണ് എം. എ. പാസായതെന്നും പി.എച്.ഡിയ്ക്ക് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും.. നാടാർ സമുദായത്തെ തൃപ്തിപ്പെടുത്താൻ അതൊരു നല്ല നീക്കമാണെന്നും രാധാകൃഷ്ണനോട് പറഞ്ഞത് ഡോക്ടർ ജേക്കബ് ഈപ്പനാണ്. ഇതൊക്കെ ഏതു പാർട്ടിയിലും, എക്കാലത്തും സംഭവിക്കുന്നതാണന്ന ഒരു ന്യായീകരണവും. തിരിച്ചു നാട്ടിലേക്കു മടങ്ങാൻ ജേക്കബ് ഈപ്പൻ്റെ ബംഗാളി ഭാര്യ മന്ദാകിനി പത്തു രൂപാ രാധാകൃഷ്ണൻ്റെ കയ്യിൽ വണ്ടിക്കൂലിയായി കൊടുത്തു.
തിരുവനന്തപുരത്തു നിന്ന് രാധാകൃഷ്ണൻ നിരാശയോടെ വീട്ടിൽ മടങ്ങിയെത്തി.. തനിക്ക് ശരിയെന്നു തോന്നിയാൽ ആരുടെ മുഖത്തു നോക്കി എന്തും പറയാൻ രാധാകൃഷ്ണന് യാതൊരു മടിയും ഉണ്ടായിരുന്നില്ല. കൂടാതെ ദേഷ്യവും, തന്നിഷ്ടവുമൊക്കെ കൂടെയുണ്ടായിരുന്നു. ഇതൊക്കെ ആരെയങ്കിലുമൊക്കെ ചൊടിപ്പിച്ചതാകാം, ആ ജോലി കിട്ടാതിരിക്കാൻ ഒരു കാരണമെന്ന് രാധാകൃഷ്ണൻ സ്വയം സമാധാനിച്ചു. തിരിഞ്ഞു നോക്കുമ്പോൾ, അന്ന് പാർട്ടി ആ ജോലി കൊടുത്തിരുന്നെങ്കിൽ സി.ഭാസ്കരനെപ്പോലെയോ, ശക്തിധരനെപ്പോലെയോ, ദേശാഭിമാനി ദിനപ്പത്രത്തിൻ്റെ ചുമരുകൾക്കുള്ളിൽ രാധാകൃഷണൻ്റെ ജീവിതം എരിഞ്ഞടങ്ങുമായിരുന്നു. എന്നാൽ രാധാകൃഷ്ണന് കാലം വിധിച്ചത് മറ്റൊന്നായിരുന്നു. ഗൾഫ്. അടുത്ത ബന്ധുക്കൾ കുവൈറ്റിൽ നിന്നയച്ചു കൊടുത്ത വിസിറ്റ് വിസയിൽ ഒരു ഉത്രാടസന്ധ്യയിൽ രാധാകൃഷ്ണൻ കൊച്ചിയിൽ നിന്ന് ബോംബയ്ക്കുള്ള പഴയ ഡെക്കോട്ട വിമാനത്തിൽ കേരളം വിട്ടു. പിറ്റേ ദിവസം കാലത്തു പതിനൊന്നു മണിക്കുള്ള എയർ ഇന്ത്യയുടെ ഷട്ടിൽ സർവിസുപോലെയുള്ള എയർ ജെറ്റിൽ, ഇന്ത്യ വിട്ട് ഒമാൻ, അബുദാബി, ബഹ്‌റൈൻ, തുടങ്ങിയ ഗൾഫ് രാജ്യങ്ങളിൽ ഇറങ്ങിക്കയറി, ഒരു ഉച്ച സമയത്തു തിരുവോണനാളിൽ കുവൈറ്റ് എന്ന ഗൾഫിലെ ഒരു ചെറിയ രാജ്യത്ത് എത്തി.
നാൽപ്പത് വർഷങ്ങൾ. പതിനൊന്ന് ദിവസങ്ങൾ. ഗൾഫ് പ്രവാസ ജീവിതം. ഉയർച്ചകൾ, താഴ്ചകൾ, സുഖങ്ങൾ, ദുഃഖങ്ങൾ. അപ്രാപ്യമായ പദവികൾ. വളർച്ചകൾ. എല്ലാം ഒഴുക്കിനെതിരെ നീന്തി നീന്തി നേടിയെടുത്തതായിരുന്നു.
ചരിത്രം ഉറങ്ങുന്ന അനവധി രാജ്യങ്ങളിലൂടെയുള്ള യാത്രകൾ. അനുഭവങ്ങൾ.എട്ടു വർഷങ്ങൾ നീണ്ട ഇറാൻ/ ഇറാക്ക് യുദ്ധം. അതിന് ശേഷം ഇറാഖിൻ്റെ കുവൈറ്റ് ആക്രമണം..കീഴടക്കൽ. തിരിച്ചു വരവ്. എല്ലാം നേരിട്ട് കണ്ട അനുഭവങ്ങൾ. അതിനിടയിൽ, പാശ്ചാത്യ സംസ്ക്കാരം നിലനിൽക്കുന്ന കിവികളുടെ നാട്ടിലേക്കുള്ള ചേക്കേറൽ..
രാധാകൃഷ്ണൻ്റെ മുഖപുസ്തകത്തിലെ ഒരു ആൽബം."അവാർഡുകൾ", "അംഗീകാരങ്ങൾ", "ബഹുമതികൾ", എന്ന തലക്കെട്ടോടെയുള്ളതാണ്.അതിൽ ഏതാണ്ട് നൂറ്റിയിരുപത്തൊമ്പത് അംഗീകാരങ്ങളുടെ കുമ്പാരങ്ങളാണ്.. ഇതിൽ ഒരു നാല് ശതമാനം അംഗീകാരങ്ങൾ, ഒരു ഇന്ത്യക്കാരനുപോയിട്ട് ഒരു വിദേശിക്കും കുവൈറ്റിൻ്റെ ചരിത്രത്തിൽ ഇതുവരെ അവകാശപ്പെടാനില്ല. ഇതൊന്നും കാശുകൊടുത്തു വാങ്ങിയതോ രാഷ്ട്രീയക്കാരുടെ സ്വാധിത്തിലോ നേടിയെടുത്തതല്ല. എല്ലാം അശ്രാന്ത പരിശ്രമത്തിലൂടെ ഒഴുക്കിനെതിരെ നീന്തിക്കയറി നേടിയതായിരുന്നു.
ഗൾഫിൽ പോയതിന് ശേഷം ഒരു രാഷ്ട്രീയ സാമൂഹിക സാംസ്ക്കാരിക സംഘടനകളിലും പങ്കെടുക്കാൻ സമയമുണ്ടായിരുന്നില്ല..!!! തന്നാൽ കഴിയുന്ന സഹായങ്ങൾ പലതരത്തിലും വിധത്തിലും ഒരു പുബ്ലിസിറ്റിയുമില്ലാതെ പലർക്കും ചെയ്യുന്നു, ഇരു ചെവിയറിയാതെ.
.
സംഭവ ബഹുലമായ ആ ചരിത്രങ്ങളൊക്കെ ഒരു ഇടവേളയ്ക്കു ശേഷം ...—
(തുടരും…)

