ഭാഗം-5
കാലമാറ്റത്തിൻ്റെ പ്രേരണകൾക്കതീതനായി ഇന്നലെകളുൾക്കൊണ്ട്, ഇന്നലെകളെ മറക്കാതെ, പരിശ്രമത്തിലൂടെയും കഠിനാധ്വനത്തിലൂടെയും കൈവരിച്ച നേട്ടങ്ങളിൽ അഹങ്കരിക്കാതെ സാധാരണമനുഷ്യനായി ജീവിക്കാൻ വേണ്ട കരുത്താർജ്ജിക്കുക എന്നത് എല്ലാവരെക്കൊണ്ടും കഴിയുന്നതല്ല. അവിടെയാണ് രാധാകൃഷ്ണനെന്ന അസാധാരണ വ്യക്തിത്വത്തിൻ്റെ മഹത്വം നാം തിരിച്ചറിയുന്നത്.
മാർക്സിസ്റ്റ് പാർട്ടിയുടെ ഇന്ത്യൻ സ്കൂൾ ഓഫ് സോഷ്യൻ സയൻസിൻ്റെ പടിയിറങ്ങിയപ്പോൾ "കഴിഞ്ഞു.. രാധാകൃഷ്ണൻ നായരുടെ ചരിത്രം അവിടെ കഴിഞ്ഞു" എന്ന് ചിലർ കരുതിയിട്ടുണ്ടാകും. മാർക്സിസ്റ്റ് പാർട്ടി, "ഇന്ത്യൻ സ്കൂൾ ഓഫ് സോഷ്യൽ സയൻസിൽ" ജോലി കൊടുത്തില്ല, അതുകൊണ്ട് പാർട്ടി വിട്ടു, ഗൾഫിൽ പോയി, കുറെ കാശു സമ്പാദിച്ചു. ന്യൂസിലാൻഡിലേക്ക് ചേക്കേറി സുഖമായി കഴിയുന്നുവെന്ന് ആരെങ്കിലും ധരിച്ചു വച്ചിട്ടുണ്ടങ്കിൽ, അവർക്ക് തെറ്റി, അടി മുടി തെറ്റി. യാഥാർഥ്യം എത്രയോ അകല. ഇനിയല്ലേ ശരിക്കും വെള്ളി നക്ഷത്രത്തിൻ്റെ തുടക്കം.
തിരുവനന്തപുരത്തു നിന്ന് മടങ്ങിയെത്തിയ രാധാകൃഷ്ണൻ, തിരുവല്ല കുരിശു കവലയിൽ അന്നുണ്ടായിരുന്ന മാർക്സിസ്റ്റ് പാർട്ടി ഓഫീസിൽ ചേർന്ന് പ്രവർത്തനം തുടങ്ങി. വി.പി.രാഘവൻ നായർ, വെൺപാല രാമചന്ദ്രൻ, പൊടിയൻ പെണ്ണുക്കര, രവീന്ദ്രനാഥ്, തുടങ്ങിയവടൊക്കെ ചേർന്ന് പ്രവർത്തനങ്ങളിൽ പങ്കെടുത്തു. വി. പി. ആർ. അന്ന് താലൂക്ക് കമ്മിറ്റി സെക്രട്ടറി ആയിരുന്നു. വെൺപാല അന്ന് ഡി.വൈ.എഫ്.ഐ.യുടെ താലൂക്ക് പ്രസിഡന്റായിരുന്നു.
സത്യത്തിൽ രാധാകൃഷ്ണൻ നായരുടെ യഥാർത്ഥ പ്രശ്‍നം, "വീട്ടിൽ നിന്നുള്ള ശക്തമായ എതിർപ്പായിരുന്നു", അതായതു ഏതുതരം രാഷ്ട്രീയം വേണമെങ്കിലും മനസ്സിൽ കൊണ്ടുനടന്നോ, പക്ഷെ ഒരു രാഷ്ട്രീയക്കാരനായി നാട്ടുകാരുടെ ചിലവിൽ അല്ലെങ്കിൽ സമൂഹത്തിൻ്റെ ചിലവിൽ ഒരു ഫുൾ ടൈം രാഷ്ട്രീയക്കാരനായി, വായിനോക്കിയായി നടക്കുന്നതിനെ വീട്ടുകാർക്ക് ഒരു തരത്തിലും ഉൾക്കൊള്ളാൻ അക്കാലത്തു സമ്മതമല്ലായിരുന്നു.അവരെ, അതായതു വീട്ടുകാരെ, കുറ്റം പറഞ്ഞിട്ട് കാര്യമില്ല. അക്കാലത്ത് രാഷ്ട്രീയക്കാരെയും, കലാകാരന്മാരെയും, പൊതുവെ ഒരു പുച്ഛത്തോടെ നോക്കുന്ന ഒരു കാലഘട്ടം. ദൃശ്യ ശ്രവ്യ മാധ്യമങ്ങളൊന്നും മനുഷ്യമനസ്സുകളിൽ വന്നെത്തിയിട്ടില്ലാത്ത ഒരു കാലം. പ്രത്യേക ജാതിയിൽപ്പെട്ട, അല്ലങ്കിൽ പാവപ്പെട്ടവരുടെ വകയായി മാറ്റി വച്ചതു പോലെയുള്ള സംഗീതവും, നൃത്ത നൃത്യേതരപരിപാടികളും, നാടകവും, ബാലേയും, കഥാപ്രസംഗവുമൊക്കെ കൊണ്ടുനടക്കുന്ന ഒരു അട്ടപ്പാടി സമൂഹമായി കാണുന്ന കലാകാരന്മാർക്ക് പലപ്പോഴും ആശീർവാദമായിരുന്നു കിട്ടിക്കൊണ്ടിരുന്നത്. ദാരിദ്യ്രദുഃഖം മാത്രമാണ് മിച്ചവും കൈമുതലും. അതിലും കഷ്ടമായിരുന്നു രാഷ്ട്രീയക്കാരുടെ അവസ്ഥയും. ‘ഒരു ഗതിം, പരഗതിം, ഇല്ലാത്തവർ. പണിയെടുക്കാതെ തെണ്ടി തിരിഞ്ഞു നടക്കുന്നു’എന്ന് പരിഹസിക്കുന്ന ഒരു കാലഘട്ടം. ‘എന്ത് രാഷ്ട്രീയം വേണമെങ്കിലും കൊണ്ട് നടന്നോളു. പക്ഷേ ഒരു രാഷ്ട്രീയക്കാരനായി നടന്നു ജീവിതം നശിപ്പിക്കാൻ അനുവദിക്കില്ല. കണ്ടവരെക്കൊണ്ട് പറയിപ്പിക്കാൻ ഇവിടെ ആരും സമ്മതിക്കില്ല’. ഇതായിരുന്നു വീട്ടിലുണ്ടായിരുന്നവരുടെ തോന്നലും സംസാരവും.
രാധാകൃഷ്ണൻ ഒന്ന് മുന്നോട്ട് നോക്കി.
ഇന്നത്തെ അവസ്ഥ, സത്യത്തിൽ അവിശ്വസനീയം അല്ലേ?
ഏതെങ്കിലും ഒരു യുവാവ് ഒരു രാഷ്ട്രീയത്തെ ഉൾക്കൊണ്ടുകൊണ്ട്, ഒരു ചാനലിൽ കയറി അഭിപ്രായങ്ങൾ പറഞ്ഞു എന്നിരിക്കട്ടെ.ഒരു സുപ്രഭാതത്തിൽ അയാൾ നേതാവായി, എം.എൽ.എ.ആയി, എം.പി. ആയി, മന്ത്രിയായി, കാശായി, പണമായി, ആഡംബരജീവിതമായി, ഇതൊന്നുമല്ലെങ്കിൽ ഏതെങ്കിലും ഒരു കോർപ്പോറേഷൻ്റെ ചെയർമാനായി, കാർ ആയി, വണ്ടിയായി, സെക്യൂരിറ്റിയായി, ഡ്രൈവറായി, സെലിബ്രറ്റിയായി. എനിക്ക് സുഖിക്കണം,.. എൻ്റെ ഭാര്യക്ക് സുഖിക്കണം.., മക്കൾക്കും, കുടുംബക്കാർക്കും സുഖിക്കണം.
അതല്ലേ ഇന്ന് നടക്കുന്നത്. അല്ലാതെ സമൂഹത്തിൻ്റെ പരിരക്ഷയോ, പ്രകൃതിയുടെ പരിരക്ഷയോ, രാഷ്ട്രത്തിൻ്റെ സുരക്ഷയോ, വല്ലതും ഏതെങ്കിലും ഒരു രാഷ്ട്രീയ നേതാവിനോ, മത മേലധ്യക്ഷന്മാർക്കോ, ജാതി മത സാമൂഹിക സാംസ്ക്കാരിക നേതാക്കന്മാർക്കോ ഇന്നുണ്ടോ?
ഇനി ഇതിൻ്റെ മറ്റൊരു വശം കുടി നോക്കാം..
ഒരു നല്ല വസ്ത്രം പോലും ആദ്യമായി ചാനലിൽ വരുമ്പോൾ ഇടാനില്ലാതെ, ദാരിദ്രത്തിൻ്റെ നിഴൽ തുറിച്ചു നിൽക്കുന്ന ഒരു സ്ത്രീയോ പുരുഷനോ അല്ലങ്കിൽ കുട്ടികളോ, ഏതെങ്കിലും ഒരു പാട്ടു പാടിയോ, അല്ലങ്കിൽ ഒരു കോമഡി കാണിച്ചോ, അല്ലങ്കിൽ ഒരു സീരിയലിലോ സിനിമയിലോ അഭിനയിച്ചോ, ഏതെങ്കിലും ഒരു പരിപാടി കാണിച്ചോ, പ്രശസ്തയിൽ വന്നാൽ. പിന്നെ ഉടനെ ശ്രദ്ധിച്ചു നോക്ക്. വില പിടിപ്പിപ്പുള്ള കാറുകളായി, മണിമന്ദിരങ്ങളായി, ഗൾഫ് നാടുകളിലും, പാശ്ചത്യ രാജ്യങ്ങളിലും, മറ്റും സെലിബ്രറ്റിയായി, യാത്രകളായി, ആവാർഡുകളായി, അംഗീകാരങ്ങളായി, ഫാനുകളായി, എന്ന് വേണ്ട അഹങ്കാരം തലയ്ക്ക് പിടിച്ച് ഇന്നലെകളെ മറക്കുന്നവരായി മാറുന്നു.
നീറുന്ന ആയിരം കൂട്ടം പ്രശ്നങ്ങളുമായി നാട്ടിലെ മനുഷ്യസമൂഹം ഇന്നത്തെ രാഷ്ട്രീയ, സാമൂഹ്യ, സാമ്പത്തിക, കല, സാംസ്‌കാരിക, സംഗീത, സാഹിത്യ, മേഖലകൾ "അനധികൃതമായ പണക്കൊഴുപ്പി"ൻ്റെ മുഖ മുദ്രയായി മാറിക്കഴിഞ്ഞിരിക്കുന്നു.
ഇതൊരു യാഥാർഥ്യം തന്നെ അല്ലേ? നിഷേധിക്കാനാകുമോ?
അളവിൽ കവിഞ്ഞ സ്വത്തു സമ്പാദനം, കണക്കിൽ കൊള്ളാത്ത പണസമ്പാദനം, കൊലപാതക രാഷ്ട്രീയം, ലഹരിമരുന്ന് വ്യവസായങ്ങൾ അതിൻ്റെ പിന്നിൽ വ്യഭിചാരകച്ചവടങ്ങൾ, കള്ളക്കടത്ത്, സ്വർണ്ണക്കടത്ത് ഇതൊക്കെ തന്നെയല്ലേ ഇന്നിൻ്റെ മുഖമുദ്ര. ലക്ഷങ്ങളും കോടികളും വില വരുന്ന ആലങ്കാരിക വസ്തുക്കളുടെയും, ചലിക്കുന്ന കൊട്ടാരങ്ങളുടെയും, താമസസ്ഥലങ്ങളുടെയും, പിന്നിലെ യഥാർത്ഥ സാമ്പത്തിക സ്രോതസ്സുകൾ ആർക്കെങ്കിലുമറിയമോ?
ഇന്നത്തെ ഈ മുഖമുദ്രയുടെ നൂറിലൊരംശം പോലും ഇല്ലാത്ത കാലഘട്ടത്തിലെ യുവാവായ രാധാകൃഷ്ണൻ, രാഷ്ട്രീയ പ്രവർത്തനം തുടരാൻ കണ്ടെത്തിയ ഒരു മാർഗം അക്കാലത്തെ വളരെ പ്രശസ്തമായ ഒരു ട്യൂട്ടോറിയൽ കോളേജിൽ ഡിഗ്രിയ്ക്ക് പഠിക്കുന്ന വിദ്യാർത്ഥികൾക്ക് ആഴ്ചയിൽ മുന്ന് ദിവസം ക്ലാസ് എടുക്കാൻ തുടങ്ങി "നമ്പൂതിരീസ് കോളേജ്" തിരുവല്ല.ഇടതു പക്ഷ രാഷ്ട്രീയക്കാരനായ വി.പി.പി. നമ്പൂതിരി, കോളേജ് പ്രിൻസിപ്പലായിരുന്ന/ ഉടമസ്ഥനായിരുന്ന ഒപ്പം, കുറ്റൂർ എന്ന സ്ഥലത്തു, സിനിമ നടനായ എം.ജി. സോമൻ്റെ വീടിന് സമീപമുണ്ടായിരുന്ന ജയശ്രീ ട്യൂട്ടോറിയൽ കോളേജിൽ, പ്രീഡിഗ്രി വിദ്യാർത്ഥികൾക്ക് ആഴ്ചയിൽ രണ്ട് ദിവസം ക്ലാസ് എടുക്കാനും തുടങ്ങി. അങ്ങനെ ആഴ്ചയിൽ അഞ്ച് ദിവസം രാഷ്ട്രീയ പ്രവർത്തനത്തിന് പോകാൻ സ്വയം കണ്ടെത്തിയ ഓരോരോ വഴികൾ. ഒപ്പം, ഇടയ്ക്കിടെ കോഴഞ്ചേരി മുത്തൂറ്റ് ബാങ്കിൽ ട്രെയിനിയായും പോകാൻ അവസരങ്ങൾ കിട്ടി..
രാഷ്ട്രീയത്തിനുപരി അന്യജാതി മതങ്ങളിലുള്ള ആരെയെങ്കിലും കെട്ടിക്കൊണ്ടു വരുമോ? അതായിരുന്നു വീട്ടിലെ ഏറ്റവും വലിയ സംസാരവിഷയം. അതിനു കൂടുതൽ എരിവ് പകരം ധാരാളം ഉപജാപക വൃന്ദങ്ങൾ ചുറ്റിലുമുണ്ടായിരുന്നു. അങ്ങനെയിരിക്കുമ്പോൾ കുവൈറ്റിൽ നിന്ന്, മുൻപ് പറഞ്ഞ വിസിറ്റ് വിസ കയ്യിലെത്തുന്നത്. വിസ കിട്ടിയ വിവരം ആദ്യമായി പോയി പറഞ്ഞത് രാഷ്‌ടീയ ഗുരുനാഥനായ എ.കെ.ആചാരി സാറിനോടും പിന്നീട് വെൺപാല രാമചന്ദ്രനോടുമൊക്കെ ആയിരുന്നു. അവരാരും എതിർത്തില്ല എന്ന് മാത്രമല്ല കമ്മ്യൂണിസ്റ്റ് ചിന്താഗതിയുള്ളവർ വിദേശത്തു പോകരുതെന്ന് എവിടെയും എഴുതി വച്ചിട്ടുമില്ല. എവിടെപ്പോയാലും ചിന്താഗതി ഉള്ളിലുണ്ടായാൽ മതിയെന്ന് പറഞ്ഞ് പോകാൻ പ്രോത്സാഹിപ്പിക്കുകയും ചെയ്തു. എന്നാൽ വീട്ടുകാർ വിദേശത്തേക്ക് പോകന്നതിന് മുൻപ് രാധാകൃഷ്ണൻ വിവാഹം കഴിക്കണമെന്ന് നിർബന്ധം പിടിച്ചു. വീട്ടുകാരെ സംശയത്തിൻ്റെ നിഴലിൽ നിർത്താൻ രാധാകൃഷ്ണൻ്റെ മനസ്സനുവദിച്ചില്ല. "അമ്മയ്‌ക്കും അച്ഛനും ഇഷ്ടപ്പെട്ട പെൺകുട്ടിയെ കണ്ടെത്തിക്കോളൂ വിവാഹത്തിന് സമ്മതമെന്ന് രാധാകൃഷ്ണൻ ". ആവു. വീട്ടുകാരുടെ മുഖത്തെ സന്തോഷം പറഞ്ഞറിയിക്കാൻ വിഷമമെന്ന് രാധാകൃഷ്ണൻ തുറന്നു പറയുന്നു.
അങ്ങനെ രാഷ്ട്രീയ നേതൃത്വത്തിൻ്റെയും, ജാതിമത നേതൃത്വത്തിൻ്റെയും ,സാമുഹിക, കല, സാഹിത്യ, സംസ്കരിക, നേതൃത്വത്തിൻ്റെ യുമൊക്കെ അനുഗ്രഹാശിസ്സുകളോടെ, അനുവാദത്തോടെ, ഇരുപത്തിമൂന്നുകാരനായ രാധാകൃഷ്ണൻ അമ്മയും അച്ഛനുമൊക്കെ ആലോചിച്ചുറപ്പിച്ച അമ്മയുടെ അകന്ന ബന്ധത്തിൽപ്പെട്ട, പ്രായപൂർത്തിയായിട്ടില്ലാത്ത ഒരു പെൺകുട്ടിയെ ക്ഷേത്രത്തിൽ വച്ച് ഹിന്ദു മതാചാരപ്രകാരം, വിവാഹം കഴിച്ചു. പ്രായപൂർത്തി ആകാത്ത പെൺകുട്ടിയെന്നു പറഞ്ഞാൽ പതിനെട്ട് വയസ്സ് പൂർത്തിയാകാൻ മാസങ്ങൾ ബാക്കി നിൽക്കുന്നു എന്നർത്ഥം. വിവാഹത്തിന് മുൻപ് ജാതകം നോക്കി. ഭാഗ്യസ്ഥാനത്തു വ്യാഴം ഉച്ചസ്ഥനായി പെണ്ണിൻ്റെ ജാതകത്തിൽ, കുവൈറ്റിലുണ്ടായിരുന്ന സഹോദരൻ ജാതക പൊരുത്തം നോക്കി പറഞ്ഞു. സ്ത്രീ ജാതകത്തിൽ വ്യാഴം ഭർത്താവാണ്. കണ്ണുമടച്ചു കല്യാണം നടത്തിക്കോ എപ്പോഴും ഈശ്വരാനുഗ്രഹമുണ്ടാകും. രാഷ്ട്രീയം പോയാലും, എവിടെയെങ്കിലും നേതൃസ്ഥാനത്തു നിശ്ചയമായും വരും. വിവാഹത്തിന് എസ്.എൻ.ഡി.പി, സാംബവ, വെളുത്താട, വെള്ളാള, പുലയ, ബ്രാമ്മണ, വിശ്വകർമ്മ, നായർ, സമുദായത്തിലെ പല നേതൃത്വവും ഒപ്പം ഇടതു വലത് കമ്മ്യൂണിസ്റ്റ്, കോൺഗ്രസ്, ആർ. എസ്സ്. പി, പി .എസ്സ് .പി, എസ്സ്.എസ്സ്. പി. തുടങ്ങിയ രാഷ്ട്രീയ പാർട്ടികളിലെ നേതൃത്വവും അന്ന് വിവാഹത്തിൽ പങ്കെടുത്തിരുന്നു. മുസ്ലിം/ക്രിസ്ത്യൻ നേതൃത്വത്തിലുള്ളവർക്ക് പ്രത്യേകം സൽക്കാരം വേറെയും. വിവാഹത്തിൻ്റെ തിരക്കിനിടയിൽ വന്ന വിസയുടെ കാലാവധി ശ്രദ്ധിക്കാൻ രാധാകൃഷ്ണൻ മറന്നു. അതിൻ്റെ കാലാവധി തീർന്നിരുന്നു. വീണ്ടും മറ്റൊരു വിസ വരാൻ മാസങ്ങളെടുത്തു. വിവാഹം കഴിഞ്ഞു കുവൈറ്റിലേക്കുള്ള യാത്ര അന്നത്തെ എല്ലാ നേതൃത്വങ്ങളും അറിഞ്ഞും, അനുഗ്രഹത്തോടുമായിരുന്നു. പാർട്ടി മെമ്പർഷിപ്പുപോലും ഉപേക്ഷിക്കാനാരും പറഞ്ഞിട്ടില്ല. കുവൈറ്റിലെത്തി കുറെ മാസങ്ങൾക്കുള്ളിൽ, ബാങ്കിൽ ഒരു "കസ്റ്റമർ സർവീസ് റെപ്രെസെന്ററ്റീവ്" (Customer Service representative) ജോലി കിട്ടിയപ്പോൾ തന്നെ ഭാര്യയേ കുവൈറ്റിൽ കൂട്ടിക്കൊണ്ടു പോയി. ഇതിനിടയിൽ രാധാകൃഷ്ണൻ ഒരു ശ്രദ്ധേയമായ കാര്യം ഇന്നത്തെ തലമുറയ്ക്ക് പറഞ്ഞു തരാൻ മറന്നില്ല.."പ്രേമിച്ചുള്ള വിവാഹത്തിനേക്കാൾ, വിവാഹത്തിന് ശേഷമുള്ള പ്രണയം കൂടുതൽ ശക്തമാണ്".കാരണം അതിനു അതിർ വരമ്പുകളില്ല. അനുഭവം സാക്ഷി.
വിവാഹം കഴിഞ്ഞ് അഞ്ച് വർഷങ്ങൾക്കുള്ളിൽ, ചരിത്രം ഉറങ്ങുന്ന പത്തിലധികം രാജ്യങ്ങൾ ഭാര്യയുമൊത്തുള്ള യാത്രകൾ, ഒരു മധുവിധു യാത്രകൾക്കപ്പുറം ഓരോരോ അനുഭവങ്ങളും അതിലേറെ അനുഭൂതികളും സർവോപരി അറിവുകളുമായിരുന്നു. മഹാനായ അലക്സാണ്ടർ ചക്രവർത്തിയുടെ ചരിത്രം ഉറങ്ങുന്ന ഗ്രീക്ക് സംസ്ക്കാരം. അദ്ദേഹത്തിൻ്റെ അച്ഛൻ ഫിലിപ്പ് രാജാവും മാതാവ് ഫിതിയ രാജകുമാരിയും അന്തിയുറങ്ങുന്ന സലോണിക്ക. ഏഷ്യയേയും യൂറോപ്പിനെയും യോജിപ്പിക്കുന്ന ഓട്ടോമൻ സാമ്രാജ്യത്തിൻ്റെ മഹത്വം വിളിച്ചോതുന്ന ഫോസ്‌പേർസ് ദീപുകൾ.മുസ്തഫ കെമാൽ പാഷയുടെ ആധുനിക തുർക്കിയും, അതിനോട് ചേർന്ന് കിടക്കുന്ന വാഹനങ്ങൾ ഇന്നും കടന്നു ചെല്ലാത്ത നിരവധി കൊച്ചു കൊച്ചു ഐലന്റുകളിലൂടെയെല്ലാമുള്ള യാത്ര പുസ്തകങ്ങളിലൂടെ അന്നുവരെ കണ്ടിട്ടുള്ള അക്കാലത്തെ അറിവുകൾക്ക് അപ്പുറം അനുഭവങ്ങളായിരുന്നു. ചരിത്രമുറങ്ങുന്ന ഈജിപ്ഷൻ സംസ്കാരത്തിൽ, നാൽപ്പത്തി നാല് ദിവസങ്ങൾ ചിലവഴിച്ചത് അറിവുകൾക്കപ്പുറം, ഒരു അനുഭുതികൂടെയായിയിരുന്നു.
"നമ്മൾ മലയാളികൾക്ക് ഒരു കുഴപ്പമുണ്ട്, എന്ത് കേട്ടാലും അതിനെ കണ്ണടച്ചെതിർത്തില്ലെങ്കിൽ ഒരു നാണക്കേട് പോലെയാണ്. മറ്റൊരു സമൂഹത്തിനുമില്ലാത്ത ഒരു പ്രത്യേകത. ആര് നല്ലതു ചെയ്താലും, അത് നല്ലതാണെന്ന് പറയണമെങ്കിൽ ഒന്നുകിൽ കൊടിയടയാളം നോക്കണം, അല്ലങ്കിൽ മതം, അതിനപ്പുറം ജാതി. ഗുണമായാലും ദോഷമായാലും അതിൻ്റെ "ഫലം" നോക്കാതെയുള്ള അഭിപ്രായം, മലയാളിയായ രാധാകൃഷ്ണൻ തുറന്നടിക്കുന്നു.
ചിലരൊക്കെ പ്രസംഗത്തിൽ പറയാറില്ലേ? തോക്കിൻ കുഴലിൻ്റെ മുൻപിലൂടെയും ശവങ്ങൾ തട്ടിമാറ്റിയും ഞാൻ നടന്നു നീങ്ങിയിട്ടുണ്ട് എന്നൊക്കെ. എന്നാൽ രാധാകൃഷ്ണൻ അക്ഷരാർത്ഥത്തിൽ അതൊക്കെ ശരിക്കും കണ്ടിട്ടുണ്ട്, അനുഭവിച്ചറിഞ്ഞിട്ടുണ്ട്. ഇറാഖിൻ്റെ കുവൈറ്റ് അധിനിവേശത്തിനിടയ്ക്ക്.
നാലു ദശകങ്ങളിലെ സംഭവബഹുലമായ ഗൾഫ് പ്രവാസത്തിൻ്റെ അനുഭവങ്ങൾ, വിഷമതകൾ, നേട്ടങ്ങൾ, പരാജയങ്ങൾ.
(തുടരും…)

